അപ്പൊ. പ്രവൃത്തികൾ 10:34-38 - Compare All Versions
അപ്പൊ. പ്രവൃത്തികൾ 10:34-38 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അപ്പോൾ പത്രൊസ് വായ് തുറന്നു പറഞ്ഞുതുടങ്ങിയത്: ദൈവത്തിനു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യഥാർഥമായി ഗ്രഹിക്കുന്നു. അവൻ എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽമക്കൾക്ക് അയച്ച വചനം, യോഹന്നാൻ പ്രസംഗിച്ച സ്നാനത്തിന്റെശേഷം ഗലീലയിൽതുടങ്ങി യെഹൂദ്യയിലൊക്കെയും ഉണ്ടായ വർത്തമാനം, നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട് അവൻ നന്മ ചെയ്തും പിശാചു ബാധിച്ചവരെയൊക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരംതന്നെ നിങ്ങൾ അറിയുന്നുവല്ലോ.
അപ്പൊ. പ്രവൃത്തികൾ 10:34-38 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അപ്പോൾ പത്രോസ് ഇപ്രകാരം പ്രസ്താവിച്ചു: “ദൈവത്തിനു പക്ഷപാതമില്ലെന്നും ഏതു ജാതിയിൽപ്പെട്ടവരായാലും, ദൈവഭയമുള്ളവരും നീതിനിഷ്ഠരുമായ ആളുകളെ ദൈവം അംഗീകരിക്കുന്നുവെന്നും ഇപ്പോൾ എനിക്കു ബോധ്യമായിരിക്കുന്നു. സകല മനുഷ്യരുടെയും കർത്താവായ യേശുക്രിസ്തുവിൽകൂടി സമാധാനത്തിന്റെ സദ്‍വാർത്ത പ്രഖ്യാപനം ചെയ്തുകൊണ്ട് ഇസ്രായേൽജനതയ്‍ക്കു ദൈവം അയച്ച സന്ദേശം നിങ്ങൾ അറിയുന്നുവല്ലോ. മാനസാന്തരസ്നാപനത്തെക്കുറിച്ചുളള യോഹന്നാന്റെ പ്രസംഗത്തിനുശേഷം ഗലീലയിൽ ആരംഭിച്ച് യെഹൂദ്യയിൽ എല്ലായിടത്തും വ്യാപിച്ച മഹാസംഭവമാണത്. ദൈവം നസ്രായനായ യേശുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിരുന്നു. ദൈവം അവിടുത്തോടു കൂടെയിരുന്നതിനാൽ എല്ലാവർക്കും നന്മ ചെയ്തുകൊണ്ടും പിശാചിന്റെ ശക്തിക്ക് അടിപ്പെട്ടിരുന്നവരെ സുഖപ്പെടുത്തിക്കൊണ്ടും അവിടുന്ന് സഞ്ചരിച്ചു.
അപ്പൊ. പ്രവൃത്തികൾ 10:34-38 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
അപ്പോൾ പത്രൊസ് വായ് തുറന്ന് പറഞ്ഞത്: “ദൈവത്തിന് മുഖപക്ഷമില്ല എന്നും ഏത് ജനതയിലും ദൈവത്തെ ഭയപ്പെട്ട് നീതി പ്രവർത്തിക്കുന്നവരെ അവൻ അംഗീകരിക്കുന്നു എന്നും ഇപ്പോൾ ഞാൻ യഥാർത്ഥമായി ഗ്രഹിക്കുന്നു. യിസ്രായേൽ മക്കൾക്ക് ദൈവം അയച്ചവചനം, എല്ലാവരുടെയും കർത്താവായ യേശുക്രിസ്തു പ്രസംഗിച്ച സമാധാനം, യോഹന്നാൻ പ്രസംഗിച്ച സ്നാനത്തിന് ശേഷം ഗലീലയിൽ തുടങ്ങി യെഹൂദ്യയിൽ ഒക്കെയും പ്രസിദ്ധമായ ആ വചനം തന്നെ നിങ്ങൾ അറിയുന്നുവല്ലോ. ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട് നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും എങ്ങനെ അഭിഷേകം ചെയ്തതു എന്നും അവൻ നന്മചെയ്തതും പിശാചിനാൽ പീഢിപ്പിക്കപ്പെട്ടവരെ ഒക്കെയും എങ്ങനെ സൗഖ്യമാക്കി എന്നതും നിങ്ങൾതന്നെ അറിയുന്നുവല്ലോ.
അപ്പൊ. പ്രവൃത്തികൾ 10:34-38 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ പത്രൊസ് വായി തുറന്നു പറഞ്ഞു തുടങ്ങിയതു: ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യാഥാർത്ഥമായി ഗ്രഹിക്കുന്നു. അവൻ എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽ മക്കൾക്കു അയച്ച വചനം, യോഹന്നാൻ പ്രസംഗിച്ച സ്നാനത്തിന്റെശേഷം ഗലീലയിൽ തുടങ്ങി യെഹൂദ്യയിൽ ഒക്കെയും ഉണ്ടായ വർത്തമാനം, നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.
അപ്പൊ. പ്രവൃത്തികൾ 10:34-38 MCV (സമകാലിക മലയാളവിവർത്തനം)
പത്രോസ് തന്റെ പ്രഭാഷണം ഇങ്ങനെ ആരംഭിച്ചു: “ദൈവത്തിനു പക്ഷഭേദമില്ലെന്നും ദൈവത്തെ ഭയപ്പെട്ട് നീതി പ്രവർത്തിക്കുന്നവരെ, അവർ ഏതു ജനവിഭാഗത്തിലുള്ളവരായിരുന്നാലും അവിടന്ന് അംഗീകരിക്കുന്നു എന്നും ഉള്ള യാഥാർഥ്യം ഞാനിപ്പോൾ മനസ്സിലാക്കുന്നു. എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുവിലൂടെ സമാധാനത്തിന്റെ സുവിശേഷം അറിയിച്ചുകൊണ്ട് ദൈവം ഇസ്രായേൽമക്കൾക്കു നൽകിയ സന്ദേശം ഇതാണ്: സ്നാനത്തെക്കുറിച്ച് യോഹന്നാൻ പ്രസംഗം ആരംഭിച്ചതുമുതൽ, ഗലീലയിൽ തുടങ്ങി യെഹൂദ്യപ്രവിശ്യയിൽ എല്ലായിടത്തും സംഭവിച്ച കാര്യങ്ങൾ നിങ്ങൾക്കറിവുള്ളതാണല്ലോ. നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകംചെയ്തു. ദൈവം തന്നോടുകൂടെയിരുന്നതിനാൽ അദ്ദേഹം നന്മചെയ്തും പിശാചിന്റെ ശക്തിക്ക് അധീനരായിരുന്നവരെ സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചു.