അപ്പൊ. പ്രവൃത്തികൾ 13:13-52

അപ്പൊ. പ്രവൃത്തികൾ 13:13-52 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പൗലൊസും കൂടെയുള്ളവരും പാഫൊസിൽനിന്നു കപ്പൽ നീക്കി, പംഫുല്യാദേശത്തിലെ പെർഗെരുക്കു ചെന്നു. അവിടെവച്ചു യോഹന്നാൻ അവരെ വിട്ടുപിരിഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോയി. അവരോ പെർഗ്ഗയിൽനിന്നു പുറപ്പെട്ടു പിസിദ്യാദേശത്തിലെ അന്ത്യൊക്യയിൽ എത്തി ശബ്ബത്ത്നാളിൽ പള്ളിയിൽ ചെന്ന് ഇരുന്നു. ന്യായപ്രമാണവും പ്രവാചകങ്ങളും വായിച്ചുതീർന്നപ്പോൾ പള്ളിപ്രമാണികൾ അവരുടെ അടുക്കൽ ആളയച്ചു: സഹോദരന്മാരേ, നിങ്ങൾക്കു ജനത്തോടു പ്രബോധനം വല്ലതും ഉണ്ടെങ്കിൽ പറവിൻ എന്നു പറയിച്ചു. പൗലൊസ് എഴുന്നേറ്റ് ആംഗ്യം കാട്ടി പറഞ്ഞത്: യിസ്രായേൽപുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളോരേ, കേൾപ്പിൻ. യിസ്രായേൽജനത്തിന്റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു, മിസ്രയീംദേശത്തിലെ പ്രവാസകാലത്ത് ജനത്തെ വർധിപ്പിച്ചു, ഭുജവീര്യംകൊണ്ട് അവിടെനിന്നു പുറപ്പെടുവിച്ചു. മരുഭൂമിയിൽ നാല്പതു സംവത്സരകാലത്തോളം അവരുടെ സ്വഭാവം സഹിച്ചു, കനാൻദേശത്തിലെ ഏഴു ജാതികളെ ഒടുക്കി, അവരുടെ ദേശം അവർക്ക് അവകാശമായി വിഭാഗിച്ചു കൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റമ്പത് സംവത്‍സരം കഴിഞ്ഞു. അതിന്റെശേഷം അവൻ അവർക്ക് ശമൂവേൽപ്രവാചകൻവരെ ന്യായാധിപതിമാരെ കൊടുത്തു. അനന്തരം അവർ ഒരു രാജാവിനെ ചോദിച്ചു; ദൈവം അവർക്കു ബെന്യാമീൻഗോത്രക്കാരനായ കീശിന്റെ മകൻ ശൗലിനെ നാല്പതാണ്ടേക്കു കൊടുത്തു. അവനെ നീക്കിയിട്ടു ദാവീദിനെ അവർക്കു രാജാവായി വാഴിച്ചു: ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്റെ ഹിതം എല്ലാം ചെയ്യും എന്ന് അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു. അവന്റെ സന്തതിയിൽനിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിനു യേശു എന്ന രക്ഷിതാവിനെ കൊടുത്തു. അവന്റെ വരവിനു മുമ്പേ യോഹന്നാൻ യിസ്രായേൽജനത്തിനൊക്കെയും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു. യോഹന്നാൻ ജീവകാലം തികവാറായപ്പോൾ: നിങ്ങൾ എന്നെ ആർ എന്ന് നിരൂപിക്കുന്നു? ഞാൻ മശീഹായല്ല; അവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ കാലിലെ ചെരിപ്പ് അഴിപ്പാൻ ഞാൻ യോഗ്യനല്ല എന്നു പറഞ്ഞു. സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോട് ചേർന്ന ദൈവഭക്തന്മാരുമായുള്ളോരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നത്. യെരൂശലേംനിവാസികളും അവരുടെ പ്രമാണികളും അവനെയോ ശബ്ബത്തുതോറും വായിച്ചുവരുന്ന പ്രവാചകന്മാരുടെ വചനങ്ങളെയോ തിരിച്ചറിയാതെ അവനെ ശിക്ഷയ്ക്കു വിധിക്കയാൽ അവയ്ക്കു നിവൃത്തി വരുത്തി. മരണത്തിന് ഒരു ഹേതുവും കാണാഞ്ഞിട്ടും അവനെ കൊല്ലേണം എന്ന് അവർ പീലാത്തൊസിനോട് അപേക്ഷിച്ചു. അവനെക്കുറിച്ച് എഴുതിയിരിക്കുന്നതൊക്കെയും തികച്ചശേഷം അവർ അവനെ മരത്തിൽനിന്ന് ഇറക്കി ഒരു കല്ലറയിൽ വച്ചു. ദൈവമോ അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു; അവൻ തന്നോടുകൂടെ ഗലീലയിൽനിന്നു യെരൂശലേമിലേക്കു വന്നവർക്ക് ഏറിയ ദിവസം പ്രത്യക്ഷനായി; അവർ ഇപ്പോൾ ജനത്തിന്റെ മുമ്പാകെ അവന്റെ സാക്ഷികൾ ആകുന്നു. ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്ന് ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു. നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്ന് രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ. ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിൽനിന്ന് എഴുന്നേല്പിച്ചതിനെക്കുറിച്ച് അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്ന് പറഞ്ഞിരിക്കുന്നു. മറ്റൊരു സങ്കീർത്തനത്തിലും: നിന്റെ പരിശുദ്ധനെ ദ്രവത്വം കാൺമാൻ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു. ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനയ്ക്കു ശുശ്രൂഷ ചെയ്തശേഷം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോടു ചേർന്നു ദ്രവത്വം കണ്ടു. ദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല. ആകയാൽ സഹോദരന്മാരേ, ഇവൻമൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നും മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽനിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ. ആകയാൽ. “ഹേ നിന്ദക്കാരേ, നോക്കുവിൻ; ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിൻ. നിങ്ങളുടെ കാലത്തു ഞാൻ ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാൽ നിങ്ങൾ വിശ്വസിക്കാത്ത പ്രവൃത്തി തന്നെ” എന്ന് പ്രവാചകപുസ്തകങ്ങളിൽ അരുളിച്ചെയ്തിരിക്കുന്നത് നിങ്ങൾക്കു ഭവിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. അവർ പള്ളിവിട്ടു പോകുമ്പോൾ പിറ്റേ ശബ്ബത്തിൽ ഈ വചനം തങ്ങളോടു പറയേണം എന്ന് അവർ അപേക്ഷിച്ചു. പള്ളി പിരിഞ്ഞശേഷം യെഹൂദന്മാരിലും ഭക്തിയുള്ള യെഹൂദമതാനുസാരികളിലും പലർ പൗലൊസിനെയും ബർന്നബാസിനെയും അനുഗമിച്ചു; അവർ അവരോട് സംസാരിച്ചു ദൈവകൃപയിൽ നിലനില്ക്കേണ്ടതിന് അവരെ ഉത്സാഹിപ്പിച്ചു. പിറ്റേ ശബ്ബത്തിൽ ഏകദേശം പട്ടണം മുഴുവനും ദൈവവചനം കേൾപ്പാൻ വന്നു കൂടി. യെഹൂദന്മാരോ പുരുഷാരത്തെ കണ്ട് അസൂയ നിറഞ്ഞവരായി ദുഷിച്ചുകൊണ്ടു പൗലൊസ് സംസാരിക്കുന്നതിന് എതിർ പറഞ്ഞു. അപ്പോൾ പൗലൊസും ബർന്നബാസും ധൈര്യം പൂണ്ടു: ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നത് ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന് അയോഗ്യർ എന്ന് വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്കു തിരിയുന്നു. “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന് ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വച്ചിരിക്കുന്നു” എന്ന് കർത്താവ് ഞങ്ങളോടു കല്പിച്ചിട്ടുണ്ട് എന്നു പറഞ്ഞു. ജാതികൾ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്ത്വപ്പെടുത്തി, നിത്യജീവനായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു. കർത്താവിന്റെ വചനം ആ നാട്ടിൽ എങ്ങും വ്യാപിച്ചു. യെഹൂദന്മാരോ ഭക്തിയുള്ള മാന്യസ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും ഇളക്കി പൗലൊസിന്റെയും ബർന്നബാസിന്റെയും നേരേ ഉപദ്രവമുണ്ടാക്കി അവരെ തങ്ങളുടെ അതിരുകളിൽനിന്നു പുറത്താക്കിക്കളഞ്ഞു. എന്നാൽ അവർ തങ്ങളുടെ കാലിലെ പൊടി അവരുടെ നേരേ തട്ടിക്കളഞ്ഞ് ഇക്കോന്യയിലേക്കു പോയി. ശിഷ്യന്മാർ സന്തോഷവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീർന്നു.

