അപ്പൊ. പ്രവൃത്തികൾ 22:6-21
അപ്പൊ. പ്രവൃത്തികൾ 22:6-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അങ്ങനെ പ്രയാണം ചെയ്തു ദമസ്കൊസിനോട് അടുത്തപ്പോൾ ഏകദേശം ഉച്ചയ്ക്ക് പെട്ടെന്നു ആകാശത്തുനിന്നു വലിയൊരു വെളിച്ചം എന്റെ ചുറ്റും മിന്നി. ഞാൻ നിലത്തു വീണു: ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത് എന്ന് എന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു. കർത്താവേ, നീ ആർ എന്നു ഞാൻ ചോദിച്ചതിന്: നീ ഉപദ്രവിക്കുന്ന നസറായനായ യേശു ആകുന്നു ഞാൻ എന്ന് അവൻ എന്നോടു പറഞ്ഞു. എന്നോടുകൂടെയുള്ളവർ വെളിച്ചം കണ്ടു എങ്കിലും എന്നോട് സംസാരിക്കുന്നവന്റെ ശബ്ദം കേട്ടില്ല. കർത്താവേ ഞാൻ എന്തു ചെയ്യേണം എന്ന് ചോദിച്ചതിന് കർത്താവ് എന്നോട്: എഴുന്നേറ്റ് ദമസ്കൊസിലേക്ക് പോക; നീ ചെയ്യേണ്ടതിന് വിധിച്ചിരിക്കുന്നതെല്ലാം അവിടെ നിന്നോടു പറയും എന്നു കല്പിച്ചു. ആ വെളിച്ചത്തിന്റെ തേജസ്സ് ഹേതുവായിട്ട് കണ്ണു കാണായ്കയാൽ കൂടെയുള്ളവർ എന്നെ കൈക്കു പിടിച്ചു നടത്തി; അങ്ങനെ ഞാൻ ദമസ്കൊസിലെത്തി. അവിടെ പാർക്കുന്ന സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനായി ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനായ അനന്യാസ് എന്നൊരുത്തൻ എന്റെ അടുക്കൽ വന്നു നിന്നു; സഹോദരനായ ശൗലേ, കാഴ്ച പ്രാപിക്ക എന്നു പറഞ്ഞു; ആ നാഴികയിൽതന്നെ ഞാൻ കാഴ്ച പ്രാപിച്ച് അവനെ കണ്ടു. അപ്പോൾ അവൻ എന്നോട്: നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ തന്റെ ഇഷ്ടം അറിവാനും നീതിമാനായവനെ കാൺമാനും അവന്റെ വായിൽനിന്ന് വചനം കേൾപ്പാനും നിയമിച്ചിരിക്കുന്നു. നീ കാൺകയും കേൾക്കയും ചെയ്തതിന് സകല മനുഷ്യർക്കും നീ അവന്റെ സാക്ഷിയായിത്തീരും. ഇനി താമസിക്കുന്നത് എന്ത്? എഴുന്നേറ്റ് അവന്റെ നാമം വിളിച്ച് പ്രാർഥിച്ച് സ്നാനമേറ്റ് നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു. പിന്നെ ഞാൻ യെരൂശലേമിൽ മടങ്ങിച്ചെന്ന് ദൈവാലയത്തിൽ പ്രാർഥിക്കുംനേരം ഒരു വിവശതയിൽ ആയി അവനെ കണ്ടു: നീ ബദ്ധപ്പെട്ട് വേഗം യെരൂശലേം വിട്ടുപോക; നീ എന്നെക്കുറിച്ച് പറയുന്ന സാക്ഷ്യം അവർ കൈക്കൊൾകയില്ല എന്ന് എന്നോടു കല്പിച്ചു. അതിന് ഞാൻ: കർത്താവേ, നിന്നിൽ വിശ്വസിക്കുന്നവരെ ഞാൻ തടവിലാക്കുകയും പള്ളിതോറും അടിപ്പിക്കയും ചെയ്തു എന്നും നിന്റെ സാക്ഷിയായ സ്തെഫാനൊസിന്റെ രക്തം ചൊരിഞ്ഞപ്പോൾ ഞാനും സമ്മതിച്ച് അരികെനിന്ന് അവനെ കൊല്ലുന്നവരുടെ വസ്ത്രം കാത്തുകൊണ്ടിരുന്നു എന്നും അവർ അറിയുന്നുവല്ലോ എന്നു പറഞ്ഞു. അവൻ എന്നോട്: നീ പോക; ഞാൻ നിന്നെ ദൂരത്തു ജാതികളുടെ അടുക്കലേക്ക് അയയ്ക്കും എന്നു കല്പിച്ചു.
