അപ്പൊ. പ്രവൃത്തികൾ 27:13-44

അപ്പൊ. പ്രവൃത്തികൾ 27:13-44 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

തെക്കൻകാറ്റു മന്ദമായി ഊതുകയാൽ താൽപര്യം സാധിച്ചു എന്നു തോന്നി, അവർ അവിടെനിന്നു നങ്കൂരം എടുത്തു ക്രേത്തദ്വീപിന്റെ മറപറ്റി ഓടി. കുറെ കഴിഞ്ഞിട്ട് അതിനു വിരോധമായി ഈശാനമൂലൻ എന്ന കൊടുങ്കാറ്റ് അടിച്ചു. കപ്പൽ കാറ്റിന്റെ നേരേ നില്പാൻ കഴിയാതവണ്ണം കുടുങ്ങുകയാൽ ഞങ്ങൾ കൈവിട്ട് അങ്ങനെ പാറിപ്പോയി. ക്ലൌദ എന്ന ചെറിയ ദ്വീപിന്റെ മറപറ്റി ഓടിയിട്ടു പ്രയാസത്തോടെ തോണി കൈവശമാക്കി. അത് വലിച്ചുകയറ്റിയിട്ട് അവർ കപ്പൽ ചുറ്റിക്കെട്ടിയും മറ്റും ഉറപ്പുവരുത്തി; പിന്നെ മണത്തിട്ടമേൽ അകപ്പെടും എന്ന് പേടിച്ചു പായ് ഇറക്കി അങ്ങനെ പാറിപ്പോയി. ഞങ്ങൾ കൊടുങ്കാറ്റിനാൽ അത്യന്തം അലയുകകൊണ്ടു പിറ്റേന്ന് അവർ ചരക്കു പുറത്തുകളഞ്ഞു. മൂന്നാംനാൾ അവർ സ്വന്തം കൈയാൽ കപ്പൽക്കോപ്പും കടലിൽ ഇട്ടുകളഞ്ഞു. വളരെ നാളായിട്ടു സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാതെയും വല്ലാത്ത കൊടുങ്കാറ്റ് അടിച്ചുകൊണ്ടും ഇരിക്കയാൽ ഞങ്ങൾ രക്ഷപെടും എന്നുള്ള ആശയൊക്കെയും അറ്റുപോയി. അവർ വളരെ പട്ടിണി കിടന്നശേഷം പൗലൊസ് അവരുടെ നടുവിൽ നിന്നുകൊണ്ടു പറഞ്ഞത്: പുരുഷന്മാരേ, എന്റെ വാക്ക് അനുസരിച്ച് ക്രേത്തയിൽനിന്നു നീക്കാതെയും ഈ കഷ്ടനഷ്ടങ്ങൾ സമ്പാദിക്കാതെയും ഇരിക്കേണ്ടതായിരുന്നു. എങ്കിലും ഇപ്പോൾ ധൈര്യത്തോടിരിപ്പാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു; കപ്പലിന് അല്ലാതെ നിങ്ങളിൽ ആരുടെയും പ്രാണനു ഹാനി വരുകയില്ല. എന്റെ ഉടയവനും ഞാൻ സേവിച്ചുവരുന്നവനുമായ ദൈവത്തിന്റെ ദൂതൻ ഈ രാത്രിയിൽ എന്റെ അടുക്കൽനിന്നു: പൗലൊസേ, ഭയപ്പെടരുത്; നീ കൈസരുടെ മുമ്പിൽ നില്ക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്ര ചെയ്യുന്നവരെയൊക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതുകൊണ്ടു പുരുഷന്മാരേ, ധൈര്യത്തോടിരിപ്പിൻ; എന്നോട് അരുളിച്ചെയ്തതുപോലെതന്നെ സംഭവിക്കും എന്ന് ഞാൻ ദൈവത്തെ വിശ്വസിക്കുന്നു. എങ്കിലും നാം ഒരു ദ്വീപിന്മേൽ മുട്ടി വീഴേണ്ടതാകുന്നു. പതിന്നാലാം രാത്രിയായപ്പോൾ ഞങ്ങൾ അദ്രിയക്കടലിൽ അലയുന്നേരം അർധരാത്രിയിൽ ഒരു കരയ്ക്കു സമീപിക്കുന്നു എന്ന് കപ്പല്ക്കാർക്കു തോന്നി. അവർ ഈയം ഇട്ട് ഇരുപതു മാറെന്നു കണ്ടു; കുറയ അപ്പുറം പോയിട്ടു വീണ്ടും ഈയം ഇട്ടു പതിനഞ്ചു മാറെന്നു കണ്ടു. പാറസ്ഥലങ്ങളിൽ അകപ്പെടും എന്നു പേടിച്ച് അവർ അമരത്തുനിന്നു നാലു നങ്കൂരം ഇട്ട്, നേരം വെളുപ്പാൻ ആഗ്രഹിച്ചുകൊണ്ടിരുന്നു. എന്നാൽ കപ്പല്ക്കാർ കപ്പൽ വിട്ട് ഓടിപ്പോകുവാൻ വിചാരിച്ച് അണിയത്തുനിന്നു നങ്കൂരം ഇടുവാൻ പോകുന്നു എന്നുള്ള ഭാവത്തിൽ തോണി കടലിൽ ഇറക്കി. അപ്പോൾ പൗലൊസ് ശതാധിപനോടും പടയാളികളോടും: ഇവർ കപ്പലിൽ താമസിച്ചല്ലാതെ നിങ്ങൾക്കു രക്ഷപെടുവാൻ കഴിയുന്നതല്ല എന്നു പറഞ്ഞു. പടയാളികൾ തോണിയുടെ കയറ് അറുത്ത് അതു വീഴിച്ചുകളഞ്ഞു. നേരം വെളുക്കാറായപ്പോൾ പൗലൊസ് എല്ലാവരോടും ഭക്ഷണം കഴിക്കേണ്ടതിന് അപേക്ഷിച്ചു: നിങ്ങൾ ഒന്നും ഭക്ഷിക്കാതെ കാത്തുകൊണ്ടു പട്ടിണി കിടക്കുന്നത് ഇന്നു പതിന്നാലാം ദിവസം ആകുന്നുവല്ലോ. അതുകൊണ്ട് ആഹാരം കഴിക്കേണം എന്ന് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു; അത് നിങ്ങളുടെ രക്ഷയ്ക്കുള്ളതല്ലോ; നിങ്ങളിൽ ഒരുത്തന്റെയും തലയിലെ ഒരു രോമംപോലും നഷ്ടമാകയില്ല നിശ്ചയം എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ട് അപ്പം എടുത്ത് എല്ലാവരും കാൺകെ ദൈവത്തെ വാഴ്ത്തിയിട്ടു നുറുക്കി തിന്നുതുടങ്ങി. അപ്പോൾ എല്ലാവരും ധൈര്യപ്പെട്ടു ഭക്ഷണം കഴിച്ചു. കപ്പലിൽ ഞങ്ങൾ ആകപ്പാടെ ഇരുനൂറ്റെഴുപത്താറ് ആൾ ഉണ്ടായിരുന്നു. അവർ തിന്നു തൃപ്തി വന്നശേഷം ധാന്യം കടലിൽ കളഞ്ഞ് കപ്പലിന്റെ ഭാരം കുറച്ചു. വെളിച്ചമായപ്പോൾ ഇന്ന ദേശം എന്ന് അവർ അറിഞ്ഞില്ല എങ്കിലും കരയുള്ളൊരു തുറ കണ്ടു, കഴിയും എങ്കിൽ കപ്പൽ അതിലേക്ക് ഓടിക്കേണം എന്ന് ഭാവിച്ചു. നങ്കൂരം അറുത്തു കടലിൽ വിട്ടു ചുക്കാന്റെ കെട്ടും അഴിച്ചു പെരുമ്പായ് കാറ്റുമുഖമായി കൊടുത്തു കരയ്ക്കു നേരേ ഓടി. ഇരുകടൽ കൂടിയോരു സ്ഥലത്തിന്മേൽ ചെന്നു കയറുകയാൽ കപ്പൽ അടിഞ്ഞ് അണിയം ഉറച്ച് ഇളക്കമില്ലാതെയായി; അമരം തിരയുടെ കേമത്താൽ ഉടഞ്ഞുപോയി. തടവുകാരിൽ ആരും നീന്തി ഓടിപ്പോകാതിരിപ്പാൻ അവരെ കൊല്ലേണം എന്ന് പടയാളികൾ ആലോചിച്ചു. ശതാധിപനോ പൗലൊസിനെ രക്ഷിപ്പാൻ ഇച്ഛിച്ചിട്ട് അവരുടെ താൽപര്യം തടുത്തു, നീന്തുവാൻ കഴിയുന്നവർ ആദ്യം ചാടി കരയ്ക്കു പറ്റുവാനും ശേഷമുള്ളവർ പലകമേലും കപ്പലിന്റെ ഖണ്ഡങ്ങളുടെ മേലുമായി എത്തുവാനും കല്പിച്ചു.; ഇങ്ങനെ എല്ലാവരും കരയിൽ എത്തി രക്ഷപെടുവാൻ സംഗതിവന്നു.

അപ്പൊ. പ്രവൃത്തികൾ 27:13-44 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

തെക്കൻകാറ്റ് മന്ദംമന്ദം വീശുവാൻ തുടങ്ങിയതുകൊണ്ട്, തങ്ങൾ ഉദ്ദേശിച്ചതുപോലെ അവിടെയെത്താമെന്നു വിചാരിച്ച് അവർ നങ്കൂരമെടുത്തു കപ്പൽ നീക്കി. കഴിയുന്നതും ക്രീറ്റുദ്വീപിന്റെ തീരം ചേർന്ന് അവർ യാത്ര തുടർന്നു. പെട്ടെന്ന് ദ്വീപിൽനിന്ന് വടക്കുകിഴക്കൻ കൊടുങ്കാറ്റ് ആഞ്ഞടിക്കുവാൻ തുടങ്ങി. കാറ്റിനെതിരെ മുന്നോട്ടു നീങ്ങുവാൻ കഴിയാതെ വന്നപ്പോൾ, ഞങ്ങൾ ആ സാഹസം ഉപേക്ഷിച്ചു; കാറ്റിന്റെ ഗതിക്കൊത്തു കപ്പൽ വിട്ടു. അങ്ങനെ ഞങ്ങൾ ക്ലൗദ എന്ന ചെറിയ ദ്വീപിന്റെ മറവിലെത്തി. അവിടെവച്ച് ഞങ്ങൾ വളരെ പണിപ്പെട്ട് കപ്പലിലെ തോണി പിടിച്ചെടുത്തു. അതു വലിച്ചു കയറ്റിയശേഷം വടംകൊണ്ട് കപ്പൽ ചുറ്റിക്കെട്ടിയും മറ്റും ഉറപ്പു വരുത്തി. കപ്പൽ ലിബിയയുടെ തീരത്തിനടുത്തുള്ള ആഴംകുറഞ്ഞ സ്ഥലത്ത് മണൽത്തിട്ടയിൽ ചെന്നു കയറുമെന്ന് അവർ ഭയപ്പെട്ടു. അതുകൊണ്ട് അവർ പായ് താഴ്ത്തി; കാറ്റിന്റെ ഗതിക്കൊത്ത് കപ്പൽ നീങ്ങി. തുടരെ അടിച്ചുകൊണ്ടിരുന്ന ഉഗ്രമായ കൊടുങ്കാറ്റിൽ കപ്പൽ ആടിയുലഞ്ഞു. പിറ്റേദിവസം അവർ ചരക്കുകൾ പുറത്തെറിയുവാൻ തുടങ്ങി. മൂന്നാം ദിവസം കപ്പലിന്റെ പല ഉപകരണങ്ങളും അവരുടെ കൈകൊണ്ടുതന്നെ കടലിലെറിഞ്ഞു. ദിവസങ്ങളോളം സൂര്യനെയോ നക്ഷത്രങ്ങളെയോ ഞങ്ങൾക്കു കാണാൻ കഴിഞ്ഞില്ല. കൊടുങ്കാറ്റ് അവിരാമം അടിച്ചുകൊണ്ടിരുന്നു. ഒടുവിൽ രക്ഷപെടാമെന്നുള്ള ഞങ്ങളുടെ സകല ആശയും അസ്തമിച്ചു. കപ്പലിൽ ഉണ്ടായിരുന്നവർ ഭക്ഷണം കഴിക്കാതെയായിട്ട് വളരെ ദിവസങ്ങളായിരുന്നു. അപ്പോൾ പൗലൊസ് അവരുടെ മധ്യത്തിൽ നിന്നുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു: “സ്നേഹിതരേ, നിങ്ങൾ എന്റെ വാക്കുകൾ കേൾക്കേണ്ടതായിരുന്നു. അതനുസരിച്ച് ക്രീറ്റിൽനിന്നു പുറപ്പെടാതിരുന്നെങ്കിൽ ഈ കഷ്ടനഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നല്ലോ. എങ്കിലും, ഇപ്പോൾ ഞാൻ നിങ്ങളോടു പറയുന്നു: ധൈര്യപ്പെടുക; നിങ്ങളിൽ ആർക്കും തന്നെ ജീവാപായം ഉണ്ടാകുകയില്ല; കപ്പലിനുമാത്രമേ നാശമുണ്ടാകൂ. ഞാൻ സേവിക്കുന്ന എന്റെ ഉടയവനായ ദൈവം അയച്ച ഒരു മാലാഖ കഴിഞ്ഞ രാത്രിയിൽ എന്റെ അടുക്കൽ വന്നു. ‘പൗലൊസേ, നീ ഭയപ്പെടേണ്ടാ; നീ കൈസറുടെ മുമ്പിൽ നില്‌ക്കേണ്ടതാകുന്നു; നിന്റെ കൂടെ യാത്രചെയ്യുന്നവരെല്ലാം നീ മൂലം രക്ഷപെടും’ എന്നു പറഞ്ഞു. അതുകൊണ്ട് സ്നേഹിതരേ, ധൈര്യപ്പെടുക! എന്നോടു പറഞ്ഞതുപോലെതന്നെ സംഭവിക്കുമെന്ന വിശ്വാസം എനിക്കു ദൈവത്തിലുണ്ട്. എങ്കിലും നാം ഒരു ദ്വീപിൽ ചെന്നു കുടുങ്ങേണ്ടിവരും.” അദ്രിയാറ്റിക് കടലിൽ ഞങ്ങൾ അലഞ്ഞു തിരിയുന്നതിന്റെ പതിനാലാമത്തെ രാത്രിയിൽ ഏതാണ്ട് അർധരാത്രി സമയത്ത്, കരയോട് അടുത്തെത്തിയെന്നു നാവികർക്കു തോന്നി. അതുകൊണ്ട് അവർ ആഴം അളന്നുനോക്കി. ഏകദേശം നാല്പതു മീറ്റർ ആഴമുണ്ടെന്ന് അവർക്കു മനസ്സിലായി. കുറച്ചുകൂടി കഴിഞ്ഞ് അവർ വീണ്ടും അളന്നപ്പോൾ മുപ്പതു മീറ്റർ എന്നു കണ്ടു. കപ്പൽ പാറക്കെട്ടിൽ ചെന്നു മുട്ടിയേക്കുമെന്നു ഭയപ്പെട്ട് അവർ അമരത്തുനിന്ന് നാലു നങ്കൂരമിട്ടു; നേരം വെളുക്കുന്നതിന് അത്യാകാംക്ഷയോടെ കാത്തിരുന്നു. പുലർച്ചയായപ്പോൾ നാവികർ കപ്പൽ ഉപേക്ഷിച്ച് രക്ഷപെടുവാൻ ശ്രമിച്ചു. അവർ അണിയത്തുനിന്ന് നങ്കൂരമിടുവാനെന്ന ഭാവത്തിൽ തോണി കടലിലിറക്കി. അപ്പോൾ പൗലൊസ് ശതാധിപനോടും പടയാളികളോടും പറഞ്ഞു: “ഈ മനുഷ്യർ കപ്പലിൽ നിന്നിറങ്ങിയാൽ നിങ്ങൾക്കു രക്ഷപെടുവാൻ കഴിയുകയില്ല.” അതുകൊണ്ട് പടയാളികൾ തോണിയുടെ കയർ അറുത്തുവിട്ടുകളഞ്ഞു. നേരം പുലരാറായപ്പോൾ എല്ലാവരെയും ഭക്ഷണം കഴിക്കുവാൻ പൗലൊസ് നിർബന്ധിച്ചു. അദ്ദേഹം പറഞ്ഞു: “നിങ്ങൾ ഒരാഹാരവും കഴിക്കാതെയായിട്ട് പതിനാലു ദിവസമായല്ലോ. അതുകൊണ്ട്, നിങ്ങൾ എന്തെങ്കിലും കഴിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു. നിങ്ങളുടെ ജീവൻ അവശേഷിക്കുന്നതിന് അത് അത്യാവശ്യവുമാണല്ലോ; നിങ്ങളുടെ തലയിലെ ഒരു രോമംപോലും നഷ്ടപ്പെടുകയില്ല.” ഇങ്ങനെ പറഞ്ഞശേഷം എല്ലാവരുടെയും മുമ്പിൽവച്ച് അദ്ദേഹം അപ്പമെടുത്ത് ദൈവത്തിനു സ്തോത്രം ചെയ്തശേഷം മുറിച്ചു തിന്നുവാൻ തുടങ്ങി. അപ്പോൾ എല്ലാവരും ധൈര്യംപൂണ്ടു ഭക്ഷണം കഴിച്ചു. കപ്പലിൽ ഞങ്ങൾ മൊത്തം ഇരുനൂറ്റെഴുപത്താറു പേരുണ്ടായിരുന്നു. അവർ മതിയാകുവോളം ഭക്ഷിച്ചശേഷം കോതമ്പ് കടലിൽ കളഞ്ഞ് കപ്പലിന്റെ ഭാരം കുറച്ചു. പ്രഭാതമായപ്പോൾ എവിടെയാണ് എത്തിയിരിക്കുന്നതെന്ന് നാവികർക്കു മനസ്സിലായില്ല; എങ്കിലും ഒരു ഉൾക്കടലും അതിന്റെ കരയും കണ്ടു. കഴിയുമെങ്കിൽ കപ്പൽ അവിടെ അടുപ്പിക്കണമെന്ന് അവർ തീരുമാനിച്ചു. അവർ നങ്കൂരം അറുത്തു കടലിൽ ഇട്ടു; ചുക്കാന്റെ കെട്ടും അഴിച്ചു കാറ്റിന് അഭിമുഖമായി പായ് ഉയർത്തി കരയെ ലക്ഷ്യമാക്കി കപ്പൽവിട്ടു. അത് രണ്ടു കടൽ സന്ധിക്കുന്ന സ്ഥാനമായിരുന്നതിനാൽ, കപ്പൽ മണൽത്തിട്ടയിൽ ചെന്നുകയറി അണിയം ഉറച്ചു; കപ്പൽ അവിടെനിന്ന് ഇളകാതെയായി. തിരത്തല്ലേറ്റ് കപ്പലിന്റെ അമരം തകർന്നു. തടവുകാർ നീന്തി രക്ഷപെടാതിരിക്കുന്നതിന് അവരെ കൊല്ലണമെന്ന് പടയാളികൾ വിചാരിച്ചു. ശതാധിപനാകട്ടെ പൗലൊസിനെ രക്ഷിക്കണമെന്നാഗ്രഹിച്ചതുകൊണ്ട് പടയാളികളുടെ ഉദ്യമം തടഞ്ഞു. നീന്താൻ കഴിവുള്ളവർ ആദ്യം കടലിൽ ചാടി നീന്തിയും, ബാക്കിയുള്ളവർ പലകകളിലും കപ്പലിന്റെ അവശിഷ്ടങ്ങളിലും പിടിച്ചും കരയ്‍ക്കെത്തുവാൻ അദ്ദേഹം ആജ്ഞാപിച്ചു. അങ്ങനെ എല്ലാവരും സുരക്ഷിതരായി കരയ്‍ക്കെത്തി.

അപ്പൊ. പ്രവൃത്തികൾ 27:13-44 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

തെക്കൻ കാറ്റ് മന്ദമായി ഊതുകയാൽ, വിചാരിച്ചതുപോലെ യാത്ര ചെയ്യാം എന്നു തോന്നി, അവർ അവിടെനിന്ന് നങ്കൂരം എടുത്ത് ക്രേത്തദ്വീപിൻ്റെ തീരംചേർന്ന് ഓടി. എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ അതിനുനേരേ ദ്വീപിൽനിന്ന് വടക്കുകിഴക്കൻ എന്ന കൊടുങ്കാറ്റ് അടിക്കുവാൻ തുടങ്ങി. കപ്പലിന് കാറ്റിന്‍റെ നേരെ നില്പാൻ കഴിയാതവണ്ണം കുടുങ്ങുകയാൽ ഞങ്ങൾ കാറ്റിന് വഴങ്ങി അതിന്‍റെ വഴിക്കുതന്നെ പോയി. ക്ലൗദ എന്ന ചെറിയ ദ്വീപിൻ്റെ മറപറ്റി ഓടീട്ട് പ്രയാസത്തോടെ തോണി കൈവശമാക്കി. അത് വലിച്ചുകയറ്റിയിട്ട് അവർ കപ്പലിന്‍റെ വശത്തോട് ചുറ്റിക്കെട്ടിയും മറ്റും ഉറപ്പുവരുത്തി; പിന്നെ മണൽത്തിട്ടമേൽ അകപ്പെടും എന്നു പേടിച്ചു പായ് ഇറക്കി, അങ്ങനെ കാറ്റിന്‍റെ ദിശയ്ക്ക് നീക്കി. ഞങ്ങൾ കൊടുങ്കാറ്റിനാൽ അത്യന്തം അലയുകകൊണ്ട് പിറ്റേന്ന് അവർ ചരക്ക് പുറത്തുകളഞ്ഞു. മൂന്നാം നാൾ അവർ സ്വന്തകയ്യാൽ കപ്പൽകോപ്പും കടലിൽ ഇട്ടുകളഞ്ഞു. വളരെ നാളായിട്ട് സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാതെയും വല്ലാത്ത കൊടുങ്കാറ്റ് അടിച്ചുകൊണ്ടും ഇരിക്കയാൽ ഞങ്ങൾ രക്ഷപെടും എന്നുള്ള ആശ ഒക്കെയും അറ്റുപോയി. അവർ വളരെ പട്ടിണി കിടന്നശേഷം പൗലോസ് അവരുടെ നടുവിൽ നിന്നുകൊണ്ടു പറഞ്ഞത്: “പുരുഷന്മാരേ, എന്‍റെ വാക്ക് അനുസരിച്ചു ക്രേത്തയിൽനിന്ന് നീക്കാതെയും ഈ കഷ്ടനഷ്ടങ്ങൾ ഉണ്ടാകാതെയും ഇരിക്കേണ്ടതായിരുന്നു. എങ്കിലും ഇപ്പോൾ ധൈര്യത്തോടിരിപ്പാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു; കപ്പലിന് അല്ലാതെ നിങ്ങളിൽ ആരുടെയും പ്രാണന് ഹാനി വരികയില്ല. എന്‍റെ ഉടയവനും ഞാൻ സേവിച്ചുവരുന്നവനുമായ ദൈവത്തിന്‍റെ ദൂതൻ കഴിഞ്ഞ രാത്രിയിൽ എന്‍റെ അടുക്കൽനിന്ന്: ‘പൗലൊസേ, ഭയപ്പെടരുത്; നീ കൈസരുടെ മുമ്പിൽ നിൽക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്രചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു’ എന്നു പറഞ്ഞു. അതുകൊണ്ട് പുരുഷന്മാരേ, ധൈര്യത്തോടിരിപ്പിൻ; എന്നോട് അരുളിച്ചെയ്തതുപോലെ തന്നെ സംഭവിക്കും എന്നു ഞാൻ ദൈവത്തെ വിശ്വസിക്കുന്നു. എങ്കിലും നാം ഒരു ദ്വീപിന്മേൽ മുട്ടി വീഴേണ്ടതാകുന്നു.” പതിനാലാം രാത്രിയായപ്പോൾ ഞങ്ങൾ അദ്രിയക്കടലിൽ അലയുന്നേരം അർദ്ധരാത്രിയിൽ ഒരു കരയ്ക്ക് സമീപിക്കുന്നു എന്നു