ഉള്ളടക്കത്തിലേക്ക് പോകുക

അപ്പൊ. പ്രവൃത്തികൾ 24:1-9 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

അപ്പൊ. പ്രവൃത്തികൾ 24:1-9 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അഞ്ചുനാൾ കഴിഞ്ഞശേഷം മഹാപുരോഹിതനായ അനന്യാസ് മൂപ്പന്മാരോടും തെർത്തുല്ലൊസ് എന്ന ഒരു വ്യവഹാരജ്ഞനോടും കൂടി വന്നു, പൗലൊസിന്റെ നേരേ ദേശാധിപതിയുടെ മുമ്പാകെ അന്യായം ബോധിപ്പിച്ചു. അവനെ വിളിച്ചാറെ തെർത്തുല്ലൊസ് അന്യായം വിവരിച്ചുപറഞ്ഞതെന്തെന്നാൽ: രാജശ്രീ ഫേലിക്സേ, നീ മുഖാന്തരം ഞങ്ങൾ വളരെ സമാധാനം അനുഭവിക്കുന്നതും നിന്റെ പരിപാലനത്താൽ ഈ ജാതിക്ക് ഏറിയ ഗുണീകരണങ്ങൾ സാധിച്ചിരിക്കുന്നതും ഞങ്ങൾ എപ്പോഴും എല്ലായിടത്തും പൂർണനന്ദിയോടുംകൂടെ അംഗീകരിക്കുന്നു. എങ്കിലും നിന്നെ അധികം അസഹ്യപ്പെടുത്തരുത് എന്നുവച്ചു ക്ഷമയോടെ ചുരുക്കത്തിൽ ഞങ്ങളുടെ അന്യായം കേൾക്കേണം എന്ന് അപേക്ഷിക്കുന്നു. ഈ പുരുഷൻ ഒരു ബാധയും ലോകത്തിലുള്ള സകല യെഹൂദന്മാരുടെയും ഇടയിൽ കലഹമുണ്ടാക്കുന്നവനും നസറായമതത്തിനു മുമ്പനും എന്നു ഞങ്ങൾ കണ്ടിരിക്കുന്നു. അവൻ ദൈവാലയം തീണ്ടിപ്പാനും ശ്രമിച്ചു. അവനെ ഞങ്ങൾ പിടിച്ചു [ഞങ്ങളുടെ ന്യായപ്രമാണപ്രകാരം വിസ്തരിപ്പാൻ വിചാരിച്ചു. എങ്കിലും സഹസ്രാധിപനായ ലുസിയാസ് വളരെ ബലത്തോടെ വന്ന് അവനെ ഞങ്ങളുടെ കൈയിൽനിന്നു പിടിച്ചു കൊണ്ടുപോയി. അവന്റെ വാദികൾ നിന്റെ മുമ്പാകെ വരുവാൻ കല്പിച്ചു.] നീ തന്നെ അവനെ വിസ്തരിച്ചാൽ ഞങ്ങൾ അന്യായം ബോധിപ്പിക്കുന്ന ഈ സകല സംഗതികളും അറിഞ്ഞുകൊൾവാൻ ഇടയാകും. അത് അങ്ങനെതന്നെ എന്ന് യെഹൂദന്മാരും യോജിച്ചു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 24:1-9 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അഞ്ചു ദിവസം കഴിഞ്ഞ് മഹാപുരോഹിതനായ അനന്യാസ്, ഏതാനും ജനപ്രമുഖന്മാരോടും തെർത്തുല്ലോസ് എന്ന അഭിഭാഷകനോടുംകൂടി ഗവർണറുടെ അടുക്കലെത്തി. അവർ പൗലൊസിനെതിരെ ഗവർണറുടെ മുമ്പിൽ അന്യായം ബോധിപ്പിച്ചു. പൗലൊസിന്റെ പേരിലുള്ള ആരോപണങ്ങൾ വിശദീകരിച്ചുകൊണ്ട് തെർത്തുല്ലൊസ് ഇപ്രകാരം പ്രസ്താവിച്ചു: “അഭിവന്ദ്യനായ ഫെലിക്സേ, അങ്ങു മുഖാന്തരം ഞങ്ങൾ വളരെയധികം സമാധാനം അനുഭവിക്കുന്നു. യെഹൂദജനതയുടെ ശ്രേയസ്സിന് ആവശ്യമുള്ള പരിഷ്കാരങ്ങൾ ദീർഘവീക്ഷണത്തോടുകൂടി അവിടുന്ന് ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഞങ്ങൾ എല്ലായിടത്തും എല്ലാവിധത്തിലും കൃതജ്ഞതാപുരസ്സരം അത് അംഗീകരിക്കുന്നു. അങ്ങയുടെ സമയം കൂടുതൽ എടുക്കണമെന്ന് എനിക്ക് ആഗ്രഹമില്ല. ഞങ്ങൾ ചുരുക്കമായി പറയുന്നത് അങ്ങു ദയാപൂർവം കേൾക്കണമെന്ന് അപേക്ഷിക്കുന്നു. ഈ മനുഷ്യൻ ഒരു മഹാബാധയാണ്; ലോകത്തെങ്ങുമുള്ള യെഹൂദന്മാരുടെ ഇടയിൽ പ്രക്ഷോഭമുണ്ടാക്കുന്നവനും, നസ്രായകക്ഷിയുടെ നായകനുമാണിയാൾ എന്നു ഞങ്ങൾക്കു മനസ്സിലായി. ഇയാൾ ദേവാലയത്തെ അശുദ്ധമാക്കുവാൻപോലും ശ്രമിച്ചു. എന്നാൽ ഞങ്ങൾ ഇയാളെ പിടിച്ചു; ഞങ്ങളുടെ ധർമശാസ്ത്രപ്രകാരം ഇയാളെ വിസ്തരിക്കുവാൻ ഉദ്ദേശിച്ചു. എന്നാൽ സഹസ്രാധിപനായ ലുസിയാസ് ഇയാളെ ഞങ്ങളുടെ കൈയിൽനിന്നു ബലാല്‌ക്കാരേണ പിടിച്ചുകൊണ്ടുപോയി. വാദികൾ അങ്ങയുടെ മുമ്പിൽ ഹാജരാകുവാൻ ആജ്ഞാപിക്കുകയും ചെയ്തു. അങ്ങുതന്നെ ഇയാളെ വിസ്തരിക്കുന്ന പക്ഷം ഞങ്ങൾ ഉന്നയിക്കുന്ന ആരോപണങ്ങളുടെ സത്യാവസ്ഥ ഇയാളിൽ നിന്നുതന്നെ മനസ്സിലാക്കുവാൻ കഴിയും.” അതു ശരിതന്നെ എന്നു പറഞ്ഞുകൊണ്ട് യെഹൂദന്മാർ അയാളെ പിൻതാങ്ങി.

അപ്പൊ. പ്രവൃത്തികൾ 24:1-9 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

അഞ്ചുനാൾ കഴിഞ്ഞശേഷം മഹാപുരോഹിതനായ അനന്യാസ് മൂപ്പന്മാരോടും തെർത്തുല്ലൊസ് എന്ന വാക്ചാതുര്യം ഉള്ള ഒരുവനോടും കൂടിവന്നു, പൗലൊസിന്‍റെ നേരെയുള്ള അന്യായം ദേശാധിപതിയുടെ മുമ്പാകെ ബോധിപ്പിച്ചു. പൗലൊസിനെ വിളിച്ചു വരുത്തിയതിന് ശേഷം തെർത്തുല്ലൊസ് അന്യായം വിവരിച്ചു പറഞ്ഞതെന്തെന്നാൽ: “ശ്രേഷ്ഠനായ ശ്രീ ഫേലിക്സേ, നിന്‍റെ പരിപാലനത്താൽ ഈ ജാതിയ്ക്ക് ഏറിയ ഗുണങ്ങൾ സാധിച്ചിരിക്കുന്നതും വളരെ സമാധാനം അനുഭവിക്കുന്നതും ഞങ്ങൾ എപ്പോഴും എല്ലായിടത്തും പൂർണ്ണനന്ദിയോടുംകൂടെ അംഗീകരിക്കുന്നു. എങ്കിലും നിന്നെ അധികം അസഹ്യപ്പെടുത്തരുത് എന്നുവച്ച് ക്ഷമയോടെ സംക്ഷിപ്തമായി