അപ്പൊ. പ്രവൃത്തികൾ 27:27-38 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 27:27-38 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
പതിന്നാലാം രാത്രിയായപ്പോൾ ഞങ്ങൾ അദ്രിയക്കടലിൽ അലയുന്നേരം അർധരാത്രിയിൽ ഒരു കരയ്ക്കു സമീപിക്കുന്നു എന്ന് കപ്പല്ക്കാർക്കു തോന്നി. അവർ ഈയം ഇട്ട് ഇരുപതു മാറെന്നു കണ്ടു; കുറയ അപ്പുറം പോയിട്ടു വീണ്ടും ഈയം ഇട്ടു പതിനഞ്ചു മാറെന്നു കണ്ടു. പാറസ്ഥലങ്ങളിൽ അകപ്പെടും എന്നു പേടിച്ച് അവർ അമരത്തുനിന്നു നാലു നങ്കൂരം ഇട്ട്, നേരം വെളുപ്പാൻ ആഗ്രഹിച്ചുകൊണ്ടിരുന്നു. എന്നാൽ കപ്പല്ക്കാർ കപ്പൽ വിട്ട് ഓടിപ്പോകുവാൻ വിചാരിച്ച് അണിയത്തുനിന്നു നങ്കൂരം ഇടുവാൻ പോകുന്നു എന്നുള്ള ഭാവത്തിൽ തോണി കടലിൽ ഇറക്കി. അപ്പോൾ പൗലൊസ് ശതാധിപനോടും പടയാളികളോടും: ഇവർ കപ്പലിൽ താമസിച്ചല്ലാതെ നിങ്ങൾക്കു രക്ഷപെടുവാൻ കഴിയുന്നതല്ല എന്നു പറഞ്ഞു. പടയാളികൾ തോണിയുടെ കയറ് അറുത്ത് അതു വീഴിച്ചുകളഞ്ഞു. നേരം വെളുക്കാറായപ്പോൾ പൗലൊസ് എല്ലാവരോടും ഭക്ഷണം കഴിക്കേണ്ടതിന് അപേക്ഷിച്ചു: നിങ്ങൾ ഒന്നും ഭക്ഷിക്കാതെ കാത്തുകൊണ്ടു പട്ടിണി കിടക്കുന്നത് ഇന്നു പതിന്നാലാം ദിവസം ആകുന്നുവല്ലോ. അതുകൊണ്ട് ആഹാരം കഴിക്കേണം എന്ന് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു; അത് നിങ്ങളുടെ രക്ഷയ്ക്കുള്ളതല്ലോ; നിങ്ങളിൽ ഒരുത്തന്റെയും തലയിലെ ഒരു രോമംപോലും നഷ്ടമാകയില്ല നിശ്ചയം എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ട് അപ്പം എടുത്ത് എല്ലാവരും കാൺകെ ദൈവത്തെ വാഴ്ത്തിയിട്ടു നുറുക്കി തിന്നുതുടങ്ങി. അപ്പോൾ എല്ലാവരും ധൈര്യപ്പെട്ടു ഭക്ഷണം കഴിച്ചു. കപ്പലിൽ ഞങ്ങൾ ആകപ്പാടെ ഇരുനൂറ്റെഴുപത്താറ് ആൾ ഉണ്ടായിരുന്നു. അവർ തിന്നു തൃപ്തി വന്നശേഷം ധാന്യം കടലിൽ കളഞ്ഞ് കപ്പലിന്റെ ഭാരം കുറച്ചു.