കപ്പൽക്കാർക്ക് തോന്നി. അവർ ഈയം ഇട്ടു ഇരുപതു മാറെന്ന് കണ്ടു; കുറച്ച് അപ്പുറം പോയിട്ട് വീണ്ടും ഈയം ഇട്ടു പതിനഞ്ചു മാറെന്ന് കണ്ടു. പാറ സ്ഥലങ്ങളിൽ ഇടിക്കുമോ എന്നു പേടിച്ച് അവർ അമരത്തുനിന്ന് നാലു നങ്കൂരം ഇട്ടു, വേഗം നേരം വെളുപ്പാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. എന്നാൽ കപ്പൽക്കാർ കപ്പൽ വിട്ട് ഓടിപ്പോകുവാൻ വിചാരിച്ച് അണിയത്തുനിന്ന് നങ്കൂരം ഇടുവാൻ പോകുന്നു എന്നുള്ള ഭാവത്തിൽ തോണി കടലിൽ ഇറക്കി. അപ്പോൾ പൗലൊസ് ശതാധിപനോടും പടയാളികളോടും: “ഇവർ കപ്പലിൽ താമസിച്ചല്ലാതെ നിങ്ങൾക്ക് രക്ഷപെടുവാൻ കഴിയുന്നതല്ല” എന്നു പറഞ്ഞു. പടയാളികൾ തോണിയുടെ കയറ് അറുത്ത് അത് വീഴിച്ചുകളഞ്ഞു. നേരം വെളുക്കാറായപ്പോൾ പൗലൊസ് എല്ലാവരോടും ഭക്ഷണം കഴിക്കേണ്ടതിന് അപേക്ഷിച്ചു: “നിങ്ങൾ ഒന്നും ഭക്ഷിക്കാതെ കാത്തുകൊണ്ട് പട്ടിണി കിടക്കുന്നത് ഇന്ന് പതിനാലാം ദിവസം ആകുന്നുവല്ലോ. അതുകൊണ്ട് ആഹാരം കഴിക്കേണം എന്നു ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു; അത് നിങ്ങളുടെ രക്ഷയ്ക്കുള്ളതല്ലോ; നിങ്ങളിൽ ഒരുവന്‍റെയും തലയിലെ ഒരു രോമംപോലും നഷ്ടമാകയില്ല നിശ്ചയം” എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ട് അപ്പം എടുത്ത് എല്ലാവരും കാൺകെ ദൈവത്തെ വാഴ്ത്തിയിട്ട് നുറുക്കി തിന്നുതുടങ്ങി. അപ്പോൾ എല്ലാവരും ധൈര്യപ്പെട്ട് ഭക്ഷണം കഴിച്ചു. കപ്പലിൽ ഞങ്ങൾ ആകപ്പാടെ ഇരുനൂറ്റെഴുപത്താറ് ആൾ ഉണ്ടായിരുന്നു. അവർ തിന്ന് തൃപ്തിവന്നശേഷം ധാന്യം കടലിൽ കളഞ്ഞ് കപ്പലിന്‍റെ ഭാരം കുറച്ചു. വെളിച്ചമായപ്പോൾ ഇന്ന ദേശം എന്നു അവർ അറിഞ്ഞില്ല എങ്കിലും കരയുള്ളൊരു തുറ കണ്ടു, കഴിയും എങ്കിൽ കപ്പൽ അതിലേക്ക് ഓടിക്കേണം എന്നു ഭാവിച്ചു. നങ്കൂരം അറുത്ത് കടലിൽ വിട്ട് ചുക്കാൻ്റെ കെട്ടും അഴിച്ച് പെരുമ്പായ് കാറ്റുമുഖമായി ഉയർത്തിക്കെട്ടി കരയ്ക്ക് നേരെ ഓടി. ഇരുകടൽ കൂടിയൊരു സ്ഥലത്തിന്മേൽ ചെന്നു കയറുകയാൽ കപ്പൽ അടിഞ്ഞ്, അണിയം ഉറച്ച് ഇളക്കമില്ലാതെയായി; അമരം തിരയുടെ ശക്തിയാൽ ഉടഞ്ഞുപോയി. തടവുകാരിൽ ആരും നീന്തി ഓടിപ്പോകാതിരിപ്പാൻ അവരെ കൊല്ലേണം എന്നു പടയാളികൾ ആലോചിച്ചു. ശതാധിപനോ പൗലൊസിനെ രക്ഷിക്കാൻ ആഗ്രഹിച്ചിട്ട് അവരുടെ ആലോചനയെ തടുത്തു, നീന്തുവാൻ കഴിയുന്നവർ ആദ്യം ചാടി കരയ്ക്ക് പറ്റുവാനും ശേഷമുള്ളവർ പലകമേലും കപ്പലിന്‍റെ ഖണ്ഡങ്ങളുടെ മേലുമായി എത്തുവാനും കല്പിച്ചു; ഇങ്ങനെ എല്ലാവരും സുരക്ഷിതരായി കരയിൽ എത്തി.

