അപ്പൊ. പ്രവൃത്തികൾ 14:21-23

അപ്പൊ. പ്രവൃത്തികൾ 14:21-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദർബയിലും അവർ സുവിശേഷം പ്രസംഗിച്ചു പലരെയും ശിഷ്യരാക്കിത്തീർത്തു. പിന്നീട് അവർ ലുസ്ത്ര, ഇക്കോന്യ, പിസിദ്യയിലെ അന്ത്യോക്യ എന്നീ പട്ടണങ്ങളിലേക്കു മടങ്ങിച്ചെന്ന്, ക്രിസ്തുവിന്റെ അനുയായികളായിത്തീർന്നവരെ ധൈര്യപ്പെടുത്തി. വിശ്വാസത്തിൽ ഉറച്ചു നില്‌ക്കണമെന്നും “അനേകം കഷ്ടതകളിൽകൂടി നാം ദൈവരാജ്യത്തിൽ പ്രവേശിക്കണം” എന്നും അവരെ ഉദ്ബോധിപ്പിച്ചു. ഓരോ സഭയിലും അവർ സഭാമുഖ്യന്മാരെ നിയമിച്ചു; പ്രാർഥനയോടും ഉപവാസത്തോടുംകൂടി, തങ്ങൾ വിശ്വസിച്ച കർത്താവിന് അവരെ സമർപ്പിക്കുകയും ചെയ്തു.

അപ്പൊ. പ്രവൃത്തികൾ 14:21-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആ പട്ടണത്തിലും സുവിശേഷം അറിയിച്ചു പലരെയും ശിഷ്യരാക്കിയശേഷം അവർ ലുസ്ത്ര, ഇക്കോന്യ, അന്ത്യോക്യ എന്ന പട്ടണങ്ങളിലേക്കു മടങ്ങിച്ചെന്നു, വിശ്വാസത്തിൽ നില നിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചു പോന്നു. അവർ സഭതോറും അവർക്കു മൂപ്പന്മാരെ നിയമിക്കയും ഉപവസിച്ചും പ്രാർത്ഥിച്ചുംകൊണ്ടു തങ്ങൾ വിശ്വസിച്ച കർത്താവിങ്കൽ അവരെ ഭാരമേല്പിക്കയും ചെയ്തു.

അപ്പൊ. പ്രവൃത്തികൾ 14:21-23 സമകാലിക മലയാളവിവർത്തനം (MCV)

പൗലോസും ബർന്നബാസും ആ പട്ടണത്തിൽ സുവിശേഷം പ്രസംഗിച്ച് വലിയൊരുകൂട്ടം ആളുകളെ ശിഷ്യരാക്കി. അതിനുശേഷം അവരുടെ മടക്കയാത്രയിൽ ലുസ്ത്ര, ഇക്കോന്യ, അന്ത്യോക്യ എന്നിവിടങ്ങൾ സന്ദർശിച്ച് ശിഷ്യന്മാരെ ശക്തിപ്പെടുത്തി. വിശ്വാസത്തിൽ അചഞ്ചലരായിരിക്കുക. കാരണം “ഒട്ടേറെ കഷ്ടതകൾ സഹിച്ചുവേണം നമുക്ക് ദൈവരാജ്യത്തിൽ പ്രവേശിക്കാൻ,” എന്ന് അവരെ പ്രബോധിപ്പിച്ചു. പൗലോസും ബർന്നബാസും ഓരോ സഭയിലും സഭാമുഖ്യന്മാരെ നിയമിച്ചു. പ്രാർഥനയോടെയും ഉപവാസത്തോടെയും തങ്ങൾ വിശ്വാസമർപ്പിച്ച കർത്താവിൽ അവരെ ഭരമേൽപ്പിച്ചു.