അപ്പൊ. പ്രവൃത്തികൾ 18:18-23

അപ്പൊ. പ്രവൃത്തികൾ 18:18-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പൗലൊസ് പിന്നെയും കുറെനാൾ പാർത്തശേഷം സഹോദരന്മാരോടു യാത്ര പറഞ്ഞിട്ട്, തനിക്ക് ഒരു നേർച്ച ഉണ്ടായിരുന്നതിനാൽ കെംക്രയയിൽവച്ചു തല ക്ഷൗരം ചെയ്യിച്ചിട്ടു പ്രിസ്കില്ലയോടും അക്വിലാസിനോടുംകൂടെ കപ്പൽ കയറി സുറിയയിലേക്കു പുറപ്പെട്ട് എഫെസൊസിൽ എത്തി അവരെ അവിടെ വിട്ടു, അവൻ പള്ളിയിൽ ചെന്നു യെഹൂദന്മാരോടു സംഭാഷിച്ചു. കുറെക്കൂടെ താമസിക്കേണം എന്ന് അവർ അപേക്ഷിച്ചിട്ട് അവൻ സമ്മതിക്കാതെ: ദൈവഹിതമുണ്ടെങ്കിൽ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരും എന്നു പറഞ്ഞു വിടവാങ്ങി എഫെസൊസിൽനിന്നു കപ്പൽ നീക്കി, കൈസര്യയിൽ വന്നിറങ്ങി, യെരൂശലേമിലേക്കു ചെന്ന്, സഭയെ വന്ദനം ചെയ്തിട്ട് അന്ത്യൊക്യയിലേക്കു പോയി. അവിടെ കുറെനാൾ താമസിച്ചശേഷം പുറപ്പെട്ട്, ക്രമത്താലെ ഗലാത്യദേശത്തിലും ഫ്രുഗ്യയിലും സഞ്ചരിച്ചു ശിഷ്യന്മാരെയൊക്കെയും ഉറപ്പിച്ചു.

അപ്പൊ. പ്രവൃത്തികൾ 18:18-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പൗലൊസ് കുറെനാൾകൂടി കൊരിന്തിൽ പാർത്തു. പിന്നീട് അവിടെയുള്ള സഹോദരന്മാരോടു യാത്രപറഞ്ഞ് സിറിയയിലേക്കു കപ്പൽകയറി. പ്രിസ്കില്ലയും അക്വിലായും അദ്ദേഹത്തിന്റെകൂടെ ഉണ്ടായിരുന്നു. ഒരു നേർച്ച ഉണ്ടായിരുന്നതിനാൽ കെംക്രയിൽവച്ച് അദ്ദേഹം തല മുണ്ഡനംചെയ്തു. എഫെസൊസിൽ എത്തിയപ്പോൾ കൂടെയുണ്ടായിരുന്നവരെ അവിടെ വിട്ടു. അദ്ദേഹം അവിടത്തെ സുനഗോഗിൽ ചെന്ന് യെഹൂദന്മാരോടു സംവാദം നടത്തി. കുറെനാൾകൂടി അവിടെ പാർക്കുവാൻ അവർ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. “ദൈവം അനുവദിച്ചാൽ ഞാൻ മടങ്ങിവരാം” എന്നു പറഞ്ഞ് അവരോടു വിടവാങ്ങിക്കൊണ്ട് എഫെസൊസിൽനിന്നു കപ്പൽകയറി. കൈസര്യയിൽ ഇറങ്ങി അദ്ദേഹം സഭയെ അഭിവാദനം ചെയ്തു. പിന്നീട് അന്ത്യോക്യയിലേക്കു പോയി; അവിടെ കുറെനാൾ പ്രവർത്തിച്ചശേഷം ഗലാത്യ, ഫ്രുഗ്യ എന്നീ പ്രദേശങ്ങളിൽ സഞ്ചരിച്ച് വിശ്വാസികളെ ധൈര്യപ്പെടുത്തി.

അപ്പൊ. പ്രവൃത്തികൾ 18:18-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

പൗലൊസ് പിന്നെയും കുറേനാൾ കൊരിന്ത്യയിൽ പാർത്തശേഷം സഹോദരന്മാരോട് യാത്ര പറഞ്ഞിട്ട്, താൻ ഒരു നേർച്ച ചെയ്തതിനാൽ കെംക്രയയിൽവച്ച് തല ക്ഷൗരം ചെയ്യിച്ചിട്ട് പ്രിസ്കില്ലയോടും അക്വിലാസിനോടും കൂടെ കപ്പൽ കയറി സിറിയയിലേക്ക് പുറപ്പെട്ടു, എഫെസൊസിൽ എത്തി അവരെ അവിടെ വിട്ടിട്ട്; അവൻ പള്ളിയിൽ ചെന്നു യെഹൂദന്മാരോട് യേശുവിനെ കുറിച്ച് സംഭാഷിച്ചു. കുറെ കൂടെ താമസിക്കേണം എന്നു യെഹൂദന്മാർ അപേക്ഷിച്ചിട്ടും അവൻ സമ്മതിക്കാതെ: “ദൈവഹിതമുണ്ടെങ്കിൽ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരും” എന്നു പറഞ്ഞു വിടവാങ്ങി എഫെസൊസിൽനിന്ന് കപ്പൽ കയറി. കൈസര്യയിൽ വന്നിറങ്ങി, യെരൂശലേമിലേക്കു ചെന്നു, സഭയെ വന്ദനം ചെയ്തിട്ട് അന്ത്യൊക്യയിലേക്ക് പോയി. അവിടെ കുറേനാൾ താമസിച്ചശേഷം പുറപ്പെട്ടു, ഗലാത്യദേശത്തിലൂടെയും ഫ്രുഗ്യയിലൂടെയും സഞ്ചരിച്ച് ശിഷ്യന്മാരെ ഒക്കെയും പ്രോത്സാഹിപ്പിച്ചു.

