അപ്പൊ. പ്രവൃത്തികൾ 1:1-8
അപ്പൊ. പ്രവൃത്തികൾ 1:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
തെയോഫിലൊസേ, ഞാൻ എഴുതിയ ഒന്നാമത്തെ ചരിത്രം യേശു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർക്കു പരിശുദ്ധാത്മാവിനാൽ കല്പന കൊടുത്തിട്ട് ആരോഹണം ചെയ്ത നാൾവരെ അവൻ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയുംകുറിച്ച് ആയിരുന്നുവല്ലോ. അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊണ്ട് താൻ ജീവിച്ചിരിക്കുന്നു എന്ന് അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കു കാണിച്ചുകൊടുത്തു. അങ്ങനെ അവൻ അവരുമായി കൂടിയിരിക്കുമ്പോൾ അവരോട്: നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം; യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പേ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു. ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോട്: കർത്താവേ, നീ യിസ്രായേലിന് ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നത് എന്നു ചോദിച്ചു. അവൻ അവരോട്: പിതാവ് തന്റെ സ്വന്ത അധികാരത്തിൽ വച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളെയോ അറിയുന്നത് നിങ്ങൾക്കുള്ളതല്ല. എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.
അപ്പൊ. പ്രവൃത്തികൾ 1:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പ്രിയപ്പെട്ട തെയോഫിലോസേ, യേശുവിന്റെ പ്രവർത്തനം ആരംഭിച്ച സമയംമുതൽ സ്വർഗാരോഹണംവരെ, അവിടുന്നു ചെയ്യുകയും പഠിപ്പിക്കുകയും ചെയ്ത എല്ലാ കാര്യങ്ങളും എന്റെ ആദ്യത്തെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. താൻ തിരഞ്ഞെടുത്ത അപ്പോസ്തോലന്മാർക്കു പരിശുദ്ധാത്മാവിലൂടെ വേണ്ട നിർദേശങ്ങൾ നല്‌കിയ ശേഷമാണ് അവിടുന്നു സ്വർഗാരോഹണം ചെയ്തത്. അവിടുത്തെ പീഡാനുഭവത്തിനും മരണത്തിനുംശേഷം താൻ ജീവിച്ചിരിക്കുന്നു എന്നു സംശയാതീതമായി തെളിയിക്കുന്ന വിധത്തിൽ നാല്പതു ദിവസം അവിടുന്നു പലവട്ടം അവർക്കു ദർശനം നല്‌കുകയും ദൈവരാജ്യം സംബന്ധിച്ചുള്ള കാര്യങ്ങൾ അവരോട് സംസാരിക്കുകയും ചെയ്തു. അവർ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ യേശു അവരോട് ആജ്ഞാപിച്ചു: “നിങ്ങൾ യെരൂശലേം വിട്ടുപോകരുത്; എന്റെ പിതാവു വാഗ്ദാനം ചെയ്തിട്ടുള്ളതു ലഭിക്കുന്നതിനുവേണ്ടി കാത്തിരിക്കുക; അതേപ്പറ്റി ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ. യോഹന്നാൻ വെള്ളം കൊണ്ടാണു സ്നാപനം ചെയ്തത്; എന്നാൽ ഏറെ ദിവസങ്ങൾ കഴിയുന്നതിനുമുമ്പ് പരിശുദ്ധാത്മാവിനാലുള്ള സ്നാപനം നിങ്ങൾക്കു ലഭിക്കും.” യേശുവും അപ്പോസ്തോലന്മാരും ഒരുമിച്ചുകൂടി ഇരിക്കുമ്പോൾ അവർ ചോദിച്ചു: “കർത്താവേ, ഈ സമയത്താണോ അങ്ങ് ഇസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചുകൊടുക്കുന്നത്?” യേശു അവരോട് അരുൾചെയ്തു: “പിതാവ് തന്റെ സ്വന്തം അധികാരത്തിൽ നിശ്ചയിച്ചിട്ടുള്ള കാലങ്ങളും സമയങ്ങളും നിങ്ങൾ അറിയേണ്ടാ. എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തിപ്രാപിച്ച്, യെരൂശലേമിലും യെഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും എന്നല്ല ഭൂമിയുടെ അറുതിവരെയും എന്റെ സാക്ഷികളായിത്തീരും.”
