2 ശമൂവേൽ 19:1-43
2 ശമൂവേൽ 19:1-43 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
രാജാവ് അബ്ശാലോമിനെച്ചൊല്ലി ദുഃഖിച്ചു കരഞ്ഞുകൊണ്ടിരിക്കുന്നു എന്നു യോവാബ് കേട്ടു. എന്നാൽ രാജാവ് തന്റെ മകനെക്കുറിച്ചു വ്യസനിച്ചിരിക്കുന്നു എന്ന് ആ ദിവസം ജനം കേട്ടതുകൊണ്ട് അന്നത്തെ ജയം ജനത്തിനൊക്കെയും ദുഃഖമായിത്തീർന്നു. ആകയാൽ യുദ്ധത്തിൽ തോറ്റിട്ടു നാണിച്ച് ഒളിച്ചുവരുംപോലെ ജനം അന്നു പട്ടണത്തിലേക്ക് ഒളിച്ചുകടന്നു. രാജാവ് മുഖം മൂടി: എന്റെ മകനേ, അബ്ശാലോമേ, അബ്ശാലോമേ, എന്റെ മകനേ! എന്ന് ഉറക്കെ നിലവിളിച്ചുകൊണ്ടിരുന്നു. അപ്പോൾ യോവാബ് അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്നു പറഞ്ഞത്: ഇന്നു നിന്റെയും നിന്റെ പുത്രീപുത്രന്മാരുടെയും നിന്റെ ഭാര്യമാരുടെയും വെപ്പാട്ടികളുടെയും ജീവനെ രക്ഷിച്ചിരിക്കുന്ന നിന്റെ സകല ഭൃത്യന്മാരെയും നീ ഇന്നു ലജ്ജിപ്പിച്ചിരിക്കുന്നു; നിന്നെ പകയ്ക്കുന്നവരെ നീ സ്നേഹിക്കുന്നു; നിന്നെ സ്നേഹിക്കുന്നവരെ നീ പകയ്ക്കുന്നു. പ്രഭുക്കന്മാരും ഭൃത്യന്മാരും നിനക്ക് ഏതുമില്ല എന്നു നീ ഇന്നു കാണിച്ചിരിക്കുന്നു; അബ്ശാലോം ജീവിച്ചിരിക്കയും ഞങ്ങൾ എല്ലാവരും ഇന്നു മരിക്കയും ചെയ്തിരുന്നു എങ്കിൽ നിനക്കു നല്ല പ്രസാദമാകുമായിരുന്നു എന്ന് എനിക്ക് ഇന്നു മനസ്സിലായി. ആകയാൽ ഇപ്പോൾ എഴുന്നേറ്റു പുറത്തു വന്നു നിന്റെ ഭൃത്യന്മാരോടു സന്തോഷമായി സംസാരിക്ക; നീ പുറത്തു വരാത്തപക്ഷം യഹോവയാണ, ഈ രാത്രി ആരും നിന്നോടുകൂടെ താമസിക്കയില്ല; അതു നിന്റെ ബാല്യംമുതൽ ഇതുവരെ നിനക്കു ഭവിച്ചിട്ടുള്ള സകല അനർഥത്തെക്കാളും വലിയ അനർഥമായിത്തീരും. അങ്ങനെ രാജാവ് എഴുന്നേറ്റു പടിവാതിൽക്കൽ ഇരുന്നു. രാജാവ് പടിവാതിൽക്കൽ ഇരിക്കുന്നു എന്നു ജനത്തിനെല്ലാം അറിവു കിട്ടി; സകല ജനവും രാജാവിന്റെ മുമ്പിൽ വന്നു. യിസ്രായേല്യർ താന്താങ്ങളുടെ വീടുകളിലേക്ക് ഓടിപ്പോയിരുന്നു. എല്ലാ യിസ്രായേൽഗോത്രങ്ങളിലുമുള്ള ജനം ഒക്കെയും തമ്മിൽ തർക്കിച്ചു: രാജാവ് നമ്മെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷിച്ചു; ഫെലിസ്ത്യരുടെ കൈയിൽനിന്നു നമ്മെ വിടുവിച്ചതും അവൻതന്നെ. ഇപ്പോഴോ അബ്ശാലോം നിമിത്തം അവൻ നാടുവിട്ട് ഓടിപ്പോയിരിക്കുന്നു. നമുക്ക് രാജാവായി നാം അഭിഷേകം ചെയ്തിരുന്ന അബ്ശാലോമോ പടയിൽ പട്ടുപോയി. ആകയാൽ രാജാവിനെ തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ നിങ്ങൾ അനങ്ങാതിരിക്കുന്നത് എന്ത് എന്നു പറഞ്ഞു. അനന്തരം ദാവീദുരാജാവ് പുരോഹിതന്മാരായ സാദോക്കിന്റെയും അബ്യാഥാരിന്റെയും അടുക്കൽ ആളയച്ചു പറയിച്ചതെന്തെന്നാൽ: നിങ്ങൾ യെഹൂദാമൂപ്പന്മാരോടു പറയേണ്ടത്: രാജാവിനെ അരമനയിലേക്കു തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ നിങ്ങൾ പിമ്പന്മാരായി നില്ക്കുന്നത് എന്ത്? രാജാവിനെ അരമനയിലേക്കു തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ എല്ലാ യിസ്രായേലിന്റെയും സംസാരം അവന്റെ അടുക്കൽ എത്തിയിരിക്കുന്നു. നിങ്ങൾ എന്റെ സഹോദരന്മാർ; എന്റെ അസ്ഥിയും മാംസവും അല്ലോ. രാജാവിനെ മടക്കിവരുത്തുന്ന കാര്യത്തിൽ നിങ്ങൾ പിമ്പന്മാരായി നില്ക്കുന്നത് എന്ത്? നിങ്ങൾ അമാസയോട്: നീ എന്റെ അസ്ഥിയും മാംസവും അല്ലോ? നീ യോവാബിനു പകരം എപ്പോഴും എന്റെ മുമ്പിൽ സേനാപതിയായിരിക്കുന്നില്ല എങ്കിൽ ദൈവം തക്കവണ്ണവും അധികവും എന്നോടു ചെയ്യട്ടെ എന്നു പറവിൻ. ഇങ്ങനെ അവൻ സകല യെഹൂദാപുരുഷന്മാരുടെയും ഹൃദയം ഒന്നുപോലെ ആകർഷിച്ചു. ആകയാൽ അവർ: നീയും നിന്റെ സകല ഭൃത്യന്മാരും മടങ്ങിവരുവിൻ എന്നു രാജാവിന്റെ അടുക്കൽ പറഞ്ഞയച്ചു. അങ്ങനെ രാജാവ് മടങ്ങി യോർദ്ദാങ്കൽ എത്തി. രാജാവിനെ എതിരേറ്റ് യോർദ്ദാൻ കടത്തിക്കൊണ്ടുപോരേണ്ടതിനു യെഹൂദാപുരുഷന്മാർ ഗില്ഗാലിൽ ചെന്നു. ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകൻ ശിമെയിയും യെഹൂദാപുരുഷന്മാരോടുകൂടെ ദാവീദുരാജാവിനെ എതിരേല്പാൻ ബദ്ധപ്പെട്ടു ചെന്നു. അവനോടുകൂടെ ആയിരം ബെന്യാമീന്യരും ശൗലിന്റെ ഗൃഹവിചാരകനായ സീബയും അവന്റെ പതിനഞ്ചു പുത്രന്മാരും ഇരുപതു ഭൃത്യന്മാരും ഉണ്ടായിരുന്നു; അവർ രാജാവ് കാൺകെ യോർദ്ദാൻ കടന്നു ചെന്നു. രാജാവിന്റെ കുടുംബത്തെ ഇക്കരെ കടത്തേണ്ടതിനും അവന്റെ ഇഷ്ടംപോലെ ചെയ്യേണ്ടതിനും ചങ്ങാടം അക്കരെ ചെന്നിരുന്നു. അപ്പോൾ ഗേരയുടെ മകനായ ശിമെയി യോർദ്ദാൻ കടപ്പാൻ പോകുന്ന രാജാവിന്റെ മുമ്പിൽ വീണു രാജാവിനോടു: എന്റെ യജമാനൻ എന്റെ കുറ്റം എനിക്ക് കണക്കിടരുതേ; യജമാനനായ രാജാവ് യെരൂശലേമിൽനിന്നു പുറപ്പെട്ട ദിവസം അടിയൻ ചെയ്ത ദോഷം രാജാവ് മനസ്സിൽ വയ്ക്കയും ഓർക്കയും അരുതേ. അടിയൻ പാപം ചെയ്തിരിക്കുന്നു എന്ന് അറിയുന്നു; അതുകൊണ്ട് ഇതാ, യജമാനനായ രാജാവിനെ എതിരേല്ക്കേണ്ടതിന് ഇറങ്ങിവരുവാൻ യോസേഫിന്റെ സകല ഗൃഹത്തിലും വച്ച് അടിയൻ ഇന്നു മുമ്പനായി വന്നിരിക്കുന്നു എന്നു പറഞ്ഞു. എന്നാറെ സെരൂയയുടെ മകനായ അബീശായി: യഹോവയുടെ അഭിഷിക്തനെ ശപിച്ചിരിക്കുന്ന ശിമെയി അതു നിമിത്തം മരണശിക്ഷ അനുഭവിക്കേണ്ടയോ എന്നു ചോദിച്ചു. അതിനു ദാവീദ്: സെരൂയയുടെ പുത്രന്മാരേ, ഇന്നു നിങ്ങൾ എനിക്ക് എതിരികളാകേണ്ടതിന് എനിക്കും നിങ്ങൾക്കും തമ്മിൽ എന്ത്? ഇന്നു യിസ്രായേലിൽ ഒരുത്തനെ കൊല്ലാമോ? ഇന്നു ഞാൻ യിസ്രായേലിനു രാജാവെന്നു ഞാൻ അറിയുന്നില്ലയോ എന്നു പറഞ്ഞു. പിന്നെ ശിമെയിയോട്: നീ മരിക്കയില്ല എന്നു പറഞ്ഞു, രാജാവ് അവനോടു സത്യവും ചെയ്തു. ശൗലിന്റെ മകനായ മെഫീബോശെത്തും രാജാവിനെ എതിരേല്പാൻ വന്നു; രാജാവ് പോയ ദിവസംമുതൽ സമാധാനത്തോടെ മടങ്ങിവന്ന ദിവസംവരെ അവൻ തന്റെ കാലിനു രക്ഷ ചെയ്കയോ താടി ഒതുക്കുകയോ വസ്ത്രം അലക്കിക്കയോ ചെയ്തിരുന്നില്ല. എന്നാൽ അവൻ രാജാവിനെ എതിരേല്പാൻ യെരൂശലേമിൽനിന്നു വന്നപ്പോൾ രാജാവ് അവനോട്: മെഫീബോശെത്തേ, നീ എന്നോടുകൂടെ വരാതെയിരുന്നത് എന്ത് എന്നു ചോദിച്ചു. അതിന് അവൻ ഉത്തരം പറഞ്ഞത്: യജമാനനായ രാജാവേ, എന്റെ ഭൃത്യൻ എന്നെ ചതിച്ചു; കഴുതപ്പുറത്തു കയറി, രാജാവിനോടുകൂടെ പോകേണ്ടതിനു കോപ്പിടേണമെന്ന് അടിയൻ പറഞ്ഞു; അടിയൻ മുടന്തനല്ലോ. അവൻ യജമാനനായ രാജാവിനോട് അടിയനെക്കൊണ്ടു നുണയും പറഞ്ഞു; എങ്കിലും യജമാനനായ രാജാവ് ദൈവദൂതനു തുല്യൻ ആകുന്നു; തിരുമനസ്സിലെ ഇഷ്ടംപോലെ ചെയ്തുകൊൾക. യജമാനനായ രാജാവിന്റെ മുമ്പാകെ അടിയന്റെ പിതൃഭവനമൊക്കെയും മരണയോഗ്യർ ആയിരുന്നു; എങ്കിലും അടിയനെ അവിടുത്തെ മേശയിങ്കൽ ഭക്ഷിക്കുന്നവരുടെ കൂട്ടത്തിൽ ആക്കി; രാജാവിനോട് ആവലാതി പറവാൻ അടിയന് ഇനി എന്ത് അവകാശമുള്ളൂ? രാജാവ് അവനോട്: നീ നിന്റെ കാര്യം ഇനി അധികം പറയുന്നത് എന്തിന്? നീയും സീബയും നിലം പകുത്തെടുത്തുകൊൾവിൻ എന്നു ഞാൻ കല്പിക്കുന്നു എന്നു പറഞ്ഞു. മെഫീബോശെത്ത് രാജാവിനോട്: അല്ല, അവൻതന്നെ മുഴുവനും എടുത്തുകൊള്ളട്ടെ; യജമാനനായ രാജാവ് സമാധാനത്തോടെ അരമനയിൽ എത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. ഗിലെയാദ്യനായ ബർസില്ലായിയും രോഗെലീമിൽനിന്നു വന്നു, രാജാവിനെ യോർദ്ദാനക്കരെ കടത്തി യാത്ര അയപ്പാൻ അവനോടുകൂടെ യോർദ്ദാൻ കടന്നു. ബർസില്ലായിയോ എൺപതു വയസ്സുള്ളൊരു വയോധികനായിരുന്നു; രാജാവ് മഹനയീമിൽ പാർത്തിരുന്ന കാലത്ത് അവൻ ഭക്ഷണസാധനങ്ങൾ അയച്ചുകൊടുത്തു; അവൻ മഹാധനികൻ ആയിരുന്നു. രാജാവ് ബർസില്ലായിയോട്: എന്നോടുകൂടെ പോരുക; ഞാൻ നിന്നെ യെരൂശലേമിൽ എന്റെ അടുക്കൽ പാർപ്പിച്ചു രക്ഷിക്കും എന്നു പറഞ്ഞു. ബർസില്ലായി രാജാവിനോടു പറഞ്ഞതെന്തെന്നാൽ: ഞാൻ രാജാവിനോടുകൂടെ യെരൂശലേമിൽ വരുന്നതെന്തിന്? ഞാൻ ഇനി എത്രനാൾ ജീവിച്ചിരിക്കും? എനിക്ക് ഇന്ന് എൺപതു വയസ്സായിരിക്കുന്നു; നല്ലതും ആകാത്തതും എനിക്കു തിരിച്ചറിയാമോ? ഭക്ഷണപാനങ്ങളുടെ സ്വാദ് അടിയന് അറിയാമോ? സംഗീതക്കാരുടെയും സംഗീതക്കാരത്തികളുടെയും സ്വരം എനിക്ക് ഇനി കേട്ടു രസിക്കാമോ? അടിയൻ യജമാനനായ രാജാവിനു ഭാരമായിത്തീരുന്നത് എന്തിന്? അടിയൻ രാജാവിനോടുകൂടെ യോർദ്ദാൻ കടപ്പാനേ വിചാരിച്ചുള്ളൂ; രാജാവ് ഇതിനായി എനിക്ക് ഈവിധം പ്രത്യുപകാരം ചെയ്യുന്നത് എന്തിന്? എന്റെ പട്ടണത്തിൽ എന്റെ അപ്പന്റെയും അമ്മയുടെയും കല്ലറയുടെ അടുക്കൽവച്ചു മരിക്കേണ്ടതിന് അടിയൻ വിടകൊള്ളട്ടെ; എന്നാൽ നിന്റെ ദാസനായ കിംഹാം ഇതാ; അവൻ യജമാനനായ രാജാവിനോടുകൂടെ പോരട്ടെ; നിനക്കു പ്രസാദമായത് അവനു ചെയ്തുകൊടുത്താലും. അതിനു രാജാവ്: കിംഹാം എന്നോടുകൂടെ പോരട്ടെ; നിന്റെ ഇഷ്ടപ്രകാരം ഞാൻ അവനു ചെയ്തുകൊടുക്കാം; നീ എന്നോട് ആവശ്യപ്പെടുന്നതൊക്കെയും ഞാൻ നിനക്കായി ചെയ്യും എന്നു പറഞ്ഞു. പിന്നെ സകല ജനവും യോർദ്ദാൻ കടന്നു. രാജാവ് യോർദ്ദാൻ കടന്നശേഷം ബർസില്ലായിയെ ചുംബനം ചെയ്ത് അനുഗ്രഹിച്ചു; അവൻ സ്വദേശത്തേക്കു മടങ്ങിപ്പോയി. രാജാവ് ഗില്ഗാലിൽ ചെന്നു; കിംഹാമും അവനോടുകൂടെ പോയി; യെഹൂദാജനമൊക്കെയും യിസ്രായേൽജനം പാതിയുംകൂടി രാജാവിനെ ഇക്കരെ കൊണ്ടുവന്നു. അപ്പോൾ യിസ്രായേൽപുരുഷന്മാർ ഒക്കെയും രാജാവിന്റെ അടുക്കൽ വന്നു രാജാവിനോട്: ഞങ്ങളുടെ സഹോദരന്മാരായ യെഹൂദാപുരുഷന്മാർ രാജാവിനെയും അവന്റെ കുടുംബത്തെയും ദാവീദിന്റെ സകല പരിചാരകന്മാരെയും മോഷ്‍ടിച്ചു കൊണ്ടുവന്ന് യോർദ്ദാൻ കടത്തിയത് എന്ത് എന്നു പറഞ്ഞു. അതിന് യെഹൂദാപുരുഷന്മാരൊക്കെയും യിസ്രായേൽ പുരുഷന്മാരോട്: രാജാവ് ഞങ്ങൾക്ക് അടുത്ത ചാർച്ചക്കാരൻ ആകകൊണ്ടു തന്നെ; അതിനു നിങ്ങൾ കോപിക്കുന്നത് എന്തിന്? ഞങ്ങൾ രാജാവിന്റെ വക വല്ലതും തിന്നുവോ? അവൻ ഞങ്ങൾക്കു വല്ല സമ്മാനവും തന്നുവോ എന്ന് ഉത്തരം പറഞ്ഞു. യിസ്രായേൽപുരുഷന്മാർ യെഹൂദാപുരുഷന്മാരോട്: രാജാവിങ്കൽ ഞങ്ങൾക്കു പത്ത് ഓഹരി ഉണ്ട്; ദാവീദിങ്കൽ ഞങ്ങൾക്കു നിങ്ങളെക്കാൾ അധികം അവകാശവും ഉണ്ട്; നിങ്ങൾ ഞങ്ങളെ ധിക്കരിച്ചത് എന്ത്? ഞങ്ങളുടെ രാജാവിനെ തിരികെ കൊണ്ടുവരേണ്ടതിന് ഞങ്ങളല്ലയോ ആദ്യം പറഞ്ഞത് എന്ന് ഉത്തരം പറഞ്ഞു. എന്നാൽ യെഹൂദാപുരുഷന്മാരുടെ വാക്ക് യിസ്രായേൽ പുരുഷന്മാരുടെ വാക്കിനേക്കാൾ അധികം കഠിനമായിരുന്നു.
2 ശമൂവേൽ 19:1-43 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അബ്ശാലോമിനെക്കുറിച്ച് ദാവീദു വിലപിക്കുന്ന വിവരം യോവാബ് അറിഞ്ഞു. തന്റെ മകനെ ഓർത്തു രാജാവു ദുഃഖിക്കുന്നു എന്നു കേട്ടതിനാൽ ദാവീദിന്റെ സൈനികർക്ക് അന്നത്തെ വിജയം ദുഃഖമായിത്തീർന്നു. അതുകൊണ്ട് യുദ്ധത്തിൽ തോറ്റോടി ലജ്ജിതരായി വരുന്നതുപോലെയാണ് അന്നവർ പട്ടണത്തിലേക്കു മടങ്ങിവന്നത്. രാജാവ് മുഖം പൊത്തിപ്പിടിച്ചുകൊണ്ട്: “എന്റെ മകനേ അബ്ശാലോമേ, അബ്ശാലോമേ എന്റെ മകനേ” എന്നു നിലവിളിച്ചുകൊണ്ടിരുന്നു. യോവാബ് കൊട്ടാരത്തിൽ രാജാവിന്റെ അടുക്കൽ ചെന്നു പറഞ്ഞു: “അങ്ങയുടെയും അങ്ങയുടെ പുത്രീപുത്രന്മാരുടെയും ഭാര്യമാരുടെയും ഉപഭാര്യമാരുടെയും ജീവൻ രക്ഷിച്ച അങ്ങയുടെ സകല ഭൃത്യന്മാരെയും ഇന്ന് അങ്ങു ലജ്ജിപ്പിച്ചിരിക്കുകയാണ്. സ്നേഹിക്കുന്നവരെ അങ്ങു ദ്വേഷിക്കുകയും ദ്വേഷിക്കുന്നവരെ അങ്ങു സ്നേഹിക്കുകയുമാണു ചെയ്യുന്നത്. അങ്ങയുടെ സേനാനായകന്മാരും സൈനികരും അങ്ങേക്ക് ഒന്നുമല്ല എന്ന് ഇന്നു തെളിയിച്ചിരിക്കുന്നു; അബ്ശാലോം ജീവിച്ചിരിക്കുകയും ഞങ്ങളെല്ലാവരും മരിക്കുകയും ചെയ്തിരുന്നെങ്കിൽ അങ്ങേക്കു സന്തോഷമാകുമായിരുന്നു എന്നു ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു. അതുകൊണ്ട് എഴുന്നേറ്റ് പുറത്തുവന്നു ഭൃത്യന്മാരോടു ദയാപൂർവം സംസാരിക്കുക. അല്ലെങ്കിൽ ഈ രാത്രിയിൽ അവരിൽ ഒരാൾപോലും അങ്ങയുടെ കൂടെ പാർക്കാൻ ഉണ്ടായിരിക്കുകയില്ലെന്നു സർവേശ്വരന്റെ നാമത്തിൽ ഞാൻ സത്യം ചെയ്യുന്നു. അത് അങ്ങയുടെ ബാല്യംമുതൽ ഇന്നുവരെ ഉണ്ടായിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ അനർഥമായിരിക്കും.” അപ്പോൾ രാജാവു എഴുന്നേറ്റു നഗരവാതില്‌ക്കൽ ഇരുന്നു. രാജാവ് പടിവാതില്ക്കൽ ഇരിക്കുന്നു എന്നുള്ള വിവരം അറിഞ്ഞ് ജനമെല്ലാം അദ്ദേഹത്തിന്റെ മുമ്പിൽ വന്നുകൂടി. ഇസ്രായേല്യർ അവരവരുടെ വീടുകളിലേക്ക് ഓടിപ്പോയിരുന്നു. ഇസ്രായേലിലെ സകല ഗോത്രങ്ങളിലുമുള്ളവർ പരസ്പരം പറഞ്ഞു: “രാജാവ് നമ്മെ ശത്രുക്കളുടെയും ഫെലിസ്ത്യരുടെയും കൈയിൽനിന്നു രക്ഷിച്ചു. ഇപ്പോഴാകട്ടെ, അദ്ദേഹം അബ്ശാലോമിനെ പേടിച്ചു നാടുവിട്ട് ഓടിയിരിക്കുകയാണ്. നാം രാജാവായി അഭിഷേകം ചെയ്ത അബ്ശാലോമാകട്ടെ യുദ്ധത്തിൽ മരിച്ചു. അതുകൊണ്ട് ദാവീദുരാജാവിനെ തിരിച്ചുകൊണ്ടുവരുന്നതിനെക്കുറിച്ച് ആരും പറയാത്തതെന്ത്?” ഇതറിഞ്ഞ് ദാവീദ് പുരോഹിതന്മാരായ സാദോക്കിനും അബ്യാഥാരിനും ഒരു സന്ദേശം അയച്ചു: “നിങ്ങൾ യെഹൂദാപ്രമാണികളോട് ഇങ്ങനെ പറയണം: ഇസ്രായേൽജനതയുടെ മുഴുവൻ അഭിപ്രായം രാജസന്നിധിയിൽ എത്തിയിരിക്കെ രാജാവിനെ കൊട്ടാരത്തിലേക്കു തിരിച്ചുകൊണ്ടുപോകുന്ന കാര്യത്തിൽ നിങ്ങൾ മുൻകൈയെടുക്കാത്തതെന്ത്? നിങ്ങൾ എല്ലാവരും എന്റെ ബന്ധുക്കളല്ലേ? എന്റെ അസ്ഥിയിലും മാംസത്തിലും നിന്നുള്ളവർ! എന്നെ തിരിച്ചുകൊണ്ടുപോകാൻ അവസാനം വരേണ്ടവർ നിങ്ങളാണോ? അമാസയോടു പറയുക: നീ എന്റെ അസ്ഥിയും മാംസവും അല്ലേ? യോവാബിന്റെ സ്ഥാനത്തു നിന്നെ ഞാൻ സൈന്യാധിപനായി നിയമിച്ചില്ലെങ്കിൽ സർവേശ്വരൻ എന്നെ ശിക്ഷിച്ചുകൊള്ളട്ടെ.” ദാവീദിന്റെ ഈ സന്ദേശം യെഹൂദ്യയിലുള്ള സകലരുടെയും ഹൃദയം കവർന്നു. “അങ്ങ് ഭൃത്യന്മാരോടൊപ്പം മടങ്ങിവരിക” എന്ന് അവർ രാജാവിനെ അറിയിച്ചു. അങ്ങനെ രാജാവ് യോർദ്ദാനിൽ മടങ്ങിയെത്തി; അദ്ദേഹത്തെ എതിരേറ്റു നദി കടത്തിക്കൊണ്ടുവരാൻ യെഹൂദ്യയിലെ ജനങ്ങൾ ഗില്ഗാലിൽ എത്തിയിരുന്നു. ബഹൂരീമിലെ ബെന്യാമീൻഗോത്രക്കാരനായ ശിമെയിയും ദാവീദിനെ എതിരേല്‌ക്കാൻ അവരോടൊപ്പം തിടുക്കത്തിൽ ചെന്നു. അയാളുടെ കൂടെ ബെന്യാമീൻഗോത്രക്കാരായ ആയിരം പേരും ഉണ്ടായിരുന്നു. ശൗലിന്റെ ഗൃഹവിചാരകനായ സീബ പതിനഞ്ചു പുത്രന്മാരോടും ഇരുപതു ഭൃത്യന്മാരോടും കൂടി യോർദ്ദാനിൽ രാജാവ് വരുന്നതിനു മുമ്പുതന്നെ എത്തിയിരുന്നു. രാജാവിന്റെ കുടുംബാംഗങ്ങളെ ഇക്കരെ കടത്താനും അദ്ദേഹത്തിന്റെ ഇംഗിതം നിറവേറ്റാനുമായി അവർ നദി കടന്നുചെന്നു. ഗേരയുടെ പുത്രനായ ശിമെയി യോർദ്ദാൻനദി കടക്കാൻ ഒരുങ്ങുന്ന രാജാവിന്റെ മുമ്പിൽ വീണു നമസ്കരിച്ചു. അയാൾ രാജാവിനോട് അപേക്ഷിച്ചു: “എന്റെ യജമാനനേ, അങ്ങ് യെരൂശലേം വിട്ടുപോയ ദിവസം അടിയൻ ചെയ്ത കുറ്റം ക്ഷമിക്കണമേ; അതു തിരുമേനി ഓർക്കരുതേ. എനിക്ക് തെറ്റുപറ്റിയെന്നു ഞാൻ സമ്മതിക്കുന്നു; അതുകൊണ്ട് യജമാനനെ എതിരേല്‌ക്കാൻ യോസേഫിന്റെ ഗോത്രത്തിൽനിന്നു മറ്റാരെക്കാളും മുമ്പായി അടിയൻ എത്തിയിരിക്കുന്നു.” അപ്പോൾ സെരൂയായുടെ പുത്രൻ അബീശായി