2 തെസ്സലൊനീക്യർ 1:2-5

2 തെസ്സലൊനീക്യർ 1:2-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ. സഹോദരന്മാരേ, നിങ്ങളുടെ വിശ്വാസം ഏറ്റവും വർധിച്ചും ആളാംപ്രതി നിങ്ങൾക്ക് എല്ലാവർക്കും അന്യോന്യസ്നേഹം പെരുകിയും വരികയാൽ ഞങ്ങൾ യോഗ്യമാകുംവണ്ണം ദൈവത്തിന് എപ്പോഴും നിങ്ങളെക്കുറിച്ചു സ്തോത്രം ചെയ്‍വാൻ കടമ്പെട്ടിരിക്കുന്നു. അതുകൊണ്ടു നിങ്ങൾ സഹിക്കുന്ന സകല ഉപദ്രവങ്ങളിലും കഷ്ടങ്ങളിലുമുള്ള നിങ്ങളുടെ സഹിഷ്ണുതയും വിശ്വാസവും നിമിത്തം ഞങ്ങൾ ദൈവത്തിന്റെ സഭകളിൽ നിങ്ങളെച്ചൊല്ലി പ്രശംസിക്കുന്നു. അത് നിങ്ങൾ കഷ്ടപ്പെടുവാൻ ഹേതുവായിരിക്കുന്ന ദൈവരാജ്യത്തിനു നിങ്ങളെ യോഗ്യന്മാരായി എണ്ണും എന്നിങ്ങനെ ദൈവത്തിന്റെ നീതിയുള്ള വിധിക്ക് അടയാളം ആകുന്നു.

2 തെസ്സലൊനീക്യർ 1:2-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ലഭിക്കട്ടെ. സഹോദരരേ, നിങ്ങൾക്കുവേണ്ടി എപ്പോഴും ദൈവത്തിനു സ്തോത്രം ചെയ്യുവാൻ ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. നിങ്ങളുടെ വിശ്വാസം അസാമാന്യമായി വളരുകയും, നിങ്ങൾക്ക് ഓരോരുത്തർക്കും മറ്റുള്ളവരോടുള്ള സ്നേഹം വർധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതിനാൽ ഞങ്ങൾ അപ്രകാരം ചെയ്യുന്നത് സമുചിതമാണ്. അതുകൊണ്ടാണ് ദൈവത്തിന്റെ സഭകളിൽ ഞങ്ങൾ തന്നെ നിങ്ങളെക്കുറിച്ചു പ്രശംസിക്കുന്നത്. നിങ്ങൾ അനുഭവിക്കുന്ന എല്ലാ പീഡനങ്ങളിലും കഷ്ടതകളിലും നിങ്ങൾ പ്രദർശിപ്പിക്കുന്ന സഹിഷ്ണുതയെയും വിശ്വാസത്തെയും കുറിച്ചു ഞങ്ങൾ പലപ്പോഴും പറയാറുണ്ട്. ദൈവരാജ്യത്തിനുവേണ്ടിയാണല്ലോ നിങ്ങൾ കഷ്ടത സഹിക്കുന്നത്. ദൈവത്തിന്റെ വിധി ന്യായയുക്തമായതിനാൽ നിങ്ങൾ ദൈവരാജ്യത്തിനു യോഗ്യരായിത്തീരുന്നു എന്നു നിങ്ങളുടെ കഷ്ടതകൾ തെളിയിക്കുന്നു.