അപ്പൊ. പ്രവൃത്തികൾ 27:27-38 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അദ്രിയാറ്റിക് കടലിൽ ഞങ്ങൾ അലഞ്ഞു തിരിയുന്നതിന്റെ പതിനാലാമത്തെ രാത്രിയിൽ ഏതാണ്ട് അർധരാത്രി സമയത്ത്, കരയോട് അടുത്തെത്തിയെന്നു നാവികർക്കു തോന്നി. അതുകൊണ്ട് അവർ ആഴം അളന്നുനോക്കി. ഏകദേശം നാല്പതു മീറ്റർ ആഴമുണ്ടെന്ന് അവർക്കു മനസ്സിലായി. കുറച്ചുകൂടി കഴിഞ്ഞ് അവർ വീണ്ടും അളന്നപ്പോൾ മുപ്പതു മീറ്റർ എന്നു കണ്ടു. കപ്പൽ പാറക്കെട്ടിൽ ചെന്നു മുട്ടിയേക്കുമെന്നു ഭയപ്പെട്ട് അവർ അമരത്തുനിന്ന് നാലു നങ്കൂരമിട്ടു; നേരം വെളുക്കുന്നതിന് അത്യാകാംക്ഷയോടെ കാത്തിരുന്നു. പുലർച്ചയായപ്പോൾ നാവികർ കപ്പൽ ഉപേക്ഷിച്ച് രക്ഷപെടുവാൻ ശ്രമിച്ചു. അവർ അണിയത്തുനിന്ന് നങ്കൂരമിടുവാനെന്ന ഭാവത്തിൽ തോണി കടലിലിറക്കി. അപ്പോൾ പൗലൊസ് ശതാധിപനോടും പടയാളികളോടും പറഞ്ഞു: “ഈ മനുഷ്യർ കപ്പലിൽ നിന്നിറങ്ങിയാൽ നിങ്ങൾക്കു രക്ഷപെടുവാൻ കഴിയുകയില്ല.” അതുകൊണ്ട് പടയാളികൾ തോണിയുടെ കയർ അറുത്തുവിട്ടുകളഞ്ഞു. നേരം പുലരാറായപ്പോൾ എല്ലാവരെയും ഭക്ഷണം കഴിക്കുവാൻ പൗലൊസ് നിർബന്ധിച്ചു. അദ്ദേഹം പറഞ്ഞു: “നിങ്ങൾ ഒരാഹാരവും കഴിക്കാതെയായിട്ട് പതിനാലു ദിവസമായല്ലോ. അതുകൊണ്ട്, നിങ്ങൾ എന്തെങ്കിലും കഴിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു. നിങ്ങളുടെ ജീവൻ അവശേഷിക്കുന്നതിന് അത് അത്യാവശ്യവുമാണല്ലോ; നിങ്ങളുടെ തലയിലെ ഒരു രോമംപോലും നഷ്ടപ്പെടുകയില്ല.” ഇങ്ങനെ പറഞ്ഞശേഷം എല്ലാവരുടെയും മുമ്പിൽവച്ച് അദ്ദേഹം അപ്പമെടുത്ത് ദൈവത്തിനു സ്തോത്രം ചെയ്തശേഷം മുറിച്ചു തിന്നുവാൻ തുടങ്ങി. അപ്പോൾ എല്ലാവരും ധൈര്യംപൂണ്ടു ഭക്ഷണം കഴിച്ചു. കപ്പലിൽ ഞങ്ങൾ മൊത്തം ഇരുനൂറ്റെഴുപത്താറു പേരുണ്ടായിരുന്നു. അവർ മതിയാകുവോളം ഭക്ഷിച്ചശേഷം കോതമ്പ് കടലിൽ കളഞ്ഞ് കപ്പലിന്റെ ഭാരം കുറച്ചു.
അപ്പൊ. പ്രവൃത്തികൾ 27:27-38 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
പതിനാലാം രാത്രിയായപ്പോൾ ഞങ്ങൾ അദ്രിയക്കടലിൽ അലയുന്നേരം അർദ്ധരാത്രിയിൽ ഒരു കരയ്ക്ക് സമീപിക്കുന്നു എന്നു കപ്പൽക്കാർക്ക് തോന്നി. അവർ ഈയം ഇട്ടു ഇരുപതു മാറെന്ന് കണ്ടു; കുറച്ച് അപ്പുറം പോയിട്ട് വീണ്ടും ഈയം ഇട്ടു പതിനഞ്ചു മാറെന്ന് കണ്ടു. പാറ സ്ഥലങ്ങളിൽ ഇടിക്കുമോ എന്നു പേടിച്ച് അവർ അമരത്തുനിന്ന് നാലു നങ്കൂരം ഇട്ടു, വേഗം നേരം വെളുപ്പാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. എന്നാൽ കപ്പൽക്കാർ കപ്പൽ വിട്ട് ഓടിപ്പോകുവാൻ വിചാരിച്ച് അണിയത്തുനിന്ന് നങ്കൂരം ഇടുവാൻ പോകുന്നു എന്നുള്ള ഭാവത്തിൽ തോണി കടലിൽ ഇറക്കി. അപ്പോൾ പൗലൊസ് ശതാധിപനോടും പടയാളികളോടും: “ഇവർ കപ്പലിൽ താമസിച്ചല്ലാതെ നിങ്ങൾക്ക് രക്ഷപെടുവാൻ കഴിയുന്നതല്ല” എന്നു പറഞ്ഞു. പടയാളികൾ തോണിയുടെ കയറ് അറുത്ത് അത് വീഴിച്ചുകളഞ്ഞു. നേരം വെളുക്കാറായപ്പോൾ പൗലൊസ് എല്ലാവരോടും ഭക്ഷണം കഴിക്കേണ്ടതിന് അപേക്ഷിച്ചു: “നിങ്ങൾ ഒന്നും ഭക്ഷിക്കാതെ കാത്തുകൊണ്ട് പട്ടിണി കിടക്കുന്നത് ഇന്ന് പതിനാലാം ദിവസം ആകുന്നുവല്ലോ. അതുകൊണ്ട് ആഹാരം കഴിക്കേണം എന്നു ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു; അത് നിങ്ങളുടെ രക്ഷയ്ക്കുള്ളതല്ലോ; നിങ്ങളിൽ ഒരുവന്‍റെയും തലയിലെ ഒരു രോമംപോലും നഷ്ടമാകയില്ല നിശ്ചയം” എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ട് അപ്പം എടുത്ത് എല്ലാവരും കാൺകെ ദൈവത്തെ വാഴ്ത്തിയിട്ട് നുറുക്കി തിന്നുതുടങ്ങി. അപ്പോൾ എല്ലാവരും ധൈര്യപ്പെട്ട് ഭക്ഷണം കഴിച്ചു. കപ്പലിൽ ഞങ്ങൾ ആകപ്പാടെ ഇരുനൂറ്റെഴുപത്താറ് ആൾ ഉണ്ടായിരുന്നു. അവർ തിന്ന് തൃപ്തിവന്നശേഷം ധാന്യം കടലിൽ കളഞ്ഞ് കപ്പലിന്റെ ഭാരം കുറച്ചു.
അപ്പൊ. പ്രവൃത്തികൾ 27:27-38 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പതിന്നാലാം രാത്രിയായപ്പോൾ ഞങ്ങൾ അദ്രിയക്കടലിൽ അലയുന്നേരം അർദ്ധരാത്രിയിൽ ഒരു കരെക്കു സമീപിക്കുന്നു എന്നു കപ്പൽക്കാർക്കു തോന്നി. അവർ ഈയം ഇട്ടു ഇരുപതു മാറെന്നു കണ്ടു; കുറയ അപ്പുറം പോയിട്ടു വീണ്ടും ഈയം ഇട്ടു പതിനഞ്ചു മാറെന്നു കണ്ടു. പാറ സ്ഥലങ്ങളിൽ അകപ്പെടും എന്നു പേടിച്ചു അവർ അമരത്തു നിന്നു നാലു നങ്കൂരം ഇട്ടു, നേരം വെളുപ്പാൻ ആഗ്രഹിച്ചുകൊണ്ടിരുന്നു. എന്നാൽ കപ്പൽക്കാർ കപ്പൽ വിട്ടു ഓടിപ്പോകുവാൻ വിചാരിച്ചു അണിയത്തുനിന്നു നങ്കൂരം ഇടുവാൻ പോകുന്നു എന്നുള്ള ഭാവത്തിൽ തോണി കടലിൽ ഇറക്കി. അപ്പോൾ പൗലൊസ് ശതാധിപനോടും പടയാളികളോടും: ഇവർ കപ്പലിൽ താമസിച്ചല്ലാതെ നിങ്ങൾക്കു രക്ഷപ്പെടുവാൻ കഴിയുന്നതല്ല എന്നു പറഞ്ഞു. പടയാളികൾ തോണിയുടെ കയറു അറുത്തു അതു വീഴിച്ചുകളഞ്ഞു. നേരം വെളുക്കാറായപ്പോൾ പൗലൊസ് എല്ലാവരോടും ഭക്ഷണം കഴിക്കേണ്ടതിന്നു അപേക്ഷിച്ചു: നിങ്ങൾ ഒന്നും ഭക്ഷിക്കാതെ കാത്തുകൊണ്ടു പട്ടിണി കിടക്കുന്നതു ഇന്നു പതിന്നാലാം ദിവസം ആകുന്നുവല്ലോ. അതുകൊണ്ടു ആഹാരം കഴിക്കേണം എന്നു ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു; അതു നിങ്ങളുടെ രക്ഷെക്കുള്ളതല്ലോ; നിങ്ങളിൽ ഒരുത്തന്റെയും തലയിലെ ഒരു രോമംപോലും നഷ്ടമാകയില്ല നിശ്ചയം എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ടു അപ്പം എടുത്തു എല്ലാവരും കാൺകെ ദൈവത്തെ വാഴ്ത്തിട്ടു നുറുക്കി തിന്നുതുടങ്ങി. അപ്പോൾ എല്ലാവരും ധൈര്യപ്പെട്ടു ഭക്ഷണം കഴിച്ചു. കപ്പലിൽ ഞങ്ങൾ ആകപ്പാടെ ഇരുനൂറ്റെഴുപത്താറു ആൾ ഉണ്ടായിരുന്നു. അവർ തിന്നു തൃപ്തിവന്നശേഷം ധാന്യം കടലിൽ കളഞ്ഞു കപ്പലിന്റെ ഭാരം കുറെച്ചു.