പറഞ്ഞു: “സർവേശ്വരന്റെ അഭിഷിക്തനെ ശപിച്ച ശിമെയിയെ വധിക്കേണ്ടതല്ലേ?” എന്നാൽ രാജാവ് പറഞ്ഞു: “സെരൂയായുടെ പുത്രന്മാരേ, നിങ്ങൾക്ക് ഇതിൽ എന്തു കാര്യം? നിങ്ങൾ എന്റെ എതിരാളികൾ ആവുകയാണോ? ഞാൻ തന്നെയാണല്ലോ ഇസ്രായേലിന്റെ രാജാവ്. ഇന്ന് ഒരു ഇസ്രായേല്യനെയും കൊല്ലാൻ പാടില്ല.” പിന്നീട് രാജാവ് ശിമെയിയോടു ശപഥം ചെയ്തു: “നീ മരിക്കുകയില്ല.” ശൗലിന്റെ പൗത്രനായ മെഫീബോശെത്തും രാജാവിനെ എതിരേല്‌ക്കാൻ വന്നു. രാജാവ് യെരൂശലേം വിട്ടുപോയതിനുശേഷം സുരക്ഷിതനായി തിരികെ വരുന്നതുവരെ അവൻ കാലുകൾ കഴുകുകയോ, താടി കത്രിക്കുകയോ വസ്ത്രം അലക്കുകയോ ചെയ്തിരുന്നില്ല. അയാൾ യെരൂശലേമിൽനിന്നു തന്നെ എതിരേല്‌ക്കാൻ വന്നപ്പോൾ രാജാവു ചോദിച്ചു: “മെഫീബോശെത്തേ, നീ എന്റെകൂടെ പോരാഞ്ഞതെന്ത്?” അയാൾ പറഞ്ഞു: “യജമാനനേ, അടിയൻ മുടന്തനാണെന്ന് അങ്ങേക്ക് അറിയാമല്ലോ. അങ്ങയുടെ കൂടെ പോരാൻ കഴുതയെ ഒരുക്കണമെന്ന് അടിയൻ ഭൃത്യനോടു പറഞ്ഞെങ്കിലും അവൻ എന്നെ ചതിച്ചു. അടിയനെപ്പറ്റി അങ്ങയോടു നുണയും പറഞ്ഞു. എന്നാൽ അങ്ങ് അടിയനു ദൈവദൂതനെപ്പോലെയാണ്; അങ്ങയുടെ ഇഷ്ടംപോലെ എന്നോട് ചെയ്തുകൊള്ളുക. അങ്ങയുടെ മുമ്പാകെ അടിയന്റെ ഭവനക്കാരെല്ലാവരും വധിക്കപ്പെടേണ്ടവരായിരുന്നു; എങ്കിലും അങ്ങയുടെ കൂടെ ഭക്ഷണം കഴിക്കുന്നവരോടൊപ്പം അടിയന് സ്ഥാനം നല്‌കി. അങ്ങയോട് അപേക്ഷിക്കാൻ എനിക്ക് എന്ത് അവകാശമാണുള്ളത്?” രാജാവ് അയാളോട്: “നീ എന്തിന് ഏറെ പറയുന്നു? നീയും സീബയും കൂടി ശൗലിന്റെ ഭൂസ്വത്തുക്കൾ പങ്കിട്ടുകൊള്ളുക.” മെഫീബോശെത്ത് രാജാവിനോടു പറഞ്ഞു: “അവയെല്ലാം അവൻ എടുത്തുകൊള്ളട്ടെ. അങ്ങു സുരക്ഷിതനായി കൊട്ടാരത്തിൽ മടങ്ങി എത്തിയല്ലോ; എനിക്കതുമതി.” ഗിലെയാദുകാരനായ ബർസില്ലായിയും രാജാവിനെ യോർദ്ദാൻനദി കടത്തിവിടാൻ രോഗെലീമിൽനിന്നു വന്നിരുന്നു. അയാൾ എൺപതു വയസ്സുള്ള വൃദ്ധനായിരുന്നു. രാജാവ് മഹനയീമിൽ പാർത്തിരുന്ന കാലത്തു ധനികനായ അയാൾ ഭക്ഷണസാധനങ്ങൾ അദ്ദേഹത്തിനു നല്‌കിയിരുന്നു. “എന്റെ കൂടെ യെരൂശലേമിലേക്കു വരിക; ഞാൻ നിന്നെ സംരക്ഷിച്ചുകൊള്ളാം” എന്നു രാജാവ് അയാളോടു പറഞ്ഞു. ബർസില്ലായി പറഞ്ഞു: “ഞാൻ അങ്ങയുടെ കൂടെ യെരൂശലേമിലേക്കു വരുന്നതെന്തിന്? ഞാനിനി എത്രനാൾ ജീവിച്ചിരിക്കും? എനിക്കിപ്പോൾ എൺപതു വയസ്സായി. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവ് എനിക്കില്ല. ഭക്ഷണപാനീയങ്ങളുടെ സ്വാദും അറിഞ്ഞുകൂടാ; ഗായകന്റെയോ ഗായികയുടെയോ ഗാനം കേട്ട് ആസ്വദിക്കാനും കഴിവില്ല. ഞാൻ വന്ന് എന്റെ യജമാനനെ കൂടുതൽ ഭാരപ്പെടുത്തുന്നത് എന്തിന്? അങ്ങ് എനിക്ക് ഇത്ര വലിയ പ്രത്യുപകാരം തരുന്നതെന്തിന്? ഞാൻ അങ്ങയോടൊപ്പം യോർദ്ദാനക്കരെ കുറച്ചു ദൂരംവരെ വരാം. പിന്നീട് മടങ്ങിപ്പോരാൻ അങ്ങ് എന്നെ അനുവദിച്ചാലും. എന്റെ സ്വന്തം പട്ടണത്തിൽ, എന്റെ മാതാപിതാക്കളുടെ കല്ലറയ്‍ക്കടുത്തുതന്നെ ഞാനും വിശ്രമിക്കട്ടെ. ഇതാ, അങ്ങയുടെ ദാസനായ കിംഹാം; അവൻ അങ്ങയുടെകൂടെ പോരട്ടെ; അങ്ങേക്ക് ഇഷ്ടമുള്ളത് അവനു ചെയ്തുകൊടുത്താലും.” രാജാവു പ്രതിവചിച്ചു: “കിംഹാം എന്നോടുകൂടെ പോരട്ടെ; നിനക്കു നല്ലതെന്നു തോന്നുന്നതെന്തും ഞാൻ അവനു ചെയ്തുകൊടുക്കാം. നീ എന്നിൽനിന്ന് ആഗ്രഹിക്കുന്നതെന്തും ഞാൻ നിനക്കും ചെയ്തുതരും.” ജനമെല്ലാം യോർദ്ദാൻ കടന്നു; രാജാവും മറുകരയിൽ എത്തി. അദ്ദേഹം ബർസില്ലായിയെ ചുംബിച്ച് ആശീർവദിച്ചു. ബർസില്ലായി സ്വന്തഭവനത്തിലേക്കു മടങ്ങിപ്പോയി. രാജാവ് ഗില്ഗാലിലേക്കു പോയി; കിംഹാമും കൂടെ ഉണ്ടായിരുന്നു. സകല യെഹൂദ്യരും ഇസ്രായേൽജനത്തിൽ പകുതി ആളുകളും രാജാവിന് അകമ്പടി സേവിച്ചു. അപ്പോൾ ഇസ്രായേൽജനമെല്ലാം രാജാവിന്റെ സമീപത്തു ചെന്നു ചോദിച്ചു: “ഞങ്ങളുടെ സഹോദരരായ യെഹൂദ്യർ അങ്ങയെയും കുടുംബത്തെയും എല്ലാ പരിചാരകരെയും രഹസ്യമായി യോർദ്ദാൻ കടത്തിക്കൊണ്ടു പോയത് എന്ത്?” അപ്പോൾ യെഹൂദ്യർ ഇസ്രായേല്യരോടു പറഞ്ഞു: “രാജാവ് ഞങ്ങളുടെ അടുത്ത ചാർച്ചക്കാരനായതുകൊണ്ടാണ് അങ്ങനെ ചെയ്തത്. അതിനു നിങ്ങൾ എന്തിനു കോപിക്കുന്നു? രാജാവിന്റെ ചെലവിൽ ഞങ്ങൾ വല്ലതും ഭക്ഷിച്ചോ? അദ്ദേഹം ഞങ്ങൾക്കു വല്ല സമ്മാനവും തന്നോ?” ഇസ്രായേല്യർ മറുപടി പറഞ്ഞു: “അദ്ദേഹം നിങ്ങളിൽ ഒരാൾ ആണെങ്കിലും രാജാവിന്റെ അടുക്കൽ ഞങ്ങൾക്കു പത്ത് ഓഹരിയുണ്ട്. എന്നിട്ടും എന്തുകൊണ്ട് നിങ്ങൾ ഞങ്ങളെ അവഗണിച്ചു? രാജാവിനെ മടക്കിക്കൊണ്ടു വരുന്ന കാര്യം ആദ്യം പറഞ്ഞതു ഞങ്ങളല്ലേ?” യെഹൂദ്യരുടെ വാക്കുകൾ ഇസ്രായേല്യരുടേതിലും പരുഷമായിരുന്നു.
