അപ്പൊ. പ്രവൃത്തികൾ 20:1-6

അപ്പൊ. പ്രവൃത്തികൾ 20:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

കലഹം ശമിച്ചശേഷം പൗലൊസ് ശിഷ്യന്മാരെ കൂട്ടിവരുത്തി പ്രബോധിപ്പിച്ചിട്ടു യാത്രപറഞ്ഞു മക്കെദോന്യക്കു പുറപ്പെട്ടുപോയി. ആ പ്രദേശങ്ങളിൽകൂടി സഞ്ചരിച്ച് അവരെ ഏറിയോന്നു പ്രബോധിപ്പിച്ചിട്ടു യവനദേശത്ത് എത്തി. അവിടെ മൂന്നു മാസം കഴിച്ചിട്ടു സുറിയയ്ക്കു കപ്പൽ കയറിപ്പോകുവാൻ ഭാവിക്കുമ്പോൾ യെഹൂദന്മാർ അവന്റെ നേരേ കൂട്ടുകെട്ട് ഉണ്ടാക്കുകയാൽ മക്കെദോന്യ വഴിയായി മടങ്ങിപ്പോകുവാൻ നിശ്ചയിച്ചു. ബെരോവയിലെ പുറൊസിന്റെ മകൻ സോപത്രൊസും തെസ്സലൊനീക്യരായ അരിസ്തർഹൊസും സെക്കുന്തൊസും ദെർബ്ബക്കാരനായ ഗായൊസും തിമൊഥെയൊസും ആസ്യക്കാരായ തുഹിക്കൊസും ത്രൊഫിമൊസും ആസ്യവരെ അവനോടുകൂടെ പോയി. അവർ മുമ്പേ പോയി ത്രോവാസിൽ ഞങ്ങൾക്കായി കാത്തിരുന്നു. ഞങ്ങളോ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ കഴിഞ്ഞിട്ടു ഫിലിപ്പിയിൽനിന്നു കപ്പൽ കയറി അഞ്ചു ദിവസംകൊണ്ടു ത്രോവാസിൽ അവരുടെ അടുക്കൽ എത്തി, ഏഴു ദിവസം അവിടെ പാർത്തു.

അപ്പൊ. പ്രവൃത്തികൾ 20:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ബഹളമെല്ലാം ശമിച്ചുകഴിഞ്ഞ് പൗലൊസ് ശിഷ്യന്മാരെ വിളിച്ചുകൂട്ടി അവരെ ധൈര്യപ്പെടുത്തി. അനന്തരം അദ്ദേഹം അവരോടു യാത്രപറഞ്ഞ് മാസിഡോണിയയിലേക്കു പുറപ്പെട്ടു. ആ പ്രദേശങ്ങളിൽകൂടി സഞ്ചരിച്ച് അതതു സ്ഥലത്തെ ജനങ്ങളെ ഉദ്ബോധിപ്പിച്ചുകൊണ്ട് അദ്ദേഹം ഗ്രീസിലെത്തി. അവിടെ മൂന്നുമാസം പാർത്തു. പിന്നീടു സിറിയയിലേക്കു കപ്പൽ കയറാൻ ഭാവിച്ചപ്പോൾ യെഹൂദന്മാർ അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തുന്നതായി അറിഞ്ഞു. അതുകൊണ്ട് മാസിഡോണിയ വഴി തിരിച്ചുപോകുവാൻ അദ്ദേഹം നിശ്ചയിച്ചു. ബെരോവയിലെ പുറൊസിന്റെ മകൻ സോപത്രോസും തെസ്സലോനിക്യരായ അരിസ്തർഹൊസും സെക്കുന്തൊസും ദർബക്കാരനായ ഗായോസും തിമൊഥെയൊസും ഏഷ്യാസംസ്ഥാനക്കാരായ തുഹിക്കൊസും ത്രൊഫിമൊസും മുമ്പേ പോയി ഞങ്ങൾക്കുവേണ്ടി ത്രോവാസിൽ കാത്തിരുന്നു. ഞങ്ങൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ കഴിഞ്ഞ് ഫിലിപ്പിയിൽനിന്നു കപ്പൽകയറി അഞ്ചുദിവസം കൊണ്ട് ത്രോവാസിൽ അവരുടെ അടുക്കലെത്തി. അവിടെ ഞങ്ങൾ ഏഴുദിവസം പാർത്തു.

അപ്പൊ. പ്രവൃത്തികൾ 20:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

കലഹം ശമിച്ചശേഷം പൗലൊസ് ശിഷ്യന്മാരെ കൂട്ടിവരുത്തി പ്രബോധിപ്പിച്ചു പിന്നീട് അവരോട് യാത്രപറഞ്ഞ് മക്കെദോന്യെക്കു പുറപ്പെട്ടുപോയി. ആ പ്രദേശങ്ങളിൽ കൂടി സഞ്ചരിച്ച് അവിടെയുള്ളവരെ ധൈര്യപ്പെടുത്തുവാൻ വളരെയധികം പ്രബോധിപ്പിച്ചതിനുശേഷം യവനദേശത്തേക്ക് പോയി. അവിടെ മൂന്നു മാസം കഴിഞ്ഞിട്ട് സിറിയയ്ക്ക് കപ്പൽ കയറിപ്പോകുവാൻ ഭാവിക്കുമ്പോൾ യെഹൂദന്മാർ അവനു വിരോധമായി കൂട്ടുകെട്ട് ഉണ്ടാക്കുകയാൽ വീണ്ടും മക്കെദോന്യ വഴിയായി മടങ്ങിപ്പോകുവാൻ നിശ്ചയിച്ചു. ബെരോവയിലെ പുറൊസിൻ്റെ മകൻ സോപത്രൊസും, തെസ്സലോനീക്യരായ അരിസ്തർഹൊസും സെക്കുന്തൊസും, ദെർബ്ബക്കാരനായ ഗായൊസും, തിമൊഥെയൊസും, ആസ്യക്കാരായ തിഹിക്കൊസും ത്രൊഫിമൊസും ആസ്യവരെ അവനോടൊപ്പം ഉണ്ടായിരുന്നു. എന്നാൽ അവർ മുമ്പെ പോയി ത്രോവാസിൽ ഞങ്ങൾക്കായി കാത്തിരുന്നു. ഞങ്ങളോ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാൾ കഴിഞ്ഞിട്ട് ഫിലിപ്പിയിൽനിന്ന് കപ്പൽ കയറി അഞ്ചു ദിവസംകൊണ്ട് ത്രോവാസിൽ അവരുടെ അടുക്കൽ എത്തി, ഏഴു ദിവസം അവിടെ പാർത്തു.