അപ്പൊ. പ്രവൃത്തികൾ 22:6-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“അങ്ങനെ ഞാൻ യാത്രചെയ്ത് ദമാസ്കസിനോടടുത്തപ്പോൾ മധ്യാഹ്നസമയത്ത് ആകാശത്തുനിന്നുള്ള ഒരു ഉജ്ജ്വല പ്രകാശം പെട്ടെന്ന് എന്റെ ചുറ്റും ദൃശ്യമായി. ഞാൻ നിലത്തുവീണു. ‘ശൗലേ, ശൗലേ, എന്തിനാണ് നീ എന്നെ ദ്രോഹിക്കുന്നത്?’ എന്ന് എന്നോടു ചോദിക്കുന്ന ഒരശരീരി ഞാൻ കേട്ടു. ‘കർത്താവേ, അങ്ങ് ആരാകുന്നു?’ എന്നു ഞാൻ ചോദിച്ചു. ‘നീ ദ്രോഹിക്കുന്ന നസ്രായനായ യേശുവാണ് ഞാൻ’ എന്നായിരുന്നു മറുപടി. എന്റെകൂടെയുണ്ടായിരുന്നവർ ആ പ്രകാശം കണ്ടെങ്കിലും, എന്നോടു സംസാരിച്ച ആളിന്റെ ശബ്ദം കേട്ടില്ല, ഞാൻ ചോദിച്ചു: ‘കർത്താവേ, ഞാൻ എന്താണു ചെയ്യേണ്ടത്?’ അപ്പോൾ കർത്താവ് എന്നോട് അരുൾചെയ്തു: ‘നീ എഴുന്നേറ്റു ദമാസ്കസിലേക്കു പോകുക; നീ ചെയ്യണമെന്നു നിശ്ചയിക്കപ്പെട്ടിട്ടുള്ളതെല്ലാം അവിടെവച്ചു നിന്നോടു പറയും.’ ആ പ്രകാശത്തിന്റെ ഉജ്ജ്വലതേജസ്സുമൂലം എനിക്കു കണ്ണുകാണാൻ പാടില്ലാതെയായി. അതുകൊണ്ട് എന്റെകൂടെ ഉണ്ടായിരുന്നവർ കൈക്കു പിടിച്ച് എന്നെ നടത്തി. അങ്ങനെ ഞാൻ ദമാസ്കസിലെത്തി. “തദ്ദേശവാസികളായ സകല യെഹൂദന്മാരാലും സമാദരിക്കപ്പെട്ടിരുന്നവനും, യെഹൂദധർമശാസ്ത്രമനുസരിച്ചു ജീവിച്ചിരുന്നവനുമായ അനന്യാസ് എന്നൊരാൾ അവിടെയുണ്ടായിരുന്നു. അദ്ദേഹം എന്റെ അടുക്കൽ വന്നു നിന്നുകൊണ്ട് ‘ശൗലേ, സഹോദരാ, കാഴ്ച പ്രാപിക്കുക’ എന്നു പറഞ്ഞു: തൽക്ഷണം ഞാൻ കാഴ്ച പ്രാപിച്ചു; അദ്ദേഹത്തെ കാണുകയും ചെയ്തു. അദ്ദേഹം എന്നോട് ഇപ്രകാരം പറഞ്ഞു: ‘നമ്മുടെ പിതാക്കന്മാരുടെ ദൈവത്തിന്റെ തിരുവിഷ്ടം മനസ്സിലാക്കുവാനും, തിരുമുഖത്തുനിന്നുള്ള ശബ്ദം കേൾക്കുവാനും, അവിടുന്നു താങ്കളെ മുൻകൂട്ടി തിരഞ്ഞെടുത്തിരിക്കുന്നു; താങ്കൾ കണ്ടതും കേട്ടതുമായ കാര്യങ്ങൾക്ക് സകലരുടെയും മുമ്പിൽ താങ്കൾ അവിടുത്തെ സാക്ഷിയായിരിക്കും. ഇനി എന്തിനു താമസിക്കുന്നു? അവിടുത്തെ നാമം വിളിച്ചപേക്ഷിച്ചുകൊണ്ട് സ്നാപനം സ്വീകരിക്കുകയും താങ്കളുടെ പാപം കഴുകിക്കളകയും ചെയ്യുക.’ “ഞാൻ യെരൂശലേമിലേക്കു മടങ്ങിപ്പോയി അവിടെ ദേവാലയത്തിൽ പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ എനിക്ക് ഒരു ദിവ്യാനുഭൂതിയുണ്ടായി. കർത്താവിനെ ഞാൻ ദർശിച്ചു. ‘അതിശീഘ്രം യെരൂശലേം വിട്ടുപോകുക; നീ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം അവർ സ്വീകരിക്കുകയില്ല’ എന്ന് അവിടുന്ന് എന്നോട് അരുൾചെയ്തു. അപ്പോൾ ഞാൻ പറഞ്ഞു: ‘കർത്താവേ, ഓരോ സുനഗോഗിലും അങ്ങയിൽ വിശ്വസിക്കുന്നവരെ ഞാൻ തടവിലാക്കുകയും പ്രഹരം ഏല്പിക്കുകയും ചെയ്തു എന്ന് അവർക്ക് അറിയാം. അവിടുത്തെ സാക്ഷിയായ സ്തേഫാനോസിന്റെ രക്തം ചൊരിഞ്ഞപ്പോൾ ഞാനും അതിനു സമ്മതം മൂളുകയും, അദ്ദേഹത്തെ വധിച്ചവരുടെ വസ്ത്രങ്ങൾ കാത്തുകൊണ്ടു സമീപത്തു നില്‌ക്കുകയും ചെയ്തുവല്ലോ.’ എന്നാൽ കർത്താവ് എന്നോട്, ‘പോകുക, ഞാൻ നിന്നെ വിദൂരസ്ഥരായ വിജാതീയരുടെ അടുക്കലേക്ക് അയയ്‍ക്കും’ എന്ന് കല്പിച്ചു.”
അപ്പൊ. പ്രവൃത്തികൾ 22:6-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“അങ്ങനെ പ്രയാണം ചെയ്തു ദമസ്കൊസിനോട് അടുത്തപ്പോൾ ഏകദേശം ഉച്ചയ്ക്ക് പെട്ടെന്ന് ആകാശത്തുനിന്നു വലിയൊരു വെളിച്ചം എന്റെ ചുറ്റും മിന്നി. ഞാൻ നിലത്തുവീണു: ‘ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്?’ എന്നു എന്നോട് പറയുന്ന ഒരു ശബ്ദം കേട്ടു. “‘കർത്താവേ, നീ ആരാകുന്നു?’ എന്നു ഞാൻ ചോദിച്ചതിന്: ‘നീ ഉപദ്രവിക്കുന്ന നസറായനായ യേശു ആകുന്നു ഞാൻ’ എന്നു അവൻ എന്നോട് പറഞ്ഞു. എന്നോട് കൂടെയുള്ളവർ വെളിച്ചം കണ്ടു എങ്കിലും എന്നോട് സംസാരിക്കുന്നവൻ്റെ ശബ്ദം കേട്ടില്ല. “‘കർത്താവേ, ഞാൻ എന്ത് ചെയ്യേണം?’ എന്നു ചോദിച്ചതിന് കർത്താവ് എന്നോട്; ‘എഴുന്നേറ്റ് ദമസ്കൊസിലേക്ക് പോക; നീ ചെയ്യേണ്ടുന്ന കാര്യങ്ങളെല്ലാം അവിടെവച്ച് നിന്നോട് പറയും’ എന്നു കല്പിച്ചു. ആ വെളിച്ചത്തിൻ്റെ തേജസ്സ് മുഖാന്തരം എനിക്ക് കണ്ണ് കാണായ്കയാൽ കൂടെയുള്ളവർ എന്നെ കൈയ്ക്കുപിടിച്ചു നടത്തി; അങ്ങനെ ഞാൻ ദമസ്കൊസിൽ എത്തി. “അവിടെ പാർക്കുന്ന സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനായി, ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനായ അനന്യാസ് എന്നൊരുവൻ എന്‍റെ അടുക്കൽ വന്നുനിന്നു: ‘സഹോദരനായ ശൗലേ, കാഴ്ച പ്രാപിക്ക’ എന്നു പറഞ്ഞു; ആ നാഴികയിൽ തന്നെ ഞാൻ കാഴ്ച പ്രാപിച്ച് അവനെ കണ്ടു. “അപ്പോൾ അവൻ എന്നോട്: ‘നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ തന്റെ ഇഷ്ടം അറിയുവാനും നീതിമാനായവനെ കാണ്മാനും അവന്‍റെ സ്വന്ത വായിൽനിന്നും വചനം കേൾക്കുവാനും തിരഞ്ഞെടുത്തിരിക്കുന്നു. നീ കാൺകയും കേൾക്കുകയും ചെയ്തതിനെക്കുറിച്ച് സകലമനുഷ്യർക്കും നീ അവന്റെ സാക്ഷിയായിത്തീരും. ഇനി താമസിക്കുന്നത് എന്ത്? എഴുന്നേറ്റ് സ്നാനം ഏൽക്കുക, അവന്‍റെ നാമം വിളിച്ചപേക്ഷിച്ച് നിന്‍റെ പാപങ്ങളെ കഴുകിക്കളക’ എന്നു പറഞ്ഞു. പിന്നെ ഞാൻ യെരൂശലേമിൽ മടങ്ങിച്ചെന്ന് ദൈവാലയത്തിൽ പ്രാർത്ഥിക്കുമ്പോൾ ഒരു ദർശനത്തിൽ യേശുവിനെ കണ്ടു: ‘നീ ബദ്ധപ്പെട്ട് വേഗം യെരൂശലേം വിട്ടുപോക; എന്തുകൊണ്ടെന്നാൽ നീ എന്നെക്കുറിച്ച് പറയുന്ന സാക്ഷ്യം അവർ കൈക്കൊൾകയില്ല’ എന്നു എന്നോട് കല്പിച്ചു. അതിന് ഞാൻ: ‘കർത്താവേ, നിന്നിൽ വിശ്വസിക്കുന്നവരെ ഞാൻ തടവിൽ ആക്കുകയും പള്ളിതോറും അടിപ്പിക്കുകയും ചെയ്തു എന്നും നിന്റെ സാക്ഷിയായ സ്തെഫാനൊസിൻ്റെ രക്തം ചൊരിഞ്ഞപ്പോൾ ഞാനും സമ്മതിച്ച് അരികെ നിന്ന് അവനെ കൊല്ലുന്നവരുടെ വസ്ത്രം കാത്തുകൊണ്ടിരുന്നു എന്നും അവർ അറിയുന്നുവല്ലോ’ എന്നു പറഞ്ഞു. എന്നാൽ കർത്താവ് എന്നോട്: ‘നീ പോക; ഞാൻ നിന്നെ ദൂരത്ത് ജനതകളുടെ അടുക്കലേക്ക് അയയ്ക്കും’ എന്നു കല്പിച്ചു.”
അപ്പൊ. പ്രവൃത്തികൾ 22:6-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അങ്ങനെ പ്രയാണം ചെയ്തു ദമസ്കൊസിനോടു അടുത്തപ്പോൾ ഏകദേശം ഉച്ചെക്കു പെട്ടെന്നു ആകാശത്തുനിന്നു വലിയോരു വെളിച്ചം എന്റെ ചുറ്റും മിന്നി. ഞാൻ നിലത്തു വീണു: ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു എന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു. കർത്താവേ, നീ ആർ എന്നു ഞാൻ ചോദിച്ചതിന്നു: നീ ഉപദ്രവിക്കുന്ന നസറായനായ യേശു ആകുന്നു ഞാൻ എന്നു അവൻ എന്നോടു പറഞ്ഞു. എന്നോടു കൂടെയുള്ളവർ വെളിച്ചം കണ്ടു എങ്കിലും എന്നോടു സംസാരിക്കുന്നവന്റെ ശബ്ദം കേട്ടില്ല. കർത്താവേ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചുതിന്നു കർത്താവു എന്നോടു; എഴുന്നേറ്റു ദമസ്കൊസിലേക്കു പോക; നീ ചെയ്യേണ്ടതിന്നു വിധിച്ചിരിക്കുന്നതെല്ലാം അവിടെ നിന്നോടു പറയും എന്നു കല്പിച്ചു. ആ വെളിച്ചത്തിന്റെ തേജസ്സു ഹേതുവായിട്ടു കണ്ണു കാണായ്കയാൽ കൂടെയുള്ളവർ എന്നെ കൈക്കു പിടിച്ചു നടത്തി; അങ്ങനെ ഞാൻ ദമസ്കൊസിൽ എത്തി. അവിടെ പാർക്കുന്ന സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനായി ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനായ അനന്യാസ് എന്നൊരുത്തൻ എന്റെ അടുക്കൽ വന്നുനിന്നു: സഹോദരനായ ശൗലെ, കാഴ്ചപ്രാപിക്ക എന്നു പറഞ്ഞു; ആ നാഴികയിൽ തന്നേ ഞാൻ കാഴ്ച പ്രാപിച്ചു അവനെ കണ്ടു. അപ്പോൾ അവൻ എന്നോടു: നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ തന്റെ ഇഷ്ടം അറിവാനും നീതിമാനായവനെ കാണ്മാനും അവന്റെ വായിൽ നിന്നും വചനം കേൾപ്പാനും നിയമിച്ചിരിക്കുന്നു. നീ കാൺകയും കേൾക്കയും ചെയ്തതിന്നു സകലമനുഷ്യർക്കും നീ അവന്റെ സാക്ഷിയായിത്തീരും. ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു. പിന്നെ ഞാൻ യെരൂശലേമിൽ മടങ്ങിച്ചെന്നു ദൈവാലയത്തിൽ പ്രാർത്ഥിക്കുന്നേരം ഒരു വിവശതയിൽ ആയി അവനെ കണ്ടു: നീ ബദ്ധപ്പെട്ടു വേഗം യെരൂശലേം വിട്ടുപോക; നീ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം അവർ കൈക്കൊൾകയില്ല എന്നു എന്നോടു കല്പിച്ചു അതിന്നു ഞാൻ: കർത്താവേ, നിന്നിൽ വിശ്വസിക്കുന്നവരെ ഞാൻ തടവിൽ ആക്കുകയും പള്ളിതോറും അടിപ്പിക്കയും ചെയ്തു എന്നും നിന്റെ സാക്ഷിയായ സ്തെഫാനൊസിന്റെ രക്തം ചൊരിഞ്ഞപ്പോൾ ഞാനും സമ്മതിച്ചു അരികെ നിന്നു അവനെ കൊല്ലുന്നവരുടെ വസ്ത്രം കാത്തുകൊണ്ടിരുന്നു എന്നും അവർ അറിയുന്നുവല്ലോ എന്നു പറഞ്ഞു. അവൻ എന്നോടു: നീ പോക; ഞാൻ നിന്നെ ദൂരത്തു ജാതികളുടെ അടുക്കലേക്കു അയക്കും എന്നു കല്പിച്ചു.
അപ്പൊ. പ്രവൃത്തികൾ 22:6-21 സമകാലിക മലയാളവിവർത്തനം (MCV)
“അങ്ങനെ യാത്രചെയ്തു ദമസ്കോസ് പട്ടണത്തിനടുത്തെത്തിയപ്പോൾ, ഏകദേശം നട്ടുച്ചനേരത്ത് ആകാശത്തുനിന്ന് അത്യുജ്ജ്വലമായ ഒരു പ്രകാശം പെട്ടെന്ന് എന്റെ ചുറ്റും മിന്നി. ഞാൻ നിലത്തുവീണു. ‘ശൗലേ, ശൗലേ, നീ എന്നെ പീഡിപ്പിക്കുന്നതെന്തിന്?’ എന്ന് എന്നോടു ചോദിക്കുന്ന ഒരു അശരീരി ഞാൻ കേട്ടു. “ ‘അങ്ങ് ആരാകുന്നു കർത്താവേ?’ എന്നു ഞാൻ ചോദിച്ചു. “ ‘നീ ഉപദ്രവിക്കുന്ന നസറായനായ യേശുവാണു ഞാൻ’ അവിടന്ന് ഉത്തരം പറഞ്ഞു. എന്റെ കൂടെയുള്ളവർ പ്രകാശം കണ്ടുവെങ്കിലും എന്നോടു സംസാരിച്ചയാളിന്റെ ശബ്ദം കേട്ടില്ല. “ ‘കർത്താവേ, ഞാൻ എന്തു ചെയ്യണം’ എന്നു ചോദിച്ചു. “അതിനു കർത്താവ് എന്നോട്, ‘എഴുന്നേറ്റു ദമസ്കോസിലേക്കു പോകുക, നീ ചെയ്യേണ്ടതെല്ലാം അവിടെവെച്ചു നിന്നോടു പറയും’ എന്നു പറഞ്ഞു. ആ പ്രകാശത്തിന്റെ തേജസ്സ് എനിക്ക് അന്ധത വരുത്തിയിരുന്നതുകൊണ്ട് എന്റെ സഹയാത്രികർ എന്നെ കൈക്കുപിടിച്ചു ദമസ്കോസിലേക്കു നടത്തി. “അനന്യാസ് എന്നു പേരുള്ള ഒരാൾ എന്നെ കാണാനെത്തി. അദ്ദേഹം ഭക്തിയോടെ ന്യായപ്രമാണം പാലിക്കുന്നവനും ആ സ്ഥലത്തു താമസിച്ചിരുന്ന എല്ലാ യെഹൂദരാലും ആദരിക്കപ്പെടുന്നവനുമായിരുന്നു. അദ്ദേഹം എന്റെ അടുക്കൽനിന്നുകൊണ്ട്, ‘ശൗലേ, സഹോദരാ, കാഴ്ച പ്രാപിക്കുക’ എന്നു പറഞ്ഞു. ഉടൻതന്നെ എനിക്കു കാഴ്ച ലഭിച്ചു; അദ്ദേഹത്തെ കാണാൻ കഴിഞ്ഞു. “പിന്നെ അദ്ദേഹം എന്നോട് ഇപ്രകാരം പറഞ്ഞു: ‘നമ്മുടെ പൂർവികരുടെ ദൈവം, അവിടത്തെ ഇഷ്ടം അറിയാനും നീതിമാനായവനെ ദർശിക്കാനും തിരുവായിൽനിന്നുള്ള വചനങ്ങൾ കേൾക്കാനും നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. നീ കാണുകയും കേൾക്കുകയും ചെയ്തിരിക്കുന്നതിനെക്കുറിച്ച്, നീ സകലമനുഷ്യർക്കും മുമ്പാകെ അവിടത്തെ സാക്ഷിയായിത്തീരും. ഇനി താമസിക്കുന്നതെന്തിന്? എഴുന്നേറ്റ് സ്നാനമേൽക്കുക. തിരുനാമം വിളിച്ചപേക്ഷിച്ച്, നിന്റെ പാപങ്ങൾ കഴുകിക്കളയുക.’ “ഞാൻ ജെറുശലേമിൽ തിരിച്ചെത്തി ദൈവാലയത്തിൽ പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ ആത്മവിവശതയിലായി; എന്നോടു സംസാരിക്കുന്ന കർത്താവിനെ ഞാൻ കണ്ടു. അവിടന്ന് എന്നോട്: ‘നീ ഉടൻതന്നെ ജെറുശലേം വിട്ടുപോകുക; എന്നെക്കുറിച്ചുള്ള നിന്റെ സാക്ഷ്യം അവർ അംഗീകരിക്കുകയില്ല’ എന്നു പറഞ്ഞു. “അതിനു ഞാൻ, ‘കർത്താവേ, ഞാൻ യെഹൂദപ്പള്ളികൾതോറും ചെന്ന്, അങ്ങയിൽ വിശ്വസിക്കുന്നവരെ തടവിലാക്കുകയും അടിക്കുകയും ചെയ്തുവെന്ന് ഇവർക്കു നന്നായി അറിയാം. അങ്ങേക്കുവേണ്ടി രക്തസാക്ഷിയായ സ്തെഫാനൊസിന്റെ രക്തം ചൊരിയുന്ന സമയത്ത്, ഞാൻ അതിന് അനുമതി നൽകിക്കൊണ്ട് അദ്ദേഹത്തെ കല്ലെറിയുന്നവരുടെ വസ്ത്രം സൂക്ഷിച്ചുകൊണ്ട് അവിടെ നിൽക്കുകയായിരുന്നു’ എന്നു മറുപടി പറഞ്ഞു. “കർത്താവ് എന്നോട്, ‘നീ പോകുക, ഞാൻ നിന്നെ ദൂരെ യെഹൂദേതരരുടെ അടുത്തേക്കയയ്ക്കും’ എന്ന് അരുളിച്ചെയ്തു.”