അപ്പൊ. പ്രവൃത്തികൾ 14:1-7
അപ്പൊ. പ്രവൃത്തികൾ 14:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇക്കോന്യയിൽ അവർ ഒരുമിച്ചു യെഹൂദന്മാരുടെ പള്ളിയിൽ ചെന്നു യെഹൂദന്മാരിലും യവനന്മാരിലും വലിയൊരു പുരുഷാരം വിശ്വസിപ്പാൻ തക്കവണ്ണം സംസാരിച്ചു. വിശ്വസിക്കാത്ത യെഹൂദന്മാരോ ജാതികളുടെ മനസ്സ് സഹോദരന്മാരുടെ നേരേ ഇളക്കി വഷളാക്കി. എന്നാൽ അവർ വളരെക്കാലം അവിടെ പാർത്തു, കർത്താവിൽ ആശ്രയിച്ചു പ്രാഗല്ഭ്യത്തോടെ പ്രസംഗിച്ചുകൊണ്ടിരുന്നു; അവൻ തന്റെ കൃപയുടെ വചനത്തിനു സാക്ഷിനിന്ന്, അവരുടെ കൈയാൽ അടയാളങ്ങളും അദ്ഭുതങ്ങളും ഉണ്ടാകുവാൻ വരം നല്കി. എന്നാൽ പട്ടണത്തിലെ ജനസമൂഹം ഭിന്നിച്ചു ചിലർ യെഹൂദന്മാരുടെ പക്ഷത്തിലും ചിലർ അപ്പൊസ്തലന്മാരുടെ പക്ഷത്തിലും ആയി. അവരെ അവമാനിപ്പാനും കല്ലെറിവാനും ജാതികളും യെഹൂദന്മാരും അവിടത്തെ പ്രമാണികളോടുകൂടി ഒരു ആക്രമം ഭാവിച്ചപ്പോൾ അവർ അത് ഗ്രഹിച്ചു ലുസ്ത്ര, ദെർബ്ബ എന്ന ലുക്കവോന്യപട്ടണങ്ങളിലേക്കും ചുറ്റുമുള്ള ദേശത്തിലേക്കും ഓടിപ്പോയി അവിടെ സുവിശേഷം അറിയിച്ചുപോന്നു.
അപ്പൊ. പ്രവൃത്തികൾ 14:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ ഒരുമിച്ച് ഇക്കോന്യയിൽ യെഹൂദന്മാരുടെ സുനഗോഗിൽ ചെന്നു പ്രസംഗിച്ചു. അവിടെയും അനേകം യെഹൂദന്മാരും ഗ്രീക്കുകാരും വിശ്വാസികളായിത്തീർന്നു. എന്നാൽ വിശ്വാസം നിരസിച്ച യെഹൂദന്മാർ വിജാതീയരെ പറഞ്ഞിളക്കി സഹോദരന്മാരുടെനേരെ ശത്രുത ജനിപ്പിച്ചു. എങ്കിലും അവർ കർത്താവിനെക്കുറിച്ചു ധീരതയോടെ പ്രസംഗിച്ചുകൊണ്ടു വളരെക്കാലം അവിടെ പാർത്തു. കർത്താവ് അവർ മുഖേന അദ്ഭുതങ്ങളും അടയാളങ്ങളും കാട്ടിക്കൊണ്ട് തന്റെ കൃപയുടെ സന്ദേശത്തിനു സാക്ഷ്യം വഹിച്ചു. പട്ടണത്തിലെ ജനസമൂഹം രണ്ടു പക്ഷമായി തിരിഞ്ഞു. ഒരു പക്ഷം യെഹൂദന്മാരുടെ കൂടെയും, അന്യപക്ഷം അപ്പോസ്തോലന്മാരുടെ കൂടെയും ചേർന്നു. വിജാതീയരും യെഹൂദന്മാരും അവരുടെ അധികാരികളുംകൂടി അപ്പോസ്തോലന്മാരെ അപമാനിക്കുവാനും കല്ലെറിയുവാനും ശ്രമിച്ചു. ഇതറിഞ്ഞ് അപ്പോസ്തോലന്മാർ അവിടെനിന്നു പലായനം ചെയ്തു. അവർ ലുക്കവോന്യയിലെ ലുസ്ത്ര, ദർബ എന്നീ പട്ടണങ്ങളിലും സമീപസ്ഥലങ്ങളിലും ചെന്ന്, ആ പ്രദേശങ്ങളിൽ സുവിശേഷം പ്രചരിപ്പിച്ചു.
അപ്പൊ. പ്രവൃത്തികൾ 14:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പൗലോസും ബർന്നബാസും ഇക്കോന്യയിൽ യെഹൂദന്മാരുടെ പള്ളിയിൽ ചെന്നു യെഹൂദ്യരും യവനന്മാരും ആയ ജനമദ്ധ്യത്തിൽ വിശ്വാസം ഉളവാകത്തക്കവണ്ണം സംസാരിച്ചു. വിശ്വസിക്കാത്ത യെഹൂദന്മാരോ ജനതകളുടെ മനസ്സിൽ സഹോദരന്മാരുടെ നേരെ പകയും വിദ്വേഷവും ഉളവാക്കി. എന്നാൽ അവർ വളരെക്കാലം അവിടെ പാർത്ത് കർത്താവിൽ ആശ്രയിച്ച്, പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുകൊണ്ടിരുന്നു; കർത്താവോ തന്‍റെ കൃപയുടെ വചനത്തിന് സാക്ഷിനിന്ന്, അവരുടെ കയ്യാൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാൻ വരം നല്കി. എന്നാൽ പട്ടണത്തിലെ ഭൂരിഭാഗം ജനസമൂഹങ്ങളിലും ഭിന്നത ഉണ്ടായി ചിലർ യെഹൂദന്മാരുടെ പക്ഷത്തിലും ചിലർ അപ്പൊസ്തലന്മാരുടെ പക്ഷത്തിലും ആയി. പൗലോസിനെയും, ബർന്നബാസിനെയും പരിഹസിപ്പാനും കല്ലെറിയുവാനുമായി ജാതികളും യെഹൂദന്മാരും അവിടുത്തെ പ്രമാണികളോടുകൂടി ഒരു ആക്രമണം ഭാവിച്ചപ്പോൾ, അവർ അത് ഗ്രഹിച്ച് ലുസ്ത്ര, ദെർബ്ബ എന്ന ലുക്കവോന്യ പട്ടണങ്ങളിലേക്കും ചുറ്റുമുള്ള ദേശത്തിലേക്കും ഓടിപ്പോയി അവിടെ സുവിശേഷം അറിയിച്ചുപോന്നു.
