അപ്പൊ. പ്രവൃത്തികൾ 28:1-14
അപ്പൊ. പ്രവൃത്തികൾ 28:1-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
രക്ഷപെട്ടശേഷം ദ്വീപിന്റെ പേർ മെലിത്ത എന്ന് ഞങ്ങൾ ഗ്രഹിച്ചു. അവിടത്തെ ബർബരന്മാർ ഞങ്ങൾക്ക് അസാധാരണ ദയ കാണിച്ചു മഴയും ശീതവും നിമിത്തം തീകൂട്ടി ഞങ്ങളെയൊക്കെയും കൈക്കൊണ്ടു. പൗലൊസ് കുറെ വിറകു പെറുക്കി തീയിൽ ഇട്ടപ്പോൾ ഒരു അണലി ചൂടുനിമിത്തം പുറപ്പെട്ട് അവന്റെ കൈക്കു പറ്റി. ആ ജന്തു അവന്റെ കൈമേൽ തൂങ്ങുന്നത് ബർബരന്മാർ കണ്ടപ്പോൾ: ഈ മനുഷ്യൻ ഒരു കൊലപാതകൻ സംശയമില്ല; കടലിൽനിന്നു രക്ഷപെട്ടിട്ടും നീതിദേവി അവനെ ജീവിച്ചിരിപ്പാൻ സമ്മതിക്കുന്നില്ല എന്ന് തമ്മിൽ പറഞ്ഞു. അവനോ ആ ജന്തുവിനെ തീയിൽ കുടഞ്ഞുകളഞ്ഞു, ദോഷം ഒന്നും പറ്റിയില്ല. അവൻ വീർക്കുകയോ പെട്ടെന്നു ചത്തു വീഴുകയോ ചെയ്യും എന്നുവച്ച് അവർ കാത്തുനിന്നു; വളരെ നേരം കാത്തുനിന്നിട്ടും അവന് ആപത്ത് ഒന്നും ഭവിക്കുന്നില്ല എന്നു കണ്ടു മനസ്സു മാറി അവൻ ഒരു ദേവൻ എന്നു പറഞ്ഞു. ആ സ്ഥലത്തിന്റെ സമീപത്തു പുബ്ലിയൊസ് എന്ന ദ്വീപുപ്രമാണിക്ക് ഒരു ജന്മഭൂമി ഉണ്ടായിരുന്നു; അവൻ ഞങ്ങളെ ചേർത്തു മൂന്നു ദിവസം ആദരവോടെ അതിഥിസല്ക്കാരം ചെയ്തു. പുബ്ലിയൊസിന്റെ അപ്പൻ പനിയും അതിസാരവും പിടിച്ചു കിടപ്പായിരുന്നു. പൗലൊസ് അവന്റെ അടുക്കൽ അകത്തു ചെന്നു പ്രാർഥിച്ച് അവന്റെമേൽ കൈ വച്ചു സൗഖ്യം വരുത്തി. ഇത് സംഭവിച്ചശേഷം ദ്വീപിലെ മറ്റു ദീനക്കാരും വന്നു സൗഖ്യം പ്രാപിച്ചു. അവരും ഏറിയ സമ്മാനം തന്നു ഞങ്ങളെ മാനിച്ചു; ഞങ്ങൾ കപ്പൽ കയറുന്ന സമയം ആവശ്യമുള്ളത് കയറ്റിത്തന്നു. മൂന്നു മാസം കഴിഞ്ഞശേഷം ആ ദ്വീപിൽ ശീതകാലം കഴിച്ചു കിടന്നിരുന്ന അശ്വനി ചിഹ്നമുള്ളൊരു അലെക്സന്ത്രിയ കപ്പലിൽ ഞങ്ങൾ കയറി പുറപ്പെട്ടു, സുറക്കൂസയിൽ കരയ്ക്കിറങ്ങി മൂന്നു നാൾ പാർത്തു; അവിടെനിന്നു ചുറ്റി ഓടി രേഗ്യൊനിൽ എത്തി. ഒരു ദിവസം കഴിഞ്ഞിട്ടു തെക്കൻകാറ്റ് അടിച്ചതിനാൽ പിറ്റേന്നു പുത്യൊലിയിൽ എത്തി. അവിടെ സഹോദരന്മാരെ കണ്ടു തങ്ങളോടുകൂടെ ഏഴു നാൾ താമസിക്കേണം എന്ന് അവർ അപേക്ഷിച്ചു; പിന്നെ ഞങ്ങൾ റോമയിൽ എത്തി.
