അപ്പൊ. പ്രവൃത്തികൾ 10:1-48
അപ്പൊ. പ്രവൃത്തികൾ 10:1-48 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കൈസര്യയിൽ ഇത്താലിക എന്ന പട്ടാളത്തിൽ കൊർന്നേല്യൊസ് എന്നു പേരുള്ളൊരു ശതാധിപൻ ഉണ്ടായിരുന്നു. അവൻ ഭക്തനും തന്റെ സകല ഗൃഹത്തോടുംകൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി ജനത്തിനു വളരെ ധർമം കൊടുത്തും എപ്പോഴും ദൈവത്തോടു പ്രാർഥിച്ചും പോന്നു. അവൻ പകൽ ഏകദേശം ഒമ്പതാം മണി നേരത്ത് ഒരു ദർശനത്തിൽ ഒരു ദൈവദൂതൻ തന്റെ അടുക്കൽ അകത്തു വരുന്നത് സ്പഷ്ടമായി കണ്ടു; കൊർന്നേല്യൊസേ, എന്നു തന്നോടു പറയുന്നതും കേട്ടു. അവൻ അവനെ ഉറ്റുനോക്കി ഭയപരവശനായി: എന്താകുന്നു കർത്താവേ എന്നു ചോദിച്ചു. അവൻ അവനോട്: നിന്റെ പ്രാർഥനയും ധർമവും ദൈവത്തിന്റെ മുമ്പിൽ എത്തിയിരിക്കുന്നു. ഇപ്പോൾ യോപ്പയിലേക്ക് ആളയച്ച്, പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക. അവൻ തോല്ക്കൊല്ലനായ ശിമോൻ എന്നൊരുവനോടുകൂടെ പാർക്കുന്നു. അവന്റെ വീടു കടല്പുറത്ത് ആകുന്നു എന്നുപറഞ്ഞു. അവനോട് സംസാരിച്ച ദൂതൻ പോയശേഷം അവൻ തന്റെ വേലക്കാരിൽ രണ്ടു പേരെയും തന്റെ അടുക്കൽ അകമ്പടി നില്ക്കുന്നവരിൽ ദൈവഭക്തനായൊരു പടയാളിയെയും വിളിച്ചു സകലവും വിവരിച്ചുപറഞ്ഞു യോപ്പയിലേക്ക് അയച്ചു. പിറ്റന്നാൾ അവർ യാത്രചെയ്തു പട്ടണത്തോടു സമീപിക്കുമ്പോൾ പത്രൊസ് ആറാം മണി നേരത്ത് പ്രാർഥിപ്പാൻ വെൺമാടത്തിൽ കയറി. അവൻ വളരെ വിശന്നിട്ടു ഭക്ഷിപ്പാൻ ആഗ്രഹിച്ചു; അവർ ഒരുക്കുമ്പോഴേക്ക് അവന് ഒരു വിവശത വന്നു. ആകാശം തുറന്നിരിക്കുന്നതും വലിയൊരു തുപ്പട്ടിപോലെ നാലു കോണും കെട്ടിയിട്ടു ഭൂമിയിലേക്ക് ഇറക്കി വിട്ടൊരു പാത്രം വരുന്നതും അവൻ കണ്ടു. അതിൽ ഭൂമിയിലെ സകലവിധ നാല്ക്കാലിയും ഇഴജാതിയും ആകാശത്തിലെ പറവയും ഉണ്ടായിരുന്നു. പത്രൊസേ, എഴുന്നേറ്റ് അറുത്തു തിന്നുക എന്ന് ഒരു ശബ്ദം ഉണ്ടായി. അതിനു പത്രൊസ്: ഒരിക്കലും പാടില്ല; കർത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരുനാളും തിന്നിട്ടില്ലല്ലോ. ആ ശബ്ദം രണ്ടാം പ്രാവശ്യം അവനോട്: ദൈവം ശുദ്ധീകരിച്ചത് നീ മലിനമെന്നു വിചാരിക്കരുത് എന്നു പറഞ്ഞു. ഇങ്ങനെ മൂന്നു പ്രാവശ്യം ഉണ്ടായി; ഉടനെ പാത്രം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു. ഈ കണ്ട ദർശനം എന്തായിരിക്കും എന്ന് പത്രൊസ് ഉള്ളിൽ ചഞ്ചലിച്ചുകൊണ്ടിരിക്കുമ്പോൾ കൊർന്നേല്യൊസ് അയച്ച പുരുഷന്മാർ ശിമോന്റെ വീടു ചോദിച്ചുകൊണ്ടു പടിവാതിൽക്കൽ നിന്നു: പത്രൊസ് എന്നു മറുപേരുള്ള ശിമോൻ ഇവിടെ പാർക്കുന്നുണ്ടോ എന്ന് വിളിച്ചു ചോദിച്ചു. പത്രൊസ് ദർശനത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ആത്മാവ് അവനോട്: മൂന്നു പുരുഷന്മാർ നിന്നെ അന്വേഷിക്കുന്നു; നീ എഴുന്നേറ്റ് ഇറങ്ങിച്ചെല്ലുക; ഞാൻ അവരെ അയച്ചതാകകൊണ്ട് ഒന്നും സംശയിക്കാതെ അവരോടുകൂടെ പോക എന്നു പറഞ്ഞു. പത്രൊസ് ആ പുരുഷന്മാരുടെ അടുക്കൽ ഇറങ്ങിച്ചെന്നു: നിങ്ങൾ അന്വേഷിക്കുന്നവൻ ഞാൻതന്നെ; നിങ്ങൾ വന്ന സംഗതി എന്ത് എന്നു ചോദിച്ചു. അതിന് അവർ: നീതിമാനും ദൈവഭക്തനും യെഹൂദന്മാരുടെ സകല ജാതിയാലും നല്ല സാക്ഷ്യം കൊണ്ടവനും ആയ കൊർന്നേല്യൊസ് എന്ന ശതാധിപനു നിന്നെ വീട്ടിൽ വരുത്തി നിന്റെ പ്രസംഗം കേൾക്കേണം എന്ന് ഒരു വിശുദ്ധദൂതനാൽ അരുളപ്പാടുണ്ടായിരിക്കുന്നു എന്നു പറഞ്ഞു. അവൻ അവരെ അകത്തു വിളിച്ചു പാർപ്പിച്ചു; പിറ്റന്നാൾ എഴുന്നേറ്റ് അവരോടുകൂടെ പുറപ്പെട്ടു; യോപ്പയിലെ സഹോദരന്മാർ ചിലരും അവനോടുകൂടെ പോയി. പിറ്റന്നാൾ കൈസര്യയിൽ എത്തി; അവിടെ കൊർന്നേല്യൊസ് ചാർച്ചക്കാരെയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി, അവർക്കായി കാത്തിരുന്നു. പത്രൊസ് അകത്തു കയറിയപ്പോൾ കൊർന്നേല്യൊസ് എതിരേറ്റ് അവന്റെ കാല്ക്കൽ വീണു നമസ്കരിച്ചു. പത്രൊസോ: എഴുന്നേല്ക്ക, ഞാനും ഒരു മനുഷ്യനത്രേ എന്നു പറഞ്ഞ് അവനെ എഴുന്നേല്പിച്ചു. അവനോടു സംഭാഷിച്ചുംകൊണ്ടു അകത്തു ചെന്നു, അനേകർ വന്നുകൂടിയിരിക്കുന്നതു കണ്ട് അവനോട്: അന്യജാതിക്കാരന്റെ അടുക്കൽ ചെല്ലുന്നതും അവനുമായി പെരുമാറ്റം ചെയ്യുന്നതും യെഹൂദനു നിഷിദ്ധം എന്നു നിങ്ങൾ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്ന് പറയരുതെന്നു ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു. അതുകൊണ്ടാകുന്നു നിങ്ങൾ ആളയച്ചപ്പോൾ ഞാൻ എതിർപറയാതെ വന്നത്; എന്നാൽ എന്നെ വിളിപ്പിച്ച സംഗതി എന്ത് എന്ന് അറിഞ്ഞാൽ കൊള്ളാം എന്നു പറഞ്ഞു. അതിന് കൊർന്നേല്യൊസ്: നാലാകുന്നാൾ ഈ നേരത്തു ഞാൻ വീട്ടിൽ ഒമ്പതാം മണി നേരത്തെ പ്രാർഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ ശുഭ്രവസ്ത്രം ധരിച്ചൊരു പുരുഷൻ എന്റെ മുമ്പിൽ നിന്നു: കൊർന്നേല്യൊസേ, ദൈവം നിന്റെ പ്രാർഥന കേട്ടു നിന്റെ ധർമം ഓർത്തിരിക്കുന്നു. യോപ്പയിലേക്ക് ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വിളിപ്പിക്ക; അവൻ കടല്പുറത്തു തോല്ക്കൊല്ലനായ ശിമോന്റെ വീട്ടിൽ പാർക്കുന്നു എന്നു പറഞ്ഞു. ക്ഷണത്തിൽ ഞാൻ നിന്റെ അടുക്കൽ ആളയച്ചു: നീ വന്നത് ഉപകാരം. കർത്താവ് നിന്നോടു കല്പിച്ചതൊക്കെയും കേൾപ്പാൻ ഞങ്ങൾ എല്ലാവരും ഇവിടെ ദൈവത്തിന്റെ മുമ്പാകെ കൂടിയിരിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ പത്രൊസ് വായ് തുറന്നു പറഞ്ഞുതുടങ്ങിയത്: ദൈവത്തിനു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യഥാർഥമായി ഗ്രഹിക്കുന്നു. അവൻ എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽമക്കൾക്ക് അയച്ച വചനം, യോഹന്നാൻ പ്രസംഗിച്ച സ്നാനത്തിന്റെശേഷം ഗലീലയിൽതുടങ്ങി യെഹൂദ്യയിലൊക്കെയും ഉണ്ടായ വർത്തമാനം, നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട് അവൻ നന്മ ചെയ്തും പിശാചു ബാധിച്ചവരെയൊക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരംതന്നെ നിങ്ങൾ അറിയുന്നുവല്ലോ. യെഹൂദ്യദേശത്തിലും യെരൂശലേമിലും അവൻ ചെയ്ത സകലത്തിനും ഞങ്ങൾ സാക്ഷികൾ ആകുന്നു. അവനെ അവർ മരത്തിന്മേൽ തൂക്കിക്കൊന്നു; ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു, സകല ജനത്തിനുമല്ല, ദൈവം മുമ്പുകൂട്ടി നിയമിച്ച സാക്ഷികളായി, അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം അവനോടുകൂടെ തിന്നുകുടിച്ചവരായ ഞങ്ങൾക്കുതന്നെ പ്രത്യക്ഷനാക്കിത്തന്നു. ജീവികൾക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവത്താൽ നിയമിക്കപ്പെട്ടവൻ അവൻതന്നെ എന്ന് ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാൻ അവൻ ഞങ്ങളോട് കല്പിച്ചു. അവനിൽ വിശ്വസിക്കുന്ന ഏവനും അവന്റെ നാമംമൂലം പാപമോചനം ലഭിക്കും എന്ന് സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു. ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾതന്നെ വചനം കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവ് വന്നു. അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്ത്വീകരിക്കുന്നതും കേൾക്കയാൽ പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവ് എന്ന ദാനം ജാതികളുടെമേലും പകർന്നതു കണ്ട് വിസ്മയിച്ചു. നമ്മെപ്പോലെ പരിശുദ്ധാത്മാവ് ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചുകൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്ന് അവർ അപേക്ഷിച്ചു.
അപ്പൊ. പ്രവൃത്തികൾ 10:1-48 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കൈസര്യയിൽ കൊർന്നല്യോസ് എന്നൊരു ശതാധിപനുണ്ടായിരുന്നു. ‘ഇത്താലിക’ എന്ന സൈന്യദളത്തിലെ ശതാധിപന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. ദൈവഭക്തനായ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ എല്ലാവരുംതന്നെ ഇസ്രായേലിന്റെ ദൈവത്തെ ആരാധിച്ചുപോന്നു. ഉദാരമായി ദാനധർമങ്ങൾ ചെയ്യുകയും നിരന്തരമായി പ്രാർഥിക്കുകയും ചെയ്തുവന്നിരുന്ന ഒരാളായിരുന്നു കൊർന്നല്യോസ്. ഒരുദിവസം ഉച്ചകഴിഞ്ഞ് ഏകദേശം മൂന്നുമണിക്ക് അദ്ദേഹത്തിന് ഒരു ദർശനമുണ്ടായി. ഒരു ദൈവദൂതൻ തന്റെ അടുക്കൽ വരുന്നത് ദർശനത്തിൽ അദ്ദേഹം വ്യക്തമായി കണ്ടു. ദൈവദൂതൻ “കൊർന്നല്യോസേ” എന്നു വിളിച്ചു. ഭയപരവശനായിത്തീർന്ന അദ്ദേഹം തുറിച്ചുനോക്കിക്കൊണ്ട് “പ്രഭോ! എന്താകുന്നു?” എന്നു ചോദിച്ചു. ദൈവദൂതൻ പറഞ്ഞു: “താങ്കളുടെ പ്രാർഥനയും ദാനധർമങ്ങളും ദൈവസന്നിധിയിൽ എത്തിയിരിക്കുന്നു. യോപ്പയിലേക്ക് ഉടനെ ആളയച്ചു പത്രോസ് എന്നു വിളിക്കുന്ന ശിമോനെ വരുത്തുക; കടൽത്തീരത്ത് തുകൽ ഊറയ്‍ക്കിടുന്ന ശിമോൻ എന്നൊരാളിന്റെ കൂടെയാണ് അദ്ദേഹം പാർക്കുന്നത്.” തന്നോടു സംസാരിച്ച ദൂതൻ പോയിക്കഴിഞ്ഞ്, കൊർന്നല്യോസ് തന്റെ ഭൃത്യന്മാരിൽ രണ്ടു പേരെയും, തനിക്ക് അകമ്പടിസേവിക്കുന്ന വിശ്വസ്തനായ ഒരു പടയാളിയെയും വിളിച്ച് എല്ലാ വിവരങ്ങളും പറഞ്ഞ് യോപ്പയിലേക്കയച്ചു. അവർ യാത്രചെയ്ത് പിറ്റേദിവസം ആ പട്ടണത്തോടു സമീപിച്ചപ്പോൾ, പത്രോസ് മധ്യാഹ്നസമയത്തെ പ്രാർഥനയ്‍ക്കായി വീടിന്റെ മട്ടുപ്പാവിലേക്കു കയറിപ്പോയി. അദ്ദേഹത്തിനു വിശക്കുന്നുണ്ടായിരുന്നു. എന്തെങ്കിലും ഭക്ഷിക്കുവാൻ അദ്ദേഹം ആഗ്രഹിച്ചു. വീട്ടുകാർ ഭക്ഷണം തയ്യാറാക്കുകയായിരുന്നു. തത്സമയം അദ്ദേഹം ഒരു ദിവ്യാനുഭൂതിയിൽ വിലയം പ്രാപിച്ചു. ആകാശം തുറന്ന് വിസ്താരമുള്ള കപ്പൽപായ്പോലെയുള്ള ഏതോ ഒന്ന് നാലുമൂലയ്‍ക്കും കെട്ടി ഭൂമിയിലേക്ക് ഇറക്കുന്നതായി അദ്ദേഹം കണ്ടു. അതിൽ ലോകത്തിലുള്ള സകല പക്ഷിമൃഗാദികളും ഇഴജന്തുക്കളും ഉണ്ടായിരുന്നു. “പത്രോസേ എഴുന്നേറ്റു കൊന്നു തിന്നു കൊള്ളുക” എന്നൊരു അശരീരിയും അദ്ദേഹം കേട്ടു. എന്നാൽ പത്രോസ് പറഞ്ഞു: “ഒരിക്കലും പാടില്ല, കർത്താവേ! നിഷിദ്ധമോ അശുദ്ധമോ ആയ യാതൊന്നും ഞാൻ ഒരിക്കലും ഭക്ഷിച്ചിട്ടില്ലല്ലോ.” രണ്ടാം പ്രാവശ്യം അശരീരിയുണ്ടായി: “ദൈവം ശുദ്ധീകരിച്ചത് അശുദ്ധമെന്നു നീ കരുതരുത്.” ഇതു മൂന്നു പ്രാവശ്യം