2 ശമൂവേൽ 24:2-17

2 ശമൂവേൽ 24:2-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അങ്ങനെ രാജാവ് തന്റെ സേനാധിപതിയായ യോവാബിനോട്: ദാൻമുതൽ ബേർ-ശേബവരെ യിസ്രായേൽഗോത്രങ്ങളിലൊക്കെയും നിങ്ങൾ സഞ്ചരിച്ചു ജനത്തെ എണ്ണി ജനസംഖ്യ എന്നെ അറിയിപ്പിൻ എന്നു കല്പിച്ചു. അതിനു യോവാബ് രാജാവിനോട്: യജമാനനായ രാജാവിന്റെ കാലത്തുതന്നെ നിന്റെ ദൈവമായ യഹോവ ജനത്തെ ഇപ്പോൾ ഉള്ളതിൽ നൂറിരട്ടി വർധിപ്പിക്കട്ടെ; എങ്കിലും യജമാനനായ രാജാവ് ഈ കാര്യത്തിനു താൽപര്യപ്പെടുന്നത് എന്തിന് എന്നു പറഞ്ഞു. എങ്കിലും യോവാബും പടനായകന്മാരും രാജാവിന്റെ കല്പന അനുസരിക്കേണ്ടിവന്നു. അങ്ങനെ യോവാബും പടനായകന്മാരും യിസ്രായേൽജനത്തെ എണ്ണുവാൻ രാജസന്നിധിയിൽനിന്നു പുറപ്പെട്ടു. അവർ യോർദ്ദാൻ കടന്നു ഗാദ്താഴ്‌വരയുടെ മധ്യേയുള്ള പട്ടണത്തിനു വലത്തു വശത്ത് അരോവേരിലും യസേരിനു നേരേയും കൂടാരം അടിച്ചു. പിന്നെ അവർ ഗിലെയാദിലും തഹ്തീം-ഹൊദ്ശിദേശത്തും ചെന്നു; പിന്നെ അവർ ദാൻ-യാനിലും ചുറ്റി സീദോനിലും ചെന്നു; പിന്നെ അവർ സോർകോട്ടയ്ക്കും ഹിവ്യരുടെയും കനാന്യരുടെയും എല്ലാ പട്ടണങ്ങളിലും ചെന്നിട്ടു യെഹൂദായുടെ തെക്കുഭാഗത്ത് ബേർ-ശേബയിലേക്കു പുറപ്പെട്ടു. ഇങ്ങനെ അവർ ദേശത്തെല്ലാടവും സഞ്ചരിച്ചു, ഒമ്പതു മാസവും ഇരുപതു ദിവസവും കഴിഞ്ഞശേഷം യെരൂശലേമിൽ എത്തി. യോവാബ് ജനത്തെ എണ്ണിയതിന്റെ ആകെത്തുക രാജാവിനു കൊടുത്തു: യിസ്രായേലിൽ ആയുധപാണികളായ യോദ്ധാക്കൾ എട്ടു ലക്ഷവും യെഹൂദ്യർ അഞ്ചു ലക്ഷവും ഉണ്ടായിരുന്നു. എന്നാൽ ദാവീദ് ജനത്തെ എണ്ണിയശേഷം തന്റെ ഹൃദയത്തിൽ കുത്തുകൊണ്ടിട്ടു യഹോവയോട്: ഞാൻ ഈ ചെയ്തതു മഹാപാപം; എന്നാൽ യഹോവേ, അടിയന്റെ കുറ്റം ക്ഷമിക്കേണമേ; ഞാൻ വലിയ ഭോഷത്തം ചെയ്തുപോയി എന്നു പറഞ്ഞു. ദാവീദ് രാവിലെ എഴുന്നേറ്റപ്പോൾ ദാവീദിന്റെ ദർശകനായ ഗാദ്പ്രവാചകന് യഹോവയുടെ അരുളപ്പാടുണ്ടായത് എന്തെന്നാൽ: നീ ചെന്നു ദാവീദിനോട്: ഞാൻ മൂന്നു കാര്യം നിന്റെ മുമ്പിൽ വയ്ക്കുന്നു; അതിൽ ഒന്നു തിരഞ്ഞെടുത്തുകൊൾക; അതു ഞാൻ നിന്നോടു ചെയ്യും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറക. ഗാദ് ദാവീദിന്റെ അടുക്കൽ ചെന്ന് അവനോട് അറിയിച്ചു: നിന്റെ ദേശത്ത് ഏഴു സംവത്സരത്തെ ക്ഷാമം ഉണ്ടാകയോ? അല്ലെങ്കിൽ മൂന്നു മാസം നിന്റെ ശത്രുക്കൾ നിന്നെ പിന്തുടരുകയും നീ അവരുടെ മുമ്പിൽനിന്ന് ഓടിപ്പോകയും ചെയ്കയോ? അല്ലെങ്കിൽ നിന്റെ ദേശത്തു മൂന്നു ദിവസത്തെ മഹാമാരി ഉണ്ടാകയോ? എന്തു വേണം? എന്നെ അയച്ചവനോടു ഞാൻ മറുപടി പറയേണ്ടതിനു നീ ആലോചിച്ചുനോക്കുക എന്നു പറഞ്ഞു. ദാവീദ് ഗാദിനോട്: ഞാൻ വലിയ വിഷമത്തിൽ ആയിരിക്കുന്നു; നാം യഹോവയുടെ കൈയിൽത്തന്നെ വീഴുക; അവന്റെ കരുണ വലിയതല്ലോ; മനുഷ്യന്റെ കൈയിൽ ഞാൻ വീഴരുതേ എന്നു പറഞ്ഞു. അങ്ങനെ യഹോവ യിസ്രായേലിൽ രാവിലെ തുടങ്ങി നിശ്ചയിച്ച അവധിവരെ മഹാമാരി അയച്ചു; ദാൻമുതൽ ബേർ-ശേബവരെ ജനത്തിൽ എഴുപതിനായിരം പേർ മരിച്ചുപോയി. എന്നാൽ ദൈവദൂതൻ യെരൂശലേമിനെ ബാധിപ്പാൻ അതിന്മേൽ കൈ നീട്ടിയപ്പോൾ യഹോവ അനർഥത്തെക്കുറിച്ച് അനുതപിച്ചു, ജനത്തിൽ നാശം ചെയ്യുന്ന ദൂതനോട്: മതി, നിന്റെ കൈ പിൻവലിക്ക എന്നു കല്പിച്ചു. അന്നേരം യഹോവയുടെ ദൂതൻ, യെബൂസ്യൻ അരവ്നായുടെ മെതിക്കളത്തിനരികെ ആയിരുന്നു. ജനത്തെ ബാധിക്കുന്ന ദൂതനെ ദാവീദ് കണ്ടിട്ട് യഹോവയോട്: ഞാനല്ലോ പാപം ചെയ്തത്; ഞാനല്ലോ കുറ്റം ചെയ്തത്; ഈ ആടുകൾ എന്തു ചെയ്തു? നിന്റെ കൈ എനിക്കും എന്റെ പിതൃഭവനത്തിനും വിരോധമായിരിക്കട്ടെ എന്നു പ്രാർഥിച്ചുപറഞ്ഞു.

പങ്ക് വെക്കു
2 ശമൂവേൽ 24 വായിക്കുക

2 ശമൂവേൽ 24:2-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അദ്ദേഹം യോവാബിനോടും തന്റെ സൈന്യാധിപന്മാരോടും പറഞ്ഞു: “ദാൻമുതൽ ബേർ-ശേബാവരെ ഇസ്രായേലിലുള്ള എല്ലാ ഗോത്രക്കാരുടെ ഇടയിലും ചെന്ന് അവരുടെ ജനസംഖ്യ എടുത്ത് എന്നെ അറിയിക്കണം.” എന്നാൽ രാജാവിനോട് യോവാബ് ഇങ്ങനെ ചോദിച്ചു: “അങ്ങയുടെ കാലത്തുതന്നെ ദൈവമായ സർവേശ്വരൻ ജനത്തെ ഇന്നുള്ളതിന്റെ നൂറിരട്ടിയായി വർധിപ്പിക്കട്ടെ; അതു കാണാൻ അങ്ങേക്ക് ഇടയാകട്ടെ; എന്നാൽ അങ്ങ് ഇക്കാര്യത്തിൽ ഇത്ര താൽപര്യം കാണിക്കുന്നത് എന്ത്?” യോവാബ് അങ്ങനെ പറഞ്ഞെങ്കിലും അയാളും സേനാനായകന്മാരും രാജകല്പന അനുസരിക്കേണ്ടിവന്നു. അങ്ങനെ അവർ ജനത്തിന്റെ എണ്ണമെടുക്കാൻ രാജസന്നിധിയിൽനിന്നു പുറപ്പെട്ടു. അവർ യോർദ്ദാൻനദി കടന്നു ഗാദ്ദേശത്ത് താഴ്‌വരയുടെ നടുവിലുള്ള പട്ടണമായ അരോവേരിൽ ആരംഭിച്ചു വടക്കോട്ട് യസേരിലേക്കും ഗിലെയാദിലേക്കും ഹിത്യരുടെ ദേശമായ കാദേശിലേക്കും ചെന്നു; അവിടെനിന്നു ദാനിലേക്കും പിന്നീട് സീദോനിലേക്കും പോയി. പിന്നീട് അവർ കോട്ട കെട്ടി ഉറപ്പിച്ചിരുന്ന സോരിലും ഹിവ്യരുടെയും കനാന്യരുടെയും