അപ്പൊ. പ്രവൃത്തികൾ 2:14-41

അപ്പൊ. പ്രവൃത്തികൾ 2:14-41 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അപ്പോൾ പത്രൊസ് പതിനൊന്നു പേരോടുകൂടെ നിന്നുകൊണ്ട് ഉറക്കെ അവരോട് പറഞ്ഞത്: യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ, ഇത് നിങ്ങൾ അറിഞ്ഞിരിക്കട്ടെ; എന്റെ വാക്ക് ശ്രദ്ധിച്ചുകൊൾവിൻ. നിങ്ങൾ ഊഹിക്കുന്നതുപോലെ ഇവർ ലഹരിപിടിച്ചവരല്ല; പകൽ മൂന്നാം മണി നേരമേ ആയിട്ടുള്ളുവല്ലോ. ഇതു യോവേൽപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാൽ: “അന്ത്യകാലത്ത് ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും. എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും. ഞാൻ മീതെ ആകാശത്തിൽ അദ്ഭുതങ്ങളും താഴെ ഭൂമിയിൽ അടയാളങ്ങളും കാണിക്കും; രക്തവും തീയും പുകയാവിയും തന്നേ. കർത്താവിന്റെ വലുതും പ്രസിദ്ധവുമായ നാൾ വരും മുമ്പേ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും. എന്നാൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു”. യിസ്രായേൽപുരുഷന്മാരേ, ഈ വചനം കേട്ടുകൊൾവിൻ. നിങ്ങൾതന്നെ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവിൽ ചെയ്യിച്ച ശക്തികളും അദ്ഭുതങ്ങളും അടയാളങ്ങളുംകൊണ്ടു ദൈവം നിങ്ങൾക്കു കാണിച്ചുതന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിരനിർണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ട്, നിങ്ങൾ അവനെ അധർമികളുടെ കൈയാൽ തറപ്പിച്ചു കൊന്നു; ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ട് അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചുവയ്ക്കുന്നത് അസാധ്യമായിരുന്നു. “ഞാൻ കർത്താവിനെ എപ്പോഴും എന്റെ മുമ്പിൽ കണ്ടിരിക്കുന്നു; അവൻ എന്റെ വലത്തു ഭാഗത്ത് ഇരിക്കയാൽ ഞാൻ കുലുങ്ങിപ്പോകയില്ല. അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിച്ചു, എന്റെ നാവ് ആനന്ദിച്ചു, എന്റെ ജഡവും പ്രത്യാശയോടെ വസിക്കും. നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാൺമാൻ സമ്മതിക്കയുമില്ല. നീ ജീവമാർഗങ്ങളെ എന്നോട് അറിയിച്ചു; നിന്റെ സന്നിധിയിൽ എന്നെ സന്തോഷപൂർണനാക്കും” എന്നു ദാവീദ് അവനെക്കുറിച്ചു പറയുന്നുവല്ലോ. സഹോദരന്മാരായ പുരുഷന്മാരേ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ച് അവൻ മരിച്ച് അടക്കപ്പെട്ടു എന്ന് എനിക്കു നിങ്ങളോടു ധൈര്യമായി പറയാം; അവന്റെ കല്ലറ ഇന്നുവരെ നമ്മുടെ ഇടയിൽ ഉണ്ടല്ലോ. എന്നാൽ അവൻ പ്രവാചകൻ ആകയാൽ ദൈവം അവന്റെ കടിപ്രദേശത്തിന്റെ ഫലത്തിൽനിന്ന് ഒരുത്തനെ അവന്റെ സിംഹാസനത്തിൽ ഇരുത്തും എന്ന് തന്നോടു സത്യംചെയ്ത് ഉറപ്പിച്ചു എന്ന് അറിഞ്ഞിട്ട്: അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല; അവന്റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു ക്രിസ്തുവിന്റെ പുനരുത്ഥാനം മുമ്പുകൂട്ടി കണ്ടു പ്രസ്താവിച്ചു. ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു; അതിനു ഞങ്ങൾ എല്ലാവരും സാക്ഷികൾ ആകുന്നു. അവൻ ദൈവത്തിന്റെ വലഭാഗത്തേക്ക് ആരോഹണം ചെയ്തു പരിശുദ്ധാത്മാവ് എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു. ദാവീദ് സ്വർഗാരോഹണം ചെയ്തില്ലല്ലോ. എന്നാൽ അവൻ: “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം നീ എന്റെ വലത്തുഭാഗത്ത് ഇരിക്ക എന്നു കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്തു” എന്നു പറയുന്നു. ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നെ ദൈവം കർത്താവും ക്രിസ്തുവുമാക്കിവച്ചു എന്നു യിസ്രായേൽഗൃഹമൊക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ. ഇതു കേട്ടിട്ട് അവർ ഹൃദയത്തിൽ കുത്തുകൊണ്ടു പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടും: സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്തു ചെയ്യേണ്ടൂ എന്നു ചോദിച്ചു. പത്രൊസ് അവരോട്: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും. വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവ് വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു. മറ്റു പല വാക്കുകളാലും അവൻ സാക്ഷ്യംപറഞ്ഞ് അവരെ പ്രബോധിപ്പിച്ചു; ഈ വക്രതയുള്ള തലമുറയിൽനിന്നു രക്ഷിക്കപ്പെടുവിൻ എന്നു പറഞ്ഞു. അവന്റെ വാക്ക് കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മൂവായിരത്തോളം പേർ അവരോടു ചേർന്നു.

