2 ശമൂവേൽ 21:1-14
2 ശമൂവേൽ 21:1-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദാവീദിന്റെ കാലത്തു മൂന്നു സംവത്സരം തുടരെത്തുടരെ ക്ഷാമം ഉണ്ടായി; ദാവീദ് യഹോവയുടെ അരുളപ്പാടു ചോദിച്ചപ്പോൾ ശൗൽ ഗിബെയോന്യരെ കൊല്ലുകകൊണ്ട് അത് അവൻ നിമിത്തവും രക്തപാതകമുള്ള അവന്റെ ഗൃഹം നിമിത്തവും എന്നു യഹോവ അരുളിച്ചെയ്തു. രാജാവ് ഗിബെയോന്യരെ വിളിച്ച് അവരോടു പറഞ്ഞു:- ഗിബെയോന്യർ യിസ്രായേല്യരല്ല അമോര്യരിൽ ശേഷിച്ചവരത്രേ; അവരോടു യിസ്രായേൽമക്കൾ സത്യംചെയ്തിരുന്നു; എങ്കിലും ശൗൽ യിസ്രായേല്യർക്കും യെഹൂദ്യർക്കുംവേണ്ടി തനിക്കുണ്ടായിരുന്ന എരിവിൽ അവരെ സംഹരിച്ചുകളവാൻ ശ്രമിച്ചു- ദാവീദ് ഗിബെയോന്യരോട്: ഞാൻ നിങ്ങൾക്ക് എന്തു ചെയ്തുതരേണം; നിങ്ങൾ യഹോവയുടെ അവകാശത്തെ അനുഗ്രഹിക്കേണ്ടതിന് ഞാൻ എന്തു പ്രതിശാന്തി ചെയ്യേണം എന്നു ചോദിച്ചു. ഗിബെയോന്യർ അവനോട്: ശൗലിനോടും അവന്റെ ഗൃഹത്തോടും ഞങ്ങൾക്കുള്ള കാര്യം പൊന്നും വെള്ളിയുംകൊണ്ടു തീരുന്നതല്ല; യിസ്രായേലിൽ ഒരുത്തനെ കൊല്ലുന്നതും ഞങ്ങൾക്കുള്ളതല്ല എന്നു പറഞ്ഞു. നിങ്ങൾ പറയുന്നതു ഞാൻ ചെയ്തുതരാം എന്ന് അവൻ പറഞ്ഞു. അവർ രാജാവിനോട്: ഞങ്ങളെ നശിപ്പിക്കയും യിസ്രായേൽദേശത്തെങ്ങും ഞങ്ങൾ ശേഷിക്കാതെ മുടിഞ്ഞുപോകത്തക്കവണ്ണം ഉപായം ചിന്തിക്കയും ചെയ്തവന്റെ മക്കളിൽ ഏഴുപേരെ ഞങ്ങൾക്കു ഏല്പിച്ചുതരേണം. ഞങ്ങൾ അവരെ യഹോവയുടെ വ്രതനായ ശൗലിന്റെ ഗിബെയയിൽ യഹോവയ്ക്കു തൂക്കിക്കളയും എന്ന് ഉത്തരം പറഞ്ഞു. ഞാൻ അവരെ തരാമെന്നു രാജാവ് പറഞ്ഞു. എന്നാൽ ദാവീദും ശൗലിന്റെ മകനായ യോനാഥാനും തമ്മിൽ യഹോവയുടെ നാമത്തിൽ ചെയ്ത സത്യംനിമിത്തം രാജാവ് ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്തിനെ ഒഴിവാക്കി. അയ്യാവിന്റെ മകൾ രിസ്പാ ശൗലിനു പ്രസവിച്ച രണ്ടു പുത്രന്മാരായ അർമ്മോനിയെയും മെഫീബോശെത്തിനെയും ശൗലിന്റെ മകളായ മീഖൾ മെഹോലാത്യൻ ബർസില്ലായിയുടെ മകനായ അദ്രീയേലിനു പ്രസവിച്ച അഞ്ചു പുത്രന്മാരെയും രാജാവ് പിടിച്ചു ഗിബെയോന്യരുടെ കൈയിൽ ഏല്പിച്ചു. അവർ അവരെ മലയിൽ യഹോവയുടെ മുമ്പാകെ തൂക്കിക്കളഞ്ഞു; അങ്ങനെ അവർ ഏഴു പേരും ഒരുമിച്ചു മരിച്ചു; കൊയ്ത്തുകാലത്തിന്റെ ആദ്യദിവസങ്ങളായ യവക്കൊയ്ത്തിന്റെ ആരംഭത്തിലായിരുന്നു അവരെ കൊന്നത്. അയ്യാവിന്റെ മകളായ രിസ്പാ ചാക്കുശീല എടുത്തു പാറമേൽ വിരിച്ചു കൊയ്ത്തുകാലത്തിന്റെ ആരംഭംമുതൽ ആകാശത്തുനിന്ന് അവരുടെമേൽ മഴ പെയ്തതുവരെ പകൽ ആകാശത്തിലെ പക്ഷികളോ രാത്രി കാട്ടുമൃഗങ്ങളോ അവരെ തൊടുവാൻ സമ്മതിക്കാതിരുന്നു. ശൗലിന്റെ വെപ്പാട്ടിയായി അയ്യാവിന്റെ മകളായ രിസ്പാ ചെയ്തത് ദാവീദ് കേട്ടിട്ടു ദാവീദ് ചെന്നു ഫെലിസ്ത്യർ ഗിൽബോവയിൽവച്ചു ശൗലിനെ കൊന്ന നാളിൽ ബേത്ത്-ശാൻ നഗരവീഥിയിൽ ഫെലിസ്ത്യർ തൂക്കിക്കളകയും ഗിലെയാദിലെ യാബേശ് പൗരന്മാർ അവിടെനിന്നു മോഷ്ടിച്ചു കൊണ്ടുവരികയും ചെയ്തിരുന്ന ശൗലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികളെ അവരുടെ അടുക്കൽനിന്ന് എടുത്തു. അങ്ങനെ അവൻ ശൗലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികളെ അവിടെനിന്നു വരുത്തി; തൂക്കിക്കൊന്നവരുടെ അസ്ഥികളെയും അവർ പെറുക്കിയെടുത്തു. ശൗലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികളെ അവർ ബെന്യാമീൻദേശത്ത് സേലയിൽ അവന്റെ അപ്പനായ കീശിന്റെ കല്ലറയിൽ അടക്കംചെയ്തു; രാജാവ് കല്പിച്ചതൊക്കെയും അവർ ചെയ്തു. അതിന്റെശേഷം ദൈവം ദേശത്തിന്റെ പ്രാർഥനയെ കേട്ടരുളി.
2 ശമൂവേൽ 21:1-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദാവീദിന്റെ ഭരണകാലത്തു മൂന്നു വർഷം തുടർച്ചയായി ക്ഷാമമുണ്ടായി. അപ്പോൾ ദാവീദ് സർവേശ്വരന്റെ അരുളപ്പാട് ആരാഞ്ഞു. അവിടുന്ന് അരുളിച്ചെയ്തു: “ഗിബെയോന്യരെ വധിച്ചതിൽ ശൗലും അവന്റെ കുടുംബക്കാരും രക്തപാതകരാണ്. ഗിബെയോന്യർ ഇസ്രായേല്യരല്ല; അവർ അമോര്യരുടെ കൂട്ടത്തിൽ ശേഷിച്ചിരുന്നവരായിരുന്നു. അവരെ സംരക്ഷിച്ചുകൊള്ളാമെന്ന് ഇസ്രായേല്യർ പ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ ഇസ്രായേല്യരെയും യെഹൂദ്യരെയും കുറിച്ചുള്ള ഉൽക്കടമായ ശുഷ്കാന്തി നിമിത്തം ശൗൽ അവരെയും സംഹരിക്കാൻ ശ്രമിച്ചു. ദാവീദ്രാജാവ് ഗിബെയോന്യരെ വിളിപ്പിച്ചു ചോദിച്ചു: “ഞാൻ നിങ്ങൾക്കുവേണ്ടി എന്തു ചെയ്തു തരണം? സർവേശ്വരന്റെ ജനത്തിനു നിങ്ങൾ നന്മ നേരുന്നതിനായി എന്തു പ്രായശ്ചിത്തമാണു ഞാൻ ചെയ്യേണ്ടത്?” ഗിബെയോന്യർ പറഞ്ഞു: “ശൗലും കുടുംബവുമായുള്ള ഞങ്ങളുടെ എതിർപ്പ് വെള്ളിയോ സ്വർണമോ കൊണ്ടു തീരുന്നതല്ല; ഇസ്രായേലിൽ ആരെയെങ്കിലും കൊല്ലണമെന്നു ഞങ്ങൾക്കു ആഗ്രഹമില്ല.” ദാവീദു വീണ്ടും ചോദിച്ചു: “എന്നാൽ പിന്നെ എന്തു ചെയ്യണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?” അവർ പറഞ്ഞു: “ഇസ്രായേലിൽ എങ്ങും ഞങ്ങളിൽ ആരും ശേഷിക്കാത്തവിധം ഞങ്ങളെ നശിപ്പിക്കാൻ ആലോചിക്കുകയും ഞങ്ങളെ സംഹരിക്കുകയും ചെയ്ത ആ മനുഷ്യന്റെ പുത്രന്മാരിൽ ഏഴു പേരെ ഞങ്ങളുടെ കൈയിൽ ഏല്പിച്ചുതരിക. സർവേശ്വരന്റെ പർവതമായ ഗിബെയോനിൽ അവിടുത്തെ സന്നിധിയിൽ ഞങ്ങൾ അവരെ തൂക്കിക്കൊല്ലട്ടെ.” “ഞാൻ അവരെ ഏല്പിച്ചു തരാം” എന്നു രാജാവു പറഞ്ഞു. സർവേശ്വരന്റെ നാമത്തിൽ യോനാഥാനുമായി ചെയ്തിരുന്ന പ്രതിജ്ഞ നിമിത്തം ശൗലിന്റെ പൗത്രനും യോനാഥാന്റെ പുത്രനുമായ മെഫീബോശെത്തിനെ ആ ഏഴു പേരിൽ ഉൾപ്പെടുത്തിയില്ല. അയ്യായുടെ മകളായ രിസ്പായിൽ ശൗലിനു ജനിച്ച പുത്രന്മാരായ അർമ്മോനിയെയും മെഫീബോശെത്തിനെയും ശൗലിന്റെ പുത്രിയായ മീഖളിൽ മെഹോലാത്യനും ബർസില്ലായിയുടെ പുത്രനുമായ അദ്രീയേലിനു ജനിച്ച അഞ്ചു പുത്രന്മാരെയും രാജാവ് ഗിബെയോന്യരുടെ കൈയിൽ ഏല്പിച്ചു. ഗിബെയോന്യർ അവരെ സർവേശ്വരന്റെ സന്നിധിയിൽ മലമുകളിൽവച്ചു കൊന്നു. അവർ ഏഴു പേരും ഒരേ സമയം മരിച്ചു. ബാർലി കൊയ്ത്തിന്റെ ആരംഭത്തിലാണ് ഇതു സംഭവിച്ചത്. അയ്യായുടെ മകൾ രിസ്പാ ചാക്കുതുണി പാറമേൽ വിരിച്ച് അവിടെ കിടന്നു. കൊയ്ത്തുകാലത്തിന്റെ ആരംഭംമുതൽ മഴക്കാലം തുടങ്ങുന്നതുവരെ, പകൽ പക്ഷികളെയും രാത്രി കാട്ടുമൃഗങ്ങളെയും ആ മൃതദേഹങ്ങളിൽനിന്ന് അവൾ ആട്ടിയോടിച്ചു. രിസ്പാ പ്രവർത്തിച്ചതു ദാവീദ് അറിഞ്ഞു. ദാവീദു ചെന്നു ഗിലെയാദിലെ യാബേശ്യരിൽനിന്നു ശൗലിന്റെയും യോനാഥാന്റെയും അസ്ഥികൾ ശേഖരിച്ചു. ഫെലിസ്ത്യർ ഗിൽബോവാ പർവതത്തിൽവച്ച് അവരെ കൊന്നിട്ട് മൃതശരീരങ്ങൾ ബേത്ത്-ശാൻ നഗരവീഥിയിൽ കെട്ടിത്തൂക്കിയിരുന്നു; ഗിലെയാദിലെ യാബേശ്യർ അവരുടെ ശരീരം അവിടെനിന്നു മോഷ്ടിച്ചു കൊണ്ടുപോയി. ശൗലിന്റെയും യോനാഥാന്റെയും അസ്ഥികൾ ദാവീദ് അവിടെനിന്നു വരുത്തി; തൂക്കിക്കൊല്ലപ്പെട്ട ഏഴുപേരുടെയും അസ്ഥികളും ശേഖരിച്ചു. ശൗലിന്റെയും യോനാഥാന്റെയും അസ്ഥികൾ ബെന്യാമീന്യരുടെ ദേശത്തുള്ള സേലയിൽ ശൗലിന്റെ പിതാവായ കീശിന്റെ കല്ലറയിൽ സംസ്കരിച്ചു. രാജാവ് കല്പിച്ചതെല്ലാം അവർ പ്രവർത്തിച്ചു. പിന്നീട് രാജ്യത്തിനു വേണ്ടിയുള്ള അവരുടെ പ്രാർഥന ദൈവം കേട്ടു.