അപ്പൊ. പ്രവൃത്തികൾ 27:27-38 MCV (സമകാലിക മലയാളവിവർത്തനം)
ഇതിന്റെ പതിന്നാലാം രാത്രിയിൽ, ഞങ്ങൾ അദ്രിയക്കടലിലൂടെ തിരമാലകളാൽ ആടിയുലഞ്ഞ് മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോൾ, അർധരാത്രിയോടെ, ഏതോ ഒരു തീരം അടുത്തുകൊണ്ടിരിക്കുന്നെന്ന് നാവികർക്കു തോന്നി. അവിടെ വെള്ളത്തിന്റെ ആഴം അളന്നു നോക്കിയപ്പോൾ ഏകദേശം മുപ്പത്തിയേഴു മീറ്റർ എന്നുകണ്ടു. കുറച്ചു സമയം കഴിഞ്ഞ് വീണ്ടും വെള്ളത്തിന്റെ ആഴം നോക്കിയപ്പോൾ ഏകദേശം ഇരുപത്തിയേഴു മീറ്റർ എന്നുകണ്ടു. ഞങ്ങൾ പാറക്കെട്ടുകളിൽ തട്ടിത്തകരുമെന്നുള്ള ഭയത്താൽ അവർ നാലു നങ്കൂരങ്ങൾ അമരത്തുനിന്നു താഴ്ത്തി, നേരം പുലരുന്നതിനുവേണ്ടി പ്രാർഥിച്ചുകൊണ്ടിരുന്നു. അണിയത്തുനിന്നു നങ്കൂരം ഇറക്കുന്നു എന്ന ഭാവത്തിൽ പ്രാണരക്ഷയ്ക്കുപയോഗിക്കുന്ന വള്ളം കടലിലിറക്കി നാവികർ കപ്പലിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ചു. അപ്പോൾ പൗലോസ് ശതാധിപനോടും പട്ടാളക്കാരോടും, “ഈ ആളുകൾ കപ്പലിൽത്തന്നെ നിന്നില്ലെങ്കിൽ നിങ്ങൾക്കു രക്ഷപ്പെടാൻ കഴിയുകയില്ല” എന്നു പറഞ്ഞു. അപ്പോൾ പട്ടാളക്കാർ കയർ മുറിച്ചു വള്ളം കടലിൽ തള്ളി. പുലർച്ചയ്ക്ക് അൽപ്പംമുമ്പ് പൗലോസ് അവരെയെല്ലാവരെയും ആഹാരം കഴിക്കാൻ നിർബന്ധിച്ചു. “കഴിഞ്ഞ പതിന്നാലു ദിവസമായി നിങ്ങൾ നിരന്തരമായ അനിശ്ചിതത്വംമൂലം ആഹാരം വെടിഞ്ഞു കഴിയുകയായിരുന്നല്ലോ. ഇപ്പോൾ നിങ്ങൾ ദയവായി അൽപ്പമെന്തെങ്കിലും ആഹാരം കഴിക്കണമെന്നാണ് എന്റെ അപേക്ഷ. നിങ്ങളുടെ ജീവരക്ഷയ്ക്ക് അത് അത്യാവശ്യമാണ്. നിങ്ങളിൽ ആരുടെയും ഒരു തലമുടിപോലും നഷ്ടമാകുകയില്ല,” എന്ന് അദ്ദേഹം അവരോടു പറഞ്ഞു. ഇതു പറഞ്ഞതിനുശേഷം അദ്ദേഹം അപ്പമെടുത്ത് എല്ലാവരും കാൺകെ ദൈവത്തിനു സ്തോത്രംചെയ്തു മുറിച്ചു തിന്നുതുടങ്ങി. അപ്പോൾ അവർക്കെല്ലാവർക്കും ധൈര്യമായി; അവരും ഭക്ഷണം കഴിച്ചു. കപ്പലിൽ ഞങ്ങളെല്ലാവരുംകൂടി ഇരുനൂറ്റിയെഴുപത്തിയാറു പേരുണ്ടായിരുന്നു. എല്ലാവരും വേണ്ടുന്നത്ര ഭക്ഷിച്ചതിനുശേഷം ധാന്യം കടലിലേക്കെറിഞ്ഞുകളഞ്ഞ് കപ്പലിന്റെ ഭാരം കുറച്ചു.