അപ്പൊ. പ്രവൃത്തികൾ 9:1-13
അപ്പൊ. പ്രവൃത്തികൾ 9:1-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശൗൽ കർത്താവിന്റെ ശിഷ്യന്മാരുടെനേരേ ഭീഷണിയും കൊലയും നിശ്വസിച്ചുകൊണ്ടു മഹാപുരോഹിതന്റെ അടുക്കൽ ചെന്നു, ദമസ്കൊസിൽ ഈ മാർഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാൽ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാൻ തക്കവണ്ണം അവിടത്തെ പള്ളികൾക്ക് അവനോട് അധികാരപത്രം വാങ്ങി. അവൻ പ്രയാണം ചെയ്തു ദമസ്കൊസിനു സമീപിച്ചപ്പോൾ പെട്ടെന്ന് ആകാശത്തുനിന്ന് ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി; അവൻ നിലത്തു വീണു; ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത് എന്നു തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു. നീ ആരാകുന്നു, കർത്താവേ, എന്ന് അവൻ ചോദിച്ചതിന്: നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ. നീ എഴുന്നേറ്റു പട്ടണത്തിൽ ചെല്ലുക; നീ ചെയ്യേണ്ടുന്നത് അവിടെ വച്ചു നിന്നോടു പറയും എന്ന് അവൻ പറഞ്ഞു. അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാർ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചുനിന്നു. ശൗൽ നിലത്തുനിന്ന് എഴുന്നേറ്റു കണ്ണുതുറന്നാറെ ഒന്നും കണ്ടില്ല; അവർ അവനെ കൈക്കു പിടിച്ചു ദമസ്കൊസിൽ കൂട്ടിക്കൊണ്ടുപോയി; അവൻ മൂന്നു ദിവസം കണ്ണു കാണാതെയും തിന്നുകയോ കുടിക്കയോ ചെയ്യാതെയും ഇരുന്നു. എന്നാൽ അനന്യാസ് എന്നൊരു ശിഷ്യൻ ദമസ്കൊസിൽ ഉണ്ടായിരുന്നു; അവനെ കർത്താവ് ഒരു ദർശനത്തിൽ: അനന്യാസേ എന്നു വിളിച്ചു. കർത്താവേ, അടിയൻ ഇതാ എന്ന് അവൻ വിളി കേട്ടു. കർത്താവ് അവനോട്: നീ എഴുന്നേറ്റു നേർവീഥി എന്ന തെരുവിൽ ചെന്ന്, യൂദായുടെ വീട്ടിൽ തർസൊസുകാരനായ ശൗൽ എന്നു പേരുള്ളവനെ അന്വേഷിക്ക; അവൻ പ്രാർഥിക്കുന്നു; അനന്യാസ് എന്നൊരു പുരുഷൻ അകത്തു വന്നു താൻ കാഴ്ച പ്രാപിക്കേണ്ടതിന് തന്റെമേൽ കൈ വയ്ക്കുന്നത് അവൻ കണ്ടിരിക്കുന്നു എന്നു കല്പിച്ചു. അതിന് അനന്യാസ്: കർത്താവേ, ആ മനുഷ്യൻ യെരൂശലേമിൽ നിന്റെ വിശുദ്ധന്മാർക്ക് എത്ര ദോഷം ചെയ്തു എന്നു പലരും പറഞ്ഞു ഞാൻ കേട്ടിരിക്കുന്നു.