2 ശമൂവേൽ 21:1-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദാവീദിന്റെ കാലത്ത് മൂന്നു വർഷം തുടർച്ചയായി ക്ഷാമം ഉണ്ടായി; ദാവീദ് യഹോവയുടെ അരുളപ്പാട് ചോദിച്ചപ്പോൾ “ശൗല് ഗിബെയോന്യരെ കൊന്നതുകൊണ്ട് അത് അവൻ നിമിത്തവും രക്തപാതകമുള്ള അവന്റെ കുടുംബം നിമിത്തവും ആകുന്നു” എന്നു യഹോവ അരുളിച്ചെയ്തു. അങ്ങനെ രാജാവ് ഗിബെയോന്യരെ വിളിച്ച് അവരോട് സംസാരിച്ചു. ഗിബെയോന്യർ യിസ്രായേല്യരല്ല; അമോര്യരിൽ ശേഷിച്ചവരത്രേ. അവരെ സംരക്ഷിക്കാമെന്ന് യിസ്രായേൽ മക്കൾ സത്യം ചെയ്തിരുന്നു. എങ്കിലും ശൗല് യിസ്രായേല്യർക്കും യെഹൂദ്യർക്കും വേണ്ടി തനിക്കുണ്ടായിരുന്ന അതിതാല്പര്യത്താൽ അവരെ കൊന്നുകളയുവാൻ ശ്രമിച്ചു. ദാവീദ് ഗിബെയോന്യരോട്: “ഞാൻ നിങ്ങൾക്ക് എന്ത് ചെയ്തു തരേണം? നിങ്ങൾ യഹോവയുടെ അവകാശത്തെ അനുഗ്രഹിക്കേണ്ടതിന് ഞാൻ എന്ത് പരിഹാരം ചെയ്യേണം?” എന്നു ചോദിച്ചു. ഗിബെയോന്യർ അവനോട്: “ശൗലിനോടും അവന്റെ ഗൃഹത്തോടും ഞങ്ങൾക്കുള്ള കാര്യം പൊന്നും വെള്ളിയുംകൊണ്ട് തീരുന്നതല്ല; യിസ്രായേലിൽ ഞങ്ങൾക്കുവേണ്ടി ഒരുവനെ നീ കൊല്ലുകയും വേണ്ട” എന്നു പറഞ്ഞു. “നിങ്ങൾ പറയുന്നത് എന്തുതന്നെയായാലും ഞാൻ നിങ്ങൾക്കുവേണ്ടി ചെയ്തുതരാം” എന്നു അവൻ പറഞ്ഞു. അവർ രാജാവിനോട്: “ഞങ്ങളെ നശിപ്പിക്കുകയും യിസ്രായേൽദേശത്തെങ്ങും ഞങ്ങൾ ശേഷിക്കാതെ മുടിഞ്ഞുപോകത്തക്കവണ്ണം ഉപായം ചിന്തിക്കുകയും ചെയ്ത ആ മനുഷ്യനുണ്ടല്ലോ! അവന്റെ മക്കളിൽ ഏഴുപേരെ ഞങ്ങൾക്ക് വിട്ടുതരേണം. ഞങ്ങൾ അവരെ യഹോവ തിരഞ്ഞെടുത്ത ശൗലിന്റെ, ഗിബെയയിൽ യഹോവയുടെ മുമ്പിൽ തൂക്കിക്കളയും” എന്നു ഉത്തരം പറഞ്ഞു. “ഞാൻ അവരെ തരാം” എന്നു രാജാവ് പറഞ്ഞു. എന്നാൽ ദാവീദും ശൗലിന്റെ മകനായ യോനാഥാനും തമ്മിൽ യഹോവയുടെ നാമത്തിൽ ചെയ്ത സത്യംനിമിത്തം ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്തിനെ രാജാവ് ഒഴിവാക്കി. അയ്യാവിന്റെ മകൾ രിസ്പാ ശൗലിനു പ്രസവിച്ച രണ്ടു പുത്രന്മാരായ അർമ്മോനിയെയും മെഫീബോശെത്തിനെയും ശൗലിന്റെ മകളായ മേരബ് മെഹോലാത്യൻ ബർസില്ലായിയുടെ മകനായ അദ്രിയേലിനു പ്രസവിച്ച അഞ്ചു പുത്രന്മാരെയും രാജാവ് പിടിച്ച് ഗിബെയോന്യരുടെ കയ്യിൽ ഏല്പിച്ചു. ഗിബെയോന്യര് അവരെ മലയിൽ യഹോവയുടെ മുമ്പാകെ തൂക്കിക്കളഞ്ഞു; അങ്ങനെ അവർ ഏഴുപേരും ഒരുമിച്ചു മരിച്ചു; കൊയ്ത്തുകാലത്തിന്റെ ആദ്യദിവസങ്ങളായ യവക്കൊയ്ത്തിന്റെ ആരംഭത്തിലായിരുന്നു അവരെ കൊന്നത്. അയ്യാവിന്റെ മകളായ രിസ്പ ചാക്കുശീല എടുത്ത് പാറമേൽ വിരിച്ച് കൊയ്ത്തുകാലത്തിന്റെ ആരംഭംമുതൽ ആകാശത്തുനിന്നു അവരുടെ മേൽ മഴപെയ്തതുവരെ പകൽ ആകാശത്തിലെ പക്ഷികളോ രാത്രി കാട്ടുമൃഗങ്ങളോ അവരെ തൊടുവാൻ സമ്മതിക്കാതിരുന്നു. ശൗലിന്റെ വെപ്പാട്ടിയായി അയ്യാവിന്റെ മകളായ രിസ്പ ചെയ്തത് ദാവീദ് കേട്ടിട്ടു ദാവീദ് ചെന്നു ഫെലിസ്ത്യർ ഗിൽബോവയിൽവച്ച് ശൗലിനെ കൊന്നനാളിൽ ബേത്ത്-ശാൻ നഗരവീഥിയിൽ ഫെലിസ്ത്യർ തൂക്കിക്കളയുകയും ഗിലെയാദിലെ യാബേശ് പൗരന്മാർ അവിടെനിന്ന് മോഷ്ടിച്ചു കൊണ്ടുവരുകയും ചെയ്തിരുന്ന ശൗലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികൾ അവരുടെ അടുക്കൽനിന്ന് എടുത്തു. അങ്ങനെ അവൻ ശൗലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികൾ അവിടെനിന്നു വരുത്തി; തൂക്കിക്കൊന്നവരുടെ അസ്ഥികളും അവർ പെറുക്കിയെടുത്തു. ശൗലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികൾ അവർ ബെന്യാമീൻദേശത്ത് സേലയിൽ അവന്റെ അപ്പനായ കീശിന്റെ കല്ലറയിൽ അടക്കം ചെയ്തു; രാജാവ് കല്പിച്ചതെല്ലാം അവർ ചെയ്തു. അതിന്റെശേഷം ദൈവം ദേശത്തിനുവേണ്ടിയുള്ള പ്രാർത്ഥനയെ ആദരിച്ചു.
2 ശമൂവേൽ 21:1-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദാവീദിന്റെ കാലത്തു മൂന്നു സംവത്സരം തുടരെത്തുടരെ ക്ഷാമം ഉണ്ടായി; ദാവീദ് യഹോവയുടെ അരുളപ്പാടു ചോദിച്ചപ്പോൾ ശൗൽ ഗിബെയോന്യരെ കൊല്ലുകകൊണ്ടു അതു അവൻ നിമിത്തവും രക്തപാതകമുള്ള അവന്റെ ഗൃഹംനിമിത്തവും എന്നു യഹോവ അരുളിച്ചെയ്തു. രാജാവു ഗിബെയോന്യരെ വിളിച്ചു അവരോടു പറഞ്ഞു:- ഗിബെയോന്യർ യിസ്രായേല്യരല്ല അമോര്യരിൽ ശേഷിച്ചവരത്രേ; അവരോടു യിസ്രായേൽമക്കൾ സത്യം ചെയ്തിരുന്നു; എങ്കിലും ശൗൽ യിസ്രായേല്യർക്കും യെഹൂദ്യർക്കും വേണ്ടി തനിക്കുണ്ടായിരുന്ന എരിവിൽ അവരെ സംഹരിച്ചുകളവാൻ ശ്രമിച്ചു - ദാവീദ് ഗിബെയോന്യരോടു: ഞാൻ നിങ്ങൾക്കു എന്തു ചെയ്തുതരേണം; നിങ്ങൾ യഹോവയുടെ അവകാശത്തെ അനുഗ്രഹിക്കേണ്ടതിന്നു ഞാൻ എന്തു പ്രതിശാന്തി ചെയ്യേണം എന്നു ചോദിച്ചു. ഗിബെയോന്യർ അവനോടു: ശൗലിനോടും അവന്റെ ഗൃഹത്തോടും ഞങ്ങൾക്കുള്ള കാര്യം പൊന്നും വെള്ളിയുംകൊണ്ടു തീരുന്നതല്ല; യിസ്രായേലിൽ ഒരുത്തനെ കൊല്ലുന്നതും ഞങ്ങൾക്കുള്ളതല്ല എന്നു പറഞ്ഞു. നിങ്ങൾ പറയുന്നതു ഞാൻ ചെയ്തുതരാം എന്നു അവൻ പറഞ്ഞു. അവർ രാജാവിനോടു: ഞങ്ങളെ നശിപ്പിക്കയും യിസ്രായേൽദേശത്തെങ്ങും ഞങ്ങൾ ശേഷിക്കാതെ മുടിഞ്ഞുപോകത്തക്കവണ്ണം ഉപായം ചിന്തിക്കയും ചെയ്തവന്റെ മക്കളിൽ ഏഴുപേരെ ഞങ്ങൾക്കു ഏല്പിച്ചുതരേണം. ഞങ്ങൾ അവരെ യഹോവയുടെ വൃതനായ ശൗലിന്റെ ഗിബെയയിൽ യഹോവെക്കു തൂക്കിക്കളയും എന്നു ഉത്തരം പറഞ്ഞു. ഞാൻ അവരെ തരാമെന്നു രാജാവു പറഞ്ഞു. എന്നാൽ ദാവീദും ശൗലിന്റെ മകനായ യോനാഥാനും തമ്മിൽ യഹോവയുടെ നാമത്തിൽ ചെയ്ത സത്യംനിമിത്തം രാജാവു ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്തിനെ ഒഴിച്ചു. അയ്യാവിന്റെ മകൾ രിസ്പാ ശൗലിന്നു പ്രസവിച്ച രണ്ടു പുത്രന്മാരായ അർമ്മോനിയെയും മെഫീബോശെത്തിനെയും ശൗലിന്റെ മകളായ മീഖൾ മെഹോലാത്യൻ ബർസില്ലായിയുടെ മകനായ അദ്രീയേലിന്നു പ്രസവിച്ച അഞ്ചു പുത്രന്മാരെയും രാജാവു പിടിച്ചു ഗിബെയോന്യരുടെ കയ്യിൽ ഏല്പിച്ചു. അവർ അവരെ മലയിൽ യഹോവയുടെ മുമ്പാകെ തൂക്കിക്കളഞ്ഞു; അങ്ങനെ അവർ ഏഴുപേരും ഒരുമിച്ചു മരിച്ചു; കൊയ്ത്തുകാലത്തിന്റെ ആദ്യദിവസങ്ങളായ യവക്കൊയ്ത്തിന്റെ ആരംഭത്തിലായിരുന്നു അവരെ കൊന്നതു. അയ്യാവിന്റെ മകളായ രിസ്പാ ചാക്കുശീല എടുത്തു പാറമേൽ വിരിച്ചു കൊയ്ത്തുകാലത്തിന്റെ ആരംഭം മുതൽ ആകാശത്തുനിന്നു അവരുടെ മേൽ മഴപെയ്തതുവരെ പകൽ ആകാശത്തിലെ പക്ഷികളോ രാത്രി കാട്ടുമൃഗങ്ങളോ അവരെ തൊടുവാൻ സമ്മതിക്കാതിരുന്നു. ശൗലിന്റെ വെപ്പാട്ടിയായി അയ്യാവിന്റെ മകളായ രിസ്പാ ചെയ്തതു ദാവീദ് കേട്ടിട്ടു ദാവീദ് ചെന്നു ഫെലിസ്ത്യർ ഗിൽബോവയിൽവെച്ചു ശൗലിനെ കൊന്നനാളിൽ ബേത്ത്-ശാൻനഗരവീഥിയിൽ ഫെലിസ്ത്യർ തൂക്കിക്കളകയും ഗിലെയാദിലെ യാബേശ് പൗരന്മാർ അവിടെനിന്നു മോഷ്ടിച്ചു കൊണ്ടുവരികയും ചെയ്തിരുന്ന ശൗലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികളെ അവരുടെ അടുക്കൽനിന്നു എടുത്തു. അങ്ങനെ അവൻ ശൗലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികളെ അവിടെനിന്നു വരുത്തി; തൂക്കിക്കൊന്നവരുടെ അസ്ഥികളെയും അവർ പെറുക്കിയെടുത്തു. ശൗലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികളെ അവർ ബെന്യാമീൻദേശത്തു സേലയിൽ അവന്റെ അപ്പനായ കീശിന്റെ കല്ലറയിൽ അടക്കംചെയ്തു; രാജാവു കല്പിച്ചതൊക്കെയും അവർ ചെയ്തു. അതിന്റെ ശേഷം ദൈവം ദേശത്തിന്റെ പ്രാർത്ഥനയെ കേട്ടരുളി.
2 ശമൂവേൽ 21:1-14 സമകാലിക മലയാളവിവർത്തനം (MCV)
ദാവീദിന്റെ ഭരണകാലത്ത് മൂന്നുവർഷം തുടർച്ചയായി ക്ഷാമമുണ്ടായി. അപ്പോൾ ദാവീദ് യഹോവയോട് അരുളപ്പാടു ചോദിച്ചു. അപ്പോൾ “ശൗലും രക്തപാതകമുള്ള അവന്റെ ഭവനവുംകാരണം ഈ വിധം സംഭവിച്ചിരിക്കുന്നു. ശൗൽ ഗിബെയോന്യരെ കൊന്നൊടുക്കിയതിന്റെ ഫലമാണിത്,” എന്ന് യഹോവ അരുളിച്ചെയ്തു. രാജാവ് ഗിബെയോന്യരെ വിളിച്ചുവരുത്തി അവരുമായി സംസാരിച്ചു (ഗിബെയോന്യർ ഇക്കാലത്ത് ഇസ്രായേലിന്റെ ഒരു ഭാഗമായിരുന്നില്ല; അവർ അമോര്യരുടെ ശേഷിപ്പായിരുന്നു. അവരെ ഉപദ്രവിക്കാതെ വിട്ടുകൊള്ളാമെന്ന് ഇസ്രായേൽക്കാർ ശപഥംചെയ്തിരുന്നു. എന്നാൽ ഇസ്രായേലിനോടും യെഹൂദയോടുമുള്ള അതിരുകടന്ന താത്പര്യംമൂലം ശൗൽ അവരെ ഉന്മൂലനംചെയ്യാൻ ശ്രമിച്ചു). ദാവീദ് ഗിബെയോന്യരോടു ചോദിച്ചു: “ഞാൻ നിങ്ങൾക്കുവേണ്ടി എന്തു ചെയ്തുതരണം? നിങ്ങൾ യഹോവയുടെ അവകാശമായ ഇസ്രായേലിനെ അനുഗ്രഹിക്കാൻ തക്കവണ്ണം ഞാൻ എന്തു പരിഹാരമാണു ചെയ്യേണ്ടത്?” ഗിബെയോന്യർ അദ്ദേഹത്തോടു മറുപടി പറഞ്ഞു: “ശൗലിൽനിന്നാകട്ടെ, അവന്റെ കുടുംബത്തിൽനിന്നാകട്ടെ, വെള്ളിയോ സ്വർണമോ ചോദിക്കുന്നത് ഞങ്ങൾക്കു ന്യായമല്ല; ഇസ്രായേലിൽ ഏതെങ്കിലും ഒരുവനെ മരണത്തിനേൽപ്പിക്കുന്നതും ഞങ്ങൾക്ക് ഉചിതമല്ല.” “ഞാൻ നിങ്ങൾക്കുവേണ്ടി എന്തു ചെയ്തുതരണമെന്നാണു നിങ്ങൾ ആഗ്രഹിക്കുന്നത്?” എന്ന് ദാവീദ് വീണ്ടും ചോദിച്ചു. അവർ രാജാവിനോടു മറുപടി പറഞ്ഞു: “ഞങ്ങൾ കൂട്ടമായി സംഹരിക്കപ്പെടുകയും ഇസ്രായേൽദേശത്തെങ്ങും ഞങ്ങൾക്കൊരു ഇടംകിട്ടാതെ പോകുകയും ചെയ്യത്തക്കവണ്ണം ഞങ്ങളെ നശിപ്പിക്കുകയും ഞങ്ങൾക്കെതിരേ ദുരാലോചന നടത്തുകയുംചെയ്ത ആ മനുഷ്യനുണ്ടല്ലോ! അയാളുടെ പിൻഗാമികളിൽ ഏഴു