അപ്പൊ. പ്രവൃത്തികൾ 1:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
തെയോഫിലോസേ, ഞാൻ ആദ്യം എഴുതിയിരുന്നത്: യേശു ശുശ്രൂഷിപ്പാനും പഠിപ്പിക്കുവാനും ആരംഭിച്ചതുമുതൽ അവൻ എടുക്കപ്പെട്ട നാളുകൾവരെ ചെയ്തതും, അതിനുശേഷം, അവൻ തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർക്ക് പരിശുദ്ധാത്മാവിലൂടെ നല്കിയ കല്പനകളെക്കുറിച്ചും, യേശു തന്‍റെ കഷ്ടാനുഭവത്തിനുശേഷം വീഴ്ചകൂടാത്ത തെളിവുകളിലൂടെ താൻ അവർക്ക് തന്നെത്താൻ വെളിപ്പെട്ടതും, നാല്പത് നാളുകൾ അവർക്ക് കാണപ്പെട്ടതും ദൈവരാജ്യ സംബന്ധമായ കാര്യങ്ങളെപ്പറ്റി അവരോട് സംസാരിച്ചിരുന്നതുമായ സംഗതികളെക്കുറിച്ചും ആയിരുന്നുവല്ലോ. അങ്ങനെ യേശു അവരുമായി കൂടിയിരുന്നപ്പോൾ അവരോട് കല്പിച്ചത്; “നിങ്ങൾ യെരൂശലേം വിട്ട് പോകാതെ, എന്നില്‍നിന്നും കേട്ടതുപോലെ പിതാവിന്‍റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം, യോഹന്നാൻ വെള്ളംകൊണ്ട് സ്നാനം കഴിപ്പിച്ചു, എന്നാല്‍ ഇനി കുറച്ചുനാളുകൾക്കുള്ളിൽ നിങ്ങൾ പരിശുദ്ധാത്മാവുകൊണ്ട് സ്നാനം ചെയ്യപ്പെടും.” ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോട്: “കർത്താവേ, നീ യിസ്രായേലിനു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനപ്പെടുത്തുന്നത്?” എന്നു ചോദിച്ചു. അവൻ അവരോട്: “പിതാവ് തന്റെ സ്വന്ത അധികാരത്തിൽ നിര്‍ണയിച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളെയോ അറിയുന്നത് നിങ്ങൾക്കുള്ളതല്ല. എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളില്‍ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ട് യെരൂശലേമിലും യെഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും.”
അപ്പൊ. പ്രവൃത്തികൾ 1:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
തെയോഫിലൊസേ, ഞാൻ എഴുതിയ ഒന്നാമത്തെ ചരിത്രം യേശു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർക്കു പരിശുദ്ധാത്മാവിനാൽ കല്പന കൊടുത്തിട്ടു ആരോഹണം ചെയ്ത നാൾവരെ അവൻ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയും കുറിച്ചു ആയിരുന്നുവല്ലോ. അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊണ്ടു താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കു കാണിച്ചു കൊടുത്തു. അങ്ങനെ അവൻ അവരുമായി കൂടിയിരിക്കുമ്പോൾ അവരോടു: നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം; യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു. ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോടു: കർത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു എന്നു ചോദിച്ചു. അവൻ അവരോടു: പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല. എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.
അപ്പൊ. പ്രവൃത്തികൾ 1:1-8 സമകാലിക മലയാളവിവർത്തനം (MCV)
തെയോഫിലോസേ, ഞാൻ ആദ്യം എഴുതിയ ഗ്രന്ഥം യേശു തെരഞ്ഞെടുത്ത അപ്പൊസ്തലന്മാർക്കു പരിശുദ്ധാത്മാവിനാൽ ആജ്ഞ നൽകിക്കൊണ്ട് സ്വർഗാരോഹണംചെയ്ത ദിവസംവരെ അവിടന്നു പ്രവർത്തിച്ചും ഉപദേശിച്ചും തുടങ്ങിയ എല്ലാ കാര്യങ്ങളെക്കുറിച്ചുമായിരുന്നല്ലോ. അവിടത്തെ ക്രൂശീകരണത്തിനുശേഷം നാൽപ്പതുദിവസംവരെ അപ്പൊസ്തലന്മാർക്കു പ്രത്യക്ഷനാകുകയും ദൈവരാജ്യത്തെക്കുറിച്ചു സംസാരിക്കുകയും ചെയ്തു. ഇങ്ങനെ, അനിഷേധ്യമായ നിരവധി തെളിവുകളിലൂടെ, അവിടന്ന് ജീവനോടിരിക്കുന്നതായി യേശു അവർക്കു കാണിച്ചുകൊടുത്തു. ഒരു ദിവസം യേശു അവരോടുകൂടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ, ഇങ്ങനെ ആജ്ഞാപിച്ചു, “നിങ്ങൾ ജെറുശലേമിൽനിന്ന് മടങ്ങിപ്പോകാതെ, പിതാവു നിങ്ങൾക്കു നൽകുമെന്നു ഞാൻ പറഞ്ഞിട്ടുള്ള വാഗ്ദാനത്തിനായി കാത്തിരിക്കണം. യോഹന്നാൻ ജലത്തിൽ സ്നാനം നൽകി, എന്നാൽ ചില ദിവസത്തിനുള്ളിൽ നിങ്ങൾക്ക് പരിശുദ്ധാത്മാവുകൊണ്ട് സ്നാനം ലഭിക്കും.” അപ്പൊസ്തലന്മാർ യേശുവിന്റെ ചുറ്റുംകൂടി, “കർത്താവേ, അവിടന്ന് ഇപ്പോഴാണോ ഇസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചുനൽകുന്നത്?” എന്നു ചോദിച്ചു. അതിന് യേശു ഇങ്ങനെ ഉത്തരം പറഞ്ഞു: “പിതാവിന്റെ സ്വന്തം അധികാരപരിധിയിലുള്ള കാലഘട്ടങ്ങളെയും സമയങ്ങളെയുംകുറിച്ചു നിങ്ങൾ അറിയേണ്ടതില്ല. എന്നാൽ, പരിശുദ്ധാത്മാവു നിങ്ങളിൽ ആവസിക്കുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചവരായി ജെറുശലേമിലും യെഹൂദ്യ പ്രവിശ്യയിലെല്ലായിടത്തും ശമര്യാപ്രവിശ്യയിലും ഭൂസീമകളോളവും എന്റെ സാക്ഷികളാകും.”