അപ്പൊ. പ്രവൃത്തികൾ 13:13-52 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പൗലൊസും സഹയാത്രികരും പാഫോസിൽനിന്നു കപ്പൽകയറി പംഫുല്യയിൽ പെർഗ്ഗ എന്ന സ്ഥലത്തെത്തി. അവിടെവച്ച് യോഹന്നാൻ അവരെ വിട്ടുപിരിഞ്ഞ് യെരൂശലേമിലേക്കു മടങ്ങിപ്പോയി. അവർ പെർഗ്ഗയിൽനിന്നു പിസിദ്യയിലെ അന്ത്യോക്യയിലെത്തി; ശബത്തുദിവസം അവിടത്തെ സുനഗോഗിൽ ചെന്ന് ഇരുന്നു. മോശയുടെ ധർമശാസ്ത്രത്തിൽനിന്നും പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളിൽനിന്നും വായിച്ചു കഴിഞ്ഞ്, സുനഗോഗിന്റെ അധികാരികൾ അവരുടെ അടുക്കൽ ആളയച്ച് സഹോദരന്മാരേ, നിങ്ങൾക്ക് ഇവിടത്തെ ജനങ്ങളെ ഉദ്ബോധിപ്പിക്കുവാൻ എന്തെങ്കിലുമുണ്ടെങ്കിൽ പറയുക” എന്നു പറയിച്ചു. പൗലൊസ് എഴുന്നേറ്റ് ആംഗ്യം കാണിച്ചു കൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു: “ഇസ്രായേൽജനങ്ങളേ, ഇസ്രായേലിന്റെ ദൈവത്തെ ഭജിക്കുന്നവരേ, ഇതു ശ്രദ്ധിക്ക: ഇസ്രായേൽജനത്തിന്റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു; ഈജിപ്തിൽ പരദേശികളായിരുന്ന കാലത്ത് അവരെ ഒരു മഹാജനതയാക്കി ഉയർത്തി; ദൈവം സ്വശക്തിയാൽ അവരെ അവിടെനിന്നു കൊണ്ടുപോന്നു; നാല്പതു വർഷക്കാലം മരുഭൂമിയിൽ അവരെ ദൈവം ക്ഷമയോടെ പരിപാലിച്ചു. അവിടുന്ന് കനാനിലെ ഏഴു ജനതകളെ നശിപ്പിച്ച് അവരുടെ ദേശം അവർക്കു അവകാശമായി നല്‌കി. അങ്ങനെ ഏകദേശം നാനൂറ്റമ്പതു വർഷം കഴിഞ്ഞു. “അതിനുശേഷം ശമൂവേൽപ്രവാചകൻവരെയുള്ള ന്യായാധിപന്മാരെ അവർക്കു നല്‌കി; അനന്തരം തങ്ങൾക്ക് ഒരു രാജാവിനെ വേണമെന്ന് അവർ ആവശ്യപ്പെട്ടു. ദൈവം അവർക്കു ബെന്യാമീൻഗോത്രക്കാരനായ കീശിന്റെ പുത്രൻ ശൗലിനെ നാല്പതു വർഷത്തേക്കു രാജാവായി നല്‌കി. അദ്ദേഹത്തെ നീക്കിയശേഷം ദാവീദിനെ രാജാവായി വാഴിച്ചു. ‘യിശ്ശായിയുടെ പുത്രനായ ദാവീദിനെ എന്റെ മനസ്സിന് ഇണങ്ങിയവനായി ഞാൻ കണ്ടിരിക്കുന്നു. അവൻ എന്റെ ഇച്ഛ എല്ലാം നിറവേറ്റും’ എന്നിങ്ങനെയാണു ദൈവം ദാവീദിനെക്കുറിച്ചു പറഞ്ഞത്. ദൈവം വാഗ്ദാനം ചെയ്തതുപോലെ ഈ ദാവീദിന്റെ വംശപരമ്പരയിൽ നിന്ന് യേശു എന്ന രക്ഷകനെ ഇസ്രായേലിനു നല്‌കി. അദ്ദേഹത്തിന്റെ ആഗമനത്തിനുമുമ്പ്, പാപത്തിൽനിന്നു പിൻതിരിഞ്ഞ് സ്നാപനം സ്വീകരിക്കുവാൻ ആഹ്വാനം ചെയ്തുകൊണ്ട് യോഹന്നാൻ എല്ലാ ഇസ്രായേൽജനങ്ങളോടും പ്രസംഗിച്ചു. തന്റെ ദൗത്യം പൂർത്തിയാകാറായപ്പോൾ യോഹന്നാൻ പറഞ്ഞു: ‘ഞാൻ ആരാണെന്നാണ് നിങ്ങൾ ഊഹിക്കുന്നത്? നിങ്ങൾ പ്രതീക്ഷിക്കുന്ന ആൾ ഞാനല്ല; എന്നാൽ എന്റെ പിന്നാലെ ഒരാൾ വരുന്നുണ്ട്; അവിടുത്തെ കാലിലെ ചെരുപ്പ് അഴിക്കുവാൻപോലും ഞാൻ യോഗ്യനല്ല.’ “സഹോദരരേ, അബ്രഹാമിന്റെ വംശജരേ, ഇസ്രായേലിന്റെ ദൈവത്തെ ഭജിക്കുന്നവരേ, ഈ രക്ഷയുടെ സന്ദേശം നമുക്കാണ് അയച്ചിരിക്കുന്നത്. യെരൂശലേംനിവാസികളും അവരുടെ ഭരണാധിപന്മാരും യേശു ആരെന്നു ഗ്രഹിച്ചില്ല; ശബത്തുതോറും വായിക്കുന്ന പ്രവാചകഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളത് മനസ്സിലാക്കിയതുമില്ല. അവർ യേശുവിനെ ശിക്ഷയ്‍ക്കു വിധിച്ചു: അങ്ങനെ ആ പ്രവചനങ്ങൾ സത്യമായി. വധശിക്ഷയ്‍ക്കുള്ള കാരണമൊന്നും കാണാതിരുന്നിട്ടും യേശുവിനെ വധിക്കുവാൻ പീലാത്തോസിനോട് അവർ ആവശ്യപ്പെട്ടു. അവിടുത്തെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ളതെല്ലാം അവർ പൂർത്തീകരിച്ചു; പീന്നീട് യേശുവിനെ കുരിശിൽനിന്നിറക്കി ഒരു കല്ലറയിൽ വച്ചു. എന്നാൽ ദൈവം യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. ഗലീലയിൽനിന്നു തന്നോടുകൂടി യെരൂശലേമിലേക്കു ചെന്നവർക്ക് അവിടുന്നു പല ദിവസങ്ങളിലും പ്രത്യക്ഷനായി. അവർ ഇപ്പോൾ ജനങ്ങളുടെ മുമ്പിൽ അവിടുത്തെ സാക്ഷികളാകുന്നു. നമ്മുടെ പിതാക്കന്മാരോടു ചെയ്ത വാഗ്ദാനം ദൈവം യേശുവിനെ ഉയിർപ്പിച്ചതുമൂലം മക്കളായ നമുക്കു പൂർത്തിയാക്കിത്തന്നിരിക്കുന്നു. നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്റെ പിതാവായിത്തീർന്നിരിക്കുന്നു എന്ന് രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിട്ടുണ്ടല്ലോ. ആ സദ്‍വാർത്ത ഞങ്ങൾ നിങ്ങളോടു പ്രഖ്യാപനം ചെയ്യുന്നു. വീണ്ടും ജീർണാവസ്ഥയിലേക്കു തിരിയാത്തവിധം ദൈവം യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. അതെക്കുറിച്ചുള്ള അരുളപ്പാട് ഇങ്ങനെയാണ്: ദാവീദിനു വാഗ്ദാനം ചെയ്തിട്ടുള്ള സംശയരഹിതവും വിശുദ്ധവുമായ നന്മകൾ ഞാൻ നിങ്ങൾക്കു നല്‌കും. മറ്റൊരിടത്ത്, അങ്ങയുടെ പരിശുദ്ധൻ ജീർണിക്കുവാൻ അങ്ങ് അനുവദിക്കുകയില്ല എന്നും പറയുന്നു. ദാവീദ് തന്റെ തലമുറയിൽ ദൈവോദ്ദേശ്യപ്രകാരം പ്രവർത്തിച്ചശേഷം മരണമടഞ്ഞു; തന്റെ പിതാക്കന്മാരോടു ചേർന്നു ജീർണതയ്‍ക്കു വിധേയനായിത്തീർന്നു. എന്നാൽ ദൈവം ഉയിർപ്പിച്ചവനാകട്ടെ ജീർണതയ്‍ക്കു വിധേയനായില്ല. അതുകൊണ്ട് സഹോദരരേ, ഇത് അറിഞ്ഞുകൊള്ളുക: ഈ യേശു മുഖാന്തരം പാപമോചനത്തിന്റെ സന്ദേശം നിങ്ങളെ അറിയിച്ചിരിക്കുന്നു. മോശയുടെ ധർമശാസ്ത്രപ്രകാരം മോചനം ലഭിക്കാത്ത എല്ലാ പാപങ്ങളിൽനിന്നും, വിശ്വസിക്കുന്ന ഏതൊരുവനും അവിടുന്നു മുഖാന്തരം മോചനം ലഭിക്കുമെന്നും അറിഞ്ഞുകൊള്ളുക. പ്രവാചകന്മാർ പറഞ്ഞിട്ടുള്ളതു നിങ്ങൾക്കു ഭവിക്കാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക: ഹേ, പരിഹാസികളേ നോക്കുക, നിങ്ങളുടെ കാലത്ത് ഞാൻ ഒരു പ്രവൃത്തിചെയ്യുന്നു; ആരെങ്കിലും വിശദീകരിച്ചു തന്നാലും നിങ്ങൾ അതൊരിക്കലും വിശ്വസിക്കുകയില്ല. അതുകൊണ്ട് നിങ്ങൾ അന്ധാളിക്കുകയും നശിക്കുകയും ചെയ്യട്ടെ.” പൗലൊസും ബർനബാസും സുനഗോഗിൽനിന്നു പോകുമ്പോൾ അടുത്ത ശബത്തിലും വന്ന് ഈ വിഷയത്തെപ്പറ്റി സംസാരിക്കണമെന്നു ജനങ്ങൾ അപേക്ഷിച്ചു. സുനഗോഗിൽ കൂടിയിരുന്ന പല യെഹൂദന്മാരും യൂദമതം സ്വീകരിച്ച ഭക്തജനങ്ങളും അവരെ അനുഗമിച്ചു. അവർ അവരോടു സംസാരിക്കുകയും ദൈവകൃപയിൽ നിലനില്‌ക്കേണ്ടതിന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അടുത്ത ശബത്തിൽ ആ പട്ടണവാസികൾ ആസകലം ദൈവവചനം കേൾക്കുവാൻ വന്നുകൂടി. എന്നാൽ ജനാവലിയെ കണ്ടപ്പോൾ യെഹൂദന്മാർ അസൂയപൂണ്ടു. അവർ പൗലൊസ് പറയുന്നതിന് എതിർപറയുകയും അദ്ദേഹത്തെ ദുഷിക്കുകയും ചെയ്തു. അപ്പോൾ പൗലൊസും ബർനബാസും അവരോടു സുധീരം പ്രസ്താവിച്ചു: “ആദ്യം നിങ്ങളോടു ദൈവവചനം സംസാരിക്കേണ്ടത് ആവശ്യമായിരുന്നു. എന്നാൽ അതിനെ നിരാകരിച്ച നിങ്ങൾ അനശ്വരജീവന് അർഹരല്ലെന്നു നിങ്ങളെത്തന്നെ വിധിച്ചിരിക്കുന്നു. ഞങ്ങളിതാ വിജാതീയരുടെ അടുക്കലേക്കു പോകുന്നു. എന്റെ രക്ഷ ഭൂതലത്തിന്റെ അങ്ങേ അറ്റംവരെ എത്തിക്കുവാൻ ഞാൻ നിന്നെ വിജാതീയരുടെ വെളിച്ചമാക്കി വച്ചിരിക്കുന്നു എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ട്.” വിജാതീയർ ഇതുകേട്ടപ്പോൾ ആനന്ദിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു. അനശ്വരജീവനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട അനേകമാളുകൾ ക്രിസ്തുവിൽ വിശ്വസിച്ചു. ദൈവവചനം ആ പ്രദേശത്തെങ്ങും പ്രചരിച്ചു. എന്നാൽ യെഹൂദന്മാർ ഭക്തിയുള്ള മാന്യസ്‍ത്രീകളെയും പട്ടണത്തിലെ പ്രമുഖ വ്യക്തികളെയും പ്രേരിപ്പിച്ച് പൗലൊസിനും ബർനബാസിനും എതിരെ പീഡനനടപടികൾ ആരംഭിച്ചു. അങ്ങനെ ആ പ്രദേശത്തുനിന്ന് അവർ തുരത്തപ്പെട്ടു. അവരാകട്ടെ, തങ്ങളുടെ കാലിലെ പൊടി അവരുടെനേരെ തട്ടിക്കളഞ്ഞ ശേഷം ഇക്കോന്യയിലേക്കു പോയി. അന്ത്യോക്യയിലെ ശിഷ്യന്മാർ ആനന്ദവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീർന്നു.

