2 തിമൊഥെയൊസ് 2:7-19

2 തിമൊഥെയൊസ് 2:7-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞാൻ പറയുന്നതു ചിന്തിച്ചുകൊൾക. കർത്താവ് സകലത്തിലും നിനക്ക് ബുദ്ധി നല്കുമല്ലോ; ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അത് ആകുന്നു എന്റെ സുവിശേഷം. അത് അറിയിക്കുന്നതിൽ ഞാൻ ദുഷ്പ്രവൃത്തിക്കാരൻ എന്നപോലെ ചങ്ങല ധരിച്ചു കഷ്ടം സഹിക്കുന്നു; ദൈവവചനത്തിനോ ബന്ധനം ഇല്ല. അതുകൊണ്ട് ക്രിസ്തുയേശുവിലുള്ള രക്ഷ നിത്യതേജസ്സോടുകൂടെ വ്രതന്മാർക്കു കിട്ടേണ്ടതിനു ഞാൻ അവർക്കായി സകലവും സഹിക്കുന്നു. നാം അവനോടുകൂടെ മരിച്ചു എങ്കിൽ കൂടെ ജീവിക്കും; സഹിക്കുന്നു എങ്കിൽ കൂടെ വാഴും; നാം തള്ളിപ്പറയും എങ്കിൽ അവൻ നമ്മെയും തള്ളിപ്പറയും. നാം അവിശ്വസ്തരായിത്തീർന്നാലും അവൻ വിശ്വസ്തനായി പാർക്കുന്നു; തന്റെ സ്വഭാവം ത്യജിപ്പാൻ അവനു കഴിയുകയില്ലല്ലോ; ഈ വചനം വിശ്വാസയോഗ്യമാകുന്നു. കേൾക്കുന്നവരെ മറിച്ചുകളയുന്നതിനല്ലാതെ ഒന്നിനും കൊള്ളാത്ത വാഗ്വാദം ചെയ്യാതിരിക്കണമെന്നു കർത്താവിനെ സാക്ഷിയാക്കി അവരെ ഓർമപ്പെടുത്തുക. സത്യവചനത്തെ യഥാർഥമായി പ്രസംഗിച്ചുകൊണ്ട് ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിനു കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക. ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെ ഒഴിഞ്ഞിരിക്ക; ആ വകക്കാർക്ക് അഭക്തി അധികം മുതിർന്നുവരും; അവരുടെ വാക്ക് അർബുദവ്യാധിപോലെ തിന്നുകൊണ്ടിരിക്കും. ഹുമനയൊസും ഫിലേത്തൊസും അവരുടെ കൂട്ടത്തിൽ ഉള്ളവരാകുന്നു; അവർ സത്യം വിട്ടു തെറ്റി: പുനരുത്ഥാനം കഴിഞ്ഞു എന്നു പറഞ്ഞു ചിലരുടെ വിശ്വാസം മറിച്ചുകളയുന്നു. എങ്കിലും ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം നിലനില്ക്കുന്നു; കർത്താവ് തനിക്കുള്ളവരെ അറിയുന്നു എന്നും കർത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ എന്നും ആകുന്നു അതിന്റെ മുദ്ര.

