അപ്പൊ. പ്രവൃത്തികൾ 19:21-41
അപ്പൊ. പ്രവൃത്തികൾ 19:21-41 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇതു കഴിഞ്ഞിട്ടു പൗലൊസ് മക്കെദോന്യയിലും അഖായയിലും കൂടി കടന്നു യെരൂശലേമിലേക്കും പോകേണം എന്നു മനസ്സിൽ നിശ്ചയിച്ചു: ഞാൻ അവിടെ ചെന്നശേഷം റോമയും കാണേണം എന്നു പറഞ്ഞു. തനിക്കു ശുശ്രൂഷ ചെയ്യുന്നവരിൽ തിമൊഥെയൊസ്, എരസ്തൊസ് എന്ന രണ്ടു പേരെ മക്കെദോന്യയിലേക്ക് അയച്ചിട്ടു താൻ കുറെക്കാലം ആസ്യയിൽ താമസിച്ചു. ആ കാലത്ത് ഈ മാർഗത്തെച്ചൊല്ലി വലിയ കലഹം ഉണ്ടായി. വെള്ളികൊണ്ട് അർത്തെമിസ്ദേവിയുടെ ക്ഷേത്രരൂപങ്ങളെ തീർക്കുന്ന ദെമേത്രിയൊസ് എന്ന തട്ടാൻ തൊഴിൽക്കാർക്കു വളരെ ലാഭം വരുത്തിവന്നു. അവൻ അവരെയും ആ വകയിൽ ഉൾപ്പെട്ട വേലക്കാരെയും കൂട്ടിവരുത്തി: പുരുഷന്മാരേ, നമ്മുടെ സമ്പാദ്യം ഈ തൊഴിൽകൊണ്ട് ആകുന്നു എന്ന് നിങ്ങൾക്കു ബോധ്യമല്ലോ. എന്നാൽ ഈ പൗലൊസ് എന്നവൻ കൈയാൽ തീർത്തതു ദേവന്മാർ അല്ല എന്ന് പറഞ്ഞുകൊണ്ട് എഫെസൊസിൽ മാത്രമല്ല, മിക്കവാറും ആസ്യയിലൊക്കെയും വളരെ ജനങ്ങളെ സമ്മതിപ്പിച്ചു മറിച്ചുകളഞ്ഞു എന്ന് നിങ്ങൾ കണ്ടും കേട്ടും ഇരിക്കുന്നുവല്ലോ. അതിനാൽ നമ്മുടെ ഈ കാര്യം ആക്ഷേപത്തിൽ ആകുവാൻ അടുത്തിരിക്കുന്നതുമല്ലാതെ അർത്തെമിസ് മഹാദേവിയുടെ ക്ഷേത്രം ഏതുമില്ല എന്നു വരികയും ആസ്യ മുഴുവനും ഭൂതലവും ഭജിച്ചുപോരുന്നവളുടെ മാഹാത്മ്യം ഒടുങ്ങിപ്പോകയും ചെയ്യും എന്നു പറഞ്ഞു. അവർ ഇതു കേട്ട് ക്രോധം നിറഞ്ഞവരായി: എഫെസ്യരുടെ അർത്തെമിസ് മഹാദേവി എന്ന് ആർത്തു. പട്ടണം മുഴുവനും കലഹംകൊണ്ടു നിറഞ്ഞു, അവർ പൗലൊസിന്റെ കൂട്ടു യാത്രക്കാരായ ഗായൊസ്, അരിസ്തർഹൊസ് എന്ന മക്കെദോന്യരെ പിടിച്ചുകൊണ്ടു രംഗസ്ഥലത്തേക്ക് ഒരുമനപ്പെട്ടു പാഞ്ഞുചെന്നു. പൗലൊസ് ജനസമൂഹത്തിൽ ചെല്ലുവാൻ ഭാവിച്ചാറെ ശിഷ്യന്മാർ അവനെ വിട്ടില്ല. ആസ്യാധിപന്മാരിൽ ചിലർ അവന്റെ സ്നേഹിതന്മാർ ആകയാൽ: രംഗസ്ഥലത്തു ചെന്നുപോകരുത് എന്ന് അവരും അവന്റെ അടുക്കൽ ആളയച്ച് അപേക്ഷിച്ചു. ജനസംഘം കലക്കത്തിലായി മിക്കപേരും തങ്ങൾ വന്നുകൂടിയ സംഗതി എന്തെന്ന് അറിയായ്കയാൽ ചിലർ ഇങ്ങനെയും ചിലർ അങ്ങനെയും ആർത്തു. യെഹൂദന്മാർ മുമ്പോട്ട് ഉന്തിക്കൊണ്ടുവന്ന അലെക്സന്തരിനെ പുരുഷാരത്തിൽ ചിലർ സംസാരിപ്പാൻ ഉത്സാഹിപ്പിച്ചു; അലെക്സന്തർ ആംഗ്യം കാട്ടി ജനസമൂഹത്തോടു പ്രതിവാദിപ്പാൻ ഭാവിച്ചു. എന്നാൽ അവൻ യെഹൂദൻ എന്ന് അറിഞ്ഞപ്പോൾ: എഫെസ്യരുടെ അർത്തെമിസ് മഹാദേവി എന്ന് എല്ലാവരും കൂടി രണ്ടു മണി നേരത്തോളം ഏകശബ്ദത്തോടെ ആർത്തുകൊണ്ടിരുന്നു. പിന്നെ പട്ടണമേനവൻ പുരുഷാരത്തെ അമർത്തി