2 തെസ്സലൊനീക്യർ 2:1-10

2 തെസ്സലൊനീക്യർ 2:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഇനി സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുന്നത്: കർത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവച്ച് നിങ്ങൾ വല്ല ആത്മാവിനാലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ, സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുത്. ആരും ഏതു വിധേനയും നിങ്ങളെ ചതിക്കരുത്; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം. അവൻ ദൈവാലയത്തിൽ ഇരുന്നുകൊണ്ടു ദൈവം എന്നു നടിച്ച്, ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിനും മീതെ തന്നെത്താൻ ഉയർത്തുന്ന എതിരാളി അത്രേ. നിങ്ങളോടുകൂടെ ഇരിക്കുമ്പോൾതന്നെ ഞാൻ ഇത് നിങ്ങളോട് പറഞ്ഞു എന്ന് ഓർക്കുന്നില്ലയോ? അവൻ സമയത്തിനു മുമ്പേ വെളിപ്പെടാതിരിക്കേണ്ടതിന് ഇപ്പോൾ തടുക്കുന്നത് എന്ത് എന്ന് നിങ്ങൾ അറിയുന്നു. അധർമത്തിന്റെ മർമം ഇപ്പോഴേ വ്യാപരിക്കുന്നുണ്ട്; ഇതുവരെ തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപ്പോക മാത്രം വേണം. അപ്പോൾ അധർമമൂർത്തി വെളിപ്പെട്ടുവരും; അവനെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കും. അധർമമൂർത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവർക്കു സാത്താന്റെ വ്യാപാരശക്തിക്ക് ഒത്തവണ്ണം വ്യാജമായ സകല ശക്തിയോടും അടയാളങ്ങളോടും അദ്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടുംകൂടെ ആയിരിക്കും; അവർ രക്ഷിക്കപ്പെടുവാൻ തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാൽതന്നെ അങ്ങനെ ഭവിക്കും.

2 തെസ്സലൊനീക്യർ 2:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സഹോദരരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തെക്കുറിച്ചും അവിടുത്തോടുകൂടി നാം ഒരുമിച്ചു ചേർക്കപ്പെടുന്നതിനെക്കുറിച്ചും ഞാൻ എഴുതട്ടെ: കർത്താവിന്റെ ദിവസം വന്നുകഴിഞ്ഞു എന്നുള്ള ആരുടെയെങ്കിലും പ്രസംഗമോ, സ്വപ്രേരിതമായ വാക്കുകളോ, ഞങ്ങളുടേതെന്നു തോന്നിപ്പിക്കുന്ന കത്തോ നിമിത്തം പെട്ടെന്നു ചിന്താക്കുഴപ്പം ഉണ്ടായി നിങ്ങൾ അസ്വസ്ഥരാകരുതെന്നും ഞാൻ അപേക്ഷിക്കുന്നു. ഒരുവിധത്തിലും നിങ്ങളെ ആരും വഞ്ചിക്കാനിടയാകരുത്. എന്തുകൊണ്ടെന്നാൽ ആ ദിവസം വന്നുചേരുന്നതിനുമുമ്പ് അനവധിയാളുകൾ ദൈവവിശ്വാസം ത്യജിക്കും; നാശത്തിന്റെ സന്തതിയായ അധർമമൂർത്തി പ്രത്യക്ഷപ്പെടും; ദൈവം എന്നു വിളിക്കപ്പെടുകയോ പൂജിക്കപ്പെടുകയോ ചെയ്യുന്ന ഏതിനെയും അവൻ എതിർക്കും; എല്ലാറ്റിനും ഉപരി താൻ ദൈവമാണെന്ന് അവകാശപ്പെട്ടുകൊണ്ട് ദേവാലയത്തിൽ തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും. ഞാൻ നിങ്ങളോടുകൂടി ആയിരുന്നപ്പോൾ ഇതെല്ലാം പറഞ്ഞിട്ടുള്ളതാണല്ലോ! നിങ്ങൾ ഓർക്കുന്നില്ലേ? എന്നിട്ടും ഇവയൊക്കെ ഇതുവരെ സംഭവിക്കാതെ, അവനെ ഏതോ തടഞ്ഞു നിറുത്തിയിരിക്കുന്നു എന്നുള്ളതു നിങ്ങൾക്കറിയാം. ആ അധർമമൂർത്തി യഥാവസരം പ്രത്യക്ഷപ്പെടും. നിഗൂഢമായ ദുഷ്ടത ഇപ്പോൾത്തന്നെ വ്യാപരിക്കുന്നുണ്ട്. എന്നാൽ തടഞ്ഞു നിറുത്തുന്നവൻ വഴിമാറുന്നതുവരെ, സംഭവിക്കുവാൻ പോകുന്നത് സംഭവിക്കുകയില്ല. അപ്പോൾ ആ അധർമമൂർത്തി പ്രത്യക്ഷപ്പെടും. എന്നാൽ കർത്താവായ യേശു വരുമ്പോൾ തന്റെ വായിലെ ശ്വാസത്താൽ അവനെ സംഹരിക്കും; തന്റെ സാന്നിധ്യത്താലും ദർശനത്താലും അവനെ തകർക്കുകയും ചെയ്യും. അധർമമൂർത്തി സാത്താന്റെ പ്രഭാവത്തോടുകൂടി വരികയും കപടമായ എല്ലാവിധ അടയാളങ്ങളും മഹാദ്ഭുതങ്ങളും പ്രകടിപ്പിക്കുകയും ചെയ്യും. നശിക്കാനുള്ളവരുടെമേൽ ദുഷ്ടമായ സകല ചതിപ്രയോഗങ്ങളും നടത്തും. രക്ഷിക്കപ്പെടുന്നതിനുവേണ്ടി, സത്യത്തെ സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യാത്തതുമൂലം അവർ നശിച്ചുപോകും.