2 തിമൊഥെയൊസ് 2:7-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഞാൻ പറയുന്നതിനെപ്പറ്റി നീ ചിന്തിക്കുക; എല്ലാ കാര്യങ്ങളും ഗ്രഹിക്കുന്നതിനുള്ള ബുദ്ധി കർത്താവു നിനക്കു തരും. ദാവീദിന്റെ വംശജനും മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേറ്റവനുമായ യേശുക്രിസ്തുവിനെ ഓർത്തുകൊള്ളുക. ഇതാകുന്നു ഞാൻ പ്രബോധിപ്പിച്ച സുവിശേഷം. ഈ സുവിശേഷത്തിനു വേണ്ടിയത്രേ ഞാൻ കഷ്ടത സഹിക്കുകയും ഒരു കുറ്റവാളി എന്നവണ്ണം ഇപ്പോൾ ചങ്ങല ധരിക്കുകയും ചെയ്യുന്നത്. എന്നാൽ ദൈവവചനത്തിനു ബന്ധനം ഉണ്ടായിട്ടില്ല. അതുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ടവർക്കു ക്രിസ്തുയേശുവിലൂടെയുള്ള രക്ഷ അനശ്വരമായ തേജസ്സോടുകൂടി ലഭ്യമാകുന്നതിന്, അവർക്കുവേണ്ടി ഞാൻ എല്ലാം സഹിക്കുന്നു. താഴെപ്പറയുന്ന വചനം വിശ്വാസയോഗ്യമാകുന്നു: നാം അവിടുത്തോടുകൂടി മരിച്ചിരിക്കുന്നു എങ്കിൽ നാം അവിടുത്തോടുകൂടി ജീവിക്കുകയും ചെയ്യും. നാം സഹിക്കുന്നു എങ്കിൽ അവിടുത്തോടുകൂടി വാഴുകയും ചെയ്യും. നാം അവിടുത്തെ നിഷേധിക്കുന്നു എങ്കിൽ അവിടുന്നു നമ്മെയും നിഷേധിക്കും. നാം അവിശ്വസ്തരായിരുന്നാലും അവിടുന്നു വിശ്വസ്തനായിത്തന്നെയിരിക്കുന്നു; എന്തുകൊണ്ടെന്നാൽ അവിടുത്തേക്ക് തന്റെ സ്വഭാവം പരിത്യജിക്കുവാൻ കഴിയുകയില്ലല്ലോ. വാക്കുകളെചൊല്ലിയുള്ള വാഗ്വാദങ്ങൾ ഉപേക്ഷിക്കുവാൻ ദൈവസമക്ഷം ജനത്തെ ഉപദേശിക്കുക. ഇങ്ങനെയുള്ള തർക്കങ്ങൾ കേൾവിക്കാരെ നശിപ്പിക്കുകയേയുള്ളൂ. ഒരു നന്മയും അതുകൊണ്ട് ഉണ്ടാകുകയില്ല. ഇത് അവരെ അനുസ്മരിപ്പിക്കണം. സത്യത്തിന്റെ വചനം സമുചിതമായി കൈകാര്യം ചെയ്യുന്ന ഒരു ഭൃത്യന് ലജ്ജിക്കേണ്ട ആവശ്യമില്ല. അങ്ങനെ ദൈവസമക്ഷം അംഗീകരിക്കപ്പെടുവാൻ അങ്ങേയറ്റം പരിശ്രമിക്കുക. ഭക്തിവിരുദ്ധമായ വ്യർഥഭാഷണങ്ങളിൽനിന്ന് ഒഴിഞ്ഞിരിക്കുക. അവ കൂടുതൽ അഭക്തിയിലേക്കു മനുഷ്യരെ നയിക്കുകയേ ഉള്ളല്ലോ. ശരീരത്തെ നിർജീവമാക്കി ജീർണിപ്പിക്കുന്ന വ്രണംപോലെ അത്തരം സംഭാഷണം മനുഷ്യനെ നശിപ്പിക്കും. ഹുമനയോസും ഫിലേത്തൊസും അങ്ങനെയുള്ളവരാണ്. അവർ സത്യത്തിൽനിന്നു വ്യതിചലിച്ച് പുനരുത്ഥാനം നേരത്തെ കഴിഞ്ഞുപോയി എന്ന വാദം ഉന്നയിച്ചുകൊണ്ട് ചിലരുടെ വിശ്വാസത്തെ കീഴ്മേൽ മറിക്കുന്നു. എന്നാൽ ദൈവം സ്ഥാപിച്ച അടിസ്ഥാനം ഇളകിപ്പോകാതെ ഉറച്ചുനില്‌ക്കുന്നു. ‘തനിക്കുള്ളവരെ കർത്താവ് അറിയുന്നു’ എന്നും ‘കർത്താവിന്റെ നാമം ഉച്ചരിക്കുന്നവരെല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ’ എന്നും ആ അടിസ്ഥാനത്തിൽ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു.

