അപ്പൊ. പ്രവൃത്തികൾ 20:32-35 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

അപ്പൊ. പ്രവൃത്തികൾ 20:32-35 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

നിങ്ങൾക്ക് ആത്മികവർധന വരുത്തുവാനും സകല വിശുദ്ധന്മാരോടുംകൂടെ അവകാശം തരുവാനും കഴിയുന്ന ദൈവത്തിലും അവന്റെ കൃപയുടെ വചനത്തിലും ഞാൻ ഇപ്പോൾ നിങ്ങളെ ഭരമേല്പിക്കുന്നു. ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ ഞാൻ മോഹിച്ചിട്ടില്ല. എന്റെ മുട്ടിനും എന്നോടുകൂടെയുള്ളവർക്കും വേണ്ടി ഞാൻ ഈ കൈകളാൽ അധ്വാനിച്ചു എന്ന് നിങ്ങൾതന്നെ അറിയുന്നുവല്ലോ. ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സഹായിക്കയും, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്ന് കർത്താവായ യേശു താൻ പറഞ്ഞ വാക്ക് ഓർത്തുകൊൾകയും വേണ്ടത് എന്ന് ഞാൻ എല്ലാംകൊണ്ടും നിങ്ങൾക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു.

അപ്പൊ. പ്രവൃത്തികൾ 20:32-35 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

“നിങ്ങളുടെ ജീവിതത്തെ പടുത്തുയർത്തുവാനും, സകല വിശുദ്ധന്മാർക്കും അവകാശമായി ലഭിക്കുന്ന അനുഗ്രഹങ്ങൾ നിങ്ങൾക്കു തരുവാനും കഴിയുന്ന, ദൈവത്തിന്റെ പരിപാലനത്തിലും അവിടുത്തെ കൃപയുടെ വചനത്തിലും ഞാൻ ഇപ്പോൾ നിങ്ങളെ സമർപ്പിക്കുന്നു. ആരുടെയും പൊന്നോ, വെള്ളിയോ, വസ്ത്രമോ ഞാൻ മോഹിച്ചിട്ടില്ല. എന്റെയും എന്റെ സഹചാരികളുടെയും ആവശ്യങ്ങൾക്കുവേണ്ടി, ഈ കൈകൾകൊണ്ടു ഞാൻ അധ്വാനിച്ചു എന്നത് നിങ്ങൾക്കുതന്നെ അറിവുള്ളതാണല്ലോ. വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതാണു ഭാഗ്യം എന്നു കർത്താവായ യേശു പറഞ്ഞിട്ടുള്ളത് ഓർത്തുകൊണ്ട് നാം അധ്വാനിച്ച് ബലഹീനരെ താങ്ങേണ്ടതാണ്. അതിനു ഞാൻ നിങ്ങൾക്കു മാതൃക കാട്ടിയിരിക്കുന്നു.”

അപ്പൊ. പ്രവൃത്തികൾ 20:32-35 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

നിങ്ങൾക്ക് ആത്മികവർദ്ധന വരുത്തുവാനും സകല വിശുദ്ധന്മാരോടുംകൂടെ അവകാശം തരുവാനും കഴിയുന്ന ദൈവത്തിലും അവന്‍റെ കൃപയുടെ വചനത്തിലും ഞാൻ ഇപ്പോൾ നിങ്ങളെ ഭരമേല്പിക്കുന്നു. ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ ഞാൻ മോഹിച്ചിട്ടില്ല. എന്‍റെ ആവശ്യങ്ങൾക്കും എന്നോടുകൂടെയുള്ളവർക്കും വേണ്ടി ഞാൻ ഈ കൈകളാൽ അദ്ധ്വാനിച്ചു എന്നു നിങ്ങൾതന്നെ അറിയുന്നുവല്ലോ. ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സഹായിക്കുകയും, ‘വാങ്ങുന്നതിനേക്കാൾ കൊടുക്കുന്നത് ഭാഗ്യം’ എന്നു കർത്താവായ യേശു താൻ പറഞ്ഞവാക്ക് ഓർത്തുകൊൾകയും വേണം എന്നു ഞാൻ എല്ലാംകൊണ്ടും നിങ്ങൾക്ക് ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു.”

അപ്പൊ. പ്രവൃത്തികൾ 20:32-35 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

നിങ്ങൾക്കു ആത്മികവർദ്ധന വരുത്തുവാനും സകല വിശുദ്ധന്മാരോടുംകൂടെ അവകാശം തരുവാനും കഴിയുന്ന ദൈവത്തിലും അവന്റെ കൃപയുടെ വചനത്തിലും ഞാൻ ഇപ്പോൾ നിങ്ങളെ ഭരമേല്പിക്കുന്നു. ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ ഞാൻ മോഹിച്ചിട്ടില്ല. എന്റെ മുട്ടിനും എന്നോടുകൂടെയുള്ളവർക്കും വേണ്ടി ഞാൻ ഈ കൈകളാൽ അദ്ധ്വാനിച്ചു എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ. ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സഹായിക്കയും, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്നു കർത്താവായ യേശുതാൻ പറഞ്ഞ വാക്കു ഓർത്തുകൊൾകയും വേണ്ടതു എന്നു ഞാൻ എല്ലാംകൊണ്ടും നിങ്ങൾക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു.

അപ്പൊ. പ്രവൃത്തികൾ 20:32-35 MCV (സമകാലിക മലയാളവിവർത്തനം)

“ഇപ്പോൾ ഞാൻ നിങ്ങളെ ദൈവത്തിലും ദൈവകൃപയുടെ വചനത്തിലും ഭരമേൽപ്പിക്കുന്നു. ഈ വചനം നിങ്ങളെ ആത്മികമായി പണിതുയർത്തി, വിശുദ്ധീകരിക്കപ്പെട്ട എല്ലാവരോടുംകൂടെ ഓഹരി നൽകാൻ കഴിവുള്ളതാണല്ലോ. നിങ്ങളിലാരുടെയും വെള്ളിയോ സ്വർണമോ വസ്ത്രമോ ഒന്നുംതന്നെ ഞാൻ മോഹിച്ചിട്ടില്ല. എന്റെയും എന്റെ കൂടെയുള്ളവരുടെയും ആവശ്യങ്ങൾ നിറവേറ്റാനുള്ള പണം എന്റെ ഈ കൈകളാൽ അധ്വാനിച്ചുണ്ടാക്കി എന്നു നിങ്ങൾക്കറിയാമല്ലോ! ഇങ്ങനെയുള്ള കഠിനാധ്വാനംകൊണ്ടു നാം അശരണരെ സഹായിക്കണമെന്നു ഞാൻ നിങ്ങൾക്കു മാതൃക കാണിച്ചുതന്നിരിക്കുന്നു. ‘വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതിലാണ് അനുഗ്രഹം,’ എന്നുള്ള കർത്താവായ യേശുവിന്റെ വാക്കുകൾ ഓർക്കുക.”