അപ്പൊ. പ്രവൃത്തികൾ 14:1-20

അപ്പൊ. പ്രവൃത്തികൾ 14:1-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഇക്കോന്യയിൽ അവർ ഒരുമിച്ചു യെഹൂദന്മാരുടെ പള്ളിയിൽ ചെന്നു യെഹൂദന്മാരിലും യവനന്മാരിലും വലിയൊരു പുരുഷാരം വിശ്വസിപ്പാൻ തക്കവണ്ണം സംസാരിച്ചു. വിശ്വസിക്കാത്ത യെഹൂദന്മാരോ ജാതികളുടെ മനസ്സ് സഹോദരന്മാരുടെ നേരേ ഇളക്കി വഷളാക്കി. എന്നാൽ അവർ വളരെക്കാലം അവിടെ പാർത്തു, കർത്താവിൽ ആശ്രയിച്ചു പ്രാഗല്ഭ്യത്തോടെ പ്രസംഗിച്ചുകൊണ്ടിരുന്നു; അവൻ തന്റെ കൃപയുടെ വചനത്തിനു സാക്ഷിനിന്ന്, അവരുടെ കൈയാൽ അടയാളങ്ങളും അദ്ഭുതങ്ങളും ഉണ്ടാകുവാൻ വരം നല്കി. എന്നാൽ പട്ടണത്തിലെ ജനസമൂഹം ഭിന്നിച്ചു ചിലർ യെഹൂദന്മാരുടെ പക്ഷത്തിലും ചിലർ അപ്പൊസ്തലന്മാരുടെ പക്ഷത്തിലും ആയി. അവരെ അവമാനിപ്പാനും കല്ലെറിവാനും ജാതികളും യെഹൂദന്മാരും അവിടത്തെ പ്രമാണികളോടുകൂടി ഒരു ആക്രമം ഭാവിച്ചപ്പോൾ അവർ അത് ഗ്രഹിച്ചു ലുസ്ത്ര, ദെർബ്ബ എന്ന ലുക്കവോന്യപട്ടണങ്ങളിലേക്കും ചുറ്റുമുള്ള ദേശത്തിലേക്കും ഓടിപ്പോയി അവിടെ സുവിശേഷം അറിയിച്ചുപോന്നു. ലുസ്ത്രയിൽ അമ്മയുടെ ഗർഭംമുതൽ മുടന്തനായി ഒരിക്കലും നടന്നിട്ടില്ലാതെയും കാലിനു ശക്തിയില്ലാതെയും ഉള്ളൊരു പുരുഷൻ ഇരുന്നിരുന്നു. അവൻ പൗലൊസ് സംസാരിക്കുന്നത് കേട്ടു; അവൻ അവനെ ഉറ്റുനോക്കി, സൗഖ്യം പ്രാപിപ്പാൻ അവനു വിശ്വാസമുണ്ട് എന്നു കണ്ടിട്ട്: നീ എഴുന്നേറ്റു കാലൂന്നി നിവിർന്നുനില്ക്ക എന്ന് ഉറക്കെ പറഞ്ഞു; അവൻ കുതിച്ചെഴുന്നേറ്റു നടന്നു. പൗലൊസ് ചെയ്തതു പുരുഷാരം കണ്ടിട്ടു: ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങി വന്നിരിക്കുന്നു എന്ന് ലുക്കവോന്യഭാഷയിൽ നിലവിളിച്ചു പറഞ്ഞു. ബർന്നബാസിന് ഇന്ദ്രൻ എന്നും പൗലൊസ് മുഖ്യപ്രസംഗിയാകയാൽ അവനു ബുധൻ എന്നും പേർ വിളിച്ചു. പട്ടണത്തിന്റെ മുമ്പിലുള്ള ഇന്ദ്രക്ഷേത്രത്തിലെ പുരോഹിതൻ കാളകളെയും പൂമാലകളെയും ഗോപുരത്തിങ്കൽ കൊണ്ടുവന്നു പുരുഷാരത്തോടുകൂടെ യാഗം കഴിപ്പാൻ ഭാവിച്ചു. ഇത് അപ്പൊസ്തലന്മാരായ ബർന്നബാസും പൗലൊസും കേട്ടിട്ടു വസ്ത്രം കീറിക്കൊണ്ടു പുരുഷാരത്തിന്റെ ഇടയിലേക്ക് ഓടിച്ചെന്നു നിലവിളിച്ചു പറഞ്ഞത്: പുരുഷന്മാരേ, നിങ്ങൾ ഈ ചെയ്യുന്നത് എന്ത്? ഞങ്ങൾ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യർ അത്രേ; നിങ്ങൾ ഈ വ്യർഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോട് അറിയിക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ അവൻ സകല ജാതികളെയും സ്വന്തവഴികളിൽ നടപ്പാൻ സമ്മതിച്ചു. എങ്കിലും അവൻ നന്മ ചെയ്കയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്കു തരികയും ആഹാരവും സന്തോഷവും നല്കി നിങ്ങളെ തൃപ്തരാക്കുകയും ചെയ്തു പോന്നതിനാൽ തന്നെക്കുറിച്ചു സാക്ഷ്യം തരാതിരുന്നിട്ടില്ല. അവർ ഇങ്ങനെ പറഞ്ഞു തങ്ങൾക്കു യാഗം കഴിക്കാതവണ്ണം പുരുഷാരത്തെ പ്രയാസത്തോടെ തടുത്തു. എന്നാൽ അന്ത്യൊക്യയിൽനിന്നും ഇക്കോന്യയിൽനിന്നും യെഹൂദന്മാർ വന്നു കൂടി പുരുഷാരത്തെ വശത്താക്കി പൗലൊസിനെ കല്ലെറിഞ്ഞു; അവൻ മരിച്ചു എന്ന് വിചാരിച്ചിട്ട് അവനെ പട്ടണത്തിനു പുറത്തേക്ക് ഇഴച്ചുകളഞ്ഞു. എന്നാൽ ശിഷ്യന്മാർ അവനെ ചുറ്റിനില്ക്കയിൽ അവൻ എഴുന്നേറ്റു പട്ടണത്തിൽ ചെന്നു; പിറ്റന്നാൾ ബർന്നബാസിനോടുകൂടെ ദെർബ്ബയ്ക്കു പോയി.

അപ്പൊ. പ്രവൃത്തികൾ 14:1-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവർ ഒരുമിച്ച് ഇക്കോന്യയിൽ യെഹൂദന്മാരുടെ സുനഗോഗിൽ ചെന്നു പ്രസംഗിച്ചു. അവിടെയും അനേകം യെഹൂദന്മാരും ഗ്രീക്കുകാരും വിശ്വാസികളായിത്തീർന്നു. എന്നാൽ വിശ്വാസം നിരസിച്ച യെഹൂദന്മാർ വിജാതീയരെ പറഞ്ഞിളക്കി സഹോദരന്മാരുടെനേരെ ശത്രുത ജനിപ്പിച്ചു. എങ്കിലും അവർ കർത്താവിനെക്കുറിച്ചു ധീരതയോടെ പ്രസംഗിച്ചുകൊണ്ടു വളരെക്കാലം അവിടെ പാർത്തു. കർത്താവ് അവർ മുഖേന അദ്ഭുതങ്ങളും അടയാളങ്ങളും കാട്ടിക്കൊണ്ട് തന്റെ കൃപയുടെ സന്ദേശത്തിനു സാക്ഷ്യം വഹിച്ചു. പട്ടണത്തിലെ ജനസമൂഹം രണ്ടു പക്ഷമായി തിരിഞ്ഞു. ഒരു പക്ഷം യെഹൂദന്മാരുടെ കൂടെയും, അന്യപക്ഷം അപ്പോസ്തോലന്മാരുടെ കൂടെയും ചേർന്നു. വിജാതീയരും യെഹൂദന്മാരും അവരുടെ അധികാരികളുംകൂടി അപ്പോസ്തോലന്മാരെ അപമാനിക്കുവാനും കല്ലെറിയുവാനും ശ്രമിച്ചു. ഇതറിഞ്ഞ് അപ്പോസ്തോലന്മാർ അവിടെനിന്നു പലായനം ചെയ്തു. അവർ ലുക്കവോന്യയിലെ ലുസ്ത്ര, ദർബ എന്നീ പട്ടണങ്ങളിലും സമീപസ്ഥലങ്ങളിലും ചെന്ന്, ആ പ്രദേശങ്ങളിൽ സുവിശേഷം പ്രചരിപ്പിച്ചു. ലുസ്ത്രയിൽ കാലിനു സ്വാധീനമില്ലാത്ത ഒരാൾ ഉണ്ടായിരുന്നു. ജന്മനാ മുടന്തനായ അയാൾ ഒരിക്കലും നടന്നിട്ടില്ല. അയാൾ പൗലൊസിന്റെ പ്രസംഗം ശ്രദ്ധിച്ചുകേട്ടു. പൗലൊസ് അയാളെ സൂക്ഷിച്ചുനോക്കി, സൗഖ്യം പ്രാപിക്കുവാനുള്ള