അപ്പൊ. പ്രവൃത്തികൾ 8:4-13 - Compare All Versions

അപ്പൊ. പ്രവൃത്തികൾ 8:4-13 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ചിതറിപ്പോയവർ വചനം സുവിശേഷിച്ചുംകൊണ്ട് അവിടവിടെ സഞ്ചരിച്ചു. ഫിലിപ്പൊസ് ശമര്യപട്ടണത്തിൽ ചെന്ന് അവരോടു ക്രിസ്തുവിനെ പ്രസംഗിച്ചു. ഫിലിപ്പൊസ് ചെയ്ത അടയാളങ്ങളെ പുരുഷാരങ്ങൾ കേൾക്കയും കാൺകയും ചെയ്കയാൽ അവൻ പറയുന്നത് ഏകമനസ്സോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അശുദ്ധാത്മാക്കൾ ബാധിച്ച പലരിൽനിന്നും അവ ഉറക്കെ നിലവിളിച്ചുകൊണ്ടു പുറപ്പെട്ടു; അനേകം പക്ഷവാതക്കാരും മുടന്തരും സൗഖ്യംപ്രാപിച്ചു. അങ്ങനെ ആ പട്ടണത്തിൽ വളരെ സന്തോഷം ഉണ്ടായി. എന്നാൽ ശിമോൻ എന്നു പേരുള്ളൊരു പുരുഷൻ ആ പട്ടണത്തിൽ ആഭിചാരം ചെയ്തു, താൻ മഹാൻ എന്നു പറഞ്ഞു ശമര്യജാതിയെ ഭ്രമിപ്പിച്ചുപോന്നു. ഇവൻ മഹതി എന്ന ദൈവശക്തി ആകുന്നു എന്നും പറഞ്ഞ് ആബാലവൃദ്ധം എല്ലാവരും അവനെ ശ്രദ്ധിച്ചുവന്നു. ഇവൻ ആഭിചാരംകൊണ്ട് ഏറിയകാലം അവരെ ഭ്രമിപ്പിക്കയാൽ അത്രേ അവർ അവനെ ശ്രദ്ധിച്ചത്. എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു. ശിമോൻ താനും വിശ്വസിച്ചു സ്നാനം ഏറ്റ് ഫിലിപ്പൊസിനോടു ചേർന്നുനിന്നു, വലിയ വീര്യപ്രവൃത്തികളും അടയാളങ്ങളും നടക്കുന്നതു കണ്ട് ഭ്രമിച്ചു.

അപ്പൊ. പ്രവൃത്തികൾ 8:4-13 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ചിതറിപ്പോയവർ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ചുറ്റി സഞ്ചരിച്ചു. ഫീലിപ്പോസ് ശമര്യയിലെ ഒരു നഗരത്തിൽ ചെന്ന് ക്രിസ്തുവിനെപ്പറ്റി പ്രഘോഷിച്ചു. ഫീലിപ്പോസിന്റെ പ്രസംഗം കേൾക്കുകയും അദ്ദേഹം ചെയ്ത അദ്ഭുതങ്ങൾ കാണുകയും ചെയ്തപ്പോൾ ബഹുജനങ്ങൾ ഏകമനസ്സോടെ അദ്ദേഹത്തിന്റെ വാക്കുകൾ സ്വീകരിച്ചു. അശുദ്ധാത്മാക്കൾ ബാധിച്ചവരിൽനിന്ന് അവ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് ഒഴിഞ്ഞുപോയി; പക്ഷവാതരോഗികളും മുടന്തരുമായ അനേകമാളുകൾ സുഖം പ്രാപിച്ചു. അങ്ങനെ ആ പട്ടണത്തിൽ അത്യധികമായ ആനന്ദമുണ്ടായി. അവിടെ ശിമോൻ എന്നു പേരുള്ള ഒരു മന്ത്രവാദിയുണ്ടായിരുന്നു. താൻ മഹാനാണെന്നു സ്വയം അവകാശപ്പെട്ടുകൊണ്ട് മാന്ത്രികവിദ്യകളാൽ അയാൾ ശമര്യയിലെ ജനത്തെ അദ്ഭുതപ്പെടുത്തിവന്നു. ‘മഹതി’ എന്ന ദിവ്യശക്തിയാണ് ഈ മനുഷ്യനിൽ വ്യാപരിക്കുന്നതെന്ന് വലിയവരും ചെറിയവരും എന്ന ഭേദമന്യേ ആ പട്ടണത്തിലുള്ള എല്ലാവരും പറഞ്ഞു. തന്റെ ക്ഷുദ്രപ്രയോഗംകൊണ്ട് ദീർഘകാലമായി അയാൾ അവരെ അമ്പരപ്പിച്ചിരുന്നതിനാൽ അയാൾ പറയുന്നത് അവർ സ്വീകരിച്ചുപോന്നു. എങ്കിലും ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയുംകുറിച്ച് ഫീലിപ്പോസ് പ്രസംഗിച്ച സുവിശേഷം വിശ്വസിച്ച പുരുഷന്മാരും സ്‍ത്രീകളും സ്നാപനം സ്വീകരിച്ചു. ശിമോൻപോലും വിശ്വസിച്ചു; അയാൾ സ്നാപനം സ്വീകരിച്ചശേഷം ഫീലിപ്പോസിനോടു ചേർന്നുനിന്നു. അവിടെ നടന്ന വലിയ അദ്ഭുതങ്ങളും അടയാളങ്ങളും കണ്ട് ശിമോൻ ആശ്ചര്യഭരിതനായി.

