2 തെസ്സലൊനീക്യർ 2:13-17

2 തെസ്സലൊനീക്യർ 2:13-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞങ്ങളോ, കർത്താവിനു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷയ്ക്കായി തിരഞ്ഞെടുത്തതുകൊണ്ട് നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മഹത്ത്വം പ്രാപിപ്പാനല്ലോ അവൻ ഞങ്ങളുടെ സുവിശേഷഘോഷണത്താൽ നിങ്ങളെ രക്ഷയ്ക്കു വിളിച്ചത്. ആകയാൽ സഹോദരന്മാരേ, നിങ്ങൾ ഉറച്ചുനിന്നു ഞങ്ങൾ വാക്കിനാലോ, ലേഖനത്താലോ ഉപദേശിച്ചുതന്ന പ്രമാണങ്ങളെ മുറുകെ പിടിച്ചുകൊൾവിൻ. നമ്മുടെ കർത്താവായ യേശുക്രിസ്തുതാനും നമ്മെ സ്നേഹിച്ചു നിത്യാശ്വാസവും നല്ല പ്രത്യാശയും കൃപയാലെ നല്കിയിരിക്കുന്ന നമ്മുടെ പിതാവായ ദൈവവും നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിച്ച് എല്ലാ നല്ല പ്രവൃത്തിയിലും വാക്കിലും സ്ഥിരപ്പെടുത്തുമാറാകട്ടെ.

2 തെസ്സലൊനീക്യർ 2:13-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ആത്മാവിന്റെ ശുദ്ധീകരണത്താലും സത്യത്തിലുള്ള വിശ്വാസത്താലും രക്ഷിക്കപ്പെടേണ്ടതിനായി ദൈവം നിങ്ങളെ ആദ്യം തിരഞ്ഞെടുത്തു. അതുകൊണ്ടു സഹോദരരേ, കർത്താവിന്റെ സ്നേഹഭാജനങ്ങളായ നിങ്ങൾക്കുവേണ്ടി ഞങ്ങൾ എപ്പോഴും ദൈവത്തെ സ്തുതിക്കേണ്ടതാകുന്നു. ഞങ്ങൾ നിങ്ങളോടു പ്രസംഗിച്ച സുവിശേഷത്തിലൂടെയാണല്ലോ ഈ രക്ഷയിലേക്കു ദൈവം നിങ്ങളെ വിളിച്ചത്; നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മഹത്ത്വത്തിൽ നിങ്ങളെ ഓഹരിക്കാരാക്കുന്നതിന് അവിടുന്നു നിങ്ങളെ വിളിച്ചു. അതുകൊണ്ടു സഹോദരരേ, ഞങ്ങളുടെ പ്രഭാഷണംമൂലമോ കത്തുമൂലമോ ഞങ്ങൾ നിങ്ങളെ പഠിപ്പിച്ച സത്യങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് ഉറച്ചുനില്‌ക്കുക. നമ്മെ സ്നേഹിക്കുകയും തന്റെ കൃപയാൽ ശാശ്വതമായ ധൈര്യവും അടിയുറച്ച പ്രത്യാശയും നല്‌കുകയും ചെയ്ത നമ്മുടെ പിതാവായ ദൈവവും നമ്മുടെ കർത്താവായ യേശുക്രിസ്തുതന്നെയും നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും എല്ലാ നല്ല കാര്യങ്ങളും ചെയ്യുന്നതിനും പറയുന്നതിനും ശക്തരാക്കുകയും ചെയ്യുമാറാകട്ടെ.

2 തെസ്സലൊനീക്യർ 2:13-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഞങ്ങളോ, കർത്താവിന് പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ രക്ഷയ്ക്കുള്ള ആദ്യഫലമായി ആത്മാവിന്‍റെ വിശുദ്ധീകരണത്തിലും സത്യത്തിന്‍റെ വിശ്വാസത്തിലും തിരഞ്ഞെടുത്തതുകൊണ്ട് നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ മഹത്വം പ്രാപിക്കുവാനല്ലോ അവൻ ഞങ്ങളുടെ സുവിശേഷഘോഷണത്താൽ നിങ്ങളെ രക്ഷയ്ക്ക് വിളിച്ചത്. ആകയാൽ സഹോദരന്മാരേ, ഞങ്ങൾ വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചുതന്ന പ്രമാണങ്ങളെ മുറുകെ പിടിച്ച് അതിൽ ഉറച്ചുനിന്നുകൊൾവിൻ. നമ്മുടെ കർത്താവായ യേശുക്രിസ്തു തന്നെയും നമ്മെ സ്നേഹിച്ച് നിത്യാശ്വാസവും നല്ല പ്രത്യാശയുടെ ഉറപ്പും കൃപയാലെ നല്കിയിരിക്കുന്ന നമ്മുടെ പിതാവായ ദൈവവും നിങ്ങളുടെ ഹൃദയങ്ങളെ എല്ലാ നല്ല പ്രവൃത്തിയിലും വാക്കാലും ആശ്വസിപ്പിച്ച് സ്ഥിരപ്പെടുത്തുമാറാകട്ടെ.

2 തെസ്സലൊനീക്യർ 2:13-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞങ്ങളോ, കർത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മഹത്വം പ്രാപിപ്പാനല്ലോ അവൻ ഞങ്ങളുടെ സുവിശേഷഘോഷണത്താൽ നിങ്ങളെ രക്ഷെക്കു വിളിച്ചതു. ആകയാൽ സഹോദരന്മാരേ, നിങ്ങൾ ഉറെച്ചുനിന്നു ഞങ്ങൾ വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചുതന്ന പ്രമാണങ്ങളെ മുറുകെ പിടിച്ചുകൊൾവിൻ. നമ്മുടെ കർത്താവായ യേശുക്രിസ്തുതാനും നമ്മെ സ്നേഹിച്ചു നിത്യാശ്വാസവും നല്ല പ്രത്യാശയും കൃപയാലെ നല്കിയിരിക്കുന്ന നമ്മുടെ പിതാവായ ദൈവവും നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിച്ചു എല്ലാ നല്ല പ്രവൃത്തിയിലും വാക്കിലും സ്ഥിരപ്പെടുത്തുമാറാകട്ടെ.

2 തെസ്സലൊനീക്യർ 2:13-17 സമകാലിക മലയാളവിവർത്തനം (MCV)

കർത്താവിനു പ്രിയരായ സഹോദരങ്ങളേ, ഞങ്ങൾ എപ്പോഴും നിങ്ങൾക്കുവേണ്ടി ദൈവത്തിനു സ്തോത്രം അർപ്പിക്കാൻ കടപ്പെട്ടിരിക്കുന്നു. കാരണം, ആത്മാവിന്റെ വിശുദ്ധീകരണത്താലും സത്യത്തിലുള്ള വിശ്വാസത്താലും ലഭ്യമാകുന്ന രക്ഷ അനുഭവിക്കുന്ന ആദ്യഫലമായി ദൈവം നിങ്ങളെ തെരഞ്ഞെടുത്തു. ഞങ്ങൾ നിങ്ങളോട് അറിയിച്ച സുവിശേഷത്തിലൂടെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പങ്കാളികളായി വിളിക്കപ്പെടാൻവേണ്ടിയായിരുന്ന് ഈ തെരഞ്ഞെടുപ്പ്. അതിനാൽ സഹോദരങ്ങളേ, പ്രഭാഷണത്താലും ലേഖനത്താലും ഞങ്ങൾ നിങ്ങൾക്കു നൽകിയ ഉപദേശങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് സുസ്ഥിരരായി നിൽക്കുക. സ്വയം നമ്മുടെ കർത്താവായ യേശുക്രിസ്തുവും നമ്മുടെ പിതാവായ ദൈവവും നമ്മെ സ്നേഹിച്ച് അവിടത്തെ കൃപയാൽ നമുക്കു ശാശ്വത സാന്ത്വനവും ഉത്തമപ്രത്യാശയും നൽകി നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിച്ച് നിങ്ങളെ സകലസൽപ്രവൃത്തികളിലും വാക്കുകളിലും ശാക്തീകരിക്കട്ടെ.