2 തെസ്സലൊനീക്യർ 3:1-5
2 തെസ്സലൊനീക്യർ 3:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒടുവിൽ സഹോദരന്മാരേ, കർത്താവിന്റെ വചനം നിങ്ങളുടെ അടുക്കൽ എത്തിയതുപോലെ വേഗം വ്യാപിച്ചു മഹത്ത്വപ്പെടുവാനും വല്ലാത്തവരും ദുഷ്ടന്മാരുമായ മനുഷ്യരുടെ കൈയിൽനിന്നു ഞങ്ങൾ വിടുവിക്കപ്പെടുവാനും ഞങ്ങൾക്കുവേണ്ടി പ്രാർഥിപ്പിൻ; വിശ്വാസം എല്ലാവർക്കും ഇല്ലല്ലോ. കർത്താവോ വിശ്വസ്തൻ; അവൻ നിങ്ങളെ ഉറപ്പിച്ച് ദുഷ്ടന്റെ കൈയിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളും. ഞങ്ങൾ ആജ്ഞാപിക്കുന്നത് നിങ്ങൾ ചെയ്യുന്നു എന്നും മേലാലും ചെയ്യും എന്നും ഞങ്ങൾ നിങ്ങളെക്കുറിച്ചു കർത്താവിൽ ഉറച്ചിരിക്കുന്നു. കർത്താവ് താൻ നിങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിന്റെ സ്നേഹത്തിലേക്കും ക്രിസ്തുവിന്റെ സഹിഷ്ണുതയിലേക്കും തിരിക്കുമാറാകട്ടെ.
2 തെസ്സലൊനീക്യർ 3:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവസാനമായി സഹോദരരേ, നിങ്ങളുടെ ഇടയിൽ എന്നപോലെ കർത്താവിന്റെ സന്ദേശം എങ്ങും അതിശീഘ്രം പ്രചരിച്ചു വിജയം വരിക്കുന്നതിനും, അധർമികളും ദുഷ്ടന്മാരുമായ ആളുകളിൽനിന്നു ഞങ്ങൾ രക്ഷപ്പെടുന്നതിനും വേണ്ടി നിങ്ങൾ പ്രാർഥിക്കുക; എല്ലാവരും കർത്താവിന്റെ സന്ദേശം വിശ്വസിക്കുന്നില്ലല്ലോ. എന്നാൽ കർത്താവു വിശ്വസനീയനാകുന്നു. അവിടുന്നു നിങ്ങളെ സുശക്തരാക്കുകയും ദുഷ്ടന്റെ പിടിയിൽപെടാതെ കാത്തുസൂക്ഷിക്കുകയും ചെയ്യും. ഞങ്ങൾ പറയുന്നതു നിങ്ങൾ ചെയ്യുന്നു എന്നും മേലിലും ചെയ്യും എന്നുമുള്ള പൂർണമായ ഉറപ്പ് കർത്താവിന്റെ കൃപയാൽ ഞങ്ങൾക്കു ലഭിച്ചിട്ടുണ്ട്. ക്രിസ്തുവിന്റെ സഹനശക്തിയിലേക്കും ദൈവത്തിന്റെ സ്നേഹത്തിലേക്കും കർത്താവു നിങ്ങളുടെ ഹൃദയങ്ങളെ നയിക്കട്ടെ.