2 ശമൂവേൽ 19:1-43 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
രാജാവ് അബ്ശാലോമിനെച്ചൊല്ലി ദുഃഖിച്ചുകരഞ്ഞുകൊണ്ടിരിക്കുന്നു എന്നു യോവാബ് കേട്ടു. എന്നാൽ രാജാവ് തന്‍റെ മകനെക്കുറിച്ച് വ്യസനിച്ചിരിക്കുന്നു എന്നു ആ ദിവസം ജനം കേട്ടതുകൊണ്ട് അന്നത്തെ ജയം ജനങ്ങൾക്കെല്ലാം ദുഃഖമായ്തീർന്നു. ആകയാൽ യുദ്ധത്തിൽ തോറ്റോടി നാണിച്ച് ഒളിച്ചുവരുന്നതുപോലെ ജനം അന്ന് പട്ടണത്തിലേക്ക് ഒളിച്ചുകടന്നു. രാജാവ് മുഖം മൂടി: “എന്റെ മകനേ അബ്ശാലോമേ! അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ!” എന്നു ഉറക്കെ നിലവിളിച്ചുകൊണ്ടിരുന്നു. അപ്പോൾ യോവാബ് അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്നു പറഞ്ഞത്: “ഇന്ന് നിന്‍റെയും നിന്റെ പുത്രീപുത്രന്മാരുടെയും നിന്റെ ഭാര്യമാരുടെയും വെപ്പാട്ടികളുടെയും ജീവനെ രക്ഷിച്ചിരിക്കുന്ന നിന്റെ സകലഭൃത്യന്മാരെയും നീ ഇന്ന് ലജ്ജിപ്പിച്ചിരിക്കുന്നു; നീ ശത്രുക്കളെ സ്നേഹിക്കുകയും സ്നേഹിതരെ വെറുക്കുകയും ചെയ്യുന്നു. പ്രഭുക്കന്മാരും ഭൃത്യന്മാരും നിനക്ക് ഒന്നുമല്ല എന്നു നീ ഇന്ന് കാണിച്ചിരിക്കുന്നു; അബ്ശാലോം ജീവിച്ചിരിക്കുകയും ഞങ്ങൾ എല്ലാവരും ഇന്ന് മരിക്കുകയും ചെയ്തിരുന്നു എങ്കിൽ നിനക്ക് നല്ല പ്രസാദമാകുമായിരുന്നു എന്നു എനിക്ക് ഇന്ന് മനസ്സിലായി. ആകയാൽ ഇപ്പോൾ എഴുന്നേറ്റ് പുറത്തു വന്നു നിന്‍റെ ഭൃത്യന്മാരോട് സന്തോഷമായി സംസാരിക്കുക; നീ പുറത്തു വരാതിരുന്നാൽ യഹോവയാണ, ഈ രാത്രി ആരും നിന്നോടുകൂടെ താമസിക്കുകയില്ല; അത് നിന്‍റെ യൗവനംമുതൽ ഇന്നുവരെ നിനക്ക് ഭവിച്ചിട്ടുള്ള സകലഅനർത്ഥത്തെക്കാളും വലിയതായിരിക്കും.” അപ്പോൾ രാജാവ് എഴുന്നേറ്റ് പടിവാതില്ക്കൽ ഇരുന്നു. രാജാവ് പടിവാതില്ക്കൽ ഇരിക്കുന്നു എന്നു ജനത്തിനെല്ലാം അറിവ് കിട്ടി; സകലജനവും രാജാവിന്റെ മുമ്പിൽ വന്നു. യിസ്രായേല്യർ അവരവരുടെ വീടുകളിലേക്ക് ഓടിപ്പോയിരുന്നു. എല്ലാ യിസ്രായേൽ ഗോത്രങ്ങളിലുമുള്ള ജനം ഒക്കെയും തമ്മിൽ തർക്കിച്ചു: “രാജാവ് നമ്മെ നമ്മുടെ ശത്രുക്കളുടെ കയ്യിൽനിന്ന് രക്ഷിച്ചു; അവൻ ഫെലിസ്ത്യരുടെ കയ്യിൽനിന്ന് നമ്മെ വിടുവിച്ചു. ഇപ്പോഴോ അബ്ശാലോം നിമിത്തം അവൻ നാട്ടിൽനിന്ന് ഓടിപ്പോയിരിക്കുന്നു. നമുക്ക് രാജാവായി നാം അഭിഷേകം ചെയ്ത അബ്ശാലോമോ യുദ്ധത്തിൽ കൊല്ലപ്പെട്ടു. ആകയാൽ രാജാവിനെ തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് നിങ്ങൾ ഒന്നും പറയാതിരിക്കുന്നത് എന്ത്?” എന്നു പറഞ്ഞു. പിന്നീട് ദാവീദ് രാജാവ് പുരോഹിതന്മാരായ സാദോക്കിന്റെയും അബ്യാഥാരിന്റെയും അടുക്കൽ ആളയച്ച് പറയിച്ചത്: “നിങ്ങൾ യെഹൂദാമൂപ്പന്മാരോട് പറയേണ്ടത്: രാജാവിനെ അരമനയിലേക്ക് തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ എല്ലാ യിസ്രായേലിന്റെയും സംസാരം അവന്റെ അടുക്കൽ എത്തിയിരിക്കുന്നു. നിങ്ങൾ രാജാവിനെ അരമനയിലേക്ക് തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ നിങ്ങൾ പിമ്പന്മാരായി നില്ക്കുന്നത് എന്ത്? നിങ്ങൾ എന്റെ സഹോദരന്മാർ; എന്റെ അസ്ഥിയും മാംസവും അല്ലയോ?. രാജാവിനെ മടക്കിവരുത്തുന്ന കാര്യത്തിൽ നിങ്ങൾ പിമ്പന്മാരായി നില്ക്കുന്നത് എന്ത്?” നിങ്ങൾ അമാസയോട്: “നീ എന്റെ അസ്ഥിയും മാംസവും അല്ലോ? നീ യോവാബിന് പകരം എപ്പോഴും എന്റെ മുമ്പിൽ സേനാപതിയായിരിക്കുന്നില്ല എങ്കിൽ ദൈവം ഇതും ഇതിലധികവും എന്നോട് ചെയ്യട്ടെ” എന്നു പറയുവിൻ. ഇങ്ങനെ അവൻ സകല യെഹൂദാപുരുഷന്മാരുടെയും ഹൃദയം ഒന്നുപോലെ ആകർഷിച്ചു. ആകയാൽ അവർ: “നീയും നിന്റെ സകലഭൃത്യന്മാരും മടങ്ങിവരുവിൻ” എന്നു രാജാവിന്റെ അടുക്കൽ പറഞ്ഞയച്ചു. അങ്ങനെ രാജാവ് മടങ്ങി യോർദ്ദാനിൽ എത്തി. രാജാവിനെ എതിരേറ്റ് യോർദ്ദാൻ കടത്തിക്കൊണ്ടുപോരേണ്ടതിന് യെഹൂദാപുരുഷന്മാർ ഗില്ഗാലിൽ ചെന്നു. ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകൻ ശിമെയിയും യെഹൂദാപുരുഷന്മാരോടുകൂടി ദാവീദ് രാജാവിനെ എതിരേല്ക്കുവാൻ ബദ്ധപ്പെട്ടു ചെന്നു. അവനോടുകൂടെ ആയിരം ബെന്യാമീന്യരും ശൗലിന്റെ ഗൃഹവിചാരകനായ സീബയും അവന്‍റെ പതിനഞ്ചുപുത്രന്മാരും ഇരുപതു ഭൃത്യന്മാരും ഉണ്ടായിരുന്നു; അവർ രാജാവ് കാൺകെ യോർദ്ദാൻ കടന്നുചെന്നു. രാജാവിന്റെ കുടുംബത്തെ ഇക്കരെ കടത്തേണ്ടതിനും അവന്റെ ഇഷ്ടംപോലെ ചെയ്യേണ്ടതിനും ചങ്ങാടം അക്കരെ ചെന്നിരുന്നു. അപ്പോൾ ഗേരയുടെ മകനായ ശിമെയി യോർദ്ദാൻ കടക്കുവാൻ പോകുന്ന രാജാവിന്റെ മുമ്പിൽ വീണു രാജാവിനോട്: “എന്‍റെ യജമാനൻ എന്റെ കുറ്റം എനിക്ക് കണക്കിടരുതേ; എന്‍റെ യജമാനനായ രാജാവ് യെരൂശലേമിൽനിന്ന് പുറപ്പെട്ട ദിവസം അടിയൻ ചെയ്ത ദോഷം രാജാവ് മനസ്സിൽ വയ്ക്കുകയും ഓർക്കുകയും അരുതേ. അടിയൻ പാപം ചെയ്തിരിക്കുന്നു എന്നു അറിയുന്നു; അതുകൊണ്ട് അടിയൻ ഇതാ, എന്‍റെ യജമാനനായ രാജാവിനെ എതിരേല്‍ക്കേണ്ടത്തിന് ഇറങ്ങിവരുവാൻ യോസേഫിന്‍റെ സകലഗൃഹത്തെക്കാളും മുമ്പനായി ഇന്ന് വന്നിരിക്കുന്നു” എന്നു പറഞ്ഞു. എന്നാൽ സെരൂയയുടെ മകനായ അബീശായി: “യഹോവയുടെ അഭിഷിക്തനെ ശപിച്ചിരിക്കുന്ന ശിമെയി അതുനിമിത്തം