അപ്പൊ. പ്രവൃത്തികൾ 20:1-24

അപ്പൊ. പ്രവൃത്തികൾ 20:1-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

കലഹം ശമിച്ചശേഷം പൗലൊസ് ശിഷ്യന്മാരെ കൂട്ടിവരുത്തി പ്രബോധിപ്പിച്ചിട്ടു യാത്രപറഞ്ഞു മക്കെദോന്യക്കു പുറപ്പെട്ടുപോയി. ആ പ്രദേശങ്ങളിൽകൂടി സഞ്ചരിച്ച് അവരെ ഏറിയോന്നു പ്രബോധിപ്പിച്ചിട്ടു യവനദേശത്ത് എത്തി. അവിടെ മൂന്നു മാസം കഴിച്ചിട്ടു സുറിയയ്ക്കു കപ്പൽ കയറിപ്പോകുവാൻ ഭാവിക്കുമ്പോൾ യെഹൂദന്മാർ അവന്റെ നേരേ കൂട്ടുകെട്ട് ഉണ്ടാക്കുകയാൽ മക്കെദോന്യ വഴിയായി മടങ്ങിപ്പോകുവാൻ നിശ്ചയിച്ചു. ബെരോവയിലെ പുറൊസിന്റെ മകൻ സോപത്രൊസും തെസ്സലൊനീക്യരായ അരിസ്തർഹൊസും സെക്കുന്തൊസും ദെർബ്ബക്കാരനായ ഗായൊസും തിമൊഥെയൊസും ആസ്യക്കാരായ തുഹിക്കൊസും ത്രൊഫിമൊസും ആസ്യവരെ അവനോടുകൂടെ പോയി. അവർ മുമ്പേ പോയി ത്രോവാസിൽ ഞങ്ങൾക്കായി കാത്തിരുന്നു. ഞങ്ങളോ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ കഴിഞ്ഞിട്ടു ഫിലിപ്പിയിൽനിന്നു കപ്പൽ കയറി അഞ്ചു ദിവസംകൊണ്ടു ത്രോവാസിൽ അവരുടെ അടുക്കൽ എത്തി, ഏഴു ദിവസം അവിടെ പാർത്തു. ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ പൗലൊസ് പിറ്റന്നാൾ പുറപ്പെടുവാൻ ഭാവിച്ചതുകൊണ്ട് അവരോട് സംഭാഷിച്ചു പാതിരവരെയും പ്രസംഗം നീട്ടി. ഞങ്ങൾ കൂടിയിരുന്ന മാളികയിൽ വളരെ വിളക്ക് ഉണ്ടായിരുന്നു. അവിടെ യൂത്തിക്കൊസ് എന്ന യൗവനക്കാരൻ കിളിവാതിൽക്കൽ ഇരുന്നു ഗാഢനിദ്ര പിടിച്ചു, പൗലൊസ് വളരെ നേരം സംഭാഷിക്കയാൽ നിദ്രാവശനായി മൂന്നാം തട്ടിൽനിന്നും താഴെ വീണു; അവനെ മരിച്ചവനായി എടുത്തുകൊണ്ടു വന്നു. പൗലൊസ് ഇറങ്ങിച്ചെന്ന് അവന്റെമേൽ വീണു തഴുകി ഭ്രമിക്കേണ്ടാ; അവന്റെ പ്രാണൻ അവനിൽ ഉണ്ട് എന്നു പറഞ്ഞു. പിന്നെ അവൻ കയറിച്ചെന്ന് അപ്പം നുറുക്കിത്തിന്നു പുലരുവോളം സംഭാഷിച്ചു പുറപ്പെട്ടു പോയി. അവർ ആ ബാലനെ ജീവനുള്ളവനായി കൊണ്ടുവന്ന് അത്യന്തം ആശ്വസിച്ചു. ഞങ്ങൾ മുമ്പായി കപ്പൽ കയറി പൗലൊസിനെ അസ്സൊസ്സിൽവച്ചു കയറ്റിക്കൊൾവാൻ വിചാരിച്ച് അവിടേക്ക് ഓടി; അവൻ കാൽനടയായി വരുവാൻ വിചാരിച്ച് ഇങ്ങനെ ചട്ടംകെട്ടിയിരുന്നു. അവൻ അസ്സൊസ്സിൽ ഞങ്ങളോടു ചേർന്നപ്പോൾ അവനെ കയറ്റി മിതുലേനയിൽ എത്തി; അവിടെനിന്നു നീക്കി, പിറ്റന്നാൾ ഖിയൊസ് ദ്വീപിന്റെ തൂക്കിൽ എത്തി, മറുനാൾ സാമൊസ്ദ്വീപിൽ അണഞ്ഞു. പിറ്റേന്നു മിലേത്തൊസിൽ എത്തി. കഴിയും എങ്കിൽ പെന്തെക്കൊസ്തുനാളേക്കു യെരൂശലേമിൽ എത്തേണ്ടതിനു പൌലൊസ് ബദ്ധപ്പെടുകയാൽ ആസ്യയിൽ കാലതാമസം വരരുത് എന്നുവച്ച് എഫെസൊസിൽ അടുക്കാതെ ഓടേണം എന്നു നിശ്ചയിച്ചിരുന്നു. മിലേത്തൊസിൽനിന്ന് അവൻ എഫെസൊസിലേക്ക് ആളയച്ചു സഭയിലെ മൂപ്പന്മാരെ വരുത്തി. അവർ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ അവരോട് പറഞ്ഞത്: ഞാൻ ആസ്യയിൽ വന്ന ഒന്നാം നാൾമുതൽ എല്ലായ്പോഴും നിങ്ങളോടുകൂടെ എങ്ങനെയിരുന്നു എന്നും വളരെ താഴ്മയോടും കണ്ണുനീരോടും യെഹൂദന്മാരുടെ കൂട്ടുകെട്ടുകളാൽ എനിക്ക് ഉണ്ടായ കഷ്ടങ്ങളോടും കൂടെ കർത്താവിനെ സേവിച്ചു വന്നു എന്നും പ്രയോജനമുള്ളതൊന്നും മറച്ചുവയ്ക്കാതെ പരസ്യമായും വീടുതോറും നിങ്ങളോട് അറിയിക്കയും ഉപദേശിക്കയും ചെയ്തു എന്നും ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ. ഇപ്പോൾ ഇതാ ഞാൻ ആത്മാവിനാൽ ബന്ധിക്കപ്പെട്ടവനായി യെരൂശലേമിലേക്കു പോകുന്നു. ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു എന്ന് പരിശുദ്ധാത്മാവ് പട്ടണംതോറും സാക്ഷ്യം പറയുന്നതല്ലാതെ അവിടെ എനിക്കു നേരിടുവാനുള്ളത് ഒന്നും ഞാൻ അറിയുന്നില്ല. എങ്കിലും ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യം പറയേണ്ടതിനു കർത്താവായ യേശു തന്ന ശുശ്രൂഷയും തികയ്ക്കേണം എന്നേ എനിക്കുള്ളൂ.

അപ്പൊ. പ്രവൃത്തികൾ 20:1-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ബഹളമെല്ലാം ശമിച്ചുകഴിഞ്ഞ് പൗലൊസ് ശിഷ്യന്മാരെ വിളിച്ചുകൂട്ടി അവരെ ധൈര്യപ്പെടുത്തി. അനന്തരം അദ്ദേഹം അവരോടു യാത്രപറഞ്ഞ് മാസിഡോണിയയിലേക്കു പുറപ്പെട്ടു. ആ പ്രദേശങ്ങളിൽകൂടി സഞ്ചരിച്ച് അതതു സ്ഥലത്തെ ജനങ്ങളെ ഉദ്ബോധിപ്പിച്ചുകൊണ്ട് അദ്ദേഹം ഗ്രീസിലെത്തി. അവിടെ മൂന്നുമാസം പാർത്തു. പിന്നീടു സിറിയയിലേക്കു കപ്പൽ കയറാൻ ഭാവിച്ചപ്പോൾ യെഹൂദന്മാർ അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തുന്നതായി അറിഞ്ഞു. അതുകൊണ്ട് മാസിഡോണിയ വഴി തിരിച്ചുപോകുവാൻ അദ്ദേഹം നിശ്ചയിച്ചു. ബെരോവയിലെ പുറൊസിന്റെ മകൻ സോപത്രോസും തെസ്സലോനിക്യരായ അരിസ്തർഹൊസും സെക്കുന്തൊസും ദർബക്കാരനായ ഗായോസും തിമൊഥെയൊസും ഏഷ്യാസംസ്ഥാനക്കാരായ തുഹിക്കൊസും ത്രൊഫിമൊസും മുമ്പേ പോയി ഞങ്ങൾക്കുവേണ്ടി ത്രോവാസിൽ കാത്തിരുന്നു. ഞങ്ങൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ കഴിഞ്ഞ് ഫിലിപ്പിയിൽനിന്നു കപ്പൽകയറി അഞ്ചുദിവസം കൊണ്ട് ത്രോവാസിൽ അവരുടെ അടുക്കലെത്തി. അവിടെ ഞങ്ങൾ ഏഴുദിവസം പാർത്തു. ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അപ്പം മുറിക്കുവാൻ ഒന്നിച്ചു കൂടിയപ്പോൾ പൗലൊസ് അവരോടു സംസാരിച്ചു. പിറ്റെന്നാൾ അവിടെനിന്നു പുറപ്പെടാൻ ഉദ്ദേശിച്ചിരുന്നതുകൊണ്ട് അർധരാത്രിവരെ അദ്ദേഹം പ്രസംഗം നീട്ടി. ഞങ്ങൾ കൂടിയിരുന്ന മാളികയിൽ ഒട്ടേറെ വിളക്കുകൾ കത്തിച്ചുവച്ചിരുന്നു. പൗലൊസിന്റെ പ്രഭാഷണം അങ്ങനെ നീണ്ടു പോയപ്പോൾ, യൂത്തിക്കൊസ് എന്നൊരു യുവാവ് ജനൽപടിയിൽ ഇരുന്ന് ഉറക്കംതൂങ്ങി. അയാൾ ഗാഢനിദ്രയിലായപ്പോൾ മൂന്നാമത്തെ നിലയിൽനിന്നു താഴെ വീണു. എടുത്തുകൊണ്ടു വന്നപ്പോഴേക്കും അയാൾ മരിച്ചിരുന്നു. പൗലൊസ് ഉടനെ ഇറങ്ങിച്ചെന്ന് കുനിഞ്ഞ് അയാളെ ആശ്ലേഷിച്ചു. “പരിഭ്രമിക്കേണ്ടാ, ഇവനു ജീവനുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് അദ്ദേഹം കയറിച്ചെന്ന് അപ്പം മുറിച്ചു ഭക്ഷിക്കുകയും നേരം പുലരുന്നതുവരെ സംസാരിക്കുകയും ചെയ്തു. അനന്തരം അദ്ദേഹം അവിടെനിന്നു യാത്ര പുറപ്പെട്ടു. അവർ ആ ചെറുപ്പക്കാരനെ ജീവനോടെ കൂട്ടിക്കൊണ്ടു പോയി; അവർക്കുണ്ടായ ആശ്വാസം അനല്പമായിരുന്നു. അസ്സൊസ്‍വരെ കാല്നടയായി പോകുവാൻ പൗലൊസ് നിശ്ചയിച്ചു. അദ്ദേഹം ഏർപ്പാടു ചെയ്തതനുസരിച്ച് അസ്സോസിൽ വച്ച് അദ്ദേഹത്തെ കപ്പലിൽ കയറ്റാമെന്നു ഞങ്ങൾ വിചാരിച്ചു. അങ്ങനെ ഞങ്ങൾ മുമ്പേ കപ്പലിൽ പുറപ്പെട്ടു. അസ്സോസിൽവച്ച് ഞങ്ങൾ അദ്ദേഹത്തെ കയറ്റി മിതുലേനയിലെത്തി. അവിടെനിന്നു കപ്പൽ നീക്കി പിറ്റേദിവസം ഖിയോസ്ദ്വീപിന്റെ എതിർവശത്തെത്തി. അടുത്ത ദിവസം സാമോസ്ദ്വീപിലും പിറ്റേദിവസം മിലേത്തൊസിലും ഞങ്ങൾ ചെന്നുചേർന്നു. കഴിയുമെങ്കിൽ പെന്തെക്കോസ്തു പെരുന്നാളിനുമുമ്പ് യെരൂശലേമിലെത്താൻ പൗലൊസ് തിടുക്കം കൂട്ടി. അതുകൊണ്ട് ഏഷ്യാസംസ്ഥാനത്തു തങ്ങി വൈകാതിരിക്കുന്നതിനാണ് എഫെസൊസിൽ ഇറങ്ങാതെ കപ്പലോടിച്ചു പോകുവാൻ തീരുമാനിച്ചത്. എന്നാൽ മിലേത്തൊസിൽവച്ച് അദ്ദേഹം എഫെസൊസിലെ സഭാമുഖ്യന്മാരെ ആളയച്ചുവരുത്തി, ഇപ്രകാരം പറഞ്ഞു: “ഞാൻ ഏഷ്യയിൽ കാലുകുത്തിയ നാൾമുതൽ നിങ്ങളുടെ ഇടയിൽ എങ്ങനെയാണു ജീവിച്ചതെന്നു നിങ്ങൾക്ക് അറിയാമല്ലോ. യെഹൂദന്മാരുടെ ഗൂഢാലോചന നിമിത്തമുണ്ടായ അഗ്നിപരീക്ഷണങ്ങളെ നേരിട്ടുകൊണ്ട് കണ്ണുനീരോടുകൂടി, ഏറ്റവും വിനയപൂർവം ഞാൻ കർത്താവിനെ സേവിച്ചുപോന്നു. നിങ്ങൾക്കു പ്രയോജനകരമായ യാതൊന്നും മറച്ചുവയ്‍ക്കാതെ വെളിപ്പെടുത്തിക്കൊണ്ട്, പൊതുസ്ഥലങ്ങളിലും നിങ്ങളുടെ ഭവനങ്ങളിലുംവച്ച് ഞാൻ നിങ്ങളെ ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്തു. പശ്ചാത്തപിച്ചു ദൈവത്തിങ്കലേക്കു തിരിയുകയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുകയും ചെയ്യണമെന്ന് യെഹൂദന്മാരോടു മാത്രമല്ല, ഗ്രീക്കുകാരോടും ഞാൻ ഉറപ്പിച്ചു പ്രസ്താവിച്ചു. ഇവയെല്ലാം നിങ്ങൾക്കറിയാമല്ലോ. ഇപ്പോൾ ഇതാ, ഞാൻ ആത്മാവിനാൽ ബദ്ധനായി യെരൂശലേമിലേക്കു പോകുന്നു. അവിടെ എനിക്ക് എന്താണു സംഭവിക്കുന്നതെന്ന് അറിഞ്ഞുകൂടാ. എന്നാൽ കാരാഗൃഹവും കഷ്ടതകളും എനിക്കായി കാത്തിരിക്കുന്നു എന്ന് ഓരോ പട്ടണത്തിൽവച്ചും പരിശുദ്ധാത്മാവ് എനിക്കു മുന്നറിയിപ്പു നല്‌കിക്കൊണ്ടിരിക്കുന്നു. എങ്കിലും എന്റെ പ്രാണനെ ഞാൻ നിസ്സാരമായി കരുതുന്നു. അതിനെ വിലയേറിയതായി ഞാൻ എണ്ണുന്നേയില്ല. എന്റെ ഓട്ടവും, കർത്താവായ യേശുവിൽനിന്നു ലഭിച്ച ദൗത്യവും, പൂർത്തിയാക്കണമെന്നേ എനിക്കുള്ളൂ; ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യം വഹിക്കുക എന്നതാണ് ആ ദൗത്യം.