സകല പട്ടണങ്ങളിലും ചെന്നതിനുശേഷം യെഹൂദ്യയുടെ തെക്കുഭാഗത്തുള്ള ബേർ-ശേബായിലെത്തി. അവർ ദേശമെല്ലാം സഞ്ചരിച്ച് ഒമ്പതുമാസവും ഇരുപതു ദിവസവും കഴിഞ്ഞ് യെരൂശലേമിലെത്തി. യോവാബ് ജനസംഖ്യ രാജാവിനെ അറിയിച്ചു; അതനുസരിച്ച് സൈന്യ സേവനത്തിനു പറ്റിയ എട്ടുലക്ഷം പേർ ഇസ്രായേലിലും അഞ്ചുലക്ഷം പേർ യെഹൂദ്യയിലും ഉണ്ടായിരുന്നു. ജനസംഖ്യ എടുത്തുകഴിഞ്ഞപ്പോൾ ദാവീദിനു കുറ്റബോധം ഉണ്ടായി. അദ്ദേഹം സർവേശ്വരനോടു പറഞ്ഞു: “ഞാൻ കൊടുംപാപം ചെയ്തുപോയി; എന്റെ കുറ്റം ക്ഷമിക്കണമേ; ഞാൻ വലിയ ഭോഷത്തമാണു കാട്ടിയത്.” ദാവീദ് രാവിലെ ഉണരുമ്പോഴേക്കു തന്റെ പ്രവാചകനായ ഗാദിനോടു സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്തിരുന്നു: “നീ ചെന്നു ദാവീദിനോടു പറയുക: മൂന്നു കാര്യങ്ങൾ ഞാൻ നിന്റെ മുമ്പിൽ വയ്‍ക്കുന്നു; അതിൽ ഒന്നു നീ തിരഞ്ഞെടുക്കണം; അതു ഞാൻ നിന്നോടു ചെയ്യും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.” ഗാദ് ദാവീദിന്റെ അടുക്കൽ ചെന്നു പറഞ്ഞു: “നിന്റെ രാജ്യത്ത് മൂന്നു വർഷം ക്ഷാമമുണ്ടാകുകയോ, നീ മൂന്നു മാസം ശത്രുക്കളിൽനിന്നു ഒളിച്ചുപാർക്കുകയോ, നിന്റെ രാജ്യത്തു മൂന്നു ദിവസം പകർച്ചവ്യാധി ഉണ്ടാകുകയോ വേണം. ഏതാണു നീ തിരഞ്ഞെടുക്കുന്നത്? എന്നെ അയച്ചവനോട് മറുപടി നല്‌കത്തക്കവിധം നീ ആലോചിച്ച് ഉത്തരം പറയണം.” ദാവീദ് ഗാദിനോട് പറഞ്ഞു: “ഞാൻ വലിയ വിഷമത്തിലായിരിക്കുന്നു; സർവേശ്വരന്റെ കരം നമ്മുടെമേൽ പതിക്കട്ടെ; അവിടുന്നു മഹാദയാലുവാകുന്നു; മനുഷ്യരുടെ കൈയിൽ ഞാൻ അകപ്പെടാതിരിക്കട്ടെ.” അങ്ങനെ അന്നു പ്രഭാതം മുതൽ നിശ്ചിത സമയംവരെ ഇസ്രായേലിൽ സർവേശ്വരൻ അയച്ച ഒരു പകർച്ചവ്യാധി അവരെ ബാധിച്ചു. ദാൻമുതൽ ബേർ-ശേബാവരെയുള്ള ജനത്തിൽ എഴുപതിനായിരം പേർ മരിച്ചു. യെരൂശലേമിനെയും പകർച്ചവ്യാധി ബാധിക്കാൻ ദൈവദൂതൻ കൈ നീട്ടിയപ്പോൾ സർവേശ്വരൻ അവിടെ ഉണ്ടാകാൻ പോകുന്ന അനർഥത്തെക്കുറിച്ചു ദുഃഖിച്ചു സംഹാരദൂതനോടു “മതി, നീ കൈ പിൻവലിക്കുക” എന്നു കല്പിച്ചു. അപ്പോൾ സർവേശ്വരന്റെ ദൂതൻ യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തിന്റെ അടുത്തായിരുന്നു. സംഹാരദൂതനെ കണ്ടപ്പോൾ ദാവീദ് സർവേശ്വരനോട് അപേക്ഷിച്ചു: “ഞാനല്ലേ പാപം ചെയ്തത്; കുറ്റം ചെയ്തതു ജനങ്ങളല്ലല്ലോ. അതുകൊണ്ട് എന്നെയും എന്റെ കുടുംബത്തെയും ശിക്ഷിച്ചാലും.”