പറഞ്ഞത്: എഫെസ്യപുരുഷന്മാരേ, എഫെസൊസ്പട്ടണം അർത്തെമിസ് മഹാദേവിക്കും ദ്യോവിൽനിന്നു വീണ ബിംബത്തിനും ക്ഷേത്രപാലക എന്ന് അറിയാത്ത മനുഷ്യൻ ആർ? ഇത് എതിർമൊഴിയില്ലാത്തതാകയാൽ നിങ്ങൾ തിടുക്കമായി ഒന്നും ചെയ്യാതെ അടങ്ങിപ്പാർക്കേണ്ടതാകുന്നു. ഈ പുരുഷന്മാരെ നിങ്ങൾ കൂട്ടിക്കൊണ്ടുവന്നുവല്ലോ; അവർ ക്ഷേത്രം കവർച്ച ചെയ്യുന്നവരല്ല, നമ്മുടെ ദേവിയെ ദുഷിക്കുന്നവരുമല്ല. എന്നാൽ ദെമേത്രിയൊസിനും കൂടെയുള്ള തൊഴിൽക്കാർക്കും വല്ലവന്റെയും നേരേ ഒരു സംഗതി ഉണ്ടെങ്കിൽ വിസ്താരദിവസങ്ങൾ വച്ചിട്ടുണ്ട്, ദേശാധിപതികളും ഉണ്ട്; തമ്മിൽ വ്യവഹരിക്കട്ടെ. വേറേ കാര്യം ചൊല്ലി ആകുന്നു വാദം എങ്കിൽ ധർമസഭയിൽ തീർക്കാമല്ലോ. ഇന്നത്തെ കലഹത്തിനു കാരണമില്ലായ്കയാൽ അതു നിമിത്തം നമ്മുടെ പേരിൽ കുറ്റം ചുമത്തുവാൻ ഇടയുണ്ട് സ്പഷ്ടം; ഈ ആൾക്കൂട്ടത്തിന് ഉത്തരം പറവാൻ നമുക്കു വക ഒന്നുമില്ലല്ലോ. ഇങ്ങനെ പറഞ്ഞ് അവൻ സഭയെ പിരിച്ചുവിട്ടു.

അപ്പൊ. പ്രവൃത്തികൾ 19:21-41 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഈ സംഭവങ്ങൾക്കുശേഷം പൗലൊസ് മാസിഡോണിയയിലും അഖായയിലുംകൂടി കടന്നു യെരൂശലേമിലേക്കു പോകണമെന്ന് ആത്മനിയോഗംമൂലം തീരുമാനിച്ചു. അവിടെ ചെന്നശേഷം റോമും സന്ദർശിക്കണം എന്ന് അദ്ദേഹം വിചാരിച്ചു. തന്റെ സഹായകരായ തിമൊഥെയോസിനെയും എരസ്തൊസിനെയും മാസിഡോണിയയിലേക്ക് അയച്ചശേഷം അദ്ദേഹം ഏഷ്യാസംസ്ഥാനത്ത് കുറേക്കാലംകൂടി താമസിച്ചു. അക്കാലത്ത് ക്രിസ്തുമാർഗത്തെച്ചൊല്ലി എഫെസൊസിൽ വലിയ കലഹമുണ്ടായി. അവിടെ ദെമെത്രിയൊസ് എന്നൊരു ശില്പി അർത്തെമിസ്ദേവിയുടെ ക്ഷേത്രരൂപം വെള്ളികൊണ്ട് ഉണ്ടാക്കിവന്നിരുന്നു; ആ ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്ക് അത് നല്ലൊരു ആദായവുമായിരുന്നു. ഈ തൊഴിലാളികളെ അയാൾ വിളിച്ചുകൂട്ടി പറഞ്ഞു: “സുഹൃത്തുക്കളേ, നമ്മുടെ ആദായമാർഗമാണ് ഈ തൊഴിൽ എന്നുള്ളത് നിങ്ങൾക്കറിയാമല്ലോ. എന്നാൽ മനുഷ്യകരങ്ങളാൽ നിർമിക്കപ്പെട്ടവ ദേവന്മാർ അല്ലെന്നു പറഞ്ഞ് പൗലൊസ് എന്ന മനുഷ്യൻ എഫെസൊസിൽ മാത്രമല്ല, ഏഷ്യാസംസ്ഥാനത്ത് മിക്കവാറും ഉടനീളം ഒട്ടേറെയാളുകളെ വശീകരിച്ചു വഴിതെറ്റിക്കുന്നത് നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടല്ലോ. ഇതുമൂലം നമ്മുടെ തൊഴിൽ നിന്ദ്യമായിത്തീരുമെന്ന അപകടം മാത്രമല്ല ഉള്ളത്; പിന്നെയോ അർത്തെമിസ്മഹാദേവിയുടെ ക്ഷേത്രം യാതൊരു വിലയുമില്ലാത്തതായി പരിഗണിക്കപ്പെടുകയും ചെയ്യും. അങ്ങനെ ഏഷ്യാസംസ്ഥാനത്തുള്ള സമസ്തജനങ്ങളുമെന്നല്ല, ഭൂതലത്തിലെങ്ങുമുള്ളവർ പൂജിച്ചുവരുന്ന ദേവിയുടെ മാഹാത്മ്യത്തിനു കോട്ടം തട്ടുകയും ചെയ്യും.” ഇതു കേട്ടപ്പോൾ അവർ രോഷാകുലരായി, “എഫെസ്യരുടെ അർത്തെമിസ് മഹാദേവി ജയിക്കട്ടെ!” എന്ന് ആർത്തുവിളിച്ചു. അങ്ങനെ പട്ടണം മുഴുവൻ പ്രക്ഷുബ്‍ധമായി; ജനം ഒത്തുചേർന്ന് പൗലൊസിന്റെ സഹയാത്രികരായ ഗായോസ്, അരിസ്തർഹൊസ് എന്നീ മാസിഡോണിയക്കാരെ പിടിച്ചുവലിച്ചിഴച്ച് സമ്മേളനസ്ഥലത്തേക്കു പാഞ്ഞുചെന്നു. പൗലൊസ് ജനക്കൂട്ടത്തിന്റെ മുമ്പിലേക്കു ചെല്ലുവാൻ ആഗ്രഹിച്ചെങ്കിലും, ശിഷ്യന്മാർ അദ്ദേഹത്തെ അതിന് അനുവദിച്ചില്ല. ഏഷ്യാ സംസ്ഥാനത്തെ ജനനേതാക്കന്മാരിൽ ചിലർ പൗലൊസിന്റെ സുഹൃത്തുക്കളായിരുന്നതിനാൽ അദ്ദേഹം സമ്മേളനസ്ഥലത്തേക്കു പോകരുതെന്ന് അവരും ആളയച്ചപേക്ഷിച്ചു. ജനം ക്ഷുഭിതരായിരുന്നതിനാൽ, തങ്ങൾ എന്തിനാണു വന്നുകൂടിയതെന്നുപോലും മിക്കപേർക്കും അറിഞ്ഞുകൂടായിരുന്നു. ചിലർ ഒരു വിധത്തിലും മറ്റുചിലർ മറ്റൊരു വിധത്തിലും മുറവിളികൂട്ടി. യെഹൂദന്മാർ മുമ്പോട്ട് ഉന്തിത്തള്ളിക്കൊണ്ടുവന്ന അലക്സാണ്ടർ സംസാരിക്കണമെന്ന് ചിലർ ആവശ്യപ്പെട്ടു. ജനം നിശ്ശബ്ദരായിരിക്കുവാൻ ആംഗ്യം കാട്ടിക്കൊണ്ട് അയാൾ പ്രതിവാദിക്കുവാൻ ഭാവിച്ചു. എന്നാൽ അയാൾ യെഹൂദനാണെന്നറിഞ്ഞപ്പോൾ “എഫെസ്യരുടെ അർത്തെമിസ്മഹാദേവി ജയിക്കട്ടെ” എന്ന് അവർ ഏകസ്വരത്തിൽ ആർത്തുവിളിച്ചു. ഈ ശബ്ദകോലാഹലം രണ്ടു മണിക്കൂറോളം നീണ്ടുനിന്നു. ഒടുവിൽ എഫെസൊസിലെ നഗരകാര്യദർശി ജനസഞ്ചയത്തെ ശാന്തമാക്കിക്കൊണ്ടു പറഞ്ഞു: “എഫെസൊസിലെ പൗരജനങ്ങളേ, എഫെസൊസ്നഗരം അർത്തെമിസ് മഹാദേവിയുടെ ക്ഷേത്രത്തിന്റെയും, ആകാശത്തു നിന്നുവീണ ആ ദിവ്യവിഗ്രഹത്തിന്റെയും സംരക്ഷകയാണെന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്? ഇവയൊക്കെ അനിഷേധ്യമായ വസ്തുതകളാകയാൽ, തിടുക്കത്തിലൊന്നും ചെയ്യാതെ ശാന്തരായിരിക്കുക. നിങ്ങൾ ഇവരെ ഇവിടെ പിടിച്ചുകൊണ്ടു വന്നുവല്ലോ; ഇവർ ക്ഷേത്രം കവർച്ച ചെയ്യുന്നവരോ, നമ്മുടെ ദേവിയെ ദുഷിക്കുന്നവരോ അല്ല. എന്നാൽ ദെമെത്രിയൊസിനും അയാളുടെ തൊഴിലാളികൾക്കും, ആരുടെയെങ്കിലും പേരിൽ പരാതിയുണ്ടെങ്കിൽ അതു കേൾക്കുവാൻ നിശ്ചിത ദിവസങ്ങളുണ്ട്, ദേശാധിപതികളുമുണ്ട്. അവർ കോടതിയിൽ വന്ന് വ്യവഹരിക്കട്ടെ. അതല്ല, വേറെ കാര്യം ചൊല്ലിയാണു തർക്കമെങ്കിൽ, നിയമാനുസൃതം വിളിച്ചുകൂട്ടുന്ന പൗരസമിതിയിൽവച്ച് അതു തീർക്കാമല്ലോ. ഇന്നത്തെ ഈ ബഹളത്തിനു മതിയായ കാരണമില്ലാത്തതിനാൽ, നമ്മുടെപേരിൽ അധികാരികൾ കുറ്റം ചുമത്തുവാൻ ഇടയുണ്ട്. കൂട്ടംകൂടി നമ്മൾ ബഹളം കൂട്ടിയതിനു സമാധാനം പറയുവാൻ ഒന്നുമില്ലല്ലോ.” ഇങ്ങനെ പറഞ്ഞുകൊണ്ട് അയാൾ ജനക്കൂട്ടത്തെ പിരിച്ചുവിട്ടു.