അപ്പൊ. പ്രവൃത്തികൾ 14:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഇക്കോന്യയിൽ അവർ ഒരുമിച്ചു യെഹൂദന്മാരുടെ പള്ളിയിൽ ചെന്നു യെഹൂദന്മാരിലും യവനന്മാരിലും വലിയോരു പുരുഷാരം വിശ്വസിപ്പാൻ തക്കവണ്ണം സംസാരിച്ചു. വിശ്വസിക്കാത്ത യെഹൂദന്മാരോ ജാതികളുടെ മനസ്സു സഹോദരന്മാരുടെ നേരെ ഇളക്കി വഷളാക്കി. എന്നാൽ അവർ വളരെക്കാലം അവിടെ പാർത്തു, കർത്താവിൽ ആശ്രയിച്ചു പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുകൊണ്ടിരുന്നു; അവൻ തന്റെ കൃപയുടെ വചനത്തിന്നു സാക്ഷിനിന്നു, അവരുടെ കയ്യാൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാൻ വരം നല്കി. എന്നാൽ പട്ടണത്തിലെ ജനസമൂഹം ഭിന്നിച്ചു ചിലർ യെഹൂദന്മാരുടെ പക്ഷത്തിലും ചിലർ അപ്പൊസ്തലന്മാരുടെ പക്ഷത്തിലും ആയി. അവരെ അവമാനിപ്പാനും കല്ലെറിവാനും ജാതികളും യെഹൂദന്മാരും അവിടത്തെ പ്രമാണികളോടുകൂടി ഒരു ആക്രമം ഭാവിച്ചപ്പോൾ അവർ അതു ഗ്രഹിച്ചു ലുസ്ത്ര, ദെർബ്ബ എന്ന ലുക്കവോന്യപട്ടണങ്ങളിലേക്കും ചുറ്റുമുള്ള ദേശത്തിലേക്കും ഓടിപ്പോയി അവിടെ സുവിശേഷം അറിയിച്ചുപോന്നു.
അപ്പൊ. പ്രവൃത്തികൾ 14:1-7 സമകാലിക മലയാളവിവർത്തനം (MCV)
ഒരു ശബ്ബത്തുനാളിൽ പൗലോസും ബർന്നബാസും ഒരുമിച്ച് ഇക്കോന്യയിലുള്ള യെഹൂദരുടെ പള്ളിയിൽ ചെന്നു. അവർ അവിടെ ശക്തിയോടെ പ്രസംഗിച്ചു; യെഹൂദരും ഗ്രീക്കുകാരുമായ നിരവധി ആളുകൾ (കർത്താവായ യേശുവിൽ) വിശ്വസിക്കുകയും ചെയ്തു. എന്നാൽ, വിശ്വസിക്കാതിരുന്ന യെഹൂദർ പൗലോസിനോടും ബർന്നബാസിനോടും യെഹൂദേതരരുടെ മനസ്സുകളിൽ കഠിനവിദ്വേഷമുണ്ടാക്കി. അവർക്കെതിരേ യെഹൂദേതരരെ ഇളക്കിവിട്ടു. എങ്കിലും പൗലോസും ബർന്നബാസും കർത്താവിനുവേണ്ടി സധൈര്യം പ്രസംഗിച്ചുകൊണ്ടു വളരെനാൾ അവിടെ ചെലവഴിച്ചു. ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കാൻ കർത്താവ് അവർക്ക് ശക്തിനൽകിക്കൊണ്ട് തന്റെ കൃപയുടെ സന്ദേശത്തിന്റെ ആധികാരികത തെളിയിച്ചു. പട്ടണത്തിലെ ജനങ്ങൾ ഭിന്നിച്ചു; ചിലർ യെഹൂദാപക്ഷത്തും മറ്റുള്ളവർ അപ്പൊസ്തലന്മാരുടെ പക്ഷത്തും ചേർന്നു. യെഹൂദേതരരും യെഹൂദരുമായ ചിലർ അവരുടെ നേതാക്കന്മാരോടുകൂടെ അപ്പൊസ്തലന്മാരെ ഉപദ്രവിക്കാനും കല്ലെറിയാനും ഗൂഢാലോചന നടത്തി. എന്നാൽ അപ്പൊസ്തലന്മാർ അതു മനസ്സിലാക്കി. ലുസ്ത്ര, ദെർബ എന്നീ ലുക്കവോന്യ പട്ടണങ്ങളിലേക്കും അവയുടെ സമീപപ്രദേശങ്ങളിലേക്കും ഓടി രക്ഷപ്പെട്ടു. അവിടെയും അവർ സുവിശേഷം അറിയിക്കുന്നത് തുടർന്നു.