2 തിമൊഥെയൊസ് 2:7-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

കർത്താവ് സകലത്തിലും നിനക്കു ബുദ്ധി നല്കുമെന്നതിനാൽ ഞാൻ പറയുന്നത് ചിന്തിച്ചുകൊള്ളുക. ദാവീദിന്‍റെ സന്തതിയായി ജനിച്ച് മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊള്ളുക. അത് ആകുന്നു എന്‍റെ സുവിശേഷം. അത് നിമിത്തം ഞാൻ ദുഷ്പ്രവൃത്തിക്കാരൻ എന്നപോലെ കഷ്ടം സഹിച്ച് ബന്ധനസ്ഥൻ പോലും ആകേണ്ടി വരുന്നു; എന്നാൽ ദൈവവചനത്തിനോ ബന്ധനം ഇല്ല. അതുകൊണ്ട് ക്രിസ്തുയേശുവിലുള്ള രക്ഷ നിത്യതേജസ്സോടുകൂടെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് കിട്ടേണ്ടതിന് ഞാൻ അവർക്കായി സകലവും സഹിക്കുന്നു. നാം അവനോടുകൂടെ മരിച്ചു എങ്കിൽ കൂടെ ജീവിക്കും; സഹിക്കുന്നു എങ്കിൽ കൂടെ വാഴും; നാം അവനെ തള്ളിപ്പറയും എങ്കിൽ അവൻ നമ്മെയും തള്ളിപ്പറയും. നാം അവിശ്വസ്തരായിത്തീർന്നാലും അവൻ വിശ്വസ്തനായി പാർക്കുന്നു; എന്തെന്നാൽ തന്‍റെ സ്വഭാവം ത്യജിക്കുവാൻ അവനു കഴിയുകയില്ലല്ലോ; ഈ വചനം വിശ്വാസ യോഗ്യമാകുന്നു. കേൾക്കുന്നവരെ നശിപ്പിച്ചുകളയുന്നതിനല്ലാതെ ഒന്നിനും കൊള്ളാത്ത വാഗ്വാദം ചെയ്യാതിരിക്കേണമെന്ന് കർത്താവിനെ സാക്ഷിയാക്കി അവരെ ഓർമ്മപ്പെടുത്തി ആജ്ഞാപിക്കുക. സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ട് ലജ്ജിക്കുവാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന് കൊള്ളാകുന്നവനെന്ന് നിന്നെത്തന്നെ കാണിക്കുവാൻ ശ്രമിക്കുക. എന്നാൽ ഭക്തിവിരുദ്ധമായ വ്യർത്ഥസംസാരങ്ങളെ ഒഴിഞ്ഞിരിക്കുക; അങ്ങനെയുള്ളവർക്ക് അഭക്തി അധികമധികം വർദ്ധിച്ചുവരും; അവരുടെ വാക്ക് അർബ്ബുദവ്യാധിപോലെ തിന്നുകൊണ്ടിരിക്കും. ഹുമനയൊസും ഫിലേത്തൊസും അവരുടെ കൂട്ടത്തിൽ ഉള്ളവരാകുന്നു; അവർ സത്യം വിട്ടു തെറ്റി, പുനരുത്ഥാനം കഴിഞ്ഞു എന്നു പറയുകയും ചിലരുടെ വിശ്വാസം മറിച്ചുകളയുകയും ചെയ്യുന്നു. എങ്കിലും ദൈവത്തിന്‍റെ സ്ഥിരമായ അടിസ്ഥാനം നിലനില്ക്കുന്നു; “കർത്താവ് തനിക്കുള്ളവരെ അറിയുന്നു” എന്നും “കർത്താവിന്‍റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ” എന്നും ആകുന്നു അതിന്‍റെ മുദ്ര.

2 തിമൊഥെയൊസ് 2:7-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞാൻ പറയുന്നതു ചിന്തിച്ചുകൊൾക. കർത്താവു സകലത്തിലും നിനക്കു ബുദ്ധി നല്കുമല്ലോ; ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതു ആകുന്നു എന്റെ സുവിശേഷം. അതു അറിയിക്കുന്നതിൽ ഞാൻ ദുഷ്പ്രവൃത്തിക്കാരൻ എന്നപോലെ ചങ്ങല ധരിച്ചു കഷ്ടം സഹിക്കുന്നു; ദൈവവചനത്തിന്നോ ബന്ധനം ഇല്ല. അതുകൊണ്ടു ക്രിസ്തുയേശുവിലുള്ള രക്ഷ നിത്യതേജസ്സോടുകൂടെ വൃതന്മാർക്കു കിട്ടേണ്ടതിന്നു ഞാൻ അവർക്കായി സകലവും സഹിക്കുന്നു. നാം അവനോടുകൂടെ മരിച്ചു എങ്കിൽ കൂടെ ജീവിക്കും; സഹിക്കുന്നു എങ്കിൽ കൂടെ വാഴും; നാം തള്ളിപ്പറയും എങ്കിൽ അവൻ നമ്മെയും തള്ളിപ്പറയും. നാം അവിശ്വസ്തരായിത്തീർന്നാലും അവൻ വിശ്വസ്തനായി പാർക്കുന്നു; തന്റെ സ്വഭാവം ത്യജിപ്പാൻ അവന്നു കഴികയില്ലല്ലോ; ഈ വചനം വിശ്വാസയോഗ്യമാകുന്നു. കേൾക്കുന്നവരെ മറിച്ചുകളയുന്നതിനല്ലാതെ ഒന്നിന്നും കൊള്ളാത്ത വാഗ്വാദം ചെയ്യാതിരിക്കേണമെന്നു കർത്താവിനെ സാക്ഷിയാക്കി അവരെ ഓർമ്മപ്പെടുത്തുക. സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക. ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെ ഒഴിഞ്ഞിരിക്ക; ആ വകക്കാർക്കു അഭക്തി അധികം മുതിർന്നുവരും; അവരുടെ വാക്കു അർബ്ബുദവ്യാധിപോലെ തിന്നുകൊണ്ടിരിക്കും. ഹുമനയോസും ഫിലേത്തൊസും അവരുടെ കൂട്ടത്തിൽ ഉള്ളവരാകുന്നു; അവർ സത്യം വിട്ടു തെറ്റി: പുനരുത്ഥാനം കഴിഞ്ഞു എന്നു പറഞ്ഞു ചിലരുടെ വിശ്വാസം മറിച്ചു കളയുന്നു. എങ്കിലും ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം നിലനില്ക്കുന്നു; കർത്താവു തനിക്കുള്ളവരെ അറിയുന്നു എന്നും കർത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ എന്നും ആകുന്നു അതിന്റെ മുദ്ര.