സംഭവിച്ചു. പിന്നീട് ആ പാത്രം തിരിയെ ആകാശത്തേക്കു വലിച്ചെടുക്കപ്പെട്ടു. ഈ ദർശനത്തിന്റെ അർഥം എന്താണെന്നു പത്രോസ് ആലോചിച്ച് അമ്പരന്നിരിക്കുമ്പോൾ കൊർന്നല്യോസ് അയച്ച ആളുകൾ ശിമോൻ പാർക്കുന്ന സ്ഥലം അന്വേഷിച്ചു പടിക്കലെത്തി. “പത്രോസ് എന്നു പേരുള്ള ശിമോൻ ഇവിടെയാണോ പാർക്കുന്നത്?” എന്ന് അവർ ചോദിച്ചു. പത്രോസ് ആ സമയത്തും ദർശനത്തെക്കുറിച്ചുള്ള ചിന്തയിൽ മുഴുകിയിരിക്കുകയായിരുന്നു. അപ്പോൾ ആത്മാവ് അദ്ദേഹത്തോടു പറഞ്ഞു: “അതാ, മൂന്നു പേർ നിന്നെ അന്വേഷിക്കുന്നു; താഴേക്ക് ഇറങ്ങിച്ചെല്ലൂ; അവരോടുകൂടി പോകാൻ ഒട്ടും സംശയിക്കേണ്ടാ; ഞാനാണ് അവരെ അയച്ചിരിക്കുന്നത്.” പത്രോസ് അവരുടെ അടുക്കൽ ഇറങ്ങിച്ചെന്ന്, “ഞാനാണ് നിങ്ങളന്വേഷിക്കുന്ന ആൾ; നിങ്ങൾ എന്തിനാണു വന്നത്?” എന്നു ചോദിച്ചു. അവർ പറഞ്ഞു: “കൊർന്നല്യോസ് എന്ന ശതാധിപനാണ് ഞങ്ങളെ ഇങ്ങോട്ടു പറഞ്ഞയച്ചത്. നീതിനിഷ്ഠനും ഇസ്രായേലിന്റെ ദൈവത്തെ ആരാധിക്കുന്നവനും സകല യെഹൂദജാതിക്കും സുസമ്മതനുമാണദ്ദേഹം. അങ്ങയെ ആളയച്ചുവരുത്തി അങ്ങയുടെ വാക്കുകൾ കേൾക്കണമെന്ന് ഒരു മാലാഖ മുഖാന്തരം അദ്ദേഹത്തിന് അരുളപ്പാടു ലഭിച്ചിരിക്കുന്നു.” പത്രോസ് അവരെ തന്റെ അതിഥികളായി സ്വീകരിച്ചു. പിറ്റേദിവസം അദ്ദേഹം അവരോടുകൂടി പോയി. യോപ്പയിലെ ചില സഹോദരന്മാരും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. അടുത്തദിവസം അവർ കൈസര്യയിലെത്തി. കൊർന്നല്യോസ് അവരുടെ വരവു പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അദ്ദേഹം വീട്ടിൽ വിളിച്ചുകൂട്ടിയിരുന്നു. പത്രോസ് അകത്തു പ്രവേശിച്ചപ്പോൾ കൊർന്നല്യോസ് ചെന്ന് അദ്ദേഹത്തിന്റെ കാല്‌ക്കൽ സാഷ്ടാംഗം വീണു നമസ്കരിച്ചു. “എഴുന്നേല്‌ക്കുക, ഞാനും ഒരു മനുഷ്യൻ മാത്രമാണല്ലോ” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തെ പത്രോസ് പിടിച്ചെഴുന്നേല്പിച്ചു. അദ്ദേഹത്തോടു സംസാരിച്ചുകൊണ്ട് പത്രോസ് വീടിനകത്തേക്കു കടന്നപ്പോൾ അവിടെ ഒട്ടേറെ ആളുകൾ കൂടിയിരിക്കുന്നതായി കണ്ടു. അദ്ദേഹം അവരോടു പറഞ്ഞു: “അന്യവർഗക്കാരുമായി സമ്പർക്കം പുലർത്തുന്നതും അവരെ സന്ദർശിക്കുന്നതും യെഹൂദന്മാർക്ക് നിഷിദ്ധമാണെന്നുള്ളത് നിങ്ങൾക്കറിയാമല്ലോ. എന്നാൽ ആരെയും നിഷിദ്ധനെന്നോ അശുദ്ധനെന്നോ വിളിക്കരുതെന്നു ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു. അതുകൊണ്ടാണ് നിങ്ങൾ ആളയച്ചപ്പോൾ യാതൊരു എതിരും പറയാതെ ഞാൻ വന്നത്. എന്തിനാണ് എന്നെ വിളിച്ചത്?” അപ്പോൾ കൊർന്നല്യോസ് പറഞ്ഞു: “നാലു ദിവസം മുമ്പ് ഏതാണ്ട് ഈ സമയത്ത് ഞാൻ വീടിനകത്ത് ഉച്ചകഴിഞ്ഞു മൂന്നു മണിക്കുള്ള പ്രാർഥന നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് ശുഭ്രവസ്ത്രം ധരിച്ച ഒരു പുരുഷൻ എന്റെ മുമ്പിൽ നില്‌ക്കുന്നതായി ഞാൻ കണ്ടു. ‘കൊർന്നല്യോസേ, ദൈവം നിന്റെ പ്രാർഥന കേട്ടിരിക്കുന്നു; നിന്റെ ദാനധർമങ്ങളും അവിടുന്നു കൈക്കൊണ്ടിരിക്കുന്നു; നീ ഉടനെ യോപ്പയിലേക്ക് ആളയച്ചു പത്രോസ് എന്നു വിളിക്കുന്ന ശിമോനെ വിളിപ്പിക്കുക; അദ്ദേഹം സമുദ്രതീരത്ത് തോല്പണിക്കാരനായ ശിമോൻ എന്ന ആളിന്റെ വീട്ടിലുണ്ട്’ എന്നു പറഞ്ഞു. അപ്പോൾത്തന്നെ ഞാൻ അങ്ങയുടെ അടുക്കലേക്ക് ആളയച്ചു; അങ്ങു ദയാപൂർവം വരികയും ചെയ്തു. കർത്താവിൽനിന്ന് അങ്ങേക്കു ലഭിച്ചിരിക്കുന്ന അരുളപ്പാടു കേൾക്കുന്നതിനാണ് ഞങ്ങളെല്ലാവരും ഇവിടെ ദൈവസന്നിധിയിൽ കൂടിയിരിക്കുന്നത്.” അപ്പോൾ പത്രോസ് ഇപ്രകാരം പ്രസ്താവിച്ചു: “ദൈവത്തിനു പക്ഷപാതമില്ലെന്നും ഏതു ജാതിയിൽപ്പെട്ടവരായാലും, ദൈവഭയമുള്ളവരും നീതിനിഷ്ഠരുമായ ആളുകളെ ദൈവം അംഗീകരിക്കുന്നുവെന്നും ഇപ്പോൾ എനിക്കു ബോധ്യമായിരിക്കുന്നു. സകല മനുഷ്യരുടെയും കർത്താവായ യേശുക്രിസ്തുവിൽകൂടി സമാധാനത്തിന്റെ സദ്‍വാർത്ത പ്രഖ്യാപനം ചെയ്തുകൊണ്ട് ഇസ്രായേൽജനതയ്‍ക്കു ദൈവം അയച്ച സന്ദേശം നിങ്ങൾ അറിയുന്നുവല്ലോ. മാനസാന്തരസ്നാപനത്തെക്കുറിച്ചുളള യോഹന്നാന്റെ പ്രസംഗത്തിനുശേഷം ഗലീലയിൽ ആരംഭിച്ച് യെഹൂദ്യയിൽ എല്ലായിടത്തും വ്യാപിച്ച മഹാസംഭവമാണത്. ദൈവം നസ്രായനായ യേശുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിരുന്നു. ദൈവം അവിടുത്തോടു കൂടെയിരുന്നതിനാൽ എല്ലാവർക്കും നന്മ ചെയ്തുകൊണ്ടും പിശാചിന്റെ ശക്തിക്ക് അടിപ്പെട്ടിരുന്നവരെ സുഖപ്പെടുത്തിക്കൊണ്ടും അവിടുന്ന് സഞ്ചരിച്ചു. യെരൂശലേമിലും യെഹൂദന്മാരുടെ നാട്ടിലെങ്ങും അവിടുന്നു ചെയ്ത സകല പ്രവൃത്തികൾക്കും ഞങ്ങൾ സാക്ഷികളാകുന്നു. അവർ അവിടുത്തെ കുരിശിൽ തറച്ചു കൊല്ലുകയാണു ചെയ്തത്. എന്നാൽ ദൈവം അവിടുത്തെ മൂന്നാംനാൾ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. എല്ലാവർക്കും പ്രത്യക്ഷനായില്ലെങ്കിലും, സാക്ഷികളായി ദൈവം മുൻകൂട്ടി നിയമിച്ച ഞങ്ങൾക്ക് അവിടുന്നു പ്രത്യക്ഷനാകുവാൻ ദൈവം ഇടയാക്കി. യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം, ഞങ്ങൾ അവിടുത്തോടുകൂടി ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തു. ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ന്യായാധിപതിയായി ദൈവം നിയമിച്ചിരിക്കുന്ന ആൾ അവിടുന്നു തന്നെയാണെന്നു പ്രസംഗിക്കുവാനും സാക്ഷ്യം വഹിക്കുവാനും അവിടുന്ന് ഞങ്ങളോടാജ്ഞാപിച്ചു. തന്നിൽ വിശ്വസിക്കുന്ന ഏതൊരുവനും അവിടുത്തെ നാമം മൂലം പാപമോചനം ലഭിക്കുമെന്നതിന് എല്ലാ പ്രവാചകന്മാരും സാക്ഷ്യം വഹിക്കുന്നു.’ പത്രോസ് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ശ്രോതാക്കളായ എല്ലാവരുടെയുംമേൽ പരിശുദ്ധാത്മാവു വന്ന് ആവസിച്ചു. അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും കേട്ടപ്പോൾ, വിജാതീയർക്കുകൂടി പരിശുദ്ധാത്മാവ് എന്ന ദാനം ദൈവം പകർന്നുകൊടുക്കുന്നതായി കണ്ട് പത്രോസിന്റെ കൂടെ വന്ന പരിച്ഛേദനകർമവാദികളായ യെഹൂദവിശ്വാസികൾ വിസ്മയിച്ചു. “നമുക്കു ലഭിച്ചതുപോലെ, പരിശുദ്ധാത്മാവു ലഭിച്ച ഇവരെ ജലത്താൽ സ്നാപനം നടത്തുവാൻ പാടില്ലെന്ന് ആർക്കു വിലക്കുവാൻ കഴിയും?” എന്നു പത്രോസ് ചോദിച്ചു. യേശുക്രിസ്തുവിന്റെ നാമത്തിൽ അവരെ സ്നാപനം ചെയ്യുവാൻ അദ്ദേഹം ആജ്ഞാപിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങൾ അവിടെ പാർക്കണമെന്ന് അവർ അദ്ദേഹത്തോട് അപേക്ഷിച്ചു.
അപ്പൊ. പ്രവൃത്തികൾ 10:1-48 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കൈസര്യയിൽ ഇത്താലിക എന്ന പട്ടാള വിഭാഗത്തിൽ കൊർന്നൊല്യോസ് എന്നു പേരുള്ളോരു ശതാധിപൻ ഉണ്ടായിരുന്നു. അവൻ ഭക്തനും തന്‍റെ കുടുംബാംഗങ്ങളോടുകൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി യെഹൂദാ ജനത്തിന് വളരെ ദാനം കൊടുത്തും എപ്പോഴും പ്രാർത്ഥിച്ചും പോന്നു. അവൻ പകൽ ഏകദേശം ഒമ്പതാംമണി നേരത്ത് ദർശനത്തിൽ ഒരു ദൈവദൂതൻ തന്റെ അടുക്കൽ അകത്തുവരുന്നത് സ്പഷ്ടമായി കണ്ടു: “കൊർന്നൊല്യോസേ!” എന്നു തന്നോട് പറയുന്നതും കേട്ടു. അവൻ ദൈവദൂതനെ ഉറ്റുനോക്കി ഭയപരവശനായി: “എന്താകുന്നു കർത്താവേ?” എന്നു ചോദിച്ചു. അവൻ അവനോട്: “നിന്‍റെ പ്രാർത്ഥനയും എളിയവരോടുളള നിന്‍റെ ദാനവും ദൈവത്തിന് സ്വീകാര്യമായിരിക്കുന്നു. ഇപ്പോൾതന്നെ യോപ്പയിലേക്ക് ആളയച്ച്, പത്രൊസ് എന്നു അറിയപ്പെടുന്ന ശിമോനെ വരുത്തുക. അവൻ തോൽപ്പണി ചെയ്യുന്ന ശിമോൻ എന്നൊരുവനോടുകൂടെ പാർക്കുന്നു. അവന്‍റെ വീട് കടല്പുറത്ത് ആകുന്നു” എന്നു പറഞ്ഞു. അവനോട് സംസാരിച്ച ദൂതൻ പോയശേഷം അവൻ തന്റെ വേലക്കാരിൽ രണ്ടുപേരെയും അംഗരക്ഷകരിൽ ദൈവഭക്തനായൊരു പടയാളിയേയും വിളിച്ച് സകലവും വിവരിച്ചുപറഞ്ഞ് യോപ്പയിലേക്ക് അയച്ചു. പിറ്റെന്നാൾ കൊർന്നൊല്യോസ് അയച്ചവർ യാത്രചെയ്തു പട്ടണത്തോട് സമീപിക്കുമ്പോൾ പത്രൊസ് ആറാം മണിനേരത്ത് പ്രാർത്ഥിക്കുവാൻ മാളികമുറിയിൽ കയറി. അവൻ വളരെ വിശന്നിട്ട് ഭക്ഷിക്കുവാൻ ആഗ്രഹിച്ചു; അവർ ഭക്ഷണം ഒരുക്കുമ്പോഴേക്കും അവനു ഒരു വിവശത ഉണ്ടായി. ആകാശം തുറന്നിരിക്കുന്നതും നാലു കോണും കെട്ടീട്ടുള്ള വലിയൊരു വിരിപ്പ് ഭൂമിയിലേക്കു ഇറക്കിവിട്ടൊരു പാത്രംപോലെ വരുന്നതും അവൻ കണ്ടു. അതിൽ ഭൂമിയിലെ സകലവിധ നാൽക്കാലികളും ഇഴജാതികളും ആകാശത്തിലെ പറവകളും ഉണ്ടായിരുന്നു. “പത്രൊസേ, എഴുന്നേറ്റ് കൊന്നു തിന്നുക” എന്നു ഒരു ശബ്ദം ഉണ്ടായി. അതിന് പത്രൊസ്: “ഒരിക്കലും പാടില്ല, കർത്താവേ; മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരുനാളും തിന്നിട്ടില്ലല്ലോ.” ആ ശബ്ദം രണ്ടാം പ്രാവശ്യം അവനോട്: “ദൈവം ശുദ്ധീകരിച്ചത് നീ മലിനമെന്നു വിചാരിക്കരുത്” എന്നു പറഞ്ഞു. ഇങ്ങനെ മൂന്നുപ്രാവശ്യം ഉണ്ടായി; ഉടനെ പാത്രം തിരികെ ആകാശത്തിലേക്ക് വലിച്ചെടുക്കപ്പെട്ടു. ഈ കണ്ട ദർശനം എന്തായിരിക്കും എന്നു പത്രൊസ് ഉള്ളിൽ ആശങ്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കൊർന്നൊല്യോസ് അയച്ച പുരുഷന്മാർ ശിമോന്റെ വീട് ചോദിച്ചുകൊണ്ട് പടിവാതിൽക്കൽ വന്നു: പത്രൊസ് എന്നു അറിയപ്പെടുന്ന ശിമോൻ ഇവിടെ പാർക്കുന്നുണ്ടോ? എന്നു വിളിച്ചുചോദിച്ചു. പത്രൊസ് ദർശനത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ പരിശുദ്ധാത്മാവ് അവനോട്: “മൂന്നു പുരുഷന്മാർ നിന്നെ അന്വേഷിക്കുന്നു; നീ എഴുന്നേറ്റ് ഇറങ്ങിച്ചെല്ലുക; ഞാൻ അവരെ അയച്ചിരിക്കുന്നു, ഒന്നും സംശയിക്കാതെ അവരോടുകൂടെ പോക” എന്നു പറഞ്ഞു. പത്രൊസ് ആ പുരുഷന്മാരുടെ അടുക്കൽ ഇറങ്ങിച്ചെന്ന്: “നിങ്ങൾ അന്വേഷിക്കുന്നവൻ ഞാൻ തന്നെ; നിങ്ങൾ വന്ന കാര്യം എന്ത്?” എന്നു ചോദിച്ചു. അതിന് അവർ: “നീതിമാനും ദൈവഭക്തനും യെഹൂദന്മാരുടെ സകലജാതിയാലും നല്ല സാക്ഷ്യംകൊണ്ടവനും ആയ കൊർന്നൊല്യോസ് എന്ന ശതാധിപൻ നിന്നെ വീട്ടിൽ വരുത്തി നിന്‍റെ സന്ദേശം കേൾക്കേണം എന്നു ഒരു വിശുദ്ധദൂതനാൽ അരുളപ്പാടുണ്ടായിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ അവൻ അവരെ അകത്ത് വിളിച്ചു പാർപ്പിച്ചു; പിറ്റെന്നാൾ എഴുന്നേറ്റ് അവരോടുകൂടെ പുറപ്പെട്ടു; യോപ്പയിലെ സഹോദരന്മാർ ചിലരും അവനോടുകൂടെ പോയി. പിറ്റെന്നാൾ കൈസര്യയിൽ എത്തി; അവിടെ കൊർന്നൊല്യോസ് ബന്ധുക്കളേയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി, അവർക്കായി കാത്തിരുന്നു. പത്രൊസ് അകത്ത് പ്രവേശിച്ചപ്പോൾ കൊർന്നൊല്യോസ് അവനെ എതിരേറ്റ് കാൽക്കൽ വീണു വണങ്ങി. പത്രൊസ് അവനോട് “എഴുന്നേല്ക്കൂ, ഞാനും ഒരു മനുഷ്യനത്രെ” എന്നു പറഞ്ഞ് അവനെ എഴുന്നേല്പിച്ചു, അവനോട് സംസാരിച്ചുംകൊണ്ട് അകത്ത് ചെന്നു, അനേകർ വന്നു കൂടിയിരിക്കുന്നത് കണ്ടു. അവനോട്: “അന്യജാതിക്കാരന്റെ അടുക്കൽ ചെല്ലുന്നതും അവനുമായി സഹകരിക്കുന്നതും യെഹൂദനു നിഷിദ്ധം എന്നു നിങ്ങൾ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്ന് ദൈവം എനിക്ക് കാണിച്ചുതന്നിരിക്കുന്നു. അതുകൊണ്ടാകുന്നു നിങ്ങൾ ആളയച്ചപ്പോൾ ഞാൻ എതിർ പറയാതെ വന്നത്; എന്നാൽ എന്നെ വിളിപ്പിച്ചത് എന്തിന് എന്നു അറിഞ്ഞാൽ കൊള്ളാം” എന്നു പറഞ്ഞു. അതിന് കൊർന്നൊല്യോസ്: “നാലുനാൾ മുൻപ് ഈ നേരത്ത് ഞാൻ വീട്ടിൽ ഒമ്പതാംമണി നേരത്തുളള പ്രാർത്ഥനയിൽ ആയിരിക്കുമ്പോൾ തേജസ്സുള്ള വസ്ത്രം ധരിച്ചൊരു പുരുഷൻ എന്‍റെ മുമ്പിൽനിന്നു: ‘കൊർന്നൊല്യോസേ ദൈവം നിന്റെ പ്രാർത്ഥന കേട്ടു, എളിയവരോടുളള നിന്‍റെ ദാനധർമ്മം ഓർത്തിരിക്കുന്നു. യോപ്പയിലേക്ക് ആളയച്ച് പത്രൊസ് എന്നു പേരുള്ള ശിമോനെ വിളിപ്പിക്കുക; അവൻ കടല്പുറത്ത് തോൽപ്പണി ചെയ്യുന്ന ശീമോന്‍റെ വീട്ടിൽ പാർക്കുന്നു’ എന്നു പറഞ്ഞു. ഉടൻ തന്നെ ഞാൻ നിന്റെ അടുക്കൽ ആളയച്ചു; നീ ദയതോന്നി വന്നത് ഉപകാരം. കർത്താവ് നിന്നോട് കല്പിച്ചതൊക്കെയും കേൾക്കുവാൻ ഞങ്ങൾ എല്ലാവരും ഇവിടെ ദൈവത്തിന്റെ മുമ്പാകെ സന്നിഹിതരായിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ പത്രൊസ് വായ് തുറന്ന് പറഞ്ഞത്: “ദൈവത്തിന് മുഖപക്ഷമില്ല എന്നും ഏത് ജനതയിലും ദൈവത്തെ ഭയപ്പെട്ട് നീതി പ്രവർത്തിക്കുന്നവരെ അവൻ അംഗീകരിക്കുന്നു എന്നും ഇപ്പോൾ ഞാൻ യഥാർത്ഥമായി ഗ്രഹിക്കുന്നു. യിസ്രായേൽ മക്കൾക്ക് ദൈവം അയച്ചവചനം, എല്ലാവരുടെയും കർത്താവായ യേശുക്രിസ്തു പ്രസംഗിച്ച സമാധാനം, യോഹന്നാൻ പ്രസംഗിച്ച സ്നാനത്തിന് ശേഷം ഗലീലയിൽ തുടങ്ങി യെഹൂദ്യയിൽ ഒക്കെയും പ്രസിദ്ധമായ ആ വചനം തന്നെ നിങ്ങൾ അറിയുന്നുവല്ലോ. ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട് നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും എങ്ങനെ അഭിഷേകം ചെയ്തതു എന്നും അവൻ നന്മചെയ്തതും പിശാചിനാൽ പീഢിപ്പിക്കപ്പെട്ടവരെ ഒക്കെയും എങ്ങനെ സൗഖ്യമാക്കി എന്നതും നിങ്ങൾതന്നെ അറിയുന്നുവല്ലോ. “അവർ കൊന്ന് മരത്തിൽ തൂക്കിയ അവൻ യെഹൂദ്യദേശത്തിലും യെരൂശലേമിലും ചെയ്ത സകലത്തിനും ഞങ്ങൾ സാക്ഷികൾ ആകുന്നു. ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു, സകല ജനത്തിനുമല്ല, ദൈവം മുമ്പുകൂട്ടി നിയമിച്ച സാക്ഷികളായി, അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം അവനോടുകൂടെ തിന്നുകുടിച്ചവരായ ഞങ്ങൾക്കുതന്നെ വെളിവാകുകയും, ജീവിച്ചിരിക്കുന്നവരേയും മരിച്ചവരേയും ന്യായം വിധിക്കേണ്ടതിന് ദൈവത്താൽ നിയമിക്കപ്പെട്ടവൻ അവൻ തന്നെ എന്നു ജനത്തോടു പ്രസംഗിക്കുവാനും സാക്ഷീകരിക്കുവാനും അവൻ തന്നെ ഞങ്ങളോടു കല്പിക്കുകയും ചെയ്തു. അവനിൽ വിശ്വസിക്കുന്ന ഏവനും അവന്‍റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു ഇവനെക്കുറിച്ച് സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.” ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നെ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവ് വന്നു. പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവ് എന്ന ദാനം ജനതകളുടെ മേലും പകർന്നത് കണ്ടും അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേൾക്കുകയാൽ വിസ്മയിച്ചു. “നമ്മെപ്പോലെ പരിശുദ്ധാത്മാവ് ലഭിച്ച ഇവരെ വെള്ളത്തിൽ സ്നാനം കഴിപ്പിച്ചുകൂടാതവണ്ണം വിലക്കുവാൻ ആർക്ക് കഴിയും?” എന്നു പറഞ്ഞു. പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിക്കുവാൻ കല്പിച്ചു. അവൻ ചില ദിവസം കൂടെ അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു.
അപ്പൊ. പ്രവൃത്തികൾ 10:1-48 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കൈസര്യയിൽ ഇത്താലിക എന്ന പട്ടാളത്തിൽ കൊർന്നേല്യൊസ് എന്നു പേരുള്ളോരു ശതാധിപൻ ഉണ്ടായിരുന്നു. അവൻ ഭക്തനും തന്റെ സകലഗൃഹത്തോടും കൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി ജനത്തിന്നു വളരെ ധർമ്മം കൊടുത്തും എപ്പോഴും ദൈവത്തോടു പ്രാർത്ഥിച്ചും പോന്നു. അവൻ പകൽ ഏകദേശം ഒമ്പതാം മണിനേരത്തു ഒരു ദർശനത്തിൽ ഒരു ദൈവദൂതൻ തന്റെ അടുക്കൽ അകത്തു വരുന്നതു സ്പഷ്ടമായി കണ്ടു: കൊർന്നേല്യൊസേ എന്നു തന്നോടു പറയുന്നതും കേട്ടു. അവൻ അവനെ ഉറ്റു നോക്കി ഭയപരവശനായി: എന്താകുന്നു കർത്താവേ എന്നു ചോദിച്ചു. അവൻ അവനോടു: നിന്റെ പ്രാർത്ഥനയും ധർമ്മവും ദൈവത്തിന്റെ മുമ്പിൽ എത്തിയിരിക്കുന്നു. ഇപ്പോൾ യോപ്പയിലേക്കു ആളയച്ചു, പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക. അവൻ തോൽക്കൊല്ലനായ ശിമോൻ എന്നൊരുവനോടു കൂടെ പാർക്കുന്നു. അവന്റെ വീടു കടല്പുറത്തു ആകുന്നു എന്നു പറഞ്ഞു. അവനോടു സംസാരിച്ച ദൂതൻ പോയ ശേഷം അവൻ തന്റെ വേലക്കാരിൽ രണ്ടുപേരെയും തന്റെ അടുക്കൽ അകമ്പടി നില്ക്കുന്നവരിൽ ദൈവഭക്തനായോരു പടയാളിയേയും വിളിച്ചു സകലവും വിവരിച്ചുപറഞ്ഞു യോപ്പയിലേക്കു അയച്ചു പിറ്റെന്നാൾ അവർ യാത്രചെയ്തു പട്ടണത്തോടു സമീപിക്കുമ്പോൾ പത്രൊസ് ആറാം മണിനേരത്തു പ്രാർത്ഥിപ്പാൻ വെണ്മാടത്തിൽ കയറി. അവൻ വളരെ വിശന്നിട്ടു ഭക്ഷിപ്പാൻ ആഗ്രഹിച്ചു; അവർ ഒരുക്കുമ്പോഴേക്കു അവന്നു ഒരു വിവശത വന്നു. ആകാശം തുറന്നിരിക്കുന്നതും വലിയൊരു തുപ്പട്ടിപോലെ നാലു കോണും കെട്ടീട്ടു ഭൂമിയിലേക്കു ഇറക്കിവിട്ടോരു പാത്രം വരുന്നതും അവൻ കണ്ടു. അതിൽ ഭൂമിയിലെ സകലവിധ നാൽക്കാലിയും ഇഴജാതിയും ആകാശത്തിലെ പറവയും ഉണ്ടായിരുന്നു. പത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്നു ഒരു ശബ്ദം ഉണ്ടായി. അതിന്നു പത്രൊസ്: ഒരിക്കലും പാടില്ല, കർത്താവേ; മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരുനാളും തിന്നിട്ടില്ലല്ലോ. ആ ശബ്ദം രണ്ടാംപ്രാവശ്യം അവനോടു: ദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു എന്നു പറഞ്ഞു. ഇങ്ങനെ മൂന്നു പ്രാവശ്യം ഉണ്ടായി; ഉടനെ പാത്രം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു. ഈ കണ്ട ദർശനം എന്തായിരിക്കും എന്നു പത്രൊസ് ഉള്ളിൽ ചഞ്ചലിച്ചു കൊണ്ടിരിക്കുമ്പോൾ കൊർന്നേല്യൊസ് അയച്ച പുരുഷന്മാർ ശിമോന്റെ വീടു ചോദിച്ചുകൊണ്ടു പടിവാതിൽക്കൽ നിന്നു: പത്രൊസ് എന്നു മറു പേരുള്ള ശിമോൻ ഇവിടെ പാർക്കുന്നുണ്ടോഎന്നു വിളിച്ചു ചോദിച്ചു. പത്രൊസ് ദർശനത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ആത്മാവു അവനോടു: മൂന്നു പുരുഷന്മാർ നിന്നെ അന്വേഷിക്കുന്നു; നീ എഴുന്നേറ്റു ഇറങ്ങിച്ചെല്ലുക; ഞാൻ അവരെ അയച്ചതാകകൊണ്ടു ഒന്നും സംശയിക്കാതെ അവരോടു കൂടെ പോക എന്നു പറഞ്ഞു. പത്രൊസ് ആ പുരുഷന്മാരുടെ അടുക്കൽ ഇറങ്ങിച്ചെന്നു: നിങ്ങൾ അന്വേഷിക്കുന്നവൻ ഞാൻ തന്നെ; നിങ്ങൾ വന്ന സംഗതി എന്തു എന്നു ചോദിച്ചു. അതിന്നു അവർ: നീതിമാനും ദൈവഭക്തനും യെഹൂദന്മാരുടെ സകലജാതിയാലും നല്ല സാക്ഷ്യംകൊണ്ടവനും ആയ കൊർന്നേല്യൊസ് എന്ന ശതാധിപന്നു നിന്നെ വീട്ടിൽ വരുത്തി നിന്റെ പ്രസംഗം കേൾക്കേണം എന്നു ഒരു വിശുദ്ധദൂതനാൽ അരുളപ്പാടുണ്ടായിരിക്കുന്നു എന്നു പറഞ്ഞു. അവൻ അവരെ അകത്തു വിളിച്ചു പാർപ്പിച്ചു; പിറ്റെന്നാൾ എഴുന്നേറ്റു അവരോടുകൂടെ പുറപ്പെട്ടു; യോപ്പയിലെ സഹോദരന്മാർ ചിലരും അവനോടുകൂടെ പോയി. പിറ്റെന്നാൾ കൈസര്യയിൽ എത്തി; അവിടെ കൊർന്നേല്യൊസ് ചാർച്ചക്കാരെയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി, അവർക്കായി കാത്തിരുന്നു. പത്രൊസ് അകത്തു കയറിയപ്പോൾ കൊർന്നേല്യൊസ് എതിരേറ്റു അവന്റെ കാല്ക്കുൽ വീണു നമസ്കരിച്ചു. പത്രൊസോ: എഴുന്നേല്ക്കു, ഞാനും ഒരു മനുഷ്യനത്രെ എന്നു പറഞ്ഞു അവനെ എഴുന്നേല്പിച്ചു, അവനോടു സംഭാഷിച്ചുംകൊണ്ടു അകത്തു ചെന്നു, അനേകർ വന്നു കൂടിയിരിക്കുന്നതു കണ്ടു അവനോടു: അന്യജാതിക്കാരന്റെ അടുക്കൽ ചെല്ലുന്നതും അവനുമായി പെരുമാറ്റം ചെയ്യുന്നതും യെഹൂദന്നു നിഷിദ്ധം എന്നു നിങ്ങൾ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്നു ദൈവം എനിക്കു കാണിച്ചു തന്നിരിക്കുന്നു. അതുകൊണ്ടാകുന്നു നിങ്ങൾ ആളയച്ചപ്പോൾ ഞാൻ എതിർ പറയാതെ വന്നതു; എന്നാൽ എന്നെ വിളിപ്പിച്ച സംഗതി എന്തു എന്നു അറിഞ്ഞാൽ കൊള്ളാം എന്നു പറഞ്ഞു. അതിന്നു കൊർന്നേല്യൊസ്: നാലാകുന്നാൾ ഈ നേരത്തു ഞാൻ വീട്ടിൽ ഒമ്പതാം മണിനേരത്തെ പ്രാർത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ ശുഭ്രവസ്ത്രം ധരിച്ചോരു പുരുഷൻ എന്റെ മുമ്പിൽ നിന്നു: കൊർന്നേല്യൊസേ, ദൈവം നിന്റെ പ്രാർത്ഥന കേട്ടു നിന്റെ ധർമ്മം ഓർത്തിരിക്കുന്നു. യോപ്പയിലേക്കു ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വിളിപ്പിക്ക; അവൻ കടല്പുറത്തു തോൽക്കൊല്ലനായ ശീമോന്റെ വീട്ടിൽ പാർക്കുന്നു എന്നു പറഞ്ഞു. ക്ഷണത്തിൽ ഞാൻ നിന്റെ അടുക്കൽ ആളയച്ചു; നീ വന്നതു ഉപകാരം. കർത്താവു നിന്നോടു കല്പിച്ചതൊക്കെയും കേൾപ്പാൻ ഞങ്ങൾ എല്ലാവരും ഇവിടെ ദൈവത്തിന്റെ മുമ്പാകെ കൂടിയിരിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ പത്രൊസ് വായി തുറന്നു പറഞ്ഞു തുടങ്ങിയതു: ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യാഥാർത്ഥമായി ഗ്രഹിക്കുന്നു. അവൻ എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽ മക്കൾക്കു അയച്ച വചനം, യോഹന്നാൻ പ്രസംഗിച്ച സ്നാനത്തിന്റെശേഷം ഗലീലയിൽ തുടങ്ങി യെഹൂദ്യയിൽ ഒക്കെയും ഉണ്ടായ വർത്തമാനം, നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ. യെഹൂദ്യദേശത്തിലും യെരൂശലേമിലും അവൻ ചെയ്ത സകലത്തിനും ഞങ്ങൾ സാക്ഷികൾ ആകുന്നു. അവനെ അവർ മരത്തിന്മേൽ തൂക്കിക്കൊന്നു; ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു, സകല ജനത്തിന്നുമല്ല, ദൈവം മുമ്പുകൂട്ടി നിയമിച്ച സാക്ഷികളായി, അവൻ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേറ്റശേഷം അവനോടുകൂടെ തിന്നുകുടിച്ചവരായ ഞങ്ങൾക്കു തന്നേ പ്രത്യക്ഷനാക്കിത്തന്നു. ജീവികൾക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവത്താൽ നിയമിക്കപ്പെട്ടവൻ അവൻ തന്നേ എന്നു ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാൻ അവൻ ഞങ്ങളോടു കല്പിച്ചു. അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു. ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു. അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേൾക്കയാൽ പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചു. നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു.
അപ്പൊ. പ്രവൃത്തികൾ 10:1-48 സമകാലിക മലയാളവിവർത്തനം (MCV)
കൈസര്യയിൽ കൊർന്നേല്യൊസ് എന്നു പേരുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അയാൾ “ഇറ്റാലിയൻ വ്യൂഹം” എന്നറിയപ്പെട്ടിരുന്ന സൈനികവിഭാഗത്തിൽ ശതാധിപനായിരുന്നു. അദ്ദേഹവും കുടുംബാംഗങ്ങൾ എല്ലാവരും ഭക്തിയും ദൈവഭയവും ഉള്ളവരായിരുന്നു; അദ്ദേഹം ഉദാരമനസ്സോടെ ദാനധർമം ചെയ്യുകയും പതിവായി ദൈവത്തോടു പ്രാർഥിക്കുകയും ചെയ്തുവന്നു. ഒരു ദിവസം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടടുത്ത് ഒരു ദൈവദൂതൻ വന്ന്, “കൊർന്നേല്യൊസേ” എന്നു വിളിക്കുന്നത് ഒരു ദർശനത്തിൽ അദ്ദേഹം വ്യക്തമായിക്കണ്ടു. കൊർന്നേല്യൊസ് ഭയചകിതനായി ആ ദൂതനെ ഉറ്റുനോക്കി. “കർത്താവേ, എന്താണ്?” അദ്ദേഹം ചോദിച്ചു. അതിനു ദൂതൻ, “നിന്റെ പ്രാർഥനകളും ദാനധർമങ്ങളും ഒരനുസ്മരണയാഗമായി ദൈവസന്നിധിയിൽ എത്തിയിരിക്കുന്നു. ഇപ്പോൾത്തന്നെ യോപ്പയിലേക്ക് ആളയച്ചു പത്രോസ് എന്നു വിളിച്ചിരുന്ന ശിമോൻ എന്നയാളെ വരുത്തുക. അയാൾ തുകൽപ്പണിക്കാരനായ ശിമോനോടുകൂടെ താമസിക്കുന്നു. അവന്റെ വീട് കടൽത്തീരത്തിനടുത്താണ്” എന്നു പറഞ്ഞു. തന്നോടു സംസാരിച്ച ദൂതൻ പോയശേഷം കൊർന്നേല്യൊസ് തന്റെ വേലക്കാരിൽ രണ്ടുപേരെയും പടയാളികളിൽ ഭക്തനായ ഒരു അംഗരക്ഷകനെയും വിളിച്ചു. സംഭവിച്ചതെല്ലാം അദ്ദേഹം അവരോടു വിവരിച്ചിട്ട് അവരെ യോപ്പയിലേക്കയച്ചു. അവർ യാത്രചെയ്ത് പിറ്റേന്ന് ഉച്ചസമയത്തോടെ യോപ്പാനഗരത്തിനടുത്തെത്തി. അതേസമയംതന്നെ പത്രോസ് പ്രാർഥിക്കാനായി വീടിന്റെ മുകൾനിലയിൽ കയറിയിരിക്കുകയായിരുന്നു. വിശന്നതിനാൽ എന്തെങ്കിലും ഭക്ഷിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. വീട്ടിൽ ഭക്ഷണം തയ്യാറായിക്കൊണ്ടിരിക്കുമ്പോൾ അദ്ദേഹം ആത്മവിവശനായി. സ്വർഗം തുറന്നിരിക്കുന്നതും നാലുകോണും കെട്ടിയ വലിയ വിരിപോലെയുള്ള ഒരു പാത്രം ഭൂമിയിലേക്ക് ഇറങ്ങിവരുന്നതും അദ്ദേഹം കണ്ടു. അതിൽ ഭൂമിയിലെ സകലവിധ നാൽക്കാലികളും ഇഴജന്തുക്കളും ആകാശത്തിലെ പക്ഷികളും ഉണ്ടായിരുന്നു. ഒരു അശരീരി അദ്ദേഹത്തോടു പറഞ്ഞത്, “പത്രോസേ, എഴുന്നേറ്റ് കൊന്നുതിന്നുക.” “എനിക്കതിനു കഴിയില്ല കർത്താവേ, അശുദ്ധമോ മലിനമോ ആയ യാതൊന്നും ഞാൻ ഒരിക്കലും ഭക്ഷിച്ചിട്ടില്ലല്ലോ,” പത്രോസ് മറുപടി പറഞ്ഞു. “ദൈവം ശുദ്ധീകരിച്ചതൊന്നും അശുദ്ധമെന്നു കരുതരുത്” ആ അശരീരി രണ്ടാമതും ഉണ്ടായി. മൂന്നുപ്രാവശ്യം ഇങ്ങനെ സംഭവിച്ചു. ഉടൻതന്നെ ആ പാത്രം സ്വർഗത്തിലേക്കു തിരികെ എടുക്കപ്പെട്ടു. എന്തായിരിക്കും ഈ ദർശനത്തിന്റെ അർഥമെന്ന് പത്രോസ് ചിന്തിച്ചു കുഴങ്ങുമ്പോൾ കൊർന്നേല്യൊസ് അയച്ചിരുന്ന പുരുഷന്മാർ ശിമോന്റെ വീട് തേടിത്തേടി ഒടുവിൽ വീടിന്റെ പടിവാതിൽക്കലെത്തി. “പത്രോസ് എന്നറിയപ്പെടുന്ന ശിമോൻ ഇവിടെയാണോ താമസിക്കുന്നത്?” എന്ന് അവർ വിളിച്ചുചോദിച്ചു. പത്രോസ് ദർശനത്തെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ആത്മാവ് അദ്ദേഹത്തോട്, “ശിമോനേ, മൂന്നുപേർ നിന്നെ അന്വേഷിക്കുന്നു. എഴുന്നേറ്റ് ഇറങ്ങിച്ചെല്ലുക. അവരോടുകൂടെ പോകാൻ മടിക്കേണ്ടാ; ഞാനാണ് അവരെ അയച്ചിരിക്കുന്നത്” എന്നു പറഞ്ഞു. അദ്ദേഹം താഴേക്കുചെന്ന് അവരോടു ചോദിച്ചു, “നിങ്ങൾ അന്വേഷിക്കുന്ന ആൾ ഞാൻതന്നെ. നിങ്ങൾ വന്ന കാര്യം എന്ത്?” “ശതാധിപനായ കൊർന്നേല്യൊസിന്റെ അടുക്കൽനിന്നാണു ഞങ്ങൾ വരുന്നത്. അദ്ദേഹം നീതിനിഷ്ഠനും ദൈവഭക്തനും എല്ലാ യെഹൂദരാലും ബഹുമാനിക്കപ്പെടുന്നവനുമാണ്. അങ്ങയുടെസന്ദേശം കേൾക്കാൻ അങ്ങയെ അദ്ദേഹത്തിന്റെ വീട്ടിലേക്കു വരുത്തണമെന്ന്, ഒരു വിശുദ്ധദൂതനിൽനിന്ന് അദ്ദേഹത്തിന് അരുളപ്പാടുണ്ടായി,” എന്നു പറഞ്ഞു. അപ്പോൾ പത്രോസ് അവരെ വീടിനുള്ളിലേക്കു ക്ഷണിച്ച് അന്ന് അവിടെ താമസിപ്പിച്ചു. പിറ്റേദിവസം പത്രോസ് അവരോടുകൂടെ കൊർന്നേല്യൊസിന്റെ ഭവനത്തിലേക്ക് യാത്രപുറപ്പെട്ടു. യോപ്പയിലെ ഏതാനും സഹോദരന്മാരും അദ്ദേഹത്തോടൊപ്പം യാത്രയായി. അടുത്തദിവസം അവർ കൈസര്യയിലെത്തി. കൊർന്നേല്യൊസ് അവരെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു; ബന്ധുക്കളെയും ഉറ്റസുഹൃത്തുക്കളെയും അദ്ദേഹം അവിടെ വിളിച്ചുകൂട്ടിയിരുന്നു. പത്രോസ് ഭവനത്തിൽ പ്രവേശിച്ചപ്പോൾ കൊർന്നേല്യൊസ് അദ്ദേഹത്തെ കണ്ട് ആദരപൂർവം കാൽക്കൽവീണു വന്ദിച്ചു. പത്രോസ് അദ്ദേഹത്തെ എഴുന്നേൽപ്പിച്ചുകൊണ്ട്, “എഴുന്നേൽക്കുക, ഞാനും ഒരു മനുഷ്യനാണ്” എന്നു പറഞ്ഞു. കൊർന്നേല്യൊസിനോട് സംസാരിച്ചുകൊണ്ടു പത്രോസ് അകത്തേക്കു ചെന്നു. അവിടെ ഒരു വലിയ ജനക്കൂട്ടം സന്നിഹിതരായിരുന്നു. അദ്ദേഹം അവരോടു പറഞ്ഞു: “ഒരു യെഹൂദൻ യെഹൂദേതരനായ ഒരാളോടു സഹകരിക്കുകയോ അവനെ സന്ദർശിക്കുകയോ ചെയ്യുന്നതു ഞങ്ങളുടെ ന്യായപ്രമാണത്തിനു വിരുദ്ധമാണെന്നു നിങ്ങൾക്കറിയാമല്ലോ! എന്നാൽ ഒരാളെപ്പോലും അശുദ്ധരെന്നോ മലിനരെന്നോ വിളിക്കരുതെന്നു ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു. അതുകൊണ്ടാണ് എനിക്കായി ആളയച്ചപ്പോൾ യാതൊരു എതിർപ്പും പറയാതെ ഞാൻ വന്നത്. ഇനി പറയുക, നിങ്ങൾ എന്തിനാണ് എന്നെ വിളിപ്പിച്ചത്?” കൊർന്നേല്യൊസ് ഇങ്ങനെ മറുപടി പറഞ്ഞു: “നാലു ദിവസംമുമ്പ് ഉച്ചയ്ക്ക്, ഏകദേശം മൂന്നുമണിക്ക് ഞാൻ എന്റെ വീട്ടിൽ പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന്, മിന്നുന്ന വസ്ത്രം ധരിച്ച ഒരു മനുഷ്യൻ എന്റെ മുമ്പിൽനിന്നുകൊണ്ട്, ‘കൊർന്നേല്യൊസേ, ദൈവം നിന്റെ പ്രാർഥന കേൾക്കുകയും നിന്റെ ദാനധർമങ്ങൾ ഓർക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോൾ യോപ്പയിലേക്ക് ആളയച്ചു പത്രോസ് എന്നു വിളിച്ചുവരുന്ന ശിമോനെ വരുത്തുക. അദ്ദേഹം കടലോരത്ത് തുകൽപ്പണിക്കാരനായ ശിമോന്റെ വീട്ടിൽ അതിഥിയായി താമസിക്കുന്നു’ എന്ന് എന്നോടു പറഞ്ഞു. ഉടനെതന്നെ ഞാൻ അങ്ങേക്കായി ആളെ അയച്ചു. അങ്ങു വന്നതു വലിയ ഉപകാരം. ഞങ്ങളോടു പറയുന്നതിനായി കർത്താവ് അങ്ങയോടു കൽപ്പിച്ചിട്ടുള്ളസന്ദേശം കേൾക്കാൻ ഞങ്ങൾ ഇതാ ദൈവസന്നിധിയിൽ കൂടിയിരിക്കുന്നു.” പത്രോസ് തന്റെ പ്രഭാഷണം ഇങ്ങനെ ആരംഭിച്ചു: “ദൈവത്തിനു പക്ഷഭേദമില്ലെന്നും ദൈവത്തെ ഭയപ്പെട്ട് നീതി പ്രവർത്തിക്കുന്നവരെ, അവർ ഏതു ജനവിഭാഗത്തിലുള്ളവരായിരുന്നാലും അവിടന്ന് അംഗീകരിക്കുന്നു എന്നും ഉള്ള യാഥാർഥ്യം ഞാനിപ്പോൾ മനസ്സിലാക്കുന്നു. എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുവിലൂടെ സമാധാനത്തിന്റെ സുവിശേഷം അറിയിച്ചുകൊണ്ട് ദൈവം ഇസ്രായേൽമക്കൾക്കു നൽകിയ സന്ദേശം ഇതാണ്: സ്നാനത്തെക്കുറിച്ച് യോഹന്നാൻ പ്രസംഗം ആരംഭിച്ചതുമുതൽ, ഗലീലയിൽ തുടങ്ങി യെഹൂദ്യപ്രവിശ്യയിൽ എല്ലായിടത്തും സംഭവിച്ച കാര്യങ്ങൾ നിങ്ങൾക്കറിവുള്ളതാണല്ലോ. നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകംചെയ്തു. ദൈവം തന്നോടുകൂടെയിരുന്നതിനാൽ അദ്ദേഹം നന്മചെയ്തും പിശാചിന്റെ ശക്തിക്ക് അധീനരായിരുന്നവരെ സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചു. “യെഹൂദരുടെ ദേശത്തെല്ലായിടവും ജെറുശലേമിലും അദ്ദേഹം പ്രവർത്തിച്ച എല്ലാ കാര്യങ്ങൾക്കും ഞങ്ങൾ സാക്ഷികളാണ്. അദ്ദേഹം കുരിശിൽത്തറച്ച് കൊല്ലപ്പെടുകയും മൂന്നാംദിവസം മരിച്ചവരിൽനിന്ന് ദൈവം അദ്ദേഹത്തെ ഉയിർത്തെഴുന്നേൽപ്പിച്ചു പ്രത്യക്ഷനാക്കുകയും ചെയ്തു. എല്ലാവർക്കുമല്ല, പിന്നെയോ, സാക്ഷികളായിരിക്കാൻ ദൈവം നേരത്തേതന്നെ തെരഞ്ഞെടുത്തിരുന്നവരായ ഞങ്ങൾക്കാണ് അദ്ദേഹത്തെ ദൈവം പ്രത്യക്ഷനാക്കിയത്. അദ്ദേഹം മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം അദ്ദേഹത്തോടൊപ്പം ഞങ്ങൾ ഭക്ഷണപാനീയങ്ങൾ കഴിച്ചു. ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവം നിയോഗിച്ചിരിക്കുന്നത് അദ്ദേഹത്തെയാണെന്ന് സാക്ഷ്യപ്പെടുത്തി ജനങ്ങളോടു പ്രസംഗിക്കാൻ അവിടന്നു ഞങ്ങൾക്ക് കൽപ്പന നൽകിയിരിക്കുന്നു. യേശുകർത്താവിൽ വിശ്വസിക്കുന്ന എല്ലാവർക്കും അദ്ദേഹത്തിന്റെ നാമത്തിലൂടെ പാപമോചനം ലഭിക്കുമെന്ന് എല്ലാ പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.” പത്രോസ് ഈ വാക്കുകൾ പ്രസ്താവിക്കുമ്പോൾത്തന്നെ, വചനം ശ്രവിച്ചുകൊണ്ടിരുന്ന എല്ലാവരുടെമേലും പരിശുദ്ധാത്മാവു വന്നു. യെഹൂദേതരരുടെമേലും പരിശുദ്ധാത്മാവ് എന്ന ദാനം പകർന്നതിൽ, പത്രോസിനോടൊപ്പം വന്ന യെഹൂദന്മാരായ വിശ്വാസികൾ വിസ്മയഭരിതരായി. കാരണം, യെഹൂദേതരരും വിവിധ ഭാഷകളിൽ സംസാരിച്ച് ദൈവത്തെ മഹത്ത്വപ്പെടുത്തുന്നത് അവർ കേട്ടു. അപ്പോൾ പത്രോസ്, “നമ്മെപ്പോലെതന്നെ പരിശുദ്ധാത്മാവ് ലഭിച്ചിരിക്കുന്ന ഇവർക്ക് ജലസ്നാനം വിലക്കാൻ ആർക്കു കഴിയും?” എന്നു ചോദിച്ചു. തുടർന്ന് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിക്കാൻ അദ്ദേഹം കൽപ്പിച്ചു. തങ്ങളോടൊപ്പം ഏതാനും ദിവസം താമസിക്കണമെന്ന് അവിടെയുള്ളവർ പത്രോസിനോട് അപേക്ഷിച്ചു.