2 തെസ്സലൊനീക്യർ 2:1-3

2 തെസ്സലൊനീക്യർ 2:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സഹോദരരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തെക്കുറിച്ചും അവിടുത്തോടുകൂടി നാം ഒരുമിച്ചു ചേർക്കപ്പെടുന്നതിനെക്കുറിച്ചും ഞാൻ എഴുതട്ടെ: കർത്താവിന്റെ ദിവസം വന്നുകഴിഞ്ഞു എന്നുള്ള ആരുടെയെങ്കിലും പ്രസംഗമോ, സ്വപ്രേരിതമായ വാക്കുകളോ, ഞങ്ങളുടേതെന്നു തോന്നിപ്പിക്കുന്ന കത്തോ നിമിത്തം പെട്ടെന്നു ചിന്താക്കുഴപ്പം ഉണ്ടായി നിങ്ങൾ അസ്വസ്ഥരാകരുതെന്നും ഞാൻ അപേക്ഷിക്കുന്നു. ഒരുവിധത്തിലും നിങ്ങളെ ആരും വഞ്ചിക്കാനിടയാകരുത്. എന്തുകൊണ്ടെന്നാൽ ആ ദിവസം വന്നുചേരുന്നതിനുമുമ്പ് അനവധിയാളുകൾ ദൈവവിശ്വാസം ത്യജിക്കും; നാശത്തിന്റെ സന്തതിയായ അധർമമൂർത്തി പ്രത്യക്ഷപ്പെടും; ദൈവം എന്നു വിളിക്കപ്പെടുകയോ പൂജിക്കപ്പെടുകയോ ചെയ്യുന്ന ഏതിനെയും അവൻ എതിർക്കും; എല്ലാറ്റിനും ഉപരി താൻ ദൈവമാണെന്ന് അവകാശപ്പെട്ടുകൊണ്ട് ദേവാലയത്തിൽ തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും.

2 തെസ്സലൊനീക്യർ 2:1-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഇനി സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ മടങ്ങിവരവും, അവനോടുകൂടെ നാം ഒരുമിച്ചുകൂടുന്നതിനെക്കുറിച്ചും ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നത്: കർത്താവിന്‍റെ ദിവസം വന്നുകഴിഞ്ഞു എന്നു സൂചിപ്പിക്കുന്ന വല്ല ആത്മാവിനാലോ വചനത്താലോ, ഞങ്ങൾ എഴുതി എന്നു അവകാശപ്പെടുന്ന ലേഖനത്താലോ നിങ്ങൾ വേഗത്തിൽ മനസ്സിടറുകയും അസ്വസ്ഥരാകയുമരുത്. ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുത്; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കുകയും നാശയോഗ്യനായ പുത്രനായ അധർമ്മത്തിൻ്റെ മനുഷ്യൻ വെളിപ്പെടുകയും വേണം.

2 തെസ്സലൊനീക്യർ 2:1-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഇനി സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നതു: കർത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങൾ വല്ല ആത്മാവിനാലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുതു. ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം.

2 തെസ്സലൊനീക്യർ 2:1-3 സമകാലിക മലയാളവിവർത്തനം (MCV)

സഹോദരങ്ങളേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ വരവിനെയും അവിടത്തെ സന്നിധിയിലേക്കു നമ്മെ ഒരുമിച്ച് ചേർക്കുന്നതിനെയും സംബന്ധിച്ചാണ് ഞങ്ങൾ നിങ്ങളോടു വ്യക്തമാക്കുന്നത്. കർത്താവിന്റെ ദിവസം വന്നുകഴിഞ്ഞു എന്നുറപ്പാക്കുന്ന ഏതെങ്കിലും തരത്തിലുള്ള പ്രവചനം, പ്രഭാഷണം, ഞങ്ങൾ എഴുതിയെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള ലേഖനം എന്നിവയാൽ നിങ്ങൾ അതിവേഗത്തിൽ ചഞ്ചലചിത്തരോ അസ്വസ്ഥരോ ആകരുത്. ആരും ഒരുവിധത്തിലും നിങ്ങളെ വഞ്ചിക്കാൻ അനുവദിക്കരുത്. വിശ്വാസത്യാഗം സംഭവിക്കുകയും, തുടർന്ന് നിയമരാഹിത്യത്തിന്റെ മൂർത്തീമദ്ഭാവമായ വിനാശപുത്രൻ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതിനുമുമ്പ് കർത്താവിന്റെ ദിവസം വരികയില്ല!