2 തിമൊഥെയൊസ് 2:7-19 സമകാലിക മലയാളവിവർത്തനം (MCV)

ഞാൻ പറയുന്നത് ചിന്തിക്കുക; കർത്താവ് സകലകാര്യത്തിലും നിനക്കു വിവേകം നൽകും. ഞാൻ എന്റെ സുവിശേഷപ്രഘോഷണത്തിൽ വ്യക്തമാക്കുന്നതുപോലെ, ദാവീദിന്റെ വംശജനും മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റവനുമായ യേശുക്രിസ്തുവിനെ ഓർക്കുക. ഈ സുവിശേഷത്തിനുവേണ്ടിയാണ് ഒരു കുറ്റവാളിയെപ്പോലെ ബന്ധനം സഹിച്ചും ഞാൻ കഷ്ടത അനുഭവിക്കുന്നത്. എന്നാൽ, ദൈവവചനത്തിനു ബന്ധനമില്ല. അതുകൊണ്ടു ക്രിസ്തുയേശുവിലുള്ള രക്ഷയും നിത്യമഹത്ത്വവും തെരഞ്ഞെടുക്കപ്പെട്ടവർക്കു ലഭിക്കേണ്ടതിന് ഞാൻ എല്ലാം സഹിക്കുന്നു. ഇത് വിശ്വാസയോഗ്യമായ തിരുവചനമല്ലോ: നാം ക്രിസ്തുവിനോടുകൂടെ മരിച്ചാൽ ക്രിസ്തുവിനോടുകൂടെ ജീവിക്കും; കഷ്ടത സഹിക്കുന്നെങ്കിൽ അവിടത്തെ ഭരണത്തിൽ പങ്കാളികളാകും. അവിടത്തെ നിരാകരിക്കുന്നെങ്കിൽ അവിടന്നു നമ്മെയും നിരാകരിക്കും. നാം വിശ്വാസവിഹീനരായിത്തീർന്നാലും അവിടന്ന് വിശ്വസ്തനായിത്തന്നെ തുടരും; തന്റെ സ്വഭാവം ത്യജിക്കുക അവിടത്തേക്കു സാധ്യമല്ലല്ലോ! നിഷ്‌പ്രയോജനവും ശ്രോതാക്കൾക്ക് നാശം വിതയ്ക്കുന്നതുമായ വാഗ്വാദങ്ങളിൽ ഏർപ്പെടരുതെന്ന് ദൈവസന്നിധിയിൽ നീ അവരെ അനുസ്മരിപ്പിച്ച് കർശനമായി ഉദ്ബോധിപ്പിക്കുക. “ലജ്ജിക്കാൻ ഇടവരാത്തവനും സത്യവചനം നേരായി വിഭജിക്കുന്നവനും” എന്ന ദൈവിക അംഗീകാരം ലഭിച്ച ഒരു പ്രവർത്തകനായി തിരുസന്നിധിയിൽ നിന്നെത്തന്നെ സമർപ്പിക്കാൻ യത്നിക്കുക. ഭക്തിവിരുദ്ധമായ വ്യർഥഭാഷണം വർജിക്കുക; അവ നമ്മെ അധികം ഭക്തിരാഹിത്യത്തിലേക്കു നയിക്കുകയേയുള്ളു. ഇത്തരം ഭാഷണം കാർന്നുതിന്നുന്ന വ്രണംപോലെ വ്യാപിച്ചുകൊണ്ടിരിക്കും. ഹുമനയൊസും ഫിലേത്തോസും ഇത്തരക്കാരാണ്. അവർ സത്യത്തിൽനിന്ന് വ്യതിചലിച്ചിരിക്കുന്നു; “പുനരുത്ഥാനം കഴിഞ്ഞു” എന്നു പറഞ്ഞ് അവർ ചിലരുടെ വിശ്വാസം തകിടംമറിക്കുന്നു. എന്നാൽ, “കർത്താവ് തനിക്കുള്ളവരെ അറിയുന്നു” എന്നും “കർത്താവിനെ സ്വീകരിച്ചവരെല്ലാം അധർമത്തിൽനിന്ന് അകന്നുകൊള്ളണം” എന്നും മുദ്രണം ചെയ്തിരിക്കുന്ന സുസ്ഥിരമായ ദൈവിക അടിസ്ഥാനം അചഞ്ചലംതന്നെ.