മരണശിക്ഷ അനുഭവിക്കേണ്ടതല്ലയോ?” എന്നു ചോദിച്ചു. അതിന് ദാവീദ്: “സെരൂയയുടെ പുത്രന്മാരേ, ഇന്ന് നിങ്ങൾ എനിക്ക് എതിരാളികളാകേണ്ടതിന് ഞാൻ നിങ്ങളോട് എന്തുചെയ്തു? ഇന്ന് യിസ്രായേലിൽ ഒരുവനെ കൊല്ലാമോ? ഇന്ന് ഞാൻ യിസ്രായേലിനു രാജാവെന്ന് ഞാൻ അറിയുന്നില്ലയോ?” എന്നു പറഞ്ഞു. പിന്നെ രാജാവ് ശിമെയിയോട്: “നീ മരിക്കുകയില്ല” എന്നു പറഞ്ഞു, രാജാവ് അവനോട് സത്യവും ചെയ്തു. ശൗലിന്റെ മകനായ മെഫീബോശെത്തും രാജാവിനെ എതിരേല്ക്കുവാൻ വന്നു; രാജാവ് പോയ ദിവസംമുതൽ സമാധാനത്തോടെ മടങ്ങിവന്ന ദിവസംവരെ അവൻ തന്‍റെ പാദങ്ങൾ സംരക്ഷിക്കുകയോ താടി ഒതുക്കുകയോ വസ്ത്രം അലക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ അവൻ രാജാവിനെ എതിരേല്ക്കുവാൻ യെരൂശലേമിൽ നിന്നു വന്നപ്പോൾ രാജാവ് അവനോട്: “മെഫീബോശെത്തേ, നീ എന്നോടുകൂടി വരാതെയിരുന്നത് എന്ത്?” എന്നു ചോദിച്ചു. അതിന് അവൻ ഉത്തരം പറഞ്ഞത്: “എന്‍റെ യജമാനനായ രാജാവേ, എന്‍റെ ദാസൻ എന്നെ ചതിച്ചു; കഴുതപ്പുറത്ത് കയറി, രാജാവിനോടുകൂടി പോകേണ്ടതിന് കോപ്പിടണമെന്ന് അടിയൻ പറഞ്ഞു; അടിയൻ മുടന്തനല്ലോ. അവൻ എന്‍റെ യജമാനനായ രാജാവിനോട് അടിയനെപ്പറ്റി നുണയും പറഞ്ഞു; എങ്കിലും എന്‍റെ യജമാനനായ രാജാവ് ദൈവദൂതനെപ്പോലെ ആകുന്നു; അതുകൊണ്ട് തിരുമനസ്സിലെ ഇഷ്ടംപോലെ ചെയ്തുകൊള്ളുക. എന്‍റെ യജമാനനായ രാജാവിന്റെ മുമ്പാകെ അടിയന്റെ പിതൃഭവനമൊക്കെയും മരണയോഗ്യർ ആയിരുന്നു; എന്നിട്ടും അടിയനെ അവിടുത്തെ മേശയിങ്കൽ ഭക്ഷിക്കുന്നവരുടെ കൂട്ടത്തിൽ ആക്കി; രാജാവിനോട് സങ്കടം പറവാൻ അടിയന് ഇനി എന്ത് അവകാശമുള്ളു?” രാജാവ് അവനോട്: “നീ നിന്റെ കാര്യം ഇനി അധികം പറയുന്നത് എന്തിന്? നീയും സീബയും നിലം പകുത്തെടുത്തുകൊള്ളുവിൻ എന്നു ഞാൻ കല്പിക്കുന്നു” എന്നു പറഞ്ഞു. മെഫീബോശെത്ത് രാജാവിനോട്: “അല്ല, അവൻ തന്നെ മുഴുവനും എടുത്തുകൊള്ളട്ടെ; എന്‍റെ യജമാനനായ രാജാവു സമാധാനത്തോടെ അരമനയിൽ മടങ്ങിവന്നുവല്ലോ” എന്നു പറഞ്ഞു. ഗിലെയാദ്യനായ ബർസില്ലായിയും രോഗെലീമിൽനിന്നു വന്നു, രാജാവിനെ യോർദ്ദാനക്കരെ കടത്തി യാത്ര അയയ്ക്കുവാൻ അവനോടുകൂടെ യോർദ്ദാൻ കടന്നു. ബർസില്ലായിയോ എൺപതു വയസ്സുള്ള ഒരു വൃദ്ധനായിരുന്നു; രാജാവ് മഹനയീമിൽ വസിച്ചിരുന്ന കാലത്ത് അവൻ ഭക്ഷണസാധനങ്ങൾ അയച്ചുകൊടുത്തു; അവൻ മഹാധനികൻ ആയിരുന്നു. രാജാവ് ബർസില്ലായിയോട്: “എന്നോടുകൂടി വരിക; നീ എന്നോടൊപ്പം യെരൂശലേമിൽ ഉള്ള കാലത്തോളം ഞാൻ നിനക്കായി കരുതും” എന്നു പറഞ്ഞു. ബർസില്ലായി രാജാവിനോട് പറഞ്ഞത്: “ഞാൻ യെരൂശലേമിൽ രാജാവിനോടുകൂടി പോരേണ്ടതിന് ഞാൻ ഇനി എത്ര നാൾ ജീവിച്ചിരിക്കും? എനിക്ക് ഇന്ന് എൺപതു വയസ്സായിരിക്കുന്നു; നല്ലതും ചീത്തയും എനിക്ക് തിരിച്ചറിയാമോ? ഭക്ഷണപാനിയങ്ങളുടെ രുചി അടിയന് അറിയാമോ? ഗായകന്മാരുടെയും ഗായികമാരുടെയും സ്വരം എനിക്ക് ഇനി കേട്ടു രസിക്കാമോ? എന്‍റെ യജമാനനായ രാജാവിന് അടിയൻ ഭാരമായിത്തീരുന്നത് എന്തിന്? അടിയൻ രാജാവിനോടുകൂടെ യോർദ്ദാൻ കടക്കുവാൻ മാത്രമേ വിചാരിച്ചുള്ളൂ; രാജാവ് ഇതിനായി എനിക്ക് ഈ വിധം പ്രത്യുപകാരം ചെയ്യുന്നത് എന്തിന്? എന്റെ പട്ടണത്തിൽ എന്റെ അപ്പന്റെയും അമ്മയുടെയും കല്ലറയുടെ അടുക്കൽവച്ചു മരിക്കേണ്ടതിന് അടിയനെ വിട്ടയച്ചാലും; എന്നാൽ നിന്റെ ദാസനായ കിംഹാം ഇതാ; അവൻ എന്‍റെ യജമാനനായ രാജാവിനോടുകൂടി പോരട്ടെ; നിനക്ക് പ്രസാദമായത് അവന് ചെയ്തു കൊടുത്താലും.“ അതിന് രാജാവ്: “കിംഹാം എന്നോടുകൂടെ പോരട്ടെ; നിന്റെ ഇഷ്ടപ്രകാരം ഞാൻ അവന് ചെയ്തുകൊടുക്കാം; നീ എന്നോട് ആവശ്യപ്പെടുന്നതെല്ലാം ഞാൻ നിനക്കായി ചെയ്യും“ എന്നു പറഞ്ഞു. പിന്നെ സകലജനവും യോർദ്ദാൻ കടന്നു. രാജാവ് യോർദ്ദാൻ കടന്നശേഷം ബർസില്ലായിയെ ചുംബനം ചെയ്തു അനുഗ്രഹിച്ചു; അവൻ സ്വദേശത്തേക്ക് മടങ്ങിപ്പോയി. രാജാവ് ഗില്ഗാലിൽ ചെന്നു; കീംഹാമും അവനോടുകൂടെ പോയി; യെഹൂദാജനം മുഴുവനും യിസ്രായേൽജനം പകുതിയും കൂടി രാജാവിനെ അകമ്പടി ചെയ്തു. അപ്പോൾ യിസ്രായേൽപുരുഷന്മാർ എല്ലാവരും രാജാവിന്‍റെ അടുക്കൽ വന്നു രാജാവിനോട്: “ഞങ്ങളുടെ സഹോദരന്മാരായ യെഹൂദാപുരുഷന്മാർ രാജാവിനെയും അങ്ങേയുടെ കുടുംബത്തെയും ദാവീദിന്റെ സകലപരിചാരകന്മാരെയും മോഷ്ടിച്ചു കൊണ്ടുവന്നു യോർദ്ദാൻ കടത്തിയത് എന്ത്?“ എന്നു പറഞ്ഞു. അതിന് യെഹൂദാപുരുഷന്മാർ എല്ലാവരും യിസ്രായേൽ പുരുഷന്മാരോട്: “രാജാവ് ഞങ്ങളുടെ അടുത്ത ബന്ധു ആയതുകൊണ്ടുതന്നെ; പിന്നെ ഈ കാര്യത്തിന് നിങ്ങൾ കോപിക്കുന്നത് എന്തിന്? ഞങ്ങൾ രാജാവിന്‍റെ ചെലവിൽ വല്ലതും തിന്നുവോ? അവൻ ഞങ്ങൾക്ക് വല്ല സമ്മാനവും തന്നുവോ?“ എന്നു ഉത്തരം പറഞ്ഞു. യിസ്രായേൽപുരുഷന്മാർ യെഹൂദാപുരുഷന്മാരോട്: “രാജാവിങ്കൽ ഞങ്ങൾക്ക് പത്തു ഓഹരി ഉണ്ട്; ദാവീദിങ്കൽ ഞങ്ങൾക്ക് നിങ്ങളേക്കാൾ അധികം അവകാശവും ഉണ്ട്; നിങ്ങൾ ഞങ്ങളെ അവഗണിച്ചത് എന്ത്? ഞങ്ങളുടെ രാജാവിനെ തിരികെ കൊണ്ടുവരേണ്ടതിന് ഞങ്ങളല്ലയോ ആദ്യം പറഞ്ഞത്“ എന്നു ഉത്തരം പറഞ്ഞു. എന്നാൽ യെഹൂദാപുരുഷന്മാരുടെ വാക്ക് യിസ്രായേൽ പുരുഷന്മാരുടെ വാക്കിനെക്കാൾ അധികം കഠിനമായിരുന്നു.