അപ്പൊ. പ്രവൃത്തികൾ 20:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

കലഹം ശമിച്ചശേഷം പൗലൊസ് ശിഷ്യന്മാരെ കൂട്ടിവരുത്തി പ്രബോധിപ്പിച്ചിട്ടു യാത്രപറഞ്ഞു മക്കെദോന്യെക്കു പുറപ്പെട്ടു പോയി. ആ പ്രദേശങ്ങളിൽ കൂടി സഞ്ചരിച്ചു അവരെ ഏറിയോന്നു പ്രബോധിപ്പിച്ചിട്ടു യവനദേശത്തു എത്തി. അവിടെ മൂന്നു മാസം കഴിച്ചിട്ടു സുറിയെക്കു കപ്പൽ കയറിപ്പോകുവാൻ ഭാവിക്കുമ്പോൾ യെഹൂദന്മാർ അവന്റെ നേരെ കൂട്ടുകെട്ടു ഉണ്ടാക്കുകയാൽ മക്കെദോന്യവഴിയായി മടങ്ങിപ്പോകുവാൻ നിശ്ചയിച്ചു. ബെരോവയിലെ പുറൊസിന്റെ മകൻ സോപത്രൊസും തെസ്സലോനിക്ക്യരായ അരിസ്തർഹൊസും സെക്കുന്തൊസും ദെർബ്ബെക്കാരനായ ഗായൊസും തിമൊഥെയൊസും ആസ്യക്കാരായ തുഹിക്കൊസും ത്രൊഫിമൊസും ആസ്യവരെ അവനോടു കൂടെ പോയി. അവർ മുമ്പെ പോയി ത്രോവാസിൽ ഞങ്ങൾക്കായി കാത്തിരുന്നു. ഞങ്ങളോ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ കഴിഞ്ഞിട്ടു ഫിലിപ്പിയിൽ നിന്നു കപ്പൽ കയറി അഞ്ചു ദിവസംകൊണ്ടു ത്രോവാസിൽ അവരുടെ അടുക്കൽ എത്തി, ഏഴു ദിവസം അവിടെ പാർത്തു.

അപ്പൊ. പ്രവൃത്തികൾ 20:1-6 സമകാലിക മലയാളവിവർത്തനം (MCV)

ലഹള അവസാനിച്ചപ്പോൾ പൗലോസ് ശിഷ്യന്മാരെ ആളയച്ചുവരുത്തി; അവരെ ധൈര്യപ്പെടുത്തിയശേഷം വിടവാങ്ങി മക്കദോന്യയിലേക്കു യാത്രതിരിച്ചു. ദൈവജനത്തിനു പ്രോത്സാഹനം നൽകുന്ന വളരെ പ്രബോധനങ്ങൾ നൽകിക്കൊണ്ട് ആ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് അദ്ദേഹം ഒടുവിൽ ഗ്രീസിൽ എത്തിച്ചേർന്നു. അവിടെ മൂന്നുമാസം താമസിച്ചു. അവിടെനിന്നു സിറിയയിലേക്കു കപ്പൽകയറാൻ തുടങ്ങുന്ന അവസരത്തിൽ യെഹൂദർ അദ്ദേഹത്തിനെതിരായി ഗൂഢാലോചന നടത്തിയതുകൊണ്ട് മക്കദോന്യയിലൂടെ തിരികെപ്പോകാൻ അദ്ദേഹം തീരുമാനിച്ചു. ബെരോവയിലെ പുറൊസിന്റെ മകൻ സോപത്രോസും തെസ്സലോനിക്യരായ അരിസ്തർഹൊസും സെക്കുന്തോസും ദെർബെക്കാരനായ ഗായൊസും തിമോത്തിയോസും ഏഷ്യാപ്രവിശ്യക്കാരായ തിഹിക്കൊസും ത്രൊഫിമൊസും അദ്ദേഹത്തെ അനുഗമിച്ചു. അവർ ഞങ്ങൾക്കുമുമ്പായി യാത്രചെയ്തു ത്രോവാസ് തുറമുഖത്തെത്തി, അവിടെ ഞങ്ങൾക്കായി കാത്തിരുന്നു. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ കഴിഞ്ഞാണ് ഞങ്ങൾ ഫിലിപ്പിയയിൽനിന്ന് യാത്രതിരിച്ചത്. അഞ്ചുദിവസത്തിനുശേഷം ഞങ്ങൾ ത്രോവാസിൽ കപ്പൽയാത്രചെയ്ത് അവരുടെ അടുക്കലെത്തി; ഏഴുദിവസം അവിടെ താമസിച്ചു.