വിശ്വാസം അയാൾക്കുണ്ടെന്നു മനസ്സിലാക്കിയിട്ട്, “എഴുന്നേറ്റു കാലൂന്നി നിവർന്നു നില്‌ക്കുക” എന്ന് ഉച്ചസ്വരത്തിൽ ആജ്ഞാപിച്ചു. ഉടനെ അയാൾ ചാടിയെഴുന്നേറ്റു നടന്നു. പൗലൊസ് ചെയ്തതു കണ്ടപ്പോൾ “ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു” എന്നു ജനം ലുക്കവോന്യഭാഷയിൽ ശബ്ദമുയർത്തി പറഞ്ഞു. അവർ ബർനബാസിനെ സീയൂസ് അഥവാ ഇന്ദ്രൻ എന്നും മുഖ്യപ്രസംഗകനായിരുന്ന പൗലൊസിനെ ഹെർമിസ് അഥവാ ബുധൻ എന്നും വിളിച്ചു. പട്ടണത്തിന്റെ മുൻഭാഗത്ത് സീയൂസിന്റെ ഒരു ക്ഷേത്രമുണ്ടായിരുന്നു. അവിടത്തെ പൂജാരി ജനങ്ങളോടുചേർന്ന് അവർക്കു ബലിയർപ്പിക്കുന്നതിനായി കാളകളെ കൊണ്ടുവന്നു; അവയോടൊപ്പം പൂമാലകളും. അപ്പോസ്തോലന്മാരായ പൗലൊസും ബർനബാസും ഈ വിവരമറിഞ്ഞു വസ്ത്രം കീറിക്കൊണ്ട് ജനമധ്യത്തിലേക്ക് ഓടിച്ചെന്നു. “ഹേ മനുഷ്യരേ! നിങ്ങൾ എന്താണീ ചെയ്യുന്നത്? ഞങ്ങളും നിങ്ങളെപ്പോലെ മർത്ത്യസ്വഭാവമുള്ളവർ മാത്രമാണ്. ഈ വ്യർഥകാര്യങ്ങളിൽനിന്നു മാറി, ആകാശവും ഭൂമിയും സമുദ്രങ്ങളും അവയിലുള്ള സമസ്തവും സൃഷ്‍ടിച്ച, ജീവനുള്ള ദൈവത്തിലേക്കു നിങ്ങൾ തിരിയുന്നതിനുവേണ്ടി ഈ സദ്‍വാർത്ത നിങ്ങളെ അറിയിക്കുന്നതിനാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്. സകല ജനതകളെയും തങ്ങൾക്കിഷ്ടമുള്ള മാർഗങ്ങളിൽ ജീവിക്കുവാൻ പൂർവകാലങ്ങളിൽ ദൈവം അനുവദിച്ചു. എങ്കിലും അവിടുന്നു ചെയ്തരുളുന്ന നന്മകളാൽ ദൈവം തന്നെക്കുറിച്ചുള്ള സാക്ഷ്യം നിങ്ങൾക്കു നല്‌കിക്കൊണ്ടിരുന്നു. അവിടുന്നു മഴ പെയ്യിക്കുകയും, ഫലസമൃദ്ധി ഉളവാക്കുന്ന കാലങ്ങൾ നിങ്ങൾക്കു നല്‌കുകയും ചെയ്യുന്നു. അങ്ങനെ ആഹാരവും സന്തോഷവുംകൊണ്ടു നിങ്ങളെ സംതൃപ്തരാക്കുന്നുണ്ടല്ലോ.” ഇങ്ങനെ പറഞ്ഞുകൊണ്ട് തങ്ങൾക്കുവേണ്ടി യാഗം കഴിക്കുവാനുള്ള സംരംഭത്തിൽനിന്ന് അവർ ജനങ്ങളെ പണിപ്പെട്ട് പിൻതിരിപ്പിച്ചു. എന്നാൽ പിസിദ്യയിലെ അന്ത്യോക്യയിൽനിന്നും ഇക്കോന്യയിൽനിന്നും യെഹൂദന്മാർ അവിടെയെത്തി, ജനത്തെ വശീകരിച്ച് പൗലൊസിനെ കല്ലെറിഞ്ഞു. മരിച്ചെന്നു കരുതി അവർ അദ്ദേഹത്തെ പട്ടണത്തിന്റെ പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി. എന്നാൽ ശിഷ്യന്മാർ അദ്ദേഹത്തിന്റെ ചുറ്റുംകൂടി നിന്നപ്പോൾ അദ്ദേഹം എഴുന്നേറ്റു പട്ടണത്തിലേക്കു തിരിച്ചുചെന്നു; പിറ്റേദിവസം ബർനബാസിനോടുകൂടി ദർബയിലേക്കുപോയി.