അപ്പൊ. പ്രവൃത്തികൾ 13:13-52 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

പൗലൊസും കൂടെയുള്ളവരും പാഫൊസിൽനിന്ന് കപ്പൽ നീക്കി, പംഫുല്യാദേശത്തിലെ പെർഗ്ഗയ്ക്ക് ചെന്നു. അവിടെവച്ച് യോഹന്നാൻ അവരെ വിട്ടുപിരിഞ്ഞ് യെരൂശലേമിലേക്കു മടങ്ങിപ്പോയി. അവരോ പെർഗ്ഗയിൽനിന്ന് പുറപ്പെട്ടു പിസിദ്യാദേശത്തിലെ അന്ത്യൊക്യയിൽ എത്തി ശബ്ബത്ത് നാളിൽ യഹൂദന്മാരുടെ പള്ളിയിൽ ചെന്നു ഇരുന്നു. ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും വായിച്ചുതീർന്നപ്പോൾ പള്ളിപ്രമാണികൾ അവരുടെ അടുക്കൽ ആളയച്ചു: “സഹോദരന്മാരേ, നിങ്ങൾക്ക് ജനത്തോട് സന്ദേശം വല്ലതും പ്രബോധിപ്പാൻ ഉണ്ടെങ്കിൽ അറിയിക്കാം” എന്നു പറഞ്ഞു. പൗലൊസ് എഴുന്നേറ്റ് ആംഗ്യം കാട്ടി നിർദ്ദേശിച്ചത്: “യിസ്രായേൽ പുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളോരേ, ശ്രദ്ധിപ്പിൻ. “യിസ്രായേൽ ജനത്തിന്‍റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു, മിസ്രയീംദേശത്തിലെ പ്രവാസകാലത്ത് ജനത്തെ വർദ്ധിപ്പിച്ച്, തന്‍റെ കയ്യാൽ വീര്യം പ്രവർത്തിച്ചുകൊണ്ട് അവിടെനിന്ന് പുറപ്പെടുവിച്ചു, മരുഭൂമിയിൽ നാല്പത് സംവത്സരകാലത്തോളം അവരുടെ ദുശ്ശാഠ്യം ഉളള സ്വഭാവം സഹിച്ചു, കനാൻദേശത്തിലെ ഏഴു ജനതകളെ ഒടുക്കി, അവരുടെ ദേശം അവർക്ക് അവകാശമായി വിഭാഗിച്ചു കൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റമ്പത് വര്‍ഷം കഴിഞ്ഞു. അതിന്‍റെശേഷം ദൈവം അവർക്ക് ശമൂവേൽ പ്രവാചകൻ വരെ ന്യായാധിപതിമാരെ കൊടുത്തു. അനന്തരം യിസ്രയേൽ ജനം ഒരു രാജാവിനെ ചോദിച്ചു; ദൈവം അവർക്ക് ബെന്യാമീൻ ഗോത്രക്കാരനായ കീശിന്‍റെ മകൻ ശൗലിനെ നാല്പതാണ്ടേക്ക് നൽകി. അവനെ തള്ളിക്കളഞ്ഞിട്ട് ദാവീദിനെ അവർക്ക് രാജാവായി വാഴിച്ചു: ‘ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്ക് ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്‍റെ ഹിതം എല്ലാം നിവർത്തിക്കും’ എന്നു അവനെക്കുറിച്ച് സാക്ഷ്യം പറഞ്ഞു. “ദാവീദിന്‍റെ സന്തതിയിൽനിന്ന് ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേൽ ജനത്തിന് യേശു എന്ന രക്ഷിതാവിനെ കൊടുത്തു. അവന്‍റെ വരവിന് മുമ്പെ യോഹന്നാൻ യിസ്രായേൽ ജനത്തിന് ഇടയിൽ ഒക്കെയും മാനസാന്തരത്തിൻ്റെ സ്നാനം പ്രസംഗിച്ചു. യോഹന്നാൻ തന്‍റെ ദൗത്യം പൂർത്തിയാക്കാറായപ്പോൾ: ‘നിങ്ങൾ എന്നെ ആർ എന്നു നിരൂപിക്കുന്നു? ഞാൻ മശീഹയല്ല; അവൻ എന്‍റെ പിന്നാലെ വരുന്നു; അവന്‍റെ കാലിലെ ചെരിപ്പു അഴിക്കുവാൻ ഞാൻ യോഗ്യനല്ല’ എന്നു പറഞ്ഞു. “സഹോദരന്മാരേ, അബ്രാഹാമിന്‍റെ വംശത്തിലെ മക്കളും അവരോട് ചേർന്ന ദൈവഭക്തന്മാരുമായുള്ളോരേ, നമുക്കായിട്ടാകുന്നു ഈ രക്ഷാവചനം അയച്ചുതന്നിരിക്കുന്നത്. യെരൂശലേം നിവാസികളും അവരുടെ പ്രമാണികളും രക്ഷിതാവായ ക്രിസ്തുവിനെയോ ശബ്ബത്തുതോറും വായിച്ചുവരുന്ന പ്രവാചകന്മാരുടെ വചനങ്ങളെയോ തിരിച്ചറിയാതെ അവനെ ശിക്ഷയ്ക്ക് വിധിക്കുകയാൽ അവനെ പറ്റിയുള്ള തിരുവെഴുത്തുകൾ നിവൃത്തിവരുത്തുവാൻ ഇടയായി. മരണത്തിനായുള്ള ഒരു കാരണവും അവനിൽ കാണാഞ്ഞിട്ടും അവനെ കൊല്ലേണം എന്നു അവർ പീലാത്തോസിനോട് അപേക്ഷിച്ചു. അവനെക്കുറിച്ച് എഴുതിയിരിക്കുന്നത് ഒക്കെയും നിവർത്തിയായശേഷം അവർ അവനെ മരത്തിൽനിന്ന് ഇറക്കി ഒരു കല്ലറയിൽ വച്ചു. ദൈവമോ അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു; അവൻ തന്നോടുകൂടെ ഗലീലയിൽനിന്ന് യെരൂശലേമിലേക്ക് വന്നവർക്ക് ഏറിയ ദിവസം പ്രത്യക്ഷനായി; അവർ ഇപ്പോൾ ജനത്തിന്‍റെ മുമ്പാകെ അവന്‍റെ സാക്ഷികൾ ആകുന്നു. “ദൈവം പിതാക്കന്മാരോട് ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്ക് നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു. ‘നീ എന്‍റെ പുത്രൻ; ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചു’ എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ. ഇനി ദ്രവത്വത്തിലേക്ക് തിരിയാതവണ്ണം ദൈവം അവനെ മരിച്ചവരിൽനിന്ന് എഴുന്നേല്പിച്ചതിനെക്കുറിച്ച് സങ്കീർത്തനക്കാരൻ: 'ദാവീദിന്‍റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്ക് നല്കും’ എന്നു പറഞ്ഞിരിക്കുന്നു മറ്റൊരു സങ്കീർത്തനത്തിലും: ‘നിന്‍റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ നീ അനുവദിക്കുകയില്ല’ എന്നും പറയുന്നു. ദാവീദ് തന്‍റെ തലമുറയിൽ ദൈവത്തിന്‍റെ ആലോചനയ്ക്ക് ശുശ്രൂഷ ചെയ്തശേഷം നിദ്രപ്രാപിച്ചു തന്‍റെ പിതാക്കന്മാരോട് ചേർന്ന് ദ്രവത്വം കണ്ടു. ദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല. ആകയാൽ സഹോദരന്മാരേ, ഉയിർത്തെഴുന്നേല്പിച്ചവൻമൂലം നിങ്ങളോട് പാപമോചനം അറിയിക്കുന്നു എന്നും മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്ക് നീതീകരണം പ്രാപിക്കുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ക്രിസ്തുവിനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ. ആകയാൽ: ‘ഹേ പരിഹസിക്കുന്നവരേ, നോക്കുവിൻ ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിൻ. നിങ്ങളുടെ കാലത്ത് ഞാൻ ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാൽ നിങ്ങൾ വിശ്വസിക്കാത്ത പ്രവൃത്തി തന്നെ’ എന്നു പ്രവാചകപുസ്തകങ്ങളിൽ അരുളിച്ചെയ്തിരിക്കുന്നത് നിങ്ങൾക്ക് സംഭവിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ.” അവർ പള്ളിവിട്ടു പോകുമ്പോൾ പിറ്റെ ശബ്ബത്തിൽ ഈ വചനം തങ്ങളോട് പറയേണം എന്നു അവർ അപേക്ഷിച്ചു. പള്ളി പിരിഞ്ഞശേഷം യെഹൂദന്മാരിലും ഭക്തിയുള്ള യെഹൂദമതാനുസാരികളിലും പലർ പൗലൊസിനെയും ബർന്നബാസിനെയും അനുഗമിച്ചു; അവർ അവരോട് സംസാരിച്ചു ദൈവകൃപയിൽ നിലനിൽക്കേണ്ടതിന് അവരെ ഉത്സാഹിപ്പിച്ചു. പിറ്റെ ശബ്ബത്തിൽ ഏകദേശം പട്ടണം മുഴുവനും ദൈവവചനം കേൾക്കുവാൻ വന്നുകൂടി. യെഹൂദന്മാരോ പുരുഷാരത്തെ കണ്ടു അസൂയ നിറഞ്ഞവരായി നിന്ദിച്ചുകൊണ്ട് പൗലൊസ് സംസാരിക്കുന്നതിന് എതിർ പറഞ്ഞു. അപ്പോൾ പൗലൊസും ബർന്നബാസും തികഞ്ഞ ധൈര്യത്തോടെ: “ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നത് ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന് അയോഗ്യർ എന്നു വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്ക് തിരിയുന്നു. ‘നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന് ഞാൻ നിന്നെ ജനതകളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു’ എന്നു കർത്താവ് ഞങ്ങളോടു കല്പിച്ചിട്ടുണ്ട്” എന്നു പറഞ്ഞു. ജനതകൾ ഇതുകേട്ട് സന്തോഷിച്ച് ദൈവവചനത്തെ പുകഴ്ത്തി, നിത്യജീവനായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു. കർത്താവിന്‍റെ വചനം ആ നാട്ടിൽ എങ്ങും വ്യാപിച്ചു. യെഹൂദന്മാരോ ഭക്തിയുള്ള മാന്യസ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും സ്വാധീനിച്ച് പൗലൊസിൻ്റെയും ബർന്നബാസിൻ്റെയും നേരെ ഉപദ്രവമുണ്ടാക്കി അവരെ തങ്ങളുടെ അതിരുകളിൽ നിന്ന് പുറത്താക്കിക്കളഞ്ഞു. എന്നാൽ അവർ തങ്ങളുടെ കാലിലെ പൊടി അവരുടെ നേരെ തട്ടിക്കളഞ്ഞ് ഇക്കോന്യയിലേക്ക് പോയി. ശിഷ്യന്മാർ സന്തോഷവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീർന്നു.

