അപ്പൊ. പ്രവൃത്തികൾ 13:5-16
അപ്പൊ. പ്രവൃത്തികൾ 13:5-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സലമീസിൽ ചെന്നു യെഹൂദന്മാരുടെ പള്ളിയിൽ ദൈവവചനം അറിയിച്ചു. യോഹന്നാൻ അവർക്കു ഭൃത്യനായിട്ട് ഉണ്ടായിരുന്നു. അവർ ദ്വീപിൽകൂടി പാഫൊസ്‍വരെ ചെന്നപ്പോൾ ബർയേശു എന്നു പേരുള്ള യെഹൂദനായി കള്ളപ്രവാചകനായൊരു വിദ്വാനെ കണ്ടു. അവൻ ബുദ്ധിമാനായ സെർഗ്ഗ്യൊസ് പൗലൊസ് എന്ന ദേശാധിപതിയോടുകൂടെ ആയിരുന്നു; അവൻ ബർന്നബാസിനെയും ശൗലിനെയും വരുത്തി ദൈവവചനം കേൾപ്പാൻ ആഗ്രഹിച്ചു. എന്നാൽ എലീമാസ് എന്ന വിദ്വാൻ -ഇതാകുന്നു അവന്റെ പേരിന്റെ അർഥം- അവരോട് എതിർത്തുനിന്നു ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാൻ ശ്രമിച്ചു. അപ്പോൾ പൗലൊസ് എന്നു പേരുള്ള ശൗൽ പരിശുദ്ധാത്മപൂർണനായി അവനെ ഉറ്റുനോക്കി: ഹേ! സകല കപടവും സകല ധൂർത്തും നിറഞ്ഞവനേ, പിശാചിന്റെ മകനേ, സർവനീതിയുടെയും ശത്രുവേ, കർത്താവിന്റെ നേർവഴികളെ മറിച്ചുകളയുന്നത് നീ മതിയാക്കുകയില്ലയോ? ഇപ്പോൾ കർത്താവിന്റെ കൈ നിന്റെമേൽ വീഴും; നീ ഒരു സമയത്തേക്കു സൂര്യനെ കാണാതെ കുരുടനായിരിക്കും എന്നു പറഞ്ഞു. ഉടനെ ഒരു തിമിരവും ഇരുട്ടും അവന്റെമേൽ വീണു; കൈ പിടിച്ചു നടത്തുന്നവരെ തിരഞ്ഞുകൊണ്ട് അവൻ തപ്പിനടന്നു. ഈ ഉണ്ടായത് ദേശാധിപതി കണ്ടിട്ടു കർത്താവിന്റെ ഉപദേശത്തിൽ വിസ്മയിച്ചു വിശ്വസിച്ചു. പൗലൊസും കൂടെയുള്ളവരും പാഫൊസിൽനിന്നു കപ്പൽ നീക്കി, പംഫുല്യാദേശത്തിലെ പെർഗെരുക്കു ചെന്നു. അവിടെവച്ചു യോഹന്നാൻ അവരെ വിട്ടുപിരിഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോയി. അവരോ പെർഗ്ഗയിൽനിന്നു പുറപ്പെട്ടു പിസിദ്യാദേശത്തിലെ അന്ത്യൊക്യയിൽ എത്തി ശബ്ബത്ത്നാളിൽ പള്ളിയിൽ ചെന്ന് ഇരുന്നു. ന്യായപ്രമാണവും പ്രവാചകങ്ങളും വായിച്ചുതീർന്നപ്പോൾ പള്ളിപ്രമാണികൾ അവരുടെ അടുക്കൽ ആളയച്ചു: സഹോദരന്മാരേ, നിങ്ങൾക്കു ജനത്തോടു പ്രബോധനം വല്ലതും ഉണ്ടെങ്കിൽ പറവിൻ എന്നു പറയിച്ചു. പൗലൊസ് എഴുന്നേറ്റ് ആംഗ്യം കാട്ടി പറഞ്ഞത്: യിസ്രായേൽപുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളോരേ, കേൾപ്പിൻ.
