അപ്പൊ. പ്രവൃത്തികൾ 22:6-13

അപ്പൊ. പ്രവൃത്തികൾ 22:6-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അങ്ങനെ പ്രയാണം ചെയ്തു ദമസ്കൊസിനോട് അടുത്തപ്പോൾ ഏകദേശം ഉച്ചയ്ക്ക് പെട്ടെന്നു ആകാശത്തുനിന്നു വലിയൊരു വെളിച്ചം എന്റെ ചുറ്റും മിന്നി. ഞാൻ നിലത്തു വീണു: ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത് എന്ന് എന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു. കർത്താവേ, നീ ആർ എന്നു ഞാൻ ചോദിച്ചതിന്: നീ ഉപദ്രവിക്കുന്ന നസറായനായ യേശു ആകുന്നു ഞാൻ എന്ന് അവൻ എന്നോടു പറഞ്ഞു. എന്നോടുകൂടെയുള്ളവർ വെളിച്ചം കണ്ടു എങ്കിലും എന്നോട് സംസാരിക്കുന്നവന്റെ ശബ്ദം കേട്ടില്ല. കർത്താവേ ഞാൻ എന്തു ചെയ്യേണം എന്ന് ചോദിച്ചതിന് കർത്താവ് എന്നോട്: എഴുന്നേറ്റ് ദമസ്കൊസിലേക്ക് പോക; നീ ചെയ്യേണ്ടതിന് വിധിച്ചിരിക്കുന്നതെല്ലാം അവിടെ നിന്നോടു പറയും എന്നു കല്പിച്ചു. ആ വെളിച്ചത്തിന്റെ തേജസ്സ് ഹേതുവായിട്ട് കണ്ണു കാണായ്കയാൽ കൂടെയുള്ളവർ എന്നെ കൈക്കു പിടിച്ചു നടത്തി; അങ്ങനെ ഞാൻ ദമസ്കൊസിലെത്തി. അവിടെ പാർക്കുന്ന സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനായി ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനായ അനന്യാസ് എന്നൊരുത്തൻ എന്റെ അടുക്കൽ വന്നു നിന്നു; സഹോദരനായ ശൗലേ, കാഴ്ച പ്രാപിക്ക എന്നു പറഞ്ഞു; ആ നാഴികയിൽതന്നെ ഞാൻ കാഴ്ച പ്രാപിച്ച് അവനെ കണ്ടു.

അപ്പൊ. പ്രവൃത്തികൾ 22:6-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“അങ്ങനെ ഞാൻ യാത്രചെയ്ത് ദമാസ്കസിനോടടുത്തപ്പോൾ മധ്യാഹ്നസമയത്ത് ആകാശത്തുനിന്നുള്ള ഒരു ഉജ്ജ്വല പ്രകാശം പെട്ടെന്ന് എന്റെ ചുറ്റും ദൃശ്യമായി. ഞാൻ നിലത്തുവീണു. ‘ശൗലേ, ശൗലേ, എന്തിനാണ് നീ എന്നെ ദ്രോഹിക്കുന്നത്?’ എന്ന് എന്നോടു ചോദിക്കുന്ന ഒരശരീരി ഞാൻ കേട്ടു. ‘കർത്താവേ, അങ്ങ് ആരാകുന്നു?’ എന്നു ഞാൻ ചോദിച്ചു. ‘നീ ദ്രോഹിക്കുന്ന നസ്രായനായ യേശുവാണ് ഞാൻ’ എന്നായിരുന്നു മറുപടി. എന്റെകൂടെയുണ്ടായിരുന്നവർ ആ പ്രകാശം കണ്ടെങ്കിലും, എന്നോടു സംസാരിച്ച ആളിന്റെ ശബ്ദം കേട്ടില്ല, ഞാൻ ചോദിച്ചു: ‘കർത്താവേ, ഞാൻ എന്താണു ചെയ്യേണ്ടത്?’ അപ്പോൾ കർത്താവ് എന്നോട് അരുൾചെയ്തു: ‘നീ എഴുന്നേറ്റു ദമാസ്കസിലേക്കു പോകുക; നീ ചെയ്യണമെന്നു നിശ്ചയിക്കപ്പെട്ടിട്ടുള്ളതെല്ലാം അവിടെവച്ചു നിന്നോടു പറയും.’ ആ പ്രകാശത്തിന്റെ ഉജ്ജ്വലതേജസ്സുമൂലം എനിക്കു കണ്ണുകാണാൻ പാടില്ലാതെയായി. അതുകൊണ്ട് എന്റെകൂടെ ഉണ്ടായിരുന്നവർ കൈക്കു പിടിച്ച് എന്നെ നടത്തി. അങ്ങനെ ഞാൻ ദമാസ്കസിലെത്തി. “തദ്ദേശവാസികളായ സകല യെഹൂദന്മാരാലും സമാദരിക്കപ്പെട്ടിരുന്നവനും, യെഹൂദധർമശാസ്ത്രമനുസരിച്ചു ജീവിച്ചിരുന്നവനുമായ അനന്യാസ് എന്നൊരാൾ അവിടെയുണ്ടായിരുന്നു. അദ്ദേഹം എന്റെ അടുക്കൽ വന്നു നിന്നുകൊണ്ട് ‘ശൗലേ, സഹോദരാ, കാഴ്ച പ്രാപിക്കുക’ എന്നു പറഞ്ഞു: തൽക്ഷണം ഞാൻ കാഴ്ച പ്രാപിച്ചു; അദ്ദേഹത്തെ കാണുകയും ചെയ്തു.