അപ്പൊ. പ്രവൃത്തികൾ 13:13-52 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പൗലൊസും കൂടെയുള്ളവരും പാഫൊസിൽനിന്നു കപ്പൽ നീക്കി, പംഫുല്യാദേശത്തിലെ പെർഗ്ഗെക്കു ചെന്നു. അവിടെവെച്ചു യോഹന്നാൻ അവരെ വിട്ടുപിരിഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോയി. അവരോ പെർഗ്ഗയിൽനിന്നു പുറപ്പെട്ടു പിസിദ്യാദേശത്തിലെ അന്ത്യൊക്ക്യയിൽ എത്തി ശബ്ബത്ത് നാളിൽ പള്ളിയിൽ ചെന്നു ഇരുന്നു. ന്യായപ്രമാണവും പ്രവാചകങ്ങളും വായിച്ചുതീർന്നപ്പോൾ പള്ളിപ്രമാണികൾ അവരുടെ അടുക്കൽ ആളയച്ചു: സഹോദരന്മാരേ, നിങ്ങൾക്കു ജനത്തോടു പ്രബോധനം വല്ലതും ഉണ്ടെങ്കിൽ പറവിൻ എന്നു പറയിച്ചു. പൗലൊസ് എഴുന്നേറ്റു ആംഗ്യം കാട്ടി പറഞ്ഞതു: യിസ്രായേൽ പുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളോരെ, കേൾപ്പിൻ. യിസ്രായേൽജനത്തിന്റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു, മിസ്രയീംദേശത്തിലെ പ്രവാസകാലത്തു ജനത്തെ വർദ്ധിപ്പിച്ചു, ഭുജവീര്യംകൊണ്ടു അവിടെനിന്നു പുറപ്പെടുവിച്ചു, മരുഭൂമിയിൽ നാല്പതു സംവത്സരകാലത്തോളം അവരുടെ സ്വഭാവം സഹിച്ചു, കനാൻദേശത്തിലെ ഏഴു ജാതികളെ ഒടുക്കി, അവരുടെ ദേശം അവർക്കു അവകാശമായി വിഭാഗിച്ചുകൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റമ്പതു സംവത്സരം കഴിഞ്ഞു. അതിന്റെശേഷം അവൻ അവർക്കു ശമൂവേൽ പ്രവാചകൻ വരെ ന്യായാധിപതിമാരെ കൊടുത്തു, അനന്തരം അവർ ഒരു രാജാവിനെ ചോദിച്ചു; ദൈവം അവർക്കു ബെന്യാമീൻ ഗോത്രക്കാരനായ കീശിന്റെ മകൻ ശൗലിനെ നാല്പതാണ്ടേക്കു കൊടുത്തു. അവനെ നീക്കീട്ടു ദാവീദിനെ അവർക്കു രാജാവായി വാഴിച്ചു: ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്റെ ഹിതം എല്ലാം ചെയ്യും എന്നു അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു. അവന്റെ സന്തതിയിൽനിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിന്നു യേശു എന്ന രക്ഷിതാവിനെ കൊടുത്തു. അവന്റെ വരവിന്നു മുമ്പെ യോഹന്നാൻ യിസ്രായേൽജനത്തിന്നു ഒക്കെയും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു. യോഹന്നാൻ ജീവകാലം തികവാറായപ്പോൾ: നിങ്ങൾ എന്നെ ആർ എന്നു നിരൂപിക്കുന്നു? ഞാൻ മശീഹയല്ല; അവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ കാലിലെ ചെരിപ്പു അഴിപ്പാൻ ഞാൻ യോഗ്യനല്ല എന്നു പറഞ്ഞു. സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോടു ചേർന്ന ദൈവഭക്തന്മാരുമായുള്ളാരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നതു. യെരൂശലേം നിവാസികളും അവരുടെ പ്രമാണികളും അവനെയോ ശബ്ബത്തുതോറും വായിച്ചുവരുന്ന പ്രവാചകന്മാരുടെ വചനങ്ങളെയോ തിരിച്ചറിയാതെ അവനെ ശിക്ഷക്കു വിധിക്കയാൽ അവെക്കു നിവൃത്തിവരുത്തി. മരണത്തിന്നു ഒരു ഹേതുവും കാണാഞ്ഞിട്ടും അവനെ കൊല്ലേണം എന്നു അവർ പീലാത്തൊസിനോടു അപേക്ഷിച്ചു. അവനെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും തികെച്ചശേഷം അവർ അവനെ മരത്തിൽനിന്നു ഇറക്കി ഒരു കല്ലറയിൽ വെച്ചു. ദൈവമോ അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു; അവൻ തന്നോടുകൂടെ ഗലീലയിൽനിന്നു യെരൂശലേമിലേക്കു വന്നവർക്കു ഏറിയ ദിവസം പ്രത്യക്ഷനായി; അവർ ഇപ്പോൾ ജനത്തിന്റെ മുമ്പാകെ അവന്റെ സാക്ഷികൾ ആകുന്നു. ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു. നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ. ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്നു പറഞ്ഞിരിക്കുന്നു മറ്റൊരു സങ്കീർത്തനത്തിലും: നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു. ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു ദ്രവത്വം കണ്ടു. ദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല. ആകയാൽ സഹോദരന്മാരേ, ഇവൻ മൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നും മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ. ആകയാൽ: “ഹേ നിന്ദക്കാരേ, നോക്കുവിൻ ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിൻ. നിങ്ങളുടെ കാലത്തു ഞാൻ ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാൽ നിങ്ങൾ വിശ്വസിക്കാത്ത പ്രവൃത്തി തന്നേ” എന്നു പ്രവാചകപുസ്തകങ്ങളിൽ അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾക്കു ഭവിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. അവർ പള്ളിവിട്ടു പോകുമ്പോൾ പിറ്റെ ശബ്ബത്തിൽ ഈ വചനം തങ്ങളോടു പറയേണം എന്നു അവർ അപേക്ഷിച്ചു. പള്ളി പിരിഞ്ഞശേഷം യെഹൂദന്മാരിലും ഭക്തിയുള്ള യെഹൂദമതാനുസാരികളിലും പലർ പൗലൊസിനെയും ബർന്നാബാസിനെയും അനുഗമിച്ചു; അവർ അവരോടു സംസാരിച്ചു ദൈവ കൃപയിൽ നിലനിൽക്കേണ്ടതിന്നു അവരെ ഉത്സാഹിപ്പിച്ചു. പിറ്റെ ശബ്ബത്തിൽ ഏകദേശം പട്ടണം മുഴുവനും ദൈവവചനം കേൾപ്പാൻ വന്നു കൂടി. യെഹൂദന്മാരോ പുരുഷാരത്തെ കണ്ടു അസൂയ നിറഞ്ഞവരായി ദുഷിച്ചുകൊണ്ടു പൗലൊസ് സംസാരിക്കുന്നതിന്നു എതിർ പറഞ്ഞു. അപ്പോൾ പൗലൊസും ബർന്നബാസും ധൈര്യംപൂണ്ടു: ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നതു ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന്നു അയോഗ്യർ എന്നു വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്കു തിരിയുന്നു. “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു. ജാതികൾ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവന്നായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു. കർത്താവിന്റെ വചനം ആ നാട്ടിൽ എങ്ങും വ്യാപിച്ചു. യെഹൂദന്മാരോ ഭക്തിയുള്ള മാന്യസ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും ഇളക്കി പൗലൊസിന്റെയും ബർന്നബാസിന്റെയും നേരെ ഉപദ്രവമുണ്ടാക്കി അവരെ തങ്ങളുടെ അതിരുകളിൽ നിന്നു പുറത്താക്കിക്കളഞ്ഞു. എന്നാൽ അവർ തങ്ങളുടെ കാലിലെ പൊടി അവരുടെ നേരെ തട്ടിക്കളഞ്ഞു ഇക്കോന്യയിലേക്കു പോയി. ശിഷ്യന്മാർ സന്തോഷവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീർന്നു.