അപ്പൊ. പ്രവൃത്തികൾ 2:14-41 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അപ്പോൾ പത്രോസ് മറ്റു പതിനൊന്ന് അപ്പോസ്തോലന്മാരോടു കൂടി എഴുന്നേറ്റുനിന്ന് ഉച്ചസ്വരത്തിൽ അവരെ അഭിസംബോധന ചെയ്തു: “യെഹൂദാജനങ്ങളേ, യെരൂശലേം നിവാസികളേ, നിങ്ങൾ ഇത് അറിഞ്ഞുകൊള്ളുക; എന്റെ വാക്കുകൾ ശ്രദ്ധിക്കുക: നിങ്ങൾ വിചാരിക്കുന്നതുപോലെ ഇവർ കുടിച്ചു മത്തുപിടിച്ചവരൊന്നുമല്ല. ഇപ്പോൾ രാവിലെ ഒൻപതുമണിയല്ലേ ആയിട്ടുള്ളൂ. എന്നാൽ ഇത് യോവേൽപ്രവാചകൻ പറഞ്ഞിട്ടുള്ളതാണ്: ദൈവം അരുളിച്ചെയ്യുന്നു: അന്ത്യനാളുകളിൽ എന്റെ ആത്മാവിനെ സകല മനുഷ്യരുടെയുംമേൽ ഞാൻ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യുവാക്കൾ ദർശനങ്ങൾ കാണും. നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ ദർശിക്കും; അതേ, ആ നാളുകളിൽ, എന്റെ ദാസന്മാരുടെയും ദാസിമാരുടെയും മേൽ എന്റെ ആത്മാവിനെ ഞാൻ പകരുകയും അവർ പ്രവചിക്കുകയും ചെയ്യും. ഞാൻ ആകാശത്ത് അദ്ഭുതങ്ങളും ഭൂമിയിൽ അടയാളങ്ങളും കാണിക്കും; രക്തവും അഗ്നിയും ഇരുണ്ട ധൂമപടലവും തന്നെ. കർത്താവിന്റെ മഹത്തും തേജസ്കരവുമായ ആ ദിവസം വരുന്നതിനുമുമ്പു സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ രക്തമായിത്തീരുകയും ചെയ്യും. എന്നാൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവരെല്ലാം രക്ഷിക്കപ്പെടും. “ഇസ്രായേൽജനങ്ങളേ, നസറായനായ യേശു എന്ന മനുഷ്യൻ ദൈവത്താൽ നിയുക്തനായിരിക്കുന്നു. തന്നിൽകൂടി നിങ്ങളുടെ മധ്യത്തിൽ ദൈവം പ്രവർത്തിച്ച അദ്ഭുതങ്ങളും അതിശക്തമായ പ്രവർത്തനങ്ങളും അതു വെളിപ്പെടുത്തി. ഇത് നിങ്ങൾക്ക് അറിവുള്ളതാണല്ലോ. ഈ യേശു ദൈവത്തിന്റെ മുന്നറിവും നിശ്ചയവും അനുസരിച്ചു നിങ്ങളുടെ കൈയിൽ ഏല്പിക്കപ്പെട്ടു. നിങ്ങൾ അവിടുത്തെ അധർമികളുടെ കൈകളാൽ കുരിശിൽ തറച്ചുകൊന്നു. എന്നാൽ മരണത്തിന്റെ അധീനതയിൽനിന്നു ദൈവം അവിടുത്തെ മോചിപ്പിച്ച് ഉയിർപ്പിച്ചു. എന്തെന്നാൽ മരണത്തിന് അവിടുത്തെ തടങ്കലിൽ വയ്‍ക്കുക അസാധ്യമായിരുന്നു. ദാവീദ് അവിടുത്തെക്കുറിച്ചു പറയുന്നത് ഇങ്ങനെയാണ്: കർത്താവിനെ എപ്പോഴും എന്റെ കൺമുമ്പിൽ ഞാൻ ദർശിച്ചിരുന്നു; അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതിനാൽ ഞാൻ കുലുങ്ങിപ്പോകുകയില്ല. അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിച്ചു; എന്റെ നാവ് ആഹ്ലാദപൂർവം ആർത്തുവിളിച്ചു. മാത്രമല്ല, ഞാൻ മർത്യനെങ്കിലും പ്രത്യാശയോടെ ഇരിക്കും. എന്തെന്നാൽ അങ്ങ് എന്റെ പ്രാണനെ മരിച്ചവരുടെ ലോകത്തിലേക്കു കൈവിടുകയില്ല; അവിടുത്തെ പരിശുദ്ധനെ ജീർണതയ്‍ക്കു വിധേയനാകുവാൻ അനുവദിക്കുകയുമില്ല. ജീവനിലേക്കു