അപ്പൊ. പ്രവൃത്തികൾ 8:4-13 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

ചിതറിപ്പോയവർ വചനം പ്രസംഗിച്ചുകൊണ്ട് അവിടവിടെ സഞ്ചരിച്ചു. ഫിലിപ്പൊസ് ശമര്യാ പട്ടണത്തിൽ ചെന്നു അവിടെയുള്ളവരോട് ക്രിസ്തുവിനെ പ്രസംഗിച്ചു. ഫിലിപ്പൊസ് ചെയ്ത അടയാളങ്ങൾ ജനങ്ങൾ കേൾക്കുകയും കാൺകയും ചെയ്കയാൽ അവൻ പറയുന്നത് ഏകമനസ്സോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അശുദ്ധാത്മാക്കൾ ബാധിച്ച പലരിൽനിന്നും അവ ഉറക്കെ നിലവിളിച്ചുകൊണ്ട് പുറപ്പെട്ടു; അനേകം പക്ഷവാതക്കാരും മുടന്തരും സൗഖ്യം പ്രാപിച്ചു. അങ്ങനെ ആ പട്ടണത്തിൽ വളരെ സന്തോഷം ഉണ്ടായി. എന്നാൽ ശിമോൻ എന്നു പേരുള്ളോരു പുരുഷൻ ആ പട്ടണത്തിൽ ആഭിചാരം ചെയ്തു, താൻ മഹാൻ എന്നു പറഞ്ഞ് ശമര്യാ പട്ടണത്തിലെ ആളുകളെയെല്ലാം ഭ്രമിപ്പിച്ചുപോന്നു. “മഹാൻ എന്നു വിളിക്കപ്പെടുന്ന ദൈവശക്തി ഈ മനുഷ്യനാകുന്നു” എന്നു പറഞ്ഞ് ശമര്യയിലുള്ള ചെറിയവർ മുതൽ വലിയവർ വരെ അവനെ ശ്രദ്ധിച്ചുവന്നു. ഇവൻ ആഭിചാരംകൊണ്ട് ഏറിയകാലം അവരെ ഭ്രമിപ്പിക്കുകയാൽ അത്രേ അവർ അവനെ ശ്രദ്ധിച്ചത് എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്‍റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു. ശിമോൻ താനും വിശ്വസിച്ച് സ്നാനം ഏറ്റു, ഫിലിപ്പൊസിനോട് ചേർന്നുനിന്നു; വലിയ അടയാളങ്ങളും വീര്യപ്രവൃത്തികളും നടക്കുന്നത് കണ്ടപ്പോൾ അവൻ ആശ്ചര്യപ്പെട്ടു.