അപ്പൊ. പ്രവൃത്തികൾ 13:13-52 സമകാലിക മലയാളവിവർത്തനം (MCV)

പൗലോസും കൂടെയുള്ളവരും പാഫോസിൽനിന്ന് കപ്പൽകയറി പംഫുല്യയിലെ പെർഗയിൽ എത്തി. യോഹന്നാൻ അവരെ വിട്ട് അവിടെനിന്ന് ജെറുശലേമിലേക്കു മടങ്ങി. അവർ പെർഗയിൽനിന്ന് യാത്രപുറപ്പെട്ട് പിസിദ്യയിലെ അന്ത്യോക്യയിൽ വന്നുചേർന്നു. ശബ്ബത്തുദിവസം അവർ യെഹൂദപ്പള്ളിയിൽച്ചെന്ന് അവിടെ ഇരുന്നു. ന്യായപ്രമാണത്തിൽനിന്നും പ്രവാചകപുസ്തകങ്ങളിൽനിന്നുമുള്ള വായനയ്ക്കുശേഷം പള്ളിമുഖ്യന്മാർ അവരോട്, “സഹോദരന്മാരേ, ജനത്തിനു നൽകാൻ വല്ല പ്രബോധനവചനം നിങ്ങൾക്കുണ്ടെങ്കിൽ സംസാരിച്ചാലും” എന്നറിയിച്ചു. പൗലോസ് എഴുന്നേറ്റുനിന്ന് ആംഗ്യം കാട്ടിക്കൊണ്ട് ഇപ്രകാരം സംസാരിച്ചു: “ഇസ്രായേൽജനമേ, ദൈവഭക്തരേ, എന്റെ വാക്കുകൾ ശ്രദ്ധിച്ചുകേൾക്കുക. ഇസ്രായേൽജനത്തിന്റെ ദൈവം നമ്മുടെ പൂർവികരെ തെരഞ്ഞെടുത്തു; അവർ ഈജിപ്റ്റിൽ താമസിക്കുന്നകാലത്ത് വളരെ വർധിച്ചു; ദൈവം തന്റെ മഹാശക്തിയാൽ അവരെ ആ ദേശത്തുനിന്നു മോചിപ്പിച്ചു; മരുഭൂമിയിൽവെച്ചുള്ള അവരുടെ പെരുമാറ്റം നാൽപ്പതുവർഷത്തോളം ക്ഷമയോടെ സഹിച്ചു. അവിടന്ന് കനാനിലുണ്ടായിരുന്ന ഏഴു ജനതകളെ പുറത്താക്കി, അവരുടെ ദേശം നമ്മുടെ പൂർവികർക്ക് അവകാശമായി കൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റി അൻപതുവർഷം കഴിഞ്ഞു. “അതിനുശേഷം, ശമുവേൽ പ്രവാചകന്റെ കാലംവരെ ഭരണാധിപന്മാരെ കൊടുത്തു. പിന്നെ ജനം ഒരു രാജാവിനെ ആവശ്യപ്പെട്ടു. അപ്പോൾ അവിടന്ന് അവർക്ക് ബെന്യാമീൻഗോത്രക്കാരനായ കീശിന്റെ മകൻ ശൗലിനെ രാജാവായി കൊടുക്കുകയും അദ്ദേഹം നാൽപ്പതുവർഷം ഭരണം നടത്തുകയും ചെയ്തു. ശൗലിനെ നീക്കംചെയ്തിട്ട് ദൈവം ദാവീദിനെ അവരുടെ രാജാവാക്കി. ദാവീദിനെക്കുറിച്ച് അവിടന്ന്, ‘ഞാൻ യിശ്ശായിയുടെ പുത്രനായ ദാവീദിനെ എന്റെ മനസ്സിനിണങ്ങിയ ഒരു മനുഷ്യനായി കണ്ടിരിക്കുന്നു. അവൻ എന്റെ ഹിതമെല്ലാം നിറവേറ്റും’ എന്ന് അരുളിച്ചെയ്തു. “അദ്ദേഹത്തിന്റെ പിൻഗാമികളിൽനിന്ന് ദൈവം തന്റെ വാഗ്ദാനപ്രകാരം യേശു എന്ന രക്ഷകനെ ഇസ്രായേലിനു നൽകി. യേശു വരുന്നതിനുമുമ്പേ യോഹന്നാൻ എല്ലാ ഇസ്രായേൽജനത്തോടും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു. തന്റെ ദൗത്യം അവസാനിക്കാറായപ്പോൾ യോഹന്നാൻ, ‘നിങ്ങൾ എന്നെ ആരെന്നു കരുതുന്നു? നിങ്ങൾ പ്രതീക്ഷിച്ചിരിക്കുന്ന ആൾ ഞാനല്ല, ഒരാൾ എന്റെ പിന്നാലെ വരുന്നുണ്ട്. അവിടത്തെ ചെരിപ്പ് അഴിക്കുന്ന അടിമയാകാൻപോലും ഞാൻ യോഗ്യനല്ല’ എന്നു പറഞ്ഞു. “അബ്രാഹാമിന്റെ മക്കളായ എന്റെ സഹോദരങ്ങളേ, നിങ്ങളുടെ മധ്യേവസിക്കുന്ന യെഹൂദേതരരായ ദൈവഭക്തരേ, രക്ഷയുടെ ഈ സന്ദേശം ദൈവം അയച്ചിരിക്കുന്നതു നമുക്കുവേണ്ടിയാണ്. ജെറുശലേംനിവാസികളും അവരുടെ ഭരണകർത്താക്കളും യേശുവിനെ തിരിച്ചറിഞ്ഞില്ലെന്നുമാത്രമല്ല, ശബ്ബത്തുതോറും വായിച്ചുപോരുന്ന പ്രവാചകവാക്യങ്ങളെയും തിരിച്ചറിഞ്ഞില്ല. അവർ അദ്ദേഹത്തെ വധശിക്ഷയ്ക്കു വിധിച്ചതിലൂടെ, ആ വചനങ്ങൾ നിറവേറപ്പെട്ടു. വധശിക്ഷയ്ക്കു മതിയായ അടിസ്ഥാനം ഇല്ലാതിരുന്നിട്ടുകൂടി അദ്ദേഹത്തെ വധിക്കണമെന്ന് അവർ പീലാത്തോസിനോട് ആവശ്യപ്പെട്ടു. അദ്ദേഹത്തെപ്പറ്റി എഴുതിയിരുന്നതെല്ലാം നിറവേറ്റപ്പെട്ടതിനുശേഷം അവർ അദ്ദേഹത്തെ ക്രൂശിൽനിന്നിറക്കി ഒരു കല്ലറയിൽ വെച്ചു. എന്നാൽ ദൈവമോ, അദ്ദേഹത്തെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽപ്പിച്ചു. യേശുവിനെ ഗലീലയിൽനിന്ന് ജെറുശലേമിലേക്ക് അനുഗമിച്ചവർക്ക് അദ്ദേഹം പലതവണ പ്രത്യക്ഷനായി. അവർ ഇപ്പോൾ നമ്മുടെ ജനത്തിന്റെ മുമ്പിൽ അദ്ദേഹത്തിന്റെ സാക്ഷികളാണ്. “ദൈവം നമ്മുടെ പൂർവികർക്കു നൽകിയിരുന്ന വാഗ്ദാനം അവിടന്ന് യേശുവിനെ ഉയിർപ്പിച്ചതിലൂടെ അവരുടെ മക്കളായ നമുക്കുവേണ്ടി