അപ്പൊ. പ്രവൃത്തികൾ 11:1-18

അപ്പൊ. പ്രവൃത്തികൾ 11:1-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ജാതികളും ദൈവവചനം കൈക്കൊണ്ടു എന്ന് അപ്പൊസ്തലന്മാരും യെഹൂദ്യയിലുള്ള സഹോദരന്മാരും കേട്ടു. പത്രൊസ് യെരൂശലേമിൽ എത്തിയപ്പോൾ പരിച്ഛേദനക്കാർ അവനോട് വാദിച്ചു: നീ അഗ്രചർമികളുടെ അടുക്കൽ ചെന്ന് അവരോടുകൂടെ ഭക്ഷിച്ചു എന്നു പറഞ്ഞു. പത്രൊസ് കാര്യം ആദിമുതൽ ക്രമമായി അവരോട് വിവരിച്ചുപറഞ്ഞത്: ഞാൻ യോപ്പാപട്ടണത്തിൽ പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ വിവശതയിൽ ഒരു ദർശനം കണ്ടു: ആകാശത്തിൽനിന്നു നാലു കോണും കെട്ടി ഇറക്കിയ വലിയ തുപ്പട്ടിപോലെ ഒരു പാത്രം എന്റെ അടുക്കലോളം വന്നു. അതിൽ ഞാൻ സൂക്ഷിച്ചുനോക്കിയപ്പോൾ ഭൂമിയിലെ നാല്ക്കാലികളെയും കാട്ടുമൃഗങ്ങളെയും ഇഴജാതികളെയും ആകാശത്തിലെ പറവകളെയും കണ്ടു: പത്രൊസേ, എഴുന്നേറ്റ് അറുത്തു തിന്നുക എന്ന് എന്നോടു പറയുന്നൊരു ശബ്ദവും കേട്ടു. അതിന് ഞാൻ: ഒരിക്കലും പാടില്ല, കർത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഒരിക്കലും എന്റെ വായിൽ ചെന്നിട്ടില്ലല്ലോ എന്നു പറഞ്ഞു. ആ ശബ്ദം പിന്നെയും ആകാശത്തിൽനിന്ന്: ദൈവം ശുദ്ധീകരിച്ചത് നീ മലിനം എന്ന് വിചാരിക്കരുത് എന്ന് ഉത്തരം പറഞ്ഞു. ഇതു മൂന്നു പ്രാവശ്യം ഉണ്ടായി; പിന്നെ എല്ലാം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു. അപ്പോൾതന്നെ കൈസര്യയിൽനിന്ന് എന്റെ അടുക്കൽ അയച്ചിരുന്ന മൂന്നു പുരുഷന്മാർ ഞങ്ങൾ പാർത്ത വീട്ടിന്റെ മുമ്പിൽ നിന്നിരുന്നു; ഒന്നും സംശയിക്കാതെ അവരോടുകൂടെ പോകുവാൻ ആത്മാവ് എന്നോട് കല്പിച്ചു. ഈ ആറു സഹോദരന്മാരും എന്നോടുകൂടെ പോന്നു; ഞങ്ങൾ ആ പുരുഷന്റെ വീട്ടിൽ ചെന്നു. അവൻ തന്റെ വീട്ടിൽ ഒരു ദൂതൻ നില്ക്കുന്നത് കണ്ടു എന്നും നീ യോപ്പയിലേക്ക് ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക; നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവൻ നിന്നോടു സംസാരിക്കും എന്ന് ദൂതൻ പറഞ്ഞു എന്നും ഞങ്ങളോട് അറിയിച്ചു. ഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കും പരിശുദ്ധാത്മാവ് ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെമേലും വന്നു. അപ്പോൾ ഞാൻ: യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്ന് കർത്താവ് പറഞ്ഞ വാക്ക് ഓർത്തു. ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ? അവർ ഇതു കേട്ടപ്പോൾ മിണ്ടാതിരുന്നു: അങ്ങനെ ആയാൽ ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്ത്വപ്പെടുത്തി.

അപ്പൊ. പ്രവൃത്തികൾ 11:1-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

വിജാതീയർകൂടി ദൈവവചനം സ്വീകരിച്ചു എന്ന് അപ്പോസ്തോലന്മാരും യെഹൂദ്യയിലെ സഹോദരന്മാരും കേട്ടു. പത്രോസ് യെരൂശലേമിൽ ചെന്നപ്പോൾ പരിച്ഛേദനകർമവാദികളായ യെഹൂദന്മാർ അദ്ദേഹത്തെ വിമർശിച്ചു. പരിച്ഛേദനകർമം സ്വീകരിക്കാത്തവരുടെ അടുക്കൽ താങ്കൾ പോകുകയും, അവരോടുകൂടി ഭക്ഷണം കഴിക്കുകയും ചെയ്തത് എന്തുകൊണ്ട്?” എന്ന് അവർ ചോദിച്ചു. നടന്ന സംഭവങ്ങൾ പത്രോസ് അവരോട് യഥാക്രമം വിവരിച്ചു. “യോപ്പാപട്ടണത്തിൽ പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ എനിക്ക് ഒരു ദിവ്യാനുഭൂതിയുണ്ടായി. വിസ്താരമേറിയ കപ്പൽപായ്പോലെയുള്ള ഒരു പാത്രം നാലു മൂലയ്‍ക്കും കെട്ടി ആകാശത്തുനിന്ന് എന്റെ അടുക്കലേക്ക് ഇറക്കുന്നതായി ദർശനത്തിൽ ഞാൻ കണ്ടു. ഞാൻ സൂക്ഷിച്ചുനോക്കിയപ്പോൾ, അതിൽ ഭൂമിയിലുള്ള സകല വളർത്തുമൃഗങ്ങളെയും, വന്യമൃഗങ്ങളെയും, ഇഴജന്തുക്കളെയും, ആകാശത്തിലെ പക്ഷികളെയും കണ്ടു. “പത്രോസേ, എഴുന്നേറ്റു കൊന്നു തിന്നുകൊള്ളുക” എന്നൊരു അശരീരി ഞാൻ കേട്ടു. ഞാനാകട്ടെ, ഒരിക്കലും ഇല്ല കർത്താവേ, നിഷിദ്ധമോ അശുദ്ധമോ ആയ യാതൊന്നും എന്റെ വായിൽ തൊട്ടിട്ടുപോലുമില്ല’ എന്നു പറഞ്ഞു. ‘ദൈവം ശുദ്ധീകരിച്ചത് നിഷിദ്ധമെന്നു നീ കരുതരുത്’ എന്ന ശബ്ദം പിന്നെയും ആകാശത്തുനിന്നു കേട്ടു. ഇങ്ങനെ മൂന്നു പ്രാവശ്യം ഉണ്ടായി. പിന്നീട് അവയെല്ലാം തിരിച്ച് ആകാശത്തേക്കു വലിച്ചെടുക്കപ്പെട്ടു. അപ്പോൾത്തന്നെ കൈസര്യയിൽനിന്ന് അയയ്‍ക്കപ്പെട്ട മൂന്നു പേർ ഞങ്ങൾ പാർത്തിരുന്ന വീടിന്റെ മുമ്പിൽ എത്തിയിരുന്നു; ഒന്നും സംശയിക്കാതെ അവരോടുകൂടി പോകുവാൻ ആത്മാവ് എന്നോട് ആജ്ഞാപിച്ചു. ഈ ആറു സഹോദരന്മാരും എന്നോടുകൂടി പോന്നു. ഞങ്ങൾ കൊർന്നല്യോസിന്റെ ഭവനത്തിലേക്കാണു പോയത്. ഒരു ദൈവദൂതൻ തന്റെ വീട്ടിൽ നില്‌ക്കുന്നതായി അദ്ദേഹം കണ്ടു എന്നും ‘യോപ്പയിലേക്ക് ആളയച്ചു ശിമോൻ പത്രോസിനെ വിളിപ്പിക്കുക; നീയും നിന്റെ കുടുംബവും രക്ഷിക്കപ്പെടുവാനുള്ള വാക്കുകൾ അദ്ദേഹം നിന്നോടു പറയും’ എന്നു ദൂതൻ അദ്ദേഹത്തോടു പറഞ്ഞതായി ഞങ്ങളെ അറിയിച്ചു. ഞാൻ സംസാരിച്ചു തുടങ്ങിയപ്പോൾ, പരിശുദ്ധാത്മാവു