അപ്പൊ. പ്രവൃത്തികൾ 4:8-22

അപ്പൊ. പ്രവൃത്തികൾ 4:8-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പത്രൊസ് പരിശുദ്ധാത്മാവ് നിറഞ്ഞവനായി അവരോട് പറഞ്ഞത്: ജനത്തിന്റെ പ്രമാണികളും മൂപ്പന്മാരും ആയുള്ളോരേ, ഈ ബലഹീനമനുഷ്യന് ഉണ്ടായ ഉപകാരം നിമിത്തം ഇവൻ എന്തൊന്നിനാൽ സൗഖ്യമായി എന്നു ഞങ്ങളെ ഇന്നു വിസ്തരിക്കുന്നു എങ്കിൽ നിങ്ങൾ ക്രൂശിച്ചവനും ദൈവം മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽതന്നെ ഇവൻ സൗഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽജനമൊക്കെയും അറിഞ്ഞുകൊൾവിൻ. വീടു പണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ട് കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ല് ഇവൻതന്നെ. മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻകീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല. അവർ പത്രൊസിന്റെയും യോഹന്നാന്റെയും ധൈര്യം കാൺകയാലും ഇവർ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യർ എന്നു ഗ്രഹിക്കയാലും ആശ്ചര്യപ്പെട്ടു; അവർ യേശുവിനോടുകൂടെ ആയിരുന്നവർ എന്നും അറിഞ്ഞു. സൗഖ്യം പ്രാപിച്ച മനുഷ്യൻ അവരോടുകൂടെ നില്ക്കുന്നത് കണ്ടതുകൊണ്ട് അവർക്ക് എതിർപറവാൻ വകയില്ലായിരുന്നു. അവരോട് ന്യായാധിപസംഘത്തിൽനിന്നു പുറത്തുപോകുവാൻ കല്പിച്ചിട്ട് അവർ തമ്മിൽ ആലോചിച്ചു: ഈ മനുഷ്യരെ എന്തു ചെയ്യേണ്ടൂ? പ്രത്യക്ഷമായൊരു അടയാളം അവർ ചെയ്തിരിക്കുന്നു എന്നു യെരൂശലേമിൽ പാർക്കുന്ന എല്ലാവർക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാൻ നമുക്കു കഴിവില്ല. എങ്കിലും അത് ജനത്തിൽ അധികം പരക്കാതിരിപ്പാൻ അവർ യാതൊരു മനുഷ്യനോടും ഈ നാമത്തിൽ ഇനി സംസാരിക്കരുതെന്നു നാം അവരെ തർജനം ചെയ്യേണം എന്നു പറഞ്ഞു. പിന്നെ അവരെ വിളിച്ചിട്ട്: യേശുവിന്റെ നാമത്തിൽ അശേഷം സംസാരിക്കരുത്, ഉപദേശിക്കയും അരുത് എന്നു കല്പിച്ചു. അതിന് പത്രൊസും യോഹന്നാനും: ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നത് ദൈവത്തിന്റെ മുമ്പാകെ ന്യായമോ എന്നു വിധിപ്പിൻ. ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നത് പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല എന്ന് ഉത്തരം പറഞ്ഞു. എന്നാൽ ഈ സംഭവിച്ച കാര്യംകൊണ്ട് എല്ലാവരും ദൈവത്തെ മഹത്ത്വപ്പെടുത്തുകയാൽ അവരെ ശിക്ഷിക്കുന്നതിനു ജനം നിമിത്തം വഴി ഒന്നും കാണായ്കകൊണ്ട് അവർ പിന്നെയും തർജനം ചെയ്ത് അവരെ വിട്ടയച്ചു. ഈ അദ്ഭുതത്താൽ സൗഖ്യം പ്രാപിച്ച മനുഷ്യൻ നാല്പതിൽ അധികം വയസ്സുള്ളവനായിരുന്നു.

അപ്പൊ. പ്രവൃത്തികൾ 4:8-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അപ്പോൾ പത്രോസ് പരിശുദ്ധാത്മപൂർണനായി ഇപ്രകാരം പറഞ്ഞു: “ഭരണാധിപന്മാരേ, ജനപ്രമുഖന്മാരേ, മുടന്തനായ ഈ മനുഷ്യനു ചെയ്ത ഉപകാരത്തെയും അയാൾ എങ്ങനെ സുഖം പ്രാപിച്ചു എന്നതിനെയും സംബന്ധിച്ചാണ് ഇന്നു ഞങ്ങളെ വിസ്തരിക്കുന്നതെങ്കിൽ, നിങ്ങൾ ക്രൂശിക്കുകയും മരിച്ചവരിൽനിന്നു ദൈവം ഉയിർപ്പിക്കുകയും ചെയ്ത നസറായനായ യേശുവിന്റെ നാമത്തിൽത്തന്നെയാണ് ഈ മനുഷ്യൻ പൂർണമായ ആരോഗ്യം പ്രാപിച്ചു നിങ്ങളുടെ മുമ്പിൽ നില്‌ക്കുന്നതെന്നു നിങ്ങളും ഇസ്രായേലിലെ ജനങ്ങൾ എല്ലാവരും അറിഞ്ഞുകൊള്ളുക. ‘വീടു പണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നിരിക്കുന്നു.’ ആ കല്ലാണ് ഈ യേശു. മറ്റൊരുവനിലും രക്ഷയില്ല. നമുക്കു രക്ഷ പ്രാപിക്കുവാൻ ആകാശത്തിന്റെ കീഴിൽ മറ്റൊരു നാമവും മനുഷ്യർക്കു നല്‌കപ്പെട്ടിട്ടില്ല.” പത്രോസിന്റെയും യോഹന്നാന്റെയും ധൈര്യം കാണുകയും അവർ വിദ്യാവിഹീനരായ വെറും സാധാരണക്കാരാണെന്ന് അറിയുകയും ചെയ്തപ്പോൾ, അവിടെ കൂടിയിരുന്നവർ ആശ്ചര്യപ്പെടുകയും അവർ യേശുവിന്റെ സഹചാരികൾ ആയിരുന്നു എന്നു മനസ്സിലാക്കുകയും ചെയ്തു. എന്നാൽ സൗഖ്യം പ്രാപിച്ച മനുഷ്യൻ അപ്പോസ്തോലന്മാരുടെകൂടെ നില്‌ക്കുന്നതു കണ്ടതുകൊണ്ട് അവർക്ക് ഒന്നും എതിർത്തു പറയുവാൻ കഴിഞ്ഞില്ല. അപ്പോസ്തോലന്മാർ പുറത്തിറങ്ങി നില്‌ക്കാൻ സന്നദ്രിംസംഘം ആജ്ഞാപിച്ചു. പിന്നീട് അവർ പരസ്പരം ആലോചിച്ചു: “ഈ മനുഷ്യരെ നാം എന്താണു ചെയ്യുക? പ്രത്യക്ഷമായ ഒരദ്ഭുതം ഇവരിലൂടെ നടന്നിരിക്കുന്നു. അത് യെരൂശലേമിൽ നിവസിക്കുന്ന എല്ലാവരും അറിഞ്ഞുകഴിഞ്ഞു; അതു നിഷേധിക്കുവാൻ നമുക്കു സാധ്യവുമല്ല. എന്നാൽ ജനങ്ങളുടെ ഇടയിൽ ഈ വാർത്ത ഇനിയും പരക്കാതിരിക്കേണ്ടതിന്, അവർ മേലിൽ ആരോടും ഒരിക്കലും ഈ നാമത്തിൽ സംസാരിക്കരുതെന്നു താക്കീതു നല്‌കാം.” അനന്തരം അവർ അപ്പോസ്തോലന്മാരെ വിളിച്ച് യേശുവിന്റെ നാമത്തിൽ സംസാരിക്കുകയോ പഠിപ്പിക്കുകയോ ചെയ്തുപോകരുതെന്ന് കർശനമായി ആജ്ഞാപിച്ചു. എന്നാൽ പത്രോസും യോഹന്നാനും പ്രതിവചിച്ചു: “ദൈവത്തെ അനുസരിക്കുന്നതിലും അധികം നിങ്ങളെ അനുസരിക്കുന്നത് ദൈവത്തിന്റെ ദൃഷ്‍ടിയിൽ ശരിയാണോ? നിങ്ങൾതന്നെ വിധിക്കുക. ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ചു പ്രസ്താവിക്കാതിരിക്കാൻ ഞങ്ങൾക്കു സാധ്യമല്ല.” എന്നാൽ ആ സംഭവംമൂലം എല്ലാവരും ദൈവത്തെ പുകഴ്ത്തിയതിനാൽ അപ്പോസ്തോലന്മാരെ ശിക്ഷിക്കുവാൻ ഒരു പഴുതും കണ്ടില്ല. അതിനാൽ അവർക്കു വീണ്ടും ശക്തമായ താക്കീതു നല്‌കി വിട്ടയച്ചു. അദ്ഭുതകരമായി സൗഖ്യം ലഭിച്ച ആ മനുഷ്യനു നാല്പതു വയസ്സിനുമേൽ പ്രായമുണ്ടായിരുന്നു.