അപ്പൊ. പ്രവൃത്തികൾ 28:1-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞങ്ങൾ രക്ഷപെട്ടു ചെന്നെത്തിയിരിക്കുന്നത് മാൾട്ടാദ്വീപിലാണെന്നു മനസ്സിലായി. ആ ദ്വീപിലെ ജനങ്ങൾ ഞങ്ങളോട് അസാമാന്യമായ ദയ കാണിച്ചു. മഴയും തണുപ്പും ഉണ്ടായിരുന്നതുകൊണ്ട് തീ കൂട്ടിതന്ന് അവർ ഞങ്ങളെ എല്ലാവരെയും സ്വീകരിച്ചു. പൗലൊസ് കുറെ വിറകു പെറുക്കിക്കൊണ്ടു വന്ന് തീയിലിട്ടു. ചൂടേറ്റപ്പോൾ അതിൽനിന്ന് ഒരു അണലി പുറത്തു ചാടി പൗലൊസിന്റെ കൈയിൽ ചുറ്റി. അത് കൈയിൽ തൂങ്ങിക്കിടക്കുന്നതു കണ്ടപ്പോൾ “ഈ മനുഷ്യൻ നിശ്ചയമായും ഒരു കൊലപാതകി ആയിരിക്കണം; കടലിൽനിന്നു രക്ഷപെട്ടിട്ടും ജീവിച്ചിരിക്കുവാൻ നീതിദേവി ഇയാളെ അനുവദിക്കുന്നില്ലല്ലോ” എന്ന് ആ ദ്വീപുനിവാസികൾ അന്യോന്യം പറഞ്ഞു. പൗലൊസ് ആകട്ടെ, ആ പാമ്പിനെ കുടഞ്ഞു തീയിലിട്ടു; ഒരു ഉപദ്രവവും അദ്ദേഹത്തിനുണ്ടായില്ല. അദ്ദേഹം നീരുവന്നു വീർക്കുകയോ, മരിച്ചു വീഴുകയോ ചെയ്യുമെന്ന് അവർ പ്രതീക്ഷിച്ചു. എന്നാൽ ദീർഘസമയം കാത്തിരുന്നിട്ടും അദ്ദേഹത്തിന് ഒരനർഥവും ഉണ്ടായില്ലെന്നു കണ്ടപ്പോൾ അവരുടെ ചിന്താഗതി മാറി അദ്ദേഹം ഒരു ദേവനാണെന്നു പറഞ്ഞു. അവിടെയടുത്ത് ആ ദ്വീപിന്റെ അധികാരിയായ പുബ്ലിയൊസിന് കുറെ സ്ഥലമുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ സ്വീകരിച്ച് മൂന്നു ദിവസം സൗഹൃദപൂർവം സൽക്കരിച്ചു. പുബ്ലിയൊസിന്റെ പിതാവ് പനിയും അതിസാരവും പിടിച്ചു കിടപ്പിലായിരുന്നു; പൗലൊസ് അയാളെ സന്ദർശിച്ച് കൈകൾ വച്ചു പ്രാർഥിക്കുകയും രോഗം സുഖപ്പെടുത്തുകയും ചെയ്തു. ഈ സംഭവത്തിനുശേഷം ആ ദ്വീപിലെ മറ്റു രോഗികളും അദ്ദേഹത്തിന്റെ അടുക്കൽവന്നു സുഖം പ്രാപിച്ചു. അവർ ധാരാളം സമ്മാനങ്ങൾ തന്നു