2 തിമൊഥെയൊസ് 2:19-21
2 തിമൊഥെയൊസ് 2:19-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എങ്കിലും ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം നിലനില്ക്കുന്നു; കർത്താവ് തനിക്കുള്ളവരെ അറിയുന്നു എന്നും കർത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ എന്നും ആകുന്നു അതിന്റെ മുദ്ര. എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ട്; ചിലത് മാന്യകാര്യത്തിനും ചിലത് ഹീനകാര്യത്തിനും ഉപയോഗിക്കുന്നു. ഇവയെ വിട്ടകന്നു തന്നെത്താൻ വെടിപ്പാക്കുന്നവൻ വിശുദ്ധവും ഉടമസ്ഥന് ഉപയോഗവുമായി നല്ല വേലയ്ക്കൊക്കെയും ഒരുങ്ങിയിരിക്കുന്ന മാനപാത്രം ആയിരിക്കും.
2 തിമൊഥെയൊസ് 2:19-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ ദൈവം സ്ഥാപിച്ച അടിസ്ഥാനം ഇളകിപ്പോകാതെ ഉറച്ചുനില്‌ക്കുന്നു. ‘തനിക്കുള്ളവരെ കർത്താവ് അറിയുന്നു’ എന്നും ‘കർത്താവിന്റെ നാമം ഉച്ചരിക്കുന്നവരെല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ’ എന്നും ആ അടിസ്ഥാനത്തിൽ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു വലിയ ഭവനത്തിൽ സ്വർണവും വെള്ളിയും കൊണ്ടുള്ള പാത്രങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടു നിർമിച്ചവയും ഉണ്ടായിരിക്കും. ചിലത് വിശേഷസന്ദർഭങ്ങളിലും മറ്റുചിലത് സാധാരണ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു. ഹീനമായതെല്ലാം നീക്കി തന്നെത്തന്നെ വെടിപ്പാക്കുന്നവൻ മാന്യമായ ഉപയോഗത്തിനു പറ്റിയ പാത്രമായിരിക്കും. അത് ദൈവികകാര്യങ്ങൾക്കായി മാറ്റിവയ്‍ക്കപ്പെടുന്നതും ഗൃഹനായകന് ഉപയോഗപ്രദവും ഏതു ശ്രേഷ്ഠകാര്യത്തിനുംവേണ്ടി സജ്ജമാക്കപ്പെട്ടതും ആയിരിക്കും.
2 തിമൊഥെയൊസ് 2:19-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എങ്കിലും ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം നിലനില്ക്കുന്നു; “കർത്താവ് തനിക്കുള്ളവരെ അറിയുന്നു” എന്നും “കർത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ” എന്നും ആകുന്നു അതിന്റെ മുദ്ര. എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള പാത്രങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ട്; ചിലത് മാന്യകാര്യത്തിനും ചിലത് ഹീനകാര്യത്തിനും ഉപയോഗിക്കുന്നു. ഒരുവൻ ഹീനകാര്യങ്ങളിൽ നിന്ന് തന്നെത്താൻ വെടിപ്പാക്കുകയാണെങ്കിൽ, അവൻ വിശുദ്ധവും ഉടമസ്ഥന് ഉപയോഗവുമായി നല്ല വേലയ്ക്ക് ഒക്കെയും ഒരുങ്ങിയിരിക്കുന്ന മാന്യകാര്യത്തിനുള്ള പാത്രം ആയിരിക്കും.
2 തിമൊഥെയൊസ് 2:19-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എങ്കിലും ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം നിലനില്ക്കുന്നു; കർത്താവു തനിക്കുള്ളവരെ അറിയുന്നു എന്നും കർത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ എന്നും ആകുന്നു അതിന്റെ മുദ്ര. എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാര്യത്തിന്നും ചിലതു ഹീനകാര്യത്തിന്നും ഉപയോഗിക്കുന്നു. ഇവയെ വിട്ടകന്നു തന്നെത്താൻ വെടിപ്പാക്കുന്നവൻ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ല വേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന മാനപാത്രം ആയിരിക്കും.
2 തിമൊഥെയൊസ് 2:19-21 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ, “കർത്താവ് തനിക്കുള്ളവരെ അറിയുന്നു” എന്നും “കർത്താവിനെ സ്വീകരിച്ചവരെല്ലാം അധർമത്തിൽനിന്ന് അകന്നുകൊള്ളണം” എന്നും മുദ്രണം ചെയ്തിരിക്കുന്ന സുസ്ഥിരമായ ദൈവിക അടിസ്ഥാനം അചഞ്ചലംതന്നെ. ഒരു വലിയ ഭവനത്തിൽ സ്വർണവും വെള്ളിയുംകൊണ്ടുള്ള പാത്രങ്ങൾമാത്രമല്ല മരവും കളിമണ്ണുംകൊണ്ടുള്ളവയും ഉണ്ടായിരിക്കും; ചില പാത്രങ്ങൾ സവിശേഷമായ ഉപയോഗത്തിനും വേറെ ചിലതു സാമാന്യമായ ഉപയോഗത്തിനും. സാമാന്യമായ ഉപയോഗത്തിൽനിന്ന് സ്വയം ശുദ്ധീകരിക്കുന്നയാൾ സവിശേഷമായ ഉപയോഗങ്ങൾക്കുള്ള പാത്രമായി സമർപ്പിതമായി, സകലസൽപ്രവൃത്തികൾക്കും സജ്ജമായി യജമാനന് പ്രയോജനമുള്ള ആളായിത്തീരും.