2 ശമൂവേൽ 6:1-19
2 ശമൂവേൽ 6:1-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം ദാവീദ് യിസ്രായേലിൽനിന്നു സകല വിരുതന്മാരുമായി മുപ്പതിനായിരം പേരെ കൂട്ടിവരുത്തി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവ എന്ന നാമത്താൽ വിളിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ പെട്ടകം ബാലേ-യെഹൂദായിൽനിന്നു കൊണ്ടുവരേണ്ടതിനു ദാവീദും കൂടെയുള്ള സകല ജനവും അവിടേക്കു പുറപ്പെട്ടുപോയി. അവർ ദൈവത്തിന്റെ പെട്ടകം ഒരു പുതിയ വണ്ടിയിൽ കയറ്റി, കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടിൽനിന്നു കൊണ്ടുവന്നു; അബീനാദാബിന്റെ പുത്രന്മാരായ ഉസ്സയും അഹ്യോവും ആ പുതിയ വണ്ടി തെളിച്ചു. കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടിൽനിന്ന് അവർ അതിനെ ദൈവത്തിന്റെ പെട്ടകവുമായി കൊണ്ടുപോരുമ്പോൾ അഹ്യോ പെട്ടകത്തിനു മുമ്പായി നടന്നു. ദാവീദും യിസ്രായേൽഗൃഹമൊക്കെയും സരളമരംകൊണ്ടുള്ള സകലവിധ വാദിത്രങ്ങളോടും കിന്നരം, വീണ, തപ്പ്, മുരജം, കൈത്താളം എന്നിവയോടുംകൂടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു. അവർ നാഖോന്റെ കളത്തിങ്കൽ എത്തിയപ്പോൾ കാള വിരണ്ടതുകൊണ്ട് ഉസ്സ കൈ നീട്ടി ദൈവത്തിന്റെ പെട്ടകം പിടിച്ചു. അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരേ ജ്വലിച്ചു; അവന്റെ അവിവേകം നിമിത്തം ദൈവം അവിടെവച്ച് അവനെ സംഹരിച്ചു; അവൻ അവിടെ ദൈവത്തിന്റെ പെട്ടകത്തിന്റെ അടുക്കൽവച്ചു മരിച്ചു. യഹോവ ഉസ്സയെ ഛേദിച്ച ഛേദംനിമിത്തം ദാവീദിനു വ്യസനമായി അവൻ ആ സ്ഥലത്തിനു പേരെസ്-ഉസ്സ എന്നു പേർ വിളിച്ചു. അത് ഇന്നുവരെയും പറഞ്ഞുവരുന്നു. അന്നു ദാവീദ് യഹോവയെ ഭയപ്പെട്ടുപോയി. യഹോവയുടെ പെട്ടകം എന്റെ അടുക്കൽ എങ്ങനെ കൊണ്ടുവരേണ്ടൂ എന്ന് അവൻ പറഞ്ഞു. ഇങ്ങനെ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ തന്റെ അടുക്കൽ വരുത്തുവാൻ മനസ്സില്ലാതെ ദാവീദ് അതിനെ ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടിൽ കൊണ്ടുപോയി വച്ചു. യഹോവയുടെ പെട്ടകം ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടിൽ മൂന്നു മാസം ഇരുന്നു; യഹോവ ഓബേദ്-എദോമിനെയും അവന്റെ കുടുംബത്തെയൊക്കെയും അനുഗ്രഹിച്ചു. ദൈവത്തിന്റെ പെട്ടകം നിമിത്തം യഹോവ ഓബേദ്-എദോമിന്റെ കുടുംബത്തെയും അവനുള്ള സകലത്തെയും അനുഗ്രഹിച്ചു എന്നു ദാവീദ്‍രാജാവിന് അറിവു കിട്ടിയപ്പോൾ ദാവീദ് പുറപ്പെട്ട് ദൈവത്തിന്റെ പെട്ടകം ഓബേദ്-എദോമിന്റെ വീട്ടിൽനിന്ന് ദാവീദിന്റെ നഗരത്തിലേക്കു സന്തോഷത്തോടെ കൊണ്ടുവന്നു. യഹോവയുടെ പെട്ടകം ചുമന്നവർ ആറു ചുവടു നടന്നശേഷം അവൻ ഒരു കാളയെയും തടിച്ച കിടാവിനെയും യാഗം കഴിച്ചു. ദാവീദ് പഞ്ഞിനൂലങ്കി ധരിച്ചുകൊണ്ട് പൂർണശക്തിയോടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു. അങ്ങനെ ദാവീദും യിസ്രായേൽഗൃഹമൊക്കെയും ആർപ്പോടും കാഹളനാദത്തോടുംകൂടെ യഹോവയുടെ പെട്ടകം കൊണ്ടുവന്നു. എന്നാൽ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ കടക്കുമ്പോൾ ശൗലിന്റെ മകളായ മീഖൾ കിളിവാതിലിൽക്കൂടി നോക്കി, ദാവീദുരാജാവ് യഹോവയുടെ മുമ്പാകെ കുതിച്ചു നൃത്തം ചെയ്യുന്നതു കണ്ടു തന്റെ ഹൃദയത്തിൽ അവനെ നിന്ദിച്ചു. അവർ യഹോവയുടെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിനായിട്ട് അടിച്ചിരുന്ന കൂടാരത്തിന്റെ നടുവിൽ അതിന്റെ സ്ഥാനത്തു വച്ചു; പിന്നെ ദാവീദ് യഹോവയുടെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. ദാവീദ് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു തീർന്നശേഷം അവൻ ജനത്തെ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു. പിന്നെ അവൻ യിസ്രായേലിന്റെ സർവസംഘവുമായ സകല ജനത്തിലും പുരുഷന്മാർക്കും സ്ത്രീകൾക്കും ആളൊന്നിന് ഒരു അപ്പവും ഒരു കഷണം മാംസവും ഒരു മുന്തിരിയടയും വീതം പങ്കിട്ടുകൊടുത്തു, ജനമൊക്കെയും താന്താന്റെ വീട്ടിലേക്കു പോയി.
2 ശമൂവേൽ 6:1-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദാവീദു വീണ്ടും ഇസ്രായേലിലെ തിരഞ്ഞെടുക്കപ്പെട്ട മുപ്പതിനായിരം പേരെ വിളിച്ചുകൂട്ടി. അദ്ദേഹം അവരോടൊത്ത് കെരൂബുകളുടെ മധ്യേ വസിക്കുന്ന സർവശക്തനായ ദൈവത്തിന്റെ നാമമുള്ള പെട്ടകം ബാലേ-യെഹൂദായിൽനിന്നു കൊണ്ടുവരുന്നതിനു പുറപ്പെട്ടു. അവർ ദൈവത്തിന്റെ പെട്ടകം ഒരു പുതിയ വണ്ടിയിൽ മലനാട്ടിലുള്ള അബീനാദാബിന്റെ ഭവനത്തിൽനിന്നു കൊണ്ടുവന്നു. അബീനാദാബിന്റെ പുത്രന്മാരായ ഉസ്സായും അഹ്യോയുമായിരുന്നു ആ വണ്ടി തെളിച്ചത്. അഹ്യോ പെട്ടകത്തിന്റെ മുമ്പേ നടന്നു. ദാവീദും കൂടെയുള്ള ഇസ്രായേൽജനവും കിന്നരം, വീണ, ചെണ്ട, കിലുക്കം, ഇലത്താളം എന്നീ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് ആഹ്ലാദപൂർവം ഉറക്കെ പാടി നൃത്തം ചെയ്തു. അവർ നാഖോന്റെ മെതിക്കളത്തിൽ എത്തിയപ്പോൾ കാള കാലിടറി വീണതുകൊണ്ട് ഉസ്സാ കൈ നീട്ടി ദൈവത്തിന്റെ പെട്ടകം താങ്ങിപ്പിടിച്ചു. ഉടൻ സർവേശ്വരന്റെ കോപം ഉസ്സായുടെ നേരെ ജ്വലിച്ചു. പെട്ടകത്തിനു നേരെ കൈ നീട്ടിയതുകൊണ്ട് ദൈവം അവിടെവച്ച് അയാളെ കൊന്നുകളഞ്ഞു. അയാൾ ദൈവത്തിന്റെ പെട്ടകത്തിനരികെ മരിച്ചുവീണു. അതുകൊണ്ട് ആ സ്ഥലത്തിന് പേരെസ്സ്-ഉസ്സാ എന്നു പേരുണ്ടായി. സർവേശ്വരൻ ഇങ്ങനെ ഉസ്സായെ ശിക്ഷിച്ചതുകൊണ്ട് ദാവീദു കുപിതനായി. അന്നു ദാവീദ് സർവേശ്വരനെ ഭയപ്പെട്ടു. അവിടുത്തെ പെട്ടകം യെരൂശലേമിൽ തന്റെ അടുക്കൽ കൊണ്ടുവന്നാൽ എന്തു സംഭവിക്കും എന്ന് അദ്ദേഹം ചിന്തിച്ചു. അതുകൊണ്ട് പെട്ടകം യെരൂശലേമിൽ കൊണ്ടുവരാതെ, അദ്ദേഹം അത് ഗിത്യനായ ഓബേദ്-എദോമിന്റെ ഭവനത്തിലേക്കു കൊണ്ടുപോയി. സർവേശ്വരന്റെ പെട്ടകം മൂന്നു മാസം അവിടെ ഇരുന്നു. അവിടുന്ന് ഓബേദ്-എദോമിനെയും അവന്റെ കുടുംബത്തെയും അനുഗ്രഹിച്ചു. ദൈവത്തിന്റെ പെട്ടകം നിമിത്തം ഓബേദ്-എദോമിന്റെ കുടുംബത്തെയും അവനുള്ള സകലത്തെയും സർവേശ്വരൻ അനുഗ്രഹിച്ചു എന്നറിഞ്ഞു ദാവീദ് അത് ആഹ്ലാദപൂർവം തന്റെ നഗരത്തിലേക്കു കൊണ്ടുവന്നു. ദൈവത്തിന്റെ പെട്ടകം വഹിച്ചിരുന്നവർ ആറു ചുവടു നടന്ന് എത്തിയപ്പോൾ ദാവീദ് ഒരു കാളയെയും തടിച്ചു കൊഴുത്ത ഒരു കിടാവിനെയും യാഗം അർപ്പിച്ചു. സർവേശ്വരന്റെ മുമ്പാകെ ദാവീദ് സർവശക്തിയോടുംകൂടി നൃത്തം ചെയ്തു. അപ്പോൾ അദ്ദേഹം ലിനൻ ഏഫോദാണു ധരിച്ചിരുന്നത്. അങ്ങനെ ദാവീദും ഇസ്രായേൽജനങ്ങളും ആർത്തുവിളിച്ചും കാഹളം മുഴക്കിയുംകൊണ്ടു സർവേശ്വരന്റെ പെട്ടകം കൊണ്ടുവന്നു. സർവേശ്വരന്റെ പെട്ടകം ദാവീദിന്റെ നഗരത്തിലേക്കു പ്രവേശിച്ചപ്പോൾ ശൗലിന്റെ പുത്രിയായ മീഖൾ ജാലകത്തിലൂടെ നോക്കുന്നുണ്ടായിരുന്നു. രാജാവ് സർവേശ്വരന്റെ മുമ്പിൽ തുള്ളിച്ചാടി നൃത്തം ചെയ്യുന്നതു കണ്ടപ്പോൾ അവൾക്ക് അദ്ദേഹത്തോടു വെറുപ്പുതോന്നി. ദാവീദും ജനങ്ങളും സർവേശ്വരന്റെ പെട്ടകം അതിനുവേണ്ടി നിർമ്മിച്ചിരുന്ന കൂടാരത്തിനുള്ളിൽ പ്രതിഷ്ഠിച്ചു; ദാവീദ് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും സർവേശ്വരന് അർപ്പിച്ചു. അതിനുശേഷം അദ്ദേഹം സർവശക്തനായ സർവേശ്വരന്റെ നാമത്തിൽ ജനത്തെ അനുഗ്രഹിച്ചു. ഇസ്രായേൽസമൂഹത്തിലെ സമസ്ത സ്‍ത്രീപുരുഷന്മാർക്കും ഒരപ്പവും ഒരു കഷണം മാംസവും ഒരു മുന്തിരിയടയും വീതം കൊടുത്തു. പിന്നീടു ജനം അവരവരുടെ വീടുകളിലേക്കു പിരിഞ്ഞുപോയി.