അപ്പൊ. പ്രവൃത്തികൾ 19:21-41 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അങ്ങനെ എഫെസൊസിലെ ശുശ്രൂഷ കഴിഞ്ഞതിനുശേഷം പൗലൊസ് മക്കെദോന്യയിലും അഖായയിലും കൂടി കടന്ന് യെരൂശലേമിലേക്ക് പോകേണം എന്നു മനസ്സിൽ നിശ്ചയിച്ചു: “അവിടെ എത്തിയതിനുശേഷം റോമിലും പോകേണം” എന്നു പറഞ്ഞു. തന്‍റെ ശിഷ്യന്മാരായി തന്നെ സഹായിച്ചിരുന്നവരിൽ തിമൊഥെയൊസ്, എരസ്തൊസ് എന്ന രണ്ടുപേരെ മക്കെദോന്യയിലേക്ക് അയച്ചിട്ട് താൻ കുറേക്കാലം ആസ്യയുടെ പ്രവിശ്യയിലുള്ള എഫെസൊസിൽ താമസിച്ചു. ആ കാലത്ത് ക്രിസ്തുമാർഗ്ഗത്തെച്ചൊല്ലി വലിയ കലഹം ഉണ്ടായി. വെള്ളികൊണ്ട് അർത്തെമിസ് ദേവിയുടെ ക്ഷേത്രരൂപങ്ങളെ ഉണ്ടാക്കുന്ന ദെമേത്രിയൊസ് എന്ന തട്ടാൻ ഈ വക തൊഴിൽക്കാർക്ക് വളരെ ലാഭം വരുത്തി വന്നു. അവൻ അവരെയും ആ വകയിൽ ഉൾപ്പെട്ട വേലക്കാരെയും കൂട്ടിവരുത്തി: “പുരുഷന്മാരേ, നമ്മുടെ സമ്പാദ്യം ഈ തൊഴിൽകൊണ്ട് ആകുന്നു എന്നു നിങ്ങൾക്ക് അറിയാമല്ലോ. എന്നാൽ ഈ പൗലൊസ് എന്നവൻ കയ്യാൽ തീർത്തത് ദേവന്മാർ അല്ല എന്നു പറഞ്ഞുകൊണ്ട് എഫെസൊസിൽ മാത്രമല്ല, മിക്കവാറും ആസ്യയിൽ ഒക്കെയും വളരെ ജനങ്ങളെ സമ്മതിപ്പിച്ച് പിൻതിരിപ്പിച്ചുകളഞ്ഞു എന്നു നിങ്ങൾ കണ്ടും കേട്ടും ഇരിക്കുന്നുവല്ലോ. അതുമൂലം നമ്മുടെ ഈ തൊഴിൽ ആവശ്യമില്ലാതെയാകും എന്ന അപായംമാത്രമല്ലാതെ അർത്തെമിസ് മഹാദേവിയുടെ ക്ഷേത്രം ഏതുമില്ല എന്നു വരികയും ആസ്യമുഴുവനും ഭൂതലവും ഭജിച്ചു പോരുന്നവളുടെ മാഹാത്മ്യം ഏതുമില്ലാതെയായിപോകുകയും ചെയ്യും” എന്നു പറഞ്ഞു. അവർ ഇതുകേട്ട് ക്രോധം നിറഞ്ഞവരായി: “എഫെസ്യരുടെ അർത്തെമിസ് മഹാദേവി” എന്നു ആർത്തു. പട്ടണം മുഴുവനും കലഹംകൊണ്ട് നിറഞ്ഞു, അവർ പൗലോസിന്‍റെ കൂട്ടുയാത്രക്കാരായ ഗായൊസ് അരിസ്തർഹൊസ് എന്നീ മക്കെദോന്യരെ പിടിച്ചുകൊണ്ട് പൊതുമണ്ഡപത്തിലേക്ക് ഒരുമനപ്പെട്ട് പാഞ്ഞുചെന്നു. പൗലൊസ് ജനസമൂഹത്തിൽ ചെല്ലുവാൻ ഭാവിച്ചപ്പോൾ ശിഷ്യന്മാർ അവനെ വിട്ടില്ല. ആസ്യാധിപന്മാരിൽ ചിലർ പൗലോസിന്‍റെ സ്നേഹിതന്മാർ ആയതുകൊണ്ട്: പൊതുമണ്ഡപത്തിലേക്ക് ചെന്നുപോകരുത് എന്നു അവരും അവന്റെ അടുക്കൽ ആളയച്ച് അപേക്ഷിച്ചു. ജനസംഘം ആശയക്കുഴപ്പത്തിലായതുകൊണ്ട് മിക്കപേരും തങ്ങൾ വന്നുകൂടിയ സംഗതി എന്തെന്നുപോലും അറിയായ്കയാൽ ചിലർ ഇങ്ങനെയും ചിലർ അങ്ങനെയും ആർത്തു. യെഹൂദന്മാർ മുമ്പോട്ടുകൊണ്ടുവന്ന അലെക്സന്തരിനെ പുരുഷാരത്തിൽ ചിലർ സംസാരിപ്പാൻ ഉത്സാഹിപ്പിച്ചു; അലെക്സന്തർ ആംഗ്യം കാട്ടി ജനസമൂഹത്തോട് പ്രതിവാദിക്കുവാൻ ഭാവിച്ചു. എന്നാൽ അവൻ യെഹൂദൻ എന്നു അറിഞ്ഞപ്പോൾ: “എഫെസ്യരുടെ അർത്തെമിസ് മഹാദേവി” എന്നു എല്ലാവരുംകൂടി രണ്ടു മണിക്കൂറോളം ഏകശബ്ദത്തോടെ ആർത്തുകൊണ്ടിരുന്നു. പിന്നെ നഗരാധികാരി പുരുഷാരത്തെ ശാന്തമാക്കി പറഞ്ഞത്: “എഫെസ്യപുരുഷന്മാരേ, എഫെസൊസ് പട്ടണം അർത്തെമിസ് മഹാദേവിക്കും, ദേവലോകത്തുനിന്ന് വീണ അവളുടെ ബിംബത്തിനും ക്ഷേത്രപാലിക എന്നു അറിയാത്ത മനുഷ്യൻ ആരുള്ളു? ഇത് എതിർമൊഴിയില്ലാത്തതാകയാൽ നിങ്ങൾ തിടുക്കമായി ഒന്നും ചെയ്യാതെ അടങ്ങിപ്പാർക്കേണ്ടതാകുന്നു. ഈ പുരുഷന്മാരെ നിങ്ങൾ കൂട്ടിക്കൊണ്ടുവന്നുവല്ലോ; അവർ ക്ഷേത്രം കവർച്ച ചെയ്യുന്നവരല്ല, നമ്മുടെ ദേവിയെ ദുഷിക്കുന്നവരുമല്ല. “എന്നാൽ ദെമേത്രിയൊസിനും കൂടെയുള്ള തൊഴിൽക്കാർക്കും വല്ലവൻ്റെയും നേരെ ഒരു സംഗതി ഉണ്ടെങ്കിൽ വിസ്താരദിവസങ്ങൾ വെച്ചിട്ടുണ്ട്; ദേശാധിപതികളും ഉണ്ട്; തമ്മിൽ വ്യവഹരിക്കട്ടെ. വേറെ കാര്യം ചൊല്ലി ആകുന്നു വാദം എങ്കിൽ ധർമ്മസഭയിൽ തീർക്കാമല്ലോ. ഇന്നത്തെ കലഹത്തിന് കാരണമില്ലായ്കയാൽ അതുനിമിത്തം നമ്മുടെ പേരിൽ കുറ്റം ചുമത്തുവാൻ ഇടയുണ്ട് സ്പഷ്ടം; ഈ ആൾക്കൂട്ടത്തിന് ഉത്തരം പറവാൻ നമുക്ക് വക ഒന്നുമില്ലല്ലോ.” ഇങ്ങനെ പറഞ്ഞ് അവൻ സഭയെ പിരിച്ചുവിട്ടു.