2 ശമൂവേൽ 19:1-43 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
രാജാവു അബ്ശാലോമിനെച്ചൊല്ലി ദുഃഖിച്ചുകരഞ്ഞുകൊണ്ടിരിക്കുന്നു എന്നു യോവാബ് കേട്ടു. എന്നാൽ രാജാവു തന്റെ മകനെക്കുറിച്ചു വ്യസനിച്ചിരിക്കുന്നു എന്നു ആ ദിവസം ജനം കേട്ടതുകൊണ്ടു അന്നത്തേ ജയം ജനത്തിന്നൊക്കെയും ദുഃഖമായ്തീർന്നു. ആകയാൽ യുദ്ധത്തിൽ തോറ്റിട്ടു നാണിച്ചു ഒളിച്ചുവരുംപോലെ ജനം അന്നു പട്ടണത്തിലേക്കു ഒളിച്ചുകടന്നു. രാജാവു മുഖം മൂടി: എന്റെ മകനേ, അബ്ശാലോമേ, അബ്ശാലോമേ, എന്റെ മകനേ! എന്നു ഉറക്കെ നിലവിളിച്ചുകൊണ്ടിരുന്നു. അപ്പോൾ യോവാബ് അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്നു പറഞ്ഞതു: ഇന്നു നിന്റെയും നിന്റെ പുത്രീപുത്രന്മാരുടെയും നിന്റെ ഭാര്യമാരുടെയും വെപ്പാട്ടികളുടെയും ജീവനെ രക്ഷിച്ചിരിക്കുന്ന നിന്റെ സകലഭൃത്യന്മാരെയും നീ ഇന്നു ലജ്ജിപ്പിച്ചിരിക്കുന്നു; നിന്നെ പകെക്കുന്നവരെ നീ സ്നേഹിക്കുന്നു; നിന്നെ സ്നേഹിക്കുന്നവരെ നീ പകെക്കുന്നു; പ്രഭുക്കന്മാരും ഭൃത്യന്മാരും നിനക്കു ഏതുമില്ല എന്നു നീ ഇന്നു കാണിച്ചിരിക്കുന്നു; അബ്ശാലോം ജീവിച്ചിരിക്കയും ഞങ്ങൾ എല്ലാവരും ഇന്നു മരിക്കയും ചെയ്തിരുന്നു എങ്കിൽ നിനക്കു നല്ല പ്രസാദമാകുമായിരുന്നു എന്നു എനിക്കു ഇന്നു മനസ്സിലായി. ആകയാൽ ഇപ്പോൾ എഴുന്നേറ്റു പുറത്തു വന്നു നിന്റെ ഭൃത്യന്മാരോടു സന്തോഷമായി സംസാരിക്ക; നീ പുറത്തു വരാത്തപക്ഷം യഹോവയാണ, ഈ രാത്രി ആരും നിന്നോടുകൂടെ താമസിക്കയില്ല; അതു നിന്റെ ബാല്യംമുതൽ ഇതുവരെ നിനക്കു ഭവിച്ചിട്ടുള്ള സകലഅനർത്ഥത്തെക്കാളും വലിയ അനർത്ഥമായ്തീരും. അങ്ങനെ രാജാവു എഴുന്നേറ്റു പടിവാതില്ക്കൽ ഇരുന്നു. രാജാവു പടിവാതില്ക്കൽ ഇരിക്കുന്നു എന്നു ജനത്തിനെല്ലാം അറിവു കിട്ടി; സകലജനവും രാജാവിന്റെ മുമ്പിൽ വന്നു. യിസ്രായേല്യർ താന്താങ്ങളുടെ വീടുകളിലേക്കു ഓടിപ്പോയിരുന്നു. എല്ലായിസ്രായേൽ ഗോത്രങ്ങളിലുമുള്ള ജനം ഒക്കെയും തമ്മിൽ തർക്കിച്ചു: രാജാവു നമ്മെ ശത്രുക്കളുടെ കയ്യിൽനിന്നു രക്ഷിച്ചു; ഫെലിസ്ത്യരുടെ കയ്യിൽനിന്നു നമ്മെ വിടുവിച്ചതും അവൻ തന്നേ. ഇപ്പോഴോ അബ്ശാലോം നിമിത്തം അവൻ നാടുവിട്ടു ഓടിപ്പോയിരിക്കുന്നു. നമുക്കു രാജാവായി നാം അഭിഷേകം ചെയ്തിരുന്ന അബ്ശാലോമോ പടയിൽ പട്ടുപോയി. ആകയാൽ രാജാവിനെ തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ നിങ്ങൾ അനങ്ങാതിരിക്കുന്നതു എന്തു എന്നു പറഞ്ഞു. അനന്തരം ദാവീദ് രാജാവു പുരോഹിതന്മാരായ സാദോക്കിന്റെയും അബ്യാഥാരിന്റെയും അടുക്കൽ ആളയച്ചു പറയിച്ചതെന്തെന്നാൽ: നിങ്ങൾ യെഹൂദാമൂപ്പന്മാരോടു പറയേണ്ടതു: രാജാവിനെ അരമനയിലേക്കു തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ നിങ്ങൾ പിമ്പന്മാരായി നില്ക്കുന്നതു എന്തു? രാജാവിനെ അരമനയിലേക്കു തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ എല്ലായിസ്രായേലിന്റെയും സംസാരം അവന്റെ അടുക്കൽ എത്തിയിരിക്കുന്നു. നിങ്ങൾ എന്റെ സഹോദരന്മാർ; എന്റെ അസ്ഥിയും മാംസവും അല്ലോ. രാജാവിനെ മടക്കിവരുത്തുന്ന കാര്യത്തിൽ നിങ്ങൾ പിമ്പരായി നില്ക്കുന്നതു എന്തു? നിങ്ങൾ അമാസയോടു: നീ എന്റെ അസ്ഥിയും മാംസവും അല്ലോ? നീ യോവാബിന്നു പകരം എപ്പോഴും എന്റെ മുമ്പിൽ സേനാപതിയായിരിക്കുന്നില്ല എങ്കിൽ ദൈവം തക്കവണ്ണവും അധികവും എന്നോടു ചെയ്യട്ടെ എന്നു പറവിൻ. ഇങ്ങനെ അവൻ സകല യെഹൂദാപുരുഷന്മാരുടെയും ഹൃദയം ഒന്നുപോലെ ആകർഷിച്ചു. ആകയാൽ അവർ: നീയും നിന്റെ സകലഭൃത്യന്മാരും മടങ്ങിവരുവിൻ എന്നു രാജാവിന്റെ അടുക്കൽ പറഞ്ഞയച്ചു. അങ്ങനെ രാജാവു മടങ്ങി യോർദ്ദാങ്കൽ എത്തി. രാജാവിനെ എതിരേറ്റു യോർദ്ദാൻ കടത്തിക്കൊണ്ടുപോരേണ്ടതിന്നു യെഹൂദാപുരുഷന്മാർ ഗില്ഗാലിൽ ചെന്നു. ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകൻ ശിമെയിയും യെഹൂദാപുരുഷന്മാരോടുകൂടെ ദാവീദ് രാജാവിനെ എതിരേല്പാൻ ബദ്ധപ്പെട്ടു ചെന്നു. അവനോടുകൂടെ ആയിരം ബെന്യാമീന്യരും ശൗലിന്റെ ഗൃഹവിചാരകനായ സീബയും അവന്റെ പതിനഞ്ചു പുത്രന്മാരും ഇരുപതു ഭൃത്യന്മാരും ഉണ്ടായിരുന്നു; അവർ രാജാവു കാൺകെ യോർദ്ദാൻ കടന്നുചെന്നു. രാജാവിന്റെ കുടുംബത്തെ ഇക്കരെ കടത്തേണ്ടതിന്നും അവന്റെ ഇഷ്ടംപോലെ ചെയ്യേണ്ടതിന്നും ചങ്ങാടം അക്കരെ ചെന്നിരുന്നു. അപ്പോൾ ഗേരയുടെ മകനായ ശിമെയി യോർദ്ദാൻ കടപ്പാൻ പോകുന്ന രാജാവിന്റെ മുമ്പിൽ വീണു രാജാവിനോടു: എന്റെ യജമാനൻ എന്റെ കുറ്റം എനിക്കു കണക്കിടരുതേ; യജമാനനായ രാജാവു യെരൂശലേമിൽനിന്നു പുറപ്പെട്ട ദിവസം അടിയൻ ചെയ്തദോഷം