അപ്പൊ. പ്രവൃത്തികൾ 21:1-26

അപ്പൊ. പ്രവൃത്തികൾ 21:1-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവരെ വിട്ടുപിരിഞ്ഞു നീക്കിയശേഷം ഞങ്ങൾ നേരേ ഓടി കോസിലും പിറ്റന്നാൾ രൊദൊസിലും അവിടം വിട്ടു പത്തരയിലും എത്തി. ഫൊയ്നീക്യയിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടിട്ടു ഞങ്ങൾ അതിൽ കയറി ഓടി. കുപ്രൊസ്ദ്വീപ് കണ്ട് അതിനെ ഇടത്തുപുറം വിട്ടു സുറിയയിലേക്ക് ഓടി സോരിൽ വന്നിറങ്ങി; കപ്പൽ അവിടെ ചരക്ക് ഇറക്കുവാനുള്ളതായിരുന്നു; ഞങ്ങൾ ശിഷ്യന്മാരെ കണ്ടെത്തി, ഏഴു നാൾ അവിടെ പാർത്തു. അവർ പൗലൊസിനോടു യെരൂശലേമിൽ പോകരുത് എന്ന് ആത്മാവിനാൽ പറഞ്ഞു. അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങൾ വിട്ടുപോകുമ്പോൾ അവർ എല്ലാവരും സ്ത്രീകളും കുട്ടികളുമായി പട്ടണത്തിനു പുറത്തോളം ഞങ്ങളോടുകൂടെ വന്നു കടല്ക്കരയിൽ മുട്ടുകുത്തി പ്രാർഥിച്ച് തമ്മിൽ യാത്ര പറഞ്ഞിട്ടു ഞങ്ങൾ കപ്പൽ കയറി; അവർ വീട്ടിലേക്കു മടങ്ങിപ്പോയി. ഞങ്ങൾ സോർ വിട്ടു കപ്പലോട്ടം തികച്ചു പ്തൊലെമായിസിൽ എത്തി സഹോദരന്മാരെ വന്ദനം ചെയ്ത് ഒരു ദിവസം അവരോടുകൂടെ പാർത്തു. പിറ്റന്നാൾ ഞങ്ങൾ പുറപ്പെട്ടു കൈസര്യയിൽ എത്തി, എഴുവരിൽ ഒരുവനായ ഫിലിപ്പൊസ് എന്ന സുവിശേഷകന്റെ വീട്ടിൽ ചെന്ന് അവനോടുകൂടെ പാർത്തു. അവനു കന്യകമാരും പ്രവചിക്കുന്നവരുമായ നാലു പുത്രിമാർ ഉണ്ടായിരുന്നു. ഞങ്ങൾ അവിടെ വളരെ ദിവസം പാർത്തിരിക്കുമ്പോൾ അഗബൊസ് എന്ന ഒരു പ്രവാചകൻ യെഹൂദ്യയിൽനിന്നു വന്നു. അവൻ ഞങ്ങളുടെ അടുക്കൽ വന്നു പൗലൊസിന്റെ അരക്കച്ച എടുത്തു തന്റെ കൈകാലുകളെ കെട്ടി: ഈ അരക്കച്ചയുടെ ഉടമസ്ഥനെ യെഹൂദന്മാർ യെരൂശലേമിൽ ഇങ്ങനെ കെട്ടി ജാതികളുടെ കൈയിൽ ഏല്പിക്കും എന്ന് പരിശുദ്ധാത്മാവ് പറയുന്നു എന്നു പറഞ്ഞു. ഇതു കേട്ടാറെ യെരൂശലേമിൽ പോകരുത് എന്ന് ഞങ്ങളും അവിടത്തുകാരും അവനോട് അപേക്ഷിച്ചു. അതിനു പൗലൊസ്: നിങ്ങൾ കരഞ്ഞ് എന്റെ ഹൃദയം ഇങ്ങനെ തകർക്കുന്നത് എന്ത്? കർത്താവായ യേശുവിന്റെ നാമത്തിനുവേണ്ടി ബന്ധിക്കപ്പെടുവാൻ മാത്രമല്ല യെരൂശലേമിൽ മരിപ്പാനും ഞാൻ ഒരുങ്ങിയിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. അവനെ സമ്മതിപ്പിച്ചുകൂടായ്കയാൽ: കർത്താവിന്റെ ഇഷ്ടം നടക്കട്ടെ” എന്നു പറഞ്ഞു ഞങ്ങൾ മിണ്ടാതിരുന്നു. അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങൾ യാത്രയ്ക്കു കോപ്പുകൂട്ടി യെരൂശലേമിലേക്കു പോയി. കൈസര്യയിലെ ശിഷ്യന്മാരിൽ ചിലരും ഞങ്ങളോടുകൂടെ പോന്നു, കുപ്രൊസ്കാരനായ മ്നാസോൻ എന്ന ഒരു പഴയ ശിഷ്യനോടുകൂടെ അതിഥികളായി പാർക്കേണ്ടതിനു ഞങ്ങളെ അവന്റെ അടുക്കൽ കൂട്ടിക്കൊണ്ടുപോയി. യെരൂശലേമിൽ എത്തിയപ്പോൾ സഹോദരന്മാർ ഞങ്ങളെ സന്തോഷത്തോടെ കൈക്കൊണ്ടു. പിറ്റേന്നു പൗലൊസും ഞങ്ങളും യാക്കോബിന്റെ അടുക്കൽ പോയി; മൂപ്പന്മാരും എല്ലാം അവിടെ വന്നുകൂടി. അവൻ അവരെ വന്ദനം ചെയ്തു തന്റെ ശുശ്രൂഷയാൽ ദൈവം ജാതികളുടെ ഇടയിൽ ചെയ്യിച്ചത് ഓരോന്നായി വിവരിച്ചുപറഞ്ഞു. അവർ കേട്ടു ദൈവത്തെ മഹത്ത്വപ്പെടുത്തി. പിന്നെ അവനോട് പറഞ്ഞത്: സഹോദരാ, യെഹൂദന്മാരുടെ ഇടയിൽ വിശ്വസിച്ചിരിക്കുന്നവർ എത്ര ആയിരം ഉണ്ട് എന്ന് നീ കാണുന്നുവല്ലോ; അവർ എല്ലാവരും ന്യായപ്രമാണതല്പരന്മാർ ആകുന്നു. മക്കളെ പരിച്ഛേദന ചെയ്യരുത് എന്നും നമ്മുടെ മര്യാദ അനുസരിച്ചു നടക്കരുത് എന്നും നീ ജാതികളുടെ ഇടയിലുള്ള സകല യെഹൂദന്മാരോടും പറഞ്ഞു മോശെയെ ഉപേക്ഷിച്ചുകളയുവാൻ ഉപദേശിക്കുന്നു എന്ന് അവർ നിന്നെക്കുറിച്ചു ധരിച്ചിരിക്കുന്നു. ആകയാൽ എന്താകുന്നു വേണ്ടത്? നീ വന്നിട്ടുണ്ട് എന്ന് അവർ കേൾക്കും നിശ്ചയം. ഞങ്ങൾ നിന്നോട് ഈ പറയുന്നത് ചെയ്ക; നേർച്ചയുള്ള നാലു പുരുഷന്മാർ ഞങ്ങളുടെ ഇടയിൽ ഉണ്ട് . അവരെ കൂട്ടിക്കൊണ്ട് അവരോടുകൂടെ നിന്നെ ശുദ്ധിവരുത്തി അവരുടെ തല ക്ഷൗരം ചെയ്യേണ്ടതിന് അവർക്കുവേണ്ടി ചെലവു ചെയ്ക; എന്നാൽ നിന്നെക്കൊണ്ടു കേട്ടത് ഉള്ളതല്ല എന്നും നീയും ന്യായപ്രമാണത്തെ ആചരിച്ചു ക്രമമായി നടക്കുന്നവൻ എന്നും എല്ലാവരും അറിയും. വിശ്വസിച്ചിരിക്കുന്ന ജാതികളെ സംബന്ധിച്ചോ അവർ വിഗ്രഹാർപ്പിതവും രക്തവും ശ്വാസംമുട്ടിച്ചത്തതും പരസംഗവും മാത്രം ഒഴിഞ്ഞിരിക്കേണം എന്നു വിധിച്ച് എഴുതി അയച്ചിട്ടുണ്ടല്ലോ. അങ്ങനെ പൗലൊസ് ആ പുരുഷന്മാരെ കൂട്ടിക്കൊണ്ടു പിറ്റന്നാൾ അവരോടുകൂടെ തന്നെ ശുദ്ധിവരുത്തി ദൈവാലയത്തിൽ ചെന്നു; അവരിൽ ഓരോരുത്തനുവേണ്ടി വഴിപാടു കഴിപ്പാനുള്ള ശുദ്ധീകരണകാലം തികഞ്ഞു എന്ന് ബോധിപ്പിച്ചു.

അപ്പൊ. പ്രവൃത്തികൾ 21:1-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഞങ്ങൾ അവരെ ഒരു വിധത്തിൽ വിട്ടു പിരിഞ്ഞ് കപ്പൽ നീക്കി. ഞങ്ങൾ നേരേ യാത്ര ചെയ്തു കോസിലും, പിറ്റേദിവസം രോദോസിലും പിന്നീട് പത്തരയിലുമെത്തി. അവിടെനിന്ന് ഫൊയ്നിക്യയിലേക്ക് പോകുന്ന ഒരു കപ്പൽ കണ്ട് ഞങ്ങൾ അതിൽ കയറി യാത്ര തുടർന്നു. സൈപ്രസ്ദ്വീപു കണ്ടപ്പോൾ കപ്പൽ അതിന്റെ തെക്കുഭാഗത്തുകൂടി വിട്ട് സിറിയയിലേക്ക് ഓടിച്ചുപോയി. അങ്ങനെ സോരിൽ ചെന്നിറങ്ങി. അവിടെ കപ്പലിൽനിന്നു ചരക്കിറക്കാനുണ്ടായിരുന്നു. അവിടത്തെ ശിഷ്യന്മാരെ ഞങ്ങൾ അന്വേഷിച്ചു കണ്ടുപിടിച്ചു. ഏഴുദിവസം ഞങ്ങൾ അവരോടുകൂടി പാർത്തു. യെരൂശലേമിലേക്കു പോകരുതെന്ന് അവർ പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ പൗലൊസിനോടു പറഞ്ഞു. അവിടത്തെ താമസം കഴിഞ്ഞിട്ട് ഞങ്ങൾ അവരെ വിട്ടുപിരിഞ്ഞു പോന്നപ്പോൾ, സ്‍ത്രീകളും കുട്ടികളുമടക്കം അവരെല്ലാവരുംകൂടി പട്ടണത്തിനു പുറത്തുവരെ അനുയാത്ര ചെയ്തു. ഞങ്ങൾ കടൽപ്പുറത്തു മുട്ടുകുത്തി പ്രാർഥിച്ച്, അന്യോന്യം വിടവാങ്ങി. പിന്നീട് ഞങ്ങൾ കപ്പലിൽ കയറുകയും അവർ സ്വഭവനങ്ങളിലേക്കു തിരിച്ചുപോകുകയും ചെയ്തു. സോരിൽ നിന്നു യാത്രചെയ്ത് ഞങ്ങൾ പ്തൊലെമായിസിൽ എത്തിച്ചേർന്നു; സഹോദരന്മാരെ ഞങ്ങൾ അഭിവാദനം ചെയ്തു; ഒരു ദിവസം അവരോടുകൂടി പാർത്തു. പിറ്റേദിവസം ഞങ്ങൾ അവിടെനിന്നു പുറപ്പെട്ടു കൈസര്യയിലെത്തി. ഫീലിപ്പോസ് എന്ന സുവിശേഷകന്റെ വീട്ടിൽ ചെന്ന് അദ്ദേഹത്തിന്റെ കൂടെ പാർത്തു. യെരൂശലേമിൽവച്ചു ദിവ്യശുശ്രൂഷയ്‍ക്കായി തിരഞ്ഞെടുക്കപ്പെട്ട ഏഴുപേരിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിനു പ്രവചിക്കുന്നവരും കന്യകമാരുമായ നാലു പുത്രിമാരുണ്ടായിരുന്നു. ഞങ്ങൾ ഏതാനും ദിവസം അവിടെ താമസിച്ചു; അതിനിടയ്‍ക്ക് അഗബൊസ് എന്നൊരു പ്രവാചകൻ യെഹൂദ്യയിൽനിന്നു വന്നു. അയാൾ ഞങ്ങളുടെ അടുക്കൽ വന്ന്, പൗലൊസിന്റെ അരക്കച്ച എടുത്ത് സ്വന്തം കൈകാലുകൾ കെട്ടി; “ഈ അരക്കച്ചയുടെ ഉടമസ്ഥനെ യെരൂശലേമിലെ യെഹൂദന്മാർ ഇതുപോലെ ബന്ധിച്ചു വിജാതീയരെ ഏല്പിക്കുമെന്നു പരിശുദ്ധാത്മാവു പറയുന്നു” എന്നു പറഞ്ഞു. ഇതുകേട്ടപ്പോൾ യെരൂശലേമിലേക്കു പോകരുതെന്നു ഞങ്ങളും അവിടെയുള്ളവരും പൗലൊസിനോടപേക്ഷിച്ചു. അപ്പോൾ അദ്ദേഹം ഇപ്രകാരം പ്രതിവചിച്ചു: “നിങ്ങൾ എന്താണീ ചെയ്യുന്നത്? നിങ്ങൾ വിങ്ങിക്കരഞ്ഞ് എന്റെ ഹൃദയം തകർക്കുകയാണോ? കർത്താവായ യേശുവിനുവേണ്ടി യെരൂശലേമിൽവച്ചു ബന്ധനസ്ഥനാകുവാൻ മാത്രമല്ല, മരിക്കുവാൻപോലും ഞാൻ തയ്യാറാണ്.” അദ്ദേഹം വഴങ്ങുകയില്ലെന്നു കണ്ടപ്പോൾ, ഞങ്ങൾ ആ ഉദ്യമം ഉപേക്ഷിച്ചിട്ട് ദൈവഹിതം പൂർത്തിയാകട്ടെ എന്നു പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുശേഷം വേണ്ട ഒരുക്കങ്ങൾചെയ്ത് ഞങ്ങൾ യെരൂശലേമിലേക്കു പോയി. കൈസര്യയിലെ ചില ശിഷ്യന്മാരും ഞങ്ങളുടെകൂടെ പോന്നു. അവർ ഞങ്ങളെ ആദ്യകാല ശിഷ്യന്മാരിൽ ഒരാളായ സൈപ്രസുകാരൻ മ്നാസോന്റെ അടുക്കലേക്കു കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന്റെ വീട്ടിലാണ് ഞങ്ങൾക്കു പാർക്കേണ്ടിയിരുന്നത്. ഞങ്ങൾ യെരൂശലേമിലെത്തിയപ്പോൾ അവിടത്തെ സഹോദരന്മാർ ഞങ്ങളെ സസന്തോഷം സ്വീകരിച്ചു. പിറ്റേദിവസം പൗലൊസും ഞങ്ങളുംകൂടി യാക്കോബിന്റെ അടുക്കലേക്കു പോയി; സഭയിലെ എല്ലാ മുഖ്യന്മാരും അവിടെ കൂടിയിരുന്നു. അവരെ അഭിവാദനം ചെയ്തശേഷം, തന്റെ ശുശ്രൂഷയിൽകൂടി വിജാതീയരുടെ ഇടയിൽ ദൈവം ചെയ്ത കാര്യങ്ങൾ പൗലൊസ് ഓരോന്നായി വിവരിച്ചു. അതുകേട്ടപ്പോൾ അവർ ദൈവത്തെ സ്തുതിച്ചു; അവർ അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: “നോക്കൂ, സഹോദരാ, യെഹൂദന്മാരുടെ ഇടയിൽ വിശ്വാസികളായിത്തീർന്നിട്ടുള്ള എത്ര ആയിരം ജനങ്ങളുണ്ട്! യെഹൂദധർമശാസ്ത്രത്തിന്റെ അനുഷ്ഠാനത്തിൽ വ്യഗ്രതയുള്ളവരാണ് അവരെല്ലാവരും. കുട്ടികളെ പരിച്ഛേദനകർമത്തിനു വിധേയരാക്കുകയോ, പരമ്പരാഗതമായ ആചാരങ്ങൾ അനുഷ്ഠിക്കുകയോ ചെയ്യരുതെന്ന്, വിജാതീയരുടെ ഇടയിലുള്ള യെഹൂദന്മാരോടു പറഞ്ഞുകൊണ്ട്, മോശയുടെ നിയമസംഹിത പരിത്യജിക്കണമെന്ന്, അവരെ താങ്കൾ ഉപദേശിക്കുന്നതായി ഇവിടെയുള്ളവർ കേട്ടിരിക്കുന്നു. ഇക്കാര്യത്തിൽ എന്താണു ചെയ്യുക? താങ്കൾ വന്നിരിക്കുന്ന വിവരം അവർ നിശ്ചയമായും അറിയും; അതുകൊണ്ട് ഞങ്ങളുടെ നിർദേശം ഇതാണ്; വ്രതമെടുത്തിട്ടുള്ള നാലു പുരുഷന്മാർ ഇവിടെയുണ്ട്. അവരെ കൂട്ടിക്കൊണ്ടുപോയി അവരോടൊപ്പം താങ്കളും ശുദ്ധീകരണകർമത്തിനു വിധേയനാകുക; അവരുടെ തല മുണ്ഡനം ചെയ്യുന്നതിനുള്ള ചെലവും കൊടുക്കുക; അങ്ങനെ ചെയ്താൽ താങ്കളെപ്പറ്റി അവർ കേട്ടതിൽ കഥയൊന്നുമില്ലെന്നും, താങ്കൾ യെഹൂദനിയമസംഹിത അനുസരിക്കുന്ന ആളാണെന്നും എല്ലാവർക്കും ബോധ്യമാകും. വിശ്വാസികളായിത്തീർന്ന വിജാതീയരാകട്ടെ, വിഗ്രഹങ്ങൾക്ക് അർപ്പിച്ചിട്ടുള്ളവയും, രക്തവും, ശ്വാസംമുട്ടിച്ചത്തവയും, ദുർമാർഗവും വർജിച്ചാൽ മതിയെന്നു നാം തീരുമാനിച്ച് എഴുതി അറിയിച്ചിട്ടുണ്ടല്ലോ. അങ്ങനെ പിറ്റേദിവസം പൗലൊസ് ആ നാലുപേരെ കൂട്ടിക്കൊണ്ടുപോയി അവരോടുകൂടി ശുദ്ധീകരണകർമത്തിനു വിധേയനായി. അവർക്ക് ഓരോരുത്തർക്കുംവേണ്ട വഴിപാട് അർപ്പിക്കുന്നതിലേക്കു ശുദ്ധീകരണദിവസങ്ങൾ എന്നു പൂർത്തിയാകുമെന്ന് അറിയിക്കുന്നതിനായി പൗലൊസ് ദേവാലയത്തിലേക്കു പോകുകയും ചെയ്തു.