2 തെസ്സലൊനീക്യർ 1:2-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ. സഹോദരന്മാരേ, നിങ്ങളുടെ വിശ്വാസം ഏറ്റവും വർദ്ധിച്ചും നിങ്ങൾ ഓരോരുത്തർക്കും അന്യോന്യം സ്നേഹം പെരുകിയും വരികയാൽ ഞങ്ങൾ ഉചിതമാകുംവണ്ണം ദൈവത്തിന് എപ്പോഴും നിങ്ങളെക്കുറിച്ച് സ്തോത്രം ചെയ്‌വാൻ കടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ സഹിക്കുന്ന സകല ഉപദ്രവങ്ങളിലും കഷ്ടങ്ങളിലുമുള്ള നിങ്ങളുടെ സഹിഷ്ണതയും വിശ്വാസവും നിമിത്തം ഞങ്ങൾ ദൈവത്തിന്‍റെ സഭകളിൽ നിങ്ങളെക്കുറിച്ച് പ്രശംസിക്കുന്നു. അത് നിങ്ങൾ കഷ്ടപ്പെടുവാൻ കാരണമായിരിക്കുന്ന ദൈവരാജ്യത്തിന് നിങ്ങളെ യോഗ്യന്മാരായി എണ്ണും എന്നിങ്ങനെ ദൈവത്തിന്‍റെ നീതിയുള്ള വിധിക്കു വ്യക്തമായ അടയാളം ആകുന്നു.

2 തെസ്സലൊനീക്യർ 1:2-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. സഹോദരന്മാരേ, നിങ്ങളുടെ വിശ്വാസം ഏറ്റവും വർദ്ധിച്ചും ആളാംപ്രതി നിങ്ങൾക്കു എല്ലാവർക്കും അന്യോന്യം സ്നേഹം പെരുകിയും വരികയാൽ ഞങ്ങൾ യോഗ്യമാകുംവണ്ണം ദൈവത്തിന്നു എപ്പോഴും നിങ്ങളെക്കുറിച്ചു സ്തോത്രം ചെയ്‌വാൻ കടമ്പെട്ടിരിക്കുന്നു. അതുകൊണ്ടു നിങ്ങൾ സഹിക്കുന്ന സകല ഉപദ്രവങ്ങളിലും കഷ്ടങ്ങളിലുമുള്ള നിങ്ങളുടെ സഹിഷ്ണതയും വിശ്വാസവും നിമിത്തം ഞങ്ങൾ ദൈവത്തിന്റെ സഭകളിൽ നിങ്ങളെച്ചൊല്ലി പ്രശംസിക്കുന്നു. അതു നിങ്ങൾ കഷ്ടപ്പെടുവാൻ ഹേതുവായിരിക്കുന്ന ദൈവരാജ്യത്തിന്നു നിങ്ങളെ യോഗ്യന്മാരായി എണ്ണും എന്നിങ്ങനെ ദൈവത്തിന്റെ നീതിയുള്ള വിധിക്കു അടയാളം ആകുന്നു.

2 തെസ്സലൊനീക്യർ 1:2-5 സമകാലിക മലയാളവിവർത്തനം (MCV)

പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ. സഹോദരങ്ങളേ, നിങ്ങളുടെ വിശ്വാസം തഴച്ചുവളരുകയും നിങ്ങൾക്കെല്ലാവർക്കും പരസ്പരമുള്ള സ്നേഹം വർധിച്ചുവരികയും ചെയ്യുന്നതിനാൽ ഞങ്ങൾ നിങ്ങൾക്കുവേണ്ടി ദൈവത്തിന് എപ്പോഴും സ്തോത്രംചെയ്യാൻ കടപ്പെട്ടിരിക്കുന്നു; അതു തികച്ചും ഉചിതംതന്നെ. അതുകൊണ്ടു നിങ്ങൾ സഹിക്കുന്ന സകലപീഡനങ്ങളിലും പരിശോധനകളിലും നിങ്ങൾക്കുള്ള സഹിഷ്ണുതയെയും വിശ്വാസത്തെയുംകുറിച്ചു ഞങ്ങൾ ദൈവത്തിന്റെ സഭകളിൽ പ്രശംസിക്കുന്നു. നിങ്ങൾ ഏതൊരു ദൈവരാജ്യത്തിനുവേണ്ടി കഷ്ടം അനുഭവിക്കുന്നോ ആ രാജ്യം നിങ്ങൾക്ക് അവകാശമായിത്തീരും. ദൈവത്തിന്റെ നീതിയുക്തമായ ന്യായവിധിക്ക് ഇതു വ്യക്തമായ തെളിവാണ്.