അപ്പൊ. പ്രവൃത്തികൾ 9:1-6

അപ്പൊ. പ്രവൃത്തികൾ 9:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ശൗൽ കർത്താവിന്റെ ശിഷ്യന്മാരുടെനേരേ ഭീഷണിയും കൊലയും നിശ്വസിച്ചുകൊണ്ടു മഹാപുരോഹിതന്റെ അടുക്കൽ ചെന്നു, ദമസ്കൊസിൽ ഈ മാർഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാൽ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാൻ തക്കവണ്ണം അവിടത്തെ പള്ളികൾക്ക് അവനോട് അധികാരപത്രം വാങ്ങി. അവൻ പ്രയാണം ചെയ്തു ദമസ്കൊസിനു സമീപിച്ചപ്പോൾ പെട്ടെന്ന് ആകാശത്തുനിന്ന് ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി; അവൻ നിലത്തു വീണു; ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത് എന്നു തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു. നീ ആരാകുന്നു, കർത്താവേ, എന്ന് അവൻ ചോദിച്ചതിന്: നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ. നീ എഴുന്നേറ്റു പട്ടണത്തിൽ ചെല്ലുക; നീ ചെയ്യേണ്ടുന്നത് അവിടെ വച്ചു നിന്നോടു പറയും എന്ന് അവൻ പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 9:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

കർത്താവിന്റെ ശിഷ്യന്മാരെയെല്ലാം കൊന്നൊടുക്കുമെന്ന് ശൗൽ ഭീഷണി മുഴക്കി. ക്രിസ്തുമാർഗം സ്വീകരിച്ച സ്‍ത്രീകളെയോ പുരുഷന്മാരെയോ കണ്ടാൽ, അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുന്നതിന് തന്നെ അധികാരപ്പെടുത്തുന്ന കത്തുകൾ ദമാസ്കസിലെ സുനഗോഗുകളിലേക്കു മഹാപുരോഹിതന്റെ പക്കൽനിന്ന് അദ്ദേഹം വാങ്ങി. അങ്ങനെ ശൗൽ പുറപ്പെട്ട് ദമാസ്കസിനു സമീപത്തെത്തി. പെട്ടെന്ന് ആകാശത്തുനിന്ന് ഉജ്ജ്വലമായ ഒരു മിന്നലൊളി അദ്ദേഹത്തെ വലയം ചെയ്തു. തൽക്ഷണം അദ്ദേഹം നിലംപതിച്ചു; “ശൗലേ, ശൗലേ, നീ എന്തിന് എന്നെ ഉപദ്രവിക്കുന്നു?” എന്ന് ഒരശരീരിയും കേട്ടു. “അങ്ങ് ആരാകുന്നു കർത്താവേ?” എന്നു ശൗൽ ചോദിച്ചു. “നീ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന യേശുവാണു ഞാൻ. നീ എഴുന്നേറ്റു പട്ടണത്തിലേക്കു ചെല്ലുക; നീ എന്താണു ചെയ്യേണ്ടതെന്ന് അവിടെവച്ചു നിന്നോടു പറയും” എന്ന് അവിടുന്നു പ്രതിവചിച്ചു.