2 ശമൂവേൽ 6:1-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദാവീദ് പിന്നെയും യിസ്രായേലിലെ ഏറ്റവും മികച്ചവരായ മുപ്പതിനായിരം ഭടന്മാരെ ഒരുമിച്ചുകൂട്ടി. കെരൂബുകളുടെ മധ്യത്തിൽ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവ എന്ന നാമത്താൽ വിളിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ പെട്ടകം ബാലേ-യെഹൂദയിൽനിന്ന് കൊണ്ടുവരുന്നതിന് ദാവീദും കൂടെയുള്ള സകലജനവും അവിടേക്ക് പോയി. അവർ ദൈവത്തിന്റെ പെട്ടകം ഒരു പുതിയ വണ്ടിയിൽ കയറ്റി, കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടിൽനിന്ന് കൊണ്ടുവന്നു; അബീനാദാബിന്റെ പുത്രന്മാരായ ഉസ്സായും അഹ്യോവും ആ പുതിയ വണ്ടി തെളിച്ചു. കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടിൽനിന്ന് അവർ അതിനെ ദൈവത്തിന്റെ പെട്ടകവുമായി കൊണ്ടുപോരുമ്പോൾ അഹ്യോ പെട്ടകത്തിന് മുമ്പായി നടന്നു. ദാവീദും യിസ്രായേൽഗൃഹമൊക്കെയും സരളമരംകൊണ്ടുള്ള സകലവിധവാദ്യോപകരണങ്ങളോടും കിന്നരം, വീണ, തപ്പ്, മുരജം, കൈത്താളം എന്നിവയോടുംകൂടെ യഹോവയുടെ മുമ്പാകെ നൃത്തംചെയ്തു. അവർ നാഖോന്‍റെ മെതിക്കളത്തിങ്കൽ എത്തിയപ്പോൾ കാളകൾ വിരണ്ടതുകൊണ്ട് ഉസ്സാ കൈ നീട്ടി ദൈവത്തിന്റെ പെട്ടകം പിടിച്ചു. അപ്പോൾ യഹോവയുടെ കോപം ഉസ്സായക്ക് എതിരെ ജ്വലിച്ചു; അവന്റെ അവിവേകം നിമിത്തം ദൈവം അവിടെവച്ച് അവനെ സംഹരിച്ചു; അവൻ അവിടെ ദൈവത്തിന്റെ പെട്ടകത്തിന്‍റെ അടുക്കൽവച്ച് മരിച്ചു. യഹോവയുടെ കോപം ഉസ്സായ്ക്ക് എതിരെ ജ്വലിച്ചതുകൊണ്ട് ദാവീദിന് വ്യസനമായി. അവൻ ആ സ്ഥലത്തിന് പേരെസ്-ഉസ്സാ എന്നു പേര് വിളിച്ചു. അത് ഇന്നുവരെയും പറഞ്ഞുവരുന്നു. അന്ന് ദാവീദ് യഹോവയെ ഭയപ്പെട്ടുപോയി. “യഹോവയുടെ പെട്ടകം എന്റെ അടുക്കൽ എങ്ങനെ കൊണ്ടുവരേണ്ടു” എന്നു അവൻ പറഞ്ഞു. ഇങ്ങനെ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ തന്‍റെകൂടെ കൊണ്ടുപോകുവാൻ മനസ്സില്ലാതെ ദാവീദ് അതിനെ ഗിത്യ പട്ടണവാസിയായ ഓബേദ്-ഏദോമിന്‍റെ വീട്ടിൽ കൊണ്ടുപോയി വച്ചു. യഹോവയുടെ പെട്ടകം ഗിത്യനായ ഓബേദ്-ഏദോമിന്‍റെ വീട്ടിൽ മൂന്നുമാസം ഇരുന്നു; യഹോവ ഓബേദ്-ഏദോമിനെയും അവന്‍റെ കുടുംബത്തെ മുഴുവനും അനുഗ്രഹിച്ചു. ദൈവത്തിന്റെ പെട്ടകം നിമിത്തം യഹോവ ഓബേദ്-ഏദോമിന്റെ കുടുംബത്തെയും അവനുള്ള സകലത്തെയും അനുഗ്രഹിച്ചു എന്നു ദാവീദ് രാജാവിന് അറിവ് കിട്ടിയപ്പോൾ, ദാവീദ് പുറപ്പെട്ടു ദൈവത്തിന്റെ പെട്ടകം ഓബേദ്-ഏദോമിന്‍റെ വീട്ടിൽനിന്ന് ദാവീദിന്‍റെ നഗരത്തിലേക്ക് സന്തോഷത്തോടെ കൊണ്ടുവന്നു. യഹോവയുടെ പെട്ടകം ചുമന്നവർ ആറു ചുവട് നടന്നശേഷം അവൻ ഒരു കാളയെയും തടിപ്പിച്ച കിടാവിനെയും യാഗം കഴിച്ചു. ദാവീദ് പഞ്ഞിനൂലങ്കി ധരിച്ചുകൊണ്ട് പൂർണ്ണശക്തിയോടെ യഹോവയുടെ മുമ്പാകെ നൃത്തംചെയ്തു. അങ്ങനെ ദാവീദും സകല യിസ്രായേൽ ഗൃഹങ്ങളും ആർപ്പോടും കാഹളനാദത്തോടുംകൂടി യഹോവയുടെ പെട്ടകം കൊണ്ടുവന്നു. എന്നാൽ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ കടക്കുമ്പോൾ ശൗലിന്റെ മകളായ മീഖൾ ജനാലയിൽകൂടി നോക്കി, ദാവീദ് രാജാവ് യഹോവയുടെ മുമ്പാകെ കുതിച്ച് നൃത്തം ചെയ്യുന്നത് കണ്ടു തന്റെ ഹൃദയത്തിൽ അവനെ നിന്ദിച്ചു. അവർ യഹോവയുടെ പെട്ടകം കൊണ്ടുവന്ന് ദാവീദ് അതിനായി നിർമ്മിച്ചിരുന്ന കൂടാരത്തിന്നുള്ളിൽ അതിന്‍റെ സ്ഥാനത്തുവച്ചു; പിന്നെ ദാവീദ് യഹോവയുടെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. ദാവീദ് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു തീർന്നശേഷം അവൻ ജനത്തെ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു. പിന്നെ അവൻ യിസ്രായേലിന്റെ സർവ്വസംഘവുമായ സകലജനത്തിലും, പുരുഷന്മാർക്കും സ്ത്രീകൾക്കും, ആളൊന്നിന് ഒരു അപ്പവും ഒരു കഷണം മാംസവും ഒരു ഉണക്കമുന്തിരിയടയും വീതം പങ്കിട്ടുകൊടുത്തു, അതിനുശേഷം ജനങ്ങളെല്ലാവരും താന്താന്‍റെ വീട്ടിലേക്കു പോയി.
2 ശമൂവേൽ 6:1-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം ദാവീദ് യിസ്രായേലിൽനിന്നു സകലവിരുതന്മാരുമായി മുപ്പതിനായിരം പേരെ കൂട്ടിവരുത്തി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവ എന്ന നാമത്താൽ വിളിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ പെട്ടകം ബാലേ-യെഹൂദയിൽനിന്നു കൊണ്ടുവരേണ്ടതിന്നു ദാവീദും കൂടെയുള്ള സകലജനവും അവിടേക്കു പുറപ്പെട്ടു പോയി. അവർ ദൈവത്തിന്റെ പെട്ടകം ഒരു പുതിയ വണ്ടിയിൽ കയറ്റി, കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടിൽനിന്നു കൊണ്ടുവന്നു; അബീനാദാബിന്റെ പുത്രന്മാരായ ഉസ്സയും അഹ്യോവും ആ പുതിയവണ്ടി തെളിച്ചു. കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടിൽനിന്നു അവർ അതിനെ ദൈവത്തിന്റെ പെട്ടകവുമായി കൊണ്ടു പോരുമ്പോൾ അഹ്യോ പെട്ടകത്തിന്നു മുമ്പായി നടന്നു. ദാവീദും യിസ്രായേൽഗൃഹമൊക്കെയും സരളമരംകൊണ്ടുള്ള സകലവിധവാദിത്രങ്ങളോടും കിന്നരം, വീണ, തപ്പ്, മുരജം, കൈത്താളം എന്നിവയോടുംകൂടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു. അവർ നാഖോന്റെ കളത്തിങ്കൽ എത്തിയപ്പോൾ കാള വിരണ്ടതുകൊണ്ടു ഉസ്സാ കൈ നീട്ടി ദൈവത്തിന്റെ പെട്ടകം പിടിച്ചു. അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചു; അവന്റെ അവിവേകം നിമിത്തം ദൈവം അവിടെവെച്ചു അവനെ സംഹരിച്ചു; അവൻ അവിടെ ദൈവത്തിന്റെ പെട്ടകത്തിന്റെ അടുക്കൽവെച്ചു മരിച്ചു. യഹോവ ഉസ്സയെ ഛേദിച്ച ഛേദംനിമിത്തം ദാവീദിന്നു വ്യസനമായി അവൻ ആ സ്ഥലത്തിന്നു പേരെസ്-ഉസ്സാ എന്നു പേർവിളിച്ചു. അതു ഇന്നുവരെയും പറഞ്ഞുവരുന്നു. അന്നു ദാവീദ് യഹോവയെ ഭയപ്പെട്ടുപോയി. യഹോവയുടെ പെട്ടകം എന്റെ അടുക്കൽ എങ്ങനെ കൊണ്ടുവരേണ്ടു എന്നു അവൻ പറഞ്ഞു. ഇങ്ങനെ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ തന്റെ അടുക്കൽ വരുത്തുവാൻ മനസ്സില്ലാതെ ദാവീദ് അതിനെ ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടിൽ കൊണ്ടുപോയി വെച്ചു. യഹോവയുടെ പെട്ടകം ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടിൽ മൂന്നുമാസം ഇരുന്നു; യഹോവ ഓബേദ്-എദോമിനെയും അവന്റെ കുടുംബത്തെ ഒക്കെയും അനുഗ്രഹിച്ചു. ദൈവത്തിന്റെ പെട്ടകം നിമിത്തം യഹോവ ഓബേദ്-എദോമിന്റെ കുടുംബത്തെയും അവന്നുള്ള സകലത്തെയും അനുഗ്രഹിച്ചു എന്നു ദാവീദ് രാജാവിന്നു അറിവു കിട്ടിയപ്പോൾ ദാവീദ് പുറപ്പെട്ടു ദൈവത്തിന്റെ പെട്ടകം ഓബേദ്-എദോമിന്റെ വീട്ടിൽ നിന്നു ദാവീദിന്റെ നഗരത്തിലേക്കു സന്തോഷത്തോടെ കൊണ്ടുവന്നു. യഹോവയുടെ പെട്ടകം ചുമന്നവർ ആറു ചുവടു നടന്നശേഷം അവൻ ഒരു കാളയെയും തടിപ്പിച്ച കിടാവിനെയും യാഗംകഴിച്ചു. ദാവീദ് പഞ്ഞിനൂലങ്കി ധരിച്ചുകൊണ്ടു പൂർണ്ണശക്തിയോടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു. അങ്ങനെ ദാവീദും യിസ്രായേൽ ഗൃഹമൊക്കെയും ആർപ്പോടും കാഹളനാദത്തോടുംകൂടെ യാഹോവയുടെ പെട്ടകം കൊണ്ടുവന്നു. എന്നാൽ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ കടക്കുമ്പോൾ ശൗലിന്റെ മകളായ മീഖൾ കിളിവാതിലിൽകൂടി നോക്കി, ദാവീദ് രാജാവു യഹോവയുടെ മുമ്പാകെ കുതിച്ചു നൃത്തം ചെയ്യുന്നതു കണ്ടു തന്റെ ഹൃദയത്തിൽ അവനെ നിന്ദിച്ചു. അവർ യഹോവയുടെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിന്നായിട്ടു അടിച്ചിരുന്ന കൂടാരത്തിന്റെ നടുവിൽ അതിന്റെ സ്ഥാനത്തുവെച്ചു; പിന്നെ ദാവീദ് യഹോവയുടെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. ദാവീദ് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു തീർന്നശേഷം അവൻ ജനത്തെ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു. പിന്നെ അവൻ യിസ്രായേലിന്റെ സർവ്വസംഘവുമായ സകലജനത്തിലും പുരുഷന്മാർക്കും സ്ത്രീകൾക്കും ആളൊന്നിന്നു ഒരു അപ്പവും ഒരു കഷണം മാംസവും ഒരു മുന്തിരിയടയും വീതം പങ്കിട്ടുകൊടുത്തു, ജനമൊക്കെയും താന്താന്റെ വീട്ടിലേക്കു പോയി.
2 ശമൂവേൽ 6:1-19 സമകാലിക മലയാളവിവർത്തനം (MCV)
ദാവീദ് വീണ്ടും ഇസ്രായേലിൽ, തെരഞ്ഞെടുക്കപ്പെട്ടവരിൽനിന്നു മുപ്പതിനായിരം വീരയോദ്ധാക്കളെ ഒരുമിച്ചുകൂട്ടി. അവരോടൊപ്പം അദ്ദേഹം യെഹൂദ്യയിലെ ബാലായിലേക്ക് പുറപ്പെട്ടു. കെരൂബുകളുടെ മധ്യേ സിംഹാസനസ്ഥനായിരിക്കുന്ന സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ വിളിക്കപ്പെടുന്ന ദൈവത്തിന്റെ പേടകം അവിടെനിന്നു കൊണ്ടുവരുന്നതിനായി പുറപ്പെട്ടു. ദൈവത്തിന്റെ പേടകം അവർ ഒരു പുതിയ വണ്ടിയിൽ കയറ്റി, അബീനാദാബിന്റെ ഭവനത്തിൽനിന്ന് ഇറക്കിക്കൊണ്ടുവന്നു. അദ്ദേഹത്തിന്റെ ഭവനം ഒരു മലമുകളിലായിരുന്നു; അബീനാദാബിന്റെ പുത്രന്മാരായ ഉസ്സയും അഹ്യോവും പേടകം കയറ്റിയിരുന്ന പുതിയ വണ്ടി തെളിച്ചു. അഹ്യോ ദൈവത്തിന്റെ പേടകവുമായി വണ്ടിയുടെമുമ്പിൽ നടന്നു. ദാവീദും ഇസ്രായേൽഗൃഹമൊക്കെയും കൈമണി, കിന്നരം, വീണ, തപ്പ്, ചേങ്ങല, ഇലത്താളം എന്നീ വാദ്യങ്ങൾ മുഴക്കി സർവശക്തിയോടുംകൂടെ യഹോവയുടെമുമ്പാകെ നൃത്തംചെയ്തു. അവർ നാഖോന്റെ മെതിക്കളത്തിൽ എത്തിയപ്പോൾ കാള വിരണ്ടതിനാൽ ഉസ്സ കൈനീട്ടി ദൈവത്തിന്റെ പേടകത്തിൽ പിടിച്ചു. അയാളുടെ ഈ അനാദരവുമൂലം യഹോവയുടെ ക്രോധം ഉസ്സയുടെനേരേ ജ്വലിച്ചു; ദൈവം അയാളെ സംഹരിച്ചു. അയാൾ ദൈവത്തിന്റെ പേടകത്തിനു സമീപംതന്നെ മരിച്ചുവീണു. യഹോവയുടെ ക്രോധം ഉസ്സയുടെമേൽ പതിച്ചതിനാൽ ദാവീദ് ദുഃഖിതനായി. ആ സ്ഥലം