നമ്മുടെമേൽ ആദ്യം വന്നതുപോലെ അവരുടെമേലും വന്നു. “യോഹന്നാൻ വെള്ളംകൊണ്ടു സ്നാപനം ചെയ്തു; നിങ്ങളോ പരിശുദ്ധാത്മാവിനാൽ സ്നാപനം ചെയ്യപ്പെടും’ എന്ന കർത്താവിന്റെ വചനം ഞാൻ അപ്പോൾ ഓർത്തു. അതുകൊണ്ടു കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്ന അതേ ദാനം അവർക്കും ദൈവം നല്‌കിയെങ്കിൽ, ദൈവത്തെ വിലക്കുവാൻ ഞാൻ ആരാണ്?” ഇതു കേട്ട് അവർ നിശ്ശബ്ദരായി. “ജീവനിലേക്കു നയിക്കുന്ന അനുതാപം വിജാതീയർക്കും ദൈവം നല്‌കിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞ് അവർ ദൈവത്തെ പ്രകീർത്തിച്ചു.

അപ്പൊ. പ്രവൃത്തികൾ 11:1-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ദൈവവചനം ജാതികളും സ്വീകരിച്ചു എന്നു അപ്പൊസ്തലന്മാരും യെഹൂദ്യയിലുള്ള സഹോദരന്മാരും കേട്ടതുകൊണ്ട് പത്രൊസ് യെരൂശലേമിൽ എത്തിയപ്പോൾ പരിച്ഛേദനക്കാരായവർ അവനോട് വാദിച്ചു: “നീ അഗ്രചർമ്മികളുടെ അടുക്കൽ ചെന്നു അവരോടുകൂടെ ഭക്ഷിച്ചു” എന്നു പറഞ്ഞു. പത്രൊസ് ആദിമുതൽ സംഭവിച്ചതെല്ലാം ക്രമമായി അവരോട് വിവരിച്ചു പറഞ്ഞു: “ഞാൻ യോപ്പാ പട്ടണത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ വിവശതയിൽ ഒരു ദർശനം കണ്ടു: ആകാശത്തിൽനിന്ന് നാലു കോണും കെട്ടിയിട്ടുള്ള വലിയ ഒരു വിരിപ്പ് ഒരു പാത്രംപോലെ എന്‍റെ അടുക്കലോളം വന്നു. അതിൽ ഞാൻ സൂക്ഷിച്ചുനോക്കിയപ്പോൾ ഭൂമിയിലെ നാൽക്കാലികളെയും കാട്ടുമൃഗങ്ങളെയും ഇഴജാതികളെയും ആകാശത്തിലെ പറവകളെയും കണ്ടു: ‘പത്രൊസേ, എഴുന്നേറ്റ് കൊന്നു തിന്നുക’ എന്നു എന്നോട് പറയുന്നൊരു ശബ്ദവും കേട്ടു. അതിന് ഞാൻ: ‘ഒരിക്കലും പാടില്ല, കർത്താവേ; മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരിക്കലും തിന്നിട്ടില്ലല്ലോ’ എന്നു പറഞ്ഞു. ആ ശബ്ദം പിന്നെയും ആകാശത്തിൽനിന്ന്: ‘ദൈവം ശുദ്ധീകരിച്ചത് നീ മലിനം എന്നു വിചാരിക്കരുത്’ എന്നു ഉത്തരം പറഞ്ഞു. ഇത് മൂന്നുപ്രാവശ്യം ഉണ്ടായി; പിന്നെ എല്ലാം തിരികെ ആകാശത്തിലേക്ക് എടുക്കപ്പെട്ടു. അപ്പോൾ തന്നെ കൈസര്യയിൽനിന്ന് എന്‍റെ അടുക്കൽ അയച്ചിരുന്ന മൂന്നു പുരുഷന്മാർ ഞങ്ങൾ പാർത്ത വീടിന്‍റെ മുമ്പിൽ നിന്നിരുന്നു; ഒന്നും സംശയിക്കാതെ അവരോടുകൂടെ പോകുവാൻ പരിശുദ്ധാത്മാവ് എന്നോട് കല്പിച്ചു. ഈ ആറു സഹോദരന്മാരും എന്നോടുകൂടെ പോന്നു; ഞങ്ങൾ ആ പുരുഷന്‍റെ വീട്ടിൽ ചെന്നു. അവൻ തന്‍റെ വീട്ടിൽ ഒരു ദൂതൻ നില്ക്കുന്നതു കണ്ടു എന്നും ‘നീ യോപ്പയിലേക്ക് ആളയച്ച് പത്രൊസ് എന്നു അറിയപ്പെടുന്ന ശിമോനെ വരുത്തുക; നീയും നിന്‍റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവൻ നിന്നോട് സംസാരിക്കും’ എന്നു ദൂതൻ പറഞ്ഞു എന്നും ഞങ്ങളോട് അറിയിച്ചു. “ഞാൻ സംസാരിച്ചു തുടങ്ങിയപ്പോൾ പരിശുദ്ധാത്മാവ് ആദിയിൽ നമ്മുടെമേൽ വന്നതുപോലെ അവരുടെമേലും വന്നു. അപ്പോൾ ഞാൻ: ‘യോഹന്നാൻ വെള്ളംകൊണ്ട് സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും’ എന്നു കർത്താവ് പറഞ്ഞവാക്ക് ഓർത്തു. ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു ലഭിച്ചതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടയുവാൻ തക്കവണ്ണം ഞാൻ ആർ?” അവർ ഇത് കേട്ടപ്പോൾ മിണ്ടാതിരുന്നു: “അങ്ങനെ ദൈവം ജനതകൾക്കും തങ്ങളുടെ പാപവഴികളിൽനിന്നും മാനസാന്തരപ്പെടുന്നതിനാൽ നിത്യജീവൻ പ്രാപിക്കാൻ കഴിയുമല്ലോ” എന്നു പറഞ്ഞ് ദൈവത്തെ മഹത്വപ്പെടുത്തി.

അപ്പൊ. പ്രവൃത്തികൾ 11:1-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ജാതികളും ദൈവവചനം കൈക്കൊണ്ടു എന്നു അപ്പൊസ്തലന്മാരും യെഹൂദ്യയിലുള്ള സഹോദരന്മാരും കേട്ടു. പത്രൊസ് യെരൂശലേമിൽ എത്തിയപ്പോൾ പരിച്ഛേദനക്കാർ അവനോടു വാദിച്ചു: നീ അഗ്രചർമ്മികളുടെ അടുക്കൽ ചെന്നു അവരോടുകൂടെ ഭക്ഷിച്ചു എന്നു പറഞ്ഞു. പത്രൊസ് കാര്യം ആദിമുതൽ ക്രമമായി അവരോടു വിവരിച്ചുപറഞ്ഞതു: ഞാൻ യോപ്പാപട്ടണത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ വിവശതയിൽ ഒരുദർശനം കണ്ടു: ആകാശത്തിൽനിന്നു നാലു കോണും കെട്ടി ഇറക്കിയ വലിയ തുപ്പട്ടിപോലെ ഒരു പാത്രം എന്റെ അടുക്കലോളം വന്നു. അതിൽ ഞാൻ സൂക്ഷിച്ചുനോക്കിയപ്പോൾ ഭൂമിയിലെ നാൽക്കാലികളെയും കാട്ടുമൃഗങ്ങളെയും ഇഴജാതികളെയും ആകാശത്തിലെ പറവകളെയും കണ്ടു: പത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്നു എന്നോടു പറയുന്നോരു ശബ്ദവും കേട്ടു. അതിന്നു ഞാൻ: ഒരിക്കലും പാടില്ല, കർത്താവേ; മലിനമോ അശുദ്ധമോ ആയതൊന്നും ഒരിക്കലും എന്റെ വായിൽ ചെന്നിട്ടില്ലല്ലോ എന്നു പറഞ്ഞു. ആ ശബ്ദം പിന്നെയും ആകാശത്തിൽ നിന്നു: ദൈവം ശുദ്ധീകരിച്ചതു നീ മലിനം എന്നു വിചാരിക്കരുതു എന്നു ഉത്തരം പറഞ്ഞു. ഇതു മൂന്നു പ്രാവശ്യം ഉണ്ടായി; പിന്നെ എല്ലാം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു. അപ്പോൾ തന്നേ കൈസര്യയിൽ നിന്നു എന്റെ അടുക്കൽ അയച്ചിരുന്ന മൂന്നു പുരുഷന്മാർ ഞങ്ങൾ പാർത്ത വീട്ടിന്റെ മുമ്പിൽ നിന്നിരുന്നു; ഒന്നും സംശയിക്കാതെ അവരോടുകൂടെ പോകുവാൻ ആത്മാവു എന്നോടു കല്പിച്ചു. ഈ ആറു സഹോദരന്മാരും എന്നോടുകൂടെ പോന്നു; ഞങ്ങൾ ആ പുരുഷന്റെ വീട്ടിൽ ചെന്നു. അവൻ തന്റെ വീട്ടിൽ ഒരു ദൂതൻ നില്ക്കുന്നതു കണ്ടു എന്നും നീ യോപ്പയിലേക്കു ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക; നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവൻ നിന്നോടു സംസാരിക്കും എന്നു ദൂതൻ പറഞ്ഞു എന്നും ഞങ്ങളോടു അറിയിച്ചു. ഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെ മേലും വന്നു. അപ്പോൾ ഞാൻ: യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കർത്താവു പറഞ്ഞ വാക്കു ഓർത്തു. ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ? അവർ ഇതു കേട്ടപ്പോൾ മിണ്ടാതിരുന്നു: അങ്ങനെ ആയാൽ ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.

അപ്പൊ. പ്രവൃത്തികൾ 11:1-18 സമകാലിക മലയാളവിവർത്തനം (MCV)

യെഹൂദേതരരും ദൈവവചനം അംഗീകരിച്ചു എന്ന വാർത്ത അപ്പൊസ്തലന്മാരും യെഹൂദ്യയിൽ എല്ലായിടത്തുമുള്ള സഹോദരങ്ങളും അറിഞ്ഞു. പത്രോസ് ജെറുശലേമിൽ എത്തിയപ്പോൾ യെഹൂദരായ വിശ്വാസികൾ അദ്ദേഹത്തെ വിമർശിച്ചുകൊണ്ട്, “താങ്കൾ യെഹൂദേതരരുടെ വീട്ടിൽപോയി അവരോടുകൂടെ ഭക്ഷണം കഴിച്ചില്ലേ” എന്നു കുറ്റപ്പെടുത്തി. അതിന് പത്രോസ് എല്ലാക്കാര്യങ്ങളും ആരംഭംമുതൽ സംഭവിച്ചക്രമത്തിൽത്തന്നെ സൂക്ഷ്മമായി അവർക്ക് ഇങ്ങനെ വിശദീകരിച്ചു: “ഞാൻ യോപ്പാനഗരത്തിൽ പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ, ആത്മവിവശതയിൽ ഒരു ദർശനം കണ്ടു. നാലുകോണും കെട്ടിയ വലിയ വിരിപോലെയുള്ള ഒരു പാത്രം സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നത് ഞാൻ കണ്ടു. അതു താണുതാണുവന്ന് ഞാൻ ഇരിക്കുന്നേടത്തെത്തി. ഞാൻ സൂക്ഷിച്ചുനോക്കിയപ്പോൾ അതിനുള്ളിൽ ഭൂമിയിലെ നാൽക്കാലികൾ, കാട്ടുജന്തുക്കൾ, ഇഴജന്തുക്കൾ, ആകാശത്തിലെ പക്ഷികൾ എന്നിവയെ കണ്ടു. ‘പത്രോസേ, എഴുന്നേറ്റ് കൊന്നുതിന്നുക’ എന്ന് എന്നോടു പറയുന്ന ഒരു അശരീരിയും ഞാൻ കേട്ടു. “ ‘എനിക്കതിനു കഴിയില്ല കർത്താവേ, അശുദ്ധമോ മലിനമോ ആയ യാതൊന്നും ഞാൻ ഒരിക്കലും ഭക്ഷിച്ചിട്ടില്ലല്ലോ, എന്നു ഞാൻ പറഞ്ഞു.’ “ആ അശരീരി സ്വർഗത്തിൽനിന്ന് പിന്നെയും എന്നോട്, ‘ദൈവം ശുദ്ധീകരിച്ചതൊന്നും അശുദ്ധമെന്നു പറയാൻ പാടില്ല’ എന്ന് അരുളിച്ചെയ്തു. ഇങ്ങനെ മൂന്നുപ്രാവശ്യം ഉണ്ടായി. പിന്നെ അതെല്ലാം സ്വർഗത്തിലേക്കു തിരികെ എടുക്കപ്പെട്ടു. “അപ്പോൾത്തന്നെ കൈസര്യയിൽനിന്ന് എന്റെ അടുത്തേക്കയയ്ക്കപ്പെട്ട മൂന്നുപുരുഷന്മാർ ഞാൻ താമസിച്ചിരുന്ന വീടിന്റെ മുമ്പിൽ വന്നുനിന്നു. ‘മടിക്കാതെ അവരോടുകൂടെ പോകുക’ എന്ന് ആത്മാവ് എന്നോടു കൽപ്പിച്ചു. ഈ ആറുസഹോദരന്മാരും എന്റെകൂടെ പോന്നു. ഞങ്ങൾ ആ മനുഷ്യന്റെ വീട്ടിലെത്തി. ഒരു ദൈവദൂതൻ തന്റെ ഭവനത്തിൽ പ്രത്യക്ഷപ്പെട്ടുവെന്നും ആ ദൂതൻ അദ്ദേഹത്തോട്, ‘നീ യോപ്പയിലേക്ക് ആളയച്ചു പത്രോസ് എന്നു വിളിച്ചുവരുന്ന ശിമോനെ വരുത്തുക; നീയും നിന്റെ കുടുംബത്തിലുള്ളവരും രക്ഷിക്കപ്പെടാനുള്ള സന്ദേശം അദ്ദേഹം നിനക്കു നൽകും’ എന്ന് അറിയിച്ചെന്നും അദ്ദേഹം ഞങ്ങളോടു പറഞ്ഞു. “ഞാൻ സംസാരിച്ചുതുടങ്ങിയപ്പോൾ പരിശുദ്ധാത്മാവ് ആരംഭത്തിൽ നമ്മുടെമേൽ വന്നതുപോലെതന്നെ അവരുടെമേലും വന്നു. അപ്പോൾ, ‘യോഹന്നാൻ ജലത്തിൽ സ്നാനം നൽകി, എന്നാൽ നിങ്ങൾക്കോ, പരിശുദ്ധാത്മാവുകൊണ്ട് സ്നാനം ലഭിക്കും’ എന്ന് കർത്താവ് പറഞ്ഞ വാക്ക് എനിക്ക് ഓർമ വന്നു. അതുകൊണ്ട് കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ച നമുക്ക് ദൈവം തന്ന അതേ ദാനം അവർക്കും നൽകിയെങ്കിൽ, ദൈവത്തോട് എതിർത്തുനിൽക്കാൻ ഞാനാര്?” ഇതു കേട്ടുകഴിഞ്ഞപ്പോൾ, അവർ വിമർശനം അവസാനിപ്പിച്ചു. “ജീവനിലേക്കു നയിക്കുന്ന മാനസാന്തരം ദൈവം യെഹൂദേതരർക്കും നൽകിയിരിക്കുന്നല്ലോ” എന്നു പറഞ്ഞ് അവർ ദൈവത്തെ സ്തുതിച്ചു.