2 തിമൊഥെയൊസ് 2:16-23
2 തിമൊഥെയൊസ് 2:16-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെ ഒഴിഞ്ഞിരിക്ക; ആ വകക്കാർക്ക് അഭക്തി അധികം മുതിർന്നുവരും; അവരുടെ വാക്ക് അർബുദവ്യാധിപോലെ തിന്നുകൊണ്ടിരിക്കും. ഹുമനയൊസും ഫിലേത്തൊസും അവരുടെ കൂട്ടത്തിൽ ഉള്ളവരാകുന്നു; അവർ സത്യം വിട്ടു തെറ്റി: പുനരുത്ഥാനം കഴിഞ്ഞു എന്നു പറഞ്ഞു ചിലരുടെ വിശ്വാസം മറിച്ചുകളയുന്നു. എങ്കിലും ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം നിലനില്ക്കുന്നു; കർത്താവ് തനിക്കുള്ളവരെ അറിയുന്നു എന്നും കർത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ എന്നും ആകുന്നു അതിന്റെ മുദ്ര. എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ട്; ചിലത് മാന്യകാര്യത്തിനും ചിലത് ഹീനകാര്യത്തിനും ഉപയോഗിക്കുന്നു. ഇവയെ വിട്ടകന്നു തന്നെത്താൻ വെടിപ്പാക്കുന്നവൻ വിശുദ്ധവും ഉടമസ്ഥന് ഉപയോഗവുമായി നല്ല വേലയ്ക്കൊക്കെയും ഒരുങ്ങിയിരിക്കുന്ന മാനപാത്രം ആയിരിക്കും. യൗവനമോഹങ്ങളെ വിട്ടോടി നീതിയും വിശ്വാസവും സ്നേഹവും ശുദ്ധഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും സമാധാനവും ആചരിക്ക. ബുദ്ധിയില്ലാത്ത മൗഢ്യതർക്കം ശണ്ഠ ജനിപ്പിക്കുന്നു എന്നറിഞ്ഞ് അത് ഒഴിഞ്ഞിരിക്ക.
2 തിമൊഥെയൊസ് 2:16-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭക്തിവിരുദ്ധമായ വ്യർഥഭാഷണങ്ങളിൽനിന്ന് ഒഴിഞ്ഞിരിക്കുക. അവ കൂടുതൽ അഭക്തിയിലേക്കു മനുഷ്യരെ നയിക്കുകയേ ഉള്ളല്ലോ. ശരീരത്തെ നിർജീവമാക്കി ജീർണിപ്പിക്കുന്ന വ്രണംപോലെ അത്തരം സംഭാഷണം മനുഷ്യനെ നശിപ്പിക്കും. ഹുമനയോസും ഫിലേത്തൊസും അങ്ങനെയുള്ളവരാണ്. അവർ സത്യത്തിൽനിന്നു വ്യതിചലിച്ച് പുനരുത്ഥാനം നേരത്തെ കഴിഞ്ഞുപോയി എന്ന വാദം ഉന്നയിച്ചുകൊണ്ട് ചിലരുടെ വിശ്വാസത്തെ കീഴ്മേൽ മറിക്കുന്നു. എന്നാൽ ദൈവം സ്ഥാപിച്ച അടിസ്ഥാനം ഇളകിപ്പോകാതെ ഉറച്ചുനില്‌ക്കുന്നു. ‘തനിക്കുള്ളവരെ കർത്താവ് അറിയുന്നു’ എന്നും ‘കർത്താവിന്റെ നാമം ഉച്ചരിക്കുന്നവരെല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ’ എന്നും ആ അടിസ്ഥാനത്തിൽ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു വലിയ ഭവനത്തിൽ സ്വർണവും വെള്ളിയും കൊണ്ടുള്ള പാത്രങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടു നിർമിച്ചവയും ഉണ്ടായിരിക്കും. ചിലത് വിശേഷസന്ദർഭങ്ങളിലും മറ്റുചിലത് സാധാരണ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു. ഹീനമായതെല്ലാം നീക്കി തന്നെത്തന്നെ വെടിപ്പാക്കുന്നവൻ മാന്യമായ ഉപയോഗത്തിനു പറ്റിയ പാത്രമായിരിക്കും. അത് ദൈവികകാര്യങ്ങൾക്കായി മാറ്റിവയ്‍ക്കപ്പെടുന്നതും ഗൃഹനായകന് ഉപയോഗപ്രദവും ഏതു ശ്രേഷ്ഠകാര്യത്തിനുംവേണ്ടി സജ്ജമാക്കപ്പെട്ടതും ആയിരിക്കും. അതുകൊണ്ട് യുവസഹജമായ വികാരാവേശങ്ങൾ വിട്ടകന്ന്, നിർമ്മലഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു ചേർന്ന് നീതി, വിശ്വാസം, സ്നേഹം, സമാധാനം എന്നിവയിൽ ലക്ഷ്യം ഉറപ്പിക്കുക. മൂഢവും നിരർഥകവുമായ വാദപ്രതിവാദങ്ങളിൽ ഏർപ്പെടരുത്; അവ ശണ്ഠയ്‍ക്ക് ഇടയാക്കുമെന്നു നിങ്ങൾക്ക് അറിയാമല്ലോ. കർത്താവിന്റെ ദാസൻ ശണ്ഠ കൂടുന്നവൻ ആയിരിക്കരുത്
2 തിമൊഥെയൊസ് 2:16-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ ഭക്തിവിരുദ്ധമായ വ്യർത്ഥസംസാരങ്ങളെ ഒഴിഞ്ഞിരിക്കുക; അങ്ങനെയുള്ളവർക്ക് അഭക്തി അധികമധികം വർദ്ധിച്ചുവരും; അവരുടെ വാക്ക് അർബ്ബുദവ്യാധിപോലെ തിന്നുകൊണ്ടിരിക്കും. ഹുമനയൊസും ഫിലേത്തൊസും അവരുടെ കൂട്ടത്തിൽ ഉള്ളവരാകുന്നു; അവർ സത്യം വിട്ടു തെറ്റി, പുനരുത്ഥാനം കഴിഞ്ഞു എന്നു പറയുകയും ചിലരുടെ വിശ്വാസം മറിച്ചുകളയുകയും ചെയ്യുന്നു. എങ്കിലും ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം നിലനില്ക്കുന്നു; “കർത്താവ് തനിക്കുള്ളവരെ അറിയുന്നു” എന്നും “കർത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ” എന്നും ആകുന്നു അതിന്റെ മുദ്ര. എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള പാത്രങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ട്; ചിലത് മാന്യകാര്യത്തിനും ചിലത് ഹീനകാര്യത്തിനും ഉപയോഗിക്കുന്നു. ഒരുവൻ ഹീനകാര്യങ്ങളിൽ നിന്ന് തന്നെത്താൻ വെടിപ്പാക്കുകയാണെങ്കിൽ, അവൻ വിശുദ്ധവും ഉടമസ്ഥന് ഉപയോഗവുമായി നല്ല വേലയ്ക്ക് ഒക്കെയും ഒരുങ്ങിയിരിക്കുന്ന മാന്യകാര്യത്തിനുള്ള പാത്രം ആയിരിക്കും. അതുകൊണ്ട് യൗവനമോഹങ്ങളെ വിട്ടോടുക; എന്നാൽ ശുദ്ധഹൃദയത്തിൽ നിന്ന് കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു കൂടെ നീതിയും വിശ്വാസവും സ്നേഹവും സമാധാനവും പിന്തുടരുക. ബുദ്ധിയില്ലാത്തതും ഭോഷത്വവുമായ തർക്കം ശണ്ഠക്കിടയാക്കുന്നു എന്നറിഞ്ഞ് അത് ഒഴിഞ്ഞിരിക്കുക.
