അപ്പൊ. പ്രവൃത്തികൾ 15:6-11 - Compare All Versions
അപ്പൊ. പ്രവൃത്തികൾ 15:6-11 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ഈ സംഗതിയെക്കുറിച്ചു വിചാരിപ്പാൻ അപ്പൊസ്തലന്മാരും മൂപ്പന്മാരും വന്നുകൂടി. വളരെ തർക്കം ഉണ്ടായശേഷം പത്രൊസ് എഴുന്നേറ്റ് അവരോട് പറഞ്ഞത്: സഹോദരന്മാരേ, കുറെനാൾ മുമ്പേ ദൈവം നിങ്ങളിൽവച്ചു ഞാൻ മുഖാന്തരം ജാതികൾ സുവിശേഷവചനം കേട്ടു വിശ്വസിക്കേണം എന്നു നിശ്ചയിച്ചത് നിങ്ങൾ അറിയുന്നുവല്ലോ. ഹൃദയങ്ങളെ അറിയുന്ന ദൈവം നമുക്കു തന്നതുപോലെ അവർക്കും പരിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ടു സാക്ഷിനിന്നു വിശ്വാസത്താൽ അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചതിനാൽ നമുക്കും അവർക്കും തമ്മിൽ ഒരു വ്യത്യാസവും വച്ചിട്ടില്ല. ആകയാൽ നമ്മുടെ പിതാക്കന്മാർക്കും നമുക്കും ചുമപ്പാൻ കഴിഞ്ഞിട്ടില്ലാത്ത നുകം ശിഷ്യന്മാരുടെ കഴുത്തിൽ വയ്പാൻ നിങ്ങൾ ഇപ്പോൾ ദൈവത്തെ പരീക്ഷിക്കുന്നത് എന്ത്? കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.
അപ്പൊ. പ്രവൃത്തികൾ 15:6-11 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ഈ പ്രശ്നത്തെക്കുറിച്ചു ചർച്ചചെയ്യുന്നതിന് അപ്പോസ്തോലന്മാരും സഭാമുഖ്യന്മാരും ഒരു യോഗം കൂടി. ദീർഘസമയത്തെ വാദപ്രതിവാദങ്ങൾക്കുശേഷം പത്രോസ് എഴുന്നേറ്റുനിന്ന് ഇപ്രകാരം പ്രസ്താവിച്ചു: “സഹോദരന്മാരേ, വിജാതീയർ എന്റെ അധരങ്ങളിൽനിന്നു സുവിശേഷവചനം കേട്ടു വിശ്വസിക്കുന്നതിന്, അവരോടു പ്രസംഗിക്കുവാൻ നിങ്ങളുടെ ഇടയിൽനിന്ന് വളരെ മുമ്പ് ദൈവം എന്നെ തിരഞ്ഞെടുത്തു എന്നത് നിങ്ങൾക്കറിയാമല്ലോ. സകല ഹൃദയങ്ങളെയും അറിയുന്ന ദൈവം, നമുക്കു നല്‌കിയതുപോലെ, വിജാതീയർക്കും പരിശുദ്ധാത്മാവു പകർന്നു കൊടുത്തുകൊണ്ട്, അവരെ അംഗീകരിച്ചു എന്നതിനു സാക്ഷ്യം വഹിച്ചു. നമുക്കും അവർക്കും തമ്മിൽ ഒരു വ്യത്യാസവും കല്പിച്ചില്ല; വിശ്വസിച്ചതുകൊണ്ട് അവരുടെ ഹൃദയങ്ങളെയും അവിടുന്നു ശുദ്ധീകരിച്ചുവല്ലോ. അങ്ങനെയിരിക്കെ, നമ്മുടെ പിതാക്കന്മാർക്കോ, നമുക്കോ, വഹിക്കുവാൻ കഴിയാതിരുന്ന ഒരു നുകം ശിഷ്യന്മാരുടെമേൽ കെട്ടിയേല്പിച്ച് നാം എന്തിനു ദൈവത്തെ പരീക്ഷിക്കുന്നു? നാം വിശ്വസിക്കുന്നത് കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കുമെന്നത്രേ. അതുപോലെ തന്നെയാണ് അവരും രക്ഷപ്രാപിക്കുന്നത്.”