അപ്പൊ. പ്രവൃത്തികൾ 21:1-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അവരെ വിട്ടുപിരിഞ്ഞ് നീക്കിയശേഷം ഞങ്ങൾ നേരെ സഞ്ചരിച്ച് കോസ് ദ്വീപിലും പിറ്റെന്നാൾ രൊദൊസ് ദ്വീപിലും അവിടംവിട്ട് പത്തരയിലും എത്തി. ഫൊയ്നിക്ക്യയിലേക്ക് പോകുന്ന ഒരു കപ്പൽ കണ്ടിട്ട് ഞങ്ങൾ അതിൽ കയറി ഓടി. ഇടതുഭാഗത്ത് കുപ്രോസ് ദ്വീപ് കണ്ടു, അവിടംവിട്ട് സിറിയയിലേക്ക് ഓടി സോരിൽ വന്നിറങ്ങി; കപ്പൽ അവിടെ ചരക്ക് ഇറക്കുവാനുള്ളതായിരുന്നു; ഞങ്ങൾ ശിഷ്യന്മാരെ കണ്ടെത്തി ഏഴുനാൾ അവിടെ പാർത്തു; അവർ പൗലൊസിനോടു യെരൂശലേമിൽ പോകരുത് എന്നു ആത്മാവിനാൽ പറഞ്ഞു. അവിടുത്തെ താമസം കഴിഞ്ഞിട്ട് ഞങ്ങൾ വിട്ടു പോകുമ്പോൾ അവർ എല്ലാവരും തങ്ങളുടെ ഭാര്യമാരും കുട്ടികളുമായി പട്ടണത്തിന് പുറത്തോളം ഞങ്ങളോടുകൂടെ വന്നു. കടൽക്കരയിൽ മുട്ടുകുത്തി പ്രാർത്ഥിച്ചു, തമ്മിൽ യാത്ര പറഞ്ഞിട്ട് ഞങ്ങൾ കപ്പൽ കയറി; അവർ വീട്ടിലേക്ക് മടങ്ങിപ്പോയി. ഞങ്ങൾ സോരിൽനിന്ന് യാത്രതിരിച്ച് പ്തൊലെമായിസിൽ എത്തി, അവിടെ സഹോദരന്മാരെ വന്ദനം ചെയ്തു ഒരു ദിവസം അവരോടുകൂടെ പാർത്തു. പിറ്റെന്നാൾ ഞങ്ങൾ പുറപ്പെട്ടു കൈസര്യയിൽ എത്തി, യെരൂശലേമിൽ വച്ചു തിരഞ്ഞെടുക്കപ്പെട്ട ഏഴുപേരിൽ ഒരുവനായ ഫിലിപ്പൊസ് എന്ന സുവിശേഷകൻ്റെ വീട്ടിൽ ചെന്നു അവനോടുകൂടെ പാർത്തു. അവനു കന്യകമാരും പ്രവചിക്കുന്നവരുമായ നാലു പുത്രിമാർ ഉണ്ടായിരുന്നു. ഞങ്ങൾ അവിടെ ചില ദിവസങ്ങൾ താമസിച്ചുകൊണ്ടിരിക്കുമ്പോൾ അഗബൊസ് എന്ന ഒരു പ്രവാചകൻ യെഹൂദ്യയിൽനിന്നു വന്നു. അവൻ ഞങ്ങളുടെ അടുക്കൽവന്ന് പൗലോസിന്‍റെ അരക്കച്ച എടുത്ത് തന്‍റെ സ്വന്തം കൈകാലുകളെ കെട്ടി: “ഈ അരക്കച്ചയുടെ ഉടമസ്ഥനെ യെഹൂദന്മാർ യെരൂശലേമിൽ ഇങ്ങനെ കെട്ടി ജനതകളുടെ കയ്യിൽ ഏല്പിക്കും എന്നു പരിശുദ്ധാത്മാവ് പറയുന്നു” എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ യെരൂശലേമിൽ പോകരുത് എന്നു പൗലോസിനോട് ഞങ്ങളും അവിടത്തുകാരും അപേക്ഷിച്ചു. അതിന് പൗലൊസ്: “നിങ്ങൾ കരഞ്ഞ് എന്‍റെ ഹൃദയം ഇങ്ങനെ തകർക്കുന്നത് എന്ത്? കർത്താവായ യേശുവിന്‍റെ നാമത്തിനുവേണ്ടി ബന്ധിക്കപ്പെടുവാൻ മാത്രമല്ല യെരൂശലേമിൽ മരിക്കുവാനും ഞാൻ ഒരുങ്ങിയിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു. അവനെ സമ്മതിപ്പിക്കാൻ കഴിയാതെവന്നപ്പോൾ: “കർത്താവിന്‍റെ ഇഷ്ടം നടക്കട്ടെ” എന്നു പറഞ്ഞ് ഞങ്ങൾ മിണ്ടാതിരുന്നു. അവിടുത്തെ താമസം കഴിഞ്ഞിട്ട് ഞങ്ങൾ യാത്രയ്ക്ക് ഒരുങ്ങി യെരൂശലേമിലേക്ക് പോയി. കൈസര്യയിലെ ശിഷ്യന്മാരിൽ ചിലരും ഞങ്ങളോടുകൂടെ പോന്നു, ഞങ്ങൾ താമസിക്കേണ്ടിയിരുന്നത് കുപ്രൊസ്കാരനായ മ്നാസോൻ എന്ന ഒരു ആദ്യകാല ശിഷ്യനോടുകൂടെയായിരുന്നു. അതുകൊണ്ട് അവർ അവനെയും കൂടെക്കൊണ്ടു പോന്നു. യെരൂശലേമിൽ എത്തിയപ്പോൾ സഹോദരന്മാർ ഞങ്ങളെ സന്തോഷത്തോടെ സ്വീകരിച്ചു. പിറ്റെന്ന് പൗലൊസും ഞങ്ങളും യാക്കോബിന്‍റെ അടുക്കൽ പോയി; മൂപ്പന്മാരും എല്ലാം അവിടെ വന്നുകൂടി. പൗലോസ് അവരെ വന്ദനം ചെയ്തു, തന്‍റെ ശുശ്രൂഷയാൽ ദൈവം ജനതകളുടെ ഇടയിൽ ചെയ്യിച്ചത് ഓരോന്നായി വിവരിച്ചു പറഞ്ഞു. അവർ കേട്ടു ദൈവത്തെ മഹത്വപ്പെടുത്തി. പിന്നെ അവനോട് പറഞ്ഞത്: “സഹോദരാ, യെഹൂദന്മാരുടെ ഇടയിൽ വിശ്വസിച്ചിരിക്കുന്നവർ എത്ര ആയിരം ഉണ്ട് എന്നു നീ കാണുന്നുവല്ലോ; അവർ എല്ലാവരും ന്യായപ്രമാണം അനുസരിക്കുവാൻ തീരുമാനിച്ചിരിക്കുന്നവരുമാകുന്നു. എന്നാൽ മക്കളെ പരിച്ഛേദന ചെയ്യരുത് എന്നും നമ്മുടെ പഴയ ആചാരങ്ങൾ അനുസരിച്ചു നടക്കരുത് എന്നും നീ ജനതകളുടെ ഇടയിലുള്ള സകല യെഹൂദന്മാരോടും പറഞ്ഞ് മോശെയെ ഉപേക്ഷിച്ചുകളയുവാൻ ഉപദേശിക്കുന്നു എന്നും അവർ നിന്നെക്കുറിച്ച് ധരിച്ചിരിക്കുന്നു. ആകയാൽ എന്താകുന്നു വേണ്ടത്? നീ വന്നിട്ടുണ്ട് എന്നു അവർ കേൾക്കും നിശ്ചയം. ഞങ്ങൾ നിന്നോട് ഈ പറയുന്നത് ചെയ്ക; നേർച്ചയുള്ള നാലു പുരുഷന്മാർ ഞങ്ങളുടെ ഇടയിൽ ഉണ്ട്. അവരെ കൂട്ടിക്കൊണ്ടുപോയി അവരോടുകൂടെ നീയും നിന്നെത്തന്നെ ശുദ്ധിവരുത്തി അവരുടെ തല ക്ഷൗരം ചെയ്യേണ്ടതിനുള്ള ചെലവ് നീ ചെയ്ക; എന്നാൽ നിന്നെക്കുറിച്ച് കേട്ടത് വാസ്തവമല്ല എന്നും നീയും ന്യായപ്രമാണത്തെ ആചരിച്ച് ക്രമമായി നടക്കുന്നവൻ എന്നും എല്ലാവരും അറിയും. വിശ്വസിച്ചിരിക്കുന്ന യഹൂദരല്ലാത്തവരെ സംബന്ധിച്ചോ, അവർ വിഗ്രഹാർപ്പിതവും രക്തവും ശ്വാസംമുട്ടിച്ചത്തതും പരസംഗവും മാത്രം ഒഴിഞ്ഞിരിക്കേണം എന്നു നിർദ്ദേശിച്ച് എഴുതി അയച്ചിട്ടുണ്ടല്ലോ.” അങ്ങനെ പൗലൊസ് ആ പുരുഷന്മാരെ കൂട്ടിക്കൊണ്ട് പിറ്റെന്നാൾ അവരോടുകൂടെ തന്നെയും ശുദ്ധിവരുത്തി; ദൈവാലയത്തിൽ ചെന്നു അവരിൽ ഓരോരുത്തനുവേണ്ടി വഴിപാട് കഴിക്കുവാനുള്ള ശുദ്ധീകരണകാലം തികഞ്ഞു എന്നു ബോധിപ്പിച്ചു.