2 തിമൊഥെയൊസ് 2:16-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെ ഒഴിഞ്ഞിരിക്ക; ആ വകക്കാർക്കു അഭക്തി അധികം മുതിർന്നുവരും; അവരുടെ വാക്കു അർബ്ബുദവ്യാധിപോലെ തിന്നുകൊണ്ടിരിക്കും. ഹുമനയോസും ഫിലേത്തൊസും അവരുടെ കൂട്ടത്തിൽ ഉള്ളവരാകുന്നു; അവർ സത്യം വിട്ടു തെറ്റി: പുനരുത്ഥാനം കഴിഞ്ഞു എന്നു പറഞ്ഞു ചിലരുടെ വിശ്വാസം മറിച്ചു കളയുന്നു. എങ്കിലും ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം നിലനില്ക്കുന്നു; കർത്താവു തനിക്കുള്ളവരെ അറിയുന്നു എന്നും കർത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ എന്നും ആകുന്നു അതിന്റെ മുദ്ര. എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാര്യത്തിന്നും ചിലതു ഹീനകാര്യത്തിന്നും ഉപയോഗിക്കുന്നു. ഇവയെ വിട്ടകന്നു തന്നെത്താൻ വെടിപ്പാക്കുന്നവൻ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ല വേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന മാനപാത്രം ആയിരിക്കും. യൗവനമോഹങ്ങളെ വിട്ടോടി നീതിയും വിശ്വാസവും സ്നേഹവും ശുദ്ധഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും സമാധാനവും ആചരിക്ക. ബുദ്ധിയില്ലാത്ത മൗഢ്യതർക്കം ശണ്ഠ ജനിപ്പിക്കുന്നു എന്നറിഞ്ഞു അതു ഒഴിഞ്ഞിരിക്ക.
2 തിമൊഥെയൊസ് 2:16-23 സമകാലിക മലയാളവിവർത്തനം (MCV)
ഭക്തിവിരുദ്ധമായ വ്യർഥഭാഷണം വർജിക്കുക; അവ നമ്മെ അധികം ഭക്തിരാഹിത്യത്തിലേക്കു നയിക്കുകയേയുള്ളു. ഇത്തരം ഭാഷണം കാർന്നുതിന്നുന്ന വ്രണംപോലെ വ്യാപിച്ചുകൊണ്ടിരിക്കും. ഹുമനയൊസും ഫിലേത്തോസും ഇത്തരക്കാരാണ്. അവർ സത്യത്തിൽനിന്ന് വ്യതിചലിച്ചിരിക്കുന്നു; “പുനരുത്ഥാനം കഴിഞ്ഞു” എന്നു പറഞ്ഞ് അവർ ചിലരുടെ വിശ്വാസം തകിടംമറിക്കുന്നു. എന്നാൽ, “കർത്താവ് തനിക്കുള്ളവരെ അറിയുന്നു” എന്നും “കർത്താവിനെ സ്വീകരിച്ചവരെല്ലാം അധർമത്തിൽനിന്ന് അകന്നുകൊള്ളണം” എന്നും മുദ്രണം ചെയ്തിരിക്കുന്ന സുസ്ഥിരമായ ദൈവിക അടിസ്ഥാനം അചഞ്ചലംതന്നെ. ഒരു വലിയ ഭവനത്തിൽ സ്വർണവും വെള്ളിയുംകൊണ്ടുള്ള പാത്രങ്ങൾമാത്രമല്ല മരവും കളിമണ്ണുംകൊണ്ടുള്ളവയും ഉണ്ടായിരിക്കും; ചില പാത്രങ്ങൾ സവിശേഷമായ ഉപയോഗത്തിനും വേറെ ചിലതു സാമാന്യമായ ഉപയോഗത്തിനും. സാമാന്യമായ ഉപയോഗത്തിൽനിന്ന് സ്വയം ശുദ്ധീകരിക്കുന്നയാൾ സവിശേഷമായ ഉപയോഗങ്ങൾക്കുള്ള പാത്രമായി സമർപ്പിതമായി, സകലസൽപ്രവൃത്തികൾക്കും സജ്ജമായി യജമാനന് പ്രയോജനമുള്ള ആളായിത്തീരും. യുവസഹജമായ ആസക്തികൾ വിട്ട് പലായനംചെയ്യുക. നിർമലഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടുംചേർന്ന് ധാർമികത, വിശ്വാസം, സ്നേഹം, സമാധാനം എന്നിവ അനുഗമിക്കുക. മൗഢ്യവും ബാലിശവുമായ വാദപ്രതിവാദങ്ങൾ സംഘട്ടനങ്ങൾക്ക് വഴിതെളിക്കും എന്നറിഞ്ഞ് അവ ഉപേക്ഷിക്കുക.