അപ്പൊ. പ്രവൃത്തികൾ 17:1-10

അപ്പൊ. പ്രവൃത്തികൾ 17:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവർ അംഫിപൊലിസിലും അപ്പൊലോന്യയിലുംകൂടി കടന്നു തെസ്സലൊനീക്യയിൽ എത്തി; അവിടെ യെഹൂദന്മാരുടെ ഒരു പള്ളി ഉണ്ടായിരുന്നു. പൗലൊസ് പതിവുപോലെ അവരുടെ അടുക്കൽ ചെന്നു മൂന്നു ശബ്ബത്തിൽ തിരുവെഴുത്തുകളെ ആധാരമാക്കി അവരോടു വാദിച്ചു. ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്ക്കയും ചെയ്യേണ്ടത് എന്നും; ഞാൻ നിങ്ങളോട് അറിയിക്കുന്ന ഈ യേശുതന്നെ ക്രിസ്തു എന്നും തെളിയിച്ചു വിവരിച്ചുകൊണ്ടിരുന്നു. അവരിൽ ചിലരും ഭക്തിയുള്ള യവനന്മാരിൽ ഒരു വലിയകൂട്ടവും മാന്യസ്ത്രീകളിൽ അനേകരും വിശ്വസിച്ചു പൗലൊസിനോടും ശീലാസിനോടും ചേർന്നു. യെഹൂദന്മാരോ അസൂയ പൂണ്ട്, മിനക്കെട്ടു നടക്കുന്ന ചില ദുഷ്ടന്മാരെ ചേർത്തു പുരുഷാരത്തെ ഇളക്കി പട്ടണത്തിൽ കലഹമുണ്ടാക്കി യാസോന്റെ വീടു വളഞ്ഞ് അവരെ ജനസമൂഹത്തിൽ കൊണ്ടുവരുവാൻ ശ്രമിച്ചു. അവരെ കാണാഞ്ഞിട്ടു യാസോനെയും ചില സഹോദരന്മാരെയും നഗരാധിപന്മാരുടെ അടുക്കലേക്ക് ഇഴച്ചുകൊണ്ടു: ഭൂലോകത്തെ കലഹിപ്പിച്ചവർ ഇവിടെയും എത്തി; യാസോൻ അവരെ കൈക്കൊണ്ടും ഇരിക്കുന്നു; അവരൊക്കെയും യേശു എന്ന മറ്റൊരുവൻ രാജാവ് എന്നു പറഞ്ഞുകൊണ്ടു കൈസരുടെ നിയമങ്ങൾക്കു പ്രതികൂലമായി പ്രവർത്തിക്കുന്നു എന്ന് നിലവിളിച്ചു. ഇതു കേട്ടിട്ട് പുരുഷാരവും നഗരാധിപന്മാരും ഭ്രമിച്ചു. യാസോൻ മുതലായവരോടു ജാമ്യം വാങ്ങി അവരെ വിട്ടയച്ചു. സഹോദരന്മാർ ഉടനെ, രാത്രിയിൽതന്നെ, പൗലൊസിനെയും ശീലാസിനെയും ബെരോവയ്ക്കു പറഞ്ഞയച്ചു. അവിടെ എത്തിയാറെ അവർ യെഹൂദന്മാരുടെ പള്ളിയിൽ പോയി.

അപ്പൊ. പ്രവൃത്തികൾ 17:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവർ അംഫിപൊലീസിലും അപ്പൊലോന്യയിലും കൂടി സഞ്ചരിച്ചു തെസ്സലോനിക്യയിലെത്തി. അവിടെ യെഹൂദന്മാരുടെ ഒരു സുനഗോഗുണ്ടായിരുന്നു. പൗലൊസ് പതിവുപോലെ അവിടെപോയി. വേദഗ്രന്ഥത്തെ ആധാരമാക്കി അദ്ദേഹം മൂന്നു ശബത്തു ദിവസം അവരോടു സംവാദം നടത്തി. ക്രിസ്തു കഷ്ടതയനുഭവിച്ച് മരിച്ച് ഉയിർത്തെഴുന്നേല്‌ക്കേണ്ടതാണെന്നു വിശദീകരിക്കുകയും സമർഥിക്കുകയും ചെയ്തു. “ഞാൻ ആരെക്കുറിച്ചു നിങ്ങളോടു പ്രസ്താവിക്കുന്നുവോ ആ യേശുതന്നെയാണു ക്രിസ്തു” എന്നും അദ്ദേഹം പറഞ്ഞു. അവിടെ കൂടിയിരുന്ന ചിലർക്ക് ഇതു ബോധ്യമായി; അവർ പൗലൊസിനോടും ശീലാസിനോടും ചേർന്നു. അതുപോലെതന്നെ ഇസ്രായേലിന്റെ ദൈവത്തെ ആരാധിച്ചുവന്ന അനേകം ഗ്രീക്കുകാരും പ്രമുഖരായ ഒട്ടേറെ സ്‍ത്രീകളും ക്രിസ്തുവിൽ വിശ്വസിച്ചു. ഇത് യെഹൂദന്മാരിൽ അമർഷം ഉളവാക്കി. അവർ കമ്പോളത്തിലുള്ള ചട്ടമ്പികളെ വിളിച്ചുകൂട്ടി ജനങ്ങളുടെയിടയിൽ പ്രക്ഷോഭമുണ്ടാക്കി. പൗലൊസിനെയും ശീലാസിനെയും ജനമധ്യത്തിലേക്കു കൊണ്ടുവരുന്നതിനുവേണ്ടി അവർ യാസോൻ എന്ന ആളിന്റെ വീട് ആക്രമിച്ചു. എന്നാൽ അവരെ അവിടെ കാണാഞ്ഞതിനാൽ യാസോനെയും മറ്റുചില സഹോദരന്മാരെയും ബലം പ്രയോഗിച്ച് വലിച്ചിഴച്ച് നഗരാധിപന്മാരുടെ മുമ്പിൽ ഹാജരാക്കി. “ഭൂലോകത്തെ കീഴ്മേൽ മറിച്ചവർ ഇവിടെയും വന്നിരിക്കുന്നു. യാസോൻ അവരെ ഇവിടെ അതിഥികളായി സ്വീകരിച്ചിരിക്കുന്നു; യേശു എന്ന മറ്റൊരു രാജാവുണ്ടെന്നു പറഞ്ഞ് ഇവർ കൈസറിന്റെ കല്പനകൾക്കെതിരെ പ്രവർത്തിക്കുന്നു” എന്നിങ്ങനെ അവർ ആക്രോശിച്ചു. ഇതുകേട്ടപ്പോൾ നഗരാധിപന്മാരും പൗരജനങ്ങളും അമ്പരന്നു. ഒടുവിൽ അധികാരികൾ യാസോനെയും മറ്റുള്ളവരെയും ജാമ്യത്തിൽ വിട്ടയച്ചു. രാത്രിയായ ഉടനെ സഹോദരന്മാർ പൗലൊസിനെയും ശീലാസിനെയും ബെരോവയിലേക്കയച്ചു. അവിടെയെത്തിയപ്പോൾ അവർ യെഹൂദന്മാരുടെ സുനഗോഗിലേക്കു പോയി.

അപ്പൊ. പ്രവൃത്തികൾ 17:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

പൗലോസും ശീലാസും അംഫിപൊലിസിലും അപ്പൊലോന്യയിലുംകൂടി യാത്രചെയ്ത് തെസ്സലോനീക്യയിൽ എത്തി; അവിടെ യെഹൂദന്മാരുടെ ഒരു പള്ളി ഉണ്ടായിരുന്നു. പൗലൊസ് താൻ പതിവായി ചെയ്യാറുള്ളതുപോലെ അവരുടെ അടുക്കൽ ചെന്നു മൂന്നു ശബ്ബത്ത് ദിവസങ്ങളിൽ തിരുവെഴുത്തുകളെ ആധാരമാക്കി യേശു തന്നെ ക്രിസ്തു എന്നു അവരോട് സംവാദിച്ചു. ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്ക്കുകയും വേണം എന്നും, ഞാൻ നിങ്ങളോട് അറിയിക്കുന്ന ഈ യേശു തന്നെ ക്രിസ്തു എന്നും തെളിയിച്ചും വിവരിച്ചും കൊണ്ടിരുന്നു. കേൾവിക്കാരിൽ ചിലരും ഭക്തിയുള്ള യവനന്മാരിൽ ഒരു വലിയ കൂട്ടവും മാന്യസ്ത്രീകളിൽ അനേകരും വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ട് വിശ്വസിച്ച് പൗലൊസിനോടും ശീലാസിനോടും ചേർന്നു. യെഹൂദന്മാരോ അസൂയപൂണ്ട്, ചന്തസ്ഥലത്ത് മിനക്കെട്ടുനടക്കുന്ന ചില ദുഷ്ടന്മാരെ ചേർത്ത് പുരുഷാരത്തെ ഇളക്കി പട്ടണത്തിൽ കലഹം ഉണ്ടാക്കി യാസോൻ്റെ വീട് വളഞ്ഞ് അവരെ ജനസമൂഹത്തിൽ കൊണ്ടുവരുവാൻ ശ്രമിച്ചു. പൗലൊസിനെയും ശീലാസിനെയും കാണാഞ്ഞിട്ട് യാസോനെയും ചില സഹോദരന്മാരെയും നഗരാധിപന്മാരുടെ അടുക്കലേക്ക് വലിച്ച് ഇഴച്ചുകൊണ്ട്: “ഭൂലോകത്തെ കലഹിപ്പിച്ചവർ ഇവിടെയും എത്തി; യാസോൻ അവരെ സ്വീകരിച്ചും ഇരിക്കുന്നു; അവർ ഒക്കെയും യേശു എന്ന മറ്റൊരുവൻ രാജാവ് എന്നു പറഞ്ഞുകൊണ്ട് കൈസരുടെ നിയമങ്ങൾക്ക് പ്രതികൂലമായി പ്രവർത്തിക്കുന്നു” എന്നു നിലവിളിച്ചു. ഇത് കേട്ടിട്ടു പുരുഷാരവും നഗരാധിപന്മാരും അസ്വസ്ഥരായി. പിന്നീട് യാസോൻ മുതലായവരോട് ജാമ്യം വാങ്ങി അവരെ വിട്ടയച്ചു. സഹോദരന്മാർ ഉടനെ, രാത്രിയിൽ തന്നെ, പൗലൊസിനെയും ശീലാസിനെയും ബെരോവയ്ക്ക് പറഞ്ഞയച്ചു. അവിടെ എത്തിയപ്പോൾ അവർ യെഹൂദന്മാരുടെ പള്ളിയിൽ പോയി.

അപ്പൊ. പ്രവൃത്തികൾ 17:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവർ അംഫിപൊലിസിലും അപ്പൊലോന്യയിലും കൂടി കടന്നു തെസ്സലൊനീക്കയിൽ എത്തി; അവിടെ യെഹൂദന്മാരുടെ ഒരു പള്ളി ഉണ്ടായിരുന്നു. പൗലൊസ് പതിവുപോലെ അവരുടെ അടുക്കൽ ചെന്നു മൂന്നു ശബ്ബത്തിൽ തിരുവെഴുത്തുകളെ ആധാരമാക്കി അവരോടു വാദിച്ചു. ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുയും ചെയ്യേണ്ടതു എന്നും ഞാൻ നിങ്ങളോടു അറിയിക്കുന്ന ഈ യേശുതന്നേ ക്രിസ്തു എന്നും തെളിയിച്ചു വിവരിച്ചുകൊണ്ടിരുന്നു. അവരിൽ ചിലരും ഭക്തിയുള്ള യവനന്മാരിൽ ഒരു വലിയ കൂട്ടവും മാന്യസ്ത്രീകളിൽ അനേകരും വിശ്വസിച്ചു പൗലൊസിനോടും ശീലാസിനോടും ചേർന്നു. യെഹൂദന്മാരോ അസൂയപൂണ്ടു, മിനക്കെട്ടുനടക്കുന്ന ചില ദുഷ്ടന്മാരെ ചേർത്തു പുരുഷാരത്തെ ഇളക്കി പട്ടണത്തിൽ കലഹം ഉണ്ടാക്കി യാസോന്റെ വീടു വളഞ്ഞു അവരെ ജനസമൂഹത്തിൽ കൊണ്ടുവരുവാൻ ശ്രമിച്ചു. അവരെ കാണാഞ്ഞിട്ടു യാസോനെയും ചില സഹോദരന്മാരെയും നഗരാധിപന്മാരുടെ അടുക്കലേക്കു ഇഴെച്ചുകൊണ്ടു: ഭൂലോകത്തെ കലഹിപ്പിച്ചവർ ഇവിടെയും എത്തി; യാസോൻ അവരെ കൈക്കൊണ്ടും ഇരിക്കുന്നു; അവർ ഒക്കെയും യേശു എന്ന മറ്റൊരുവൻ രാജാവു എന്നു പറഞ്ഞുകൊണ്ടു കൈസരുടെ നിയമങ്ങൾക്കു പ്രതികൂലമായി പ്രവർത്തിക്കുന്നു എന്നു നിലവിളിച്ചു. ഇതു കേട്ടിട്ടു പുരുഷാരവും നഗരാധിപന്മാരും ഭ്രമിച്ചു. യാസോൻ മുതലായവരോടു ജാമ്യം വാങ്ങി അവരെ വിട്ടയച്ചു. സഹോദരന്മാർ ഉടനെ, രാത്രിയിൽ തന്നേ, പൗലൊസിനെയും ശീലാസിനെയും ബെരോവെക്കു പറഞ്ഞയച്ചു. അവിടെ എത്തിയാറെ അവർ യെഹൂദന്മാരുടെ പള്ളിയിൽ പോയി.

