അപ്പൊ. പ്രവൃത്തികൾ 2:1-18
അപ്പൊ. പ്രവൃത്തികൾ 2:1-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്ത് ഒന്നിച്ചു കൂടിയിരുന്നു. പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്ന് ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറച്ചു. അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെമേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി. അന്ന് ആകാശത്തിൻകീഴുള്ള സകല ജാതികളിൽനിന്നും യെരൂശലേമിൽ വന്നുപാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ ഉണ്ടായിരുന്നു. ഈ മുഴക്കം ഉണ്ടായപ്പോൾ പുരുഷാരം വന്നുകൂടി, ഓരോരുത്തൻ താന്താന്റെ ഭാഷയിൽ അവർ സംസാരിക്കുന്നത് കേട്ട് അമ്പരന്നുപോയി. എല്ലാവരും ഭ്രമിച്ച് ആശ്ചര്യപ്പെട്ടു: ഈ സംസാരിക്കുന്നവർ എല്ലാം ഗലീലക്കാർ അല്ലയോ? പിന്നെ നാം ഓരോരുത്തൻ ജനിച്ച നമ്മുടെ സ്വന്തഭാഷയിൽ അവർ സംസാരിച്ചു കേൾക്കുന്നത് എങ്ങനെ? പർത്ഥരും മേദ്യരും ഏലാമ്യരും മെസപ്പൊത്താമ്യയിലും യെഹൂദ്യയിലും കപ്പദോക്യയിലും പൊന്തൊസിലും ആസ്യയിലും പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനയ്ക്കു ചേർന്ന ലിബ്യാപ്രദേശങ്ങളിലും പാർക്കുന്നവരും റോമയിൽനിന്നു വന്നു പാർക്കുന്നവരും യെഹൂദന്മാരും യെഹൂദമതാനുസാരികളും ക്രേത്യരും അറബിക്കാരുമായ നാം ഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിന്റെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നതു കേൾക്കുന്നുവല്ലോ എന്നു പറഞ്ഞു. എല്ലാവരും ഭ്രമിച്ചു ചഞ്ചലിച്ചു; ഇത് എന്തായിരിക്കും എന്നു തമ്മിൽ തമ്മിൽ പറഞ്ഞു. ഇവർ പുതുവീഞ്ഞു കുടിച്ചിരിക്കുന്നു എന്നു മറ്റു ചിലർ പരിഹസിച്ചുപറഞ്ഞു. അപ്പോൾ പത്രൊസ് പതിനൊന്നു പേരോടുകൂടെ നിന്നുകൊണ്ട് ഉറക്കെ അവരോട് പറഞ്ഞത്: യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ, ഇത് നിങ്ങൾ അറിഞ്ഞിരിക്കട്ടെ; എന്റെ വാക്ക് ശ്രദ്ധിച്ചുകൊൾവിൻ. നിങ്ങൾ ഊഹിക്കുന്നതുപോലെ ഇവർ ലഹരിപിടിച്ചവരല്ല; പകൽ മൂന്നാം മണി നേരമേ ആയിട്ടുള്ളുവല്ലോ. ഇതു യോവേൽപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാൽ: “അന്ത്യകാലത്ത് ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും. എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും.