നയിക്കുന്ന മാർഗങ്ങൾ അങ്ങ് എനിക്കു കാണിച്ചു തന്നു; അവിടുത്തെ സാന്നിധ്യത്താൽ എന്നെ സന്തോഷപൂർണനാക്കും. “സഹോദരരേ, നമ്മുടെ ഗോത്രപിതാവായ ദാവീദിനെക്കുറിച്ചു ഞാൻ സധൈര്യം പറയട്ടെ: അദ്ദേഹം അന്തരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ ശവകുടീരം ഇന്നും നമ്മുടെ ഇടയിലുണ്ടല്ലോ. ദാവീദ് ഒരു പ്രവാചകനായതിനാൽ തന്റെ സന്താനപരമ്പരയിൽ ഒരുവനെ തന്റെ സിംഹാസനത്തിൽ ഉപവിഷ്ടനാക്കുമെന്നു ദൈവം പ്രതിജ്ഞ ചെയ്ത് ഉറപ്പിച്ചുപറഞ്ഞു എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അങ്ങനെ ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ മുൻകൂട്ടികാണുകയും ‘അവിടുന്നു മരിച്ചവരുടെ ലോകത്തിൽ കൈവിടപ്പെടുകയോ, അവിടുത്തെ ജഡം ജീർണിക്കുകയോ ചെയ്യുകയില്ല’ എന്നു പ്രസ്താവിക്കുകയും ചെയ്തു. ഈ യേശുവിനെയാണു ദൈവം ഉയിർപ്പിച്ചത്; അതിനു ഞങ്ങളെല്ലാവരും സാക്ഷികളുമാണ്. അവിടുന്ന് ദൈവത്തിന്റെ വലത്തുഭാഗത്ത് ആരോഹണം ചെയ്തു; വാഗ്ദാനപ്രകാരം, പരിശുദ്ധാത്മാവിനെ പിതാവിൽനിന്നു പ്രാപിച്ചു പകർന്നു തന്നതാണ് നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നത്. ദാവീദു സ്വർഗാരോഹണം ചെയ്തിട്ടില്ല. എങ്കിലും അദ്ദേഹം ഇപ്രകാരം പറയുന്നു: ‘ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ- നീ എന്റെ വലത്തുഭാഗത്തിരിക്കുക’ എന്നു സർവേശ്വരൻ എന്റെ കർത്താവിനോട് അരുളിചെയ്തു. “അതുകൊണ്ട് നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ ദൈവം കർത്താവും ക്രിസ്തുവുമാക്കി വച്ചിരിക്കുന്നു എന്ന് ഇസ്രായേൽ വംശജരെല്ലാം നിശ്ചയമായും അറിഞ്ഞുകൊളളട്ടെ.” ഇതുകേട്ട് മനസ്സാക്ഷിക്കു കുത്തുകൊണ്ട് അവർ പത്രോസിനോടും മറ്റ് അപ്പോസ്തോലന്മാരോടും ചോദിച്ചു: “സഹോദരന്മാരേ, ഞങ്ങൾ എന്താണു വേണ്ടത്?” പത്രോസ് അവരോടു പറഞ്ഞു: “നിങ്ങൾ ഓരോ വ്യക്തിയും അനുതപിച്ചു മനം തിരിഞ്ഞു പാപമോചനത്തിനുവേണ്ടി യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാപനം സ്വീകരിക്കുക; അപ്പോൾ നിങ്ങൾക്കു പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും. ഈ വാഗ്ദാനം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചുചേർക്കുന്ന വിദൂരസ്ഥരായ എല്ലാവർക്കുംവേണ്ടിയുള്ളതാണ്.” മറ്റു പല വാദമുഖങ്ങളും ഉന്നയിച്ചുകൊണ്ട് പത്രോസ് അവരോടു സാക്ഷ്യം വഹിക്കുകയും വക്രതയുള്ള ഈ തലമുറയ്‍ക്കു നേരിടുന്ന ശിക്ഷയിൽനിന്നു നിങ്ങൾ രക്ഷപെട്ടുകൊള്ളുക” എന്നു ശക്തമായി ഉദ്ബോധിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സന്ദേശം സ്വീകരിച്ചവർ സ്നാപനം ഏറ്റു. അന്നു മൂവായിരത്തോളം ആളുകൾ അവരുടെകൂടെ ചേർന്നു.

