അപ്പൊ. പ്രവൃത്തികൾ 21:10-16

അപ്പൊ. പ്രവൃത്തികൾ 21:10-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞങ്ങൾ അവിടെ വളരെ ദിവസം പാർത്തിരിക്കുമ്പോൾ അഗബൊസ് എന്ന ഒരു പ്രവാചകൻ യെഹൂദ്യയിൽനിന്നു വന്നു. അവൻ ഞങ്ങളുടെ അടുക്കൽ വന്നു പൗലൊസിന്റെ അരക്കച്ച എടുത്തു തന്റെ കൈകാലുകളെ കെട്ടി: ഈ അരക്കച്ചയുടെ ഉടമസ്ഥനെ യെഹൂദന്മാർ യെരൂശലേമിൽ ഇങ്ങനെ കെട്ടി ജാതികളുടെ കൈയിൽ ഏല്പിക്കും എന്ന് പരിശുദ്ധാത്മാവ് പറയുന്നു എന്നു പറഞ്ഞു. ഇതു കേട്ടാറെ യെരൂശലേമിൽ പോകരുത് എന്ന് ഞങ്ങളും അവിടത്തുകാരും അവനോട് അപേക്ഷിച്ചു. അതിനു പൗലൊസ്: നിങ്ങൾ കരഞ്ഞ് എന്റെ ഹൃദയം ഇങ്ങനെ തകർക്കുന്നത് എന്ത്? കർത്താവായ യേശുവിന്റെ നാമത്തിനുവേണ്ടി ബന്ധിക്കപ്പെടുവാൻ മാത്രമല്ല യെരൂശലേമിൽ മരിപ്പാനും ഞാൻ ഒരുങ്ങിയിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. അവനെ സമ്മതിപ്പിച്ചുകൂടായ്കയാൽ: കർത്താവിന്റെ ഇഷ്ടം നടക്കട്ടെ” എന്നു പറഞ്ഞു ഞങ്ങൾ മിണ്ടാതിരുന്നു. അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങൾ യാത്രയ്ക്കു കോപ്പുകൂട്ടി യെരൂശലേമിലേക്കു പോയി. കൈസര്യയിലെ ശിഷ്യന്മാരിൽ ചിലരും ഞങ്ങളോടുകൂടെ പോന്നു, കുപ്രൊസ്കാരനായ മ്നാസോൻ എന്ന ഒരു പഴയ ശിഷ്യനോടുകൂടെ അതിഥികളായി പാർക്കേണ്ടതിനു ഞങ്ങളെ അവന്റെ അടുക്കൽ കൂട്ടിക്കൊണ്ടുപോയി.

അപ്പൊ. പ്രവൃത്തികൾ 21:10-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അതിനിടയ്‍ക്ക് അഗബൊസ് എന്നൊരു പ്രവാചകൻ യെഹൂദ്യയിൽനിന്നു വന്നു. അയാൾ ഞങ്ങളുടെ അടുക്കൽ വന്ന്, പൗലൊസിന്റെ അരക്കച്ച എടുത്ത് സ്വന്തം കൈകാലുകൾ കെട്ടി; “ഈ അരക്കച്ചയുടെ ഉടമസ്ഥനെ യെരൂശലേമിലെ യെഹൂദന്മാർ ഇതുപോലെ ബന്ധിച്ചു വിജാതീയരെ ഏല്പിക്കുമെന്നു പരിശുദ്ധാത്മാവു പറയുന്നു” എന്നു പറഞ്ഞു. ഇതുകേട്ടപ്പോൾ യെരൂശലേമിലേക്കു പോകരുതെന്നു ഞങ്ങളും അവിടെയുള്ളവരും പൗലൊസിനോടപേക്ഷിച്ചു. അപ്പോൾ അദ്ദേഹം ഇപ്രകാരം പ്രതിവചിച്ചു: “നിങ്ങൾ എന്താണീ ചെയ്യുന്നത്? നിങ്ങൾ വിങ്ങിക്കരഞ്ഞ് എന്റെ ഹൃദയം തകർക്കുകയാണോ? കർത്താവായ യേശുവിനുവേണ്ടി യെരൂശലേമിൽവച്ചു ബന്ധനസ്ഥനാകുവാൻ മാത്രമല്ല, മരിക്കുവാൻപോലും ഞാൻ തയ്യാറാണ്.” അദ്ദേഹം വഴങ്ങുകയില്ലെന്നു കണ്ടപ്പോൾ, ഞങ്ങൾ ആ ഉദ്യമം ഉപേക്ഷിച്ചിട്ട് ദൈവഹിതം പൂർത്തിയാകട്ടെ എന്നു പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുശേഷം വേണ്ട ഒരുക്കങ്ങൾചെയ്ത് ഞങ്ങൾ യെരൂശലേമിലേക്കു പോയി. കൈസര്യയിലെ ചില ശിഷ്യന്മാരും ഞങ്ങളുടെകൂടെ പോന്നു. അവർ ഞങ്ങളെ ആദ്യകാല ശിഷ്യന്മാരിൽ ഒരാളായ സൈപ്രസുകാരൻ മ്നാസോന്റെ അടുക്കലേക്കു കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന്റെ വീട്ടിലാണ് ഞങ്ങൾക്കു പാർക്കേണ്ടിയിരുന്നത്.