അപ്പൊ. പ്രവൃത്തികൾ 14:1-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

പൗലോസും ബർന്നബാസും ഇക്കോന്യയിൽ യെഹൂദന്മാരുടെ പള്ളിയിൽ ചെന്നു യെഹൂദ്യരും യവനന്മാരും ആയ ജനമദ്ധ്യത്തിൽ വിശ്വാസം ഉളവാകത്തക്കവണ്ണം സംസാരിച്ചു. വിശ്വസിക്കാത്ത യെഹൂദന്മാരോ ജനതകളുടെ മനസ്സിൽ സഹോദരന്മാരുടെ നേരെ പകയും വിദ്വേഷവും ഉളവാക്കി. എന്നാൽ അവർ വളരെക്കാലം അവിടെ പാർത്ത് കർത്താവിൽ ആശ്രയിച്ച്, പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുകൊണ്ടിരുന്നു; കർത്താവോ തന്‍റെ കൃപയുടെ വചനത്തിന് സാക്ഷിനിന്ന്, അവരുടെ കയ്യാൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാൻ വരം നല്കി. എന്നാൽ പട്ടണത്തിലെ ഭൂരിഭാഗം ജനസമൂഹങ്ങളിലും ഭിന്നത ഉണ്ടായി ചിലർ യെഹൂദന്മാരുടെ പക്ഷത്തിലും ചിലർ അപ്പൊസ്തലന്മാരുടെ പക്ഷത്തിലും ആയി. പൗലോസിനെയും, ബർന്നബാസിനെയും പരിഹസിപ്പാനും കല്ലെറിയുവാനുമായി ജാതികളും യെഹൂദന്മാരും അവിടുത്തെ പ്രമാണികളോടുകൂടി ഒരു ആക്രമണം ഭാവിച്ചപ്പോൾ, അവർ അത് ഗ്രഹിച്ച് ലുസ്ത്ര, ദെർബ്ബ എന്ന ലുക്കവോന്യ പട്ടണങ്ങളിലേക്കും ചുറ്റുമുള്ള ദേശത്തിലേക്കും ഓടിപ്പോയി അവിടെ സുവിശേഷം അറിയിച്ചുപോന്നു. ലുസ്ത്രയിൽ അമ്മയുടെ ഗർഭംമുതൽ മുടന്തനായി ഒരിക്കലും നടന്നിട്ടില്ലാതെയും കാലിന് ശക്തിയില്ലാതെയും ഉള്ളൊരു പുരുഷൻ ഇരുന്നിരുന്നു. അവൻ പൗലൊസ് സംസാരിക്കുന്നത് കേട്ടു; പൗലോസ് അവനെ ഉറ്റുനോക്കി, സൗഖ്യം പ്രാപിക്കുവാൻ അവനിൽ വിശ്വാസമുണ്ട് എന്നു കണ്ടിട്ട്: ഉച്ചത്തിൽ “നീ എഴുന്നേറ്റ് കാലൂന്നി നിവർന്നുനിൽക്ക” എന്നു പറഞ്ഞു; അവൻ കുതിച്ചെഴുന്നേറ്റ് നടന്നു. പൗലൊസ് ചെയ്തത് പുരുഷാരം കണ്ടിട്ട്: ലുക്കവോന്യഭാഷയിൽ “ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു” എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. ബർന്നബാസിന് ഇന്ദ്രൻ എന്നും പൗലൊസ് മുഖ്യപ്രസംഗിയാകയാൽ അവനു ബുധൻ എന്നും പേർവിളിച്ചു. പട്ടണത്തിന്‍റെ മുമ്പിലുള്ള ഇന്ദ്രക്ഷേത്രത്തിലെ പുരോഹിതൻ കാളകളെയും പൂമാലകളെയും പ്രവേശനകവാടത്തിൽ കൊണ്ടുവന്ന് പുരുഷാരത്തോടുകൂടെ യാഗം കഴിക്കുവാൻ ഭാവിച്ചു. ഇത് അപ്പൊസ്തലന്മാരായ ബർന്നബാസും പൗലൊസും കേട്ടിട്ടു വസ്ത്രം കീറിക്കൊണ്ട് പുരുഷാരത്തിന്‍റെ ഇടയിലേക്ക് ഓടിച്ചെന്ന് നിലവിളിച്ചു പറഞ്ഞത്: “പുരുഷന്മാരേ, നിങ്ങൾ ഈ ചെയ്യുന്നത് എന്ത്? ഞങ്ങൾ നിങ്ങളേപ്പോലെ സമസ്വഭാവമുള്ള മനുഷ്യർ അത്രേ; നിങ്ങൾ ഈ വ്യർത്ഥകാര്യങ്ങളെ വിട്ട്, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലത്തേയും ഉളവാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്ക് തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോട് അറിയിക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ അവൻ സകലജനതകളെയും തങ്ങളുടെ വഴികളിൽ നടപ്പാൻ അനുവദിച്ചു. എങ്കിലും അവൻ നന്മചെയ്കയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്ക് തരികയും ആഹാരവും സന്തോഷവും നല്കി നിങ്ങളെ തൃപ്തരാക്കുകയും ചെയ്തുപോന്നതിനാൽ തന്നെക്കുറിച്ച് സാക്ഷ്യം തരാതിരുന്നിട്ടില്ല.” അവർ ഇങ്ങനെ ഉപദേശിച്ചുകൊണ്ട് തങ്ങൾക്ക് യാഗം കഴിക്കാതിരിക്കുവാനായി പുരുഷാരത്തെ പ്രയാസത്തോടെ തടുത്തു. എന്നാൽ അന്ത്യൊക്യയിൽ നിന്നും ഇക്കോന്യയിൽ നിന്നും യെഹൂദന്മാർ ലുസ്ത്രയിൽ വന്നുകൂടി പുരുഷാരത്തെ വശത്താക്കി പൗലൊസിനെ കല്ലെറിഞ്ഞു; അവൻ മരിച്ചു എന്നു വിചാരിച്ചിട്ട് അവനെ പട്ടണത്തിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. എന്നാൽ ശിഷ്യന്മാർ അവനെ ചുറ്റിനിൽക്കയിൽ അവൻ എഴുന്നേറ്റ് പട്ടണത്തിൽ ചെന്നു; പിറ്റെന്നാൾ ബർന്നബാസിനോടുകൂടെ ദെർബ്ബയ്ക്ക് പോയി.

അപ്പൊ. പ്രവൃത്തികൾ 14:1-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഇക്കോന്യയിൽ അവർ ഒരുമിച്ചു യെഹൂദന്മാരുടെ പള്ളിയിൽ ചെന്നു യെഹൂദന്മാരിലും യവനന്മാരിലും വലിയോരു പുരുഷാരം വിശ്വസിപ്പാൻ തക്കവണ്ണം സംസാരിച്ചു. വിശ്വസിക്കാത്ത യെഹൂദന്മാരോ ജാതികളുടെ മനസ്സു സഹോദരന്മാരുടെ നേരെ ഇളക്കി വഷളാക്കി. എന്നാൽ അവർ വളരെക്കാലം അവിടെ പാർത്തു, കർത്താവിൽ ആശ്രയിച്ചു പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുകൊണ്ടിരുന്നു; അവൻ തന്റെ കൃപയുടെ വചനത്തിന്നു സാക്ഷിനിന്നു, അവരുടെ കയ്യാൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാൻ വരം നല്കി. എന്നാൽ പട്ടണത്തിലെ ജനസമൂഹം ഭിന്നിച്ചു ചിലർ യെഹൂദന്മാരുടെ പക്ഷത്തിലും ചിലർ അപ്പൊസ്തലന്മാരുടെ പക്ഷത്തിലും ആയി. അവരെ അവമാനിപ്പാനും കല്ലെറിവാനും ജാതികളും യെഹൂദന്മാരും അവിടത്തെ പ്രമാണികളോടുകൂടി ഒരു ആക്രമം ഭാവിച്ചപ്പോൾ അവർ അതു ഗ്രഹിച്ചു ലുസ്ത്ര, ദെർബ്ബ എന്ന ലുക്കവോന്യപട്ടണങ്ങളിലേക്കും ചുറ്റുമുള്ള ദേശത്തിലേക്കും ഓടിപ്പോയി അവിടെ സുവിശേഷം അറിയിച്ചുപോന്നു. ലുസ്ത്രയിൽ അമ്മയുടെ ഗർഭംമുതൽ മുടന്തനായി ഒരിക്കലും നടന്നിട്ടില്ലാതെയും കാലിന്നു ശക്തിയില്ലാതെയും ഉള്ളോരു പുരുഷൻ ഇരുന്നിരുന്നു. അവൻ പൗലൊസ് സംസാരിക്കുന്നതു കേട്ടു; അവൻ അവനെ ഉറ്റു നോക്കി, സൗഖ്യം പ്രാപിപ്പാൻ അവന്നു വിശ്വാസമുണ്ടു എന്നു കണ്ടിട്ടു: നീ എഴുന്നേറ്റു കാലൂന്നി നിവിർന്നുനിൽക്ക എന്നു ഉറക്കെ പറഞ്ഞു; അവൻ കുതിച്ചെഴുന്നേറ്റു നടന്നു പൗലൊസ് ചെയ്തതു പുരുഷാരം കണ്ടിട്ടു: ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു എന്നു ലുക്കവോന്യഭാഷയിൽ നിലവിളിച്ചു പറഞ്ഞു. ബർന്നബാസിന്നു ഇന്ദ്രൻ എന്നും പൗലൊസ് മുഖ്യപ്രസംഗിയാകയാൽ അവന്നു ബുധൻ എന്നു പേർവിളിച്ചു. പട്ടണത്തിന്റെ മുമ്പിലുള്ള ഇന്ദ്രക്ഷേത്രത്തിലെ പുരോഹിതൻ കാളകളെയും പൂമാലകളെയും ഗോപുരത്തിങ്കൽ കൊണ്ടുവന്നു പുരുഷാരത്തോടുകൂടെ യാഗം കഴിപ്പാൻ ഭാവിച്ചു. ഇതു അപ്പൊസ്തലന്മാരായ ബർന്നബാസും പൗലൊസും കേട്ടിട്ടു വസ്ത്രം കീറിക്കൊണ്ടു പുരുഷാരത്തിന്റെ ഇടയിലേക്കു ഓടിച്ചെന്നു നിലവിളിച്ചു പറഞ്ഞതു: പുരുഷന്മാരേ, നിങ്ങൾ ഈ ചെയ്യുന്നതു എന്തു? ഞങ്ങൾ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യർ അത്രെ; നിങ്ങൾ ഈ വ്യർത്ഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോടു അറിയിക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ അവൻ സകലജാതികളെയും സ്വന്ത വഴികളിൽ നടപ്പാൻ സമ്മതിച്ചു. എങ്കിലും അവൻ നന്മചെയ്കയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്കു തരികയും ആഹാരവും സന്തോഷവും നല്കി നിങ്ങളെ തൃപ്തരാക്കുകയും ചെയ്തുപോന്നതിനാൽ തന്നെക്കുറിച്ചു സാക്ഷ്യം തരാതിരുന്നിട്ടില്ല. അവർ ഇങ്ങനെ പറഞ്ഞു തങ്ങൾക്കു യാഗം കഴിക്കാതവണ്ണം പുരുഷാരത്തെ പ്രയാസത്തോടെ തടുത്തു. എന്നാൽ അന്ത്യൊക്ക്യയിൽ നിന്നും ഇക്കോന്യയിൽ നിന്നും യെഹൂദന്മാർ വന്നു കൂടി പുരുഷാരത്തെ വശത്താക്കി പൗലൊസിനെ കല്ലെറിഞ്ഞു; അവൻ മരിച്ചു എന്നു വിചാരിച്ചിട്ടു അവനെ പട്ടണത്തിന്നു പുറത്തേക്കു ഇഴെച്ചു കളഞ്ഞു. എന്നാൽ ശിഷ്യന്മാർ അവനെ ചുറ്റിനിൽക്കയിൽ അവൻ എഴുന്നേറ്റു പട്ടണത്തിൽ ചെന്നു; പിറ്റെന്നാൾ ബർന്നബാസിനോടുകൂടെ ദെർബ്ബെക്കു പോയി.

അപ്പൊ. പ്രവൃത്തികൾ 14:1-20 സമകാലിക മലയാളവിവർത്തനം (MCV)

ഒരു ശബ്ബത്തുനാളിൽ പൗലോസും ബർന്നബാസും ഒരുമിച്ച് ഇക്കോന്യയിലുള്ള യെഹൂദരുടെ പള്ളിയിൽ ചെന്നു. അവർ അവിടെ ശക്തിയോടെ പ്രസംഗിച്ചു; യെഹൂദരും ഗ്രീക്കുകാരുമായ നിരവധി ആളുകൾ (കർത്താവായ യേശുവിൽ) വിശ്വസിക്കുകയും ചെയ്തു. എന്നാൽ, വിശ്വസിക്കാതിരുന്ന യെഹൂദർ പൗലോസിനോടും ബർന്നബാസിനോടും യെഹൂദേതരരുടെ മനസ്സുകളിൽ കഠിനവിദ്വേഷമുണ്ടാക്കി. അവർക്കെതിരേ യെഹൂദേതരരെ ഇളക്കിവിട്ടു. എങ്കിലും പൗലോസും ബർന്നബാസും കർത്താവിനുവേണ്ടി സധൈര്യം പ്രസംഗിച്ചുകൊണ്ടു വളരെനാൾ അവിടെ ചെലവഴിച്ചു. ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കാൻ കർത്താവ് അവർക്ക് ശക്തിനൽകിക്കൊണ്ട് തന്റെ കൃപയുടെ സന്ദേശത്തിന്റെ ആധികാരികത തെളിയിച്ചു. പട്ടണത്തിലെ ജനങ്ങൾ ഭിന്നിച്ചു; ചിലർ യെഹൂദാപക്ഷത്തും മറ്റുള്ളവർ അപ്പൊസ്തലന്മാരുടെ പക്ഷത്തും ചേർന്നു. യെഹൂദേതരരും യെഹൂദരുമായ ചിലർ അവരുടെ നേതാക്കന്മാരോടുകൂടെ അപ്പൊസ്തലന്മാരെ ഉപദ്രവിക്കാനും കല്ലെറിയാനും ഗൂഢാലോചന നടത്തി. എന്നാൽ അപ്പൊസ്തലന്മാർ അതു മനസ്സിലാക്കി. ലുസ്ത്ര, ദെർബ എന്നീ ലുക്കവോന്യ പട്ടണങ്ങളിലേക്കും അവയുടെ സമീപപ്രദേശങ്ങളിലേക്കും ഓടി രക്ഷപ്പെട്ടു. അവിടെയും അവർ സുവിശേഷം അറിയിക്കുന്നത് തുടർന്നു. ലുസ്ത്രയിൽ ജന്മനാ മുടന്തനും ഒരിക്കലും നടന്നിട്ടില്ലാത്തവനുമായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അയാൾ പൗലോസിന്റെ വാക്കുകൾ ശ്രദ്ധിച്ചുകേട്ടു. പൗലോസ് അയാളെ സൂക്ഷിച്ചുനോക്കി. സൗഖ്യംപ്രാപിക്കാനുള്ള വിശ്വാസമുണ്ടെന്നു മനസ്സിലാക്കിയിട്ട്, “എഴുന്നേറ്റു നിന്റെ കാലുറപ്പിച്ചു നിൽക്കുക” എന്ന് ഉച്ചസ്വരത്തിൽ പറഞ്ഞു. അപ്പോൾത്തന്നെ ആ മനുഷ്യൻ ചാടിയെഴുന്നേറ്റു നടന്നുതുടങ്ങി. പൗലോസ് ചെയ്തതുകണ്ട ജനക്കൂട്ടം, “ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ ഇടയിൽ ഇറങ്ങിവന്നിരിക്കുന്നു!” എന്നു ലുക്കവോന്യ ഭാഷയിൽ വിളിച്ചുപറഞ്ഞു. ബർന്നബാസിനെ അവർ സീയൂസ് എന്നും പൗലോസ് മുഖ്യപ്രസംഗകൻ ആയിരുന്നതിനാൽ അദ്ദേഹത്തെ ഹെർമെസ് എന്നും വിളിച്ചു. നഗരത്തിനു തൊട്ടുവെളിയിലുള്ള സീയൂസ് ക്ഷേത്രത്തിലെ പുരോഹിതനും ജനങ്ങളും അവർക്കു യാഗം അർപ്പിക്കാൻ നിശ്ചയിച്ച് യാഗത്തിനായി കാളകൾ, പൂമാലകൾ എന്നിവ നഗരകവാടത്തിൽ കൊണ്ടുവന്നു. അപ്പൊസ്തലന്മാരായ ബർന്നബാസും പൗലോസും ഇതേപ്പറ്റി കേട്ടപ്പോൾ തങ്ങളുടെ വസ്ത്രംകീറിക്കൊണ്ട് ജനക്കൂട്ടത്തിലേക്ക് ഓടിച്ചെന്ന് ഇങ്ങനെ വിളിച്ചുപറഞ്ഞു: “സ്നേഹിതരേ, നിങ്ങളെന്താണു ചെയ്യുന്നത്? ഞങ്ങളും നിങ്ങളെപ്പോലെ വെറും മനുഷ്യരാണ്. നിങ്ങൾ ഈ നിരർഥകാര്യങ്ങൾ ഉപേക്ഷിച്ച് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ച ജീവനുള്ള ദൈവത്തിലേക്കു തിരിയണമെന്നുള്ള സുവിശേഷം അറിയിക്കാനാണ് ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നത്. പൂർവകാലങ്ങളിൽ ദൈവം ജനതകളെയെല്ലാം സ്വന്തം വഴികളിൽ നടക്കാൻ അനുവദിച്ചു. എങ്കിലും ദൈവം മനുഷ്യർക്കു ചെയ്യുന്ന നന്മകളാൽ തന്നെക്കുറിച്ചുള്ള സാക്ഷ്യം മുദ്രണംചെയ്തിട്ടുണ്ട്: യഥാകാലം ആകാശത്തുനിന്നു മഴപെയ്യിക്കുകയും നിങ്ങൾക്കു വിളവുകൾ നൽകുകയുംചെയ്യുന്നു. അവിടന്ന് നിങ്ങൾക്കു സമൃദ്ധമായി ഭക്ഷണം നൽകുന്നു. നിങ്ങളുടെ ഹൃദയത്തെ ആനന്ദംകൊണ്ടു നിറയ്ക്കുന്നു.” ഇത്രയൊക്കെ പറഞ്ഞിട്ടും അവർക്കു യാഗംകഴിക്കുന്നതിൽനിന്ന് ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാൻ പൗലോസിനും ബർന്നബാസിനും പിന്നെയും പാടുപെടേണ്ടിവന്നു. പിന്നീട് അന്ത്യോക്യയിൽനിന്നും ഇക്കോന്യയിൽനിന്നും ചില യെഹൂദർ വന്ന് ജനക്കൂട്ടത്തെ അവരുടെ വശത്താക്കി. അവർ പൗലോസിനെ കല്ലെറിഞ്ഞു. മരിച്ചെന്നു കരുതി അദ്ദേഹത്തെ വലിച്ചിഴച്ച് പട്ടണത്തിനുവെളിയിൽ കളഞ്ഞു. എന്നാൽ ശിഷ്യന്മാർ തനിക്കുചുറ്റും വന്നുകൂടിയപ്പോൾ അദ്ദേഹം എഴുന്നേറ്റുനിന്നു; പട്ടണത്തിലേക്കു തിരികെപ്പോയി. അടുത്തദിവസം പൗലോസും ബർന്നബാസും ദെർബയിലേക്കു യാത്രയായി.