പങ്ക് വെക്കു
2 ശമൂവേൽ 24 വായിക്കുക

2 ശമൂവേൽ 24:2-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അങ്ങനെ രാജാവ് തന്‍റെകൂടെ ഉണ്ടായിരുന്ന സേനാധിപതിയായ യോവാബിനോട്: “ദാൻ മുതൽ ബേർ-ശേബവരെ യിസ്രായേൽ ഗോത്രങ്ങളിൽ എല്ലായിടവും നിങ്ങൾ സഞ്ചരിച്ച് ജനത്തെ എണ്ണി യുദ്ധപ്രാപ്തരായവരുടെ സംഖ്യ എന്നെ അറിയിക്കുവിൻ” എന്നു കല്പിച്ചു. അതിന് യോവാബ് രാജാവിനോട്: “നിന്‍റെ ദൈവമായ യഹോവ ജനത്തെ ഇപ്പോൾ ഉള്ളതിന്‍റെ നൂറിരട്ടി വർദ്ധിപ്പിക്കട്ടെ; എന്‍റെ യജമാനനായ രാജാവിന്‍റെ കണ്ണുകൾ അത് കാണട്ടെ. എങ്കിലും എന്‍റെ യജമാനനായ രാജാവ് ഈ കാര്യത്തിന് താത്പര്യപ്പെടുന്നത് എന്തിന്?” എന്നു പറഞ്ഞു. എങ്കിലും യോവാബിനും പടനായകന്മാർക്കും രാജാവിന്‍റെ കല്പന അനുസരിക്കേണ്ടിവന്നു. അങ്ങനെ യോവാബും പടനായകന്മാരും യിസ്രായേൽ ജനത്തെ എണ്ണുവാൻ രാജസന്നിധിയിൽ നിന്നു പുറപ്പെട്ടു. അവർ യോർദ്ദാൻ കടന്ന് ഗാദ് താഴ്വരയുടെ മദ്ധ്യത്തിൽ ഉള്ള പട്ടണത്തിന് വലത്തുവശത്ത് അരോവേരിലും യസേരിനു നേരെയും കൂടാരം അടിച്ചു. പിന്നെ അവർ ഗിലെയാദിലും തഹ്തീം-ഹൊദ്ശിദേശത്തും ചെന്നു; പിന്നെ അവർ ദാൻ-യാനിലും ചുറ്റി സീദോനിലും ചെന്നു; പിന്നെ അവർ സോർകോട്ടയ്ക്കും ഹിവ്യരുടെയും കനാന്യരുടെയും എല്ലാ പട്ടണങ്ങളിലും ചെന്നിട്ട് യെഹൂദായുടെ തെക്കുഭാഗത്ത് ബേർ-ശേബയിലേക്ക് പുറപ്പെട്ടു. ഇങ്ങനെ അവർ ദേശത്തെല്ലായിടവും സഞ്ചരിച്ചു, ഒമ്പതുമാസവും ഇരുപതു ദിവസവും കഴിഞ്ഞ് യെരൂശലേമിൽ എത്തി. യോവാബ് ജനത്തെ എണ്ണിയതിന്‍റെ ആകെത്തുക രാജാവിനു കൊടുത്തു: യിസ്രായേലിൽ ആയുധപാണികളായ യോദ്ധാക്കൾ എട്ടുലക്ഷവും യെഹൂദ്യർ അഞ്ചുലക്ഷവും ഉണ്ടായിരുന്നു. എന്നാൽ ദാവീദ് ജനത്തെ എണ്ണിയശേഷം തന്‍റെ മനഃസാക്ഷി അവനെ അലട്ടിയപ്പോൾ അവൻ യഹോവയോട്: “ഞാൻ ഈ ചെയ്തത് മഹാപാപം; എന്നാൽ ഇപ്പോൾ, യഹോവേ, അടിയന്‍റെ കുറ്റം ക്ഷമിക്കേണമേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു; ഞാൻ വലിയ ഭോഷത്തം ചെയ്തുപോയി” എന്നു പറഞ്ഞു. ദാവീദ് രാവിലെ എഴുന്നേറ്റപ്പോൾ ദാവീദിന്‍റെ ദർശകനായ ഗാദ്പ്രവാചകന് യഹോവയുടെ അരുളപ്പാടുണ്ടായത് എന്തെന്നാൽ: “നീ ചെന്നു ദാവീദിനോട്: ‘ഞാൻ മൂന്നു കാര്യം നിന്‍റെ മുമ്പിൽ വയ്ക്കുന്നു; അതിൽ ഒന്ന് തിരഞ്ഞെടുത്തുകൊള്ളുക; അത് ഞാൻ നിന്നോട് ചെയ്യും എന്നിങ്ങനെ യഹോവ അരുളിച്ചെയ്യുന്നു’ എന്നു പറയുക.” ഗാദ് ദാവീദിന്‍റെ അടുക്കൽ ചെന്നു അവനോട് അറിയിച്ചു: “നിന്‍റെ ദേശത്ത് ഏഴു വർഷത്തെ ക്ഷാമം ഉണ്ടാകണമോ? അല്ലെങ്കിൽ മൂന്നുമാസം ശത്രുക്കൾ നിന്നെ പിന്തുടരുമ്പോൾ നീ നിന്‍റെ ശത്രുക്കളുടെ മുമ്പിൽനിന്ന് ഓടിപ്പോകണമോ? അല്ലെങ്കിൽ നിന്‍റെ ദേശത്ത് മൂന്നു ദിവസത്തെ മഹാമാരി ഉണ്ടാകണമോ? എന്തുവേണം? എന്നെ അയച്ചവനോട് ഞാൻ മറുപടി പറയേണ്ടതിന് നീ ആലോചിച്ചുനോക്കുക” എന്നു പറഞ്ഞു. ദാവീദ് ഗാദിനോട്: “ഞാൻ വലിയ വിഷമത്തിൽ ആയിരിക്കുന്നു; നാം യഹോവയുടെ കയ്യിൽ തന്നെ വീഴുക; അവന്‍റെ കരുണ വലിയതല്ലോ; മനുഷ്യന്‍റെ കയ്യിൽ ഞാൻ വീഴരുതേ” എന്നു പറഞ്ഞു. അങ്ങനെ യഹോവ യിസ്രായേലിന്മേൽ രാവിലെ തുടങ്ങി നിശ്ചയിച്ച സമയംവരെ മഹാമാരി അയച്ചു; ദാൻ മുതൽ ബേർ-ശേബവരെ ജനത്തിൽ എഴുപതിനായിരംപേർ മരിച്ചുപോയി. എന്നാൽ ദൈവദൂതൻ യെരൂശലേമിനെ നശിപ്പിക്കാൻ അതിന്മേൽ തന്‍റെ കൈ നീട്ടിയപ്പോൾ യഹോവ അനർത്ഥത്തെക്കുറിച്ച് അനുതപിച്ച് ജനത്തിൽ നാശം ചെയ്യുന്ന ദൂതനോട്: “മതി, നിന്‍റെ കൈ പിൻവലിക്കുക” എന്നു കല്പിച്ചു. അപ്പോൾ യഹോവയുടെ ദൂതൻ, യെബൂസ്യൻ അരവ്നയുടെ മെതിക്കളത്തിനരികിൽ ആയിരുന്നു. ജനത്തെ ബാധിക്കുന്ന ദൂതനെ ദാവീദ് കണ്ടിട്ട് യഹോവയോട്: “ഞാനല്ലയോ പാപം ചെയ്തത്; ഞാനല്ലയോ ദുഷ്ടത ചെയ്തത്; ഈ ആടുകൾ എന്ത് ചെയ്തു? നിന്‍റെ കൈ എനിക്കും എന്‍റെ പിതൃഭവനത്തിനും വിരോധമായിരിക്കട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു” എന്നു പറഞ്ഞു.