അപ്പൊ. പ്രവൃത്തികൾ 2:1-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പെന്തെക്കോസ്തു നാളിൽ അവർ എല്ലാവരും ഒരു സ്ഥലത്തു കൂടിയിരിക്കുകയായിരുന്നു. പെട്ടെന്നു കൊടുങ്കാറ്റടിക്കുന്നതുപോലെ ഒരു മുഴക്കം ആകാശത്തുനിന്നുണ്ടായി; അത് അവരിരുന്ന വീടു മുഴുവൻ വ്യാപിച്ചു. തീനാമ്പുപോലെയുള്ള നാവ് അവർക്ക് പ്രത്യക്ഷമായി; അതു പിളർന്ന് ഓരോരുത്തരുടെയും മേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവുകൊണ്ടു നിറഞ്ഞു; ആത്മാവ് അവർക്ക് ഉച്ചരിക്കുവാൻ നല്‌കിയ വരം അനുസരിച്ച് വിവിധ ഭാഷകളിൽ അവർ സംസാരിക്കുവാൻ തുടങ്ങി. അന്ന് ആകാശത്തിൻകീഴുള്ള എല്ലാ രാജ്യങ്ങളിൽനിന്നും വന്നു പാർക്കുന്ന യെഹൂദ ഭക്തജനങ്ങൾ യെരൂശലേമിലുണ്ടായിരുന്നു. ഈ ശബ്ദം കേട്ട് ഒരു വലിയ ജനക്കൂട്ടം അവിടെ വന്നുകൂടി. അവർ സംസാരിക്കുന്നത് ഓരോരുത്തരും അവനവന്റെ സ്വന്തം ഭാഷയിൽ കേട്ടതിനാൽ അവർ അന്ധാളിച്ചുപോയി. അവർ അമ്പരന്ന് അദ്ഭുതാധീനരായി പറഞ്ഞു: “ഈ സംസാരിക്കുന്നവരെല്ലാം ഗലീലക്കാരല്ലേ? പിന്നെ എങ്ങനെയാണ് ഇവരുടെ ഭാഷണം നമ്മുടെ ഓരോരുത്തരുടെയും മാതൃഭാഷയിൽ കേൾക്കുന്നത്? പാർഥ്യരും മേദ്യരും ഏലാമ്യരും മെസപ്പൊത്താമ്യ, യെഹൂദ്യ, കപ്പദോക്യ, പൊന്തൊസ്, ഏഷ്യാസംസ്ഥാനം, ഫ്റുഗ്യ, പംഫുല്യ, ഈജിപ്ത്, കുറേനയ്‍ക്ക് അടുത്തുകിടക്കുന്ന ലിബിയയിലെ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിവസിക്കുന്നവരും റോമിൽനിന്നു വന്നിട്ടുള്ള സന്ദർശകരും ജന്മനാ യെഹൂദന്മാരും യെഹൂദമതം സ്വീകരിച്ചവരും ക്രീറ്റുകാരും അറേബ്യക്കാരും നമ്മുടെ കൂട്ടത്തിലുണ്ടല്ലോ. എന്നിട്ടും ദൈവത്തിന്റെ അദ്ഭുതപ്രവർത്തനങ്ങളെപ്പറ്റി അവർ പറയുന്നത് നമ്മുടെ സ്വന്തം ഭാഷകളിൽ നാം കേൾക്കുന്നു!” എല്ലാവരും ആശ്ചര്യപ്പെടുകയും സംഭ്രാന്തരാകുകയും ചെയ്തു. “ഇതിന്റെ അർഥം എന്ത്?” എന്ന് അവർ അന്യോന്യം ചോദിച്ചു. “അവർ നിറയെ പുതുവീഞ്ഞു കുടിച്ചിട്ടുണ്ട്” എന്നു മറ്റു ചിലർ പരിഹാസപൂർവം പറഞ്ഞു. അപ്പോൾ പത്രോസ് മറ്റു പതിനൊന്ന് അപ്പോസ്തോലന്മാരോടു കൂടി എഴുന്നേറ്റുനിന്ന് ഉച്ചസ്വരത്തിൽ അവരെ അഭിസംബോധന ചെയ്തു: “യെഹൂദാജനങ്ങളേ, യെരൂശലേം നിവാസികളേ, നിങ്ങൾ ഇത് അറിഞ്ഞുകൊള്ളുക; എന്റെ വാക്കുകൾ ശ്രദ്ധിക്കുക: നിങ്ങൾ വിചാരിക്കുന്നതുപോലെ ഇവർ കുടിച്ചു മത്തുപിടിച്ചവരൊന്നുമല്ല. ഇപ്പോൾ രാവിലെ ഒൻപതുമണിയല്ലേ ആയിട്ടുള്ളൂ. എന്നാൽ ഇത് യോവേൽപ്രവാചകൻ പറഞ്ഞിട്ടുള്ളതാണ്: ദൈവം അരുളിച്ചെയ്യുന്നു: അന്ത്യനാളുകളിൽ എന്റെ ആത്മാവിനെ സകല മനുഷ്യരുടെയുംമേൽ ഞാൻ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യുവാക്കൾ ദർശനങ്ങൾ കാണും. നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ ദർശിക്കും; അതേ, ആ നാളുകളിൽ, എന്റെ ദാസന്മാരുടെയും ദാസിമാരുടെയും മേൽ എന്റെ ആത്മാവിനെ ഞാൻ പകരുകയും അവർ പ്രവചിക്കുകയും ചെയ്യും.