2 തെസ്സലൊനീക്യർ 3:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഒടുവിൽ സഹോദരന്മാരേ, കർത്താവിന്റെ വചനം നിങ്ങളുടെ അടുക്കൽ എത്തിയതുപോലെ എല്ലായിടത്തും വേഗം വ്യാപിച്ചു മഹത്വപ്പെടുവാനും വല്ലാത്തവരും ദുഷ്ടന്മാരുമായ മനുഷ്യരുടെ കയ്യിൽ നിന്നു ഞങ്ങൾ വിടുവിക്കപ്പെടുവാനും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവിൻ; വിശ്വാസം എല്ലാവർക്കും ഇല്ലല്ലോ. എന്നാൽ കർത്താവ് വിശ്വസ്തൻ; അവൻ നിങ്ങളെ ഉറപ്പിച്ചു ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളും. ഞങ്ങൾ ആജ്ഞാപിക്കുന്നത് നിങ്ങൾ ചെയ്യുന്നു എന്നും മേലാലും ചെയ്യും എന്നും ഞങ്ങൾ നിങ്ങളെക്കുറിച്ച് കർത്താവിൽ ഉറച്ചിരിക്കുന്നു. കർത്താവ് താൻ നിങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിന്റെ സ്നേഹത്തിലേക്കും ക്രിസ്തുവിന്റെ സഹിഷ്ണതയിലേക്കും തിരിക്കുമാറാകട്ടെ.
2 തെസ്സലൊനീക്യർ 3:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഒടുവിൽ സഹോദരന്മാരേ, കർത്താവിന്റെ വചനം നിങ്ങളുടെ അടുക്കൽ എത്തിയതുപോലെ വേഗം വ്യാപിച്ചു മഹത്വപ്പെടുവാനും വല്ലാത്തവരും ദുഷ്ടന്മാരുമായ മനുഷ്യരുടെ കയ്യിൽ നിന്നു ഞങ്ങൾ വിടുവിക്കപ്പെടുവാനും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിപ്പിൻ; വിശ്വാസം എല്ലാവർക്കും ഇല്ലല്ലോ. കർത്താവോ വിശ്വസ്തൻ; അവൻ നിങ്ങളെ ഉറപ്പിച്ചു ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളും. ഞങ്ങൾ ആജ്ഞാപിക്കുന്നതു നിങ്ങൾ ചെയ്യുന്നു എന്നും മേലാലും ചെയ്യും എന്നും ഞങ്ങൾ നിങ്ങളെക്കുറിച്ചു കർത്താവിൽ ഉറെച്ചിരിക്കുന്നു. കർത്താവു താൻ നിങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിന്റെ സ്നേഹത്തിലേക്കും ക്രിസ്തുവിന്റെ സഹിഷ്ണതയിലേക്കും തിരിക്കുമാറാകട്ടെ.
2 തെസ്സലൊനീക്യർ 3:1-5 സമകാലിക മലയാളവിവർത്തനം (MCV)
ശേഷം കാര്യങ്ങൾ: സഹോദരങ്ങളേ, കർത്താവിന്റെ വചനം നിങ്ങളുടെ അടുക്കൽ എത്തിയതുപോലെ എല്ലായിടത്തും അതിവേഗത്തിൽ പ്രചരിച്ച് മഹത്ത്വപ്പെടാനും അധർമികളും ദുഷ്ടരുമായ മനുഷ്യരിൽനിന്ന് ഞങ്ങൾ രക്ഷപ്പെടാനുമായി പ്രാർഥിക്കുക. എല്ലാവരും വിശ്വാസം ഉള്ളവരല്ലല്ലോ. എന്നാൽ കർത്താവ് വിശ്വസ്തനാണ്; അവിടന്ന് നിങ്ങളെ ശാക്തീകരിക്കുകയും പിശാചിൽനിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും. ഞങ്ങൾ കൽപ്പിക്കുന്ന കാര്യങ്ങൾ നിങ്ങൾ അനുസരിക്കുന്നുണ്ടെന്നും അങ്ങനെതന്നെ തുടർന്നും ആചരിക്കുമെന്നും കർത്താവിൽ ഞങ്ങൾക്ക് ഉത്തമബോധ്യമുണ്ട്. കർത്താവ് നിങ്ങളുടെ ഹൃദയങ്ങളെ ദൈവസ്നേഹത്തിലേക്കും ക്രിസ്തുവിന്റെ സഹനശക്തിയിലേക്കും നയിക്കട്ടെ.