അപ്പൊ. പ്രവൃത്തികൾ 9:1-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കർത്താവിന്റെ ശിഷ്യന്മാരെയെല്ലാം കൊന്നൊടുക്കുമെന്ന് ശൗൽ ഭീഷണി മുഴക്കി. ക്രിസ്തുമാർഗം സ്വീകരിച്ച സ്‍ത്രീകളെയോ പുരുഷന്മാരെയോ കണ്ടാൽ, അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുന്നതിന് തന്നെ അധികാരപ്പെടുത്തുന്ന കത്തുകൾ ദമാസ്കസിലെ സുനഗോഗുകളിലേക്കു മഹാപുരോഹിതന്റെ പക്കൽനിന്ന് അദ്ദേഹം വാങ്ങി. അങ്ങനെ ശൗൽ പുറപ്പെട്ട് ദമാസ്കസിനു സമീപത്തെത്തി. പെട്ടെന്ന് ആകാശത്തുനിന്ന് ഉജ്ജ്വലമായ ഒരു മിന്നലൊളി അദ്ദേഹത്തെ വലയം ചെയ്തു. തൽക്ഷണം അദ്ദേഹം നിലംപതിച്ചു; “ശൗലേ, ശൗലേ, നീ എന്തിന് എന്നെ ഉപദ്രവിക്കുന്നു?” എന്ന് ഒരശരീരിയും കേട്ടു. “അങ്ങ് ആരാകുന്നു കർത്താവേ?” എന്നു ശൗൽ ചോദിച്ചു. “നീ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന യേശുവാണു ഞാൻ. നീ എഴുന്നേറ്റു പട്ടണത്തിലേക്കു ചെല്ലുക; നീ എന്താണു ചെയ്യേണ്ടതെന്ന് അവിടെവച്ചു നിന്നോടു പറയും” എന്ന് അവിടുന്നു പ്രതിവചിച്ചു. ശൗലിനോടുകൂടി യാത്രചെയ്തിരുന്നവർ ആ ശബ്ദം കേട്ടതല്ലാതെ ആരെയും കണ്ടില്ല. അവർ സ്തംഭിച്ചുനിന്നുപോയി. ശൗൽ നിലത്തുനിന്ന് എഴുന്നേറ്റു കണ്ണു തുറന്നു; പക്ഷേ, ഒന്നും കാണാൻ കഴിഞ്ഞില്ല. അതുകൊണ്ട് സഹയാത്രികർ അദ്ദേഹത്തെ കൈക്കുപിടിച്ച് ദമാസ്കസിലേക്കു കൊണ്ടുപോയി. മൂന്നു ദിവസം അദ്ദേഹം കണ്ണു കാണാതെയും എന്തെങ്കിലും ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യാതെയും കഴിച്ചുകൂട്ടി. ദമാസ്കസിൽ അനന്യാസ് എന്ന ഒരു ക്രിസ്തുശിഷ്യനുണ്ടായിരുന്നു. അദ്ദേഹത്തിന് ഒരു ദർശനമുണ്ടായി. ദർശനത്തിൽ “അനന്യാസേ,” എന്നു വിളിക്കുന്നതു കേട്ട്, “കർത്താവേ അടിയൻ ഇതാ” എന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ കർത്താവ് അദ്ദേഹത്തോടു കല്പിച്ചു: “നീ നേർവീഥി എന്ന തെരുവിൽ യൂദയുടെ വീട്ടിൽ ചെന്ന് തർസൊസുകാരനായ ശൗൽ എന്നയാളിനെ അന്വേഷിക്കുക; അവൻ പ്രാർഥിക്കുന്നു. തനിക്കു കാഴ്ച തിരിച്ചു കിട്ടുന്നതിനായി അനന്യാസ് എന്നൊരാൾ വന്നു തന്റെ തലയിൽ കൈകൾ വയ്‍ക്കുന്നതായി ഒരു ദർശനത്തിൽ അവൻ കണ്ടിരിക്കുന്നു.” അനന്യാസ് അതിനു മറുപടിയായി, “കർത്താവേ, യെരൂശലേമിലുള്ള അവിടുത്തെ ഭക്തജനങ്ങൾക്ക് ആ മനുഷ്യൻ വളരെ അധികം ദ്രോഹം ചെയ്തിരിക്കുന്നു എന്നു പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്
അപ്പൊ. പ്രവൃത്തികൾ 9:1-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആ കാലത്ത് ശൗല്‍ കോപത്തോടെ കർത്താവിന്‍റെ ശിഷ്യന്മാരുടെ നേരെ വധഭീഷണി മുഴക്കിക്കൊണ്ട് മഹാപുരോഹിതന്‍റെ അടുക്കൽ ചെന്നു, ദമസ്കൊസിൽ യേശുവിന്‍റെ മാർഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാൽ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാൻതക്കവണ്ണം അവിടുത്തെ പള്ളികളിലേക്കുള്ള അധികാരപത്രം മഹാപുരോഹിതനോട് വാങ്ങി. അവൻ പ്രയാണം ചെയ്തു ദമസ്കൊസിന് സമീപിച്ചപ്പോൾ പെട്ടെന്ന് ആകാശത്തുനിന്നു ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി; അവൻ നിലത്തുവീണു; “ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്?” എന്നു തന്നോട് പറയുന്ന ഒരു ശബ്ദം കേട്ടു. അതിന് ശൗല്‍: “നീ ആരാകുന്നു, കർത്താവേ?” എന്നു ചോദിച്ചു. അതിന് അവനോട്: “നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ. നീ എഴുന്നേറ്റ് പട്ടണത്തിൽ ചെല്ലുക; നീ ചെയ്യേണ്ടുന്നത് അവിടെവച്ച് നിന്നോട് പറയും” എന്നു പറഞ്ഞു. അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാർ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ സ്തംഭിച്ചുനിന്നു. ശൗല്‍ നിലത്തുനിന്ന് എഴുന്നേറ്റ് കണ്ണ് തുറന്നപ്പോൾ ഒന്നും കാണാൻ കഴിഞ്ഞില്ല; അതുകൊണ്ട് അവർ അവനെ കൈയ്ക്ക് പിടിച്ച് ദമസ്കൊസിലേക്ക് കൂട്ടിക്കൊണ്ടുപോയി; അവൻ മൂന്നുദിവസം കണ്ണ് കാണാതെയും തിന്നുകയോ കുടിയ്ക്കുകയോ ചെയ്യാതെയും ഇരുന്നു. എന്നാൽ അനന്യാസ് എന്നൊരു ശിഷ്യൻ ദമസ്കൊസിൽ ഉണ്ടായിരുന്നു; അവനോട് കർത്താവ് ഒരു ദർശനത്തിൽ; “അനന്യാസേ” എന്നു വിളിച്ചു. “കർത്താവേ, അടിയൻ ഇതാ” എന്നു അവൻ വിളികേട്ടു. കർത്താവ് അവനോട്: “നീ എഴുന്നേറ്റ് നേർവ്വീഥി എന്ന തെരുവിൽ, യൂദയുടെ വീട്ടിൽ ചെന്നു, തർസൊസുകാരനായ ശൗല്‍ എന്നു പേരുള്ളവനെ അന്വേഷിക്ക; അവൻ പ്രാർത്ഥിക്കുന്നു; അനന്യാസ് എന്നൊരു പുരുഷൻ അകത്തുവന്ന് താൻ കാഴ്ച പ്രാപിക്കേണ്ടതിന് തന്റെമേൽ കൈ വയ്ക്കുന്നത് അവൻ ദർശനത്തിൽ കണ്ടിരിക്കുന്നു” എന്നു കല്പിച്ചു. അതിന് അനന്യാസ്; “കർത്താവേ, ആ മനുഷ്യൻ യെരൂശലേമിൽ നിന്റെ വിശുദ്ധന്മാർക്ക് എത്ര ദോഷം ചെയ്തിരിക്കുന്നു എന്നു പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്.
അപ്പൊ. പ്രവൃത്തികൾ 9:1-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ശൗൽ കർത്താവിന്റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും കൊലയും നിശ്വസിച്ചുകൊണ്ടു മഹാപുരോഹിതന്റെ അടുക്കൽ ചെന്നു, ദമസ്കൊസിൽ ഈ മാർഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാൽ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാന്തക്കവണ്ണം അവിടത്തെ പള്ളികൾക്കു അവനോടു അധികാരപത്രം വാങ്ങി. അവൻ പ്രയാണം ചെയ്തു ദമസ്കൊസിന്നു സമീപിച്ചപ്പോൾ പെട്ടെന്നു ആകാശത്തുനിന്നു ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി; അവൻ നിലത്തു വീണു; ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു. നീ ആരാകുന്നു, കർത്താവേ, എന്നു അവൻ ചോദിച്ചതിന്നു: നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ. നീ എഴുന്നേറ്റു പട്ടണത്തിൽ ചെല്ലുക; നീ ചെയ്യേണ്ടുന്നതു അവിടെ വെച്ചു നിന്നോടു പറയും എന്നു അവൻ പറഞ്ഞു. അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാർ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചു നിന്നു. ശൗൽ നിലത്തുനിന്നു എഴുന്നേറ്റു കണ്ണു തുറന്നാറെ ഒന്നും കണ്ടില്ല; അവർ അവനെ കൈക്കു പിടിച്ചു ദമസ്കൊസിൽ കൂട്ടിക്കൊണ്ടുപോയി; അവൻ മൂന്നു ദിവസം കണ്ണു കാണാതെയും തിന്നുകയോ കുടിക്കയോ ചെയ്യാതെയും ഇരുന്നു. എന്നാൽ അനന്യാസ് എന്നൊരു ശിഷ്യൻ ദമസ്കൊസിൽ ഉണ്ടായിരുന്നു: അവനെ കർത്താവു ഒരു ദർശനത്തിൽ: അനന്യാസേ എന്നു വിളിച്ചു. കർത്താവേ, അടിയൻ ഇതാ എന്നു അവൻ വിളികേട്ടു. കർത്താവു അവനോടു: നീ എഴുന്നേറ്റു നേർവ്വീഥി എന്ന തെരുവിൽ ചെന്നു, യൂദയുടെ വീട്ടിൽ തർസൊസുകാരനായ ശൗൽ എന്നു പേരുള്ളവനെ അന്വേഷിക്ക; അവൻ പ്രാർത്ഥിക്കുന്നു; അനന്യാസ് എന്നൊരു പുരുഷൻ അകത്തു വന്നു താൻ കാഴ്ച പ്രാപിക്കേണ്ടതിന്നു തന്റെ മേൽ കൈ വെക്കുന്നതു അവൻ കണ്ടിരിക്കുന്നു എന്നു കല്പിച്ചു. അതിന്നു അനന്യാസ്: കർത്താവേ, ആ മനുഷ്യൻ യെരൂശലേമിൽ നിന്റെ വിശുദ്ധന്മാർക്കു എത്ര ദോഷം ചെയ്തു എന്നു പലരും പറഞ്ഞു ഞാൻ കേട്ടിരിക്കുന്നു.
