2 തെസ്സലൊനീക്യർ 1:5-12

2 തെസ്സലൊനീക്യർ 1:5-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അത് നിങ്ങൾ കഷ്ടപ്പെടുവാൻ ഹേതുവായിരിക്കുന്ന ദൈവരാജ്യത്തിനു നിങ്ങളെ യോഗ്യന്മാരായി എണ്ണും എന്നിങ്ങനെ ദൈവത്തിന്റെ നീതിയുള്ള വിധിക്ക് അടയാളം ആകുന്നു. കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗത്തിൽനിന്ന് അഗ്നിജ്വാലയിൽ പ്രത്യക്ഷനായി ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോൾ നിങ്ങളെ പീഡിപ്പിക്കുന്നവർക്കു പീഡയും പീഡ അനുഭവിക്കുന്ന നിങ്ങൾക്കു ഞങ്ങളോടുകൂടെ ആശ്വാസവും പകരം നല്കുന്നത് ദൈവസന്നിധിയിൽ നീതിയല്ലോ. ആ നാളിൽ അവൻ തന്റെ വിശുദ്ധന്മാരിൽ മഹത്ത്വപ്പെടേണ്ടതിനും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ വിശ്വസിച്ചതുപോലെ വിശ്വസിച്ച എല്ലാവരിലും താൻ അതിശയവിഷയം ആകേണ്ടതിനും വരുമ്പോൾ സുവിശേഷം അനുസരിക്കാത്തവർ കർത്താവിന്റെ സന്നിധാനവും അവന്റെ വല്ലഭത്വത്തോടു കൂടിയ മഹത്ത്വവും വിട്ടകന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും. അതുകൊണ്ടു ഞങ്ങൾ നമ്മുടെ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും കൃപയാൽ നമ്മുടെ കർത്താവായ യേശുവിന്റെ നാമം നിങ്ങളിലും നിങ്ങൾ അവനിലും മഹത്ത്വപ്പെടേണ്ടതിന്, നമ്മുടെ ദൈവം നിങ്ങളെ തന്റെ വിളിക്കു യോഗ്യരായി എണ്ണി സൽഗുണത്തിലുള്ള സകല താൽപര്യവും വിശ്വാസത്തിന്റെ പ്രവൃത്തിയും ശക്തിയോടെ പൂർണമാക്കിത്തരേണം എന്ന് നിങ്ങൾക്കുവേണ്ടി എപ്പോഴും പ്രാർഥിക്കുന്നു.

2 തെസ്സലൊനീക്യർ 1:5-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദൈവരാജ്യത്തിനുവേണ്ടിയാണല്ലോ നിങ്ങൾ കഷ്ടത സഹിക്കുന്നത്. ദൈവത്തിന്റെ വിധി ന്യായയുക്തമായതിനാൽ നിങ്ങൾ ദൈവരാജ്യത്തിനു യോഗ്യരായിത്തീരുന്നു എന്നു നിങ്ങളുടെ കഷ്ടതകൾ തെളിയിക്കുന്നു. ദൈവം നീതിയായിട്ടുള്ളതുതന്നെ പ്രവർത്തിക്കും. കർത്താവായ യേശു അവിടുത്തെ ശക്തരായ മാലാഖമാരോടുകൂടി സ്വർഗത്തിൽനിന്നു പ്രത്യക്ഷനാകുമ്പോൾ നിങ്ങളെ പീഡിപ്പിക്കുന്നവർക്ക് ദൈവം കഷ്ടത നല്‌കും; കഷ്ടത സഹിക്കുന്നവരായ നിങ്ങൾക്കും, അതുപോലെതന്നെ ഞങ്ങൾക്കും ആശ്വാസം അരുളുകയും ചെയ്യും. നമ്മുടെ കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അനുസരിക്കാത്തവരെയും ദൈവത്തെ നിരാകരിക്കുന്നവരെയും ശിക്ഷിക്കുന്നതിനായി ജ്വലിക്കുന്ന അഗ്നിയോടുകൂടിയത്രേ അവിടുന്ന് എഴുന്നള്ളുക. ആ നാളിൽ അവർ അവിടുത്തെ സന്നിധിയിൽനിന്നും മഹത്ത്വമാർന്ന ശക്തിയിൽനിന്നും നീക്കപ്പെടും; നിത്യവിനാശം എന്ന ശിക്ഷ അനുഭവിക്കുകയും ചെയ്യും. അന്നു തന്റെ എല്ലാ വിശുദ്ധജനങ്ങളാലും പ്രകീർത്തിക്കപ്പെടുകയും തന്റെ എല്ലാ വിശ്വാസികളാലും വിസ്മയപൂർവം ആരാധിക്കപ്പെടുകയും ചെയ്യുന്നതിനായി അവിടുന്ന് ആഗതനാകും. ഞങ്ങൾ നിങ്ങളെ അറിയിച്ച സന്ദേശം നിങ്ങൾ വിശ്വസിച്ചതുകൊണ്ട് നിങ്ങളും ആ കൂട്ടത്തിലുണ്ടായിരിക്കും. ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നു. ആ വിളിക്കു നിങ്ങളെ യോഗ്യരാക്കിത്തീർക്കേണ്ടതിന് ഞങ്ങൾ നമ്മുടെ ദൈവത്തോട് എപ്പോഴും നിങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നു; തന്റെ ശക്തിയാൽ നിങ്ങളുടെ എല്ലാ സദുദ്ദേശ്യങ്ങളും അവിടുന്നു നിറവേറ്റുകയും നിങ്ങളുടെ വിശ്വാസത്തിന്റെ പ്രവർത്തനം പൂർത്തിയാക്കുകയും ചെയ്യട്ടെ. ഇങ്ങനെ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും കൃപയാൽ, അവിടുത്തെ നാമം നിങ്ങൾ നിമിത്തം പ്രകീർത്തിക്കപ്പെടും; നിങ്ങൾക്ക് അവിടുന്നിൽനിന്നു മഹത്ത്വം ലഭിക്കുകയും ചെയ്യും.