ഞങ്ങളെ ബഹുമാനിച്ചു. ഞങ്ങൾ അവിടെനിന്നു പുറപ്പെട്ടപ്പോൾ ഞങ്ങൾക്ക് ആവശ്യമുള്ളതെല്ലാം അവർ കപ്പലിൽ കയറ്റിത്തന്നു. മൂന്നു മാസം കഴിഞ്ഞ് ഒരു അലക്സാന്ത്രിയൻ കപ്പലിൽ ഞങ്ങൾ പുറപ്പെട്ടു. അശ്വനീദേവന്മാരുടെ മുദ്രയുള്ള ആ കപ്പൽ മാൾട്ടാദ്വീപിൽ അടുത്ത് ശീതകാലം കഴിച്ചുകൂട്ടുകയായിരുന്നു. ഞങ്ങൾ സിറക്കൂസയിലെത്തി മൂന്നു ദിവസം അവിടെ പാർത്തു. അവിടെനിന്നു ഞങ്ങൾ ചുറ്റിയോടി രഗ്യോനിൽ എത്തി. ഒരു ദിവസം കഴിഞ്ഞ് തെക്കൻ കാറ്റടിച്ചതിനാൽ പിറ്റേദിവസം പുത്യൊലിയിൽ എത്തി. അവിടെവച്ച് ചില ക്രൈസ്തവസഹോദരന്മാരെ ഞങ്ങൾ കണ്ടുമുട്ടി. ഒരാഴ്ച തങ്ങളോടുകൂടി താമസിക്കുന്നതിന് അവർ ഞങ്ങളെ ക്ഷണിച്ചു. പിന്നീട് ഞങ്ങൾ റോമിലെത്തി.
അപ്പൊ. പ്രവൃത്തികൾ 28:1-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
രക്ഷപ്പെട്ടശേഷം ദ്വീപിൻ്റെ പേർ മെലിത്ത എന്നു ഞങ്ങൾ മനസ്സിലാക്കി. അവിടുത്തെ സ്ഥലവാസികൾ ഞങ്ങൾക്ക് അസാധാരണ ദയ കാണിച്ചു, മഴയും തണുപ്പുമായിരുന്നതുകൊണ്ട് തീ കൂട്ടി ഞങ്ങളെ ഒക്കെയും സ്വീകരിച്ചു. പൗലൊസ് കുറെ വിറക് പെറുക്കി തീയിൽ ഇട്ടപ്പോൾ ഒരു അണലി, ചൂടുനിമിത്തം പുറപ്പെട്ടു അവന്‍റെ കൈയ്ക്ക് ചുറ്റി. അണലി അവന്‍റെ കൈമേൽ തൂങ്ങുന്നത് ആ സ്ഥലവാസികൾ കണ്ടപ്പോൾ: “ഈ മനുഷ്യൻ ഒരു കൊലപാതകൻ സംശയമില്ല; കടലിൽനിന്ന് രക്ഷപെട്ടിട്ടും നീതിദേവി അവനെ ജീവിച്ചിരിപ്പാൻ സമ്മതിക്കുന്നില്ല” എന്നു തമ്മിൽ പറഞ്ഞു. അവനോ അതിനെ തീയിൽ കുടഞ്ഞ് കളഞ്ഞു, അവനു ദോഷം ഒന്നും പറ്റിയതുമില്ല. അവൻ വീർക്കുകയോ പെട്ടെന്ന് ചത്തു വീഴുകയോ ചെയ്യും എന്നു വിചാരിച്ച് അവർ കാത്തുനിന്നു; വളരെ നേരം കാത്തുനിന്നിട്ടും അവനു ആപത്ത് ഒന്നും ഭവിക്കുന്നില്ല എന്നു കണ്ടു മനസ്സ് മാറി