അപ്പൊ. പ്രവൃത്തികൾ 19:21-41 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഇതു കഴിഞ്ഞിട്ടു പൗലൊസ് മക്കെദോന്യയിലും അഖായയിലും കൂടി കടന്നു യെരൂശലേമിലേക്കും പോകേണം എന്നു മനസ്സിൽ നിശ്ചയിച്ചു: ഞാൻ അവിടെ ചെന്നശേഷം റോമയും കാണേണം എന്നു പറഞ്ഞു. തനിക്കു ശുശ്രൂഷ ചെയ്യുന്നവരിൽ തിമൊഥെയൊസ്, എരസ്തൊസ് എന്ന രണ്ടുപേരെ മക്കെദോന്യയിലേക്കു അയച്ചിട്ടു താൻ കുറെക്കാലം ആസ്യയിൽ താമസിച്ചു. ആ കാലത്തു ഈ മാർഗ്ഗത്തെച്ചൊല്ലി വലിയ കലഹം ഉണ്ടായി. വെള്ളികൊണ്ടു അർത്തെമിസ് ദേവിയുടെ ക്ഷേത്രരൂപങ്ങളെ തീർക്കുന്ന ദെമേത്രിയൊസ് എന്ന തട്ടാൻ തൊഴിൽക്കാർക്കു വളരെ ലാഭം വരുത്തി വന്നു. അവൻ അവരെയും ആ വകയിൽ ഉൾപ്പെട്ട വേലക്കാരെയും കൂട്ടിവരുത്തി: പുരുഷന്മാരേ, നമ്മുടെ സമ്പാദ്യം ഈ തൊഴിൽകൊണ്ടു ആകുന്നു എന്നു നിങ്ങൾക്കു ബോദ്ധ്യമല്ലോ. എന്നാൽ ഈ പൗലൊസ് എന്നവൻ കയ്യാൽ തീർത്തതു ദേവന്മാർ അല്ല എന്നു പറഞ്ഞുകൊണ്ടു എഫെസൊസിൽ മാത്രമല്ല, മിക്കവാറും ആസ്യയിൽ ഒക്കെയും വളരെ ജനങ്ങളെ സമ്മതിപ്പിച്ചു മറിച്ചുകളഞ്ഞു എന്നു നിങ്ങൾ കണ്ടും കേട്ടും ഇരിക്കുന്നുവല്ലോ. അതിനാൽ നമ്മുടെ ഈ കാര്യം ആക്ഷേപത്തിൽ ആകുവാൻ അടുത്തിരിക്കുന്നതുമല്ലാതെ അർത്തെമിസ് മഹാദേവിയുടെ ക്ഷേത്രം ഏതുമില്ല എന്നു വരികയും ആസ്യമുഴുവനും ഭൂതലവും ഭജിച്ചുപോരുന്നവളുടെ മാഹാത്മ്യം ഒടുങ്ങിപ്പോകയും ചെയ്യും എന്നു പറഞ്ഞു. അവർ ഇതു കേട്ടു ക്രോധം നിറഞ്ഞവരായി: എഫെസ്യരുടെ അർത്തെമിസ് മഹാദേവി എന്നു ആർത്തു. പട്ടണം മുഴുവനും കലഹം കൊണ്ടു നിറഞ്ഞു, അവർ പൗലൊസിന്റെ കൂട്ടുയാത്രക്കാരായ ഗായൊസ് അരിസ്തർഹോസ് എന്ന മക്കെദോന്യരെ പിടിച്ചുകൊണ്ടു രംഗസ്ഥലത്തേക്കു ഒരുമനപ്പെട്ടു പാഞ്ഞു ചെന്നു. പൗലൊസ് ജനസമൂഹത്തിൽ ചെല്ലുവാൻ ഭാവിച്ചാറെ ശിഷ്യന്മാർ അവനെ വിട്ടില്ല. ആസ്യാധിപന്മാരിൽ ചിലർ അവന്റെ സ്നേഹിതന്മാർ ആകയാൽ: രംഗസ്ഥലത്തു ചെന്നു പോകരുതു എന്നു അവരും അവന്റെ അടുക്കൽ ആളയച്ചു അപേക്ഷിച്ചു. ജനസംഘം കലക്കത്തിലായി മിക്കപേരും തങ്ങൾ വന്നുകൂടിയ സംഗതി എന്തെന്നു അറിയായ്കയാൽ ചിലർ ഇങ്ങനെയും ചിലർ അങ്ങനെയും ആർത്തു. യെഹൂദന്മാർ മുമ്പോട്ടു ഉന്തിക്കൊണ്ടുവന്ന അലക്സന്തരിനെ പുരുഷാരത്തിൽ ചിലർ സംസാരിപ്പാൻ ഉത്സാഹിപ്പിച്ചു; അലക്സന്തർ ആംഗ്യം കാട്ടി ജനസമൂഹത്തോടു പ്രതിവാദിപ്പാൻ ഭാവിച്ചു. എന്നാൽ അവൻ യെഹൂദൻ എന്നു അറിഞ്ഞപ്പോൾ: എഫെസ്യരുടെ അർത്തെമിസ് മഹാദേവി എന്നു എല്ലാവരും കൂടി രണ്ടു മണിനേരത്തോളം ഏകശബ്ദത്തോടെ ആർത്തുകൊണ്ടിരുന്നു. പിന്നെ പട്ടണമേനവൻ പുരുഷാരത്തെ അമർത്തി പറഞ്ഞതു: എഫെസ്യപുരുഷന്മാരേ, എഫെസോസ് പട്ടണം അർത്തെമിസ് മഹാദേവിക്കും ദ്യോവിൽനിന്നു വീണ ബിംബത്തിന്നും ക്ഷേത്രപാലക എന്നു അറിയാത്ത മനുഷ്യൻ ആർ? ഇതു എതിർമൊഴിയില്ലാത്തതാകയാൽ നിങ്ങൾ തിടുക്കമായി ഒന്നും ചെയ്യാതെ അടങ്ങിപ്പാർക്കേണ്ടതാകുന്നു. ഈ പുരുഷന്മാരെ നിങ്ങൾ കൂട്ടികൊണ്ടുവന്നുവല്ലോ; അവർ ക്ഷേത്രം കവർച്ച ചെയ്യുന്നവരല്ല, നമ്മുടെ ദേവിയെ ദുഷിക്കുന്നവരുമല്ല. എന്നാൽ ദെമേത്രിയൊസിന്നും കൂടെയുള്ള തൊഴിൽക്കാർക്കും വല്ലവന്റെയും നേരെ ഒരു സംഗതി ഉണ്ടെങ്കിൽ വിസ്താരദിവസങ്ങൾ വെച്ചിട്ടുണ്ടു; ദേശാധിപതികളും ഉണ്ടു; തമ്മിൽ വ്യവഹരിക്കട്ടെ. വേറെ കാര്യം ചൊല്ലി ആകുന്നു വാദം എങ്കിൽ ധർമ്മസഭയിൽ തീർക്കാമല്ലോ. ഇന്നത്തെ കലഹത്തിന്നു കാരണമില്ലായ്കയാൽ അതു നിമിത്തം നമ്മുടെ പേരിൽ കുറ്റം ചുമത്തുവാൻ ഇടയുണ്ടു സ്പഷ്ടം; ഈ ആൾക്കൂട്ടത്തിന്നു ഉത്തരം പറവാൻ നമുക്കു വക ഒന്നുമില്ലല്ലോ. ഇങ്ങനെ പറഞ്ഞു അവൻ സഭയെ പിരിച്ചുവിട്ടു.