അപ്പൊ. പ്രവൃത്തികൾ 2:14-41 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അപ്പോൾ പത്രൊസ് മറ്റ് പതിനൊന്ന് അപ്പൊസ്തലന്മാരോടുകൂടെ നിന്നുകൊണ്ട് ഉറക്കെ പറഞ്ഞത്: “യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ, എന്‍റെ വാക്ക് ശ്രദ്ധിച്ചു കൊൾവിൻ, ഇതു നിങ്ങൾ അറിഞ്ഞിരിക്കട്ടെ;. നിങ്ങൾ വിചാരിക്കുന്നതുപോലെ ഇവർ ലഹരി പിടിച്ചവരല്ല; പകൽ മൂന്നാംമണിനേരമേ ആയിട്ടുള്ളുവല്ലോ. ഇത് യോവേൽ പ്രവാചകൻമുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാൽ: ‘അന്ത്യകാലത്ത് ഞാൻ സകലജഡത്തിന്മേലും എന്‍റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും. എന്‍റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്‍റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും. ഞാൻ മീതെ ആകാശത്തിൽ അത്ഭുതങ്ങളും താഴെ ഭൂമിയിൽ അടയാളങ്ങളും കാണിക്കും; രക്തവും തീയും പുകയാവിയും തന്നെ. കർത്താവിന്‍റെ വലുതും പ്രസിദ്ധവുമായ നാൾ വരുംമുമ്പെ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും. എന്നാൽ കർത്താവിന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷിക്കപ്പെടും’ എന്നു ദൈവം അരുളിച്ചെയ്യുന്നു. യിസ്രായേൽ പുരുഷന്മാരേ, ഈ വചനം കേട്ടു കൊൾവിൻ. നിങ്ങൾ തന്നെ അറിയുംപോലെ ദൈവം യേശു മുഖാന്തരം നിങ്ങളുടെ നടുവിൽ ചെയ്യിച്ച മഹത്തായ പ്രവർത്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു അവൻ നിങ്ങൾക്ക് ഉറപ്പിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ അവൻ മുന്നമേ അറിഞ്ഞ് തീരുമാനിച്ചതുപോലെ നിങ്ങൾക്ക് ഏല്പിച്ചു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ ക്രൂശിൽ തറപ്പിച്ചു കൊന്നു; എന്നാൽ ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ട് അവനെ ഉയിർത്തെഴുന്നേല്പിച്ചു. എന്തുകൊണ്ടെന്നാൽ മരണം അവനെ അടക്കി വെയ്ക്കുന്നത് അസാദ്ധ്യമായിരുന്നു. എന്നാൽ ദാവീദ് യേശുവിനെ കുറിച്ച്; ‘ഞാൻ കർത്താവിനെ എപ്പോഴും എന്‍റെ മുമ്പിൽ കണ്ടിരിക്കുന്നു; അവൻ എന്‍റെ വലഭാഗത്ത് ഇരിക്കയാൽ ഞാൻ കുലുങ്ങിപ്പോകയില്ല. എന്‍റെ ഹൃദയം സന്തോഷിക്കുകയും എന്‍റെ നാവ് ആനന്ദിക്കുകയും എന്‍റെ ജഡവും ധൈര്യത്തോടെ വസിക്കുകയും ചെയ്യും. നീ എന്‍റെ പ്രാണനെ പാതാളത്തിൽ വിട്ടുകളയുകയില്ല; നിന്‍റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കുകയുമില്ല. നീ ജീവന്‍റെ മാർഗ്ഗങ്ങളെ എനിക്ക് വെളിപ്പെടുത്തി; നിന്‍റെ സാന്നിദ്ധ്യംകൊണ്ട് എന്നെ സന്തോഷ പൂർണ്ണനാക്കും’ എന്നു പറയുന്നുവല്ലോ. സഹോദരന്മാരേ, പൂർവപിതാവായ ദാവീദിനെക്കുറിച്ച് അവൻ മരിച്ചു അടക്കപ്പെട്ടു എന്നു എനിക്ക് നിങ്ങളോടു ധൈര്യമായി പറയാം; അവന്‍റെ കല്ലറ ഇന്നുവരെ നമ്മുടെ ഇടയിൽ ഉണ്ടല്ലോ. എന്നാൽ ദാവീദ്, പ്രവാചകൻ ആയിരുന്നതുകൊണ്ട് ദൈവം അവന്‍റെ കടിപ്രദേശത്തിൻ്റെ ഫലത്തിൽനിന്ന് ഒരുവനെ അവന്‍റെ സിംഹാസനത്തിൽ ഇരുത്തും എന്നു തന്നോട് സത്യംചെയ്തു ഉറപ്പിച്ചിരുന്നു. അത് മുൻകൂട്ടി അറിഞ്ഞതുകൊണ്ട് ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തെക്കുറിച്ച്: അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല: അവന്‍റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു പ്രസ്താവിച്ചു. ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു; അതിന് ഞങ്ങൾ എല്ലാവരും സാക്ഷികൾ ആകുന്നു. അവൻ ദൈവത്തിന്‍റെ വലഭാഗത്തേക്ക് ഉയർത്തപ്പെട്ടു, പരിശുദ്ധാത്മാവ് എന്ന വാഗ്ദത്തം പിതാവിനോട് വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു. ദാവീദ് സ്വർഗ്ഗാരോഹണം ചെയ്തില്ല, എങ്കിലും അവൻ: ‘ഞാൻ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠം ആക്കുവോളം നീ എന്‍റെ വലത്തുഭാഗത്ത് ഇരിക്ക എന്നു കർത്താവ് എന്‍റെ കർത്താവിനോട് അരുളിച്ചെയ്തു’ എന്നു പറയുന്നു. “ആകയാൽ നിങ്ങൾ ക്രൂശിൽ തറച്ച ഈ യേശുവിനെ തന്നെ ദൈവം കർത്താവും ക്രിസ്തുവുമാക്കിവച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” ഇത് കേട്ടിട്ടു അവർ ഹൃദയത്തിൽ കുത്തുകൊണ്ട് പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടും: “സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്ത് ചെയ്യേണ്ടു?” എന്നു ചോദിച്ചു. പത്രൊസ് അവരോട്: “നിങ്ങൾ നിങ്ങളുടെ പാപസ്വഭാവങ്ങളെ വിട്ടുമാറി യേശുക്രിസ്തുവിന്‍റെ നാമത്തിൽ സ്നാനമേൽപ്പിൻ; എന്നാൽ ദൈവം നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കുകയും പരിശുദ്ധാത്മാവ് എന്ന ദാനം നൽകുകയുംചെയ്യും. ഈ വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവ് വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ” എന്നു പറഞ്ഞു. മറ്റ് പല വാക്കുകളാലും പത്രൊസ് സാക്ഷ്യം പറഞ്ഞ് അവരെ പ്രബോധിപ്പിച്ചു: “ഈ വക്രതയുള്ള തലമുറയിൽനിന്ന് രക്ഷിക്കപ്പെടുവിൻ” എന്നു പറഞ്ഞു. അവന്‍റെ വാക്ക് കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മൂവായിരത്തോളം പേർ അവരോട് ചേർന്നു.