അപ്പൊ. പ്രവൃത്തികൾ 2:1-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പെന്തെക്കൊസ്ത് ദിനത്തിൽ അവർ എല്ലാവരും ഒരു സ്ഥലത്ത് ഒരുമിച്ചു കൂടിയിരുന്നു. പെട്ടെന്ന് കൊടുങ്കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീട് മുഴുവനും നിറച്ചു. അഗ്നിജ്വാലപോലുള്ള പിളർന്നിരിക്കുന്ന നാവുകൾ അവർക്ക് പ്രത്യക്ഷമായി അവരിൽ ഓരോരുത്തരുടെയും മേൽ പതിഞ്ഞു. അവർ എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി. അന്നു ആകാശത്തിൻ കീഴിലുള്ള സകലരാജ്യങ്ങളിൽ നിന്നും യെരൂശലേമിൽ വന്നുപാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ അവിടെ ഉണ്ടായിരുന്നു. ഈ മുഴക്കം ഉണ്ടായപ്പോൾ പുരുഷാരം വന്നുകൂടി, തങ്ങളോരോരുത്തരുടെയും ഭാഷയിൽ അപ്പൊസ്തലന്മാർ സംസാരിക്കുന്നത് കേട്ട് അമ്പരന്നുപോയി. എല്ലാവരും ഭ്രമിച്ച് ആശ്ചര്യപ്പെട്ടു പറഞ്ഞത്: “ഈ സംസാരിക്കുന്നവർ എല്ലാവരും ഗലീലക്കാർ അല്ലയോ? പിന്നെ നാം ഓരോരുത്തൻ നമ്മുടെ മാതൃഭാഷയിൽ അവർ സംസാരിച്ചു കേൾക്കുന്നത് എങ്ങനെ? പർത്ഥരും മേദ്യരും ഏലാമ്യരും മെസൊപ്പൊത്താമ്യയിലും യെഹൂദ്യയിലും കപ്പദോക്യയിലും പൊന്തൊസിലും ആസ്യയിലും ഫ്രുഗ്യയയിലും പംഫുല്യയിലും മിസ്രയീമിലും കുറേനയ്ക്ക് ചേർന്ന ലിബ്യാപ്രദേശങ്ങളിലും പാർക്കുന്നവരും റോമയിൽ നിന്ന് വന്ന് പാർക്കുന്നവരും യെഹൂദന്മാരും യെഹൂദമതാനുസാരികളും ക്രേത്യരും അരാബിക്കാരുമായ നാം ഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിന്‍റെ വലിയ പ്രവൃത്തികളെ പ്രസ്താവിക്കുന്നത് കേൾക്കുന്നുവല്ലോ” എന്നു പറഞ്ഞു. എല്ലാവരും പരിഭ്രമിച്ച്, ചഞ്ചലിച്ചുകൊണ്ട്; “ഇത് എന്തായിരിക്കും?” എന്നു തമ്മിൽതമ്മിൽ പറഞ്ഞു. “ഇവർ പുതുവീഞ്ഞ് കുടിച്ച് ലഹരിപിടിച്ചിരിക്കുന്നു” എന്നു മറ്റ് ചിലർ പരിഹസിച്ച് പറഞ്ഞു. അപ്പോൾ പത്രൊസ് മറ്റ് പതിനൊന്ന് അപ്പൊസ്തലന്മാരോടുകൂടെ നിന്നുകൊണ്ട് ഉറക്കെ പറഞ്ഞത്: “യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ, എന്‍റെ വാക്ക് ശ്രദ്ധിച്ചു കൊൾവിൻ, ഇതു നിങ്ങൾ അറിഞ്ഞിരിക്കട്ടെ;. നിങ്ങൾ വിചാരിക്കുന്നതുപോലെ ഇവർ ലഹരി പിടിച്ചവരല്ല; പകൽ മൂന്നാംമണിനേരമേ ആയിട്ടുള്ളുവല്ലോ. ഇത് യോവേൽ പ്രവാചകൻമുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാൽ: ‘അന്ത്യകാലത്ത് ഞാൻ സകലജഡത്തിന്മേലും എന്‍റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും. എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും.
അപ്പൊ. പ്രവൃത്തികൾ 2:1-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു. പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു. അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി. അന്നു ആകാശത്തിൻ കീഴുള്ള സകല ജാതികളിൽ നിന്നും യെരൂശലേമിൽ വന്നു പാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ ഉണ്ടായിരുന്നു. ഈ മുഴക്കം ഉണ്ടായപ്പോൾ പുരുഷാരം വന്നു കൂടി, ഓരോരുത്തൻ താന്താന്റെ ഭാഷയിൽ അവർ സംസാരിക്കുന്നതു കേട്ടു അമ്പരന്നു പോയി. എല്ലാവരും ഭ്രമിച്ചു ആശ്ചര്യപ്പെട്ടു: ഈ സംസാരിക്കുന്നവർ എല്ലാം ഗലീലക്കാർ അല്ലയോ? പിന്നെ നാം ഓരോരുത്തൻ ജനിച്ച നമ്മുടെ സ്വന്ത ഭാഷയിൽ അവർ സംസാരിച്ചു കേൾക്കുന്നതു എങ്ങനെ? പർത്ഥരും മേദ്യരും ഏലാമ്യരും മെസപ്പൊത്താമ്യയിലും യെഹൂദ്യയിലും കപ്പദോക്യയിലും പൊന്തൊസിലും ആസ്യയിലും പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനെക്കു ചേർന്ന ലിബ്യാപ്രദേശങ്ങളിലും പാർക്കുന്നവരും റോമയിൽ നിന്നു വന്നു പാർക്കുന്നവരും യെഹൂദന്മാരും യെഹൂദമതാനുസാരികളും ക്രേത്യരും അറബിക്കാരുമായ നാം ഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിന്റെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നതു കേൾക്കുന്നുവല്ലോ എന്നു പറഞ്ഞു. എല്ലാവരും ഭ്രമിച്ചു ചഞ്ചലിച്ചു; ഇതു എന്തായിരിക്കും എന്നു തമ്മിൽ തമ്മിൽ പറഞ്ഞു. ഇവർ പുതു വീഞ്ഞു കുടിച്ചിരിക്കുന്നു എന്നു മറ്റു ചിലർ പരിഹസിച്ചു പറഞ്ഞു. അപ്പോൾ പത്രൊസ് പതിനൊന്നുപേരോടുകൂടെ നിന്നുകൊണ്ടു ഉറക്കെ അവരോടു പറഞ്ഞതു: യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ, ഇതു നിങ്ങൾ അറിഞ്ഞിരിക്കട്ടെ; എന്റെ വാക്കു ശ്രദ്ധിച്ചുകൊൾവിൻ. നിങ്ങൾ ഊഹിക്കുന്നതുപോലെ ഇവർ ലഹരി പിടിച്ചവരല്ല; പകൽ മൂന്നാംമണിനേരമേ ആയിട്ടുള്ളുവല്ലോ. ഇതു യോവേൽ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാൽ: “അന്ത്യകാലത്തു ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൗവ്വനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും. എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും.