അപ്പൊ. പ്രവൃത്തികൾ 15:6-11 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
ഈ വിഷയങ്ങളെക്കുറിച്ച് ചിന്തിപ്പാനായി അപ്പൊസ്തലന്മാരും മൂപ്പന്മാരും വന്നുകൂടി. വളരെ വാഗ്വാദം ഉണ്ടായശേഷം പത്രൊസ് എഴുന്നേറ്റ് അവരോട് പറഞ്ഞത്: “സഹോദരന്മാരേ, കുറെനാൾ മുമ്പെ ദൈവം നിങ്ങളുടെ നടുവിൽവച്ച് ഞാൻ മുഖാന്തരം ജനതകൾ സുവിശേഷവചനം കേട്ടു വിശ്വസിക്കേണം എന്നു ദൈവം നിശ്ചയിച്ചത് നിങ്ങൾ അറിയുന്നുവല്ലോ. ഹൃദയങ്ങളെ അറിയുന്ന ദൈവം നമ്മിൽ പകർന്നതുപോലെ വിശ്വാസത്താൽ അവർക്കും പരിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ട് സാക്ഷിനിന്ന് അവരുടെ ഹൃദയങ്ങളെയും ശുദ്ധീകരിച്ചതിനാൽ നമുക്കും അവർക്കും തമ്മിൽ ഒരു വ്യത്യാസവും വെച്ചിട്ടില്ല എന്നു തെളിയിച്ചുവല്ലോ. ആകയാൽ നാമോ നമ്മുടെ പിതാക്കന്മാരോ വഹിക്കേണ്ടിയിരുന്നിട്ടില്ലാത്ത നുകം ശിഷ്യന്മാരുടെ കഴുത്തിൽ വയ്ക്കുവാൻ ഇപ്പോൾ ദൈവത്തെ പരീക്ഷിക്കുന്നത് എന്ത്? കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.”
അപ്പൊ. പ്രവൃത്തികൾ 15:6-11 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ സംഗതിയെക്കുറിച്ചു വിചാരിപ്പാൻ അപ്പൊസ്തലന്മാരും മൂപ്പന്മാരും വന്നു കൂടി. വളരെ തർക്കം ഉണ്ടായശേഷം പത്രൊസ് എഴുന്നേറ്റു അവരോടു പറഞ്ഞതു: സഹോദരന്മാരേ, കുറെ നാൾ മുമ്പെ ദൈവം നിങ്ങളിൽ വെച്ചു ഞാൻ മുഖാന്തരം ജാതികൾ സുവിശേഷവചനം കേട്ടു വിശ്വസിക്കേണം എന്നു നിശ്ചയിച്ചതു നിങ്ങൾ അറിയുന്നുവല്ലോ. ഹൃദയങ്ങളെ അറിയുന്ന ദൈവം നമുക്കു തന്നതുപോലെ അവർക്കും പരിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ടു സാക്ഷിനിന്നു വിശ്വാസത്താൽ അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചതിനാൽ നമുക്കും അവർക്കും തമ്മിൽ ഒരു വ്യത്യാസവും വെച്ചിട്ടില്ല. ആകയാൽ നമ്മുടെ പിതാക്കന്മാർക്കും നമുക്കും ചുമപ്പാൻ കിഴിഞ്ഞിട്ടില്ലത്ത നുകം ശിഷ്യന്മാരുടെ കഴുത്തിൽ വെപ്പാൻ നിങ്ങൾ ഇപ്പോൾ ദൈവത്തെ പരീക്ഷിക്കുന്നതു എന്തു? കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.
അപ്പൊ. പ്രവൃത്തികൾ 15:6-11 MCV (സമകാലിക മലയാളവിവർത്തനം)
ഈ പ്രശ്നം പരിഗണിക്കാൻ അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരും ഒരുമിച്ചുകൂടി. സുദീർഘമായ ചർച്ചയ്ക്കുശേഷം പത്രോസ് എഴുന്നേറ്റുനിന്ന് അവരോടിങ്ങനെ പറഞ്ഞു: “സഹോദരന്മാരായ പുരുഷന്മാരേ, യെഹൂദേതരർ എന്റെ അധരങ്ങളിൽനിന്ന് സുവിശേഷം കേൾക്കുകയും വിശ്വസിക്കുകയും ചെയ്യേണ്ടതിനു കുറച്ചുനാൾമുമ്പ് ദൈവം നിങ്ങളുടെ ഇടയിൽനിന്ന് എന്നെ തെരഞ്ഞെടുത്ത വസ്തുത നിങ്ങൾക്കറിയാമല്ലോ! ഹൃദയങ്ങളെ അറിയുന്നവനായ ദൈവം നമുക്കു നൽകിയതുപോലെ അവർക്കും പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ട് അവരെ അംഗീകരിച്ചെന്നു സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ദൈവം നമുക്കും അവർക്കുംതമ്മിൽ വിവേചനമൊന്നും കാണിച്ചിട്ടില്ല: അവിടന്ന് അവരുടെ ഹൃദയങ്ങളെയും വിശ്വാസത്താൽ ശുദ്ധീകരിച്ചല്ലോ. അതുകൊണ്ട്, നമുക്കോ നമ്മുടെ പൂർവികർക്കോ വഹിക്കാൻ കഴിയാതിരുന്ന നുകം ക്രിസ്തുവിൽ വിശ്വസിച്ച യെഹൂദേതരരായവരുടെ കഴുത്തിൽവെച്ച് ദൈവത്തെ നാം ഇപ്പോൾ എന്തിനു പരീക്ഷിക്കുന്നു? കർത്താവായ യേശുവിന്റെ കൃപയാണ് നമുക്കും അവർക്കും രക്ഷ ലഭിക്കുന്നതിനുള്ള മാർഗം എന്നു നാം വിശ്വസിക്കുന്നു.”