അപ്പൊ. പ്രവൃത്തികൾ 19:21-41 സമകാലിക മലയാളവിവർത്തനം (MCV)
ഇവയെല്ലാം സംഭവിച്ചതിനുശേഷം പൗലോസ് മക്കദോന്യയിലും അഖായയിലുംകൂടി യാത്രചെയ്ത് ജെറുശലേമിലേക്ക് പോകാൻ മനസ്സിൽ തീരുമാനിച്ചു. “അവിടെച്ചെന്നതിനുശേഷം എനിക്കു റോമിലും പോകണം,” എന്ന് അദ്ദേഹം പറഞ്ഞു. തന്റെ സഹായികളിൽ തിമോത്തിയോസ്, എരസ്തൊസ് എന്ന രണ്ടുപേരെ മക്കദോന്യയിലേക്ക് അയച്ചിട്ട് അദ്ദേഹം കുറെക്കാലംകൂടി ഏഷ്യാപ്രവിശ്യയിൽ താമസിച്ചു. ആ കാലത്ത് ക്രിസ്തുമാർഗത്തിന്റെപേരിൽ വലിയ ലഹളയുണ്ടായി. വെള്ളികൊണ്ട് അർത്തെമിസ് ദേവിയുടെ ക്ഷേത്രരൂപങ്ങൾ ഉണ്ടാക്കിയിരുന്ന ദെമേത്രിയൊസ് എന്ന വെള്ളിപ്പണിക്കാരൻ ശില്പികൾക്കു ധാരാളം തൊഴിൽ ലഭ്യമാക്കിയിരുന്നു. അയാൾ അവരെയും അതേതൊഴിൽ ചെയ്തിരുന്ന മറ്റു പണിക്കാരെയും വിളിച്ചുകൂട്ടിയിട്ട് ഇങ്ങനെ പറഞ്ഞു, “സുഹൃത്തുക്കളേ, ഈ തൊഴിലിൽനിന്ന് നമുക്കു നല്ല ആദായം ലഭിക്കുന്നെന്ന് നിങ്ങൾക്കറിയാമല്ലോ! എന്നാൽ, ഈ പൗലോസ് ഇവിടെ എഫേസോസിലും ഏഷ്യാപ്രവിശ്യയിൽ എല്ലായിടത്തുമുള്ള ഒട്ടധികം ആളുകളോട്, ‘മനുഷ്യൻ ഉണ്ടാക്കിയ ദൈവങ്ങൾ ദൈവങ്ങളേ അല്ല’ എന്നു പറഞ്ഞ് അവരെ വശീകരിച്ച് വഴിതെറ്റിച്ചിരിക്കുന്നു. അത് നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്തിരിക്കുന്നല്ലോ. നമ്മുടെ തൊഴിലിനുള്ള പ്രസക്തി നഷ്ടമാകുമെന്നുമാത്രമല്ല, മഹാദേവിയായ അർത്തെമിസിന്റെ ക്ഷേത്രം അപമാനിതമായിത്തീരും എന്ന അപകടംകൂടി ഇതിലുണ്ട്; ഏഷ്യാപ്രവിശ്യയിൽ എല്ലായിടത്തുംമാത്രമല്ല, ലോകമെമ്പാടും ഭജിക്കപ്പെടുന്ന ഈ ദേവിയുടെ പ്രതാപം നഷ്ടപ്പെടാനും ഇതുമൂലം ഇടയാകും.” ഇതു കേട്ടപ്പോൾ അവർ ക്രോധം നിറഞ്ഞവരായി, “എഫേസ്യരുടെ അർത്തെമിസ് ദേവി, മഹതിയാം ദേവി!” എന്ന് ഉച്ചത്തിൽ ആർത്തുവിളിച്ചു. പെട്ടെന്ന് പട്ടണംമുഴുവൻ സംഘർഷഭരിതമായി. മക്കദോന്യയിൽനിന്ന് പൗലോസിന്റെ സഹയാത്രികരായി വന്നിരുന്ന ഗായൊസിനെയും അരിസ്തർഹൊസിനെയും പിടിച്ചുകൊണ്ട് ജനങ്ങൾ മൈതാനത്തിലേക്ക് ഒരുമിച്ചു തള്ളിക്കയറി. പൗലോസിനും ജനക്കൂട്ടത്തിലേക്കു ചെല്ലാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ശിഷ്യന്മാർ അത് അനുവദിച്ചില്ല. ഏഷ്യാപ്രവിശ്യയിലെ ചില അധികാരികളും പൗലോസിന്റെ സ്നേഹിതരുമായിരുന്ന ചിലർ, അദ്ദേഹം മൈതാനത്തിലേക്കു