അവൻ ഒരു ദേവൻ എന്നു പറഞ്ഞു. ആ സ്ഥലത്തിന്‍റെ സമീപത്ത് പുബ്ലിയൊസ് എന്നു പേരുള്ള ആ ദ്വീപുപ്രമാണിയ്ക്ക് ഒരു ജന്മഭൂമി ഉണ്ടായിരുന്നു; അവൻ ഞങ്ങളെ സ്വീകരിച്ച് മൂന്നു ദിവസം ആദരവോടെ ഞങ്ങളെ സൽക്കരിക്കുകയും ചെയ്തു. പുബ്ലിയൊസിൻ്റെ അപ്പൻ പനിയും അതിസാരവും പിടിച്ച് കിടപ്പായിരുന്നു. പൗലൊസ് അവന്റെ അടുക്കൽ അകത്ത് ചെന്നു പ്രാർത്ഥിച്ച് അവന്‍റെമേൽ കൈവച്ച് സുഖപ്പെടുത്തി. ഇത് സംഭവിച്ചശേഷം ദ്വീപിലുണ്ടായിരുന്ന മറ്റ് രോഗികളും വന്ന് സൗഖ്യം പ്രാപിച്ചു. അവരും ഏറിയ സമ്മാനങ്ങൾ തന്ന് ഞങ്ങളെ മാനിച്ചു; ഞങ്ങൾ കപ്പൽയാത്രയ്ക്കായ് ഒരുങ്ങുമ്പോൾ ഞങ്ങൾക്കാവശ്യമുള്ളതെല്ലാം കൊണ്ടുവന്ന് തന്നു. മൂന്നുമാസം കഴിഞ്ഞശേഷം ആ ദ്വീപിൽ ശീതകാലം കഴിച്ച് കിടന്നിരുന്ന സിയുസ് ദേവന്‍റെ ഇരട്ടമക്കളുടെ ചിഹ്നമുള്ളോരു അലെക്സന്ത്രിയകപ്പലിൽ ഞങ്ങൾ കയറി പുറപ്പെട്ടു, സുറക്കൂസ് പട്ടണത്തിന്‍റെ കരയ്ക്കിറിങ്ങി അവിടെ മൂന്നുനാൾ പാർത്തു; അവിടെനിന്ന് ഓടി രേഗ്യൊൻ എന്ന പട്ടണത്തിൽ എത്തി. ഒരു ദിവസം കഴിഞ്ഞിട്ട് തെക്കൻ കാറ്റ് അടിച്ചതിനാൽ രണ്ടാംദിവസം ഞങ്ങൾ പുത്യൊലി പട്ടണത്തിൽ എത്തി. അവിടെ ചില സഹോദരന്മാരെ കണ്ടു, തങ്ങളോടുകൂടെ ഏഴു നാൾ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു; പിന്നെ ഞങ്ങൾ റോമിൽ എത്തി.
അപ്പൊ. പ്രവൃത്തികൾ 28:1-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
രക്ഷപ്പെട്ടശേഷം ദ്വീപിന്റെ പേർ മെലിത്ത എന്നു ഞങ്ങൾ ഗ്രഹിച്ചു. അവിടത്തെ ബർബരന്മാർ ഞങ്ങൾക്കു അസാധാരണ ദയ കാണിച്ചു, മഴയും ശീതവും നിമിത്തം തീ കൂട്ടി ഞങ്ങളെ ഒക്കെയും കൈക്കൊണ്ടു. പൗലൊസ് കുറെ വിറകു പെറുക്കി തീയിൽ ഇട്ടപ്പൊൾ ഒരു അണലി ചൂടുനിമിത്തം