ഞങ്ങളുടെ അന്യായം കേൾക്കേണം എന്നു അപേക്ഷിക്കുന്നു. ഈ പുരുഷൻ ഒരു ഉപദ്രവകാരിയും ലോകത്തിലുള്ള സകല യെഹൂദന്മാരുടെയും ഇടയിൽ കലഹമുണ്ടാക്കുവാൻ പ്രേരിപ്പിക്കുന്നവനും നസറായമതത്തിന് തലവനും എന്നു ഞങ്ങൾ കണ്ടിരിക്കുന്നു. അവൻ ദൈവാലയം അശുദ്ധമാക്കുവാൻ ശ്രമിച്ചതുകൊണ്ട് ഞങ്ങൾ അവനെ പിടിച്ച് ഞങ്ങളുടെ ന്യായപ്രമാണപ്രകാരം വിസ്തരിപ്പാൻ വിചാരിച്ചു. എങ്കിലും സഹസ്രാധിപനായ ലുസിയാസ് വന്ന് ഞങ്ങളുടെ കയ്യിൽനിന്ന് വളരെ ബലത്തോടുകൂടെ അവനെ പിടിച്ചുകൊണ്ടുപോയി, അവനുവേണ്ടി വാദിക്കുന്നവർ നിന്‍റെ മുമ്പാകെ വരുവാൻ കല്പിച്ചു നീ തന്നെ അവനെ വിസ്തരിച്ചാൽ ഞങ്ങൾ അന്യായം ബോധിപ്പിക്കുന്ന ഈ സകല സംഗതികളും സത്യം എന്നു അറിഞ്ഞുകൊൾവാൻ ഇടയാകും.” അത് അങ്ങനെ തന്നെ എന്നു യെഹൂദന്മാരും യോജിച്ചു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 24:1-9 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അഞ്ചുനാൾ കഴിഞ്ഞശേഷം മഹാപുരോഹിതനായ അനന്യാസ് മൂപ്പന്മാരോടും തെർത്തുല്ലൊസ് എന്ന ഒരു വ്യവഹാരജ്ഞനോടും കൂടി വന്നു, പൗലൊസിന്റെ നേരെ ദേശാധിപതിയുടെ മുമ്പാകെ അന്യായം ബോധിപ്പിച്ചു. അവനെ വിളിച്ചാറെ തെർത്തുല്ലൊസ് അന്യായം വിവരിച്ചു പറഞ്ഞതെന്തെന്നാൽ: രാജശ്രീ ഫേലിക്സേ, നീമുഖാന്തരം ഞങ്ങൾ വളരെ സമാധാനം അനുഭവിക്കുന്നതും നിന്റെ പരിപാലനത്താൽ ഈ ജാതിക്കു ഏറിയ ഗുണീകരണങ്ങൾ സാധിച്ചിരിക്കുന്നതും ഞങ്ങൾ എപ്പോഴും എല്ലായിടത്തും പൂർണ്ണനന്ദിയോടും കൂടെ അംഗീകരിക്കുന്നു. എങ്കിലും നിന്നെ അധികം അസഹ്യപ്പെടുത്തരുതു എന്നുവെച്ചു ക്ഷമയോടെ ചുരുക്കത്തിൽ ഞങ്ങളുടെ അന്യായം കേൾക്കേണം എന്നു അപേക്ഷിക്കുന്നു. ഈ പുരുഷൻ ഒരു ബാധയും ലോകത്തിലുള്ള സകല യെഹൂദന്മാരുടെയും ഇടയിൽ കലഹമുണ്ടാക്കുന്നവനും നസറായമതത്തിന്നു മുമ്പനും എന്നു ഞങ്ങൾ കണ്ടിരിക്കുന്നു. അവൻ ദൈവാലയം തീണ്ടിപ്പാനും ശ്രമിച്ചു. അവനെ ഞങ്ങൾ പിടിച്ചു [ഞങ്ങളുടെ ന്യായപ്രമാണപ്രകാരം വിസ്തരിപ്പാൻ വിചാരിച്ചു. എങ്കിലും സഹസ്രാധിപനായ ലുസിയാസ് വളരെ ബലത്തോടു വന്നു അവനെ ഞങ്ങളുടെ കയ്യിൽനിന്നു പിടിച്ചുകൊണ്ടുപോയി, അവന്റെ വാദികൾ നിന്റെ മുമ്പാകെ വരുവാൻ കല്പിച്ചു] നീ തന്നേ അവനെ വിസ്തരിച്ചാൽ ഞങ്ങൾ അന്യായം ബോധിപ്പിക്കുന്ന ഈ സകല സംഗതികളും അറിഞ്ഞുകൊൾവാൻ ഇടയാകും. അതു അങ്ങനെ തന്നേ എന്നു യെഹൂദന്മാരും യോജിച്ചു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 24:1-9 MCV (സമകാലിക മലയാളവിവർത്തനം)

അഞ്ചുദിവസം കഴിഞ്ഞ് മഹാപുരോഹിതനായ അനന്യാസ്, സമുദായനേതാക്കന്മാരിൽ ചിലരെയും തെർത്തുല്ലോസ് എന്നു പേരുള്ള ഒരു അഭിഭാഷകനെയുംകൂട്ടി കൈസര്യയിൽ വന്നു. അവർ പൗലോസിനെതിരേയുള്ള ആരോപണങ്ങൾ ഭരണാധികാരിയെ ബോധിപ്പിച്ചു. പൗലോസിനെ അകത്തേക്കു വിളിച്ചുവരുത്തിയശേഷം ഫേലിക്സിന്റെ മുമ്പിൽ തെർത്തുല്ലോസ് പൗലോസിനെതിരേയുള്ള ആരോപണങ്ങൾ ഇങ്ങനെ നിരത്താൻ തുടങ്ങി: “അഭിവന്ദ്യനായ ഫേലിക്സേ, അങ്ങയുടെ ഭരണത്തിൻകീഴിൽ ഞങ്ങൾ ഏറെക്കാലമായി സമാധാനമനുഭവിച്ചുപോരുന്നു; അങ്ങയുടെ ദീർഘദൃഷ്ടി നിമിത്തം ഈ ദേശത്തിന് വളരെ പുരോഗതി ഉണ്ടായിട്ടുണ്ട്. എല്ലായിടത്തും എല്ലാവിധത്തിലുമുള്ള ഈ അഭ്യുന്നതിക്കായി ഞങ്ങൾ അങ്ങയോട് അത്യധികം കൃതജ്ഞതയുള്ളവരാണ്. അങ്ങയെ അധികം മുഷിപ്പിക്കാതെ ഞങ്ങൾക്കു പറയാനുള്ളതു ചുരുക്കിപ്പറയാം, ദയവായി കേട്ടാലും: “ഈ മനുഷ്യൻ ഒരു കലാപകാരിയാണ്, ലോകമെങ്ങുമുള്ള യെഹൂദരുടെ ഇടയിൽ ഇയാൾ പ്രക്ഷോഭമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. ‘നസറായപക്ഷക്കാരുടെ’ ഒരു നേതാവായ ഈ മനുഷ്യൻ യെഹൂദരുടെ ദൈവാലയം അശുദ്ധമാക്കുന്നതിനു ശ്രമിക്കുകയുണ്ടായി; അതുകൊണ്ട് ഇയാളെ പിടികൂടി, ഞങ്ങളുടെ ന്യായപ്രമാണമനുസരിച്ച് വിസ്തരിക്കാമെന്നാണ് കരുതിയിരുന്നത്. എന്നാൽ, സഹസ്രാധിപനായ ലുസിയാസ് ബലം പ്രയോഗിച്ച് ഞങ്ങളിൽനിന്ന് അയാളെ പിടിച്ചുകൊണ്ടുപോയി. അങ്ങയുടെമുമ്പാകെ ഞങ്ങളുടെ ആരോപണങ്ങൾ വ്യക്തമാക്കാൻ ഉത്തരവിട്ടു. അങ്ങ് ഇയാളെ നേരിട്ടു വിസ്തരിക്കുമ്പോൾ, ഞങ്ങൾ ഇയാൾക്കെതിരായി കൊണ്ടുവന്നിരിക്കുന്ന ആരോപണങ്ങളുടെ സത്യാവസ്ഥ ഗ്രഹിക്കാൻ കഴിയുന്നതാണ്.” ഈ കാര്യങ്ങളെല്ലാം സത്യമാണെന്ന് ആവർത്തിച്ചുകൊണ്ട് അവിടെയുണ്ടായിരുന്ന യെഹൂദന്മാർ കുറ്റാരോപണങ്ങളെ ഉറപ്പിച്ചു.