കടന്നുചെല്ലാൻ തുനിയരുതെന്നപേക്ഷിച്ചുകൊണ്ട് സന്ദേശം കൊടുത്തയച്ചു. ജനക്കൂട്ടം ആകെ കലക്കത്തിലായി. ഒരുകൂട്ടർ ഒരുവിധത്തിലും മറ്റുചിലർ മറ്റുവിധത്തിലും ആർത്തുവിളിച്ചു. അവരിൽ മിക്കവർക്കും തങ്ങൾ വന്നുകൂടിയതെന്തിനെന്നുപോലും അറിഞ്ഞുകൂടായിരുന്നു. യെഹൂദർ അലെക്സന്തറെ മുന്നിലേക്കു തള്ളിക്കൊണ്ടുവന്നു. ജനക്കൂട്ടത്തിൽ ചിലർ ഉച്ചത്തിൽ അയാളോട് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ജനത്തിനുമുമ്പിൽ ന്യായവാദം നടത്താൻ ആഗ്രഹിച്ചുകൊണ്ട് അയാൾ അവരോടു നിശ്ശബ്ദരായിരിക്കാൻ ആംഗ്യംകാട്ടി. എന്നാൽ, അയാൾ ഒരു യെഹൂദനാണെന്നറിഞ്ഞപ്പോൾ അവരെല്ലാവരുംകൂടിച്ചേർന്ന്, “എഫേസ്യരുടെ അർത്തെമിസ് ദേവി, മഹതിയാം ദേവി!” എന്ന് രണ്ടുമണിക്കൂറോളം ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. നഗരഗുമസ്തൻ ജനക്കൂട്ടത്തെ ശാന്തമാക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “എഫേസോസ് നിവാസികളേ, എഫേസോസ് നഗരം മഹതിയായ അർത്തെമിസ് മഹാദേവിയുടെ ക്ഷേത്രത്തിന്റെയും സ്വർഗത്തിൽനിന്നു വീണ അർത്തെമിസ് പ്രതിമയുടെയും സംരക്ഷകയാണെന്നുള്ളത് എല്ലാവർക്കും അറിവുള്ള കാര്യമല്ലയോ? ഈ വസ്തുതകൾ അനിഷേധ്യമായിരിക്കുന്ന സ്ഥിതിക്ക്, നിങ്ങൾ ശാന്തരായിരിക്കുകയും തിടുക്കത്തിൽ ഒന്നും ചെയ്യാതിരിക്കുകയും വേണം. ഈ മനുഷ്യരെ നിങ്ങൾ ഇവിടെ കൊണ്ടുവന്നിരിക്കുന്നു; എന്നാൽ ഇവർ, ക്ഷേത്രങ്ങൾ കവർച്ചചെയ്യുകയോ നമ്മുടെ ദേവിയെ ദുഷിക്കുകയോ ചെയ്തിട്ടില്ല. ദെമേത്രിയൊസിനും സഹശില്പികൾക്കും ആരുടെയെങ്കിലും നേർക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ, കോടതികൾ തുറന്നിട്ടുണ്ട്; അവിടെ ന്യായംവിധിക്കാൻ ഭരണാധികാരികളുമുണ്ട്. അവിടെ അവർക്ക് ആരോപണങ്ങൾ ഉന്നയിക്കാവുന്നതാണ്. കൂടുതലായി എന്തെങ്കിലും കാര്യം നിങ്ങൾക്കുള്ളപക്ഷം അത് ഒരു നിയമാനുസൃതസഭയിൽ പരിഹരിക്കാവുന്നതാണ്. ഈ സ്ഥിതിയിൽ, ഇന്നത്തെ സംഭവങ്ങൾനിമിത്തം പ്രക്ഷോഭകാരികൾ എന്നു റോമാക്കാർ നമ്മെ കുറ്റപ്പെടുത്താനുള്ള സാധ്യതയുണ്ട്. അങ്ങനെവന്നാൽ ഈ ലഹളയ്ക്ക് വിശദീകരണം നൽകാൻ നമുക്കു കഴിയാതെപോകും; ലഹളയുണ്ടാക്കാൻതക്ക കാരണമൊന്നും ഇവിടെ ഉണ്ടായിട്ടില്ലല്ലോ.” ഇത്രയും പറഞ്ഞതിനുശേഷം അയാൾ ജനക്കൂട്ടത്തെ പിരിച്ചുവിട്ടു.