അപ്പൊ. പ്രവൃത്തികൾ 21:1-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവരെ വിട്ടുപിരിഞ്ഞു നീക്കിയശേഷം ഞങ്ങൾ നേരെ ഓടി കോസിലും പിറ്റെന്നാൾ രൊദൊസിലും അവിടം വിട്ടു പത്തരയിലും എത്തി. ഫൊയ്നീക്ക്യയിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടിട്ടു ഞങ്ങൾ അതിൽ കയറി ഓടി. കുപ്രോസ് ദ്വീപു കണ്ടു അതിനെ ഇടത്തുപുറം വിട്ടു സുറിയയിലേക്കു ഓടി സോരിൽ വന്നിറങ്ങി; കപ്പൽ അവിടെ ചരക്കു ഇറക്കുവാനുള്ളതായിരുന്നു; ഞങ്ങൾ ശിഷ്യന്മാരെ കണ്ടെത്തി ഏഴുനാൾ അവിടെ പാർത്തു; അവർ പൗലൊസിനോടു യെരൂശലേമിൽ പോകരുതു എന്നു ആത്മാവിനാൽ പറഞ്ഞു. അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങൾ വിട്ടുപോകുമ്പോൾ അവർ എല്ലാവരും സ്ത്രീകളും കുട്ടികളുമായി പട്ടണത്തിന്നു പുറത്തോളം ഞങ്ങളോടുകൂടെ വന്നു കടൽക്കരയിൽ മുട്ടുകുത്തി പ്രാർത്ഥിച്ചു തമ്മിൽ യാത്ര പറഞ്ഞിട്ടു ഞങ്ങൾ കപ്പൽ കയറി; അവർ വീട്ടിലേക്കു മടങ്ങിപ്പോയി. ഞങ്ങൾ സോർ വിട്ടു കപ്പലോട്ടം തികെച്ചു പ്തൊലെമായിസിൽ എത്തി സഹോദരന്മാരെ വന്ദനം ചെയ്തു ഒരു ദിവസം അവരോടുകൂടെ പാർത്തു. പിറ്റെന്നാൾ ഞങ്ങൾ പുറപ്പെട്ടു കൈസര്യയിൽ എത്തി, ഏഴുവരിൽ ഒരുവനായ ഫിലിപ്പൊസ് എന്ന സുവിശേഷകന്റെ വീട്ടിൽ ചെന്നു അവനോടുകൂടെ പാർത്തു. അവന്നു കന്യകമാരും പ്രവചിക്കുന്നവരുമായ നാലു പുത്രിമാർ ഉണ്ടായിരുന്നു. ഞങ്ങൾ അവിടെ വളരെ ദിവസം പാർത്തിരിക്കുമ്പോൾ അഗബൊസ് എന്ന ഒരു പ്രവാചകൻ യെഹൂദ്യയിൽ നിന്നു വന്നു. അവൻ ഞങ്ങളുടെ അടുക്കൽ വന്നു പൗലൊസിന്റെ അരക്കച്ച എടുത്തു തന്റെ കൈകാലുകളെ കെട്ടി: ഈ അരക്കച്ചയുടെ ഉടമസ്ഥനെ യെഹൂദന്മാർ യെരൂശലേമിൽ ഇങ്ങനെ കെട്ടി ജാതികളുടെ കയ്യിൽ ഏല്പിക്കും എന്നു പരിശുദ്ധാത്മാവു പറയുന്നു എന്നു പറഞ്ഞു. ഇതു കേട്ടാറെ യെരൂശലേമിൽ പോകരുതു എന്നു ഞങ്ങളും അവിടത്തുകാരും അവനോടു അപേക്ഷിച്ചു. അതിന്നു പൗലൊസ്: നിങ്ങൾ കരഞ്ഞു എന്റെ ഹൃദയം ഇങ്ങനെ തകർക്കുന്നതു എന്തു? കർത്താവായ യേശുവിന്റെ നാമത്തിന്നു വേണ്ടി ബന്ധിക്കപ്പെടുവാൻ മാത്രമല്ല യെരൂശലേമിൽ മരിപ്പാനും ഞാൻ ഒരുങ്ങിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. അവനെ സമ്മതിപ്പിച്ചുകൂടായ്കയാൽ: കർത്താവിന്റെ ഇഷ്ടം നടക്കട്ടെ എന്നു പറഞ്ഞു ഞങ്ങൾ മിണ്ടാതിരുന്നു. അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങൾ യാത്രെക്കു കോപ്പുകൂട്ടി യെരൂശലേമിലേക്കു പോയി. കൈസര്യയിലെ ശിഷ്യന്മാരിൽ ചിലരും ഞങ്ങളോടുകൂടെ പോന്നു, കുപ്രൊസ്കാരനായ മ്നാസോൻ എന്ന ഒരു പഴയശിഷ്യനോടുകൂടെ അതിഥികളായ്പാർക്കേണ്ടതിന്നു ഞങ്ങളെ അവന്റെ അടുക്കൽ കൂട്ടിക്കൊണ്ടുപോയി. യെരൂശലേമിൽ എത്തിപ്പോൾ സഹോദരന്മാർ ഞങ്ങളെ സന്തോഷത്തോട കൈക്കൊണ്ടു. പിറ്റെന്നു പൗലൊസും ഞങ്ങളും യാക്കോബിന്റെ അടുക്കൽ പോയി; മൂപ്പന്മാരും എല്ലാം അവിടെ വന്നു കൂടി. അവൻ അവരെ വന്ദനം ചെയ്തു തന്റെ ശുശ്രൂഷയാൽ ദൈവം ജാതികളുടെ ഇടയിൽ ചെയ്യിച്ചതു ഓരോന്നായി വിവരിച്ചു പറഞ്ഞു. അവർ കേട്ടു ദൈവത്തെ മഹത്വപ്പെടുത്തി. പിന്നെ അവനോടു പറഞ്ഞതു: സഹോദരാ, യെഹൂദന്മാരുടെ ഇടയിൽ വിശ്വസിച്ചിരിക്കുന്നവർ എത്ര ആയിരം ഉണ്ടു എന്നു നീ കാണുന്നുവല്ലോ; അവർ എല്ലാവരും ന്യായപ്രമാണതല്പരന്മാർ ആകുന്നു. മക്കളെ പരിച്ഛേദന ചെയ്യരുതു എന്നും നമ്മുടെ മര്യാദ അനുസരിച്ചു നടക്കരുതു എന്നും നീ ജാതികളുടെ ഇടയിലുള്ള സകല യെഹൂദന്മാരോടും പറഞ്ഞു മോശെയെ ഉപേക്ഷിച്ചുകളവാൻ ഉപദേശിക്കുന്നു എന്നു അവർ നിന്നെക്കുറിച്ചു ധരിച്ചിരിക്കുന്നു. ആകയാൽ എന്താകുന്നു വേണ്ടതു? നീ വന്നിട്ടുണ്ടു എന്നു അവർ കേൾക്കും നിശ്ചയം. ഞങ്ങൾ നിന്നോടു ഈ പറയുന്നതു ചെയ്ക; നേർച്ചയുള്ള നാലു പുരുഷന്മാർ ഞങ്ങളുടെ ഇടയിൽ ഉണ്ടു. അവരെ കൂട്ടിക്കൊണ്ടു അവരോടുകൂടെ നിന്നെ ശുദ്ധിവരുത്തി അവരുടെ തല ക്ഷൗരം ചെയ്യേണ്ടതിന്നു അവർക്കു വേണ്ടി ചെലവു ചെയ്ക; എന്നാൽ നിന്നെക്കൊണ്ടു കേട്ടതു ഉള്ളതല്ല എന്നും നീയും ന്യായപ്രമാണത്തെ ആചരിച്ചു ക്രമമായി നടക്കുന്നവൻ എന്നും എല്ലാവരും അറിയും. വിശ്വസിച്ചിരിക്കുന്ന ജാതികളെ സംബന്ധിച്ചോ അവർ വിഗ്രഹാർപ്പിതവും രക്തവും ശ്വാസംമുട്ടിച്ചത്തതും പരസംഗവും മാത്രം ഒഴിഞ്ഞിരിക്കേണം എന്നു വിധിച്ചു എഴുതി അയച്ചിട്ടുണ്ടല്ലോ. അങ്ങനെ പൗലൊസ് ആ പുരുഷന്മാരെ കൂട്ടിക്കൊണ്ടു പിറ്റെന്നാൾ അവരോടുകൂടെ തന്നെ ശുദ്ധിവരുത്തി ദൈവാലയത്തിൽ ചെന്നു; അവരിൽ ഓരോരുത്തന്നുവേണ്ടി വഴിപാടു കഴിപ്പാനുള്ള ശുദ്ധീകരണകാലം തികഞ്ഞു എന്നു ബോധിപ്പിച്ചു.

അപ്പൊ. പ്രവൃത്തികൾ 21:1-26 സമകാലിക മലയാളവിവർത്തനം (MCV)

അങ്ങനെ അവരോട് യാത്രപറഞ്ഞശേഷം ഞങ്ങൾ കപ്പൽകയറി കോസ്ദ്വീപിലും അടുത്തദിവസം രൊദോസ്ദ്വീപിലും അവിടെനിന്നു പത്തര തുറമുഖത്തിലും എത്തി. അവിടെ ഫൊയ്നീക്യയിലേക്കു പോകുന്ന ഒരു കപ്പൽ കണ്ട് അതിൽ കയറി ഞങ്ങൾ യാത്രതുടർന്നു. യാത്രയ്ക്കിടയിൽ സൈപ്രസ്ദ്വീപ് കാണാൻ കഴിഞ്ഞു. അതിന്റെ തെക്കുവശത്തുകൂടെ സിറിയയിലേക്കുപോയി. സോരിൽ ആ കപ്പലിലെ ചരക്ക് ഇറക്കേണ്ടിയിരുന്നതിനാൽ ഞങ്ങൾ അവിടെ കരയ്ക്കിറങ്ങി. ക്രിസ്തുശിഷ്യരെ കണ്ടെത്തി ഞങ്ങൾ ഏഴുദിവസം അവിടെ താമസിച്ചു. ജെറുശലേമിലേക്കു പോകരുതെന്ന് ആ ശിഷ്യന്മാർ പൗലോസിനോട് ദൈവാത്മപ്രേരണയാൽ നിർബന്ധിച്ചുപറഞ്ഞു. എന്നാൽ, അവിടെനിന്നു പോകേണ്ട സമയമായപ്പോൾ സകലശിഷ്യന്മാരും അവരുടെ ഭാര്യമാരും കുഞ്ഞുങ്ങളും ഞങ്ങളോടുകൂടെ നഗരത്തിനു പുറത്തേക്കുവന്നു; കടൽത്തീരത്തു ഞങ്ങൾ മുട്ടുകുത്തി പ്രാർഥിച്ചു; പിന്നെ പരസ്പരം യാത്രപറഞ്ഞുപിരിഞ്ഞു. ഞങ്ങൾ കപ്പൽകയറി യാത്രതുടർന്നു. അവർ അവരുടെ വീടുകളിലേക്കു മടങ്ങുകയും ചെയ്തു. സോരിൽനിന്ന് കപ്പലിൽ യാത്രചെയ്തു ഞങ്ങൾ പ്തൊലെമായിസിൽ എത്തി. അവിടെ കരയ്ക്കിറങ്ങി സഹോദരങ്ങളെ അഭിവാദനംചെയ്ത് അവരോടുകൂടെ ഒരു ദിവസം താമസിച്ചു. പിറ്റേദിവസം ഞങ്ങൾ അവിടംവിട്ട് കൈസര്യയിൽ എത്തി; അവിടെ ഞങ്ങൾ സുവിശേഷകനായ ഫിലിപ്പൊസിന്റെ വീട്ടിൽ താമസിച്ചു. അദ്ദേഹം ഏഴുപേരിൽ ഒരാളായിരുന്നു. അദ്ദേഹത്തിനു പ്രവാചികകളായ നാലു പുത്രിമാരുണ്ടായിരുന്നു; അവർ അവിവാഹിതകളുമായിരുന്നു. ഞങ്ങൾ അവിടെയെത്തി കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ യെഹൂദ്യയിൽനിന്ന് അഗബൊസ് എന്നു പേരുള്ള ഒരു പ്രവാചകൻ അവിടെവന്നു. അദ്ദേഹം ഞങ്ങളുടെ അടുക്കൽവന്ന്, പൗലോസിന്റെ അരപ്പട്ട എടുത്ത് സ്വന്തം കൈകളും കാലുകളും കെട്ടിയശേഷം ഇങ്ങനെ പറഞ്ഞു, “ ‘ഈ അരപ്പട്ടയുടെ ഉടമസ്ഥനെ ജെറുശലേമിലെ യെഹൂദനേതാക്കന്മാർ ഇതേവിധത്തിൽ ബന്ധിക്കുകയും യെഹൂദേതരരുടെ കൈയിൽ ഏൽപ്പിച്ചുകൊടുക്കുകയും ചെയ്യുമെന്ന്’ പരിശുദ്ധാത്മാവ് അരുളിച്ചെയ്യുന്നു.” ഇതു കേട്ടപ്പോൾ ഞങ്ങളും അവിടെയുണ്ടായിരുന്ന സഹോദരങ്ങളും ജെറുശലേമിലേക്കു പോകരുതെന്ന് പൗലോസിനോട് അപേക്ഷിച്ചു. അപ്പോൾ പൗലോസ്, “നിങ്ങൾ ഇങ്ങനെ കരഞ്ഞ് എന്റെ ഹൃദയം തകർക്കുന്നതെന്തിന്? ബന്ധിക്കപ്പെടാൻമാത്രമല്ല, കർത്താവായ യേശുവിന്റെ നാമത്തിനുവേണ്ടി ജെറുശലേമിൽ മരിക്കാനും ഞാൻ തയ്യാറാണ്” എന്നു മറുപടി പറഞ്ഞു. അദ്ദേഹത്തെ ഒരുവിധത്തിലും പിന്തിരിപ്പിക്കാൻ സാധ്യമല്ല എന്നു