അപ്പൊ. പ്രവൃത്തികൾ 4:8-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

പത്രൊസ് പരിശുദ്ധാത്മാവ് നിറഞ്ഞവനായി അവരോട് പറഞ്ഞത്: “ജനത്തിന്‍റെ പ്രമാണികളും മൂപ്പന്മാരും ആയുള്ളോരേ, ഈ രോഗിയായ മനുഷ്യന് ചെയ്ത നല്ലപ്രവൃത്തി നിമിത്തം ഇന്ന് ഞങ്ങളെ വിസ്തരിക്കുന്നു എങ്കിൽ, ഈ മനുഷ്യൻ സൗഖ്യം പ്രാപിച്ചത് എങ്ങനെ? നിങ്ങൾ ക്രൂശിച്ചവനും ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായ നസറായനായ യേശുക്രിസ്തുവിന്‍റെ നാമത്തിൽത്തന്നെ ഇവൻ സൗഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽജനം ഒക്കെയും അറിഞ്ഞുകൊൾവിൻ. വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞ കല്ല് വീടിന്‍റെ മൂലക്കല്ലായിത്തീർന്ന ആ കല്ല് ഇവൻ തന്നെ. മറ്റൊരുവനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” അവർ പത്രൊസിൻ്റെയും യോഹന്നാന്‍റെയും ധൈര്യം കാൺകയാലും ഇവർ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യരും മുൻപ് യേശുവിനോടുകൂടെ ആയിരുന്നവർ എന്നു ഗ്രഹിക്കയാലും അവർ ആശ്ചര്യപ്പെട്ടു; സൗഖ്യം പ്രാപിച്ച മനുഷ്യൻ അവരോടുകൂടെ നില്ക്കുന്നതു കണ്ടതുകൊണ്ട് അവർക്ക് എതിർ പറവാൻ വകയില്ലായിരുന്നു. അപ്പൊസ്തലന്മാർ ന്യായാധിപസംഘത്തിൽനിന്നു പുറത്തു പോകുവാൻ കല്പിച്ചിട്ട് അവർ തമ്മിൽ ആലോചിച്ചു: “ഈ മനുഷ്യരെ എന്ത് ചെയ്യേണ്ടു? അസാധാരണവും പ്രത്യക്ഷവുമായൊരു അത്ഭുതം അവർ ചെയ്തിരിക്കുന്നു എന്നു യെരൂശലേമിൽ പാർക്കുന്ന എല്ലാവർക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാൻ നമുക്ക് കഴിയില്ല. എങ്കിലും അത് ജനത്തിൽ അധികം പരക്കാതിരിപ്പാൻ അവർ യാതൊരു മനുഷ്യനോടും ഈ നാമത്തിൽ ഇനി സംസാരിക്കരുതെന്ന് നാം അവരെ താക്കീത് ചെയ്യേണം” എന്നു പറഞ്ഞു. പിന്നെ അവരെ വിളിച്ചിട്ട്: യേശുവിന്‍റെ നാമത്തിൽ സംസാരിക്കുകയോ ഉപദേശിക്കുകയോ അരുത് എന്നു കല്പിച്ചു. അതിന് പത്രൊസും യോഹന്നാനും: “ദൈവത്തേക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നത് ദൈവത്തിന്‍റെ മുമ്പാകെ ന്യായമോ എന്നു നിങ്ങൾ വിധിപ്പിൻ. ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നത് പ്രസ്താവിക്കാതിരിക്കുവാൻ കഴിയുന്നതല്ല” എന്നു ഉത്തരം പറഞ്ഞു. എന്നാൽ ഈ സംഭവിച്ച കാര്യം കൊണ്ടു എല്ലാവരും ദൈവത്തെ മഹത്വപ്പെടുത്തുകയാൽ അവരെ ശിക്ഷിക്കുന്നതിന് ജനം നിമിത്തം വഴി ഒന്നും കാണായ്കകൊണ്ട് അവർ പിന്നെയും തർജ്ജനം ചെയ്തു അവരെ വിട്ടയച്ചു. ഈ അത്ഭുതത്താൽ സൗഖ്യം പ്രാപിച്ച മനുഷ്യൻ നാല്പതിൽ അധികം വയസ്സുള്ളവനായിരുന്നു.