പൂർത്തീകരിച്ചിരിക്കുന്നു. ഈ സദ്വർത്തമാനം ഞങ്ങൾ നിങ്ങളോടറിയിക്കുന്നു. രണ്ടാംസങ്കീർത്തനത്തിൽ: “ ‘നീ എന്റെ പുത്രൻ, ഇന്നു ഞാൻ നിന്റെ പിതാവായിരിക്കുന്നു’ എന്നെഴുതിയിരിക്കുന്നല്ലോ. യേശു ഒരിക്കലും ജീർണതയ്ക്കു വിധേയനാകാത്തവിധം ദൈവം അദ്ദേഹത്തെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചിരിക്കുന്നു. വചനത്തിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ, “ ‘ദാവീദിനു വാഗ്ദാനംചെയ്ത വിശുദ്ധവും ഉറപ്പുള്ളതുമായ അനുഗ്രഹങ്ങൾ ഞാൻ നിങ്ങൾക്കു നൽകും.’ മറ്റൊരിടത്ത് ഇങ്ങനെയും പ്രതിപാദിക്കുന്നു, “ ‘അവിടത്തെ പരിശുദ്ധനെ ജീർണത കാണാൻ അങ്ങ് അനുവദിക്കുകയില്ല.’ “ദാവീദ് തന്റെ തലമുറയിൽ ദൈവോദ്ദേശ്യം നിറവേറ്റിയശേഷം നിദ്രപ്രാപിച്ചു; പിതാക്കന്മാരോടൊപ്പം അടക്കപ്പെട്ടു. അദ്ദേഹത്തിന്റെ ശരീരം ജീർണിച്ചുപോകുകയും ചെയ്തു. എന്നാൽ ദൈവം, മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേൽപ്പിച്ച ക്രിസ്തുവോ, ജീർണത കണ്ടില്ല. “അതിനാൽ സഹോദരങ്ങളേ, യേശുവിലൂടെ ലഭിക്കുന്ന പാപക്ഷമയാണ് ഞങ്ങൾ നിങ്ങളോട് ഉദ്ഘോഷിച്ചിരിക്കുന്നത്. നിങ്ങൾ അതു വ്യക്തമായി ഗ്രഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. മോശയുടെ ന്യായപ്രമാണം ആചരിക്കുന്നതിലൂടെ അസാധ്യമായിരുന്ന പാപനിവാരണമെന്ന നീതീകരണം യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ സാധ്യമാകുന്നു. “പരിഹാസികളേ, നോക്കുക; ആശ്ചര്യപ്പെട്ടു നശിച്ചുപോകുക. നിങ്ങളുടെകാലത്ത് ഞാൻ ഒരു കാര്യംചെയ്യും; ആർ പറഞ്ഞാലും നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയാത്ത ഒരു കാര്യംതന്നെ,” എന്നിങ്ങനെ പ്രവാചകന്മാർ പ്രസ്താവിച്ചിട്ടുള്ളതു നിങ്ങൾക്കു ഭവിക്കാതിരിക്കാൻ സൂക്ഷിക്കുക. പൗലോസും ബർന്നബാസും പള്ളിവിട്ടു പോകുമ്പോൾ, അടുത്ത ശബ്ബത്തിലും ഈ കാര്യങ്ങളെപ്പറ്റി കൂടുതലായി സംസാരിക്കണമെന്നു ജനങ്ങൾ അവരോടപേക്ഷിച്ചു. യോഗം പിരിഞ്ഞശേഷം അനേക യെഹൂദരും യെഹൂദാമതം സ്വീകരിച്ച ഭക്തരായ അനേകരും പൗലോസിനെയും ബർന്നബാസിനെയും അനുഗമിച്ചു; അവർ ആ കൂട്ടത്തോടു സംസാരിക്കുകയും ദൈവകൃപയിൽ നിലനിൽക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അടുത്ത ശബ്ബത്തുദിവസം പട്ടണവാസികൾ ഏതാണ്ട് എല്ലാവരുംതന്നെ കർത്താവിന്റെ വചനം കേൾക്കാൻ വന്നുകൂടി. ജനക്കൂട്ടത്തെക്കണ്ട്, അസൂയാലുക്കളായ യെഹൂദർ പൗലോസ് പറഞ്ഞതിനെ എതിർക്കുകയും അദ്ദേഹത്തെ ദുഷിച്ചു സംസാരിക്കുകയും ചെയ്തു. അപ്പോൾ പൗലോസും ബർന്നബാസും ധൈര്യപൂർവം ഇങ്ങനെ പറഞ്ഞു: “ദൈവവചനം ആദ്യം നിങ്ങളോടു പറയേണ്ടത് ആവശ്യമായിരുന്നു. എന്നാൽ നിങ്ങൾ അതു തിരസ്കരിച്ച് നിങ്ങളെത്തന്നെ നിത്യജീവന് അയോഗ്യരെന്നു തെളിയിച്ചിരിക്കുകയാൽ ഞങ്ങളിപ്പോൾ യെഹൂദരല്ലാത്ത ജനങ്ങളിലേക്കു തിരിയുന്നു. “നീ ഭൂമിയുടെ അതിരുകൾവരെ രക്ഷ എത്തിക്കേണ്ടതിനു ഞാൻ നിന്നെ യെഹൂദേതരർക്ക് ഒരു പ്രകാശമാക്കിയിരിക്കുന്നു,” എന്നു കർത്താവ് ഞങ്ങളോടു കൽപ്പിച്ചിട്ടുണ്ട്. ഇതു കേട്ടപ്പോൾ യെഹൂദേതരർ ആനന്ദിച്ച് കർത്താവിന്റെ വചനത്തെ പ്രകീർത്തിച്ചു. നിത്യജീവനുവേണ്ടി നിയോഗിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു. കർത്താവിന്റെ വചനം ആ പ്രദേശത്തെല്ലാം പ്രചരിച്ചു. എന്നാൽ, യെഹൂദനേതാക്കന്മാർ ദൈവഭക്തരായ പ്രമുഖവനിതകളെയും പട്ടണത്തിലെ പ്രധാനികളെയും എരികേറ്റി. അവർ പൗലോസിനും ബർന്നബാസിനുംനേരേ പീഡനം അഴിച്ചുവിട്ടു; അവരെ ആ പ്രദേശത്തുനിന്നു പുറത്താക്കി. അവരോ തങ്ങളുടെ പാദങ്ങളിലെ പൊടി അവർക്കെതിരേ കുടഞ്ഞുകളഞ്ഞശേഷം ഇക്കോന്യയിലേക്കു പോയി. ശിഷ്യന്മാരാകട്ടെ, ആനന്ദവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീർന്നു.