അപ്പൊ. പ്രവൃത്തികൾ 22:6-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

“അങ്ങനെ പ്രയാണം ചെയ്തു ദമസ്കൊസിനോട് അടുത്തപ്പോൾ ഏകദേശം ഉച്ചയ്ക്ക് പെട്ടെന്ന് ആകാശത്തുനിന്നു വലിയൊരു വെളിച്ചം എന്‍റെ ചുറ്റും മിന്നി. ഞാൻ നിലത്തുവീണു: ‘ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്?’ എന്നു എന്നോട് പറയുന്ന ഒരു ശബ്ദം കേട്ടു. “‘കർത്താവേ, നീ ആരാകുന്നു?’ എന്നു ഞാൻ ചോദിച്ചതിന്: ‘നീ ഉപദ്രവിക്കുന്ന നസറായനായ യേശു ആകുന്നു ഞാൻ’ എന്നു അവൻ എന്നോട് പറഞ്ഞു. എന്നോട് കൂടെയുള്ളവർ വെളിച്ചം കണ്ടു എങ്കിലും എന്നോട് സംസാരിക്കുന്നവൻ്റെ ശബ്ദം കേട്ടില്ല. “‘കർത്താവേ, ഞാൻ എന്ത് ചെയ്യേണം?’ എന്നു ചോദിച്ചതിന് കർത്താവ് എന്നോട്; ‘എഴുന്നേറ്റ് ദമസ്കൊസിലേക്ക് പോക; നീ ചെയ്യേണ്ടുന്ന കാര്യങ്ങളെല്ലാം അവിടെവച്ച് നിന്നോട് പറയും’ എന്നു കല്പിച്ചു. ആ വെളിച്ചത്തിൻ്റെ തേജസ്സ് മുഖാന്തരം എനിക്ക് കണ്ണ് കാണായ്കയാൽ കൂടെയുള്ളവർ എന്നെ കൈയ്ക്കുപിടിച്ചു നടത്തി; അങ്ങനെ ഞാൻ ദമസ്കൊസിൽ എത്തി. “അവിടെ പാർക്കുന്ന സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനായി, ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനായ അനന്യാസ് എന്നൊരുവൻ എന്‍റെ അടുക്കൽ വന്നുനിന്നു: ‘സഹോദരനായ ശൗലേ, കാഴ്ച പ്രാപിക്ക’ എന്നു പറഞ്ഞു; ആ നാഴികയിൽ തന്നെ ഞാൻ കാഴ്ച പ്രാപിച്ച് അവനെ കണ്ടു.