അപ്പൊ. പ്രവൃത്തികൾ 20:1-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

കലഹം ശമിച്ചശേഷം പൗലൊസ് ശിഷ്യന്മാരെ കൂട്ടിവരുത്തി പ്രബോധിപ്പിച്ചു പിന്നീട് അവരോട് യാത്രപറഞ്ഞ് മക്കെദോന്യെക്കു പുറപ്പെട്ടുപോയി. ആ പ്രദേശങ്ങളിൽ കൂടി സഞ്ചരിച്ച് അവിടെയുള്ളവരെ ധൈര്യപ്പെടുത്തുവാൻ വളരെയധികം പ്രബോധിപ്പിച്ചതിനുശേഷം യവനദേശത്തേക്ക് പോയി. അവിടെ മൂന്നു മാസം കഴിഞ്ഞിട്ട് സിറിയയ്ക്ക് കപ്പൽ കയറിപ്പോകുവാൻ ഭാവിക്കുമ്പോൾ യെഹൂദന്മാർ അവനു വിരോധമായി കൂട്ടുകെട്ട് ഉണ്ടാക്കുകയാൽ വീണ്ടും മക്കെദോന്യ വഴിയായി മടങ്ങിപ്പോകുവാൻ നിശ്ചയിച്ചു. ബെരോവയിലെ പുറൊസിൻ്റെ മകൻ സോപത്രൊസും, തെസ്സലോനീക്യരായ അരിസ്തർഹൊസും സെക്കുന്തൊസും, ദെർബ്ബക്കാരനായ ഗായൊസും, തിമൊഥെയൊസും, ആസ്യക്കാരായ തിഹിക്കൊസും ത്രൊഫിമൊസും ആസ്യവരെ അവനോടൊപ്പം ഉണ്ടായിരുന്നു. എന്നാൽ അവർ മുമ്പെ പോയി ത്രോവാസിൽ ഞങ്ങൾക്കായി കാത്തിരുന്നു. ഞങ്ങളോ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാൾ കഴിഞ്ഞിട്ട് ഫിലിപ്പിയിൽനിന്ന് കപ്പൽ കയറി അഞ്ചു ദിവസംകൊണ്ട് ത്രോവാസിൽ അവരുടെ അടുക്കൽ എത്തി, ഏഴു ദിവസം അവിടെ പാർത്തു. ആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ പൗലൊസ് പിറ്റെന്നാൾ പുറപ്പെടുവാൻ ഭാവിച്ചതുകൊണ്ട് അവരോട് പാതിരവരെയും സംഭാഷിച്ചു കൊണ്ടിരുന്നു. ഞങ്ങൾ കൂടിയിരുന്ന മാളികയിൽ വളരെ വിളക്കുകൾ ഉണ്ടായിരുന്നു. അവിടെ യൂത്തിക്കൊസ് എന്ന യൗവനക്കാരൻ കിളിവാതിൽക്കൽ ഇരുന്ന് ഗാഢനിദ്ര പിടിച്ചു. പൗലൊസ് വളരെ നേരം സംഭാഷിക്കയാൽ നിദ്രാവശനായി മൂന്നാം തട്ടിൽ നിന്ന് താഴെ വീണു; അവനെ മരിച്ചവനായി എടുത്തുകൊണ്ടു വന്നു. പൗലൊസ് താഴെ ഇറങ്ങി അവന്‍റെനേരെ ചെന്നു അവനെ വാരിപുണർന്നു; എന്നിട്ട് “ഭ്രമിക്കണ്ട; അവൻ ജീവിച്ചിരിക്കുന്നു” എന്നു പറഞ്ഞു. പിന്നെ പൗലൊസ് മുകളിലേക്ക് കയറിച്ചെന്ന് അപ്പം നുറുക്കി തിന്ന് പുലരുവോളം സംഭാഷിച്ച് പുറപ്പെട്ടുപോയി. അവർ ആ യൗവനക്കാരനെ ജീവനുള്ളവനായി കൊണ്ടുവന്ന് അത്യന്തം ആശ്വസിച്ചു. ഞങ്ങൾ പൗലൊസിന് മുമ്പായി കപ്പൽ കയറി അസ്സൊസിലേക്ക് പോയി എന്നാൽ അവൻ അവിടംവരെ കരയിലൂടെ സഞ്ചരിച്ചതിനുശേഷം ഞങ്ങളുടെകൂടെ കപ്പൽ കയറുമെന്ന് തീരുമാനിച്ചിരുന്നു. അവൻ അസ്സൊസിൽ ഞങ്ങളോടു ചേർന്നപ്പോൾ അവനെ കപ്പലിൽ കയറ്റി മിതുലേനയിലേക്ക് പോയി; അവിടെനിന്ന് നീക്കി, പിറ്റെന്നാൾ ഖിയൊസ്ദ്വീപിൻ്റെ എതിർവശത്തെത്തി, മറുനാൾ സാമൊസ്ദ്വീപിൽ അണഞ്ഞു, പിറ്റേന്ന് മിലേത്തൊസ് പട്ടണത്തിൽ എത്തി. കഴിയും എങ്കിൽ പെന്തെക്കൊസ്തുനാളേക്ക് യെരൂശലേമിൽ എത്തേണ്ടതിന് പൗലൊസ് ബദ്ധപ്പെടുകയാൽ ആസ്യയിൽ ഒട്ടും സമയം ചെലവഴിക്കാതിരിക്കേണ്ടതിന് എഫെസൊസിൽ അടുക്കാതെ ഓടേണം എന്നു നിശ്ചയിച്ചിരുന്നു. അതുകൊണ്ട് മിലേത്തൊസിൽനിന്ന് അവൻ എഫെസൊസിലേക്ക് ആളയച്ച് സഭയിലെ മൂപ്പന്മാരെ വരുത്തി. അവർ അവന്‍റെ അടുക്കൽ വന്നപ്പോൾ അവൻ അവരോട് പറഞ്ഞത്: “ഞാൻ ആസ്യയിൽ വന്ന ഒന്നാം നാൾമുതൽ എല്ലായ്‌പ്പോഴും നിങ്ങളോടുകൂടെ എങ്ങനെയിരുന്നു എന്നും, വളരെ താഴ്മയോടും കണ്ണുനീരോടും, എനിക്കെതിരെ യെഹൂദന്മാരുടെ കൂട്ടുകെട്ടുകളാൽ ഉണ്ടായ കഷ്ടങ്ങളോടും കൂടെ കർത്താവിനെ സേവിച്ചു വന്നു എന്നും, പ്രയോജനമുള്ളത് ഒന്നും മറച്ചുവെക്കാതെ പരസ്യമായും വീടുതോറും നിങ്ങളോടു അറിയിക്കുകയും ഉപദേശിക്കുകയും ചെയ്തു എന്നും, ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും ഉപദേശിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ. ഇപ്പോൾ ഇതാ, ഞാൻ പരിശുദ്ധാത്മാവിനാൽ നിർബ്ബന്ധിക്കപ്പെട്ടവനായി യെരൂശലേമിലേക്ക് പോകുന്നു. എല്ലാ പട്ടണങ്ങളിലും ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു എന്നു പരിശുദ്ധാത്മാവ് സാക്ഷ്യം പറയുന്നതല്ലാതെ അവിടെ എനിക്ക് നേരിടുവാനുള്ളത് ഒന്നും ഞാൻ അറിയുന്നില്ല. എങ്കിലും ഞാൻ എന്‍റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്‍റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിന് സാക്ഷ്യം പറയേണ്ടതിന് കർത്താവായ യേശു തന്ന ശുശ്രൂഷയും തികയ്ക്കേണം എന്നേ എനിക്കുള്ളൂ.

അപ്പൊ. പ്രവൃത്തികൾ 20:1-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

കലഹം ശമിച്ചശേഷം പൗലൊസ് ശിഷ്യന്മാരെ കൂട്ടിവരുത്തി പ്രബോധിപ്പിച്ചിട്ടു യാത്രപറഞ്ഞു മക്കെദോന്യെക്കു പുറപ്പെട്ടു പോയി. ആ പ്രദേശങ്ങളിൽ കൂടി സഞ്ചരിച്ചു അവരെ ഏറിയോന്നു പ്രബോധിപ്പിച്ചിട്ടു യവനദേശത്തു എത്തി. അവിടെ മൂന്നു മാസം കഴിച്ചിട്ടു സുറിയെക്കു കപ്പൽ കയറിപ്പോകുവാൻ ഭാവിക്കുമ്പോൾ യെഹൂദന്മാർ അവന്റെ നേരെ കൂട്ടുകെട്ടു ഉണ്ടാക്കുകയാൽ മക്കെദോന്യവഴിയായി മടങ്ങിപ്പോകുവാൻ നിശ്ചയിച്ചു. ബെരോവയിലെ പുറൊസിന്റെ മകൻ സോപത്രൊസും തെസ്സലോനിക്ക്യരായ അരിസ്തർഹൊസും സെക്കുന്തൊസും ദെർബ്ബെക്കാരനായ ഗായൊസും തിമൊഥെയൊസും ആസ്യക്കാരായ തുഹിക്കൊസും ത്രൊഫിമൊസും ആസ്യവരെ അവനോടു കൂടെ പോയി. അവർ മുമ്പെ പോയി ത്രോവാസിൽ ഞങ്ങൾക്കായി കാത്തിരുന്നു. ഞങ്ങളോ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ കഴിഞ്ഞിട്ടു ഫിലിപ്പിയിൽ നിന്നു കപ്പൽ കയറി അഞ്ചു ദിവസംകൊണ്ടു ത്രോവാസിൽ അവരുടെ അടുക്കൽ എത്തി, ഏഴു ദിവസം അവിടെ പാർത്തു. ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ പൗലൊസ് പിറ്റെന്നാൾ പുറപ്പെടുവാൻ ഭാവിച്ചതുകൊണ്ടു അവരോടു സംഭാഷിച്ചു പാതിരവരെയും പ്രസംഗം നീട്ടി. ഞങ്ങൾ കൂടിയിരുന്ന മാളികയിൽ വളരെ വിളക്കു ഉണ്ടായിരുന്നു. അവിടെ യൂത്തിക്കൊസ് എന്ന യൗവനക്കാരൻ കിളിവാതിൽക്കൽ ഇരുന്നു ഗാഢനിദ്ര പിടിച്ചു, പൗലൊസ് വളരെ നേരം സംഭാഷിക്കയാൽ നിദ്രാവശനായി മൂന്നാം തട്ടിൽ നിന്നു താഴെ വീണു; അവനെ മരിച്ചവനായി എടുത്തു കൊണ്ടുവന്നു. പൗലൊസ് ഇറങ്ങിച്ചെന്നു അവന്റെമേൽ വീണു തഴുകി: ഭ്രമിക്കേണ്ടാ; അവന്റെ പ്രാണൻ അവനിൽ ഉണ്ടു എന്നു പറഞ്ഞു. പിന്നെ അവൻ കയറിച്ചെന്നു അപ്പം നുറുക്കി തിന്നു പുലരുവോളം സംഭാഷിച്ചു പുറപ്പെട്ടു പോയി. അവർ ആ ബാലനെ ജീവനുള്ളവനായി കൊണ്ടുവന്നു അത്യന്തം ആശ്വസിച്ചു. ഞങ്ങൾ മുമ്പായി കപ്പൽ കയറി പൗലൊസിനെ അസ്സൊസിൽ വെച്ചു കയറ്റിക്കൊൾവാൻ വിചാരിച്ചു അവിടേക്കു ഓടി; അവൻ കാൽനടയായി വരുവാൻ വിചാരിച്ചു ഇങ്ങനെ ചട്ടംകെട്ടിയിരുന്നു. അവൻ അസ്സൊസിൽ ഞങ്ങളോടു ചേർന്നപ്പോൾ അവനെ കയറ്റി മിതുലേനയിൽ എത്തി; അവിടെ നിന്നു നീക്കി, പിറ്റെന്നാൾ ഖിയൊസ്ദ്വീപിന്റെ തൂക്കിൽ എത്തി, മറുനാൾ സാമൊസ്ദ്വീപിൽ അണഞ്ഞു പിറ്റേന്നു മിലേത്തൊസിൽ എത്തി. കഴിയും എങ്കിൽ പെന്തകൊസ്തുനാളേക്കു യെരൂശലേമിൽ എത്തേണ്ടതിന്നു പൗലൊസ് ബദ്ധപ്പെടുകയാൽ ആസ്യയിൽ കാലതാമസം വരരുതു എന്നുവെച്ചു എഫെസൊസിൽ അടുക്കാതെ ഓടേണം എന്നു നിശ്ചയിച്ചിരുന്നു. മിലേത്തൊസിൽ നിന്നു അവൻ എഫെസൊസിലേക്കു ആളയച്ചു സഭയിലെ മൂപ്പന്മാരെ വരുത്തി. അവർ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ അവരോടു പറഞ്ഞതു: ഞാൻ ആസ്യയിൽ വന്ന ഒന്നാം നാൾ മുതൽ എല്ലായ്പോഴും നിങ്ങളോടുകൂടെ എങ്ങനെയിരുന്നു എന്നും വളരെ താഴ്മയോടും കണ്ണുനീരോടും യെഹൂദന്മാരുടെ കൂട്ടുകെട്ടുകളാൽ എനിക്കു ഉണ്ടായ കഷ്ടങ്ങളോടും കൂടെ കർത്താവിനെ സേവിച്ചു വന്നു എന്നും പ്രായോജനമുള്ളതു ഒന്നും മറെച്ചുവെക്കാതെ പരസ്യമായും വീടുതോറും നിങ്ങളോടു അറിയിക്കയും ഉപദേശിക്കയും ചെയ്തു എന്നും ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ. ഇപ്പോൾ ഇതാ, ഞാൻ ആത്മാവിനാൽ ബന്ധിക്കപ്പെട്ടവനായി യെരൂശലേമിലേക്കു പോകുന്നു. ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു എന്നു പരിശുദ്ധാത്മാവു പട്ടണം തോറും സാക്ഷ്യം പറയുന്നതല്ലാതെ അവിടെ എനിക്കു നേരിടുവാനുള്ള ഒന്നും ഞാൻ അറിയുന്നില്ല. എങ്കിലും ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിന്നു സാക്ഷ്യം പറയേണ്ടതിന്നു കർത്താവായ യേശുതന്ന ശുശ്രൂഷയും തികെക്കേണം എന്നേ എനിക്കുള്ളു.