അപ്പൊ. പ്രവൃത്തികൾ 17:1-10 സമകാലിക മലയാളവിവർത്തനം (MCV)

പൗലോസും ശീലാസും അംഫിപ്പൊലിസ് അപ്പൊലോന്യ എന്നീ പട്ടണങ്ങളിൽക്കൂടി യാത്രചെയ്ത് തെസ്സലോനിക്യയിലെത്തി; അവിടെ യെഹൂദരുടെ ഒരു പള്ളി ഉണ്ടായിരുന്നു. പൗലോസ് തന്റെ പതിവനുസരിച്ച് അവിടെപ്പോയി. മൂന്നു ശബ്ബത്തുകളിൽ തിരുവെഴുത്തുകളെ ആധാരമാക്കി അവിടെയുള്ളവരുമായി സംവാദത്തിലേർപ്പെട്ടു; ക്രിസ്തു കഷ്ടമനുഭവിച്ചശേഷം മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കേണ്ടത് ആവശ്യമായിരുന്നുവെന്നും “ഞാൻ നിങ്ങളോടു പ്രസംഗിക്കുന്ന ഈ യേശുതന്നെയാണ് ക്രിസ്തു,” എന്നും അദ്ദേഹം അവർക്കു വിശദീകരിക്കുകയും സമർഥിക്കുകയും ചെയ്തു. അവരിൽ ചിലർക്കും ദൈവഭക്തിയുള്ള അനേകം ഗ്രീക്കുകാർക്കും മാന്യസ്ത്രീകളിൽ പലർക്കും ഇതു ബോധ്യമായി. അവർ പൗലോസിനോടും ശീലാസിനോടും ചേർന്നു. എന്നാൽ, ചില യെഹൂദർ അസൂയാലുക്കളായിത്തീർന്നു; അവർ ചന്തസ്ഥലങ്ങളിൽനിന്ന് കുറെ ഗുണ്ടകളെ ഒരുമിച്ചുകൂട്ടി പട്ടണത്തിൽ ഒരു ലഹള ഉണ്ടാക്കിച്ചു. പൗലോസിനെയും ശീലാസിനെയും കണ്ടുപിടിച്ചു ജനമധ്യത്തിലേക്കു കൊണ്ടുവരുന്നതിനായി അവർ യാസോന്റെ വീട് വളഞ്ഞു. എന്നാൽ, അവരെ കണ്ടെത്താൻകഴിയാതെവന്നപ്പോൾ അവർ യാസോനെയും മറ്റുചില സഹോദരന്മാരെയും നഗരാധികാരികളുടെ മുന്നിലേക്കു വലിച്ചിഴച്ചുകൊണ്ടുവന്നു. “ഭൂലോകത്തെ കീഴ്‌മേൽ മറിച്ചവർ ഇതാ ഇവിടെയും എത്തിയിരിക്കുന്നു; യാസോൻ അവരെ സ്വീകരിക്കുകയും ചെയ്തു. യേശു എന്നു പേരുള്ള മറ്റൊരു രാജാവുണ്ടെന്നു പറഞ്ഞ് ഇവരെല്ലാവരും കൈസറുടെ ഉത്തരവുകളെ ധിക്കരിക്കുന്നു,” അവർ വിളിച്ചുപറഞ്ഞു. ഇതു കേട്ട് ജനക്കൂട്ടവും നഗരാധികാരികളും അസ്വസ്ഥരായി. എങ്കിലും ജാമ്യത്തുക കെട്ടിവെപ്പിച്ചിട്ട് യാസോനെയും മറ്റുള്ളവരെയും മോചിപ്പിച്ചു. രാത്രിയായ ഉടനെ സഹോദരങ്ങൾ പൗലോസിനെയും ശീലാസിനെയും ബെരോവയിലേക്കു യാത്രയാക്കി. അവിടെ എത്തിയശേഷം അവർ യെഹൂദരുടെ പള്ളിയിൽ ചെന്നു.