പുറപ്പെട്ടു അവന്റെ കൈക്കു പറ്റി. ആ ജന്തു അവന്റെ കൈമേൽ തൂങ്ങുന്നതു ബർബരന്മാർ കണ്ടപ്പോൾ: ഈ മനുഷ്യൻ ഒരു കൊലപാതകൻ സംശയമില്ല; കടലിൽ നിന്നു രക്ഷപ്പെട്ടിട്ടും നീതിദേവി അവനെ ജീവിച്ചിരിപ്പാൻ സമ്മതിക്കുന്നില്ല എന്നു തമ്മിൽ പറഞ്ഞു. അവനോ ആ ജന്തുവിനെ തീയിൽ കുടഞ്ഞു കളഞ്ഞു, ദോഷം ഒന്നും പറ്റിയില്ല. അവൻ വീർക്കുകയോ പെട്ടെന്നു ചത്തു വീഴുകയോ ചെയ്യും എന്നു വെച്ചു അവർ കാത്തുനിന്നു; വളരെ നേരം കാത്തുനിന്നിട്ടും അവന്നു ആപത്തു ഒന്നും ഭവിക്കുന്നില്ല എന്നു കണ്ടു മനസ്സു മാറി അവൻ ഒരു ദേവൻ എന്നു പറഞ്ഞു. ആ സ്ഥലത്തിന്റെ സമീപത്തു പുബ്ലിയൊസ് എന്ന ദ്വീപുപ്രമാണിക്കു ഒരു ജന്മഭൂമി ഉണ്ടായിരുന്നു; അവൻ ഞങ്ങളെ ചേർത്തു മൂന്നു ദിവസം ആദരവോടെ അതിഥിസൽക്കാരം ചെയ്തു. പുബ്ലിയൊസിന്റെ അപ്പൻ പനിയും അതിസാരവും പിടിച്ചു കിടപ്പായിരുന്നു. പൗലൊസ് അവന്റെ അടുക്കൽ അകത്തു ചെന്നു പ്രാർത്ഥിച്ചു അവന്റെമേൽ കൈവെച്ചു സൗഖ്യം വരുത്തി. ഇതു സംഭവിച്ചശേഷം ദ്വീപിലെ മറ്റു ദീനക്കാരും വന്നു സൗഖ്യം പ്രാപിച്ചു. അവരും ഏറിയ സമ്മാനം തന്നു ഞങ്ങളെ മാനിച്ചു; ഞങ്ങൾ കപ്പൽ കയറുന്ന സമയം ആവശ്യമുള്ളതു കയറ്റിത്തന്നു. മൂന്നു മാസം കഴിഞ്ഞശേഷം ആ ദ്വീപിൽ ശീതകാലം കഴിച്ചു കിടന്നിരുന്ന അശ്വനി ചിഹ്നമുള്ളോരു അലെക്സന്ത്രിയകപ്പലിൽ ഞങ്ങൾ കയറി പുറപ്പെട്ടു, സുറക്കൂസയിൽ കരെക്കിറിങ്ങി മൂന്നു നാൾ പാർത്തു; അവിടെ നിന്നു ചുറ്റി ഓടി രേഗ്യൊനിൽ എത്തി. ഒരു ദിവസം കഴിഞ്ഞിട്ടു തെക്കങ്കാറ്റു അടിച്ചതിനാൽ പിറ്റേന്നു പുത്യൊലിയിൽ എത്തി. അവിടെ സഹോദരന്മാരെ കണ്ടു തങ്ങളോടു കൂടെ ഏഴു നാൾ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു; പിന്നെ ഞങ്ങൾ റോമയിൽ എത്തി.