അപ്പൊ. പ്രവൃത്തികൾ 9:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ആ കാലത്ത് ശൗല്‍ കോപത്തോടെ കർത്താവിന്‍റെ ശിഷ്യന്മാരുടെ നേരെ വധഭീഷണി മുഴക്കിക്കൊണ്ട് മഹാപുരോഹിതന്‍റെ അടുക്കൽ ചെന്നു, ദമസ്കൊസിൽ യേശുവിന്‍റെ മാർഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാൽ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാൻതക്കവണ്ണം അവിടുത്തെ പള്ളികളിലേക്കുള്ള അധികാരപത്രം മഹാപുരോഹിതനോട് വാങ്ങി. അവൻ പ്രയാണം ചെയ്തു ദമസ്കൊസിന് സമീപിച്ചപ്പോൾ പെട്ടെന്ന് ആകാശത്തുനിന്നു ഒരു വെളിച്ചം അവന്‍റെ ചുറ്റും മിന്നി; അവൻ നിലത്തുവീണു; “ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്?” എന്നു തന്നോട് പറയുന്ന ഒരു ശബ്ദം കേട്ടു. അതിന് ശൗല്‍: “നീ ആരാകുന്നു, കർത്താവേ?” എന്നു ചോദിച്ചു. അതിന് അവനോട്: “നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ. നീ എഴുന്നേറ്റ് പട്ടണത്തിൽ ചെല്ലുക; നീ ചെയ്യേണ്ടുന്നത് അവിടെവച്ച് നിന്നോട് പറയും” എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 9:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ശൗൽ കർത്താവിന്റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും കൊലയും നിശ്വസിച്ചുകൊണ്ടു മഹാപുരോഹിതന്റെ അടുക്കൽ ചെന്നു, ദമസ്കൊസിൽ ഈ മാർഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാൽ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാന്തക്കവണ്ണം അവിടത്തെ പള്ളികൾക്കു അവനോടു അധികാരപത്രം വാങ്ങി. അവൻ പ്രയാണം ചെയ്തു ദമസ്കൊസിന്നു സമീപിച്ചപ്പോൾ പെട്ടെന്നു ആകാശത്തുനിന്നു ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി; അവൻ നിലത്തു വീണു; ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു. നീ ആരാകുന്നു, കർത്താവേ, എന്നു അവൻ ചോദിച്ചതിന്നു: നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ. നീ എഴുന്നേറ്റു പട്ടണത്തിൽ ചെല്ലുക; നീ ചെയ്യേണ്ടുന്നതു അവിടെ വെച്ചു നിന്നോടു പറയും എന്നു അവൻ പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 9:1-6 സമകാലിക മലയാളവിവർത്തനം (MCV)

ഈ കാലഘട്ടത്തിൽ ശൗൽ കർത്താവിന്റെ ശിഷ്യന്മാർക്കെതിരേ നിരന്തരം വധഭീഷണി മുഴക്കിക്കൊണ്ടിരുന്നു. ക്രിസ്തു “മാർഗക്കാരായ” സ്ത്രീകളെയോ പുരുഷന്മാരെയോ അവിടെക്കണ്ടാൽ അവരെ ബന്ധിച്ച് ജെറുശലേമിലേക്കു കൊണ്ടുവരാൻ ദമസ്കോസിലെ യെഹൂദപ്പള്ളികൾക്ക് അധികാരപത്രം നൽകണമെന്ന് അയാൾ മഹാപുരോഹിതന്റെ അടുക്കൽച്ചെന്ന് അഭ്യർഥിച്ചു. അങ്ങനെ അയാൾ യാത്രപുറപ്പെട്ടു ദമസ്കോസിനടുത്തെത്തിയപ്പോൾ പെട്ടെന്ന് ആകാശത്തുനിന്ന് ഒരു പ്രകാശം അയാൾക്കുചുറ്റും മിന്നി. അയാൾ നിലത്തുവീണു; “ശൗലേ, ശൗലേ, നീ എന്നെ പീഡിപ്പിക്കുന്നതെന്ത്?” എന്നു തന്നോടു ചോദിക്കുന്ന ഒരു അശരീരി കേട്ടു. “അങ്ങ് ആരാകുന്നു കർത്താവേ?” ശൗൽ ചോദിച്ചു. “നീ പീഡിപ്പിക്കുന്ന യേശുവാണു ഞാൻ,” അവിടന്ന് ഉത്തരം പറഞ്ഞു, “നീ എഴുന്നേറ്റു പട്ടണത്തിൽ ചെല്ലുക. എന്തു ചെയ്യണമെന്ന് അവിടെവെച്ച് ഞാൻ നിനക്കു പറഞ്ഞുതരും.”