അപ്പൊ. പ്രവൃത്തികൾ 13:5-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സലമീസിൽ എത്തിയപ്പോൾ അവർ യെഹൂദന്മാരുടെ സുനഗോഗിൽ ചെന്നു ദൈവവചനം പ്രഘോഷിച്ചു. ഈ യാത്രയിൽ യോഹന്നാൻ അവരുടെ സഹായി ആയിരുന്നു. അവർ സൈപ്രസ്ദ്വീപിൽ ഉടനീളം സഞ്ചരിച്ചു പാഫോസ്‍വരെ എത്തിയപ്പോൾ ബർയേശു എന്നൊരു മാന്ത്രികനെ കണ്ടു. യെഹൂദനായ അയാൾ ഒരു കള്ളപ്രവാചകനായിരുന്നു. സെർഗ്യൊസ് പൗലൊസ് എന്ന ബുദ്ധിമാനായ ദേശാധിപതിയോടുകൂടിയാണ് അയാൾ കഴിഞ്ഞിരുന്നത്. ബർനബാസിനെയും ശൗലിനെയും വിളിച്ചുവരുത്തി ദൈവവചനം കേൾക്കുവാൻ ദേശാധിപതി ആഗ്രഹിച്ചു. എന്നാൽ മാന്ത്രികനായ എലീമാസ്-ഗ്രീക്കിൽ എലീമാസ് എന്ന പേരിന്റെ അർഥം മാന്ത്രികൻ എന്നാണ്. അവരെ എതിർക്കുകയും വിശ്വാസം സ്വീകരിക്കുന്നതിൽനിന്നു ദേശാധിപതിയെ പിൻതിരിപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്തു. അപ്പോൾ പൗലൊസ് എന്ന പേരിലും വിളിക്കപ്പെട്ടിരുന്ന ശൗൽ പരിശുദ്ധാത്മാവിന്റെ പൂർണമായ ശക്തിയോടുകൂടി അയാളെ സൂക്ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു: “ഹേ, പിശാചിന്റെ മകനേ, സകല നീതിയുടെയും ശത്രുവേ, നീ എല്ലാവിധ ദ്രോഹവും കപടതന്ത്രവും നിറഞ്ഞവനാണ്! ദൈവത്തിന്റെ നേർവഴികൾ വക്രമാക്കുന്നതിൽനിന്നു നീ വിരമിക്കുകയില്ലേ? ഇതാ നോക്കൂ! ദൈവത്തിന്റെ കൈ നിന്റെമേൽ പതിക്കും; കുറെ സമയത്തേക്കു സൂര്യനെ കാണാതെ നീ അന്ധനായിരിക്കും.” തൽക്ഷണം അയാളുടെ കണ്ണിനു തിമിരം ബാധിച്ചു, ഇരുൾ അയാളെ മൂടി. തന്നെ കൈപിടിച്ചു നടത്തുന്നതിന് അയാൾ മറ്റുള്ളവരുടെ സഹായം തേടി. ദേശാധിപതി ഇതു കണ്ടപ്പോൾ കർത്താവിനെക്കുറിച്ചു കേട്ട പ്രബോധനത്തിൽ വിസ്മയഭരിതനാകുകയും വിശ്വാസം സ്വീകരിക്കുകയും ചെയ്തു. പൗലൊസും സഹയാത്രികരും പാഫോസിൽനിന്നു കപ്പൽകയറി പംഫുല്യയിൽ പെർഗ്ഗ എന്ന സ്ഥലത്തെത്തി. അവിടെവച്ച് യോഹന്നാൻ അവരെ വിട്ടുപിരിഞ്ഞ് യെരൂശലേമിലേക്കു മടങ്ങിപ്പോയി. അവർ പെർഗ്ഗയിൽനിന്നു പിസിദ്യയിലെ അന്ത്യോക്യയിലെത്തി; ശബത്തുദിവസം അവിടത്തെ സുനഗോഗിൽ ചെന്ന് ഇരുന്നു. മോശയുടെ ധർമശാസ്ത്രത്തിൽനിന്നും പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളിൽനിന്നും വായിച്ചു കഴിഞ്ഞ്, സുനഗോഗിന്റെ അധികാരികൾ അവരുടെ അടുക്കൽ ആളയച്ച് സഹോദരന്മാരേ, നിങ്ങൾക്ക് ഇവിടത്തെ ജനങ്ങളെ ഉദ്ബോധിപ്പിക്കുവാൻ എന്തെങ്കിലുമുണ്ടെങ്കിൽ പറയുക” എന്നു പറയിച്ചു. പൗലൊസ് എഴുന്നേറ്റ് ആംഗ്യം കാണിച്ചു കൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു: “ഇസ്രായേൽജനങ്ങളേ, ഇസ്രായേലിന്റെ ദൈവത്തെ ഭജിക്കുന്നവരേ, ഇതു ശ്രദ്ധിക്ക