കണ്ടിട്ട്, “കർത്താവിന്റെ ഇഷ്ടം നടക്കട്ടെ” എന്നു പറഞ്ഞുകൊണ്ട് ഞങ്ങൾ പിന്മാറി. എന്നിട്ട് ഞങ്ങൾ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ ചെയ്തശേഷം ജെറുശലേമിലേക്കു പോയി. കൈസര്യയിൽനിന്നുള്ള ഏതാനും ശിഷ്യന്മാർ ഒപ്പം വന്ന് മ്നാസോന്റെ ഭവനത്തിൽ ഞങ്ങളെ കൊണ്ടെത്തിച്ചു. അവിടെയായിരുന്നു ഞങ്ങൾക്കുള്ള താമസം ക്രമീകരിച്ചിരുന്നത്. സൈപ്രസുകാരനായ മ്നാസോൻ ആദിമശിഷ്യന്മാരിൽ ഒരാളായിരുന്നു. ജെറുശലേമിൽ എത്തിയ ഞങ്ങളെ സഹോദരങ്ങൾ ആനന്ദത്തോടെ സ്വീകരിച്ചു. അടുത്തദിവസം പൗലോസും ഞങ്ങളെല്ലാവരുംകൂടി യാക്കോബിനെ കാണാൻ പോയി. സഭാമുഖ്യന്മാർ എല്ലാവരും അവിടെ ഉണ്ടായിരുന്നു. പൗലോസ് അവരെ അഭിവാദനംചെയ്തിട്ട്, തന്റെ ശുശ്രൂഷയിലൂടെ ദൈവം യെഹൂദേതരരുടെ ഇടയിൽ ചെയ്ത കാര്യങ്ങൾ വിശദീകരിച്ചുപറഞ്ഞു. ഇതു കേട്ട് അവർ ദൈവത്തെ സ്തുതിച്ചു. പിന്നീട് പൗലോസിനോട് ഇങ്ങനെ പറഞ്ഞു: “സഹോദരാ, ക്രിസ്തുവിൽ വിശ്വസിച്ചവരായ അനേകായിരം യെഹൂദർ ഉണ്ടെന്നു താങ്കൾക്ക് അറിയാമല്ലോ. അവരെല്ലാവരും മോശയുടെ ന്യായപ്രമാണത്തിൽ തീക്ഷ്ണതയുള്ളവരാണ്. എന്നാൽ, യെഹൂദേതരരുടെ മധ്യത്തിൽ താമസിക്കുന്ന യെഹൂദരെ മോശയുടെ ന്യായപ്രമാണം ഉപേക്ഷിക്കാനും അവരുടെ മക്കളെ പരിച്ഛേദനം നടത്തുന്നതും നമ്മുടെ ആചാരങ്ങളനുഷ്ഠിച്ചു ജീവിക്കുന്നതും വിട്ടുകളയാനും താങ്കൾ ഉപദേശിക്കുന്നതായി അവർ തെറ്റിദ്ധരിച്ചിരിക്കുന്നു. അതു തിരുത്താൻ ഇനി നാം എന്താണു ചെയ്യേണ്ടത്? താങ്കൾ വന്നിട്ടുണ്ടെന്നു തീർച്ചയായും അവർ അറിയും. അതുകൊണ്ടു ഞങ്ങൾ പറയുന്നതുപോലെ താങ്കൾ ചെയ്യുക. ഒരു നേർച്ച നേർന്നിട്ടുള്ള നാല് ആളുകൾ ഇവിടെ ഞങ്ങളോടുകൂടെയുണ്ട്. അവരെ കൂട്ടിക്കൊണ്ടുപോയി അവരുടെ ശുദ്ധീകരണചടങ്ങുകളിൽ പങ്കെടുക്കുക. ശുദ്ധീകരണത്തിന്റെയും അവരുടെ തലമുണ്ഡനം ചെയ്യിക്കുന്നതിന്റെയും ചെലവു താങ്കൾ വഹിക്കുക. അപ്പോൾ താങ്കളെക്കുറിച്ചു കേട്ടകാര്യങ്ങൾ സത്യമല്ല എന്നും താങ്കൾ ന്യായപ്രമാണം അനുസരിച്ചാണു ജീവിക്കുന്നതെന്നും എല്ലാവരും അറിഞ്ഞുകൊള്ളും. യെഹൂദേതരരായ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവർ വിഗ്രഹാർപ്പിതഭക്ഷണം, രക്തം, ശ്വാസംമുട്ടിച്ചു കൊന്നവ, ലൈംഗികാധർമം എന്നിവയിൽനിന്ന് അകന്നു ജീവിച്ചുകൊള്ളണമെന്നു നാം തീരുമാനമെടുത്തത് അവർക്ക് എഴുതിയിട്ടുണ്ടല്ലോ!” അടുത്തദിവസം പൗലോസ് ആ പുരുഷന്മാരോടൊപ്പം തന്നെയും ശുദ്ധീകരിച്ചു. അവരിൽ ഓരോരുത്തനുംവേണ്ടി വഴിപാടുകഴിക്കാനുള്ള ശുദ്ധീകരണകാലം തികഞ്ഞു എന്ന് അറിയിക്കാനായി അദ്ദേഹം ദൈവാലയത്തിൽ പ്രവേശിച്ചു.