പങ്ക് വെക്കു
2 ശമൂവേൽ 24 വായിക്കുക

2 ശമൂവേൽ 24:2-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അങ്ങനെ രാജാവു തന്റെ സേനാധിപതിയായ യോവാബിനോടു: ദാൻമുതൽ ബേർ-ശേബവരെ യിസ്രായേൽഗോത്രങ്ങളിൽ ഒക്കെയും നിങ്ങൾ സഞ്ചരിച്ചു ജനത്തെ എണ്ണി ജനസംഖ്യ എന്നെ അറിയിപ്പിൻ എന്നു കല്പിച്ചു. അതിന്നു യോവാബ് രാജാവിനോടു: യജമാനനായ രാജാവിന്റെ കാലത്തു തന്നേ നിന്റെ ദൈവമായ യഹോവ ജനത്തെ ഇപ്പോൾ ഉള്ളതിൽ നൂറിരട്ടി വർദ്ധിപ്പിക്കട്ടെ; എങ്കിലും യജമാനനായ രാജാവു ഈ കാര്യത്തിന്നു താല്പര്യപ്പെടുന്നതു എന്തിന്നു എന്നു പറഞ്ഞു. എങ്കിലും യോവാബും പടനായകന്മാരും രാജാവിന്റെ കല്പന അനുസരിക്കേണ്ടിവന്നു. അങ്ങനെ യോവാബും പടനായകന്മാരും യിസ്രായേൽജനത്തെ എണ്ണുവാൻ രാജസന്നിധിയിൽനിന്നു പുറപ്പെട്ടു. അവർ യോർദ്ദാൻ കടന്നു ഗാദ് താഴ്‌വരയുടെ മദ്ധ്യേയുള്ള പട്ടണത്തിന്നു വലത്തുവശത്തു അരോവേരിലും യസേരിന്നു നേരെയും കൂടാരം അടിച്ചു. പിന്നെ അവർ ഗിലെയാദിലും തഹ്തീം-ഹൊദ്ശിദേശത്തും ചെന്നു; പിന്നെ അവർ ദാൻ-യാനിലും ചുറ്റി സീദോനിലും ചെന്നു; പിന്നെ അവർ സോർകോട്ടെക്കും ഹിവ്യരുടെയും കനാന്യരുടെയും എല്ലാപട്ടണങ്ങളിലും ചെന്നിട്ടു യെഹൂദയുടെ തെക്കുഭാഗത്തു ബേർ-ശേബയിലേക്കു പുറപ്പെട്ടു. ഇങ്ങനെ അവർ ദേശത്തെല്ലാടവും സഞ്ചരിച്ചു, ഒമ്പതുമാസവും ഇരുപതു ദിവസവും കഴിഞ്ഞശേഷം യെരൂശലേമിൽ എത്തി. യോവാബ് ജനത്തെ എണ്ണിയതിന്റെ ആകത്തുക രാജാവിന്നു കൊടുത്തു: യിസ്രായേലിൽ ആയുധപാണികളായ യോദ്ധാക്കൾ എട്ടുലക്ഷവും യെഹൂദ്യർ അഞ്ചുലക്ഷവും ഉണ്ടായിരുന്നു. എന്നാൽ ദാവീദ് ജനത്തെ എണ്ണിയശേഷം തന്റെ ഹൃദയത്തിൽ കുത്തുകൊണ്ടിട്ടു യഹോവയോടു: ഞാൻ ഈ ചെയ്തതു മഹാപാപം; എന്നാൽ യഹോവേ, അടിയന്റെ കുറ്റം ക്ഷമിക്കേണമേ; ഞാൻ വലിയ ഭോഷത്വം ചെയ്തുപോയി എന്നു പറഞ്ഞു. ദാവീദ് രാവിലെ എഴുന്നേറ്റപ്പോൾ ദാവീദിന്റെ ദർശകനായ ഗാദ്പ്രവാചകന്നു യഹോവയുടെ അരുളപ്പാടുണ്ടായതു എന്തെന്നാൽ: നീ ചെന്നു ദാവീദിനോടു: ഞാൻ മൂന്നു കാര്യം നിന്റെ മുമ്പിൽ വെക്കുന്നു; അതിൽ ഒന്നു തിരഞ്ഞെടുത്തുകൊൾക; അതു ഞാൻ നിന്നോടു ചെയ്യും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറക. ഗാദ് ദാവീദിന്റെ അടുക്കൽ ചെന്നു അവനോടു അറിയിച്ചു: നിന്റെ ദേശത്തു ഏഴു സംവത്സരത്തെ ക്ഷാമം ഉണ്ടാകയൊ? അല്ലെങ്കിൽ മൂന്നു മാസം നിന്റെ ശത്രുക്കൾ നിന്നെ പിന്തുടരുകയും നീ അവരുടെ മുമ്പിൽനിന്നു ഓടിപ്പോകയും ചെയ്കയോ? അല്ലെങ്കിൽ നിന്റെ ദേശത്തു മൂന്നു ദിവസത്തെ മഹാമാരി ഉണ്ടാകയോ? എന്തുവേണം? എന്നെ അയച്ചവനോടു ഞാൻ മറുപടി പറയേണ്ടതിന്നു നീ ആലോചിച്ചുനോക്കുക എന്നു പറഞ്ഞു. ദാവീദ് ഗാദിനോടു: ഞാൻ വലിയ വിഷമത്തിൽ ആയിരിക്കുന്നു; നാം യഹോവയുടെ കയ്യിൽ തന്നേ വീഴുക; അവന്റെ കരുണ വലിയതല്ലോ; മനുഷ്യന്റെ കയ്യിൽ ഞാൻ വീഴരുതേ എന്നു പറഞ്ഞു. അങ്ങനെ യഹോവ യിസ്രായേലിൽ രാവിലേ തുടങ്ങി നിശ്ചയിച്ച അവധിവരെ മഹാമാരി അയച്ചു; ദാൻ മുതൽ ബേർ-ശേബവരെ ജനത്തിൽ എഴുപതിനായിരം പേർ മരിച്ചുപോയി. എന്നാൽ ദൈവദൂതൻ യെരൂശലേമിനെ ബാധിപ്പാൻ അതിന്മേൽ കൈ നീട്ടിയപ്പോൾ യഹോവ അനർത്ഥത്തെക്കുറിച്ചു അനുതപിച്ചു ജനത്തിൽ നാശം ചെയ്യുന്ന ദൂതനോടു: മതി, നിന്റെ കൈ പിൻവലിക്ക എന്നു കല്പിച്ചു. അന്നേരം യഹോവയുടെ ദൂതൻ, യെബൂസ്യൻ അരവ്നയുടെ മെതിക്കളത്തിന്നരികെ ആയിരുന്നു. ജനത്തെ ബാധിക്കുന്ന ദൂതനെ ദാവീദ് കണ്ടിട്ടു യഹോവയോടു: ഞാനല്ലോ പാപം ചെയ്തതു; ഞാനല്ലോ കുറ്റം ചെയ്തതു; ഈ ആടുകൾ എന്തു ചെയ്തു? നിന്റെ കൈ എനിക്കും എന്റെ പിതൃഭവനത്തിന്നും വിരോധമായിരിക്കട്ടെ എന്നു പ്രാർത്ഥിച്ചുപറഞ്ഞു.

