ആമോസ് 5:18-24
ആമോസ് 5:18-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയുടെ ദിവസത്തിനായി വാഞ്ഛിക്കുന്ന നിങ്ങൾക്ക് അയ്യോ കഷ്ടം! യഹോവയുടെ ദിവസംകൊണ്ടു നിങ്ങൾക്ക് എന്തു ഗുണം? അതു വെളിച്ചമല്ല ഇരുട്ടത്രേ. അത് ഒരുത്തൻ സിംഹത്തിന്റെ മുമ്പിൽനിന്ന് ഓടിപ്പോയിട്ട് കരടി അവന് എതിർപ്പെടുകയോ വീട്ടിൽ ചെന്ന് കൈവച്ചു ചുമരോടു ചാരിയിട്ട് സർപ്പം അവനെ കടിക്കയോ ചെയ്യുന്നതുപോലെ ആകുന്നു. യഹോവയുടെ ദിവസം വെളിച്ചമല്ല, ഇരുൾ തന്നെയല്ലോ; ഒട്ടും പ്രകാശമില്ലാതെ അന്ധതമസ്സു തന്നെ. നിങ്ങളുടെ ഉത്സവങ്ങളെ ഞാൻ ദ്വേഷിച്ചു നിരസിക്കുന്നു; നിങ്ങളുടെ സഭായോഗങ്ങളിൽ എനിക്കു പ്രസാദമില്ല. നിങ്ങൾ എനിക്കു ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചാലും ഞാൻ പ്രസാദിക്കയില്ല; തടിച്ച മൃഗങ്ങൾകൊണ്ടുള്ള നിങ്ങളുടെ സമാധാനയാഗങ്ങളെ ഞാൻ കടാക്ഷിക്കയില്ല. നിന്റെ പാട്ടുകളുടെ സ്വരം എന്റെ മുമ്പിൽനിന്നു നീക്കുക; നിന്റെ വീണാനാദം ഞാൻ കേൾക്കയില്ല. എന്നാൽ ന്യായം വെള്ളംപോലെയും നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകട്ടെ.
ആമോസ് 5:18-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരന്റെ ദിവസത്തിനായി കാത്തിരിക്കുന്നവരേ, നിങ്ങൾക്കു ഹാ! ദുരിതം. അന്നു നിങ്ങൾക്കു പ്രകാശമല്ല, കൊടിയ അന്ധകാരമായിരിക്കും ലഭിക്കുക. സിംഹത്തെ ഭയന്നോടുന്നവൻ കരടിയുടെ മുമ്പിൽ ചെന്നു പെടുമ്പോലെയോ വീട്ടിലെത്തുമ്പോൾ പതിയിരുന്ന പാമ്പു കടിക്കുംപോലെയോ അന്നു നിങ്ങൾക്ക് അപായം നേരിടും. സർവേശ്വരന്റെ ദിവസം വെളിച്ചമല്ല ഇരുളായിരിക്കും. കൊടിയ അന്ധകാരം തന്നെ. നിങ്ങളുടെ ഉത്സവങ്ങളെ ഞാൻ വെറുക്കുന്നു; നിങ്ങളുടെ മഹാസഭായോഗങ്ങളിൽ എനിക്കു പ്രീതിയില്ല. നിങ്ങളുടെ ഹോമയാഗങ്ങളിലും ധാന്യയാഗങ്ങളിലും ഞാൻ പ്രസാദിക്കുകയില്ല. സമാധാനയാഗമായി നിങ്ങൾ അർപ്പിക്കുന്ന കൊഴുത്ത മൃഗങ്ങളെ ഞാൻ തിരിഞ്ഞു നോക്കുകപോലുമില്ല. നിങ്ങളുടെ പാട്ടുകൾ നിർത്തൂ! നിങ്ങളുടെ വീണാനാദം എനിക്കു കേൾക്കേണ്ടാ. ധർമം വെള്ളംപോലെ ഒഴുകട്ടെ; നീതി വറ്റാത്ത അരുവിപോലെ പ്രവഹിക്കട്ടെ.
ആമോസ് 5:18-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവയുടെ ന്യായവിധി ദിവസത്തിനായി കാത്തിരിക്കുന്ന നിങ്ങൾക്ക് അയ്യോ കഷ്ടം! യഹോവയുടെ ദിവസംകൊണ്ട് നിങ്ങൾക്ക് എന്ത് ഗുണം! അത് വെളിച്ചമല്ല ഇരുട്ടത്രേ. അത് ഒരുവൻ സിംഹത്തിന്റെ മുമ്പിൽനിന്ന് ഓടിപ്പോയി കരടിയുടെ മുമ്പിൽ പെടുന്നതുപോലെയും വീട്ടിൽ ചെന്നു ചുമരിൽ കൈ ചാരുമ്പോൾ സർപ്പം അവനെ കടിക്കുന്നതുപോലെയും ആകുന്നു. യഹോവയുടെ ദിവസം വെളിച്ചമല്ല, ഇരുൾ തന്നെയല്ലോ; ഒട്ടും പ്രകാശമില്ലാതെ അന്ധകാരം തന്നെ. നിങ്ങളുടെ ഉത്സവങ്ങളെ ഞാൻ ദ്വേഷിച്ച് നിരസിക്കുന്നു; നിങ്ങളുടെ സഭായോഗങ്ങളിൽ എനിക്ക് പ്രസാദമില്ല. നിങ്ങൾ എനിക്ക് ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചാലും ഞാൻ പ്രസാദിക്കുകയില്ല; തടിപ്പിച്ച മൃഗങ്ങളെകൊണ്ടുള്ള നിങ്ങളുടെ സമാധാനയാഗങ്ങളെ ഞാൻ സ്വീകരിക്കുകയില്ല. നിന്‍റെ പാട്ടുകളുടെ സ്വരം എന്‍റെ മുമ്പിൽനിന്ന് നീക്കുക; നിന്റെ വീണാനാദം ഞാൻ കേൾക്കുകയില്ല. എന്നാൽ ന്യായം വെള്ളംപോലെയും നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകട്ടെ.