ഇന്നുവരെയും ഫേരെസ്സ്-ഉസ്സ എന്നു വിളിച്ചുവരുന്നു. അന്നു ദാവീദ് യഹോവയെ ഭയപ്പെട്ടു. “യഹോവയുടെ പേടകം എന്റെ അടുത്തേക്കു കൊണ്ടുവരുന്നതെങ്ങനെ,” എന്ന് അദ്ദേഹം പറഞ്ഞു. യഹോവയുടെ പേടകം തന്നോടുകൂടെ ഇരിക്കേണ്ടതിന് ദാവീദിന്റെ നഗരത്തിലേക്കു കൊണ്ടുപോകുന്നതിന് അദ്ദേഹം താത്പര്യപ്പെട്ടില്ല. പകരം, ഗിത്യനായ ഓബേദ്-ഏദോമിന്റെ വസതിയിൽ അതു കൊണ്ടുപോയി വെച്ചു. യഹോവയുടെ പേടകം ഗിത്യനായ ഓബേദ്-ഏദോമിന്റെ ഭവനത്തിൽ മൂന്നുമാസം ഇരുന്നു; യഹോവ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സകലകുടുംബത്തെയും അനുഗ്രഹിച്ചു. “ദൈവത്തിന്റെ പേടകംനിമിത്തം യഹോവ ഓബേദ്-ഏദോമിന്റെ കുടുംബത്തെയും അദ്ദേഹത്തിനുള്ള സകലത്തെയും അനുഗ്രഹിച്ചിരിക്കുന്നു,” എന്നു ദാവീദ് രാജാവിന് അറിവുകിട്ടി. അതിനാൽ അദ്ദേഹം ചെന്ന് ഓബേദ്-ഏദോമിന്റെ ഭവനത്തിൽനിന്ന് ദൈവത്തിന്റെ പേടകം ഉല്ലാസപൂർവം ദാവീദിന്റെ നഗരത്തിലേക്കു കൊണ്ടുവന്നു. യഹോവയുടെ പേടകം ചുമന്നിരുന്നവർ ആറു ചുവടുവെച്ചപ്പോൾ അദ്ദേഹം ഒരു കാളയെയും ഒരു കൊഴുത്ത കിടാവിനെയും ബലിയർപ്പിച്ചു. ദാവീദ് മൃദുലചണവസ്ത്രംകൊണ്ടുള്ള ഏഫോദ് ധരിച്ചുകൊണ്ട് തന്റെ സർവശക്തിയോടുംകൂടെ യഹോവയുടെമുമ്പാകെ നൃത്തംചെയ്തു. അങ്ങനെ ദാവീദും സകല ഇസ്രായേൽഗൃഹവുംചേർന്ന് ആർപ്പുവിളിയോടും കാഹളനാദത്തോടുംകൂടി യഹോവയുടെ പേടകം കൊണ്ടുവന്നു. യഹോവയുടെ പേടകം ദാവീദിന്റെ നഗരത്തിലേക്കു കടന്നുവരുമ്പോൾ ശൗലിന്റെ മകളായ മീഖൾ ഒരു ജനാലയിലൂടെ അതു വീക്ഷിച്ചു. ദാവീദുരാജാവ് അവിടെ യഹോവയുടെമുമ്പാകെ തുള്ളിച്ചാടുന്നതും നൃത്തംചെയ്യുന്നതും കണ്ടപ്പോൾ അവൾക്കു ഹൃദയത്തിൽ അദ്ദേഹത്തോട് അവജ്ഞ തോന്നി. ഇങ്ങനെ അവർ യഹോവയുടെ പേടകം കൊണ്ടുവന്ന് ദാവീദ് അതിനുവേണ്ടി പ്രത്യേകം സജ്ജമാക്കിയിരുന്ന കൂടാരത്തിനകത്ത്, അതിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. ദാവീദ് യഹോവയുടെമുമ്പാകെ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചുതീർന്നപ്പോൾ ദാവീദ് സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ ജനത്തെ ആശീർവദിച്ചു. അതിനുശേഷം അദ്ദേഹം ഇസ്രായേലിന്റെ ആ വലിയ ജനസമൂഹത്തിൽ— സ്ത്രീപുരുഷഭേദമെന്യേ—ഓരോരുത്തർക്കും ഓരോ അപ്പവും ഓരോ കഷണം മാംസവും ഓരോ മുന്തിരിയടയുംവീതം കൊടുത്തു. സകലജനങ്ങളും താന്താങ്ങളുടെ വീടുകളിലേക്കു തിരിച്ചുപോയി.