അപ്പൊ. പ്രവൃത്തികൾ 21:10-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഞങ്ങൾ അവിടെ ചില ദിവസങ്ങൾ താമസിച്ചുകൊണ്ടിരിക്കുമ്പോൾ അഗബൊസ് എന്ന ഒരു പ്രവാചകൻ യെഹൂദ്യയിൽനിന്നു വന്നു. അവൻ ഞങ്ങളുടെ അടുക്കൽവന്ന് പൗലോസിന്‍റെ അരക്കച്ച എടുത്ത് തന്‍റെ സ്വന്തം കൈകാലുകളെ കെട്ടി: “ഈ അരക്കച്ചയുടെ ഉടമസ്ഥനെ യെഹൂദന്മാർ യെരൂശലേമിൽ ഇങ്ങനെ കെട്ടി ജനതകളുടെ കയ്യിൽ ഏല്പിക്കും എന്നു പരിശുദ്ധാത്മാവ് പറയുന്നു” എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ യെരൂശലേമിൽ പോകരുത് എന്നു പൗലോസിനോട് ഞങ്ങളും അവിടത്തുകാരും അപേക്ഷിച്ചു. അതിന് പൗലൊസ്: “നിങ്ങൾ കരഞ്ഞ് എന്‍റെ ഹൃദയം ഇങ്ങനെ തകർക്കുന്നത് എന്ത്? കർത്താവായ യേശുവിന്‍റെ നാമത്തിനുവേണ്ടി ബന്ധിക്കപ്പെടുവാൻ മാത്രമല്ല യെരൂശലേമിൽ മരിക്കുവാനും ഞാൻ ഒരുങ്ങിയിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു. അവനെ സമ്മതിപ്പിക്കാൻ കഴിയാതെവന്നപ്പോൾ: “കർത്താവിന്‍റെ ഇഷ്ടം നടക്കട്ടെ” എന്നു പറഞ്ഞ് ഞങ്ങൾ മിണ്ടാതിരുന്നു. അവിടുത്തെ താമസം കഴിഞ്ഞിട്ട് ഞങ്ങൾ യാത്രയ്ക്ക് ഒരുങ്ങി യെരൂശലേമിലേക്ക് പോയി. കൈസര്യയിലെ ശിഷ്യന്മാരിൽ ചിലരും ഞങ്ങളോടുകൂടെ പോന്നു, ഞങ്ങൾ താമസിക്കേണ്ടിയിരുന്നത് കുപ്രൊസ്കാരനായ മ്നാസോൻ എന്ന ഒരു ആദ്യകാല ശിഷ്യനോടുകൂടെയായിരുന്നു. അതുകൊണ്ട് അവർ അവനെയും കൂടെക്കൊണ്ടു പോന്നു.

