2 തിമൊഥെയൊസ് 4:14-17
2 തിമൊഥെയൊസ് 4:14-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ചെമ്പുപണിക്കാരൻ അലെക്സന്തർ എനിക്കു വളരെ ദോഷം ചെയ്തു; അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം കർത്താവ് അവനു പകരം ചെയ്യും. അവൻ നമ്മുടെ പ്രസംഗത്തോട് അത്യന്തം എതിർത്തു നിന്നതുകൊണ്ട് നീയും അവനെ സൂക്ഷിച്ചുകൊൾക. എന്റെ ഒന്നാം പ്രതിവാദത്തിൽ ആരും എനിക്കു തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു; അത് അവർക്കു കണക്കിടാതിരിക്കട്ടെ. കർത്താവോ പ്രസംഗം എന്നെക്കൊണ്ടു നിവർത്തിപ്പാനും സകല ജാതികളും കേൾപ്പാനും എന്നെ ശക്തീകരിച്ചു; അങ്ങനെ ഞാൻ സിംഹത്തിന്റെ വായിൽനിന്നു രക്ഷപ്രാപിച്ചു.
2 തിമൊഥെയൊസ് 4:14-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ചെമ്പുപണിക്കാരൻ അലക്സാണ്ടർ എനിക്കു വളരെ ദ്രോഹം ചെയ്തു. അവന്റെ പ്രവൃത്തികൾക്കു തക്ക പ്രതിഫലം ദൈവം നല്‌കും. നാം അറിയിക്കുന്ന സന്ദേശത്തെ ശക്തിയുക്തം എതിർക്കുന്നവനായതുകൊണ്ട് അയാളെ നീ സൂക്ഷിച്ചുകൊള്ളണം. ആദ്യം ഞാൻ പ്രതിവാദം നടത്തിയപ്പോൾ എന്റെ പക്ഷത്ത് ആരും ഉണ്ടായിരുന്നില്ല. എല്ലാവരും എന്നെ കൈവിട്ടു. ആ അപരാധം അവരുടെ പേരിൽ ദൈവം കണക്കിടാതിരിക്കട്ടെ. എന്നാൽ കർത്താവ് എന്റെ പക്ഷത്തുണ്ടായിരുന്നു. എല്ലാ വിജാതീയരും കേൾക്കത്തക്കവണ്ണം ദൈവവചനം പൂർണമായി പ്രസംഗിക്കുവാനുള്ള ശക്തി കർത്താവ് എനിക്കു നല്‌കി. അങ്ങനെ ഞാൻ സിംഹത്തിന്റെ വായിൽനിന്നു രക്ഷിക്കപ്പെട്ടു.
2 തിമൊഥെയൊസ് 4:14-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ചെമ്പുപണിക്കാരൻ അലെക്സന്തർ എനിക്ക് വളരെ ദോഷം ചെയ്തു; അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം കർത്താവ് അവനു പകരം ചെയ്യും. അവൻ നമ്മുടെ പ്രസംഗത്തോട് അത്യന്തം എതിർത്തുനിന്നതുകൊണ്ട് നീയും അവനെ സൂക്ഷിച്ചുകൊള്ളുക. എന്‍റെ ഒന്നാം പ്രതിവാദത്തിൽ ആരും എനിക്ക് തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു; അത് അവർക്ക് എതിരെ കണക്കിടാതിരിക്കട്ടെ. എന്നാൽ കർത്താവ് എന്നോട് കൂടെ നിന്ന് പ്രസംഗം എന്നെക്കൊണ്ട് നിവർത്തിക്കുവാനും സകലജാതികളും കേൾക്കുവാനും എന്നെ ശക്തീകരിച്ചു; അങ്ങനെ ഞാൻ സിംഹത്തിന്റെ വായിൽനിന്നു രക്ഷപ്രാപിച്ചു.
2 തിമൊഥെയൊസ് 4:14-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ചെമ്പുപണിക്കാരൻ അലെക്സന്തർ എനിക്കു വളരെ ദോഷം ചെയ്തു; അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം കർത്താവു അവന്നു പകരം ചെയ്യും. അവൻ നമ്മുടെ പ്രസംഗത്തോടു അത്യന്തം എതിർത്തുനിന്നതുകൊണ്ടു നീയും അവനെ സൂക്ഷിച്ചുകൊൾക. എന്റെ ഒന്നാം പ്രതിവാദത്തിൽ ആരും എനിക്കു തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു; അതു അവർക്കു കണക്കിടാതിരിക്കട്ടെ. കർത്താവോ എനിക്കു തുണനിന്നു പ്രസംഗം എന്നെക്കൊണ്ടു നിവർത്തിപ്പാനും സകല ജാതികളും കേൾപ്പാനും എന്നെ ശക്തീകരിച്ചു; അങ്ങനെ ഞാൻ സിംഹത്തിന്റെ വായിൽനിന്നു രക്ഷ പ്രാപിച്ചു.
2 തിമൊഥെയൊസ് 4:14-17 സമകാലിക മലയാളവിവർത്തനം (MCV)
ചെമ്പുപണിക്കാരനായ അലെക്സന്തർ എനിക്കു വളരെ ദ്രോഹം ചെയ്തു. അവന്റെ പ്രവൃത്തികൾക്ക് തക്ക പ്രതിഫലം കർത്താവ് അവന് നൽകും. നീയും അവനെ സൂക്ഷിക്കുക, കാരണം അയാൾ നമ്മുടെ സന്ദേശത്തെ ശക്തിയുക്തം എതിർത്തവനാണ്. ന്യായാധിപന്റെ മുമ്പാകെ എന്നെ ആദ്യമായി ഹാജരാക്കിയപ്പോൾ ആരും എന്റെ സഹായത്തിനായി മുമ്പോട്ട് വന്നില്ല, എല്ലാവരും എന്നെ കൈയൊഴിഞ്ഞു. ഇത് അവരുടെമേൽ കുറ്റമായി ആരോപിക്കപ്പെടാതെയിരിക്കട്ടെ. എന്നാൽ, കർത്താവ് എന്നോടൊപ്പംനിന്ന് എന്നെ ശക്തിപ്പെടുത്തി. അങ്ങനെ എന്നിലൂടെ വചനപ്രഘോഷം നിർവഹിക്കാനും യെഹൂദേതരർ സകലരും അതു കേൾക്കാനും കാരണമായി. അതോടെ, ഞാൻ സിംഹത്തിന്റെ വായിൽനിന്ന് മോചിതനായി.