2 തെസ്സലൊനീക്യർ 2:5-9

2 തെസ്സലൊനീക്യർ 2:5-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നിങ്ങളോടുകൂടെ ഇരിക്കുമ്പോൾതന്നെ ഞാൻ ഇത് നിങ്ങളോട് പറഞ്ഞു എന്ന് ഓർക്കുന്നില്ലയോ? അവൻ സമയത്തിനു മുമ്പേ വെളിപ്പെടാതിരിക്കേണ്ടതിന് ഇപ്പോൾ തടുക്കുന്നത് എന്ത് എന്ന് നിങ്ങൾ അറിയുന്നു. അധർമത്തിന്റെ മർമം ഇപ്പോഴേ വ്യാപരിക്കുന്നുണ്ട്; ഇതുവരെ തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപ്പോക മാത്രം വേണം. അപ്പോൾ അധർമമൂർത്തി വെളിപ്പെട്ടുവരും; അവനെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കും. അധർമമൂർത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവർക്കു സാത്താന്റെ വ്യാപാരശക്തിക്ക് ഒത്തവണ്ണം വ്യാജമായ സകല ശക്തിയോടും അടയാളങ്ങളോടും അദ്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടുംകൂടെ ആയിരിക്കും

2 തെസ്സലൊനീക്യർ 2:5-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഞാൻ നിങ്ങളോടുകൂടി ആയിരുന്നപ്പോൾ ഇതെല്ലാം പറഞ്ഞിട്ടുള്ളതാണല്ലോ! നിങ്ങൾ ഓർക്കുന്നില്ലേ? എന്നിട്ടും ഇവയൊക്കെ ഇതുവരെ സംഭവിക്കാതെ, അവനെ ഏതോ തടഞ്ഞു നിറുത്തിയിരിക്കുന്നു എന്നുള്ളതു നിങ്ങൾക്കറിയാം. ആ അധർമമൂർത്തി യഥാവസരം പ്രത്യക്ഷപ്പെടും. നിഗൂഢമായ ദുഷ്ടത ഇപ്പോൾത്തന്നെ വ്യാപരിക്കുന്നുണ്ട്. എന്നാൽ തടഞ്ഞു നിറുത്തുന്നവൻ വഴിമാറുന്നതുവരെ, സംഭവിക്കുവാൻ പോകുന്നത് സംഭവിക്കുകയില്ല. അപ്പോൾ ആ അധർമമൂർത്തി പ്രത്യക്ഷപ്പെടും. എന്നാൽ കർത്താവായ യേശു വരുമ്പോൾ തന്റെ വായിലെ ശ്വാസത്താൽ അവനെ സംഹരിക്കും; തന്റെ സാന്നിധ്യത്താലും ദർശനത്താലും അവനെ തകർക്കുകയും ചെയ്യും. അധർമമൂർത്തി സാത്താന്റെ പ്രഭാവത്തോടുകൂടി വരികയും കപടമായ എല്ലാവിധ അടയാളങ്ങളും മഹാദ്ഭുതങ്ങളും പ്രകടിപ്പിക്കുകയും ചെയ്യും.

2 തെസ്സലൊനീക്യർ 2:5-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നെ ഞാൻ ഇതു നിങ്ങളോടു പറഞ്ഞു എന്നു ഓർക്കുന്നില്ലയോ? അവൻ സമയത്തിനു മുമ്പെ വെളിപ്പെടാതിരിക്കേണ്ടതിന് ഇപ്പോൾ തടുക്കുന്നത് എന്ത് എന്നു നിങ്ങൾ അറിയുന്നു. അധർമ്മത്തിൻ്റെ മർമ്മം ഇപ്പോഴേ പ്രവൃത്തിക്കുന്നുണ്ട്; ഇതുവരെ തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപ്പോയാൽ മാത്രം മതി. അപ്പോൾ അധർമ്മമൂർത്തി വെളിപ്പെട്ടുവരും; അവനെ കർത്താവായ യേശു തന്‍റെ വായിലെ ശ്വാസത്താൽ സംഹരിച്ച് തന്‍റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കും. അധർമ്മമൂർത്തി നശിച്ചുപോകുന്നവർക്ക് വെളിപ്പെടുന്നത് സാത്താന്‍റെ വ്യാപാരശക്തിക്ക് ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആയിരിക്കും

2 തെസ്സലൊനീക്യർ 2:5-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ഞാൻ ഇതു നിങ്ങളോടു പറഞ്ഞു എന്നു ഓർക്കുന്നില്ലയോ? അവൻ സമയത്തിന്നു മുമ്പെ വെളിപ്പെടാതിരിക്കേണ്ടതിന്നു ഇപ്പോൾ തടുക്കുന്നതു എന്തു എന്നു നിങ്ങൾ അറിയുന്നു. അധർമ്മത്തിന്റെ മർമ്മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ടു; ഇതുവരെ തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപോക മാത്രം വേണം. അപ്പോൾ അധർമ്മമൂർത്തി വെളിപ്പെട്ടുവരും; അവനെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കും. അധർമ്മമൂർത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവർക്കു സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആയിരിക്കും

2 തെസ്സലൊനീക്യർ 2:5-9 സമകാലിക മലയാളവിവർത്തനം (MCV)

ഞാൻ നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ ഈ കാര്യങ്ങൾ പറഞ്ഞത് ഓർക്കുന്നില്ലേ? നിയമിക്കപ്പെട്ട സമയത്തുമാത്രം പ്രത്യക്ഷപ്പെടാനായി ഇപ്പോൾ അയാളെ തടഞ്ഞു നിർത്തുന്നത് എന്താണെന്ന് നിങ്ങൾക്കറിയാം. നിയമരാഹിത്യം ഇപ്പോൾത്തന്നെ നിഗൂഢമായി പ്രവർത്തനനിരതമാണ്. ഇപ്പോൾ അതിന്റെ പ്രവൃത്തിയെ തടഞ്ഞു നിർത്തുന്ന ആൾ വഴിമധ്യേനിന്നു മാറുമ്പോൾമാത്രമേ അതു പ്രത്യക്ഷപ്പെടുകയുള്ളൂ. അപ്പോൾ ആ വിനാശപുത്രൻ പ്രത്യക്ഷപ്പെടും; അയാളെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ നിഷ്കാസനംചെയ്ത് അവിടത്തെ പ്രത്യക്ഷതയുടെ തേജസ്സിൽ ഉന്മൂലനംചെയ്യും. വിനാശപുത്രന്റെ വരവ് സാത്താന്റെ പ്രവർത്തനരീതിക്കു സമാനമായിട്ട്, എല്ലാത്തരം ശക്തി പ്രകടനങ്ങളോടും വ്യാജമായ ചിഹ്നങ്ങളോടും അത്ഭുതപ്രവൃത്തികളോടും കൂടിയുമായിരിക്കും.