അപ്പൊ. പ്രവൃത്തികൾ 4:8-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പത്രൊസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി അവരോടു പറഞ്ഞതു: ജനത്തിന്റെ പ്രമാണികളും മൂപ്പന്മാരും ആയുള്ളോരേ, ഈ ബലഹീനമനുഷ്യന്നു ഉണ്ടായ ഉപകാരം നിമിത്തം ഇവൻ എന്തൊന്നിനാൽ സൗഖ്യമായി എന്നു ഞങ്ങളെ ഇന്നു വിസ്തരിക്കുന്നു എങ്കിൽ നിങ്ങൾ ക്രൂശിച്ചവനും ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നേ ഇവൻ സൗഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ. വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ലു ഇവൻ തന്നേ. മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല. അവർ പത്രൊസിന്റെയും യോഹന്നാന്റെയും ധൈര്യം കാൺകയാലും ഇവർ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യർ എന്നു ഗ്രഹിക്കയാലും ആശ്ചര്യപ്പെട്ടു; അവർ യേശുവിനോടുകൂടെ ആയിരുന്നവർ എന്നും അറിഞ്ഞു. സൗഖ്യം പ്രാപിച്ച മനുഷ്യൻ അവരോടുകൂടെ നില്ക്കുന്നതു കണ്ടതുകൊണ്ടു അവർക്കു എതിർ പറവാൻ വകയില്ലായിരുന്നു. അവരോടു ന്യായാധിപസംഘത്തിൽനിന്നു പുറത്തുപോകുവാൻ കല്പിച്ചിട്ടു അവർ തമ്മിൽ ആലോചിച്ചു: ഈ മനുഷ്യരെ എന്തു ചെയ്യേണ്ടു? പ്രത്യക്ഷമായോരു അടയാളം അവർ ചെയ്തിരിക്കുന്നു എന്നു യെരൂശലേമിൽ പാർക്കുന്ന എല്ലാവർക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാൻ നമുക്കു കഴിവില്ല. എങ്കിലും അതു ജനത്തിൽ അധികം പരക്കാതിരിപ്പാൻ അവർ യാതൊരു മനുഷ്യനോടും ഈ നാമത്തിൽ ഇനി സംസാരിക്കരുതെന്നു നാം അവരെ തർജ്ജനം ചെയ്യേണം എന്നു പറഞ്ഞു. പിന്നെ അവരെ വിളിച്ചിട്ടു: യേശുവിന്റെ നാമത്തിൽ അശേഷം സംസാരിക്കരുതു, ഉപദേശിക്കയും അരുതു എന്നു കല്പിച്ചു. അതിന്നു പത്രൊസും യോഹന്നാനും: ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവത്തിന്റെ മുമ്പാകെ ന്യായമോ എന്നു വിധിപ്പിൻ. ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല എന്നു ഉത്തരം പറഞ്ഞു. എന്നാൽ ഈ സംഭവിച്ച കാര്യംകൊണ്ടു എല്ലാവരും ദൈവത്തെ മഹത്വപ്പെടുത്തുകയാൽ അവരെ ശിക്ഷിക്കുന്നതിനു ജനംനിമിത്തം വഴി ഒന്നും കാണായ്കകൊണ്ടു അവർ പിന്നെയും തർജ്ജനം ചെയ്തു അവരെ വിട്ടയച്ചു. ഈ അത്ഭുതത്താൽ സൗഖ്യം പ്രാപിച്ച മനുഷ്യൻ നാല്പതിൽ അധികം വയസ്സുള്ളവനായിരുന്നു.

അപ്പൊ. പ്രവൃത്തികൾ 4:8-22 സമകാലിക മലയാളവിവർത്തനം (MCV)

അതിനു മറുപടിയായി പത്രോസ് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൽ ഇങ്ങനെ പ്രഖ്യാപിച്ചു. “ജനത്തിന്റെ അധികാരികളേ, സമുദായനേതാക്കന്മാരേ, മുടന്തനായ ഒരു മനുഷ്യനോടു കരുണ കാണിച്ചതിനെ സംബന്ധിച്ചും അയാൾക്കു സൗഖ്യം ലഭിച്ചതിനെ സംബന്ധിച്ചുമാണ് ഇന്നു ഞങ്ങളെ വിസ്തരിക്കുന്നതെങ്കിൽ, എല്ലാ ഇസ്രായേൽജനവും ഇതറിയുക: നിങ്ങൾ ക്രൂശിച്ചവനും മരിച്ചവരിൽനിന്ന് ദൈവം ഉയിർപ്പിച്ചവനുമായ നസറായനായ യേശുക്രിസ്തുവിന്റെ നാമത്താൽത്തന്നെയാണ്, ഇയാൾ പരിപൂർണ സൗഖ്യമുള്ളവനായി നിങ്ങളുടെമുമ്പിൽ നിൽക്കുന്നത്. “ ‘ശില്പികളായ നിങ്ങൾ ഉപേക്ഷിച്ചതെങ്കിലും മൂലക്കല്ലായിമാറിയ കല്ല്’ ഈ യേശുക്രിസ്തുതന്നെ. മറ്റൊരുവനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടാൻ ആകാശത്തിന്റെ കീഴിൽ, മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവും ഇല്ല.” പത്രോസും യോഹന്നാനും പഠിപ്പില്ലാത്ത സാധാരണ മനുഷ്യരായിരുന്നിട്ടും അവരിൽ പ്രകടമായ ധൈര്യം കണ്ട് നേതൃസംഘത്തിലുള്ളവർ ആശ്ചര്യപ്പെട്ടു; പത്രോസും യോഹന്നാനും യേശുവിനോടുകൂടെ ഉണ്ടായിരുന്നവർ എന്ന് അവർ മനസ്സിലാക്കി. സൗഖ്യം ലഭിച്ച മനുഷ്യൻ അവിടെ അവരോടുകൂടെ നിൽക്കുന്നതു കണ്ടതുകൊണ്ട് അവർക്ക് ഒന്നും എതിർത്തുപറയാൻ കഴിഞ്ഞില്ല. അതുകൊണ്ട് അവരോടു ന്യായാധിപസമിതിയിൽനിന്നു പുറത്തുപോകാൻ കൽപ്പിച്ചതിനുശേഷം അവർക്കിടയിൽ ഇങ്ങനെ ചർച്ചചെയ്തു, “ഈ മനുഷ്യരുടെ കാര്യത്തിൽ നാം എന്താണു ചെയ്യേണ്ടത്? വളരെ ശ്രദ്ധേയമായ ഒരു അത്ഭുതം അവർ ചെയ്തിരിക്കുന്നു എന്നു ജെറുശലേമിൽ താമസിക്കുന്ന എല്ലാവർക്കുമറിയാം; അതു നിഷേധിക്കാൻ നമുക്കു സാധ്യവുമല്ല. എങ്കിലും അത് ജനമധ്യേ കൂടുതൽ പ്രചരിക്കാതിരിക്കാൻ, ഈ നാമത്തിൽ ഇനി ഒരിക്കലും ഒരു മനുഷ്യനോടും അവർ സംസാരിക്കരുതെന്നു താക്കീതു നൽകാം.” തുടർന്ന് പത്രോസിനെയും യോഹന്നാനെയും വിളിച്ച്, “നിങ്ങൾ യേശുവിന്റെ നാമത്തിൽ സംസാരിക്കുകയോ ഉപദേശിക്കുകയോ അരുത്” എന്ന് ആജ്ഞ നൽകി. അതിന് പത്രോസും യോഹന്നാനും, “ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവദൃഷ്ടിയിൽ ശരിയോ എന്നു നിങ്ങൾതന്നെ വിധിക്കുക. ഞങ്ങൾക്ക് ഞങ്ങൾ കാണുകയും കേൾക്കുകയുംചെയ്തതു പ്രസ്താവിക്കാതിരിക്കാൻ സാധ്യമല്ല” എന്നു മറുപടി പറഞ്ഞു. ഈ സംഭവംനിമിത്തം ജനമെല്ലാം ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ടിരുന്നതിനാൽ പത്രോസിനെയും യോഹന്നാനെയും ശിക്ഷിക്കാനുള്ള പഴുതൊന്നും ന്യായാധിപസമിതിയിലുള്ളവർ കണ്ടില്ല. വീണ്ടും അവരെ ഭീഷണിപ്പെടുത്തിയശേഷം വിട്ടയച്ചു. നാൽപ്പതിലേറെ വയസ്സുള്ള ഒരാളായിരുന്നു അത്ഭുതകരമായ രോഗസൗഖ്യം ലഭിച്ച ആ മനുഷ്യൻ.