അപ്പൊ. പ്രവൃത്തികൾ 2:14-41 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അപ്പോൾ പത്രൊസ് പതിനൊന്നുപേരോടുകൂടെ നിന്നുകൊണ്ടു ഉറക്കെ അവരോടു പറഞ്ഞതു: യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ, ഇതു നിങ്ങൾ അറിഞ്ഞിരിക്കട്ടെ; എന്റെ വാക്കു ശ്രദ്ധിച്ചുകൊൾവിൻ. നിങ്ങൾ ഊഹിക്കുന്നതുപോലെ ഇവർ ലഹരി പിടിച്ചവരല്ല; പകൽ മൂന്നാംമണിനേരമേ ആയിട്ടുള്ളുവല്ലോ. ഇതു യോവേൽ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാൽ: “അന്ത്യകാലത്തു ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൗവ്വനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും. എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും. ഞാൻ മീതെ ആകാശത്തിൽ അത്ഭുതങ്ങളും താഴെ ഭൂമിയിൽ അടയാളങ്ങളും കാണിക്കും; രക്തവും തീയും പുകയാവിയും തന്നേ. കർത്താവിന്റെ വലുതും പ്രസിദ്ധവുമായ നാൾ വരുംമുമ്പേ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും. എന്നാൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.” യിസ്രായേൽ പുരുഷന്മാരേ, ഈ വചനം കേട്ടു കൊൾവിൻ. നിങ്ങൾ തന്നേ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവിൽ ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു; ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു. “ഞാൻ കർത്താവിനെ എപ്പോഴും എന്റെ മുമ്പിൽ കണ്ടിരിക്കുന്നു; അവൻ എന്റെ വലഭാഗത്തു ഇരിക്കയാൽ ഞാൻ കുലുങ്ങിപോകയില്ല. അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിച്ചു, എന്റെ നാവു ആനന്ദിച്ചു, എന്റെ ജഡവും പ്രത്യാശയോടെ വസിക്കും. നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല. നീ ജീവമാർഗ്ഗങ്ങളെ എന്നോടു അറിയിച്ചു; നിന്റെ സന്നിധിയിൽ എന്നെ സന്തോഷ പൂർണ്ണനാക്കും” എന്നു ദാവീദ് അവനെക്കുറിച്ചു പറയുന്നുവല്ലോ. സഹോദരന്മാരായ പുരുഷന്മാരേ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ച് അവൻ മരിച്ചു അടക്കപ്പെട്ടു എന്നു എനിക്കു നിങ്ങളോടു ധൈര്യമായി പറയാം; അവന്റെ കല്ലറ ഇന്നുവരെ നമ്മുടെ ഇടയിൽ ഉണ്ടല്ലോ. എന്നാൽ അവൻ പ്രവാചകൻ ആകയാൽ ദൈവം അവന്റെ കടിപ്രദേശത്തിന്റെ ഫലത്തിൽ നിന്നു ഒരുത്തനെ അവന്റെ സിംഹാസനത്തിൽ ഇരുത്തും എന്നു തന്നോടു സത്യം ചെയ്തു ഉറപ്പിച്ചു എന്നു അറിഞ്ഞിട്ടു: അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല: അവന്റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു ക്രിസ്തുവിന്റെ പുനരുത്ഥാനം മുമ്പുകൂട്ടി കണ്ടു പ്രസ്താവിച്ചു. ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു; അതിന്നു ഞങ്ങൾ എല്ലാവരും സാക്ഷികൾ ആകുന്നു. അവൻ ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു. ദാവീദ് സ്വർഗ്ഗാരോഹണം ചെയ്തില്ലല്ലോ. എന്നാൽ അവൻ: “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം നീ എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു പറയുന്നു. ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ. ഇതു കേട്ടിട്ടു അവർ ഹൃദയത്തിൽ കുത്തുകൊണ്ടു പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടും: സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു. പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും. വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു. മറ്റു പല വാക്കുകളാലും അവൻ സാക്ഷ്യം പറഞ്ഞു അവരെ പ്രബോധിപ്പിച്ചു; ഈ വക്രതയുള്ള തലമുറയിൽനിന്നു രക്ഷിക്കപ്പെടുവിൻ എന്നു പറഞ്ഞു. അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു.