അപ്പൊ. പ്രവൃത്തികൾ 18:18-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പൗലൊസ് പിന്നെയും കുറെനാൾ പാർത്തശേഷം സഹോദരന്മാരോടു യാത്ര പറഞ്ഞിട്ടു, തനിക്കു ഒരു നേർച്ച ഉണ്ടായിരുന്നതിനാൽ കെംക്രയയിൽ വെച്ചു തല ക്ഷൗരം ചെയ്യിച്ചിട്ടു പ്രിസ്കില്ലയോടും അക്വിലാസിനോടും കൂടെ കപ്പൽ കയറി സുറിയയിലേക്കു പുറപ്പെട്ടു എഫെസോസിൽ എത്തി അവരെ അവിടെ വിട്ടു; അവൻ പള്ളിയിൽ ചെന്നു യെഹൂദന്മാരോടു സംഭാഷിച്ചു. കുറെ കൂടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചിട്ടു അവൻ സമ്മതിക്കാതെ: ദൈവഹിതമുണ്ടെങ്കിൽ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരും എന്നു പറഞ്ഞു വിടവാങ്ങി എഫെസൊസിൽനിന്നു കപ്പൽ നീക്കി, കൈസര്യയിൽ വന്നിറങ്ങി, യെരൂശലേമിലേക്കു ചെന്നു, സഭയെ വന്ദനം ചെയ്തിട്ടു അന്തൊക്ക്യയിലേക്കു പോയി. അവിടെ കുറെനാൾ താമസിച്ച ശേഷം പുറപ്പെട്ടു, ക്രമത്താലെ ഗലാത്യദേശത്തിലും ഫ്രുഗ്യയിലും സഞ്ചരിച്ചു ശിഷ്യന്മാരെ ഒക്കെയും ഉറപ്പിച്ചു.

അപ്പൊ. പ്രവൃത്തികൾ 18:18-23 സമകാലിക മലയാളവിവർത്തനം (MCV)

പൗലോസ് കുറെക്കാലംകൂടി കൊരിന്തിൽ താമസിച്ചു. പിന്നീട് സഹോദരങ്ങളെ വിട്ടു കപ്പൽകയറി സിറിയയിലേക്കു യാത്രയായി; പ്രിസ്കില്ലയും അക്വിലാസും അദ്ദേഹത്തോടൊപ്പം യാത്രചെയ്തു. പൗലോസിന് ഒരു നേർച്ച ഉണ്ടായിരുന്നതുകൊണ്ട്, യാത്രയ്ക്കുമുമ്പ് കെംക്രയയിൽവെച്ച് അദ്ദേഹം തല മുണ്ഡനംചെയ്യിച്ചു. അവർ എഫേസോസിലെത്തി. പൗലോസ് പ്രിസ്കില്ലയെയും അക്വിലാസിനെയും അവിടെ വിട്ടു. അദ്ദേഹം തനിയേ പള്ളിയിൽ ചെന്ന് യെഹൂദരോടു സംവാദം നടത്തി. തങ്ങളോടുകൂടെ കൂടുതൽ സമയം ചെലവഴിക്കണമെന്ന് അവർ അപേക്ഷിച്ചെങ്കിലും അദ്ദേഹമതു നിരസിച്ചു. “ദൈവഹിതമെങ്കിൽ ഞാൻ മടങ്ങിവരും” എന്നു വിടവാങ്ങുമ്പോൾ അവർക്കു വാക്കു കൊടുത്തു. അതിനുശേഷം എഫേസോസിൽനിന്ന് അദ്ദേഹം കപ്പൽകയറി. കൈസര്യയിൽ കരയ്ക്കിറങ്ങി സഭയെ അഭിവാദനംചെയ്തശേഷം അദ്ദേഹം അന്ത്യോക്യയിലേക്കു യാത്രയായി. അന്ത്യോക്യയിൽ കുറെക്കാലം ചെലവഴിച്ചശേഷം പൗലോസ് അവിടെനിന്നു യാത്രതിരിച്ചു. ഗലാത്യ, ഫ്രുഗ്യ എന്നീ പ്രദേശങ്ങളിലെല്ലാം സഞ്ചരിച്ച് അവിടെയുള്ള ശിഷ്യരെ വിശ്വാസത്തിൽ ഉറപ്പിച്ചു.