അപ്പൊ. പ്രവൃത്തികൾ 27:13-44 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

തെക്കൻ കാറ്റു മന്ദമായി ഊതുകയാൽ താല്പര്യം സാധിച്ചു എന്നു തോന്നി, അവർ അവിടെ നിന്നു നങ്കൂരം എടുത്തു ക്രേത്ത ദ്വീപിന്റെ മറപറ്റി ഓടി. കുറെ കഴിഞ്ഞിട്ടു അതിന്നു വിരോധമായി ഈശാനമൂലൻ എന്ന കൊടുങ്കാറ്റു അടിച്ചു. കപ്പൽ കാറ്റിന്റെ നേരെ നില്പാൻ കഴിയാതവണ്ണം കുടുങ്ങുകയാൽ ഞങ്ങൾ കൈവിട്ടു അങ്ങനെ പാറിപ്പോയി. ക്ലൗദ എന്ന ചെറിയ ദ്വീപിന്റെ മറപറ്റി ഓടീട്ടു പ്രയാസത്തോടെ തോണി കൈവശമാക്കി. അതു വലിച്ചുകയറ്റീട്ടു അവർ കപ്പൽ ചുറ്റിക്കെട്ടിയും മറ്റും ഉറപ്പുവരുത്തി; പിന്നെ മണത്തിട്ടമേൽ അകപ്പെടും എന്നു പേടിച്ചു പായി ഇറക്കി അങ്ങനെ പാറിപ്പോയി. ഞങ്ങൾ കൊടുങ്കാറ്റിനാൽ അത്യന്തം അലയുകകൊണ്ടു പിറ്റെന്നു അവർ ചരക്കു പുറത്തുകളഞ്ഞു. മൂന്നാം നാൾ അവർ സ്വന്തകയ്യാൽ കപ്പൽകോപ്പും കടലിൽ ഇട്ടുകളഞ്ഞു. വളരെ നാളായിട്ടു സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാതെയും വല്ലാത്ത കൊടുങ്കാറ്റു അടിച്ചുകൊണ്ടും ഇരിക്കയാൽ ഞങ്ങൾ രക്ഷപ്പെടും എന്നുള്ള ആശ ഒക്കെയും അറ്റുപോയി. അവർ വളരെ പട്ടിണി കിടന്നശേഷം പൗലോസ് അവരുടെ നടുവിൽ നിന്നുകൊണ്ടു പറഞ്ഞതു: പുരുഷന്മാരേ, എന്റെ വാക്കു അനുസരിച്ചു ക്രേത്തയിൽനിന്നു നീക്കാതെയും ഈ കഷ്ട നഷ്ടങ്ങൾ സമ്പാദിക്കാതെയും ഇരിക്കേണ്ടതായിരുന്നു. എങ്കിലും ഇപ്പോൾ ധൈര്യത്തോടിരിപ്പാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു; കപ്പലിന്നു അല്ലാതെ നിങ്ങളിൽ ആരുടെയും പ്രാണന്നു ഹാനി വരികയില്ല. എന്റെ ഉടയവനും ഞാൻ സേവിച്ചുവരുന്നവനുമായ ദൈവത്തിന്റെ ദൂതൻ ഈ രാത്രിയിൽ എന്റെ അടുക്കൽനിന്നു: പൗലൊസേ, ഭയപ്പെടരുതു; നീ കൈസരുടെ മുമ്പിൽ നിൽക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്രചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതുകൊണ്ടു പുരുഷന്മാരേ, ധൈര്യത്തോടിരിപ്പിൻ; എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംഭവിക്കും എന്നു ഞാൻ ദൈവത്തെ വിശ്വസിക്കുന്നു. എങ്കിലും നാം ഒരു ദ്വീപിന്മേൽ മുട്ടി വീഴേണ്ടതാകുന്നു. പതിന്നാലാം രാത്രിയായപ്പോൾ ഞങ്ങൾ അദ്രിയക്കടലിൽ അലയുന്നേരം അർദ്ധരാത്രിയിൽ ഒരു കരെക്കു സമീപിക്കുന്നു എന്നു കപ്പൽക്കാർക്കു തോന്നി. അവർ ഈയം ഇട്ടു ഇരുപതു മാറെന്നു കണ്ടു; കുറയ അപ്പുറം പോയിട്ടു വീണ്ടും ഈയം ഇട്ടു പതിനഞ്ചു മാറെന്നു കണ്ടു. പാറ സ്ഥലങ്ങളിൽ അകപ്പെടും എന്നു പേടിച്ചു അവർ അമരത്തു നിന്നു നാലു നങ്കൂരം ഇട്ടു, നേരം വെളുപ്പാൻ ആഗ്രഹിച്ചുകൊണ്ടിരുന്നു. എന്നാൽ കപ്പൽക്കാർ കപ്പൽ വിട്ടു ഓടിപ്പോകുവാൻ വിചാരിച്ചു അണിയത്തുനിന്നു നങ്കൂരം ഇടുവാൻ പോകുന്നു എന്നുള്ള ഭാവത്തിൽ തോണി കടലിൽ ഇറക്കി. അപ്പോൾ പൗലൊസ് ശതാധിപനോടും പടയാളികളോടും: ഇവർ കപ്പലിൽ താമസിച്ചല്ലാതെ നിങ്ങൾക്കു രക്ഷപ്പെടുവാൻ കഴിയുന്നതല്ല എന്നു പറഞ്ഞു. പടയാളികൾ തോണിയുടെ കയറു അറുത്തു അതു വീഴിച്ചുകളഞ്ഞു. നേരം വെളുക്കാറായപ്പോൾ പൗലൊസ് എല്ലാവരോടും ഭക്ഷണം കഴിക്കേണ്ടതിന്നു അപേക്ഷിച്ചു: നിങ്ങൾ ഒന്നും ഭക്ഷിക്കാതെ കാത്തുകൊണ്ടു പട്ടിണി കിടക്കുന്നതു ഇന്നു പതിന്നാലാം ദിവസം ആകുന്നുവല്ലോ. അതുകൊണ്ടു ആഹാരം കഴിക്കേണം എന്നു ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു; അതു നിങ്ങളുടെ രക്ഷെക്കുള്ളതല്ലോ; നിങ്ങളിൽ ഒരുത്തന്റെയും തലയിലെ ഒരു രോമംപോലും നഷ്ടമാകയില്ല നിശ്ചയം എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ടു അപ്പം എടുത്തു എല്ലാവരും കാൺകെ ദൈവത്തെ വാഴ്ത്തിട്ടു നുറുക്കി തിന്നുതുടങ്ങി. അപ്പോൾ എല്ലാവരും ധൈര്യപ്പെട്ടു ഭക്ഷണം കഴിച്ചു. കപ്പലിൽ ഞങ്ങൾ ആകപ്പാടെ ഇരുനൂറ്റെഴുപത്താറു ആൾ ഉണ്ടായിരുന്നു. അവർ തിന്നു തൃപ്തിവന്നശേഷം ധാന്യം കടലിൽ കളഞ്ഞു കപ്പലിന്റെ ഭാരം കുറെച്ചു. വെളിച്ചമായപ്പോൾ ഇന്ന ദേശം എന്നു അവർ അറിഞ്ഞില്ല എങ്കിലും കരയുള്ളോരു തുറ കണ്ടു, കഴിയും എങ്കിൽ കപ്പൽ അതിലേക്കു ഓടിക്കേണം എന്നു ഭാവിച്ചു. നങ്കൂരം അറുത്തു കടലിൽ വിട്ടു ചുക്കാന്റെ കെട്ടും അഴിച്ചു പെരുമ്പായ് കാറ്റുമുഖമായി കൊടുത്തു കരെക്കു നേരെ ഓടി. ഇരുകടൽ കൂടിയോരു സ്ഥലത്തിന്മേൽ ചെന്നു കയറുകയാൽ കപ്പൽ അടിഞ്ഞു അണിയം ഉറെച്ചു ഇളക്കമില്ലാതെയായി; അമരം തിരയുടെ കേമത്താൽ ഉടഞ്ഞുപോയി. തടവുകാരിൽ ആരും നീന്തി ഓടിപ്പോകാതിരിപ്പാൻ അവരെ കൊല്ലേണം എന്നു പടയാളികൾ ആലോചിച്ചു. ശതാധിപനോ പൗലൊസിനെ രക്ഷിപ്പാൻ ഇച്ഛിച്ചിട്ടു അവരുടെ താല്പര്യം തടുത്തു, നീന്തുവാൻ കഴിയുന്നവർ ആദ്യം ചാടി കരെക്കു പറ്റുവാനും ശേഷമുള്ളവർ പലകമേലും കപ്പലിന്റെ ഖണ്ഡങ്ങളുടെ മേലുമായി എത്തുവാനും കല്പിച്ചു; ഇങ്ങനെ എല്ലാവരും കരയിൽ എത്തി രക്ഷപ്പെടുവാൻ സംഗതിവന്നു.