2 തെസ്സലൊനീക്യർ 2:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഇനി സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ മടങ്ങിവരവും, അവനോടുകൂടെ നാം ഒരുമിച്ചുകൂടുന്നതിനെക്കുറിച്ചും ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നത്: കർത്താവിന്‍റെ ദിവസം വന്നുകഴിഞ്ഞു എന്നു സൂചിപ്പിക്കുന്ന വല്ല ആത്മാവിനാലോ വചനത്താലോ, ഞങ്ങൾ എഴുതി എന്നു അവകാശപ്പെടുന്ന ലേഖനത്താലോ നിങ്ങൾ വേഗത്തിൽ മനസ്സിടറുകയും അസ്വസ്ഥരാകയുമരുത്. ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുത്; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കുകയും നാശയോഗ്യനായ പുത്രനായ അധർമ്മത്തിൻ്റെ മനുഷ്യൻ വെളിപ്പെടുകയും വേണം. അവൻ ദൈവാലയത്തിൽ ഇരുന്നുകൊണ്ട്, ദൈവം എന്നു വിളിക്കപ്പെടുന്നതോ, ആരാധിക്കപ്പെടുന്നതോ ആയ സകലത്തിനും മീതെ തന്നെത്താൻ ദൈവമായി ഉയർത്തുന്ന എതിരാളി അത്രേ. നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നെ ഞാൻ ഇതു നിങ്ങളോടു പറഞ്ഞു എന്നു ഓർക്കുന്നില്ലയോ? അവൻ സമയത്തിനു മുമ്പെ വെളിപ്പെടാതിരിക്കേണ്ടതിന് ഇപ്പോൾ തടുക്കുന്നത് എന്ത് എന്നു നിങ്ങൾ അറിയുന്നു. അധർമ്മത്തിൻ്റെ മർമ്മം ഇപ്പോഴേ പ്രവൃത്തിക്കുന്നുണ്ട്; ഇതുവരെ തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപ്പോയാൽ മാത്രം മതി. അപ്പോൾ അധർമ്മമൂർത്തി വെളിപ്പെട്ടുവരും; അവനെ കർത്താവായ യേശു തന്‍റെ വായിലെ ശ്വാസത്താൽ സംഹരിച്ച് തന്‍റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കും. അധർമ്മമൂർത്തി നശിച്ചുപോകുന്നവർക്ക് വെളിപ്പെടുന്നത് സാത്താന്‍റെ വ്യാപാരശക്തിക്ക് ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആയിരിക്കും; എന്തുകൊണ്ടെന്നാൽ അവർ രക്ഷിയ്ക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ച് കൈക്കൊള്ളായ്കയാൽ തന്നെ അങ്ങനെ ഭവിക്കും.

2 തെസ്സലൊനീക്യർ 2:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഇനി സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നതു: കർത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങൾ വല്ല ആത്മാവിനാലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുതു. ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം. അവൻ ദൈവാലയത്തിൽ ഇരുന്നുകൊണ്ടു ദൈവം എന്നു നടിച്ചു, ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിന്നും മീതെ തന്നെത്താൻ ഉയർത്തുന്ന എതിരാളി അത്രേ. നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ഞാൻ ഇതു നിങ്ങളോടു പറഞ്ഞു എന്നു ഓർക്കുന്നില്ലയോ? അവൻ സമയത്തിന്നു മുമ്പെ വെളിപ്പെടാതിരിക്കേണ്ടതിന്നു ഇപ്പോൾ തടുക്കുന്നതു എന്തു എന്നു നിങ്ങൾ അറിയുന്നു. അധർമ്മത്തിന്റെ മർമ്മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ടു; ഇതുവരെ തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപോക മാത്രം വേണം. അപ്പോൾ അധർമ്മമൂർത്തി വെളിപ്പെട്ടുവരും; അവനെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കും. അധർമ്മമൂർത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവർക്കു സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആയിരിക്കും; അവർ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാൽ തന്നേ അങ്ങനെ ഭവിക്കും.