അപ്പൊ. പ്രവൃത്തികൾ 22:6-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അങ്ങനെ പ്രയാണം ചെയ്തു ദമസ്കൊസിനോടു അടുത്തപ്പോൾ ഏകദേശം ഉച്ചെക്കു പെട്ടെന്നു ആകാശത്തുനിന്നു വലിയോരു വെളിച്ചം എന്റെ ചുറ്റും മിന്നി. ഞാൻ നിലത്തു വീണു: ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു എന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു. കർത്താവേ, നീ ആർ എന്നു ഞാൻ ചോദിച്ചതിന്നു: നീ ഉപദ്രവിക്കുന്ന നസറായനായ യേശു ആകുന്നു ഞാൻ എന്നു അവൻ എന്നോടു പറഞ്ഞു. എന്നോടു കൂടെയുള്ളവർ വെളിച്ചം കണ്ടു എങ്കിലും എന്നോടു സംസാരിക്കുന്നവന്റെ ശബ്ദം കേട്ടില്ല. കർത്താവേ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചുതിന്നു കർത്താവു എന്നോടു; എഴുന്നേറ്റു ദമസ്കൊസിലേക്കു പോക; നീ ചെയ്യേണ്ടതിന്നു വിധിച്ചിരിക്കുന്നതെല്ലാം അവിടെ നിന്നോടു പറയും എന്നു കല്പിച്ചു. ആ വെളിച്ചത്തിന്റെ തേജസ്സു ഹേതുവായിട്ടു കണ്ണു കാണായ്കയാൽ കൂടെയുള്ളവർ എന്നെ കൈക്കു പിടിച്ചു നടത്തി; അങ്ങനെ ഞാൻ ദമസ്കൊസിൽ എത്തി. അവിടെ പാർക്കുന്ന സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനായി ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനായ അനന്യാസ് എന്നൊരുത്തൻ എന്റെ അടുക്കൽ വന്നുനിന്നു: സഹോദരനായ ശൗലെ, കാഴ്ചപ്രാപിക്ക എന്നു പറഞ്ഞു; ആ നാഴികയിൽ തന്നേ ഞാൻ കാഴ്ച പ്രാപിച്ചു അവനെ കണ്ടു.

അപ്പൊ. പ്രവൃത്തികൾ 22:6-13 സമകാലിക മലയാളവിവർത്തനം (MCV)

“അങ്ങനെ യാത്രചെയ്തു ദമസ്കോസ് പട്ടണത്തിനടുത്തെത്തിയപ്പോൾ, ഏകദേശം നട്ടുച്ചനേരത്ത് ആകാശത്തുനിന്ന് അത്യുജ്ജ്വലമായ ഒരു പ്രകാശം പെട്ടെന്ന് എന്റെ ചുറ്റും മിന്നി. ഞാൻ നിലത്തുവീണു. ‘ശൗലേ, ശൗലേ, നീ എന്നെ പീഡിപ്പിക്കുന്നതെന്തിന്?’ എന്ന് എന്നോടു ചോദിക്കുന്ന ഒരു അശരീരി ഞാൻ കേട്ടു. “ ‘അങ്ങ് ആരാകുന്നു കർത്താവേ?’ എന്നു ഞാൻ ചോദിച്ചു. “ ‘നീ ഉപദ്രവിക്കുന്ന നസറായനായ യേശുവാണു ഞാൻ’ അവിടന്ന് ഉത്തരം പറഞ്ഞു. എന്റെ കൂടെയുള്ളവർ പ്രകാശം കണ്ടുവെങ്കിലും എന്നോടു സംസാരിച്ചയാളിന്റെ ശബ്ദം കേട്ടില്ല. “ ‘കർത്താവേ, ഞാൻ എന്തു ചെയ്യണം’ എന്നു ചോദിച്ചു. “അതിനു കർത്താവ് എന്നോട്, ‘എഴുന്നേറ്റു ദമസ്കോസിലേക്കു പോകുക, നീ ചെയ്യേണ്ടതെല്ലാം അവിടെവെച്ചു നിന്നോടു പറയും’ എന്നു പറഞ്ഞു. ആ പ്രകാശത്തിന്റെ തേജസ്സ് എനിക്ക് അന്ധത വരുത്തിയിരുന്നതുകൊണ്ട് എന്റെ സഹയാത്രികർ എന്നെ കൈക്കുപിടിച്ചു ദമസ്കോസിലേക്കു നടത്തി. “അനന്യാസ് എന്നു പേരുള്ള ഒരാൾ എന്നെ കാണാനെത്തി. അദ്ദേഹം ഭക്തിയോടെ ന്യായപ്രമാണം പാലിക്കുന്നവനും ആ സ്ഥലത്തു താമസിച്ചിരുന്ന എല്ലാ യെഹൂദരാലും ആദരിക്കപ്പെടുന്നവനുമായിരുന്നു. അദ്ദേഹം എന്റെ അടുക്കൽനിന്നുകൊണ്ട്, ‘ശൗലേ, സഹോദരാ, കാഴ്ച പ്രാപിക്കുക’ എന്നു പറഞ്ഞു. ഉടൻതന്നെ എനിക്കു കാഴ്ച ലഭിച്ചു; അദ്ദേഹത്തെ കാണാൻ കഴിഞ്ഞു.