പങ്ക് വെക്കു
2 ശമൂവേൽ 24 വായിക്കുക

2 ശമൂവേൽ 24:2-17 സമകാലിക മലയാളവിവർത്തനം (MCV)

അങ്ങനെ രാജാവ് യോവാബിനോടും അദ്ദേഹത്തോടുകൂടെയുള്ള സൈന്യാധിപന്മാരോടും കൽപ്പിച്ചു: “ദാൻമുതൽ ബേർ-ശേബാവരെയുള്ള സകല ഇസ്രായേൽ ഗോത്രങ്ങളിലൂടെയും നിങ്ങൾ കടന്നുചെല്ലുക; യോദ്ധാക്കൾ എത്രമാത്രമുണ്ടെന്ന് എനിക്ക് അറിയേണ്ടതിന് അവരുടെ കണക്കെടുക്കുക.” എന്നാൽ യോവാബ് രാജാവിനോടു മറുപടി പറഞ്ഞു: “അങ്ങയുടെ ദൈവമായ യഹോവ സൈന്യത്തെ ഇനിയും നൂറുമടങ്ങായി വർധിപ്പിക്കട്ടെ! എന്റെ യജമാനനായ രാജാവിന്റെ കണ്ണുകൾ അതു കാണുകയും ചെയ്യട്ടെ! എന്നാൽ ഈ വിധം ഒരു കാര്യം എന്റെ യജമാനനായ രാജാവു ചെയ്യാൻ താത്പര്യപ്പെടുന്നത് എന്തിന്?” എങ്കിലും രാജകൽപ്പനയ്ക്കുമുമ്പിൽ യോവാബും സൈന്യാധിപന്മാരും നിസ്സഹായരായിരുന്നു. അതിനാൽ ഇസ്രായേലിലെ യോദ്ധാക്കളുടെ സംഖ്യ എടുക്കുന്നതിനായി അവർ രാജസന്നിധിയിൽനിന്ന് പുറപ്പെട്ടു. അവർ യോർദാൻ കടന്ന് മലയിടുക്കിനു തെക്കുള്ള പട്ടണമായ അരോയേരിനു സമീപത്ത് താവളമടിച്ചു. പിന്നെ ഗാദിലൂടെയും യാസേരിലൂടെയും കടന്നുപോയി. അവർ ഗിലെയാദിലേക്കും തഹ്തീം-ഹോദ്ശീ പ്രദേശങ്ങളിലേക്കും ദാൻ-യാനിലേക്കും സീദോനിലേക്കുള്ള വഴിയിൽ ചുറ്റുമുള്ള പ്രദേശങ്ങളിലേക്കും ചെന്നു. പിന്നെ അവർ സോർ കോട്ടയിലും ഹിവ്യരുടെയും കനാന്യരുടെയും സകലനഗരങ്ങളിലും പോയി. അവസാനം അവർ യെഹൂദ്യയുടെ തെക്കുഭാഗത്തുള്ള ബേർ-ശേബായിലും ചെന്നു. ദേശത്ത് എല്ലായിടത്തും സഞ്ചരിച്ച് ഒൻപതുമാസവും ഇരുപതു ദിവസവും കഴിഞ്ഞ് അവർ ജെറുശലേമിൽ തിരിച്ചെത്തി. യോദ്ധാക്കളുടെ സംഖ്യ യോവാബ് രാജാവിനെ അറിയിച്ചു: സൈനികസേവനത്തിനു കായശേഷിയുള്ളവരും വാളേന്താൻ പ്രാപ്തരും ആയി ഇസ്രായേലിൽ എട്ടുലക്ഷം പേരും യെഹൂദായിൽ അഞ്ചുലക്ഷം പേരും ഉണ്ടായിരുന്നു. യോദ്ധാക്കളുടെ സംഖ്യ എടുത്തുകഴിഞ്ഞപ്പോൾ ദാവീദിനു മനസ്സാക്ഷിക്കുത്തുണ്ടായി. അദ്ദേഹം യഹോവയോട് ഏറ്റുപറഞ്ഞു: “ഞാനീ ചെയ്തത് കൊടിയ പാപമാണ്; ഇപ്പോൾ യഹോവേ! അവിടത്തെ ഈ ദാസന്റെ പാപം പൊറുക്കണേ എന്ന് അടിയൻ അപേക്ഷിക്കുന്നു. ഞാൻ വലിയ ഭോഷത്തം ചെയ്തുപോയി.” പിറ്റേദിവസം പ്രഭാതത്തിൽ ദാവീദ് എഴുന്നേൽക്കുന്നതിനു മുമ്പുതന്നെ അദ്ദേഹത്തിന്റെ ദർശകനായ ഗാദ്പ്രവാചകന് യഹോവയുടെ അരുളപ്പാടുണ്ടായി. ചെന്ന് ദാവീദിനോടു പറയുക, “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ മൂന്നു കാര്യങ്ങൾ നിന്റെ മുമ്പിൽ വെക്കുന്നു. അവയിലേതെങ്കിലുമൊന്നു തെരഞ്ഞെടുക്കുക; അതു ഞാൻ നിനക്കെതിരായി നടപ്പിലാക്കും.’ ” അങ്ങനെ ഗാദ് ദാവീദിന്റെ അടുത്തുചെന്ന് പറഞ്ഞു: “നിന്റെ ദേശത്തു നിന്റെമേൽ മൂന്നു വർഷം ക്ഷാമം വരണമോ? അഥവാ, മൂന്നുമാസം നീ ശത്രുക്കളുടെമുമ്പിൽനിന്ന് പലായനംചെയ്യുകയും അവർ നിന്നെ പിൻതുടരുകയും ചെയ്യണമോ? അതുമല്ലെങ്കിൽ നിന്റെ ദേശത്തു മൂന്നുദിവസത്തെ മഹാമാരി ഉണ്ടാകണമോ! നീ ആലോചിച്ച്, എന്നെ അയച്ചവനോടു ഞാൻ എന്തു മറുപടി പറയണം? എന്ന് ഇപ്പോൾ തീരുമാനിക്കുക.” ദാവീദ് ഗാദിനോടു പറഞ്ഞു: “ഞാൻ വലിയ വിഷമത്തിലായിരിക്കുന്നു; നാം യഹോവയുടെ കൈകളിൽത്തന്നെ വീഴട്ടെ! അവിടത്തെ ദയ വലിയതാണല്ലോ! എന്നാൽ മനുഷ്യകരങ്ങളിൽ ഞാൻ വീഴാതിരിക്കട്ടെ!” അങ്ങനെ യഹോവ അന്നു രാവിലെമുതൽ നിശ്ചിത അവധിവരെ ഇസ്രായേലിന്മേൽ ഒരു മഹാമാരി അയച്ചു. ദാൻമുതൽ ബേർ-ശേബാവരെ എഴുപതിനായിരം ജനം മരിച്ചുവീണു. സംഹാരദൂതൻ ജെറുശലേം നശിപ്പിക്കുന്നതിനുവേണ്ടി കൈനീട്ടി. അപ്പോൾ യഹോവ ആ മഹാസംഹാരത്തെക്കുറിച്ച് അനുതപിച്ച് ജനത്തെ ബാധിക്കുന്ന ദൂതനോടു കൽപ്പിച്ചു: “മതി, നിന്റെ കരം പിൻവലിക്കുക!” യഹോവയുടെ ദൂതൻ അപ്പോൾ യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തിൽ ആയിരുന്നു. സംഹാരദൂതനെക്കണ്ടിട്ട് ദാവീദ് യഹോവയോട് അപേക്ഷിച്ചു: “അയ്യോ! യഹോവേ! പാപം ചെയ്തവൻ, ദുഷ്ടത പ്രവർത്തിച്ചവൻ ഇടയനായ ഞാനാണല്ലോ! ഇവർ, ഈ അജഗണങ്ങൾ എന്തു പിഴച്ചു? അവിടത്തെ കരം എന്റെമേലും എന്റെ ഭവനത്തിന്മേലും പതിക്കട്ടെ!”

പങ്ക് വെക്കു
2 ശമൂവേൽ 24 വായിക്കുക