അപ്പൊ. പ്രവൃത്തികൾ 9:17-20
അപ്പൊ. പ്രവൃത്തികൾ 9:17-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അങ്ങനെ അനന്യാസ് ആ വീട്ടിൽ ചെന്ന് അവന്റെമേൽ കൈ വച്ചു: ശൗലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂർണൻ ആകേണ്ടതിനു നീ വന്ന വഴിയിൽ നിനക്കു പ്രത്യക്ഷനായ യേശു എന്ന കർത്താവ് എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. ഉടനെ അവന്റെ കണ്ണിൽനിന്നു ചെതുമ്പൽപോലെ വീണു; കാഴ്ച ലഭിച്ച് അവൻ എഴുന്നേറ്റു സ്നാനം ഏല്ക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു. അവൻ ദമസ്കൊസിലുള്ള ശിഷ്യന്മാരോടുകൂടെ കുറെനാൾ പാർത്തു, യേശു തന്നെ ദൈവപുത്രൻ എന്നു പള്ളികളിൽ പ്രസംഗിച്ചു.
അപ്പൊ. പ്രവൃത്തികൾ 9:17-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതനുസരിച്ച് അനന്യാസ് ആ വീട്ടിൽ ചെന്നു, ശൗലിന്റെമേൽ കൈകൾ വച്ചുകൊണ്ട് പറഞ്ഞു: “ശൗലേ, സഹോദരാ, കാഴ്ചപ്രാപിക്കേണ്ടതിനും പരിശുദ്ധാത്മാവിന്റെ പൂർണമായ നിറവ് താങ്കളിലുണ്ടാകേണ്ടതിനും വഴിയിൽവച്ചു താങ്കൾക്കു പ്രത്യക്ഷനായ യേശു എന്ന കർത്താവ് എന്നെ ഇവിടേക്ക് അയച്ചിരിക്കുന്നു.” ഉടനെ ശൗലിന്റെ കണ്ണിൽനിന്ന് ചെതുമ്പൽപോലെ ഏതോ ഒന്നു താഴെ വീണു. തൽക്ഷണം അദ്ദേഹത്തിനു വീണ്ടും കാഴ്ച ലഭിച്ചു; ഉടനെതന്നെ സ്നാപനം സ്വീകരിക്കുകയും ഭക്ഷണം കഴിച്ചു ശക്തി പ്രാപിക്കുകയും ചെയ്തു. ദമാസ്കസിലുണ്ടായിരുന്ന ക്രിസ്തു ശിഷ്യന്മാരോടുകൂടി ശൗൽ കുറെനാൾ പാർത്തു. താമസംവിനാ, യേശു ദൈവപുത്രൻ തന്നെ എന്ന് അദ്ദേഹം സുനഗോഗുകളിൽ പ്രഖ്യാപനം ചെയ്തു തുടങ്ങി.
അപ്പൊ. പ്രവൃത്തികൾ 9:17-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അങ്ങനെ അനന്യാസ് ആ വീട്ടിൽ ചെന്നു അവന്റെമേൽ കൈ വച്ചു: “ശൗലേ, സഹോദരാ, നീ കാഴ്ച പ്രാപിക്കുകയും പരിശുദ്ധാത്മാവിനാൽ നിറയപ്പെടുകയും ചെയ്യേണ്ടതിന് നീ വന്ന വഴിയിൽ നിനക്കു പ്രത്യക്ഷനായ യേശു എന്ന കർത്താവ് എന്നെ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു. ഉടനെ അവന്റെ കണ്ണിൽ നിന്ന് ചെതുമ്പൽപോലെ വീണു; അവനു കാഴ്ച ലഭിച്ചു. അവൻ എഴുന്നേറ്റ് സ്നാനം ഏൽക്കുകയും ആഹാരം കഴിച്ച് ബലം പ്രാപിക്കുകയും ചെയ്തു. അവൻ ദമസ്കൊസിലുള്ള ശിഷ്യന്മാരോട് കൂടെ കുറേനാൾ പാർത്തു, യേശു തന്നെ ദൈവപുത്രൻ എന്നു പള്ളികളിൽ പ്രസംഗിച്ചു.
അപ്പൊ. പ്രവൃത്തികൾ 9:17-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അങ്ങനെ അനന്യാസ് ആ വീട്ടിൽ ചെന്നു അവന്റെമേൽ കൈ വെച്ചു: ശൗലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂർണ്ണൻ ആകേണ്ടതിന്നു നീ വന്ന വഴിയിൽ നിനക്കു പ്രത്യക്ഷനായ യേശു എന്ന കർത്താവു എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. ഉടനെ അവന്റെ കണ്ണിൽ നിന്നു ചെതുമ്പൽപോലെ വീണു; കാഴ്ച ലഭിച്ചു അവൻ എഴുന്നേറ്റു സ്നാനം ഏൽക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു. അവൻ ദമസ്കൊസിലുള്ള ശിഷ്യന്മാരോടു കൂടെ കുറെനാൾ പാർത്തു, യേശു തന്നേ ദൈവപുത്രൻ എന്നു പള്ളികളിൽ പ്രസംഗിച്ചു.
അപ്പൊ. പ്രവൃത്തികൾ 9:17-20 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ അനന്യാസ് ആ വീട്ടിലേക്കു പോയി. അദ്ദേഹം ശൗലിന്റെമേൽ കൈകൾ വെച്ചുകൊണ്ട്, “ശൗലേ, സഹോദരാ, നീ ഇവിടേക്കു വരുമ്പോൾ, വഴിയിൽവെച്ചു നിനക്കു പ്രത്യക്ഷനായ കർത്താവായ യേശു, നിനക്കു വീണ്ടും കാഴ്ച ലഭിക്കാനും നീ പരിശുദ്ധാത്മാവിനാൽ നിറയാനുമായി എന്നെ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു. ഉടൻതന്നെ ചെതുമ്പൽപോലുള്ള ഏതോ ഒന്ന് ശൗലിന്റെ കണ്ണുകളിൽനിന്നു വീണു; അയാൾക്കു വീണ്ടും കാഴ്ചശക്തി ലഭിച്ചു. അയാൾ എഴുന്നേറ്റു സ്നാനമേൽക്കുകയും ഭക്ഷണം കഴിച്ചു ക്ഷീണമകറ്റുകയും ചെയ്തു. ശൗൽ ദമസ്കോസിലെ ശിഷ്യന്മാരോടൊപ്പം കുറെ ദിവസങ്ങൾ ചെലവഴിച്ചു. ഏറെ താമസിക്കാതെ യേശു ദൈവപുത്രൻതന്നെ എന്ന് അദ്ദേഹം യെഹൂദപ്പള്ളികളിൽ പ്രസംഗിച്ചുതുടങ്ങി.