അപ്പൊ. പ്രവൃത്തികൾ 27:13-44 സമകാലിക മലയാളവിവർത്തനം (MCV)

തെക്കൻകാറ്റു മന്ദമായി വീശിത്തുടങ്ങിയപ്പോൾ, തങ്ങളുടെ ഉദ്ദേശ്യം സാധിച്ചു എന്നുതന്നെ അവർ കരുതി. അതുകൊണ്ടു നങ്കൂരമുയർത്തി, ക്രേത്തയുടെ തീരംചേർന്ന് അവർ യാത്രതുടർന്നു. എന്നാൽ, അധികം സമയം ആകുന്നതിനുമുമ്പുതന്നെ, “വടക്കു-കിഴക്കൻ” എന്ന കൊടുങ്കാറ്റ് ദ്വീപിൽനിന്ന് ആഞ്ഞടിച്ചു. കപ്പൽ കൊടുങ്കാറ്റിൽ അകപ്പെട്ടു; കാറ്റിനെതിരായി മുമ്പോട്ടുപോകാൻ സാധ്യമല്ലാതായി. അതുകൊണ്ട് ഞങ്ങൾ കാറ്റിനു വിധേയരാകുകയും അത് ഞങ്ങളെ ഒഴുക്കിക്കൊണ്ടുപോകുകയും ചെയ്തു. ക്ലൗദ എന്ന കൊച്ചുദ്വീപിന്റെ മറപറ്റി ഞങ്ങൾ ഓടിക്കൊണ്ടിരുന്നപ്പോൾ, പ്രാണരക്ഷയ്ക്കുപയോഗിക്കുന്ന വള്ളം സുരക്ഷിതമായി വെക്കാൻ ഞങ്ങൾ വളരെ പ്രയാസപ്പെട്ടു. അതു വലിച്ചുപൊക്കി കപ്പലിനോടു ചേർത്ത് കെട്ടിയുറപ്പിച്ചു. അതിനുശേഷം, കപ്പൽ സിർതിസിലെ മണൽത്തിട്ടകളിൽ ചെന്നുകയറുമെന്നു പേടിച്ച് കപ്പൽപ്പായ്‌കൾ താഴ്ത്തി, കപ്പലിനെ അതിന്റെ ഗതിക്കുവിട്ടു. പിറ്റേന്ന് ഉഗ്രമായ കൊടുങ്കാറ്റിൽപ്പെട്ട് കപ്പൽ ആടിയുലഞ്ഞതിനാൽ, അവർ ചരക്കുകൾ കടലിലേക്കെറിഞ്ഞുകളയാൻ തുടങ്ങി. മൂന്നാംദിവസം അവർ സ്വന്തം കൈകൊണ്ടുതന്നെ കപ്പലിന്റെ ഭാരം കൂടിയ ഉപകരണങ്ങളും എറിഞ്ഞുകളഞ്ഞു. അനേകം ദിവസങ്ങൾ സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാൻ കഴിഞ്ഞില്ല; കൊടുങ്കാറ്റ് തുടരെ അടിച്ചുകൊണ്ടിരുന്നു; രക്ഷപ്പെടുമെന്നുള്ള സകലപ്രതീക്ഷയും ഒടുവിൽ ഞങ്ങൾക്കു നഷ്ടമായി. കൂടെയുള്ളവർ ദിവസങ്ങളായി ഭക്ഷണം കഴിക്കാതിരുന്നപ്പോൾ, പൗലോസ് അവരുടെമുമ്പിൽ എഴുന്നേറ്റുനിന്നുകൊണ്ട് ഇങ്ങനെ പറഞ്ഞു: “മാന്യരേ, ക്രേത്തയിൽനിന്ന് യാത്ര പുറപ്പെടരുതെന്നുള്ള എന്റെ ഉപദേശം നിങ്ങൾ സ്വീകരിക്കേണ്ടതായിരുന്നു; എങ്കിൽ ഈ നാശനഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നു. എങ്കിലും ഇപ്പോൾ ധൈര്യത്തോടെയിരിക്കാൻ ഞാൻ നിങ്ങളോടു നിർബന്ധമായി പറയുന്നു. നിങ്ങളിലാർക്കും ജീവഹാനി സംഭവിക്കുകയില്ല, കപ്പൽമാത്രമേ നശിക്കുകയുള്ളൂ. ഞാൻ സേവിക്കുന്ന എന്റെ ഉടയവനായ ദൈവത്തിന്റെ ഒരു ദൂതൻ കഴിഞ്ഞരാത്രിയിൽ എന്റെ അടുക്കൽ വന്നുനിന്ന് എന്നോട്, ‘പൗലോസേ, ഭയപ്പെടേണ്ട, നീ കൈസറുടെമുമ്പിൽ വിസ്താരത്തിനു നിൽക്കേണ്ടവനാകുന്നു. നിന്നോടൊപ്പം യാത്രചെയ്യുന്നവരെ ദൈവം നിനക്കു നൽകിയിരിക്കുന്നു’ എന്നു പറഞ്ഞു. ആകയാൽ മാന്യരേ, ധൈര്യപ്പെട്ടിരിക്കുക, നമ്മുടെ കപ്പൽ ഒരു ദ്വീപിന്റെ കരയ്ക്കടിച്ചു തകരുമെങ്കിലും ദൈവം എന്നോട് അരുളിച്ചെയ്തതുപോലെതന്നെ സംഭവിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.” ഇതിന്റെ പതിന്നാലാം രാത്രിയിൽ, ഞങ്ങൾ അദ്രിയക്കടലിലൂടെ തിരമാലകളാൽ ആടിയുലഞ്ഞ് മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോൾ, അർധരാത്രിയോടെ, ഏതോ ഒരു തീരം അടുത്തുകൊണ്ടിരിക്കുന്നെന്ന് നാവികർക്കു