അപ്പൊ. പ്രവൃത്തികൾ 7:1-53
അപ്പൊ. പ്രവൃത്തികൾ 7:1-53 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇത് ഉള്ളതു തന്നെയോ എന്നു മഹാപുരോഹിതൻ ചോദിച്ചതിന് അവൻ പറഞ്ഞത്: സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേൾപ്പിൻ. നമ്മുടെ പിതാവായ അബ്രാഹാം ഹാരാനിൽ വന്നു പാർക്കുംമുമ്പേ മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾതന്നെ, തേജോമയനായ ദൈവം അവനു പ്രത്യക്ഷനായി: നിന്റെ ദേശത്തെയും നിന്റെ ചാർച്ചക്കാരെയും വിട്ട് ഞാൻ നിനക്കു കാണിച്ചുതരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു. അങ്ങനെ അവൻ കല്ദയരുടെ ദേശം വിട്ടു ഹാരാനിൽ വന്നു പാർത്തു. അവന്റെ അപ്പൻ മരിച്ചശേഷം ദൈവം അവനെ അവിടെനിന്നു നിങ്ങൾ ഇപ്പോൾ പാർക്കുന്ന ഈ ദേശത്തിൽ കൊണ്ടുവന്നു പാർപ്പിച്ചു. അവന് അതിൽ ഒരു കാലടി നിലംപോലും അവകാശം കൊടുത്തില്ല; അവന് സന്തതിയില്ലാതിരിക്കെ അവനും അവന്റെ ശേഷം അവന്റെ സന്തതിക്കും അതിനെ കൈവശമായി നല്കുമെന്ന് അവനോടു വാഗ്ദത്തം ചെയ്തു. അവന്റെ സന്തതി അന്യദേശത്തു ചെന്നു പാർക്കും; ആ ദേശക്കാർ അവരെ അടിമയാക്കി നാനൂറു സംവത്സരം പീഡിപ്പിക്കും എന്നു ദൈവം കല്പിച്ചു. അവർ സേവിക്കുന്ന ജാതിയെ ഞാൻ ന്യായം വിധിക്കും; അതിന്റെ ശേഷം അവർ പുറപ്പെട്ടുവന്ന് ഈ സ്ഥലത്ത് എന്നെ സേവിക്കും എന്ന് ദൈവം അരുളിച്ചെയ്തു. പിന്നെ അവനു പരിച്ഛേദന എന്ന നിയമം കൊടുത്തു; അങ്ങനെ അവൻ യിസ്ഹാക്കിനെ ജനിപ്പിച്ചു, എട്ടാംനാൾ പരിച്ഛേദന ചെയ്തു. യിസ്ഹാക് യാക്കോബിനെയും യാക്കോബ് പന്ത്രണ്ടു ഗോത്രപിതാക്കന്മാരെയും ജനിപ്പിച്ചു. ഗോത്രപിതാക്കന്മാർ യോസേഫിനോട് അസൂയപ്പെട്ട് അവനെ മിസ്രയീമിലേക്കു വിറ്റുകളഞ്ഞു. എന്നാൽ ദൈവം അവനോടുകൂടെ ഇരുന്നു സകല സങ്കടങ്ങളിൽനിന്നും അവനെ വിടുവിച്ച് മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ അവനു കൃപയും ജ്ഞാനവും കൊടുത്തു: അവൻ അവനെ മിസ്രയീമിനും തന്റെ സർവഗൃഹത്തിനും അധിപതിയാക്കി വച്ചു. മിസ്രയീംദേശത്തിലും കനാനിലും എല്ലാം ക്ഷാമവും മഹാകഷ്ടവും വന്നാറെ നമ്മുടെ പിതാക്കന്മാർക്ക് ആഹാരം കിട്ടാതെയായി. മിസ്രയീമിൽ ധാന്യം ഉണ്ട് എന്നു കേട്ടിട്ട് യാക്കോബ് നമ്മുടെ പിതാക്കന്മാരെ ഒന്നാം പ്രാവശ്യം അയച്ചു. രണ്ടാം പ്രാവശ്യം യോസേഫ് തന്റെ സഹോദരന്മാരോടു തന്നെത്താൻ അറിയിച്ചു യോസേഫിന്റെ വംശം ഫറവോനു വെളിവായ്‍വന്നു. യോസേഫ് ആളയച്ചു തന്റെ പിതാവായ യാക്കോബിനെയും കുടുംബത്തെയൊക്കെയും വരുത്തി; അവർ ആകെ എഴുപത്തഞ്ചു പേരായിരുന്നു. യാക്കോബ് മിസ്രയീമിലേക്കു പോയി; അവനും നമ്മുടെ പിതാക്കന്മാരും മരിച്ചു. അവരെ ശെഖേമിൽ കൊണ്ടുവന്ന് ശെഖേമിൽ എമ്മോരിന്റെ മക്കളോട് അബ്രാഹാം വില കൊടുത്തു വാങ്ങിയ കല്ലറയിൽ അടക്കം ചെയ്തു. ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്ത വാഗ്ദത്തകാലം അടുത്തപ്പോൾ ജനം മിസ്രയീമിൽ വർധിച്ചു പെരുകി. ഒടുവിൽ യോസേഫിനെ അറിയാത്ത വേറൊരു രാജാവ് മിസ്രയീമിൽ വാണു. അവൻ നമ്മുടെ വംശത്തോട് ഉപായം പ്രയോഗിച്ചു നമ്മുടെ പിതാക്കന്മാരെ പീഡിപ്പിച്ചു, അവരുടെ ശിശുക്കൾ ജീവനോടെ ഇരിക്കരുത് എന്നുവച്ച് അവരെ പുറത്തിടുവിച്ചു. ആ കാലത്ത് മോശെ ജനിച്ചു, ദിവ്യസുന്ദരനായിരുന്നു; അവനെ മൂന്നു മാസം അപ്പന്റെ വീട്ടിൽ പോറ്റി. പിന്നെ അവനെ പുറത്തിട്ടപ്പോൾ ഫറവോന്റെ മകൾ അവനെ എടുത്തു തന്റെ മകനായി വളർത്തി. മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർഥനായിത്തീർന്നു. അവനു നാല്പതു വയസ്സു തികയാറായപ്പോൾ യിസ്രായേൽമക്കളായ തന്റെ സഹോദരന്മാരെ ചെന്നു കാണേണം എന്ന് മനസ്സിൽ തോന്നി. അവരിൽ ഒരുത്തൻ അന്യായം ഏല്ക്കുന്നത് കണ്ടിട്ട് അവനു തുണ നിന്നു, മിസ്രയീമ്യനെ അടിച്ചു കൊന്നു, പീഡിതനുവേണ്ടി പ്രതിക്രിയ ചെയ്തു. ദൈവം താൻ മുഖാന്തരം അവർക്കു രക്ഷ നല്കും എന്ന് സഹോദരന്മാർ ഗ്രഹിക്കും എന്ന് അവൻ നിരൂപിച്ചു; എങ്കിലും അവർ ഗ്രഹിച്ചില്ല. പിറ്റന്നാൾ അവർ കലഹിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ അടുക്കൽവന്നു: പുരുഷന്മാരേ, നിങ്ങൾ സഹോദരന്മാരല്ലോ; തമ്മിൽ അന്യായം ചെയ്യുന്നത് എന്ത് എന്നു പറഞ്ഞ് അവരെ സമാധാനപ്പെടുത്തുവാൻ നോക്കി. എന്നാൽ കൂട്ടുകാരനോട് അന്യായം ചെയ്യുന്നവൻ അവനെ ഉന്തിക്കളഞ്ഞു: നിന്നെ ഞങ്ങൾക്ക് അധികാരിയും ന്യായകർത്താവും ആക്കിയത് ആർ? ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു പറഞ്ഞു. ഈ വാക്കു കേട്ടിട്ടു മോശെ ഓടിപ്പോയി മിദ്യാൻദേശത്തു ചെന്നുപാർത്തു, അവിടെ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു. നാല്പതാണ്ടു കഴിഞ്ഞപ്പോൾ സീനായിമലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപ്പടർപ്പിലെ അഗ്നിജ്വാലയിൽ അവനു പ്രത്യക്ഷനായി. മോശെ ആ ദർശനം കണ്ട് ആശ്ചര്യപ്പെട്ടു, സൂക്ഷിച്ചുനോക്കുവാൻ അടുത്തുചെല്ലുമ്പോൾ: ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമായി അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം ആകുന്നു എന്ന് കർത്താവിന്റെ ശബ്ദം കേട്ടു. മോശെ വിറച്ചിട്ടു നോക്കുവാൻ തുനിഞ്ഞില്ല. കർത്താവ് അവനോട്: നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പ് ഊരിക്കളക. മിസ്രയീമിൽ എന്റെ ജനത്തിന്റെ പീഡ ഞാൻ കണ്ടു കണ്ടു, അവരുടെ ഞരക്കവും കേട്ടു, അവരെ വിടുവിപ്പാൻ ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോൾ വരിക; ഞാൻ നിന്നെ മിസ്രയീമിലേക്ക് അയയ്ക്കും എന്നു പറഞ്ഞു. നിന്നെ അധികാരിയും ന്യായകർത്താവും ആക്കിയതാർ എന്നിങ്ങനെ അവർ തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുൾപ്പടർപ്പിൽ പ്രത്യക്ഷനായ ദൂതൻ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു. അവൻ മിസ്രയീമിലും ചെങ്കടലിലും നാല്പതു സംവത്സരം മരുഭൂമിയിലും അതിശയങ്ങളും അടയാളങ്ങളും ചെയ്ത് അവരെ നടത്തിക്കൊണ്ടുവന്നു. ദൈവം നിങ്ങളുടെ സഹോദരന്മാരിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്ക് എഴുന്നേല്പിച്ചു തരും എന്ന് യിസ്രായേൽമക്കളോടു പറഞ്ഞ മോശെ അവൻതന്നെ. സീനായിമലയിൽ തന്നോടു സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കന്മാരോടുംകൂടെ മരുഭൂമിയിലെ സഭയിൽ ഇരുന്നവനും നമുക്കു തരുവാൻ ജീവനുള്ള അരുളപ്പാടു ലഭിച്ചവനും അവൻതന്നെ. നമ്മുടെ പിതാക്കന്മാർ അവനു കീഴ്പെടുവാൻ മനസ്സില്ലാതെ അവനെ തള്ളിക്കളഞ്ഞ് ഹൃദയംകൊണ്ടു മിസ്രയീമിലേക്കു പിന്തിരിഞ്ഞു, അഹരോനോട്: ഞങ്ങൾക്കു മുമ്പായി നടപ്പാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക; ഞങ്ങളെ മിസ്രയീമിൽനിന്നു നടത്തിക്കൊണ്ടുവന്ന ആ മോശെക്ക് എന്തു സംഭവിച്ചു എന്ന് ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു. അന്നേരം അവർ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി, ആ ബിംബത്തിനു ബലി കഴിച്ചു തങ്ങളുടെ കൈപ്പണിയിൽ ഉല്ലസിച്ചുകൊണ്ടിരുന്നു. ദൈവവും പിന്തിരിഞ്ഞു, ആകാശത്തിലെ സൈന്യത്തെ ആരാധിപ്പാൻ അവരെ കൈവിട്ടു. “യിസ്രായേൽഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ? നിങ്ങൾ നമസ്കരിപ്പാൻ ഉണ്ടാക്കിയ സ്വരൂപങ്ങളായ മോലോക്കിന്റെ കൂടാരവും രേഫാൻ ദേവന്റെ നക്ഷത്രവും നിങ്ങൾ എടുത്തു നടന്നുവല്ലോ; എന്നാൽ ഞാൻ നിങ്ങളെ ബാബിലോനപ്പുറം പ്രവസിപ്പിക്കും” എന്നു പ്രവാചകന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. നീ കണ്ട മാതിരിക്കൊത്തവണ്ണം അതിനെ തീർക്കേണം എന്ന് മോശെയോട് അരുളിച്ചെയ്തവൻ കല്പിച്ചതുപോലെ നമ്മുടെ പിതാക്കന്മാർക്കു മരുഭൂമിയിൽ സാക്ഷ്യകൂടാരം ഉണ്ടായിരുന്നു. നമ്മുടെ പിതാക്കന്മാർ അത് ഏറ്റുവാങ്ങി ദൈവം നമ്മുടെ പിതാക്കന്മാരുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ അവകാശത്തിലേക്കു യോശുവയുമായി കൊണ്ടുവന്നു ദാവീദിന്റെ കാലംവരെ വച്ചിരുന്നു. അവൻ ദൈവത്തിന്റെ മുമ്പാകെ കൃപ ലഭിച്ച്, യാക്കോബിന്റെ ദൈവത്തിന് ഒരു വാസസ്ഥലം ഉണ്ടാക്കുവാൻ അനുവാദം അപേക്ഷിച്ചു. ശലോമോൻ അവന് ഒരു ആലയം പണിതു. അത്യുന്നതൻ കൈപ്പണിയായതിൽ വസിക്കുന്നില്ലതാനും. “സ്വർഗം എനിക്കു സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു; നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രമസ്ഥലവും ഏത്? ഇതൊക്കെയും എന്റെ കൈയല്ലയോ ഉണ്ടാക്കിയത് എന്ന് കർത്താവ് അരുളിച്ചെയ്യുന്നു” എന്നു പ്രവാചകൻ പറയുന്നുവല്ലോ. ശാഠ്യക്കാരും ഹൃദയത്തിനും ചെവിക്കും പരിച്ഛേദന ഇല്ലാത്തവരുമായുള്ളോരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെതന്നെ നിങ്ങളും എല്ലായ്പോഴും പരിശുദ്ധാത്മാവിനോടു മറുത്തു നില്ക്കുന്നു. പ്രവാചകന്മാരിൽ ഏവനെ നിങ്ങളുടെ പിതാക്കന്മാർ ഉപദ്രവിക്കാതിരുന്നിട്ടുള്ളൂ? നീതിമാനായവന്റെ വരവിനെക്കുറിച്ച് മുൻ അറിയിച്ചവരെ അവർ കൊന്നുകളഞ്ഞു. അവനു നിങ്ങൾ ഇപ്പോൾ ദ്രോഹികളും കൊലപാതകരും ആയിത്തീർന്നു; നിങ്ങൾ ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അത് പ്രമാണിച്ചിട്ടില്ല.
അപ്പൊ. പ്രവൃത്തികൾ 7:1-53 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മഹാപുരോഹിതൻ സ്തേഫാനോസിനോടു ചോദിച്ചു: “ഈ പറയുന്നതെല്ലാം വാസ്തവമാണോ?” സ്തേഫാനോസ് പ്രതിവചിച്ചു: “സഹോദരന്മാരേ, പിതാക്കന്മാരേ, ശ്രദ്ധിച്ചാലും! നമ്മുടെ പിതാവായ അബ്രഹാം ഹാരാനിൽ വാസമുറപ്പിക്കുന്നതിനു മുമ്പ് മെസോപ്പൊത്തേമ്യയിൽ പാർത്തിരുന്നപ്പോൾ, തേജോമയനായ ദൈവം അദ്ദേഹത്തിനു പ്രത്യക്ഷനായി അരുൾചെയ്തു: ‘നിന്റെ ചാർച്ചക്കാരെയും ദേശത്തെയും വിട്ട്, ഞാൻ നിനക്കു കാണിച്ചുതരുവാനിരിക്കുന്ന ദേശത്തേക്കു പോകുക.’ അങ്ങനെ അദ്ദേഹം കല്ദയരുടെ ദേശം വിട്ട് ഹാരാനിൽ വന്നു വാസമുറപ്പിച്ചു. അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ചശേഷം ദൈവം അദ്ദേഹത്തെ അവിടെനിന്ന് നിങ്ങൾ ഇപ്പോൾ നിവസിക്കുന്ന ഈ ദേശത്തേക്കു മാറ്റി പാർപ്പിച്ചു. എങ്കിലും ഒരു ചുവട്ടടി ഭൂമിപോലും അദ്ദേഹത്തിനു അവകാശപ്പെടുത്തിക്കൊടുത്തില്ല. ആ സമയത്ത് അദ്ദേഹത്തിന് ഒരു സന്താനവും ഇല്ലാതിരുന്നിട്ടുപോലും അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കാലശേഷം സന്താനപരമ്പരയ്‍ക്കും അതിന്റെ പൂർണാവകാശം നല്‌കുമെന്ന് ദൈവം വാഗ്ദാനം ചെയ്തു; അബ്രഹാമിന്റെ സന്തതി അന്യദേശത്തു പോയി പാർക്കുകയും ആ ദേശക്കാർ അവരെ അടിമകളാക്കി നാനൂറു വർഷം പീഡിപ്പിക്കുകയും ചെയ്യുമെന്ന് അവിടുന്ന് അരുൾചെയ്തു. ‘എന്നാൽ അവർ ആർക്കു ദാസ്യവേല ചെയ്യുന്നുവോ ആ ജനതയെ ഞാൻ വിധിക്കും; അതിനുശേഷം അവർ ആ രാജ്യം വിട്ട് ഈ സ്ഥലത്തുവന്ന് എന്നെ ആരാധിക്കും’ എന്നും ദൈവം അരുളിച്ചെയ്തു. പിന്നീട് അബ്രഹാമിന് ഒരു ഉടമ്പടി നല്‌കി. അതിന്റെ സൂചനയായി ഏർപ്പെടുത്തിയതാണ് പരിച്ഛേദനകർമം. അപ്രകാരം ഇസ്ഹാക്ക് ജനിച്ചപ്പോൾ എട്ടാം ദിവസം ആ ശിശുവിന്റെ പരിച്ഛേദനകർമം നടത്തി. ഇസ്ഹാക്കിന് യാക്കോബ് എന്ന പുത്രനുണ്ടായി. യാക്കോബിന്റെ പുത്രന്മാരായിരുന്നു പന്ത്രണ്ടു ഗോത്രപിതാക്കന്മാർ. “അവർ യോസേഫിനോട് അസൂയപൂണ്ട് അദ്ദേഹത്തെ ഈജിപ്തുകാർക്കു വിറ്റുകളഞ്ഞു. എന്നാൽ ദൈവം യോസേഫിനോടുകൂടി ഉണ്ടായിരുന്നു. അവിടുന്ന് എല്ലാ കഷ്ടതകളിൽനിന്നും അദ്ദേഹത്തെ വിടുവിച്ചു. ഈജിപ്തിലെ രാജാവായ ഫറവോന്റെ മുമ്പിൽ ചെന്നപ്പോൾ ദൈവകൃപയും ജ്ഞാനവും അദ്ദേഹത്തിനു നല്‌കപ്പെട്ടു. ഫറവോൻ അദ്ദേഹത്തെ ഈജിപ്തിന്റെ ഗവർണറും കൊട്ടാരം കാര്യസ്ഥനുമായി നിയമിച്ചു. അക്കാലത്ത് ഈജിപ്തിൽ എല്ലായിടത്തും, കനാനിലും, ക്ഷാമവും മഹാകഷ്ടതയും ഉണ്ടായി. നമ്മുടെ പിതാക്കന്മാർക്ക് ആഹാരം കിട്ടാതെയായി. ഈജിപ്തിൽ ധാന്യമുണ്ടെന്നു യാക്കോബു കേട്ടിട്ട് നമ്മുടെ പിതാക്കന്മാരെ ആദ്യമായി അവിടേക്കയച്ചു. രണ്ടാം പ്രാവശ്യം അവർ ചെന്നപ്പോൾ യോസേഫ് തന്നെത്തന്നെ സഹോദരന്മാർക്കു വെളിപ്പെടുത്തി; ഫറവോനും യോസേഫിന്റെ കുടുംബാംഗങ്ങളെ അറിയുവാനിടയായി. യോസേഫ് തന്റെ പിതാവായ യാക്കോബിനെയും അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള എല്ലാവരെയും ആളയച്ചു വിളിപ്പിച്ചു. അവർ ആകെ എഴുപത്തഞ്ചു പേരുണ്ടായിരുന്നു. യാക്കോബ് ഈജിപ്തിലേക്കു പോയി; അവിടെവച്ച് അദ്ദേഹവും നമ്മുടെ പിതാക്കന്മാരും മരണമടഞ്ഞു. അവരുടെ മൃതദേഹങ്ങൾ ശേഖേമിലേക്കു കൊണ്ടുപോയി. ഹാമോരിന്റെ പുത്രന്മാരോട് അബ്രഹാം വിലകൊടുത്തു വാങ്ങിയ കല്ലറയിൽ അവരെ സംസ്കരിച്ചു. “ദൈവം അബ്രഹാമിനോടു ചെയ്ത വാഗ്ദാനം നിറവേറേണ്ട കാലം സമീപിച്ചപ്പോൾ ഈജിപ്തിൽ ഇസ്രായേൽജനങ്ങൾ വളരെ വർധിച്ചു. ഒടുവിൽ യോസേഫിനെപ്പറ്റി അറിഞ്ഞിട്ടില്ലാത്ത ഒരു രാജാവ് ഈജിപ്തിൽ ഭരണമാരംഭിച്ചു. ആ രാജാവ് കൗശലപൂർവം നമ്മുടെ വംശത്തോടു പെരുമാറി; നമ്മുടെ പിതാക്കന്മാരെ പീഡിപ്പിക്കുകയും, ശിശുക്കൾ ജീവനോടെ ശേഷിക്കാതിരിക്കേണ്ടതിന് അവരെ പുറത്തുകളയുവാൻ കല്പന പുറപ്പെടുവിക്കുകയും ചെയ്തു. ഈ സമയത്താണ് മോശ ജനിച്ചത്. അതികോമളനായ ഒരു ശിശുവായിരുന്നു മോശ. മൂന്നു മാസം ആ കുട്ടിയെ പിതൃഗൃഹത്തിൽ വളർത്തി. പിന്നീട് അവനെ പുറത്തുകളഞ്ഞു. അതിനുശേഷം ഫറവോന്റെ പുത്രി അവനെ എടുത്തു സ്വന്തം മകനായി വളർത്തി. ഈജിപ്തുകാരുടെ എല്ലാ വിജ്ഞാനവും മോശ അഭ്യസിച്ചു. വാക്കിലും പ്രവൃത്തിയിലും അദ്ദേഹം പ്രഗല്ഭനായിത്തീർന്നു. “നാല്പതു വയസ്സായപ്പോൾ ഇസ്രായേല്യരായ തന്റെ സഹോദരന്മാരെ സന്ദർശിക്കണമെന്നു മോശയ്‍ക്കു തോന്നി. അവരിൽ ഒരുവനോട് ഒരു ഈജിപ്തുകാരൻ അന്യായമായി പെരുമാറുന്നത് അദ്ദേഹം കണ്ടു. അദ്ദേഹം മർദിതനായ ഇസ്രായേല്യന്റെ സഹായത്തിനെത്തുകയും, ആ ഈജിപ്തുകാരനെ അടിച്ചുകൊന്ന് മർദിതനുവേണ്ടി പ്രതികാരം നടത്തുകയും ചെയ്തു. താൻ മുഖാന്തരം സ്വജനങ്ങളെ വിമോചിപ്പിക്കുവാൻ പോകുകയാണെന്ന് അവർ ഗ്രഹിക്കുമെന്നായിരുന്നു മോശ വിചാരിച്ചത്. പക്ഷേ, അവർ അതു മനസ്സിലാക്കിയില്ല. പിറ്റേദിവസം രണ്ട് ഇസ്രായേല്യർ തമ്മിൽ ശണ്ഠകൂടിക്കൊണ്ടിരിക്കുമ്പോൾ അവരെ രഞ്ജിപ്പിക്കുന്നതിനായി മോശ പറഞ്ഞു: “നിങ്ങൾ സഹോദരന്മാരല്ലേ? നിങ്ങൾ തമ്മിൽ അന്യായം പ്രവർത്തിക്കുന്നത് എന്തുകൊണ്ട്? എന്നാൽ, തന്റെ സഹോദരനോട് അന്യായം പ്രവർത്തിച്ചവൻ അദ്ദേഹത്തെ തള്ളിമാറ്റിക്കൊണ്ടു ചോദിച്ചു: നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനും ആക്കിയത് ആരാണ്? ഇന്നലെ ആ ഈജിപ്തുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലുവാനാണോ ഭാവം? ഈ മറുപടി കേട്ട് മോശ ഓടിപ്പോയി. അദ്ദേഹം മിദ്യാനിൽ ചെന്ന് പരദേശിയായി പാർത്തു. അവിടെവച്ച് അദ്ദേഹത്തിനു രണ്ടു പുത്രന്മാർ ജനിച്ചു. “നാല്പതു വർഷം കഴിഞ്ഞ്, സീനായ്മലയുടെ സമീപത്തുള്ള മരുഭൂമിയിൽ കത്തുന്ന മുൾപ്പടർപ്പിൽ ഒരു ദൈവദൂതൻ മോശയ്‍ക്കു പ്രത്യക്ഷപ്പെട്ടു. ഈ ദർശനം ഉണ്ടായപ്പോൾ അദ്ദേഹം ആശ്ചര്യഭരിതനായി. സൂക്ഷിച്ചു നോക്കുന്നതിനായി അടുത്തു ചെന്നപ്പോൾ ‘ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമാകുന്നു; അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം’ എന്നു സർവേശ്വരൻ അരുൾചെയ്ത ശബ്ദം കേട്ടു. അപ്പോൾ അദ്ദേഹം ഭയപ്പെട്ടു വിറച്ചു; അങ്ങോട്ടു നോക്കുവാൻ ധൈര്യപ്പെട്ടില്ല. “സർവേശ്വരൻ തുടർന്ന് അരുൾചെയ്തു: ‘നിന്റെ കാലിൽനിന്നു ചെരുപ്പ് ഊരിക്കളയുക; നീ നില്ക്കുന്ന സ്ഥലം പരിശുദ്ധമാകുന്നു. ഈജിപ്തിൽ എന്റെ ജനങ്ങൾ അനുഭവിക്കുന്ന പീഡനങ്ങൾ ഞാൻ കണ്ടിരിക്കുന്നു; അവരുടെ നെടുവീർപ്പും ഞാൻ കേട്ടു; അവരെ മോചിപ്പിക്കുവാൻ ഞാൻ ഇറങ്ങിവന്നിരിക്കുന്നു. അതുകൊണ്ട് വരിക, ഞാൻ നിന്നെ ഈജിപ്തിലേക്ക് അയയ്‍ക്കും. “നിന്നെ ഞങ്ങളുടെ അധികാരിയും വിധികർത്താവും ആക്കിയത് ആരാണ്?’ എന്നു ചോദിച്ചുകൊണ്ട് അവർ നിരസിച്ച ഈ മോശയെതന്നെ, മുൾപ്പടർപ്പിൽ പ്രത്യക്ഷപ്പെട്ട ദൈവദൂതൻ മുഖാന്തരം അവരുടെ വിമോചകനും അധികാരിയുമായി ദൈവം അയച്ചു. അദ്ദേഹം ഈജിപ്തിലും ചെങ്കടലിലും അദ്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചുകൊണ്ട് നാല്പതു വർഷക്കാലം മരുഭൂമിയിലൂടെ അവരെ നയിച്ചു. ‘എന്നെ എന്നപോലെ ഒരു പ്രവാചകനെ ദൈവം നിങ്ങളുടെ സഹോദരന്മാരിൽനിന്ന് നിങ്ങൾക്കുവേണ്ടി എഴുന്നേല്പിക്കും’ എന്ന് ഇസ്രായേൽജനത്തോടു പറഞ്ഞതും ഈ മോശ തന്നെയാണ്. സീനായ്മലയിൽ ദൈവദൂതനോടു സംസാരിച്ചതും, മരുഭൂമിയിൽ ഇസ്രായേല്യസഭയോടും നമ്മുടെ പിതാക്കന്മാരോടുംകൂടി ഉണ്ടായിരുന്നതും അദ്ദേഹമാണ്. നമുക്കു നല്‌കുവാനായി ദൈവത്തിന്റെ ജീവദായകമായ അരുളപ്പാടു ലഭിച്ചതും അദ്ദേഹത്തിനു തന്നെയാണ്. “എന്നാൽ നമ്മുടെ പിതാക്കന്മാർ അദ്ദേഹത്തെ അനുസരിക്കുവാൻ കൂട്ടാക്കിയില്ല; അവർ അദ്ദേഹത്തെ തള്ളിക്കളഞ്ഞു; അവർ ഉള്ളുകൊണ്ട് ഈജിപ്തിലേക്കു പിന്തിരിഞ്ഞു. അവർ അഹരോനോടു പറഞ്ഞു: ‘ഞങ്ങളെ നയിക്കുവാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക; ഞങ്ങളെ ഈജിപ്തിൽനിന്നു കൊണ്ടുവന്ന ആ മോശയ്‍ക്ക് എന്തു സംഭവിച്ചു എന്ന് ഞങ്ങൾക്കറിഞ്ഞുകൂടാ.’ അക്കാലത്താണ് അവർ കാളക്കുട്ടിയുടെ വിഗ്രഹം ഉണ്ടാക്കിയതും അതിനു ബലിയർപ്പിച്ചതും. അങ്ങനെ തങ്ങളുടെ കൈപ്പണിയിൽ അവർ ഉല്ലസിച്ചു. അപ്പോൾ ദൈവം മുഖംതിരിക്കുകയും അവരെ ആകാശത്തിലെ നക്ഷത്രരാശിയെ ആരാധിക്കുവാൻവേണ്ടി വിടുകയും ചെയ്തു. പ്രവാചകന്മാരുടെ ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ഇസ്രായേൽ ഗൃഹമേ! നിങ്ങൾ മരുഭൂമിയിൽ നാല്പതു വർഷം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചത് എനിക്കായിരുന്നുവോ? നിങ്ങൾ ആരാധിക്കുവാനുണ്ടാക്കിയ വിഗ്രഹങ്ങളായ മോലേക്കിന്റെ കൂടാരവും രേഫാൻദേവന്റെ നക്ഷത്രവും നിങ്ങൾ എടുത്തുകൊണ്ടു നടന്നുവല്ലോ. അതുകൊണ്ട് ഞാൻ നിങ്ങളെ ബാബിലോണിന് അപ്പുറത്തേക്കു നാടുകടത്തും. “നമ്മുടെ പിതാക്കന്മാർക്കു മരുഭൂമിയിൽ ദൈവസാന്നിധ്യത്തിന്റെ സാക്ഷ്യം വഹിക്കുന്ന കൂടാരമുണ്ടായിരുന്നു. ദൈവം മോശയോട് അരുളിച്ചെയ്തപ്രകാരം അദ്ദേഹത്തിനു കാണിച്ചുകൊടുത്ത രൂപമാതൃകയിൽ നിർമിച്ചതായിരുന്നു അത്. പിൻതലമുറയിലെ നമ്മുടെ പിതാക്കന്മാർ അത് ഏറ്റുവാങ്ങി; അവരുടെ മുമ്പിൽനിന്നു ദൈവം നീക്കിക്കളഞ്ഞ ജനതകളുടെ കൈവശഭൂമിയിലേക്ക് യോശുവയോടുകൂടി അവർ പ്രവേശിച്ചപ്പോൾ ആ സാക്ഷ്യകൂടാരവും അവർ കൊണ്ടുവന്ന് ദാവീദിന്റെ കാലംവരെ സൂക്ഷിച്ചു. ദാവീദ് ദൈവകൃപ ലഭിച്ചവനായിരുന്നു. യാക്കോബിന്റെ ദൈവത്തിന് ഒരു മന്ദിരമുണ്ടാക്കുവാൻ അനുവദിക്കണമെന്ന് ദാവീദു ദൈവത്തോടപേക്ഷിച്ചു. പക്ഷേ, ശലോമോനായിരുന്നു ദൈവത്തിന് ഒരാലയം നിർമിച്ചത്. “എന്നാൽ അത്യുന്നതനായ ദൈവം മനുഷ്യകരങ്ങൾക്കൊണ്ടു നിർമിക്കുന്ന മന്ദിരങ്ങളിൽ വസിക്കുന്നില്ല. പ്രവാചകൻ പറയുന്നു: ‘സ്വർഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവുമാകുന്നു; എങ്ങനെയുള്ള ഭവനമാണ് നിങ്ങൾ എനിക്കുവേണ്ടി നിർമിക്കുന്നത്? എന്റെ വിശ്രമസ്ഥലം ഏത്? ഇവയെല്ലാം എന്റെ കരം നിർമിച്ചവയല്ലേ?’ എന്നു സർവേശ്വരൻ അരുൾചെയ്യുന്നു. “ദുശ്ശാഠ്യക്കാരേ, ഹൃദയത്തിൽ ഇപ്പോഴും ദൈവബോധമില്ലാത്തവരേ, സത്യത്തിനു ചെവികൊടുക്കാത്തവരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ നിങ്ങളും എപ്പോഴും പരിശുദ്ധാത്മാവിനോട് എതിർക്കുന്നു! പ്രവാചകന്മാരിൽ ആരെയെങ്കിലും നിങ്ങളുടെ പിതാക്കന്മാർ പീഡിപ്പിക്കാതിരുന്നിട്ടുണ്ടോ? നീതിമാനായവന്റെ ആഗമനത്തെക്കുറിച്ചു മുൻകൂട്ടി അറിയിച്ചവരെ അവർ നിഗ്രഹിക്കുകയത്രേ ചെയ്തത്. നിങ്ങളാകട്ടെ, ഇപ്പോൾ ആ നീതിമാനെ ഒറ്റിക്കൊടുക്കുകയും വധിക്കുകയും ചെയ്തിരിക്കുന്നു. ദൈവദൂതന്മാരിൽകൂടി നിങ്ങൾക്കു ധർമശാസ്ത്രം ലഭിച്ചു. എന്നാൽ നിങ്ങൾ അത് അനുസരിച്ചില്ല.”
അപ്പൊ. പ്രവൃത്തികൾ 7:1-53 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“ഈ കാര്യങ്ങൾ സത്യം തന്നെയോ” എന്നു മഹാപുരോഹിതൻ ചോദിച്ചതിന് സ്തെഫാനൊസ് പറഞ്ഞത്: “സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേൾക്കുവിൻ. നമ്മുടെ പിതാവായ അബ്രാഹാം ഹാരാനിലേക്ക് പോയി താമസിക്കുന്നതിന് മുമ്പെ, മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾ തന്നെ, തേജോമയനായ ദൈവം അവനു പ്രത്യക്ഷനായി: ‘നിന്റെ ദേശത്തെയും നിന്‍റെ സ്വന്ത ജനത്തേയും വിട്ട് ഞാൻ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്ക് ചെല്ലുക’ എന്നു പറഞ്ഞു. അങ്ങനെ അബ്രാഹാം കല്ദയരുടെ ദേശംവിട്ട് ഹാരാനിൽ വന്ന് പാർത്തു. അബ്രാഹാമിന്‍റെ പിതാവ് മരിച്ചശേഷം ദൈവം അവനെ അവിടെനിന്ന് നിങ്ങൾ ഇപ്പോൾ പാർക്കുന്ന ഈ ദേശത്തിൽ കൊണ്ടുവന്ന് പാർപ്പിച്ചു. ആ സമയത്ത് ദൈവം അവനു അതിൽ കാലുകുത്തുവാൻ ഒരടി നിലംപോലും അവകാശമായി കൊടുത്തില്ല; എന്നാൽ അവനു സന്തതിയില്ലാതിരിക്കെ അവനും അവന്റെ ശേഷം അവന്‍റെ സന്തതിയ്ക്കും ആ ദേശം കൈവശമായി നല്കുമെന്ന് അവനോട് വാഗ്ദത്തം ചെയ്തു. അവന്റെ സന്തതി അന്യദേശത്ത് ചെന്നു പാർക്കും; ആ ദേശക്കാർ അവരെ അടിമകളാക്കി നാനൂറ് (400) വര്‍ഷം കഷ്ടപ്പെടുത്തും എന്നിങ്ങനെ ദൈവം അവനോട് പറഞ്ഞു. ‘അവരെ അടിമകളാക്കിയ ജനതയെ ഞാൻ ന്യായംവിധിക്കും; അതിന്‍റെശേഷം അവർ പുറപ്പെട്ടുവന്ന് ഈ സ്ഥലത്ത് എന്നെ ആരാധിക്കും’ എന്നു ദൈവം അരുളിച്ചെയ്തു. “പിന്നെ ദൈവം അബ്രാഹാമിന് പരിച്ഛേദനയെന്ന ഉടമ്പടി കൊടുത്തു; അബ്രാഹാമിൽനിന്ന് യിസ്ഹാക്ക് ജനിച്ചു, എട്ടാം നാൾ അവനെ പരിച്ഛേദന ചെയ്തു. യിസ്ഹാക്കിൽനിന്ന് യാക്കോബും യാക്കോബിൽനിന്ന് പന്ത്രണ്ടു ഗോത്രപിതാക്കന്മാരും ജനിച്ചു. ഗോത്രപിതാക്കന്മാർക്ക് യോസേഫിനോടുള്ള അസൂയനിമിത്തം അവർ അവനെ മിസ്രയീമിലേക്ക് വിറ്റുകളഞ്ഞു. എന്നാൽ ദൈവം അവനോടുകൂടെ ഇരുന്ന് അവന്‍റെ സകലകഷ്ടങ്ങളിൽനിന്നും അവനെ വിടുവിച്ച് മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ അവനു കൃപയും ജ്ഞാനവും കൊടുത്തു: ഫറവോൻ അവനെ മിസ്രയീമിനും തന്‍റെ സർവ്വഗൃഹത്തിനും അധിപതിയാക്കി വച്ചു. എന്നാൽ മിസ്രയീംദേശത്തിലും കനാനിലുമെല്ലാം ക്ഷാമവും മഹാകഷ്ടവും വന്നസമയത്ത് നമ്മുടെ പിതാക്കന്മാർക്ക് ആഹാരം കിട്ടാതെയായി. അപ്പോൾ മിസ്രയീമിൽ ധാന്യം ഉണ്ടെന്ന് കേട്ടിട്ടു യാക്കോബ് നമ്മുടെ പിതാക്കന്മാരെ ആദ്യമായി അങ്ങോട്ട് അയച്ചു. രണ്ടാം പ്രാവശ്യം യോസേഫ് തന്‍റെ സഹോദരന്മാർക്ക് തന്നെത്തന്നെ വെളിപ്പെടുത്തി; യോസേഫിന്‍റെ കുടുംബം ഫറവോനും അറിവായ് വന്നു. യോസേഫ് സഹോദരന്മാരെ തിരിച്ചയച്ച് തന്‍റെ പിതാവായ യാക്കോബിനോട് തന്‍റെ കുടുംബത്തെ ഒക്കെയും മിസ്രയീമിലേക്ക് കൂട്ടിക്കൊണ്ടുവരുവാൻ പറഞ്ഞു. അവർ ആകെ എഴുപത്തഞ്ചുപേരായിരുന്നു. യാക്കോബ് മിസ്രയീമിലേക്ക് പോയി; അവനും നമ്മുടെ പിതാക്കന്മാരും മരിച്ചു, അവരെ ശേഖേമിൽ കൊണ്ടുവന്ന് അവിടെ എമ്മോരിൻ്റെ മക്കളോട് അബ്രാഹാം വിലകൊടുത്ത് വാങ്ങിയ കല്ലറയിൽ അടക്കം ചെയ്തു. “ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്ത വാഗ്ദത്തകാലം അടുത്തപ്പോൾ ജനം മിസ്രയീമിൽ പെരുകിയിരുന്നു. ഒടുവിൽ യോസേഫിനെ അറിയാത്ത വേറൊരു രാജാവ് മിസ്രയീമിൽ വാണു. ആ രാജാവ് നമ്മുടെ വംശത്തോട് ഉപായം പ്രയോഗിച്ച് നമ്മുടെ പിതാക്കന്മാരെ കഷ്ടപ്പെടുത്തുകയും, അവരുടെ ശിശുക്കൾ ജീവനോടിരിക്കാതിരിപ്പാൻ തക്കവണ്ണം അവരെ ഉപേക്ഷിക്കുവാനും നിര്‍ബ്ബന്ധിച്ചു. “ആ കാലത്ത് മോശെ ജനിച്ചു; അവൻ ദൈവത്തിന്റെ മുമ്പാകെ അതിസുന്ദരനായിരുന്നു, അവനെ മൂന്നു മാസം തന്‍റെ അപ്പന്‍റെ വീട്ടിൽ പോറ്റിവളർത്തി. പിന്നെ അവനെ പുറത്തുകളഞ്ഞപ്പോൾ ഫറവോന്‍റെ മകൾ അവനെ എടുത്ത് തന്‍റെ സ്വന്തം മകനായി വളർത്തി. മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു, വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു. അവനു നാല്പത് വയസ്സ് തികയാറായപ്പോൾ യിസ്രായേൽ മക്കളായ തന്റെ സഹോദരന്മാരെ ചെന്നു കാണണമെന്ന് മനസ്സിൽ തോന്നി. അവൻ യിസ്രായേല്യനായ ഒരുവൻ ഉപദ്രവിക്കപ്പെടുന്നത് കണ്ടിട്ട് അവനെ പിന്തുണച്ച് മിസ്രയീമ്യനെ അടിച്ചുകൊന്നു, ഉപദ്രവിക്കപ്പെട്ടവനുവേണ്ടി പ്രതികാരം ചെയ്തു. താൻ മുഖാന്തരം ദൈവം അവർക്ക് രക്ഷ നൽകുമെന്ന് സഹോദരന്മാർ ഗ്രഹിക്കും എന്നു മോശെ വിചാരിച്ചു; എങ്കിലും അവർ ഗ്രഹിച്ചില്ല. പിറ്റെന്നാൾ ചില യിസ്രായേല്യർ കലഹിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ അടുക്കൽവന്ന് അവരെ സമാധാനപ്പെടുത്തുവാൻ ശ്രമിച്ചുകൊണ്ട് അവരോട്; ‘പുരുഷന്മാരെ, നിങ്ങൾ സഹോദരന്മാരല്ലോ; തമ്മിൽ അന്യായം ചെയ്യുന്നത് എന്ത്?’ എന്നു പറഞ്ഞു. എന്നാൽ കൂട്ടുകാരനോട് അന്യായം ചെയ്യുന്നവൻ അവനെ ഉന്തിക്കളഞ്ഞു: ‘നിന്നെ ഞങ്ങൾക്ക് അധികാരിയും ന്യായകർത്താവും ആക്കിയത് ആർ? ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ?’ എന്നു പറഞ്ഞു. ഈ വാക്ക് കേട്ടിട്ടു മോശെ ഓടിപ്പോയി മിദ്യാൻദേശത്ത് ചെന്നു അവിടെ പരദേശിയായി പാർത്തു, അവിടെവച്ച് അവനു രണ്ടു പുത്രന്മാർ ജനിച്ചു. “നാല്പത് വർഷം കഴിഞ്ഞപ്പോൾ സീനായ് മലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപ്പടർപ്പിലെ അഗ്നിജ്വാലയിൽ അവനു പ്രത്യക്ഷനായി. മോശെ ആ കാഴ്ച കണ്ടു ആശ്ചര്യപ്പെട്ടു, സൂക്ഷിച്ചുനോക്കുവാനായി അടുത്തുചെല്ലുമ്പോൾ: ‘ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമാകുന്നു; അബ്രാഹാമിന്‍റെയും, യിസ്സഹാക്കിന്‍റെയും, യാക്കോബിന്‍റെയും ദൈവം’ എന്ന കർത്താവിന്‍റെ ശബ്ദം കേട്ടു. മോശെ ഭയന്ന് വിറച്ചിട്ട് അങ്ങോട്ട് നോക്കുവാൻ ധൈര്യപ്പെട്ടില്ല. കർത്താവ് അവനോട്: ‘നീ നിൽക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്ന് ചെരിപ്പ് അഴിച്ചുകളയുക. മിസ്രയീമിൽ എന്റെ ജനത്തിന്‍റെ കഷ്ടത ഞാൻ നിശ്ചയമായിട്ടും കണ്ടു, അവരുടെ ഞരക്കവും കേട്ടു, അവരെ മോചിപ്പിക്കുവാൻ ഞാൻ ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോൾ വരിക; ഞാൻ നിന്നെ മിസ്രയീമിലേക്ക് അയയ്ക്കും’ എന്നു പറഞ്ഞു. ‘നിന്നെ അധികാരിയും ന്യായകർത്താവും ആക്കിയത് ആർ?’ എന്നിങ്ങനെ അവർ തള്ളിപ്പറഞ്ഞ ഈ മോശെയെ തന്നെ ദൈവം മുൾപ്പടർപ്പിൽ പ്രത്യക്ഷനായ ദൂതൻ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു. അവൻ മിസ്രയീമിലും ചെങ്കടലിലും നാല്പതു വര്‍ഷം മരുഭൂമിയിലും അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു അവരെ നയിച്ചുകൊണ്ടുവന്നു. “ദൈവം നിങ്ങളുടെ സഹോദരന്മാരിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്ക് എഴുന്നേല്പിച്ചുതരും’ എന്നു യിസ്രായേൽ മക്കളോടു പറഞ്ഞ മോശെ ഇവൻ തന്നെ. സീനായ് മലയിൽ തന്നോട് സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കന്മാരോടും കൂടെ മരുഭൂമിയിലെ സഭയിൽ ഇരുന്നവനും നമുക്കു തരുവാൻ ജീവനുള്ള അരുളപ്പാടു ലഭിച്ചവനും ഇവൻ തന്നെ. നമ്മുടെ പിതാക്കന്മാർ അവനെ അനുസരിക്കുവാൻ മനസ്സില്ലാതെ തള്ളിക്കളഞ്ഞു ഹൃദയംകൊണ്ട് മിസ്രയീമിലേക്ക് പിന്തിരിഞ്ഞു, അവർ അഹരോനോട്; ‘ഞങ്ങളെ നയിപ്പാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക, ഞങ്ങളെ മിസ്രയീമിൽനിന്ന് നയിച്ചുകൊണ്ടുവന്ന ആ മോശെക്ക് എന്ത് സംഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ’ എന്നു പറഞ്ഞു. അതുകൊണ്ട് അവർ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി, ആ ബിംബത്തിന് ബലികഴിച്ച് തങ്ങളുടെ കൈപ്പണിയിൽ ഉല്ലസിച്ചുകൊണ്ടിരുന്നു. ദൈവവും പിന്തിരിഞ്ഞു. ആകാശത്തിലെ സൈന്യത്തെ സേവിപ്പാൻ അവരെ ഏല്പിച്ചുകൊടുത്തു. ‘യിസ്രായേൽ ഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്ക് നാല്പത് വര്‍ഷം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ? നിങ്ങൾ നമസ്കരിപ്പാൻ ഉണ്ടാക്കിയ സ്വരൂപങ്ങളായ മൊലോക്കിൻ്റെ കൂടാരവും രേഫാൻദേവൻ്റെ നക്ഷത്രവും നിങ്ങൾ എടുത്തു നടന്നുവല്ലോ; എന്നാൽ ഞാൻ നിങ്ങളെ ബാബേലിനപ്പുറം നാടുകടത്തും’ എന്നു പ്രവാചകന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. “നമ്മുടെ പിതാക്കന്മാർക്ക് മരുഭൂമിയിൽ സാക്ഷ്യകൂടാരം ഉണ്ടായിരുന്നു, ദൈവം മോശെയോട് സംസാരിച്ചപ്പോൾ; അവൻ കണ്ട മാതൃകപോലെ തന്നെ അതിനെ നിർമ്മിക്കേണം എന്നു അവനോട് കല്പിച്ചിരുന്നു. നമ്മുടെ പിതാക്കന്മാർ, യോശുവയോടുകൂടെയുള്ള അവരുടെ തിരിച്ചുവരവിൽ ദേശത്തിലേക്ക് കൊണ്ടുവന്നത് ഈ കൂടാരമായിരുന്നു. ദൈവം നമ്മുടെ പിതാക്കന്മാരുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ ജനതകളുടെ അവകാശത്തിലേക്ക് അവർ പ്രവേശിച്ചപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. ഇത് ദാവീദിന്‍റെ കാലം വരെ അങ്ങനെതന്നെയായിരുന്നു, അവനു ദൈവത്തിന്‍റെ മുമ്പാകെ കൃപ ലഭിച്ചിരുന്നു, യാക്കോബിന്‍റെ ദൈവത്തിന് ഒരു കൂടാരം ഉണ്ടാക്കുവാൻ അവൻ ആഗ്രഹിച്ചു. എന്നാൽ ശലോമോൻ അവനു ഒരു ആലയം പണിതു. അത്യുന്നതൻ കൈപ്പണിയായ ആലയത്തിൽ വസിക്കുന്നില്ലതാനും ‘സ്വർഗ്ഗം എനിക്ക് സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു. നിങ്ങൾ എനിക്ക് പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രമസ്ഥലവും ഏത്? ഇതൊക്കെയും എന്‍റെ കൈ അല്ലയോ ഉണ്ടാക്കിയത് എന്നു കർത്താവ് അരുളിച്ചെയ്യുന്നു’ എന്നു പ്രവാചകൻ പറയുന്നുവല്ലോ. “ദുശ്ശാഠ്യക്കാരും, ഹൃദയത്തിനും ചെവിയ്ക്കും പരിച്ഛേദന ഇല്ലാത്തവരുമായുള്ളോരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ തന്നെ നിങ്ങളും എല്ലായ്‌പ്പോഴും പരിശുദ്ധാത്മാവിനോട് എതിർത്ത് നില്ക്കുന്നു. പ്രവാചകന്മാരിൽ ഏവനെ നിങ്ങളുടെ പിതാക്കന്മാർ ഉപദ്രവിക്കാതിരുന്നിട്ടുള്ളു? നീതിമാനായവൻ്റെ വരവിനെക്കുറിച്ച് മുൻകൂട്ടി അറിയിച്ചവരെ അവർ കൊന്നുകളഞ്ഞു; അവരെപ്പോലെ നിങ്ങളും ഇപ്പോൾ വഞ്ചകരും കൊലപാതകരും ആയിത്തീർന്നിരിക്കുന്നു; നിങ്ങൾ ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അത് പ്രമാണിച്ചിട്ടില്ല.”
അപ്പൊ. പ്രവൃത്തികൾ 7:1-53 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഇതു ഉള്ളതു തന്നേയോ എന്നു മഹാപുരോഹിതൻ ചോദിച്ചതിന്നു അവൻ പറഞ്ഞതു: സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേൾപ്പിൻ. നമ്മുടെ പിതാവായ അബ്രാഹാം ഹാരാനിൽ വന്നു പാർക്കും മുമ്പെ മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾ, തന്നേ തേജോമയനായ ദൈവം അവന്നു പ്രത്യക്ഷനായി: നിന്റെ ദേശത്തെയും നിന്റെ ചാർച്ചക്കാരെയും വിട്ടു ഞാൻ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു. അങ്ങനെ അവൻ കല്ദായരുടെ ദേശം വിട്ടു ഹാരാനിൽ വന്നു പാർത്തു. അവന്റെ അപ്പൻ മരിച്ചശേഷം ദൈവം അവനെ അവിടെനിന്നു നിങ്ങൾ ഇപ്പോൾ പാർക്കുന്ന ഈ ദേശത്തിൽ കൊണ്ടുവന്നു പാർപ്പിച്ചു. അവന്നു അതിൽ ഒരു കാലടി നിലംപോലും അവകാശം കൊടുത്തില്ല; അവന്നു സന്തതിയില്ലാതിരിക്കെ അവന്നും അവന്റെ ശേഷം അവന്റെ സന്തതിക്കും അതിനെ കൈവശമായി നല്കുമെന്നു അവനോടു വാഗ്ദത്തം ചെയ്തു. അവന്റെ സന്തതി അന്യദേശത്തു ചെന്നു പാർക്കും; ആ ദേശക്കാർ അവരെ അടിമയാക്കി നാനൂറു സംവത്സരം പീഡിപ്പിക്കും എന്നു ദൈവം കല്പിച്ചു. അവർ സേവിക്കുന്ന ജാതിയെ ഞാൻ ന്യായം വിധിക്കും; അതിന്റെ ശേഷം അവർ പുറപ്പെട്ടുവന്നു ഈ സ്ഥലത്തു എന്നെ സേവിക്കും എന്നു ദൈവം അരുളിചെയ്തു. പിന്നെ അവന്നു പരിച്ഛേദനയെന്ന നിയമം കൊടുത്തു; അങ്ങനെ അവൻ യിസ്ഹാക്കിനെ ജനിപ്പിച്ചു, എട്ടാം നാൾ പരിച്ഛേദന ചെയ്തു. യിസ്ഹാക്ക് യാക്കോബിനെയും യാക്കോബ് പന്ത്രണ്ടു ഗോത്രപിതാക്കന്മാരെയും ജനിപ്പിച്ചു. ഗോത്രപിതാക്കന്മാർ യോസേഫിനോടു അസൂയപ്പെട്ടു അവനെ മിസ്രയീമിലേക്കു വിറ്റുകളഞ്ഞു. എന്നാൽ ദൈവം അവനോടുകൂടെ ഇരുന്നു സകലസങ്കടങ്ങളിൽനിന്നും അവനെ വിടുവിച്ചു മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ അവന്നു കൃപയും ജ്ഞാനവും കൊടുത്തു: അവൻ അവനെ മിസ്രയീമിന്നും തന്റെ സർവ്വഗൃഹത്തിന്നും അധിപതിയാക്കിവെച്ചു. മിസ്രയീംദേശത്തിലും കനാനിലും എല്ലാം ക്ഷാമവും മഹാകഷ്ടവും വന്നാറെ നമ്മുടെ പിതാക്കന്മാർക്കു ആഹാരം കിട്ടാതെയായി. മിസ്രയീമിൽ ധാന്യം ഉണ്ടു എന്നു കേട്ടിട്ടു യാക്കോബ് നമ്മുടെ പിതാക്കന്മാരെ ഒന്നാം പ്രാവശ്യം അയച്ചു. രണ്ടാം പ്രാവശ്യം യോസേഫ് തന്റെ സഹോദരന്മാരോടു തന്നെത്താൻ അറിയിച്ചു യോസേഫിന്റെ വംശം ഫറവോന്നു വെളിവായ്‌വന്നു. യോസേഫ് ആളയച്ചു തന്റെ പിതാവായ യാക്കോബിനെയും കുടുംബത്തെ ഒക്കെയും വരുത്തി; അവർ ആകെ എഴുപത്തഞ്ചുപേരായിരുന്നു. യാക്കോബ്, മിസ്രയീമിലേക്കു പോയി; അവനും നമ്മുടെ പിതാക്കന്മാരും മരിച്ചു, അവരെ ശെഖേമിൽ കൊണ്ടുവന്നു ശെഖേമിൽ എമ്മോരിന്റെ മക്കളോടു അബ്രഹാം വിലകൊടുത്തു വാങ്ങിയ കല്ലറയിൽ അടക്കം ചെയ്തു. ദൈവം അബ്രാഹാമിനോടു അരുളിച്ചെയ്ത വാഗ്ദത്ത കാലം അടുത്തപ്പോൾ ജനം മിസ്രയീമിൽ വർദ്ധിച്ചു പെരുകി. ഒടുവിൽ യോസേഫിനെ അറിയാത്ത വേറൊരു രാജാവു മിസ്രയീമിൽ വാണു. അവൻ നമ്മുടെ വംശത്തോടു ഉപായം പ്രയോഗിച്ചു നമ്മുടെ പിതാക്കന്മാരെ പീഡിപ്പിച്ചു, അവരുടെ ശിശുക്കൾ ജീവനോടെ ഇരിക്കരുതു എന്നുവെച്ചു അവരെ പുറത്തിടുവിച്ചു. ആ കാലത്തു മോശെ ജനിച്ചു, ദിവ്യസുന്ദരനായിരുന്നു; അവനെ മൂന്നു മാസം അപ്പന്റെ വീട്ടിൽ പോറ്റി. പിന്നെ അവനെ പുറത്തിട്ടപ്പോൾ ഫറവോന്റെ മകൾ അവനെ എടുത്തു തന്റെ മകനായി വളർത്തി. മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു. അവന്നു നാല്പതു വയസ്സു തികയാറായപ്പോൾ യിസ്രായേൽ മക്കളായ തന്റെ സഹോദരന്മാരെ ചെന്നു കാണേണം എന്നു മനസ്സിൽ തോന്നി. അവരിൽ ഒരുത്തൻ അന്യായം ഏല്ക്കുന്നതു കണ്ടിട്ടു അവന്നു തുണ നിന്നു, മിസ്രയീമ്യനെ അടിച്ചു കൊന്നു, പീഡിതന്നു വേണ്ടി പ്രതിക്രിയ ചെയ്തു. ദൈവം താൻ മുഖാന്തരം അവർക്കു രക്ഷ നല്കും എന്നു സഹോദരന്മാർ ഗ്രഹിക്കും എന്നു അവൻ നിരൂപിച്ചു; എങ്കിലും അവർ ഗ്രഹിച്ചില്ല. പിറ്റെന്നാൾ അവർ കലഹിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ അടുക്കൽ വന്നു: പുരുഷന്മാരെ, നിങ്ങൾ സഹോദരന്മാരല്ലോ; തമ്മിൽ അന്യായം ചെയ്യുന്നതു എന്തു എന്നു പറഞ്ഞു അവരെ സമാധാനപ്പെടുത്തുവാൻ നോക്കി. എന്നാൽ കൂട്ടുകാരനോടു അന്യായം ചെയ്യുന്നവൻ അവനെ ഉന്തിക്കളഞ്ഞു: നിന്നെ ഞങ്ങൾക്കു അധികാരിയും ന്യായകർത്താവും ആക്കിയതു ആർ? ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു പറഞ്ഞു. ഈ വാക്കു കേട്ടിട്ടു മോശെ ഓടിപ്പോയി മിദ്യാൻദേശത്തു ചെന്നു പാർത്തു, അവിടെ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു. നാല്പതാണ്ടു കഴിഞ്ഞപ്പോൾ സീനായ്മലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപടർപ്പിലെ അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി. മോശെ ആ ദർശനം കണ്ടു ആശ്ചര്യപ്പെട്ടു, സൂക്ഷിച്ചുനോക്കുവാൻ അടുത്തുചെല്ലുമ്പോൾ: ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമായി അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം ആകുന്നു എന്നു കർത്താവിന്റെ ശബ്ദം കേട്ടു. മോശെ വിറെച്ചിട്ടു നോക്കുവാൻ തുനിഞ്ഞില്ല. കർത്താവു അവനോടു: നീ നില്ക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു ഊരിക്കളക. മിസ്രയീമിൽ എന്റെ ജനത്തിന്റെ പീഡ ഞാൻ കണ്ടു കണ്ടു, അവരുടെ ഞരക്കവും കേട്ടു, അവരെ വിടുവിപ്പാൻ ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോൾ വരിക; ഞാൻ നിന്നെ മിസ്രയീമിലേക്കു അയക്കും എന്നു പറഞ്ഞു. നിന്നെ അധികാരിയും ന്യായകർത്താവും ആക്കിയതാർ എന്നിങ്ങനെ അവർ തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുൾപടർപ്പിൽ പ്രത്യക്ഷനായ ദൂതൻ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു. അവൻ മിസ്രയീമിലും ചെങ്കടലിലും നാല്പതു സംവത്സരം മരുഭൂമിയിലും അതിശയങ്ങളും അടയാളങ്ങളും ചെയ്തു അവരെ നടത്തിക്കൊണ്ടുവന്നു. ദൈവം നിങ്ങളുടെ സഹോദരന്മാരിൽ നിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴുന്നേല്പിച്ചുതരും എന്നു യിസ്രായേൽ മക്കളോടു പറഞ്ഞ മോശെ അവൻ തന്നേ. സീനായ്മലയിൽ തന്നോടു സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കന്മാരോടും കൂടെ മരുഭൂമിയിലെ സഭയിൽ ഇരുന്നവനും നമുക്കു തരുവാൻ ജീവനുള്ള അരുളപ്പാടു ലഭിച്ചവനും അവൻ തന്നേ. നമ്മുടെ പിതാക്കന്മാർ അവന്നു കീഴ്പെടുവാൻ മനസ്സില്ലാതെ അവനെ തള്ളിക്കളഞ്ഞു ഹൃദയംകൊണ്ടു മിസ്രയീമിലേക്കു പിന്തിരിഞ്ഞു, അഹരോനോടു: ഞങ്ങൾക്കു മുമ്പായി നടപ്പാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക; ഞങ്ങളെ മിസ്രയീമിൽനിന്നു നടത്തിക്കൊണ്ടുവന്ന ആ മോശെക്കു എന്തു സംഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു. അന്നേരം അവർ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി, ആ ബിംബത്തിന്നു ബലി കഴിച്ചു തങ്ങളുടെ കൈപ്പണിയിൽ ഉല്ലസിച്ചുകൊണ്ടിരുന്നു. ദൈവവും പിന്തിരിഞ്ഞു. ആകാശത്തിലെ സൈന്യത്തെ ആരാധിപ്പാൻ അവരെ കൈവിട്ടു. “യിസ്രായേൽ ഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ? നിങ്ങൾ നമസ്കരിപ്പാൻ ഉണ്ടാക്കിയ സ്വരൂപങ്ങളായ മൊലോക്കിന്റെ കൂടാരവും രേഫാൻദേവന്റെ നക്ഷത്രവും നിങ്ങൾ എടുത്തു നടന്നുവല്ലോ; എന്നാൽ ഞാൻ നിങ്ങളെ ബാബിലോന്നപ്പുറം പ്രവസിപ്പിക്കും” എന്നു പ്രവാചകന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. നീ കണ്ടമാതിരിക്കൊത്തവണ്ണം അതിനെ തീർക്കേണം എന്നു മോശെയോടു അരുളിച്ചെയ്തവൻ കല്പിച്ചതുപോലെ നമ്മുടെ പിതാക്കന്മാർക്കു മരുഭൂമിയിൽ സാക്ഷ്യകൂടാരം ഉണ്ടായിരുന്നു. നമ്മുടെ പിതാക്കന്മാർ അതു ഏറ്റു വാങ്ങി ദൈവം നമ്മുടെ പിതാക്കന്മാരുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ അവകാശത്തിലേക്കു യോശുവയുമായി കൊണ്ടുവന്നു ദാവീദിന്റെ കാലംവരെ വെച്ചിരുന്നു. അവൻ ദൈവത്തിന്റെ മുമ്പാകെ കൃപലഭിച്ചു, യാക്കോബിന്റെ ദൈവത്തിന്നു ഒരു വാസസ്ഥലം ഉണ്ടാക്കുവാൻ അനുവാദം അപേക്ഷിച്ചു. ശലോമോൻ അവന്നു ഒരു ആലയം പണിതു. അത്യുന്നതൻ കൈപ്പണിയായതിൽ വസിക്കുന്നില്ലതാനും “സ്വർഗ്ഗം എനിക്കു സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു. നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രമസ്ഥലവും ഏതു? ഇതൊക്കെയും എന്റെ കൈയല്ലയോ ഉണ്ടാക്കിയതു എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു പ്രവാചകൻ പറയുന്നുവല്ലോ. ശാഠ്യക്കാരും ഹൃദയത്തിന്നും ചെവിക്കും പരിച്ഛേദന ഇല്ലാത്തവരുമായുള്ളോരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ തന്നേ നിങ്ങളും എല്ലായ്പോഴും പരിശുദ്ധാത്മാവിനോടു മറുത്തു നില്ക്കുന്നു. പ്രവാചകന്മാരിൽ ഏവനെ നിങ്ങളുടെ പിതാക്കന്മാർ ഉപദ്രവിക്കാതിരുന്നിട്ടുള്ളു? നീതിമാനായവന്റെ വരവിനെക്കുറിച്ചു മുൻഅറിയിച്ചവരെ അവർ കൊന്നുകളഞ്ഞു. അവന്നു നിങ്ങൾ ഇപ്പോൾ ദ്രോഹികളും കൊലപാതകരും ആയിത്തീർന്നു; നിങ്ങൾ ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അതു പ്രമാണിച്ചിട്ടില്ല.
അപ്പൊ. പ്രവൃത്തികൾ 7:1-53 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ മഹാപുരോഹിതൻ, “ഈ ആരോപണങ്ങൾ സത്യമോ” എന്നു സ്തെഫാനൊസിനോടു ചോദിച്ചു. അതിന് അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു: “സഹോദരന്മാരേ, പിതാക്കന്മാരേ, ദയവായി എന്റെ വാക്കുകൾ കേട്ടാലും! നമ്മുടെ പിതാവായ അബ്രാഹാം ഹാരാനിൽ വന്നു താമസിക്കുന്നതിനുമുമ്പ് മെസൊപ്പൊത്താമിയയിൽ ആയിരുന്നപ്പോൾ, തേജോമയനായ ദൈവം അദ്ദേഹത്തിനു പ്രത്യക്ഷനായി. ദൈവം അദ്ദേഹത്തോട്, ‘നിന്റെ ദേശത്തെയും നിന്റെ ബന്ധുക്കളെയും വിട്ട്, ഞാൻ നിനക്ക് അവകാശമായി തരാനിരിക്കുന്ന ദേശത്തേക്കു പോകുക’ എന്ന് അരുളിച്ചെയ്തു. “അങ്ങനെ അദ്ദേഹം കൽദയരുടെ നാടുവിട്ട് ഹാരാനിൽ വന്നു താമസിച്ചു. തന്റെ പിതാവിന്റെ മരണശേഷം ദൈവം അദ്ദേഹത്തെ, നിങ്ങൾ ഇപ്പോൾ താമസിക്കുന്ന ഈ ദേശത്തേക്ക് അയച്ചു. അവിടന്ന് അദ്ദേഹത്തിന് ഇവിടെ ഒരുചുവടു ഭൂമിപോലും ഒരവകാശമായി നൽകിയില്ല. ആ സമയത്ത് അബ്രാഹാമിനു മക്കൾ ജനിച്ചിട്ടില്ലായിരുന്നു. എങ്കിലും അബ്രാഹാമും, ശേഷം അദ്ദേഹത്തിന്റെ പിൻഗാമികളും ഈ ദേശം കൈവശമാക്കുമെന്നു ദൈവം അദ്ദേഹത്തിനു വാഗ്ദാനം നൽകി. ദൈവം അബ്രാഹാമിനോട് ഇങ്ങനെ അരുളിച്ചെയ്തു: ‘നിന്റെ പിൻഗാമികൾ സ്വന്തമല്ലാത്ത ഒരു ദേശത്ത് പ്രവാസികൾ ആയിരിക്കുകയും നാനൂറുവർഷം അവർ അവിടെ അടിമകളായി പീഡനം സഹിക്കുകയും ചെയ്യും. എന്നാൽ അവർ അടിമകളായി സേവിക്കുന്ന രാജ്യത്തെ ഞാൻ ശിക്ഷിക്കും. അതിനുശേഷം അവർ ആ ദേശം വിട്ടുപോരുകയും ഈ സ്ഥലത്തുവന്ന് എന്നെ ആരാധിക്കുകയും ചെയ്യും.’ പിന്നീട് ദൈവം അബ്രാഹാമിന് പരിച്ഛേദനമെന്ന ഉടമ്പടി നൽകി. അബ്രാഹാമിന് യിസ്ഹാക്ക് ജനിച്ചു. എട്ടാംദിവസം അദ്ദേഹം ശിശുവിനു പരിച്ഛേദനകർമം നടത്തി. യിസ്ഹാക്കിൽനിന്ന് യാക്കോബും യാക്കോബിൽനിന്ന് പന്ത്രണ്ട് ഗോത്രപിതാക്കന്മാരും ജനിച്ചു. “ഗോത്രപിതാക്കന്മാർ അസൂയനിമിത്തം യോസേഫിനെ ഒരടിമയായി ഈജിപ്റ്റിലേക്കു വിറ്റുകളഞ്ഞു. എന്നാൽ, ദൈവം അദ്ദേഹത്തോടുകൂടെയിരുന്ന് എല്ലാ ദുരിതങ്ങളിൽനിന്നും അദ്ദേഹത്തെ വിടുവിച്ചു. അവിടന്ന് യോസേഫിനു ജ്ഞാനം നൽകുകയും ഈജിപ്റ്റിലെ രാജാവായിരുന്ന ഫറവോന്റെ പ്രീതിപാത്രമാകാൻ ഇടയാക്കുകയും ചെയ്തു. അതുകൊണ്ട് ഫറവോൻ അദ്ദേഹത്തെ ഈജിപ്റ്റിന്റെമാത്രമല്ല തന്റെ രാജധാനിയുടെയുംകൂടെ ഭരണാധിപനായി നിയമിച്ചു. “അതിനുശേഷം ഈജിപ്റ്റിലെല്ലായിടത്തും കനാനിലും ക്ഷാമവും വലിയ ദുരിതങ്ങളും ഉണ്ടായി. നമ്മുടെ പിതാക്കന്മാർക്ക് ആഹാരം ലഭ്യമല്ലാതായി. ഈജിപ്റ്റിൽ ധാന്യം ഉണ്ടെന്നു കേട്ടു യാക്കോബ് നമ്മുടെ പിതാക്കന്മാരെ ആദ്യമായി അവിടേക്കയച്ചു. രണ്ടാമതു ചെന്നപ്പോൾ യോസേഫ്, താൻ ആരാണെന്ന് സഹോദരന്മാർക്ക് വ്യക്തമാക്കി. അങ്ങനെ യോസേഫിന്റെ കുടുംബത്തെക്കുറിച്ച് ഫറവോൻ അറിഞ്ഞു. പിന്നീട് യോസേഫ് തന്റെ പിതാവായ യാക്കോബിനെയും അദ്ദേഹത്തിന്റെ കുടുംബത്തെ മുഴുവനും കൂട്ടിക്കൊണ്ടുവരാൻ ആളയച്ചു. അവർ ആകെ എഴുപത്തിയഞ്ചു പേരുണ്ടായിരുന്നു. അങ്ങനെ യാക്കോബ് ഈജിപ്റ്റിലേക്കു യാത്രയായി. അവിടെ അദ്ദേഹവും നമ്മുടെ പിതാക്കന്മാരും മൃതിയടഞ്ഞു. അവരുടെ മൃതദേഹങ്ങൾ തിരികെ ശേഖേമിൽ കൊണ്ടുവന്ന് അവിടെ ഹാമോരിന്റെ പുത്രന്മാരോട് അബ്രാഹാം വിലകൊടുത്തു വാങ്ങിയിരുന്ന കല്ലറയിൽ അടക്കംചെയ്തു. “അബ്രാഹാമിനോടുള്ള ദൈവത്തിന്റെ വാഗ്ദാനം നിറവേറുവാനുള്ള കാലം അടുത്തപ്പോഴേക്കും, ഈജിപ്റ്റിലുണ്ടായിരുന്ന നമ്മുടെ ജനം വളരെ വർധിച്ചിരുന്നു. കാലങ്ങൾ കടന്നുപോയി, ‘യോസേഫിനെ അറിയാത്ത മറ്റൊരു രാജാവ് ഈജിപ്റ്റിന്റെ ഭരണാധിപനായിത്തീർന്നു.’ അയാൾ നമ്മുടെ ജനത്തോടു കൗശലപൂർവം പ്രവർത്തിക്കുകയും ഉപായം പ്രയോഗിച്ച് നമ്മുടെ പിതാക്കന്മാരെ പീഡിപ്പിക്കുകയും അവരുടെ ശിശുക്കൾ മരിക്കേണ്ടതിന് അവരെ ഉപേക്ഷിച്ചുകളയാൻ നിർബന്ധിക്കുകയും ചെയ്തു. “ഈ കാലഘട്ടത്തിലാണ് മോശ ജനിച്ചത്. അസാധാരണ സൗന്ദര്യമുള്ള ഒരു ശിശുവായിരുന്നു മോശ. ശിശുവിനെ മൂന്നുമാസം പിതൃഭവനത്തിൽ വളർത്തി. അതിനുശേഷം കുഞ്ഞിനെ പുറത്ത് ഉപേക്ഷിച്ചുകളഞ്ഞപ്പോൾ ഫറവോന്റെ പുത്രി അവനെ എടുത്തു സ്വന്തം മകനായി വളർത്തി. മോശ ഈജിപ്റ്റുകാരുടെ എല്ലാ വിദ്യകളും അഭ്യസിച്ചു; അദ്ദേഹം പ്രഭാഷണകലയിലും ഇതരമേഖലകളിലും പ്രാവീണ്യംനേടുകയും ചെയ്തു. “മോശ നാൽപ്പതു വയസ്സായപ്പോൾ ഇസ്രായേല്യരായ തന്റെ സഹോദരങ്ങളെ സന്ദർശിക്കാൻ തീരുമാനിച്ചു. തന്റെ സഹോദരന്മാരിൽ ഒരാളെ ഒരു ഈജിപ്റ്റുകാരൻ ദ്രോഹിക്കുന്നതു കണ്ടിട്ട് മോശ അവന്റെ രക്ഷയ്ക്കു ചെല്ലുകയും ഈജിപ്റ്റുകാരനെ കൊന്ന്, പീഡിതനുവേണ്ടി പ്രതികാരംചെയ്യുകയും ചെയ്തു. മോശ കരുതിയത്, സ്വജനത്തിനു വിമോചനം നൽകാൻ ദൈവം അദ്ദേഹത്തെ ഉപയോഗിക്കുന്നു എന്ന് അവർ മനസ്സിലാക്കും എന്നാണ്. എന്നാൽ അവർക്കതു മനസ്സിലായില്ല. അടുത്തദിവസം, പരസ്പരം ശണ്ഠകൂടിക്കൊണ്ടിരുന്ന രണ്ട് ഇസ്രായേല്യരുടെ സമീപത്ത് മോശ എത്തി, ‘എന്താണിത് മനുഷ്യരേ, നിങ്ങൾ സഹോദരന്മാരല്ലേ? നിങ്ങൾ എന്തിനു പരസ്പരം ദ്രോഹിക്കുന്നു?’ എന്നു പറഞ്ഞ് അവരെ അനുരഞ്ജിപ്പിക്കാൻ ശ്രമിച്ചു. “എന്നാൽ, അവരിൽ അക്രമം പ്രവർത്തിച്ചയാൾ മോശയെ തള്ളിമാറ്റിയിട്ടു ചോദിച്ചു, ‘നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനുമായി നിയമിച്ചതാര്? ഇന്നലെ ഈജിപ്റ്റുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാമെന്നാണോ നിന്റെ വിചാരം?’ ഇതു കേട്ടപ്പോൾ മോശ മിദ്യാൻ ദേശത്തേക്ക് ഓടിപ്പോയി, അവിടെ ഒരു പ്രവാസിയായി താമസിച്ചു. അവിടെവെച്ച് അദ്ദേഹത്തിനു രണ്ട് പുത്രന്മാർ ജനിച്ചു. “അവിടെ നാൽപ്പതുവർഷം കഴിഞ്ഞപ്പോൾ സീനായ് മലയുടെ മരുഭൂമിയിൽ, മുൾപ്പടർപ്പിലെ അഗ്നിജ്വാലയിൽ ഒരു ദൈവദൂതൻ മോശയ്ക്കു പ്രത്യക്ഷനായി. മോശ ആ കാഴ്ച കണ്ട് ആശ്ചര്യപ്പെട്ടു സൂക്ഷിച്ചുനോക്കാൻ അടുത്തുചെന്നപ്പോൾ കർത്താവിന്റെ ശബ്ദം കേട്ടു, ‘ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമാണ്—അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവംതന്നെ.’ ഭയംകൊണ്ടു വിറച്ച മോശ പിന്നെ നോക്കാൻ ധൈര്യപ്പെട്ടില്ല. “അപ്പോൾ കർത്താവ് അദ്ദേഹത്തോട്, ‘നീ നിൽക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകുകയാൽ നിന്റെ ചെരിപ്പ് അഴിച്ചുമാറ്റുക,’ എന്നു കൽപ്പിച്ചു. ‘ഈജിപ്റ്റിൽ എന്റെ ജനം അനുഭവിക്കുന്ന കഷ്ടത ഞാൻ കണ്ടിരിക്കുന്നു, നിശ്ചയം. അവരുടെ ഞരക്കം ഞാൻ കേട്ടിരിക്കുന്നു. അവരെ മോചിപ്പിക്കാൻ ഞാൻ ഇതാ വന്നിരിക്കുന്നു. വരൂ, ഞാൻ നിന്നെ ഈജിപ്റ്റിലേക്ക് തിരികെ അയയ്ക്കും’ എന്നും പറഞ്ഞു. “ഈ മോശയെയാണ്, ‘നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനുമായി നിയമിച്ചതാര്?’ എന്നു പറഞ്ഞ് അവർ തിരസ്കരിച്ചത്. മുൾപ്പടർപ്പിൽ വെളിപ്പെട്ട ദൂതൻമുഖേന ദൈവം അദ്ദേഹത്തെ അവർക്ക് അധികാരിയും വിമോചകനുമായിത്തന്നെ നിയോഗിച്ചു. നാൽപ്പതുവർഷം ഈജിപ്റ്റിലും ചെങ്കടലിലും മരുഭൂമിയിലും അത്ഭുതങ്ങളും ചിഹ്നങ്ങളും പ്രവർത്തിച്ചുകൊണ്ട് മോശ അവരെ നയിച്ചു. “ഈ മോശതന്നെയാണ് ഇസ്രായേൽമക്കളോട്, നിങ്ങളുടെ സ്വന്തം ജനത്തിൽനിന്ന്, ‘എന്നെപ്പോലെ ഒരു പ്രവാചകനെ ദൈവം നിങ്ങൾക്കുവേണ്ടി എഴുന്നേൽപ്പിക്കും’ എന്നു പ്രവചിച്ചത്. അദ്ദേഹമാണ് മരുഭൂമിയിൽ ഇസ്രായേൽജനത്തോടൊപ്പവും സീനായ് മലയിൽ തന്നോടു സംസാരിച്ച ദൂതനോടുകൂടെയും നമ്മുടെ പൂർവികരോടുകൂടെയിരിക്കുകയും ജീവനുള്ള വചനം കൈപ്പറ്റി നമുക്ക് എത്തിച്ചുതരികയുംചെയ്തത്. “എന്നാൽ, നമ്മുടെ പിതാക്കന്മാർ മോശയെ അനുസരിക്കാൻ താത്പര്യം കാണിക്കാതെ അദ്ദേഹത്തെ നിഷേധിച്ചു; അവർ ഹൃദയത്തിൽ ഈജിപ്റ്റിലേക്ക് മടങ്ങിപ്പൊയ്ക്കൊണ്ടിരുന്നു. അവർ അഹരോനോട്: ‘ഞങ്ങളെ നയിക്കാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക. ഈജിപ്റ്റിൽനിന്ന് ഞങ്ങളെ കൊണ്ടുവന്ന ഈ മോശയ്ക്ക് എന്തു സംഭവിച്ചെന്ന് ഞങ്ങൾ അറിയുന്നില്ലല്ലോ’ എന്നു പറഞ്ഞു. അപ്പോഴാണ് അവർ കാളക്കിടാവിന്റെ രൂപത്തിലുള്ള ഒരു വിഗ്രഹം ഉണ്ടാക്കിയത്. അവർ അതിനു യാഗം അർപ്പിക്കുകയും സ്വന്തം കരങ്ങളുടെ സൃഷ്ടിയിൽ തിമിർത്താടുകയും ചെയ്തു. എന്നാൽ, ദൈവം അവരിൽനിന്നു മുഖംതിരിച്ച് ആകാശശക്തികളെ ആരാധിക്കാൻ അവരെ വിട്ടുകളഞ്ഞു. ഇതിനെപ്പറ്റി പ്രവാചകപുസ്തകത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു: “ ‘ഇസ്രായേൽഗൃഹമേ, മരുഭൂമിയിൽ നാൽപ്പതു വർഷക്കാലം നിങ്ങൾ യാഗങ്ങളും വഴിപാടുകളും എനിക്കു കൊണ്ടുവന്നോ? നിങ്ങൾ പൂജിക്കാനുണ്ടാക്കിയ വിഗ്രഹങ്ങളായ മോലെക്കിന്റെ കൂടാരവും നിങ്ങളുടെ ദേവനായ രേഫാന്റെ നക്ഷത്രവും നിങ്ങൾ എഴുന്നള്ളിച്ചു. ആകയാൽ ഞാൻ നിങ്ങളെ ബാബേലിനും അപ്പുറത്തേക്കു നാടുകടത്തും.’ “നമ്മുടെ പിതാക്കന്മാർക്കു മരുഭൂമിയിൽ ഉടമ്പടിയുടെ കൂടാരം ഉണ്ടായിരുന്നു. അതു മോശയ്ക്കു ദൈവം മാതൃക കാണിച്ച് കൽപ്പന നൽകിയതിന് അനുസൃതമായി നിർമിച്ചതായിരുന്നു. നമ്മുടെ പിതാക്കന്മാർ അത് ഏറ്റുവാങ്ങി; അവരുടെമുമ്പിൽനിന്ന് ദൈവം നീക്കിക്കളഞ്ഞ ജനതകളുടെ ദേശം അവർ യോശുവയുടെ നേതൃത്വത്തിൽ കൈവശമാക്കിയപ്പോൾ ആ ഉടമ്പടിയുടെ കൂടാരം അവിടേക്കു കൊണ്ടുവന്നു. ദാവീദിന്റെ കാലംവരെ അത് അവിടെ ഉണ്ടായിരുന്നു. ദൈവകൃപ ലഭിച്ച ദാവീദ് യാക്കോബിന്റെ ദൈവത്തിന് ഒരു നിവാസസ്ഥാനം നിർമിക്കാൻ ദൈവത്തോട് അനുമതി ചോദിച്ചു. എന്നാൽ, ശലോമോനായിരുന്നു ദൈവത്തിന് ഒരാലയം പണിതത്. “എങ്കിലും പരമോന്നതൻ മനുഷ്യനിർമിതമായ മന്ദിരങ്ങളിൽ നിവസിക്കുന്നില്ല. പ്രവാചകൻ ഇങ്ങനെയാണല്ലോ പറയുന്നത്: “ ‘സ്വർഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു. നിങ്ങൾ എനിക്കായി പണിയുന്ന മന്ദിരം എങ്ങനെയുള്ളത്? എന്നു കർത്താവ് അരുളിച്ചെയ്യുന്നു. എന്റെ വിശ്രമസ്ഥലം എവിടെ? എന്റെ കരങ്ങളാണല്ലോ ഇവയെല്ലാം നിർമിച്ചത്.’ “ശാഠ്യക്കാരേ, ഹൃദയത്തിനും കാതുകൾക്കും പരിച്ഛേദനം കഴിഞ്ഞിട്ടില്ലാത്തവരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെതന്നെയാണു നിങ്ങളും. നിങ്ങൾ പരിശുദ്ധാത്മാവിനെ എന്നും എതിർക്കുന്നവരാണ്. നിങ്ങളുടെ പിതാക്കന്മാർ പീഡിപ്പിച്ചിട്ടില്ലാത്ത ഒരൊറ്റ പ്രവാചകനെങ്കിലും ഉണ്ടോ? നീതിമാന്റെ വരവിനെക്കുറിച്ചു പ്രവചിച്ചവരെ നിങ്ങളുടെ പിതാക്കന്മാർ കൊന്നുകളഞ്ഞു. ദൂതന്മാർ മുഖാന്തരം ന്യായപ്രമാണം ലഭിച്ചവരെങ്കിലും അത് അനുസരിക്കാത്തവരായ നിങ്ങൾ ഇപ്പോൾ ആ നീതിമാനെ തിരസ്കരിച്ച് വധിച്ചിരിക്കുന്നു.”