അപ്പൊ. പ്രവൃത്തികൾ 12:1-10

അപ്പൊ. പ്രവൃത്തികൾ 12:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആ കാലത്തു ഹെരോദാരാജാവ് സഭയിൽ ചിലരെ പീഡിപ്പിക്കേണ്ടതിനു കൈ നീട്ടി. യോഹന്നാന്റെ സഹോദരനായ യാക്കോബിനെ അവൻ വാൾകൊണ്ടു കൊന്നു. അത് യെഹൂദന്മാർക്ക് പ്രസാദമായി എന്നു കണ്ട് അവൻ പത്രൊസിനെയും പിടിച്ചു. അപ്പോൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആയിരുന്നു. അവനെ പിടിച്ചശേഷം പെസഹ കഴിഞ്ഞിട്ടു ജനത്തിന്റെ മുമ്പിൽ നിറുത്തുവാൻ ഭാവിച്ചു തടവിലാക്കി അവനെ കാപ്പാൻ നന്നാലു ചേവകർ ഉള്ള നാലു കൂട്ടത്തിന് ഏല്പിച്ചു. ഇങ്ങനെ പത്രൊസിനെ തടവിൽ സൂക്ഷിച്ചുവരുമ്പോൾ സഭ ശ്രദ്ധയോടെ അവനുവേണ്ടി ദൈവത്തോടു പ്രാർഥന കഴിച്ചുപോന്നു. ഹെരോദാവ് അവനെ ജനത്തിന്റെ മുമ്പിൽ നിറുത്തുവാൻ ഭാവിച്ചതിന്റെ തലേരാത്രിയിൽ പത്രൊസ് രണ്ടു ചങ്ങലയാൽ ബന്ധിക്കപ്പെട്ടവനായി രണ്ടു പടയാളികളുടെ നടുവിൽ ഉറങ്ങുകയായിരുന്നു; വാതിലിന്റെ മുമ്പിൽ കാവല്ക്കാർ കാരാഗൃഹം കാത്തുകൊണ്ടിരുന്നു. പെട്ടെന്നു കർത്താവിന്റെ ദൂതൻ അവിടെ പ്രത്യക്ഷനായി, അറയിൽ ഒരു വെളിച്ചം പ്രകാശിച്ചു. അവൻ പത്രൊസിനെ വിലാപ്പുറത്തു തട്ടി: വേഗം എഴുന്നേല്ക്ക എന്നു പറഞ്ഞ് അവനെ ഉണർത്തി; ഉടനെ അവന്റെ ചങ്ങല കൈമേൽനിന്നു വീണുപോയി. ദൂതൻ അവനോട്: അര കെട്ടി ചെരിപ്പ് ഇട്ടു മുറുക്കുക എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു; നിന്റെ വസ്ത്രം പുതച്ച് എന്റെ പിന്നാലെ വരിക എന്നു പറഞ്ഞു. അവൻ പിന്നാലെ ചെന്നു, ദൂതൻ മുഖാന്തരം സംഭവിച്ചത് വാസ്തവം എന്ന് അറിയാതെ താൻ ഒരു ദർശനം കാണുന്നു എന്ന് നിരൂപിച്ചു. അവർ ഒന്നാം കാവലും രണ്ടാമത്തേതും കടന്നു പട്ടണത്തിൽ ചെല്ലുന്ന ഇരുമ്പുവാതിൽക്കൽ എത്തി. അത് അവർക്കു സ്വതവേ തുറന്നു; അവർ പുറത്തിറങ്ങി ഒരു തെരുവു കടന്നു, ഉടനെ ദൂതൻ അവനെ വിട്ടുപോയി.

