2 തെസ്സലൊനീക്യർ 3:7-12

2 തെസ്സലൊനീക്യർ 3:7-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞങ്ങളെ അനുകരിക്കേണ്ടത് എങ്ങനെ എന്ന് നിങ്ങൾതന്നെ അറിയുന്നുവല്ലോ. ഞങ്ങൾ നിങ്ങളുടെ ഇടയിൽ ക്രമംകെട്ടു നടന്നിട്ടില്ല, ആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുത് എന്നുവച്ചു ഞങ്ങൾ അധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകൽ വേല ചെയ്തുപോന്നത് അധികാരമില്ലാഞ്ഞിട്ടല്ല, അനുകരിപ്പാൻ നിങ്ങൾക്കു ഞങ്ങളെ മാതൃകയാക്കിത്തരേണ്ടതിനത്രേ. വേല ചെയ്‍വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുത് എന്ന് ഞങ്ങൾ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾതന്നെ ആജ്ഞാപിച്ചിട്ടുണ്ടല്ലോ. നിങ്ങളിൽ ചിലർ ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി ക്രമംകെട്ടു നടക്കുന്നു എന്നു കേൾക്കുന്നു. ഇങ്ങനെയുള്ളവരോട്: സാവധാനത്തോടെ വേല ചെയ്ത് അഹോവൃത്തി കഴിക്കേണം എന്ന് കർത്താവായ യേശുക്രിസ്തുവിൽ ഞങ്ങൾ ആജ്ഞാപിച്ചു പ്രബോധിപ്പിക്കുന്നു.

2 തെസ്സലൊനീക്യർ 3:7-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഞങ്ങൾ ചെയ്തതുപോലെതന്നെ നിങ്ങളും ചെയ്യേണ്ടതാണെന്നു നിങ്ങൾക്കു നന്നായി അറിയാമല്ലോ. ഞങ്ങൾ നിങ്ങളോടുകൂടി ആയിരുന്നപ്പോൾ അലസരായിരുന്നില്ല. ആരിൽനിന്നും ഞങ്ങൾ സൗജന്യമായി ആഹാരം സ്വീകരിച്ചിട്ടുമില്ല. പ്രത്യുത, ഞങ്ങൾ കഠിനമായി അധ്വാനിച്ചു. ഞങ്ങൾ ആർക്കും ഭാരമാകാതിരിക്കുന്നതിനുവേണ്ടി രാവും പകലും അധ്വാനിച്ചു. നിങ്ങളുടെ സഹായം ആവശ്യപ്പെടാൻ ഞങ്ങൾക്ക് അവകാശമില്ലാഞ്ഞിട്ടല്ല, ഞങ്ങളെ നിങ്ങൾ അനുകരിക്കത്തക്കവിധം നിങ്ങൾക്ക് ഒരു മാതൃകയായിത്തീരുന്നതിനാണ് അങ്ങനെ ചെയ്തത്. ജോലി ചെയ്യുവാൻ മനസ്സില്ലാത്തവൻ ഭക്ഷിക്കയുമരുത് എന്ന കല്പന നിങ്ങളോടുകൂടി ആയിരുന്നപ്പോൾ ഞങ്ങൾ നല്‌കിയിട്ടുണ്ടല്ലോ. നിങ്ങളിൽ ചിലർ ഒരു ജോലിയും ചെയ്യാതെ പരകാര്യങ്ങളിൽ ഇടപെട്ട് ക്രമംകെട്ടവരായി ജീവിക്കുന്നു എന്നു കേൾക്കുന്നതുകൊണ്ടാണ് ഞങ്ങൾ ഇതു പറയുന്നത്. അവർ ഉപജീവനത്തിനുവേണ്ടി പ്രയത്നിക്കുകയും അവധാനപൂർവം ജീവിതം നയിക്കുകയും ചെയ്യണമെന്ന് ഞങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ആജ്ഞാപിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു.