അപ്പൊ. പ്രവൃത്തികൾ 13:5-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സലമീസിൽ ചെന്നു യെഹൂദന്മാരുടെ പള്ളിയിൽ ദൈവവചനം അറിയിച്ചു. യോഹന്നാൻ അവർക്ക് സഹായി ആയിട്ടുണ്ടായിരുന്നു. അവർ മൂവരും ദ്വീപിൽകൂടി പാഫൊസ് വരെ ചെന്നപ്പോൾ ബർയേശു എന്നു പേരുള്ള യെഹൂദനായ കള്ളപ്രവാചകനായൊരു വിദ്വാനെ കണ്ടു. അവൻ ബുദ്ധിമാനായ സെർഗ്ഗ്യൊസ് പൗലൊസ് എന്ന ദേശാധിപതിയോട് കൂടെ ആയിരുന്നു. സെർഗ്ഗ്യൊസ് പൗലൊസ് ബർന്നബാസിനെയും ശൗലിനെയും വരുത്തി ദൈവവചനം കേൾക്കുവാൻ ആഗ്രഹിച്ചു. എന്നാൽ എലീമാസ് എന്ന ആഭിചാരകൻ (അവന്‍റെ പേരിന്റെ അർത്ഥം ഇതാണ്) അവരോട് എതിർത്തുനിന്ന് ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാൻ ശ്രമിച്ചു. അപ്പോൾ പൗലൊസ് എന്നും പേരുള്ള ശൗല്‍ പരിശുദ്ധാത്മപൂർണ്ണനായി അവനെ ഉറ്റുനോക്കി: “ഹേ സകലകപടവും സകല ദുഷ്ടതയും നിറഞ്ഞവനേ, പിശാചിന്റെ മകനേ, സർവ്വനീതിയുടെയും ശത്രുവേ, കർത്താവിന്റെ നേർവഴികളെ മറിച്ചുകളയുന്നതിനുള്ള ശ്രമം നീ മതിയാക്കുകയില്ലയോ? ഇപ്പോൾ കർത്താവിന്‍റെ കരം നിന്നിൽ പതിക്കും; നീ ഒരു സമയത്തേക്ക് സൂര്യനെ കാണാതെ കുരുടനായിരിക്കും” എന്നു പറഞ്ഞു. ഉടൻ തന്നെ ഒരു തിമിരവും ഇരുട്ടും അവന്റെമേൽ വീണു; കൈ പിടിച്ച് നടത്തുന്നവരെ തിരഞ്ഞുകൊണ്ട് അവൻ തപ്പിനടന്നു. ഈ ഉണ്ടായത് ദേശാധിപതി കണ്ടിട്ട് ആശ്ചര്യപ്പെടുകയും കർത്താവിന്‍റെ ഉപദേശത്തിൽ വിസ്മയിക്കുകയും, വിശ്വസിക്കുകയും ചെയ്തു. പൗലൊസും കൂടെയുള്ളവരും പാഫൊസിൽനിന്ന് കപ്പൽ നീക്കി, പംഫുല്യാദേശത്തിലെ പെർഗ്ഗയ്ക്ക് ചെന്നു. അവിടെവച്ച് യോഹന്നാൻ അവരെ വിട്ടുപിരിഞ്ഞ് യെരൂശലേമിലേക്കു മടങ്ങിപ്പോയി. അവരോ പെർഗ്ഗയിൽനിന്ന് പുറപ്പെട്ടു പിസിദ്യാദേശത്തിലെ അന്ത്യൊക്യയിൽ എത്തി ശബ്ബത്ത് നാളിൽ യഹൂദന്മാരുടെ പള്ളിയിൽ ചെന്നു ഇരുന്നു. ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും വായിച്ചുതീർന്നപ്പോൾ പള്ളിപ്രമാണികൾ അവരുടെ അടുക്കൽ ആളയച്ചു: “സഹോദരന്മാരേ, നിങ്ങൾക്ക് ജനത്തോട് സന്ദേശം വല്ലതും പ്രബോധിപ്പാൻ ഉണ്ടെങ്കിൽ അറിയിക്കാം” എന്നു പറഞ്ഞു. പൗലൊസ് എഴുന്നേറ്റ് ആംഗ്യം കാട്ടി നിർദ്ദേശിച്ചത്: “യിസ്രായേൽ പുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളോരേ, ശ്രദ്ധിപ്പിൻ.