അപ്പൊ. പ്രവൃത്തികൾ 12:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അക്കാലത്ത് ഹേരോദാരാജാവ് സഭാംഗങ്ങളിൽ ചിലരെ പീഡിപ്പിക്കുവാൻ തുടങ്ങി. യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാളിനിരയാക്കി. അത് യെഹൂദന്മാർക്കു സന്തോഷമായി എന്നു കണ്ടപ്പോൾ ആ മനുഷ്യൻ പത്രോസിനെയും പിടിച്ച് ബന്ധിച്ച് കാരാഗൃഹത്തിലാക്കി; നാലു പടയാളികൾ വീതമുള്ള നാലു സംഘങ്ങളെ കാവലിനു നിയോഗിക്കുകയും ചെയ്തു. അത് പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവമായ പെസഹായുടെ കാലമായിരുന്നു. ഉത്സവകാലം കഴിഞ്ഞ് യെഹൂദന്മാരെ ഏല്പിക്കുവാനാണ് അപ്രകാരം ചെയ്തത്. പത്രോസിനുവേണ്ടി സഭ സർവാത്മനാ ദൈവത്തോടു പ്രാർഥിച്ചുകൊണ്ടിരുന്നു. ഹേരോദാ പത്രോസിനെ യെഹൂദന്മാരുടെ മുമ്പിൽ കൊണ്ടുവരുവാൻ നിശ്ചയിച്ചിരുന്നതിന്റെ തലേ രാത്രിയിൽ രണ്ടു പടയാളികളുടെ മധ്യേ രണ്ടു ചങ്ങലകൊണ്ടു ബന്ധിതനായി അദ്ദേഹം ഉറങ്ങുകയായിരുന്നു. ഭടന്മാർ കാരാഗൃഹത്തിന്റെ വാതില്‌ക്കൽ കാവൽ നില്‌ക്കുന്നുണ്ടായിരുന്നു. ആ സമയത്ത് ഒരു ദൈവദൂതൻ പ്രത്യക്ഷനായി; തടവുമുറിയിൽ പ്രകാശം പരന്നു. ദൂതൻ പത്രോസിനെ പാർശ്വത്തിൽ തട്ടിയുണർത്തി, “വേഗം എഴുന്നേല്‌ക്കൂ” എന്നു പറഞ്ഞു. തൽക്ഷണം അദ്ദേഹത്തിന്റെ കൈകളിൽനിന്നു ചങ്ങല താഴെ വീണു. ദൂതൻ അദ്ദേഹത്തോടു പറഞ്ഞു: “അരക്കച്ച കെട്ടി, ചെരുപ്പു ധരിക്കൂ.” പത്രോസ് അങ്ങനെ ചെയ്തു. “പുറങ്കുപ്പായം ഇട്ടുകൊണ്ട്, എന്റെ പിന്നാലേ വരിക” എന്നും ദൂതൻ പറഞ്ഞു. പത്രോസ് ദൂതനെ അനുഗമിച്ചു പുറത്തിറങ്ങി. ദൈവദൂതൻ മുഖാന്തരം നടന്ന ഈ സംഭവം ഒരു യാഥാർഥ്യമാണെന്നു പത്രോസിനു മനസ്സിലായില്ല. ഒരു ദർശനം കാണുകയാണെന്നത്രേ അദ്ദേഹം വിചാരിച്ചത്. കാവൽഭടന്മാർ നിന്നിരുന്ന ഒന്നാമത്തെയും രണ്ടാമത്തെയും വാതിലുകൾ കടന്ന് അവർ നഗരത്തിലേക്കു കടക്കുവാനുള്ള ഇരുമ്പുവാതില്‌ക്കലെത്തി. ആ വാതിൽ താനേ തുറന്നു. അവർ പുറത്തുകടന്ന് ഒരു വീഥിയിൽ കൂടി നടന്നു മുമ്പോട്ടു നീങ്ങി; ദൂതൻ പെട്ടെന്ന് അപ്രത്യക്ഷനായി.

അപ്പൊ. പ്രവൃത്തികൾ 12:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ആ കാലത്ത് ഹെരോദാരാജാവ് സഭയിൽ ചിലരെ അപായപ്പെടുത്തേണ്ടതിന് പദ്ധതിയിട്ടു. യോഹന്നാന്‍റെ സഹോദരനായ യാക്കോബിനെ അവൻ വാൾകൊണ്ട് കൊന്നു. അത് യെഹൂദന്മാർക്ക് ഇഷ്ടമായി എന്നു തിരിച്ചറിഞ്ഞ ഹെരോദാവ് പത്രൊസിനെയും പിടിക്കുവാൻ നിർദ്ദേശിച്ചു. അപ്പോൾ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാൾ ആയിരുന്നു. അവനെ പിടിച്ചശേഷം പെസഹ കഴിഞ്ഞിട്ട് ജനത്തിന്‍റെ മുമ്പിൽ നിർത്തുവാൻ ഭാവിച്ച് തടവിലാക്കി, കാക്കുവാൻ നാലു പേരടങ്ങുന്ന പടയാളികൾ ഉളള നാലു കൂട്ടത്തിനെ ഏല്പിച്ചു. ഇങ്ങനെ പത്രൊസിനെ തടവിൽ സൂക്ഷിച്ചുവരുമ്പോൾ സഭ ശ്രദ്ധയോടെ അവനുവേണ്ടി ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഹെരോദാവ് അവനെ ജനത്തിന്‍റെ മുമ്പിൽ നിർത്തുവാൻ തീരുമാനിച്ചതിൻ്റെ തലേരാത്രിയിൽ പത്രൊസ് രണ്ടു ചങ്ങലയാൽ ബന്ധിയ്ക്കപ്പെട്ടവനായി രണ്ടു പടയാളികളുടെ നടുവിൽ ഉറങ്ങുകയായിരുന്നു; വാതിലിന്‍റെ മുമ്പിൽ കാവല്ക്കാർ കാരാഗൃഹം കാത്തുകൊണ്ടിരുന്നു. ക്ഷണത്തിൽ കർത്താവിന്‍റെ ദൂതൻ അവിടെ പ്രത്യക്ഷനായി, അറയ്ക്കുള്ളിൽ ഒരു വെളിച്ചം പ്രകാശിച്ചു. അവൻ പത്രോസിന്‍റെ വശത്ത് തട്ടി: “വേഗം എഴുന്നേൽക്ക” എന്നു പറഞ്ഞ് അവനെ ഉണർത്തി; ഉടനെ അവന്‍റെ ചങ്ങല കൈമേൽനിന്ന് അഴിഞ്ഞു വീണു. ദൂതൻ അവനോട്: “അരകെട്ടി ചെരിപ്പിട്ട് മുറുക്കുക” എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു; “നിന്‍റെ വസ്ത്രം പുതച്ച് എന്‍റെ പിന്നാലെ വരിക” എന്നു പറഞ്ഞു. അവൻ പിന്നാലെ ചെന്നു, ദൂതൻ മുഖാന്തരം സംഭവിച്ചത് വാസ്തവം എന്നു അറിയാതെ താൻ ഒരു ദർശനം കാണുന്നു എന്നു നിരൂപിച്ചു. അവർ ഒന്നാം കാവലും രണ്ടാമത്തേതും കടന്നു പട്ടണത്തിൽ ചെല്ലുന്ന ഇരുമ്പുവാതിൽക്കൽ എത്തി. അത് അവർക്ക് തനിയെ തുറന്നു; അവർ പുറത്തിറങ്ങി ഒരു തെരുവ് കടന്നു, ഉടനെ ദൂതൻ അവനെ വിട്ടുപോയി.

അപ്പൊ. പ്രവൃത്തികൾ 12:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആ കാലത്തു ഹെരോദാരാജാവു സഭയിൽ ചിലരെ പീഡിപ്പിക്കേണ്ടതിന്നു കൈ നീട്ടി. യോഹന്നാന്റെ സഹോദരനായ യാക്കോബിനെ അവൻ വാൾകൊണ്ടു കൊന്നു. അതു യെഹൂദന്മാർക്കു പ്രസാദമായി എന്നു കണ്ടു അവൻ പത്രൊസിനെയും പിടിച്ചു. അപ്പോൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ആയിരുന്നു. അവനെ പിടിച്ചശേഷം പെസഹ കഴിഞ്ഞിട്ടു ജനത്തിന്റെ മുമ്പിൽ നിറുത്തുവാൻ ഭാവിച്ചു തടവിലാക്കി അവനെ കാപ്പാൻ നന്നാലു ചേവകർ ഉള്ള നാലു കൂട്ടത്തിന്നു ഏല്പിച്ചു. ഇങ്ങനെ പത്രൊസിനെ തടവിൽ സൂക്ഷിച്ചുവരുമ്പോൾ സഭ ശ്രദ്ധയോടെ അവന്നുവേണ്ടി ദൈവത്തോടു പ്രാർത്ഥന കഴിച്ചുപോന്നു. ഹെരോദാവു അവനെ ജനത്തിന്റെ മുമ്പിൽ നിറുത്തുവാൻ ഭാവിച്ചതിന്റെ തലെരാത്രിയിൽ പത്രൊസ് രണ്ടു ചങ്ങലയാൽ ബന്ധിക്കപ്പെട്ടവനായി രണ്ടു പടയാളികളുടെ നടുവിൽ ഉറങ്ങുകയായിരുന്നു; വാതിലിന്റെ മുമ്പിൽ കാവല്ക്കാർ കാരാഗൃഹം കാത്തുകൊണ്ടിരുന്നു. പെട്ടെന്നു കർത്താവിന്റെ ദൂതൻ അവിടെ പ്രത്യക്ഷനായി, അറയിൽ ഒരു വെളിച്ചം പ്രകാശിച്ചു. അവൻ പത്രൊസിനെ വിലാപ്പുറത്തു തട്ടി: വേഗം എഴുന്നേല്ക്കു എന്നു പറഞ്ഞു അവനെ ഉണർത്തി; ഉടനെ അവന്റെ ചങ്ങല കൈമേൽ നിന്നു വീണു പോയി. ദൂതൻ അവനോടു: അര കെട്ടി ചെരിപ്പു ഇട്ടു മുറുക്കുക എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു; നിന്റെ വസ്ത്രം പുതെച്ചു എന്റെ പിന്നാലെ വരിക എന്നു പറഞ്ഞു. അവൻ പിന്നാലെ ചെന്നു, ദൂതൻ മുഖാന്തരം സംഭവിച്ചതു വാസ്തവം എന്നു അറിയാതെ താൻ ഒരു ദർശനം കാണുന്നു എന്നു നിരൂപിച്ചു. അവർ ഒന്നാം കാവലും രണ്ടാമത്തേതും കടന്നു പട്ടണത്തിൽ ചെല്ലുന്ന ഇരിമ്പു വാതില്ക്കുൽ എത്തി. അതു അവർക്കു സ്വതവെ തുറന്നു; അവർ പുറത്തിറങ്ങി ഒരു തെരുവു കടന്നു, ഉടനെ ദൂതൻ അവനെ വിട്ടുപോയി.