2 തെസ്സലൊനീക്യർ 2:1-10 സമകാലിക മലയാളവിവർത്തനം (MCV)

സഹോദരങ്ങളേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ വരവിനെയും അവിടത്തെ സന്നിധിയിലേക്കു നമ്മെ ഒരുമിച്ച് ചേർക്കുന്നതിനെയും സംബന്ധിച്ചാണ് ഞങ്ങൾ നിങ്ങളോടു വ്യക്തമാക്കുന്നത്. കർത്താവിന്റെ ദിവസം വന്നുകഴിഞ്ഞു എന്നുറപ്പാക്കുന്ന ഏതെങ്കിലും തരത്തിലുള്ള പ്രവചനം, പ്രഭാഷണം, ഞങ്ങൾ എഴുതിയെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള ലേഖനം എന്നിവയാൽ നിങ്ങൾ അതിവേഗത്തിൽ ചഞ്ചലചിത്തരോ അസ്വസ്ഥരോ ആകരുത്. ആരും ഒരുവിധത്തിലും നിങ്ങളെ വഞ്ചിക്കാൻ അനുവദിക്കരുത്. വിശ്വാസത്യാഗം സംഭവിക്കുകയും, തുടർന്ന് നിയമരാഹിത്യത്തിന്റെ മൂർത്തീമദ്ഭാവമായ വിനാശപുത്രൻ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതിനുമുമ്പ് കർത്താവിന്റെ ദിവസം വരികയില്ല! ദൈവം എന്നും ആരാധ്യം എന്നും വിളിക്കപ്പെടുന്ന എല്ലാറ്റിനെയും അയാൾ ഉപരോധിക്കുകയും അവക്കെല്ലാം മീതേ സ്വയം ഉയർത്തി താൻതന്നെയാണ് ദൈവം എന്നവകാശപ്പെട്ട് ദൈവാലയത്തിൽ സ്വയം പ്രതിഷ്ഠിക്കുകയും ചെയ്യും. ഞാൻ നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ ഈ കാര്യങ്ങൾ പറഞ്ഞത് ഓർക്കുന്നില്ലേ? നിയമിക്കപ്പെട്ട സമയത്തുമാത്രം പ്രത്യക്ഷപ്പെടാനായി ഇപ്പോൾ അയാളെ തടഞ്ഞു നിർത്തുന്നത് എന്താണെന്ന് നിങ്ങൾക്കറിയാം. നിയമരാഹിത്യം ഇപ്പോൾത്തന്നെ നിഗൂഢമായി പ്രവർത്തനനിരതമാണ്. ഇപ്പോൾ അതിന്റെ പ്രവൃത്തിയെ തടഞ്ഞു നിർത്തുന്ന ആൾ വഴിമധ്യേനിന്നു മാറുമ്പോൾമാത്രമേ അതു പ്രത്യക്ഷപ്പെടുകയുള്ളൂ. അപ്പോൾ ആ വിനാശപുത്രൻ പ്രത്യക്ഷപ്പെടും; അയാളെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ നിഷ്കാസനംചെയ്ത് അവിടത്തെ പ്രത്യക്ഷതയുടെ തേജസ്സിൽ ഉന്മൂലനംചെയ്യും. വിനാശപുത്രന്റെ വരവ് സാത്താന്റെ പ്രവർത്തനരീതിക്കു സമാനമായിട്ട്, എല്ലാത്തരം ശക്തി പ്രകടനങ്ങളോടും വ്യാജമായ ചിഹ്നങ്ങളോടും അത്ഭുതപ്രവൃത്തികളോടും കൂടിയുമായിരിക്കും. തങ്ങളെ രക്ഷിക്കുന്ന സത്യത്തെ സ്നേഹിച്ചു സ്വീകരിക്കാതെ നാശത്തിലേക്കു പോകുന്നവരുടെമേൽ എല്ലാ തരത്തിലുമുള്ള ദുഷ്ടതനിറഞ്ഞ വഞ്ചനയും അയാൾ പ്രയോഗിക്കും.