2 തെസ്സലൊനീക്യർ 3:7-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഞങ്ങളെ അനുകരിക്കേണ്ടത് എങ്ങനെ എന്നു നിങ്ങൾ തന്നെ അറിയുന്നുവല്ലോ. ഞങ്ങൾ നിങ്ങളുടെ ഇടയിൽ അലസമായി നടന്നിട്ടില്ല, ആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നുവച്ച് ഞങ്ങൾ അദ്ധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകൽ വേലചെയ്തു പോന്നത് അധികാരമില്ലാഞ്ഞിട്ടല്ല, അനുകരിക്കുവാൻ നിങ്ങൾക്ക് ഞങ്ങളെ മാതൃകയാക്കിത്തരേണ്ടതിനത്രേ. വേലചെയ്‌വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുത് എന്നു ഞങ്ങൾ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നെ ആജ്ഞാപിച്ചിട്ടുണ്ടല്ലോ. നിങ്ങളിൽ ചിലർ ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി അലസരായി നടക്കുന്നു എന്നു കേൾക്കുന്നു. ഇങ്ങനെയുള്ളവരോട്: സാവധാനത്തോടെ വേലചെയ്തു അഹോവൃത്തി കഴിക്കേണം എന്നു കർത്താവായ യേശുക്രിസ്തുവിൽ ഞങ്ങൾ ആജ്ഞാപിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുന്നു.

2 തെസ്സലൊനീക്യർ 3:7-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞങ്ങളെ അനുകരിക്കേണ്ടിയതു എങ്ങനെ എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ. ഞങ്ങൾ നിങ്ങളുടെ ഇടയിൽ ക്രമം കെട്ടു നടന്നിട്ടില്ല, ആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നുവെച്ചു ഞങ്ങൾ അദ്ധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകൽ വേലചെയ്തു പോന്നതു അധികാരമില്ലാഞ്ഞിട്ടല്ല, അനുകരിപ്പാൻ നിങ്ങൾക്കു ഞങ്ങളെ മാതൃകയാക്കിത്തരേണ്ടതിന്നത്രേ. വേലചെയ്‌വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുതു എന്നു ഞങ്ങൾ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ആജ്ഞാപിച്ചിട്ടുണ്ടല്ലോ. നിങ്ങളിൽ ചിലർ ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി ക്രമംകെട്ടു നടക്കുന്നു എന്നു കേൾക്കുന്നു. ഇങ്ങനെയുള്ളവരോടു: സാവധാനത്തോടു വേല ചെയ്തു അഹോവൃത്തി കഴിക്കേണം എന്നു കർത്താവായ യേശുക്രിസ്തുവിൽ ഞങ്ങൾ ആജ്ഞാപിച്ചു പ്രബോധിപ്പിക്കുന്നു.

2 തെസ്സലൊനീക്യർ 3:7-12 സമകാലിക മലയാളവിവർത്തനം (MCV)

ഞങ്ങളുടെ മാതൃക എപ്രകാരമാണ് പിൻതുടരേണ്ടതെന്നു നിങ്ങൾക്കുതന്നെ അറിയാമല്ലോ. ഞങ്ങൾ നിങ്ങളോടൊപ്പം ആയിരുന്നപ്പോൾ അലസരായിരുന്നിട്ടില്ല. ആരുടെയും ഭക്ഷണം ഞങ്ങൾ സൗജന്യമായി ഭക്ഷിച്ചിട്ടില്ല. മറിച്ച് നിങ്ങളിൽ ആർക്കും ഭാരമാകാതിരിക്കേണ്ടതിനു ഞങ്ങൾ രാവും പകലും കഠിനാധ്വാനംചെയ്തു പണിയെടുത്തു. സഹായം സ്വീകരിക്കാനുള്ള അവകാശം ഞങ്ങൾക്ക് ഇല്ലാതിരുന്നതുകൊണ്ടല്ല, പിന്നെയോ നിങ്ങൾക്കു പിൻതുടരാനായി ഒരു മാതൃക നൽകാനാണു ഞങ്ങൾ അങ്ങനെ ചെയ്തത്. ഞങ്ങൾ നിങ്ങളോടൊപ്പം ആയിരുന്നപ്പോൾ “ജോലിചെയ്യാൻ മനസ്സില്ലാത്തവൻ ഭക്ഷിക്കരുത്” എന്നൊരു കൽപ്പന നിങ്ങൾക്കു നൽകിയിരുന്നല്ലോ. നിങ്ങളിൽ ചിലർ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ട് ഒരു ജോലിയും ചെയ്യാതെ അലസരായി നടക്കുന്നുണ്ടെന്ന് ഞങ്ങൾ കേൾക്കുന്നു. അവരോട് ശാന്തതയോടെ ജോലിചെയ്ത് തങ്ങളുടെ ഭക്ഷണം നേടണമെന്നു കർത്താവായ യേശുക്രിസ്തുവിന്റെ പേരിൽ ഞങ്ങൾ ആജ്ഞാപിക്കുകയും അഭ്യർഥിക്കുകയുംചെയ്യുന്നു.