2 തെസ്സലൊനീക്യർ 1:5-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അത് നിങ്ങൾ കഷ്ടപ്പെടുവാൻ കാരണമായിരിക്കുന്ന ദൈവരാജ്യത്തിന് നിങ്ങളെ യോഗ്യന്മാരായി എണ്ണും എന്നിങ്ങനെ ദൈവത്തിന്‍റെ നീതിയുള്ള വിധിക്കു വ്യക്തമായ അടയാളം ആകുന്നു. കർത്താവായ യേശു തന്‍റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗ്ഗത്തിൽനിന്നു അഗ്നിജ്വാലയിൽ പ്രത്യക്ഷനായി, ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്‍റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോൾ നിങ്ങളെ പീഢിപ്പിക്കുന്നവർക്ക് പീഢയും പീഢ അനുഭവിക്കുന്ന നിങ്ങൾക്ക് ഞങ്ങളോടുകൂടെ ആശ്വാസവും പകരം നല്കുന്നത് ദൈവസന്നിധിയിൽ നീതിയല്ലോ. സുവിശേഷം അനുസരിക്കാത്തവർ കർത്താവിന്‍റെ സന്നിധാനവും അവന്‍റെ ശക്തിയുടെ മഹത്വവും വിട്ടകന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും. അവൻ വരുന്ന നാളിൽ തന്‍റെ വിശുദ്ധന്മാരാൽ മഹത്വപ്പെടേണ്ടതിനും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ വിശ്വസിച്ചതുപോലെ വിശ്വസിച്ച എല്ലാവരിലും താൻ അതിശയവിഷയം ആകേണ്ടതിനും തന്നെ. അതുകൊണ്ട് നമ്മുടെ ദൈവത്തിന്‍റെയും കർത്താവായ യേശുക്രിസ്തുവിൻ്റെയും കൃപയാൽ നമ്മുടെ കർത്താവായ യേശുവിന്‍റെ നാമം നിങ്ങളിലും നിങ്ങൾ അവനിലും മഹത്വപ്പെടേണ്ടതിന് നമ്മുടെ ദൈവം നിങ്ങളെ തന്‍റെ വിളിക്കു യോഗ്യരായി എണ്ണി സൽഗുണത്തിലുള്ള എല്ലാ ആഗ്രഹങ്ങളും, ശക്തിയോടെയുള്ള വിശ്വാസത്തിന്‍റെ ഓരോ പ്രവൃത്തിയും പൂർണ്ണമാക്കിത്തരേണം എന്നു നിങ്ങൾക്ക് വേണ്ടി എപ്പോഴും ഞങ്ങൾ പ്രാർത്ഥിക്കുന്നു.

2 തെസ്സലൊനീക്യർ 1:5-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അതു നിങ്ങൾ കഷ്ടപ്പെടുവാൻ ഹേതുവായിരിക്കുന്ന ദൈവരാജ്യത്തിന്നു നിങ്ങളെ യോഗ്യന്മാരായി എണ്ണും എന്നിങ്ങനെ ദൈവത്തിന്റെ നീതിയുള്ള വിധിക്കു അടയാളം ആകുന്നു. കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗ്ഗത്തിൽ നിന്നു അഗ്നിജ്വാലയിൽ പ്രത്യക്ഷനായി ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോൾ നിങ്ങളെ പീഡിപ്പിക്കുന്നവർക്കു പീഡയും പീഡ അനുഭവിക്കുന്ന നിങ്ങൾക്കു ഞങ്ങളോടു കൂടെ ആശ്വാസവും പകരം നല്കുന്നതു ദൈവസന്നിധിയിൽ നീതിയല്ലോ. ആ നാളിൽ അവൻ തന്റെ വിശുദ്ധന്മാരിൽ മഹത്വപ്പെടേണ്ടതിന്നും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ വിശ്വസിച്ചതുപോലെ വിശ്വസിച്ച എല്ലാവരിലും താൻ അതിശയവിഷയം ആകേണ്ടതിന്നും വരുമ്പോൾ സുവിശേഷം അനുസരിക്കാത്തവർ കർത്താവിന്റെ സന്നിധാനവും അവന്റെ വല്ലഭത്വത്തോടുകൂടിയ മഹത്വവും വിട്ടകന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും. അതുകൊണ്ടു ഞങ്ങൾ നമ്മുടെ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും കൃപയാൽ നമ്മുടെ കർത്താവായ യേശുവിന്റെ നാമം നിങ്ങളിലും നിങ്ങൾ അവനിലും മഹത്വപ്പെടേണ്ടതിന്നു നമ്മുടെ ദൈവം നിങ്ങളെ തന്റെ വിളിക്കു യോഗ്യരായി എണ്ണി സൽഗുണത്തിലുള്ള സകലതാല്പര്യവും വിശ്വാസത്തിന്റെ പ്രവൃത്തിയും ശക്തിയോടെ പൂർണ്ണമാക്കിത്തരേണം എന്നു നിങ്ങൾക്കു വേണ്ടി എപ്പോഴും പ്രാർത്ഥിക്കുന്നു.

2 തെസ്സലൊനീക്യർ 1:5-12 സമകാലിക മലയാളവിവർത്തനം (MCV)

നിങ്ങൾ ഏതൊരു ദൈവരാജ്യത്തിനുവേണ്ടി കഷ്ടം അനുഭവിക്കുന്നോ ആ രാജ്യം നിങ്ങൾക്ക് അവകാശമായിത്തീരും. ദൈവത്തിന്റെ നീതിയുക്തമായ ന്യായവിധിക്ക് ഇതു വ്യക്തമായ തെളിവാണ്. ദൈവം നീതിമാനാണ്: നിങ്ങളെ പീഡിപ്പിക്കുന്നവർക്ക് അവിടന്ന് പീഡനം നൽകുകയും പീഡിതരായ നിങ്ങൾക്കും ഞങ്ങൾക്കും ആശ്വാസം പകരം നൽകുകയും ചെയ്യും. കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗത്തിൽനിന്ന്, കത്തിജ്വലിക്കുന്ന അഗ്നിയിൽ പ്രത്യക്ഷനാകുമ്പോഴാണ് ഇതു സംഭവിക്കാനിരിക്കുന്നത്. ദൈവത്തെ അറിയാത്തവരോടും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവരോടും അവിടന്ന് പ്രതികാരംചെയ്യും. ഇക്കൂട്ടർ കർത്താവിന്റെ സന്നിധിയിൽനിന്നും അവിടത്തെ മഹത്ത്വകരമായ തേജസ്സിൽനിന്നും മാറ്റപ്പെട്ട് നിത്യനാശം എന്ന ശിക്ഷ അനുഭവിക്കും. കർത്താവ് പ്രത്യക്ഷനാകുന്ന ആ നാളിൽ തന്റെ വിശുദ്ധരിൽ അവിടന്ന് മഹത്ത്വപ്പെടുകയും അവർക്ക് തന്നെ അവിടന്ന് ഒരു അത്ഭുതവിഷയമായി മാറുകയും ചെയ്യും. ഞങ്ങൾ നിങ്ങളോട് അറിയിച്ച സാക്ഷ്യത്തിൽ നിങ്ങൾ വിശ്വാസം അർപ്പിച്ചതുമൂലം നിങ്ങളും വിശുദ്ധരുടെ ഈ കൂട്ടത്തിൽ ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നു. ദൈവവിളിക്കു യോഗ്യമായ ജീവിതം നയിക്കാൻ നിങ്ങൾക്കു സാധ്യമാകേണ്ടതിനും നന്മപ്രവർത്തിക്കാനുള്ള നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളെയും വിശ്വാസത്താൽ പ്രചോദിതമായിട്ടുള്ള നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളെയും ദൈവം അവിടത്തെ ശക്തിയാൽ പരിപൂർണമാക്കട്ടെ എന്നും നിങ്ങൾക്കുവേണ്ടി ഞാൻ നിരന്തരം പ്രാർഥിക്കുന്നു. നമ്മുടെ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും കൃപനിമിത്തം നിങ്ങളുടെ ജീവിതങ്ങളിലൂടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമം നിങ്ങളിലും നിങ്ങൾ കർത്താവിനോടൊപ്പവും മഹത്ത്വീകരിക്കപ്പെടും.