തോന്നി. അവിടെ വെള്ളത്തിന്റെ ആഴം അളന്നു നോക്കിയപ്പോൾ ഏകദേശം മുപ്പത്തിയേഴു മീറ്റർ എന്നുകണ്ടു. കുറച്ചു സമയം കഴിഞ്ഞ് വീണ്ടും വെള്ളത്തിന്റെ ആഴം നോക്കിയപ്പോൾ ഏകദേശം ഇരുപത്തിയേഴു മീറ്റർ എന്നുകണ്ടു. ഞങ്ങൾ പാറക്കെട്ടുകളിൽ തട്ടിത്തകരുമെന്നുള്ള ഭയത്താൽ അവർ നാലു നങ്കൂരങ്ങൾ അമരത്തുനിന്നു താഴ്ത്തി, നേരം പുലരുന്നതിനുവേണ്ടി പ്രാർഥിച്ചുകൊണ്ടിരുന്നു. അണിയത്തുനിന്നു നങ്കൂരം ഇറക്കുന്നു എന്ന ഭാവത്തിൽ പ്രാണരക്ഷയ്ക്കുപയോഗിക്കുന്ന വള്ളം കടലിലിറക്കി നാവികർ കപ്പലിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ചു. അപ്പോൾ പൗലോസ് ശതാധിപനോടും പട്ടാളക്കാരോടും, “ഈ ആളുകൾ കപ്പലിൽത്തന്നെ നിന്നില്ലെങ്കിൽ നിങ്ങൾക്കു രക്ഷപ്പെടാൻ കഴിയുകയില്ല” എന്നു പറഞ്ഞു. അപ്പോൾ പട്ടാളക്കാർ കയർ മുറിച്ചു വള്ളം കടലിൽ തള്ളി. പുലർച്ചയ്ക്ക് അൽപ്പംമുമ്പ് പൗലോസ് അവരെയെല്ലാവരെയും ആഹാരം കഴിക്കാൻ നിർബന്ധിച്ചു. “കഴിഞ്ഞ പതിന്നാലു ദിവസമായി നിങ്ങൾ നിരന്തരമായ അനിശ്ചിതത്വംമൂലം ആഹാരം വെടിഞ്ഞു കഴിയുകയായിരുന്നല്ലോ. ഇപ്പോൾ നിങ്ങൾ ദയവായി അൽപ്പമെന്തെങ്കിലും ആഹാരം കഴിക്കണമെന്നാണ് എന്റെ അപേക്ഷ. നിങ്ങളുടെ ജീവരക്ഷയ്ക്ക് അത് അത്യാവശ്യമാണ്. നിങ്ങളിൽ ആരുടെയും ഒരു തലമുടിപോലും നഷ്ടമാകുകയില്ല,” എന്ന് അദ്ദേഹം അവരോടു പറഞ്ഞു. ഇതു പറഞ്ഞതിനുശേഷം അദ്ദേഹം അപ്പമെടുത്ത് എല്ലാവരും കാൺകെ ദൈവത്തിനു സ്തോത്രംചെയ്തു മുറിച്ചു തിന്നുതുടങ്ങി. അപ്പോൾ അവർക്കെല്ലാവർക്കും ധൈര്യമായി; അവരും ഭക്ഷണം കഴിച്ചു. കപ്പലിൽ ഞങ്ങളെല്ലാവരുംകൂടി ഇരുനൂറ്റിയെഴുപത്തിയാറു പേരുണ്ടായിരുന്നു. എല്ലാവരും വേണ്ടുന്നത്ര ഭക്ഷിച്ചതിനുശേഷം ധാന്യം കടലിലേക്കെറിഞ്ഞുകളഞ്ഞ് കപ്പലിന്റെ ഭാരം കുറച്ചു. നേരം വെളുത്തപ്പോൾ, സ്ഥലം ഏതെന്നു തിരിച്ചറിയാൻ അവർക്കു കഴിഞ്ഞില്ലെങ്കിലും മണൽത്തീരമുള്ള ഒരു ഉൾക്കടൽ കണ്ടിട്ട്, കഴിയുമെങ്കിൽ കപ്പൽ അവിടെ അടുപ്പിക്കാൻ അവർ നിശ്ചയിച്ചു. അവർ നങ്കൂരങ്ങൾ മുറിച്ചു കടലിൽത്തള്ളുകയും ചുക്കാൻ ബന്ധിച്ചിരുന്ന കയർ അഴിച്ചുവിടുകയും ചെയ്തു. പിന്നീട് കാറ്റിനെതിരേ പായ നിവർത്തി കരയ്ക്കുനേരേ നീങ്ങി. എന്നാൽ കപ്പൽ ഇരുവശവും കടലുള്ള ഒരു മണൽത്തിട്ടയിൽ കയറി ഉറച്ചുപോയി. അണിയം അനക്കമില്ലാതാകുകയും അമരം തിരകളുടെ ആഘാതത്തിൽ തകർന്നുപോകുകയും ചെയ്തു. തടവുകാരിൽ ആരും നീന്തി രക്ഷപ്പെടാതിരിക്കാൻ അവരെ കൊന്നുകളയണമെന്നു പടയാളികൾ ആലോചിച്ചു. എന്നാൽ, ശതാധിപൻ പൗലോസിന്റെ ജീവൻ രക്ഷിക്കാൻ ആഗ്രഹിച്ചതുകൊണ്ട് ആ ആലോചനയിൽനിന്ന് അവരെ പിന്തിരിപ്പിച്ചു. നീന്താൻ കഴിവുള്ളവർ കപ്പലിൽനിന്ന് ആദ്യം ചാടി നീന്തി കരയ്ക്കെത്തിക്കൊള്ളാനും ശേഷമുള്ളവർ പലകകളിലോ കപ്പലിന്റെ അവശിഷ്ടങ്ങളിലോ പിടിച്ചു കരയിൽ എത്താനും അദ്ദേഹം ഉത്തരവിട്ടു. ഇങ്ങനെ എല്ലാവരും സുരക്ഷിതരായി കരയ്ക്കെത്തി.