അപ്പൊ. പ്രവൃത്തികൾ 20:1-24 സമകാലിക മലയാളവിവർത്തനം (MCV)

ലഹള അവസാനിച്ചപ്പോൾ പൗലോസ് ശിഷ്യന്മാരെ ആളയച്ചുവരുത്തി; അവരെ ധൈര്യപ്പെടുത്തിയശേഷം വിടവാങ്ങി മക്കദോന്യയിലേക്കു യാത്രതിരിച്ചു. ദൈവജനത്തിനു പ്രോത്സാഹനം നൽകുന്ന വളരെ പ്രബോധനങ്ങൾ നൽകിക്കൊണ്ട് ആ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് അദ്ദേഹം ഒടുവിൽ ഗ്രീസിൽ എത്തിച്ചേർന്നു. അവിടെ മൂന്നുമാസം താമസിച്ചു. അവിടെനിന്നു സിറിയയിലേക്കു കപ്പൽകയറാൻ തുടങ്ങുന്ന അവസരത്തിൽ യെഹൂദർ അദ്ദേഹത്തിനെതിരായി ഗൂഢാലോചന നടത്തിയതുകൊണ്ട് മക്കദോന്യയിലൂടെ തിരികെപ്പോകാൻ അദ്ദേഹം തീരുമാനിച്ചു. ബെരോവയിലെ പുറൊസിന്റെ മകൻ സോപത്രോസും തെസ്സലോനിക്യരായ അരിസ്തർഹൊസും സെക്കുന്തോസും ദെർബെക്കാരനായ ഗായൊസും തിമോത്തിയോസും ഏഷ്യാപ്രവിശ്യക്കാരായ തിഹിക്കൊസും ത്രൊഫിമൊസും അദ്ദേഹത്തെ അനുഗമിച്ചു. അവർ ഞങ്ങൾക്കുമുമ്പായി യാത്രചെയ്തു ത്രോവാസ് തുറമുഖത്തെത്തി, അവിടെ ഞങ്ങൾക്കായി കാത്തിരുന്നു. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ കഴിഞ്ഞാണ് ഞങ്ങൾ ഫിലിപ്പിയയിൽനിന്ന് യാത്രതിരിച്ചത്. അഞ്ചുദിവസത്തിനുശേഷം ഞങ്ങൾ ത്രോവാസിൽ കപ്പൽയാത്രചെയ്ത് അവരുടെ അടുക്കലെത്തി; ഏഴുദിവസം അവിടെ താമസിച്ചു. ആഴ്ചയുടെ ആദ്യദിവസം, അപ്പം നുറുക്കാൻ ഞങ്ങൾ ഒരുമിച്ചുകൂടി. പൗലോസ് ജനങ്ങളോടു സംസാരിച്ചു; പിറ്റേന്ന് യാത്രയാകാൻ ഉദ്ദേശിച്ചിരുന്നതുകൊണ്ട് അദ്ദേഹം അർധരാത്രിവരെയും പ്രസംഗം ദീർഘിപ്പിച്ചു. ഞങ്ങൾ സമ്മേളിച്ച മുകൾനിലയിലെ മുറിയിൽ ധാരാളം വിളക്കുകൾ ഉണ്ടായിരുന്നു. യൂത്തിക്കൊസ് എന്നു പേരുള്ള യുവാവ് ഒരു ജനൽപ്പടിയിൽ ഇരുന്ന് ഗാഢനിദ്രയിലേക്കു വഴുതിവീണുകൊണ്ടിരിക്കുകയായിരുന്നു. പൗലോസ് തന്റെ പ്രസംഗം ദീർഘിപ്പിച്ചപ്പോൾ, അയാൾ ഗാഢനിദ്രയിലായി. മൂന്നാംനിലയിൽനിന്ന് താഴെവീണു; ജനം താഴെവന്ന് അയാളെ എടുത്തുയർത്തിനോക്കുമ്പോൾ അയാൾ മരിച്ചിരുന്നു. പൗലോസ് ഇറങ്ങിച്ചെന്ന് അയാളുടെമേൽ കിടന്ന് അയാളെ ആലിംഗനംചെയ്തു. “പരിഭ്രമിക്കേണ്ടാ, അയാൾക്കു ജീവനുണ്ട്!” എന്ന് അദ്ദേഹം പറഞ്ഞു. പിന്നീട്, അദ്ദേഹം വീണ്ടും മുകളിലത്തെ മുറിയിലേക്കുപോയി, അപ്പം നുറുക്കി ഭക്ഷിച്ചു, പുലരിയോളം സംഭാഷണം തുടർന്നുകൊണ്ടേയിരുന്നു. പിന്നീട് അദ്ദേഹം യാത്രയായി. ജനങ്ങൾ ആ യുവാവിനെ ജീവനുള്ളവനായി അവന്റെ വീട്ടിൽ കൊണ്ടുപോയി; അവർ അത്യന്തം ആശ്വസിച്ചു. ഞങ്ങൾ കപ്പൽകയറി നേരത്തേതന്നെ അസ്സൊസ് തുറമുഖത്തേക്കു പുറപ്പെട്ടു. അവിടെയെത്തുമ്പോൾ പൗലോസിനെയും ഞങ്ങളുടെകൂടെ കപ്പലിൽ കയറ്റാൻ ഉദ്ദേശിച്ചിരുന്നു. പൗലോസ് അസ്സൊസിലേക്കു കാൽനടയായി യാത്രചെയ്തിരുന്നതുകൊണ്ടാണ് ഈ ക്രമീകരണം ചെയ്തത്. അങ്ങനെ അദ്ദേഹം ഞങ്ങളെ അസ്സൊസിൽവെച്ചു കണ്ടുമുട്ടി. അപ്പോൾ അദ്ദേഹത്തെക്കൂടി കയറ്റിക്കൊണ്ടു ഞങ്ങൾ മിതുലേനയിലേക്കു യാത്രയായി. പിറ്റേന്നു ഞങ്ങൾ അവിടെനിന്ന് കപ്പൽ നീക്കി ഖിയൊസ്ദ്വീപിന് അഭിമുഖമായി യാത്രതുടർന്നു. അതിനടുത്ത ദിവസം സാമോസ് ദ്വീപിലും പിറ്റേന്നാൾ മിലേത്തോസിലും എത്തിച്ചേർന്നു. സാധ്യമെങ്കിൽ പെന്തക്കൊസ്തു ദിവസമാകുമ്പോഴേക്ക് ജെറുശലേമിൽ എത്താൻ പൗലോസ് തിടുക്കം കാട്ടി; അതുകൊണ്ട്, ഏഷ്യാപ്രവിശ്യയിൽ സമയം ചെലവഴിക്കുന്നത് ഒഴിവാക്കാൻ തീരുമാനിച്ചതിനാൽ അദ്ദേഹം എഫേസോസിൽ ഇറങ്ങാതെ യാത്ര മുന്നോട്ടു തുടർന്നു. മിലേത്തോസിൽനിന്ന് അദ്ദേഹം എഫേസോസിലേക്ക് ആളയച്ചു സഭാമുഖ്യന്മാരെ വരുത്തി. അവർ വന്നപ്പോൾ അദ്ദേഹം അവരോട് ഇങ്ങനെ പറഞ്ഞു: “ഏഷ്യയിൽ എത്തിയ ദിവസംമുതൽ, നിങ്ങളോടുകൂടെ ആയിരുന്ന കാലമെല്ലാം ഞാൻ എങ്ങനെയാണു ജീവിച്ചതെന്നു നിങ്ങൾക്കറിയാമല്ലോ! യെഹൂദരുടെ ഗൂഢാലോചനകൾനിമിത്തം എനിക്കു തീവ്രമായ പരിശോധനകൾ ഉണ്ടായെങ്കിലും ഞാൻ വളരെ താഴ്മയോടും കണ്ണുനീരോടും കൂടെ കർത്താവിനെ സേവിച്ചു. നിങ്ങൾക്കു പ്രയോജനമുള്ളത് ഒന്നും മറച്ചുവെക്കാതെ, പരസ്യമായും വീടുകളിൽവെച്ചും, ഞാൻ നിങ്ങളെ അറിയിക്കുകയും പഠിപ്പിക്കുകയും ചെയ്തു എന്നു നിങ്ങൾക്കറിയാം. മാനസാന്തരപ്പെട്ടു ദൈവത്തിലേക്കു തിരിഞ്ഞ് നമ്മുടെ കർത്താവായ യേശുവിൽ വിശ്വസിക്കണമെന്നും ഞാൻ യെഹൂദരോടും ഗ്രീക്കുകാരോടും പ്രസ്താവിച്ചിട്ടുണ്ട്. “ഇപ്പോൾ ഞാൻ ആത്മാവിന്റെ അതിശക്തമായ പ്രേരണയാൽ ജെറുശലേമിലേക്കു പോകുന്നു. അവിടെ എനിക്ക് എന്താണു സംഭവിക്കുകയെന്നു ഞാൻ അറിയുന്നില്ല. ഒന്നുമാത്രം ഞാൻ അറിയുന്നു: കാരാഗൃഹവും കഷ്ടപ്പാടുകളുമാണ് ഓരോ പട്ടണത്തിലും എന്നെ കാത്തിരിക്കുന്നതെന്ന് പരിശുദ്ധാത്മാവ് എനിക്കു മുന്നറിയിപ്പു തരുന്നു. എങ്കിലും എന്റെ ജീവൻ അമൂല്യമെന്നു ഞാൻ കരുതുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യംവഹിക്കാൻ കർത്താവായ യേശു എനിക്കു തന്ന ദൗത്യവും പൂർത്തീകരിക്കണം എന്നതുമാത്രമാണ് എന്റെ ലക്ഷ്യം.