അപ്പൊ. പ്രവൃത്തികൾ 21:10-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞങ്ങൾ അവിടെ വളരെ ദിവസം പാർത്തിരിക്കുമ്പോൾ അഗബൊസ് എന്ന ഒരു പ്രവാചകൻ യെഹൂദ്യയിൽ നിന്നു വന്നു. അവൻ ഞങ്ങളുടെ അടുക്കൽ വന്നു പൗലൊസിന്റെ അരക്കച്ച എടുത്തു തന്റെ കൈകാലുകളെ കെട്ടി: ഈ അരക്കച്ചയുടെ ഉടമസ്ഥനെ യെഹൂദന്മാർ യെരൂശലേമിൽ ഇങ്ങനെ കെട്ടി ജാതികളുടെ കയ്യിൽ ഏല്പിക്കും എന്നു പരിശുദ്ധാത്മാവു പറയുന്നു എന്നു പറഞ്ഞു. ഇതു കേട്ടാറെ യെരൂശലേമിൽ പോകരുതു എന്നു ഞങ്ങളും അവിടത്തുകാരും അവനോടു അപേക്ഷിച്ചു. അതിന്നു പൗലൊസ്: നിങ്ങൾ കരഞ്ഞു എന്റെ ഹൃദയം ഇങ്ങനെ തകർക്കുന്നതു എന്തു? കർത്താവായ യേശുവിന്റെ നാമത്തിന്നു വേണ്ടി ബന്ധിക്കപ്പെടുവാൻ മാത്രമല്ല യെരൂശലേമിൽ മരിപ്പാനും ഞാൻ ഒരുങ്ങിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. അവനെ സമ്മതിപ്പിച്ചുകൂടായ്കയാൽ: കർത്താവിന്റെ ഇഷ്ടം നടക്കട്ടെ എന്നു പറഞ്ഞു ഞങ്ങൾ മിണ്ടാതിരുന്നു. അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങൾ യാത്രെക്കു കോപ്പുകൂട്ടി യെരൂശലേമിലേക്കു പോയി. കൈസര്യയിലെ ശിഷ്യന്മാരിൽ ചിലരും ഞങ്ങളോടുകൂടെ പോന്നു, കുപ്രൊസ്കാരനായ മ്നാസോൻ എന്ന ഒരു പഴയശിഷ്യനോടുകൂടെ അതിഥികളായ്പാർക്കേണ്ടതിന്നു ഞങ്ങളെ അവന്റെ അടുക്കൽ കൂട്ടിക്കൊണ്ടുപോയി.

അപ്പൊ. പ്രവൃത്തികൾ 21:10-16 സമകാലിക മലയാളവിവർത്തനം (MCV)

ഞങ്ങൾ അവിടെയെത്തി കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ യെഹൂദ്യയിൽനിന്ന് അഗബൊസ് എന്നു പേരുള്ള ഒരു പ്രവാചകൻ അവിടെവന്നു. അദ്ദേഹം ഞങ്ങളുടെ അടുക്കൽവന്ന്, പൗലോസിന്റെ അരപ്പട്ട എടുത്ത് സ്വന്തം കൈകളും കാലുകളും കെട്ടിയശേഷം ഇങ്ങനെ പറഞ്ഞു, “ ‘ഈ അരപ്പട്ടയുടെ ഉടമസ്ഥനെ ജെറുശലേമിലെ യെഹൂദനേതാക്കന്മാർ ഇതേവിധത്തിൽ ബന്ധിക്കുകയും യെഹൂദേതരരുടെ കൈയിൽ ഏൽപ്പിച്ചുകൊടുക്കുകയും ചെയ്യുമെന്ന്’ പരിശുദ്ധാത്മാവ് അരുളിച്ചെയ്യുന്നു.” ഇതു കേട്ടപ്പോൾ ഞങ്ങളും അവിടെയുണ്ടായിരുന്ന സഹോദരങ്ങളും ജെറുശലേമിലേക്കു പോകരുതെന്ന് പൗലോസിനോട് അപേക്ഷിച്ചു. അപ്പോൾ പൗലോസ്, “നിങ്ങൾ ഇങ്ങനെ കരഞ്ഞ് എന്റെ ഹൃദയം തകർക്കുന്നതെന്തിന്? ബന്ധിക്കപ്പെടാൻമാത്രമല്ല, കർത്താവായ യേശുവിന്റെ നാമത്തിനുവേണ്ടി ജെറുശലേമിൽ മരിക്കാനും ഞാൻ തയ്യാറാണ്” എന്നു മറുപടി പറഞ്ഞു. അദ്ദേഹത്തെ ഒരുവിധത്തിലും പിന്തിരിപ്പിക്കാൻ സാധ്യമല്ല എന്നു കണ്ടിട്ട്, “കർത്താവിന്റെ ഇഷ്ടം നടക്കട്ടെ” എന്നു പറഞ്ഞുകൊണ്ട് ഞങ്ങൾ പിന്മാറി. എന്നിട്ട് ഞങ്ങൾ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ ചെയ്തശേഷം ജെറുശലേമിലേക്കു പോയി. കൈസര്യയിൽനിന്നുള്ള ഏതാനും ശിഷ്യന്മാർ ഒപ്പം വന്ന് മ്നാസോന്റെ ഭവനത്തിൽ ഞങ്ങളെ കൊണ്ടെത്തിച്ചു. അവിടെയായിരുന്നു ഞങ്ങൾക്കുള്ള താമസം ക്രമീകരിച്ചിരുന്നത്. സൈപ്രസുകാരനായ മ്നാസോൻ ആദിമശിഷ്യന്മാരിൽ ഒരാളായിരുന്നു.