അപ്പൊ. പ്രവൃത്തികൾ 13:5-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സലമീസിൽ ചെന്നു യെഹൂദന്മാരുടെ പള്ളിയിൽ ദൈവവചനം അറിയിച്ചു. യോഹന്നാൻ അവർക്കു ഭൃത്യനായിട്ടു ഉണ്ടായിരുന്നു. അവർ ദ്വീപിൽകൂടി പാഫൊസ് വരെ ചെന്നപ്പോൾ ബർയേശു എന്നു പേരുള്ള യെഹൂദനായി കള്ള പ്രവാചകനായോരു വിദ്വാനെ കണ്ടു. അവൻ ബുദ്ധിമാനായ സെർഗ്ഗ്യൊസ് പൗലൊസ് എന്ന ദേശാധിപതിയോടു കൂടെ ആയിരുന്നു; അവൻ ബർന്നബാസിനെയും ശൗലിനെയും വരുത്തി ദൈവവചനം കേൾപ്പാൻ ആഗ്രഹിച്ചു. എന്നാൽ എലീമാസ് എന്ന വിദ്വാൻ - ഇതാകുന്നു അവന്റെ പേരിന്റെ അർത്ഥം - അവരോടു എതിർത്തുനിന്നു ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാൻ ശ്രമിച്ചു. അപ്പോൾ പൗലൊസ് എന്നും പേരുള്ള ശൗൽ പരിശുദ്ധാത്മപൂർണ്ണനായി അവനെ ഉറ്റുനോക്കി: ഹേ സകലകപടവും സകല ധൂർത്തും നിറഞ്ഞവനേ, പിശാചിന്റെ മകനേ, സർവ നീതിയുടെയും ശത്രുവേ, കർത്താവിന്റെ നേർവഴികളെ മറിച്ചുകളയുന്നത് നീ മതിയാക്കുകയില്ലയോ? ഇപ്പോൾ കർത്താവിന്റെ കൈ നിന്റെ മേൽ വീഴും; നീ ഒരു സമയത്തേക്കു സൂര്യനെ കാണാതെ കുരുടനായിരിക്കും എന്നു പറഞ്ഞു. ഉടനെ ഒരു തിമിരവും ഇരുട്ടും അവന്റെ മേൽ വീണു; കൈപിടിച്ചു നടത്തുന്നവരെ തിരഞ്ഞുകൊണ്ടു അവൻ തപ്പിനടന്നു. ഈ ഉണ്ടായത് ദേശാധിപതി കണ്ടിട്ടു കർത്താവിന്റെ ഉപദേശത്തിൽ വിസ്മയിച്ചു വിശ്വസിച്ചു. പൗലൊസും കൂടെയുള്ളവരും പാഫൊസിൽനിന്നു കപ്പൽ നീക്കി, പംഫുല്യാദേശത്തിലെ പെർഗ്ഗെക്കു ചെന്നു. അവിടെവെച്ചു യോഹന്നാൻ അവരെ വിട്ടുപിരിഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോയി. അവരോ പെർഗ്ഗയിൽനിന്നു പുറപ്പെട്ടു പിസിദ്യാദേശത്തിലെ അന്ത്യൊക്ക്യയിൽ എത്തി ശബ്ബത്ത് നാളിൽ പള്ളിയിൽ ചെന്നു ഇരുന്നു. ന്യായപ്രമാണവും പ്രവാചകങ്ങളും വായിച്ചുതീർന്നപ്പോൾ പള്ളിപ്രമാണികൾ അവരുടെ അടുക്കൽ ആളയച്ചു: സഹോദരന്മാരേ, നിങ്ങൾക്കു ജനത്തോടു പ്രബോധനം വല്ലതും ഉണ്ടെങ്കിൽ പറവിൻ എന്നു പറയിച്ചു. പൗലൊസ് എഴുന്നേറ്റു ആംഗ്യം കാട്ടി പറഞ്ഞതു: യിസ്രായേൽ പുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളോരെ, കേൾപ്പിൻ.