അപ്പൊ. പ്രവൃത്തികൾ 2:1-18 സമകാലിക മലയാളവിവർത്തനം (MCV)
പെന്തക്കൊസ്തുനാൾ വന്നെത്തിയപ്പോൾ അവരെല്ലാവരും ഒരു സ്ഥലത്ത് ഒരുമിച്ച് ഇരിക്കുകയായിരുന്നു. പെട്ടെന്ന്, കൊടുങ്കാറ്റ് വീശിയടിക്കുന്നതുപോലെ സ്വർഗത്തിൽനിന്ന് ഒരു ശബ്ദം ഉണ്ടായി, അത് അവർ ഇരുന്ന വീടാകെ നിറഞ്ഞു. തീജ്വാലപോലെ പിളർന്ന നാവുകൾ അവർക്കു ദൃശ്യമായി; അവ അവരിൽ ഓരോരുത്തരുടെമേൽ ആവസിക്കുകയും ചെയ്തു. എല്ലാവരും പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി, ആത്മാവ് കഴിവു നൽകിയതുപോലെ അവർക്ക് അന്യമായിരുന്ന ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി. എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള ഭക്തരായ യെഹൂദർ അപ്പോൾ ജെറുശലേമിൽ വന്നു താമസിക്കുന്നുണ്ടായിരുന്നു. ഈ ശബ്ദംകേട്ട് ജനങ്ങൾ വന്നുകൂടി; വന്നുകൂടിയ ഓരോരുത്തരുടെയും മാതൃഭാഷയിലുള്ള സംസാരം കേട്ട് അവർ സംഭ്രാന്തരായി. അത്ഭുതപരതന്ത്രരായ അവർ ആശ്ചര്യത്തോടെ ഇങ്ങനെ പരസ്പരം പറഞ്ഞു: “നോക്കൂ, ഈ സംസാരിക്കുന്നവർ എല്ലാവരും ഗലീലക്കാർ അല്ലേ? പിന്നെ നാം ഓരോരുത്തരും ജനിച്ച നമ്മുടെ സ്വന്തംഭാഷയിൽ ഇവർ സംസാരിച്ചുകേൾക്കുന്നതെങ്ങനെ? പാർഥ്യരും മേദ്യരും ഏലാമ്യരും; മെസൊപ്പൊത്താമിയ, യെഹൂദ്യാ, കപ്പദോക്യ, പൊന്തൊസ്, ഏഷ്യാപ്രവിശ്യ, ഫ്രുഗ്യ, പംഫുല്യ, ഈജിപ്റ്റ്, കുറേനയ്ക്കു സമീപമുള്ള ലിബ്യാപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ജീവിക്കുന്നവരും; റോമിൽനിന്ന് വന്ന സന്ദർശകരായ യെഹൂദരും യെഹൂദാമതം സ്വീകരിച്ചവരും ക്രേത്തരും അറബികളും ആയ നാം നമ്മുടെ ഭാഷകളിൽ ദൈവത്തിന്റെ അത്ഭുതകാര്യങ്ങൾ, ഇവർ പ്രസ്താവിക്കുന്നതു കേൾക്കുന്നു!” എല്ലാവരും അത്ഭുതവും പരിഭ്രാന്തിയും നിറഞ്ഞവരായി “ഇത് എന്തായിരിക്കുമോ?” എന്നു പരസ്പരം ചോദിച്ചു. എന്നാൽ മറ്റുചിലർ, “പുതുവീഞ്ഞിനാൽ ഇവർ ഉന്മത്തരായിരിക്കുന്നു” എന്നു പറഞ്ഞ് പരിഹസിച്ചു. അപ്പോൾ പത്രോസ് മറ്റു പതിനൊന്നുപേരോടുമൊപ്പം എഴുന്നേറ്റുനിന്ന് ശബ്ദമുയർത്തി ജനത്തെ അഭിസംബോധനചെയ്ത് ഇങ്ങനെ വിശദീകരിച്ചു: “യെഹൂദാജനമേ, ജെറുശലേംനിവാസികൾ എല്ലാവരുമേ, എന്റെ വാക്കുകൾ ശ്രദ്ധിച്ചുകേൾക്കുക, ഞാൻ വിശദീകരിക്കാം. നിങ്ങൾ ചിന്തിക്കുന്നതുപോലെ ഇവർ ലഹരിപിടിച്ചവരല്ല; കാരണം, ഇപ്പോൾ രാവിലെ ഒൻപതുമണിമാത്രമല്ലേ ആയിട്ടുള്ളൂ? യോവേൽ പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്തിട്ടുള്ളതാണിത്: “ ‘അന്തിമനാളുകളിൽ, ഞാൻ എന്റെ ആത്മാവിനെ സകലമനുഷ്യരുടെമേലും പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും, നിങ്ങളുടെ യുവാക്കൾക്കു ദർശനങ്ങളുണ്ടാകും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും. എന്റെ ദാസന്മാരുടെയും ദാസിമാരുടെയുംമേലും ആ നാളുകളിൽ ഞാൻ എന്റെ ആത്മാവിനെ പകരും, അതിനാൽ അവരും പ്രവചിക്കും.