അപ്പൊ. പ്രവൃത്തികൾ 12:1-10 സമകാലിക മലയാളവിവർത്തനം (MCV)

ഈ സമയത്താണ് ഹെരോദാരാജാവ് സഭാംഗങ്ങളിൽ ചിലരെ പീഡിപ്പിക്കാനായി പിടികൂടിത്തുടങ്ങിയത്. അയാൾ യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാൾകൊണ്ടു കൊല്ലിച്ചു. അത് യെഹൂദരെ ആനന്ദിപ്പിച്ചു എന്നുകണ്ടപ്പോൾ അയാൾ പത്രോസിനെയും ബന്ധനത്തിലാക്കി. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിലാണ് ഇതു സംഭവിച്ചത്. അയാൾ പത്രോസിനെ ബന്ധിച്ച് കാരാഗൃഹത്തിലാക്കി നാലു പടയാളികൾവീതമുള്ള നാലു കൂട്ടങ്ങൾ മാറിമാറി അദ്ദേഹത്തെ കാവൽചെയ്തു. പെസഹയ്ക്കു ശേഷം അദ്ദേഹത്തെ പുറത്തുകൊണ്ടുവന്ന് പരസ്യമായി വിസ്തരിക്കണമെന്നായിരുന്നു ഹെരോദാവിന്റെ ഉദ്ദേശ്യം. പത്രോസ് കാരാഗൃഹത്തിൽ ആയിരിക്കുമ്പോൾ സഭ അദ്ദേഹത്തിനുവേണ്ടി ജാഗ്രതയോടെ ദൈവത്തോടു പ്രാർഥിച്ചുകൊണ്ടിരുന്നു. ഹെരോദാരാജാവ് പത്രോസിനെ വിസ്താരത്തിനായി കൊണ്ടുവരാനിരുന്നതിന്റെ തലേരാത്രിയിൽ രണ്ട് പടയാളികളുടെ നടുവിൽ, രണ്ട് ചങ്ങലകളാൽ ബന്ധിതനായി പത്രോസ് കിടന്നുറങ്ങുകയും പടയാളികൾ കാരാഗൃഹത്തിന്റെ വാതിൽക്കൽ കാവൽനിൽക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ, പെട്ടെന്ന്, കർത്താവിന്റെ ഒരു ദൂതൻ പ്രത്യക്ഷനായി, കാരാഗൃഹത്തിൽ ഒരു ഉജ്ജ്വലപ്രകാശം തിളങ്ങി. ദൂതൻ പത്രോസിനെ ഒരുവശത്ത് തട്ടി അദ്ദേഹത്തെ ഉണർത്തി. “വേഗം എഴുന്നേൽക്കൂ!” ദൂതൻ പറഞ്ഞു. പത്രോസിന്റെ കൈകളിൽനിന്ന് ചങ്ങലകൾ അഴിഞ്ഞുവീണു. ദൂതൻ പത്രോസിനോട്, “നിന്റെ വസ്ത്രവും ചെരിപ്പും ധരിക്കുക” എന്നു പറഞ്ഞു. അദ്ദേഹം അങ്ങനെ ചെയ്തു. “മേൽവസ്ത്രം പുതച്ചുകൊണ്ട് എന്റെ പിന്നാലെ വരിക,” ദൂതൻ പറഞ്ഞു. പത്രോസ് ദൂതന്റെ പിറകേ നടന്ന് കാരാഗൃഹത്തിനു പുറത്തുവന്നു. എന്നാൽ, ദൂതൻമുഖേന സംഭവിച്ചത് യഥാർഥമാണെന്ന് അദ്ദേഹം അറിഞ്ഞില്ല. താൻ ഒരു ദർശനം കാണുകയാണെന്ന് അദ്ദേഹം ചിന്തിച്ചു. അവർ ഒന്നാംകാവൽക്കാരെയും രണ്ടാംകാവൽക്കാരെയും കടന്ന് നഗരത്തിലേക്കു നയിക്കുന്ന ഇരുമ്പുവാതിൽക്കലെത്തി. അത് അവർക്കായി തനിയേ തുറന്നു. അവർ അതിലൂടെ പുറത്തുവന്ന് ഒരു തെരുവു കടന്നു, ഉടനെ ദൂതൻ അദ്ദേഹത്തെ വിട്ടുപോയി.