അപ്പൊ. പ്രവൃത്തികൾ 8:4-13 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ചിതറിപ്പോയവർ വചനം സുവിശേഷിച്ചുംകൊണ്ടു അവിടവിടെ സഞ്ചരിച്ചു. ഫിലിപ്പൊസ് ശമര്യപട്ടണത്തിൽ ചെന്നു അവരോടു ക്രിസ്തുവിനെ പ്രസംഗിച്ചു. ഫിലിപ്പൊസ് ചെയ്ത അടയാളങ്ങളെ പുരുഷാരങ്ങൾ കേൾക്കയും കാൺകയും ചെയ്കയാൽ അവൻ പറയുന്നതു ഏകമനസ്സോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അശുദ്ധാത്മാക്കൾ ബാധിച്ച പലരിൽനിന്നും അവ ഉറക്കെ നിലവിളിച്ചുകൊണ്ടു പുറപ്പെട്ടു; അനേകം പക്ഷവാതക്കാരും മുടന്തരും സൗഖ്യം പ്രാപിച്ചു. അങ്ങനെ ആ പട്ടണത്തിൽ വളരെ സന്തോഷം ഉണ്ടായി. എന്നാൽ ശിമോൻ എന്നു പേരുള്ളോരു പുരുഷൻ ആ പട്ടണത്തിൽ ആഭിചാരം ചെയ്തു, താൻ മഹാൻ എന്നു പറഞ്ഞു ശമര്യജാതിയെ ഭ്രമിപ്പിച്ചുപോന്നു. ഇവൻ മഹതി എന്ന ദൈവശക്തി ആകുന്നു എന്നും പറഞ്ഞു ആബാലവൃദ്ധം എല്ലാവരും അവനെ ശ്രദ്ധിച്ചുവന്നു. ഇവൻ ആഭിചാരംകൊണ്ടു ഏറിയ കാലം അവരെ ഭ്രമിപ്പിക്കയാൽ അത്രേ അവർ അവനെ ശ്രദ്ധിച്ചതു. എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു. ശിമോൻ താനും വിശ്വസിച്ചു സ്നാനം ഏറ്റു ഫിലിപ്പൊസിനോടു ചേർന്നു നിന്നു, വലിയ വീര്യപ്രവൃത്തികളും അടയാളങ്ങളും നടക്കുന്നതു കണ്ടു ഭ്രമിച്ചു.

അപ്പൊ. പ്രവൃത്തികൾ 8:4-13 MCV (സമകാലിക മലയാളവിവർത്തനം)

ചിതറിപ്പോയവർ, ചെന്ന സ്ഥലങ്ങളിലെല്ലാം സുവിശേഷം അറിയിച്ചു. ഫിലിപ്പൊസ് ശമര്യയിലെ ഒരു പട്ടണത്തിൽച്ചെന്ന് അവിടെ ക്രിസ്തുവിനെപ്പറ്റി പ്രസംഗിച്ചു. ഫിലിപ്പൊസിന്റെ പ്രഭാഷണം ജനം ഏകാഗ്രചിത്തരായി ശ്രദ്ധിക്കുകയും അദ്ദേഹത്തിന്റെ സന്ദേശത്തെത്തുടർന്ന് ചെയ്ത ചിഹ്നങ്ങൾ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയും ചെയ്തു. ദുരാത്മാക്കൾ ബാധിച്ചിരുന്ന അനേകരിൽനിന്ന് അവ ഉച്ചത്തിൽ അലറിക്കൊണ്ടു പുറത്തുപോയി. പല പക്ഷാഘാതരോഗികൾക്കും മുടന്തർക്കും സൗഖ്യം ലഭിച്ചു. അങ്ങനെ ആ പട്ടണത്തിൽ മഹാ ആനന്ദമുണ്ടായി. ശിമോൻ എന്നു പേരുള്ള ഒരു മനുഷ്യൻ കുറെക്കാലമായി മന്ത്രവാദം നടത്തി, താൻ ഒരു മഹാൻ എന്നു നടിച്ച് ശമര്യാപട്ടണത്തിലെ ആളുകളെയെല്ലാം ഭ്രമിപ്പിച്ചിരുന്നു. “ഇയാൾ ദൈവത്തിന്റെ ശക്തിയാണ്; ഇയാളിൽ ശക്തീദേവിയാണ് ആവസിക്കുന്നത്,” എന്നു പറഞ്ഞുകൊണ്ട് വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസംകൂടാതെ എല്ലാവരും ഇയാളിൽ ആകൃഷ്ടരായിരുന്നു. ശിമോൻ തന്റെ മന്ത്രവിദ്യകൊണ്ട് ഏറെക്കാലമായി അവരെ ഭ്രമിപ്പിച്ചതിനാലാണ് ജനം അയാളെ ശ്രദ്ധിച്ചത്. ദൈവരാജ്യത്തിന്റെ സുവിശേഷവും യേശുക്രിസ്തുവിന്റെ നാമവും ഫിലിപ്പൊസ് പ്രസംഗിച്ചതു കേട്ടപ്പോൾ അവർ യേശുവിൽ വിശ്വസിച്ചു. സ്ത്രീകളും പുരുഷന്മാരും സ്നാനമേറ്റു. ശിമോനും വിശ്വസിച്ചു സ്നാനമേറ്റു. അവിടെ നടന്ന ചിഹ്നങ്ങളും വീര്യപ്രവൃത്തികളും കണ്ടു വിസ്മയിച്ച അയാൾ ഫിലിപ്പൊസ് പോയ സ്ഥലങ്ങളിലെല്ലാം അദ്ദേഹത്തെ അനുഗമിച്ചു.