അപ്പൊ. പ്രവൃത്തികൾ 13:5-16 സമകാലിക മലയാളവിവർത്തനം (MCV)
അവിടെ സലമീസ് എന്ന പട്ടണത്തിൽ എത്തി. അവർ യെഹൂദപ്പള്ളികളിൽ ദൈവവചനം പ്രസംഗിച്ചു. യോഹന്നാൻ അവർക്കു സഹായിയായി ഉണ്ടായിരുന്നു. അവർ ദ്വീപിൽ എല്ലായിടത്തും സഞ്ചരിച്ച് ഒടുവിൽ പാഫോസ് നഗരത്തിലെത്തി. അവിടെ ബർയേശു എന്നു പേരുള്ള വ്യാജപ്രവാചകനായ ഒരു യെഹൂദമന്ത്രവാദിയെ കണ്ടുമുട്ടി. അയാൾ സെർഗിയോസ് പൗലോസ് എന്ന ഭരണാധികാരിയുടെ സുഹൃത്തായിരുന്നു. ബുദ്ധിമാനായിരുന്ന ഭരണാധികാരി ദൈവവചനം കേൾക്കാൻ ആഗ്രഹിച്ച് ബർന്നബാസിനെയും ശൗലിനെയും വിളിച്ചുവരുത്തി. എന്നാൽ “എലീമാസ്,” എന്ന ആ മന്ത്രവാദി (ഗ്രീക്കുകാർക്കിടയിൽ അയാൾ അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്) അവരെ എതിർക്കുകയും ഭരണാധികാരിയെ വിശ്വാസത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. അപ്പോൾ പൗലോസ് എന്നുകൂടെ പേരുള്ള ശൗൽ പരിശുദ്ധാത്മാവു നിറഞ്ഞവനായി എലീമാസിനെ ഉറ്റുനോക്കി ഇങ്ങനെ പറഞ്ഞു, “പിശാചിന്റെ മകനേ, എല്ലാ നന്മയുടെയും ശത്രുവേ, സകലവിധ വഞ്ചനയും കൗശലവും നിന്നിൽ നിറഞ്ഞിരിക്കുന്നു. കർത്താവിന്റെ നേർപാതകൾ വികലമാക്കുന്നതു നീ നിർത്തുകയില്ലേ? ഇപ്പോഴിതാ, കർത്താവിന്റെ കരം നിനക്കു വിരോധമായിരിക്കുന്നു. കുറെക്കാലത്തേക്കു നീ അന്ധനായി, സൂര്യന്റെ പ്രകാശംപോലും കാണാൻ കഴിയാത്തവനായിരിക്കും.” ഉടൻതന്നെ ഇരുട്ടും ഒരു മൂടലും അയാളുടെ കണ്ണുകളെ ആവരണംചെയ്തു. ആരെങ്കിലും തന്നെ കൈപിടിച്ചു നടത്താൻ അപേക്ഷിച്ചുകൊണ്ട് അയാൾ തപ്പിത്തടഞ്ഞു. ഈ സംഭവിച്ചതുകണ്ട് വിസ്മയഭരിതനായി ഭരണാധികാരി കർത്താവിന്റെ ഉപദേശത്തിൽ വിശ്വസിച്ചു. പൗലോസും കൂടെയുള്ളവരും പാഫോസിൽനിന്ന് കപ്പൽകയറി പംഫുല്യയിലെ പെർഗയിൽ എത്തി. യോഹന്നാൻ അവരെ വിട്ട് അവിടെനിന്ന് ജെറുശലേമിലേക്കു മടങ്ങി. അവർ പെർഗയിൽനിന്ന് യാത്രപുറപ്പെട്ട് പിസിദ്യയിലെ അന്ത്യോക്യയിൽ വന്നുചേർന്നു. ശബ്ബത്തുദിവസം അവർ യെഹൂദപ്പള്ളിയിൽച്ചെന്ന് അവിടെ ഇരുന്നു. ന്യായപ്രമാണത്തിൽനിന്നും പ്രവാചകപുസ്തകങ്ങളിൽനിന്നുമുള്ള വായനയ്ക്കുശേഷം പള്ളിമുഖ്യന്മാർ അവരോട്, “സഹോദരന്മാരേ, ജനത്തിനു നൽകാൻ വല്ല പ്രബോധനവചനം നിങ്ങൾക്കുണ്ടെങ്കിൽ സംസാരിച്ചാലും” എന്നറിയിച്ചു. പൗലോസ് എഴുന്നേറ്റുനിന്ന് ആംഗ്യം കാട്ടിക്കൊണ്ട് ഇപ്രകാരം സംസാരിച്ചു: “ഇസ്രായേൽജനമേ, ദൈവഭക്തരേ, എന്റെ വാക്കുകൾ ശ്രദ്ധിച്ചുകേൾക്കുക.