അപ്പൊ. പ്രവൃത്തികൾ 9:1-13 സമകാലിക മലയാളവിവർത്തനം (MCV)
ഈ കാലഘട്ടത്തിൽ ശൗൽ കർത്താവിന്റെ ശിഷ്യന്മാർക്കെതിരേ നിരന്തരം വധഭീഷണി മുഴക്കിക്കൊണ്ടിരുന്നു. ക്രിസ്തു “മാർഗക്കാരായ” സ്ത്രീകളെയോ പുരുഷന്മാരെയോ അവിടെക്കണ്ടാൽ അവരെ ബന്ധിച്ച് ജെറുശലേമിലേക്കു കൊണ്ടുവരാൻ ദമസ്കോസിലെ യെഹൂദപ്പള്ളികൾക്ക് അധികാരപത്രം നൽകണമെന്ന് അയാൾ മഹാപുരോഹിതന്റെ അടുക്കൽച്ചെന്ന് അഭ്യർഥിച്ചു. അങ്ങനെ അയാൾ യാത്രപുറപ്പെട്ടു ദമസ്കോസിനടുത്തെത്തിയപ്പോൾ പെട്ടെന്ന് ആകാശത്തുനിന്ന് ഒരു പ്രകാശം അയാൾക്കുചുറ്റും മിന്നി. അയാൾ നിലത്തുവീണു; “ശൗലേ, ശൗലേ, നീ എന്നെ പീഡിപ്പിക്കുന്നതെന്ത്?” എന്നു തന്നോടു ചോദിക്കുന്ന ഒരു അശരീരി കേട്ടു. “അങ്ങ് ആരാകുന്നു കർത്താവേ?” ശൗൽ ചോദിച്ചു. “നീ പീഡിപ്പിക്കുന്ന യേശുവാണു ഞാൻ,” അവിടന്ന് ഉത്തരം പറഞ്ഞു, “നീ എഴുന്നേറ്റു പട്ടണത്തിൽ ചെല്ലുക. എന്തു ചെയ്യണമെന്ന് അവിടെവെച്ച് ഞാൻ നിനക്കു പറഞ്ഞുതരും.” ശൗലിനോടൊപ്പം യാത്രചെയ്തിരുന്നവർ സ്തബ്ധരായി നിന്നു. അവർ ശബ്ദം കേട്ടെങ്കിലും ആരെയും കണ്ടില്ല. ശൗൽ നിലത്തുനിന്ന് എഴുന്നേറ്റു. എന്നാൽ, കണ്ണു തുറന്നപ്പോൾ അവന് കാഴ്ച നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് കൂടെയുള്ളവർ അയാളെ കൈക്കുപിടിച്ചു ദമസ്കോസിലേക്കു നടത്തിക്കൊണ്ടുപോയി. മൂന്നുദിവസം അയാൾ അന്ധനായിരുന്നു, ആ ദിവസങ്ങളിൽ അയാൾ ഭക്ഷണപാനീയങ്ങൾ കഴിച്ചില്ല. ദമസ്കോസിൽ അനന്യാസ് എന്നു പേരുള്ള ഒരു ക്രിസ്തുശിഷ്യൻ ഉണ്ടായിരുന്നു. ഒരു ദർശനത്തിൽ കർത്താവ് പ്രത്യക്ഷനായി അയാളെ വിളിച്ചു, “അനന്യാസേ.” “അടിയൻ ഇതാ, കർത്താവേ,” അയാൾ വിളികേട്ടു. കർത്താവ് അയാളോട്, “നീ എഴുന്നേറ്റ് നേർവീഥി എന്ന തെരുവിൽ യൂദായുടെ ഭവനത്തിൽചെന്ന് തർസൊസുകാരനായ ശൗലിനെ അന്വേഷിക്കുക. അയാൾ പ്രാർഥിച്ചുകൊണ്ടിരിക്കുന്നു. അനന്യാസ് എന്നൊരാൾ വന്ന് തനിക്കു വീണ്ടും കാഴ്ച ലഭിക്കാൻ തന്റെമേൽ കൈകൾ വെക്കുന്നതായി അയാൾ ദർശനത്തിൽ കണ്ടിരിക്കുന്നു” എന്നു പറഞ്ഞു. അതിനു മറുപടിയായി അനന്യാസ്, “കർത്താവേ, ഈ മനുഷ്യൻ ജെറുശലേമിലുള്ള അങ്ങയുടെ വിശുദ്ധർക്ക് എത്രവളരെ ദ്രോഹം ചെയ്തുവെന്നു ഞാൻ പലരിൽനിന്നും കേട്ടിരിക്കുന്നു.