അപ്പൊ. പ്രവൃത്തികൾ 28:1-14 സമകാലിക മലയാളവിവർത്തനം (MCV)
രക്ഷപ്പെട്ടുകഴിഞ്ഞപ്പോൾ, അതു മാൾട്ടാ എന്നു പേരുള്ള ഒരു ദ്വീപാണെന്ന് ഞങ്ങൾ മനസ്സിലാക്കി. ദ്വീപുനിവാസികൾ ഞങ്ങളോട് അസാധാരണമായ കനിവു കാണിച്ചു. മഴയും തണുപ്പും ഉണ്ടായിരുന്നതുകൊണ്ട് അവർ തീകൂട്ടി ഞങ്ങളെ എല്ലാവരെയും സ്വാഗതംചെയ്തു. പൗലോസ് ഒരുകെട്ട് ചുള്ളിക്കമ്പുകൾ ശേഖരിച്ചു തീയിലേക്കിടുമ്പോൾ ഒരണലി ചൂടുകൊണ്ടു പുറത്തുചാടി അദ്ദേഹത്തിന്റെ കൈയിൽ ചുറ്റി. ഇങ്ങനെ പൗലോസിന്റെ കൈയിൽ പാമ്പു തൂങ്ങിക്കിടക്കുന്നതു കണ്ടിട്ട് ദ്വീപുനിവാസികൾ, “ഈ മനുഷ്യൻ തീർച്ചയായും ഒരു കൊലപാതകിയാണ്; കടലിൽനിന്ന് രക്ഷപ്പെട്ടിട്ടും നീതിദേവി ഇയാളെ ജീവിക്കാൻ അനുവദിക്കുന്നില്ലല്ലോ!” എന്നു തമ്മിൽ പറഞ്ഞു. എന്നാൽ, പൗലോസ് ആ പാമ്പിനെ തീയിലേക്കു കുടഞ്ഞുകളഞ്ഞു; ദോഷമൊന്നും സംഭവിച്ചില്ല. അദ്ദേഹം നീരുവെച്ചു വീങ്ങുകയോ ഉടൻതന്നെ മരിച്ചുവീഴുകയോ ചെയ്യുമെന്നു ജനങ്ങൾ പ്രതീക്ഷിച്ചു; എന്നാൽ, ഏറെനേരം കാത്തിരുന്നിട്ടും അനർഥമൊന്നും സംഭവിക്കുന്നില്ല എന്നുകണ്ടപ്പോൾ അവർ മനസ്സുമാറ്റി, അദ്ദേഹം ഒരു ദേവൻതന്നെ എന്നു പറഞ്ഞു. ദ്വീപുപ്രമാണിയായിരുന്ന പുബ്ലിയൊസിന് അവിടെയടുത്ത് കുറെ സ്ഥലം ഉണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ സ്വീകരിച്ചു മൂന്നുദിവസം ആദരവോടെ സൽക്കരിച്ചു. അയാളുടെ പിതാവ് പനിയും അതിസാരവും പിടിപെട്ടു കിടക്കുകയായിരുന്നു. പൗലോസ് അദ്ദേഹത്തെ കാണാൻ അകത്തേക്കു ചെന്നു; പ്രാർഥിച്ച് അദ്ദേഹത്തിന്റെമേൽ കൈവെച്ചു സൗഖ്യമാക്കി. ഈ സംഭവത്തെത്തുടർന്നു ദ്വീപിലെ മറ്റു രോഗികളും വന്നു സൗഖ്യംപ്രാപിച്ചു. അവർ പല സമ്മാനങ്ങൾ നൽകി ഞങ്ങളെ ബഹുമാനിച്ചു. യാത്രപുറപ്പെട്ടപ്പോൾ, ഞങ്ങൾക്ക് ആവശ്യമായിരുന്നതെല്ലാം കൊണ്ടുവന്നു തന്നു. മൂന്നുമാസത്തിനുശേഷം, ആ ദ്വീപിൽ ശീതകാലം കഴിയുന്നതുവരെ നങ്കൂരമടിച്ചു കിടന്നിരുന്ന അശ്വനിചിഹ്നമുള്ള ഒരു അലെക്സന്ത്രിയൻ കപ്പലിൽ ഞങ്ങൾ കയറി യാത്രപുറപ്പെട്ടു. ഞങ്ങൾ സുറക്കൂസയിലെത്തി മൂന്നുദിവസം അവിടെ താമസിച്ചു. അവിടെനിന്നു യാത്രതിരിച്ച് രെഗ്യമിൽ എത്തി. പിറ്റേന്ന് തെക്കൻകാറ്റു വീശിയതിനാൽ അതിന്റെ അടുത്തദിവസം ഞങ്ങൾ പുത്തെയൊലിയിൽ എത്തി. അവിടെ ഏതാനും സഹോദരങ്ങളെ കണ്ടുമുട്ടി. അവർ ഞങ്ങളെ ഒരാഴ്ചത്തേക്ക് അവരോടുകൂടെ താമസിക്കാൻ ക്ഷണിച്ചു. അതിനുശേഷം ഞങ്ങൾ റോമിലേക്കു യാത്രയായി.