അപ്പൊ. പ്രവൃത്തികൾ 2:14-41 സമകാലിക മലയാളവിവർത്തനം (MCV)

അപ്പോൾ പത്രോസ് മറ്റു പതിനൊന്നുപേരോടുമൊപ്പം എഴുന്നേറ്റുനിന്ന് ശബ്ദമുയർത്തി ജനത്തെ അഭിസംബോധനചെയ്ത് ഇങ്ങനെ വിശദീകരിച്ചു: “യെഹൂദാജനമേ, ജെറുശലേംനിവാസികൾ എല്ലാവരുമേ, എന്റെ വാക്കുകൾ ശ്രദ്ധിച്ചുകേൾക്കുക, ഞാൻ വിശദീകരിക്കാം. നിങ്ങൾ ചിന്തിക്കുന്നതുപോലെ ഇവർ ലഹരിപിടിച്ചവരല്ല; കാരണം, ഇപ്പോൾ രാവിലെ ഒൻപതുമണിമാത്രമല്ലേ ആയിട്ടുള്ളൂ? യോവേൽ പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്തിട്ടുള്ളതാണിത്: “ ‘അന്തിമനാളുകളിൽ, ഞാൻ എന്റെ ആത്മാവിനെ സകലമനുഷ്യരുടെമേലും പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും, നിങ്ങളുടെ യുവാക്കൾക്കു ദർശനങ്ങളുണ്ടാകും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും. എന്റെ ദാസന്മാരുടെയും ദാസിമാരുടെയുംമേലും ആ നാളുകളിൽ ഞാൻ എന്റെ ആത്മാവിനെ പകരും, അതിനാൽ അവരും പ്രവചിക്കും. ഞാൻ ഉയരെ ആകാശത്തിൽ അത്ഭുതങ്ങളും താഴേ ഭൂമിയിൽ ചിഹ്നങ്ങളും നൽകും— രക്തവും തീയും പുകച്ചുരുളുംതന്നെ. കർത്താവിന്റെ ശ്രേഷ്ഠവും തേജോമയവുമായ ദിവസം വരുന്നതിനുമുമ്പേ സൂര്യൻ ഇരുളായി മാറുകയും ചന്ദ്രൻ രക്തമായിത്തീരുകയും ചെയ്യും. കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന ഏതൊരുവനും രക്ഷിക്കപ്പെടും,’ എന്നു ദൈവം അരുളിച്ചെയ്യുന്നു. “ഇസ്രായേൽജനമേ, ഈ വാക്കുകൾ കേട്ടാലും: നസറെത്തുകാരനായ യേശു, ദൈവം അദ്ദേഹത്തിലൂടെ നിങ്ങളുടെ മധ്യത്തിൽ ചെയ്ത വീര്യപ്രവൃത്തികളും അത്ഭുതങ്ങളും ചിഹ്നങ്ങളുംമുഖേന ദൈവംതന്നെ സാക്ഷ്യപ്പെടുത്തിയ വ്യക്തി ആയിരുന്നുവെന്ന് നിങ്ങൾക്കറിയാമല്ലോ. ദൈവം തന്റെ നിശ്ചിതപദ്ധതിയാലും പൂർവജ്ഞാനത്താലും അദ്ദേഹത്തെ നിങ്ങൾക്ക് ഏൽപ്പിച്ചുതന്നു. എന്നാൽ യെഹൂദേതരരുടെ സഹായത്തോടെ നിങ്ങൾ അദ്ദേഹത്തെ ക്രൂശിന്മേൽ തറച്ചുകൊന്നു. എന്നാൽ, മരണത്തിന്റെ അതിതീവ്രവേദനയിൽ അടക്കിവെക്കാതെ അതിന്റെ ബന്ധനങ്ങളഴിച്ച് ദൈവം അദ്ദേഹത്തെ ഉയിർപ്പിച്ചു; മരണത്തിന് അദ്ദേഹത്തെ ബന്ധിതനാക്കിവെക്കുന്നത് അസാധ്യമായിരുന്നു. ക്രിസ്തുവിനെക്കുറിച്ച് ദാവീദ് പറയുന്നത് ഇപ്രകാരമാണ്: “ ‘ഞാൻ കർത്താവിനെ എന്റെമുമ്പിൽ എപ്പോഴും പ്രതിഷ്ഠിച്ചിരിക്കുന്നു; അവിടന്ന് എന്റെ വലതുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങിപ്പോകുകയില്ല. അതുകൊണ്ട് എന്റെ ഹൃദയം ആനന്ദിക്കുന്നു, എന്റെ നാവ് ആഹ്ലാദിക്കുന്നു; എന്റെ ശരീരവും പ്രത്യാശയിൽ നിവസിക്കും. എന്റെ പ്രാണനെ അവിടന്ന് പാതാളത്തിൽ ഉപേക്ഷിക്കുകയില്ല; അവിടത്തെ പരിശുദ്ധനെ ജീർണത കാണാൻ അങ്ങ് അനുവദിക്കുകയുമില്ല. ജീവന്റെ വഴികൾ അവിടന്ന് എന്നെ അറിയിച്ചു; തിരുസന്നിധിയിൽ അവിടന്ന് എന്നെ ആനന്ദത്താൽ നിറയ്ക്കും.’ “സഹോദരങ്ങളേ, പൂർവപിതാവായ ദാവീദിനെക്കുറിച്ച്, അദ്ദേഹം മരിച്ചുവെന്നും അടക്കപ്പെട്ടുവെന്നും എനിക്ക് നിങ്ങളോട് ഉറപ്പായി പറയാൻകഴിയും; അദ്ദേഹത്തിന്റെ കല്ലറ ഇന്നുവരെ നമ്മുടെ മധ്യേ ഇവിടെ ഉണ്ടല്ലോ. ദാവീദ് ഒരു പ്രവാചകൻ ആയിരുന്നു: തന്റെ സിംഹാസനത്തിൽ അദ്ദേഹത്തിന്റെ പിൻഗാമികളിൽ ഒരുവനെ ഇരുത്തുമെന്ന് ദൈവം അദ്ദേഹത്തോട് ആണയിട്ട് ശപഥംചെയ്ത കാര്യം ദാവീദിന് അറിയാമായിരുന്നു. ‘അദ്ദേഹത്തെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല; അദ്ദേഹത്തിന്റെ ശരീരം ജീർണത കണ്ടതുമില്ല’ എന്നു ദാവീദ് ക്രിസ്തുവിന്റെ പുനരുത്ഥാനം മുൻകൂട്ടിക്കണ്ട് പ്രവചിച്ചു. ഈ യേശുവിനെ ദൈവം ഉയിർപ്പിച്ചു; അതിനു ഞങ്ങളെല്ലാവരും സാക്ഷികളാകുന്നു. അദ്ദേഹം ദൈവത്തിന്റെ വലതുഭാഗത്തേക്ക് ഉയർത്തപ്പെട്ടിട്ട്, പരിശുദ്ധാത്മാവ് എന്ന വാഗ്ദാനം പിതാവിൽനിന്ന് സ്വീകരിച്ച്, സമൃദ്ധമായി നൽകിയതാണ് നിങ്ങൾ ഈ കാണുകയും കേൾക്കുകയുംചെയ്യുന്നത്. ദാവീദ് സ്വർഗാരോഹണം ചെയ്തില്ലല്ലോ! എങ്കിലും അദ്ദേഹം പറയുന്നതിങ്ങനെയാണ്: “ ‘കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്യുന്നു: “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ ചവിട്ടടിയിലാക്കുംവരെ, നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക.” ’ “അതുകൊണ്ട്, നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെത്തന്നെ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചിരിക്കുന്നു എന്ന് ഇസ്രായേൽജനം മുഴുവനും നിസ്സന്ദേഹം അറിഞ്ഞുകൊള്ളട്ടെ.” ഇതു കേട്ട ജനം ഹൃദയത്തിൽ മുറിവേറ്റവരായി പത്രോസിനോടും മറ്റ് അപ്പൊസ്തലന്മാരോടും, “സഹോദരന്മാരേ, ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?” എന്നു ചോദിച്ചു. പത്രോസ് അവരോടു പറഞ്ഞു: “നിങ്ങൾ ഓരോരുത്തരും പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേക്കു മടങ്ങുകയും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം സ്വീകരിക്കുകയുംചെയ്യുക; അപ്പോൾ നിങ്ങളുടെ പാപങ്ങൾ മോചിക്കപ്പെടും, പരിശുദ്ധാത്മാവ് എന്ന ദാനം നിങ്ങൾക്കു ലഭിക്കും. നമ്മുടെ ദൈവമായ കർത്താവ് തന്റെ അടുത്തേക്കു വിളിക്കുന്ന എല്ലാവർക്കുംവേണ്ടി ഉള്ളതാണ് ഈ വാഗ്ദാനം—നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കുംമാത്രമല്ല, വിദൂരസ്ഥരായ എല്ലാവർക്കുംകൂടിയാണ്.” ഇതുമാത്രമല്ല, മറ്റനേകം വാക്കുകളിലൂടെ പത്രോസ് അവർക്കു സാക്ഷ്യം നൽകുകയും “വക്രതയുള്ള ഈ തലമുറയിൽനിന്നു രക്ഷിക്കപ്പെടുക,” എന്നു പ്രബോധിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സന്ദേശം അംഗീകരിച്ചവർ സ്നാനം സ്വീകരിച്ചു. അന്നു മൂവായിരത്തോളംപേർ അവരോടു ചേർന്നു.