പുരുഷന്മാരെ ഞങ്ങൾക്കുതരിക. ഞങ്ങൾ അവരെക്കൊന്ന് യഹോവയുടെ വ്രതനായ ശൗലിന്റെ ഗിബെയയിൽ യഹോവയുടെമുമ്പാകെ തൂക്കിക്കളയും.” “ഞാൻ അവരെ നിങ്ങൾക്കു തരാം,” എന്നു രാജാവു മറുപടി പറഞ്ഞു. യഹോവയുടെമുമ്പാകെ ദാവീദും ശൗലിന്റെ മകനായ യോനാഥാനുംതമ്മിൽ ചെയ്ത ഉടമ്പടിയനുസരിച്ച് രാജാവ് ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്തിനെ ഒഴിവാക്കി. അവരോടൊപ്പം അയ്യാവിന്റെ മകളായ രിസ്പായിൽ ശൗലിനു ജനിച്ച രണ്ടു പുത്രന്മാരായ അർമോനിയെയും മെഫീബോശെത്തിനെയും അവരോടൊപ്പം ശൗലിന്റെ മകളായ മീഖൾ മെഹോലാത്യൻ ബർസില്ലായിയുടെ മകനായ അദ്രീയേലിന്നു പ്രസവിച്ച അഞ്ചു പുത്രന്മാരെയും രാജാവു ചേർത്തു. ഈ ഏഴുപേരെ അദ്ദേഹം ഗിബെയോന്യർക്ക് ഏൽപ്പിച്ചുകൊടുത്തു. അവർ അവരെ കൊന്ന് യഹോവയുടെമുമ്പാകെ മലയിൽ തൂക്കിയിട്ടു. അങ്ങനെ അവർ ഏഴുപേരും ഒരുമിച്ചു കൊല്ലപ്പെട്ടു. യവക്കൊയ്ത്തിന്റെ ആദ്യദിവസങ്ങളിലാണ് അവർ വധിക്കപ്പെട്ടത്. അയ്യാവിന്റെ മകളായ രിസ്പാ ചാക്കുശീലയെടുത്തു പാറപ്പുറത്തു വിരിച്ച് തനിക്കു കിടക്കയാക്കി. കൊയ്ത്തിന്റെ തുടക്കംമുതൽ ആകാശത്തുനിന്ന് ആ ശവശരീരങ്ങളുടെമേൽ മഴചൊരിയുന്നതുവരെ പകൽ ആകാശത്തിലെ പറവകളോ രാത്രിയിൽ വന്യമൃഗങ്ങളോ ആ ശരീരങ്ങളെ തൊടാൻ അവൾ സമ്മതിച്ചില്ല. ശൗലിന്റെ വെപ്പാട്ടിയായ അയ്യാവിന്റെ മകളായ രിസ്പാ ചെയ്തത് ദാവീദ് കേട്ടു. അപ്പോൾ അദ്ദേഹം ചെന്ന് യാബേശ്-ഗിലെയാദിലെ പൗരന്മാരിൽനിന്നു ശൗലിന്റെയും അദ്ദേഹത്തിന്റെ മകനായ യോനാഥാന്റെയും അസ്ഥികൾ കൊണ്ടുവന്നു (ഫെലിസ്ത്യർ ഗിൽബോവാ മലയിൽവെച്ച് ശൗലിനെ വധിച്ചശേഷം അദ്ദേഹത്തിന്റെയും യോനാഥാന്റെയും മൃതശരീരങ്ങൾ ബേത്-ശയാനിൽ കൊണ്ടുചെന്ന് പൊതു മൈതാനത്തിൽ തൂക്കിയിരുന്നു. യബേശ് നിവാസികൾ അവയെ അവിടെനിന്നു രഹസ്യമായി കൊണ്ടുവന്നിരുന്നു). അവിടെനിന്നു ദാവീദ് ശൗലിന്റെയും അദ്ദേഹത്തിന്റെ മകനായ യോനാഥാന്റെയും ഗിബെയയിൽവെച്ചു കൊന്നു തൂക്കപ്പെട്ടവരുടെയും അസ്ഥികളും ശേഖരിച്ചു. ബെന്യാമീൻദേശത്ത് സേലയിൽ, ശൗലിന്റെ പിതാവായ കീശിന്റെ കല്ലറയിൽ, ശൗലിന്റെയും യോനാഥാന്റെയും അസ്ഥികൾ അവർ സംസ്കരിച്ചു. രാജാവു കൽപ്പിച്ചതെല്ലാം അവർ ചെയ്തു. അതിനുശേഷം ദേശത്തിനുവേണ്ടിയുള്ള പ്രാർഥനയ്ക്ക് ദൈവം ഉത്തരമരുളി.