ആമോസ് 5:18-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവയുടെ ദിവസത്തിന്നായി വാഞ്ഛിക്കുന്ന നിങ്ങൾക്കു അയ്യോ കഷ്ടം! യഹോവയുടെ ദിവസംകൊണ്ടു നിങ്ങൾക്കു എന്തു ഗുണം! അതു വെളിച്ചമല്ല ഇരുട്ടത്രേ. അതു ഒരുത്തൻ സിംഹത്തിന്റെ മുമ്പിൽനിന്നു ഓടിപ്പോയിട്ടു കരടി അവന്നു എതിർപ്പെടുകയോ വീട്ടിൽ ചെന്നു കൈവെച്ചു ചുമരോടു ചാരീട്ടു സർപ്പം അവനെ കടിക്കയോ ചെയ്യുന്നതുപോലെ ആകുന്നു. യഹോവയുടെ ദിവസം വെളിച്ചമല്ല, ഇരുൾ തന്നെയല്ലോ; ഒട്ടും പ്രകാശമില്ലാതെ അന്ധതമസ്സു തന്നേ. നിങ്ങളുടെ മത്സരങ്ങളെ ഞാൻ ദ്വേഷിച്ചു നിരസിക്കുന്നു; നിങ്ങളുടെ സഭായോഗങ്ങളിൽ എനിക്കു പ്രസാദമില്ല. നിങ്ങൾ എനിക്കു ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചാലും ഞാൻ പ്രസാദിക്കയില്ല; തടിച്ച മൃഗങ്ങൾകൊണ്ടുള്ള നിങ്ങളുടെ സമാധാനയാഗങ്ങളെ ഞാൻ കടാക്ഷിക്കയില്ല. നിന്റെ പാട്ടുകളുടെ സ്വരം എന്റെ മുമ്പിൽനിന്നു നീക്കുക; നിന്റെ വീണാനാദം ഞാൻ കേൾക്കയില്ല. എന്നാൽ ന്യായം വെള്ളംപോലെയും നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകട്ടെ.
ആമോസ് 5:18-24 സമകാലിക മലയാളവിവർത്തനം (MCV)
യഹോവയുടെ ദിവസത്തിനുവേണ്ടി കാത്തിരിക്കുന്നവരേ, നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ യഹോവയുടെ ദിവസത്തിനായി കാത്തിരിക്കുന്നത് എന്തിന്? ആ ദിവസം ഇരുട്ടായിരിക്കും, വെളിച്ചമായിരിക്കുകയില്ല. അത്, ഒരുവൻ സിംഹത്തിന്റെ മുമ്പിൽനിന്ന് ഓടിപ്പോയി കരടിയുടെമുമ്പിൽ ചെന്നുപെടുന്നതുപോലെയും ഒരുവൻ തന്റെ വീട്ടിൽ കടന്നു ഭിത്തിയിൽ കൈവെച്ച ഉടനെ അവനെ പാമ്പു കടിക്കുന്നതുപോലെയും ആയിരിക്കും. യഹോവയുടെ ദിവസം വെളിച്ചമല്ല, ഇരുൾതന്നെ ആയിരിക്കും; അത് അശേഷം പ്രകാശമില്ലാത്ത ഘോരാന്ധകാരംതന്നെ. “ഞാൻ വെറുക്കുന്നു, നിങ്ങളുടെ ഉത്സവങ്ങളെ ഞാൻ നിന്ദിക്കുന്നു; നിങ്ങളുടെ സഭായോഗങ്ങൾപോലും എനിക്കു സഹിക്കാവുന്നതല്ല. നിങ്ങൾ എനിക്കു ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചാലും, ഞാൻ അവയെ സ്വീകരിക്കുകയില്ല. നിങ്ങൾ വിശേഷമായ സമാധാനയാഗങ്ങൾ അർപ്പിച്ചാലും ഞാൻ അതിൽ പ്രസാദിക്കുകയില്ല. നിങ്ങളുടെ പാട്ടുകളുടെ സ്വരം എനിക്കുവേണ്ട! നിങ്ങളുടെ കിന്നരങ്ങളുടെ സംഗീതം ഞാൻ കേൾക്കുകയില്ല. എന്നാൽ ന്യായം നദിപോലെ പ്രവഹിക്കട്ടെ, നീതി ഒരിക്കലും വറ്റാത്ത തോടുപോലെ ഒഴുകട്ടെ!