രാജാവു മനസ്സിൽ വെക്കയും ഓർക്കയും അരുതേ. അടിയൻ പാപം ചെയ്തിരിക്കുന്നു എന്നു അറിയുന്നു; അതുകൊണ്ടു ഇതാ, യജമാനനായ രാജാവിനെ എതിരേല്ക്കേണ്ടതിന്നു ഇറങ്ങിവരുവാൻ യോസേഫിന്റെ സകലഗൃഹത്തിലുംവെച്ചു അടിയൻ ഇന്നു മുമ്പനായി വന്നിരിക്കുന്നു എന്നു പറഞ്ഞു. എന്നാറെ സെരൂയയുടെ മകനായ അബീശായി: യഹോവയുടെ അഭിഷിക്തനെ ശപിച്ചിരിക്കുന്ന ശിമെയി അതുനിമിത്തം മരണശിക്ഷ അനുഭവിക്കേണ്ടയോ എന്നു ചോദിച്ചു. അതിന്നു ദാവീദ്: സെരൂയയുടെ പുത്രന്മാരേ, ഇന്നു നിങ്ങൾ എനിക്കു എതിരികളാകേണ്ടതിന്നു എനിക്കും നിങ്ങൾക്കും തമ്മിൽ എന്തു? ഇന്നു യിസ്രായേലിൽ ഒരുത്തനെ കൊല്ലാമോ? ഇന്നു ഞാൻ യിസ്രായേലിന്നു രാജാവെന്നു ഞാൻ അറിയുന്നില്ലയോ എന്നു പറഞ്ഞു. പിന്നെ ശിമെയിയോടു: നീ മരിക്കയില്ല എന്നു പറഞ്ഞു, രാജാവു അവനോടു സത്യവും ചെയ്തു. ശൗലിന്റെ മകനായ മെഫീബോശെത്തും രാജാവിനെ എതിരേല്പാൻ വന്നു; രാജാവു പോയ ദിവസംമുതൽ സമാധാനത്തോടെ മടങ്ങിവന്ന ദിവസംവരെ അവൻ തന്റെ കാലിന്നു രക്ഷചെയ്കയോ താടി ഒതുക്കുകയോ വസ്ത്രം അലക്കിക്കയോ ചെയ്തിരുന്നില്ല. എന്നാൽ അവൻ രാജാവിനെ എതിരേല്പാൻ യെരൂശലേമിൽ നിന്നു വന്നപ്പോൾ രാജാവു അവനോടു: മെഫീബോശെത്തേ, നീ എന്നോടുകൂടെ വരാതെയിരുന്നതു എന്തു എന്നു ചോദിച്ചു. അതിന്നു അവൻ ഉത്തരം പറഞ്ഞതു: യജമാനനായ രാജാവേ, എന്റെ ഭൃത്യൻ എന്നെ ചതിച്ചു; കഴുതപ്പുറത്തു കയറി, രാജാവിനോടുകൂടെ പോകേണ്ടതിന്നു കോപ്പിടേണമെന്നു അടിയൻ പറഞ്ഞു; അടിയൻ മുടന്തനല്ലോ. അവൻ യജമാനനായ രാജാവിനോടു അടിയനെക്കൊണ്ടു നുണയും പറഞ്ഞു; എങ്കിലും യജമാനനായ രാജാവു ദൈവദൂതന്നു തുല്യൻ ആകുന്നു; തിരുമനസ്സിലെ ഇഷ്ടംപോലെ ചെയ്തുകൊൾക. യജമാനനായ രാജാവിന്റെ മുമ്പാകെ അടിയന്റെ പിതൃഭവനമൊക്കെയും മരണയോഗ്യർ ആയിരുന്നു; എങ്കിലും അടിയനെ അവിടത്തെ മേശയിങ്കൽ ഭക്ഷിക്കുന്നവരുടെ കൂട്ടത്തിൽ ആക്കി; രാജാവിനോടു ആവലാധി പറവാൻ അടിയന്നു ഇനി എന്തു അവകാശമുള്ളു? രാജാവു അവനോടു: നീ നിന്റെ കാര്യം ഇനി അധികം പറയുന്നതു എന്തിന്നു? നീയും സീബയും നിലം പകുത്തെടുത്തുകൊൾവിൻ എന്നു ഞാൻ കല്പിക്കുന്നു എന്നു പറഞ്ഞു. മെഫീബോശെത്ത് രാജാവിനോടു: അല്ല, അവൻ തന്നേ മുഴുവനും എടുത്തുകൊള്ളട്ടെ; യജമാനനായ രാജാവു സമാധാനത്തോടെ അരമനയിൽ എത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. ഗിലെയാദ്യനായ ബർസില്ലായിയും രോഗെലീമിൽനിന്നു വന്നു, രാജാവിനെ യോർദ്ദാന്നക്കരെ കടത്തി യാത്ര അയപ്പാൻ അവനോടുകൂടെ യോർദ്ദാൻ കടന്നു. ബർസില്ലായിയോ എണ്പതു വയസ്സുള്ളോരു വയോധികനായിരുന്നു; രാജാവു മഹനയീമിൽ പാർത്തിരുന്ന കാലത്തു അവൻ ഭക്ഷണസാധനങ്ങൾ അയച്ചുകൊടുത്തു; അവൻ മഹാധനികൻ ആയിരുന്നു. രാജാവു ബർസില്ലായിയോടു: എന്നോടുകൂടെ പോരിക; ഞാൻ നിന്നെ യെരൂശലേമിൽ എന്റെ അടുക്കൽ പാർപ്പിച്ചു രക്ഷിക്കും എന്നു പറഞ്ഞു. ബർസില്ലായി രാജാവിനോടു പറഞ്ഞതെന്തെന്നാൽ: ഞാൻ രാജാവിനോടുകൂടെ യെരൂശലേമിൽ വരുന്നതെന്തിന്നു? ഞാൻ ഇനി എത്ര നാൾ ജീവിച്ചിരിക്കും? എനിക്കു ഇന്നു എണ്പതു വയസ്സായിരിക്കുന്നു; നല്ലതും ആകാത്തതും എനിക്കു തിരിച്ചറിയാമോ? ഭക്ഷണപാനങ്ങളുടെ സ്വാദു അടിയന്നു അറിയാമോ? സംഗീതക്കാരുടെയും സംഗീതക്കാരത്തികളുടെയും സ്വരം എനിക്കു ഇനി കേട്ടു രസിക്കാമോ? അടിയൻ യജമാനനായ രാജാവിന്നു ഭാരമായ്തീരുന്നതു എന്തിന്നു? അടിയൻ രാജാവിനോടുകൂടെ യോർദ്ദാൻ കടപ്പാനേ വിചാരിച്ചുള്ളൂ; രാജാവു ഇതിന്നായി എനിക്കു ഈ വിധം പ്രത്യുപകാരം ചെയ്യുന്നതു എന്തിനു? എന്റെ പട്ടണത്തിൽ എന്റെ അപ്പന്റെയും അമ്മയുടെയും കല്ലറയുടെ അടുക്കൽവെച്ചു മരിക്കേണ്ടതിന്നു അടിയൻ വിടകൊള്ളട്ടെ; എന്നാൽ നിന്റെ ദാസനായ കിംഹാം ഇതാ; അവൻ യജമാനനായ രാജാവിനോടുകൂടെ പോരട്ടെ; നിനക്കു പ്രസാദമായതു അവന്നു ചെയ്തു കൊടുത്താലും. അതിന്നു രാജാവു: കിംഹാം എന്നോടുകൂടെ പോരട്ടെ; നിന്റെ ഇഷ്ടപ്രകാരം ഞാൻ അവന്നു ചെയ്തുകൊടുക്കാം; നീ എന്നോടു ആവശ്യപ്പെടുന്നതൊക്കെയും ഞാൻ നിനക്കായി ചെയ്യും എന്നു പറഞ്ഞു. പിന്നെ സകലജനവും യോർദ്ദാൻ കടന്നു. രാജാവു യോർദ്ദാൻ കടന്നശേഷം ബർസില്ലായിയെ ചുംബനം ചെയ്തു അനുഗ്രഹിച്ചു; അവൻ സ്വദേശത്തേക്കു മടങ്ങിപ്പോയി. രാജാവു ഗില്ഗാലിൽ ചെന്നു; കീംഹാമും അവനോടുകൂടെ പോയി; യെഹൂദാജനമൊക്കെയും യിസ്രായേൽജനം പാതിയും കൂടി രാജാവിനെ ഇക്കരെകൊണ്ടുവന്നു. അപ്പോൾ യിസ്രായേൽപുരുഷന്മാർ ഒക്കെയും രാജാവിന്റെ അടുക്കൽ വന്നു രാജാവിനോടു: ഞങ്ങളുടെ സഹോദരന്മാരായ യെഹൂദാപുരുഷന്മാർ രാജാവിനെയും അവന്റെ കുടുംബത്തെയും ദാവീദിന്റെ സകലപരിചാരകന്മാരെയും മോഷ്ടിച്ചു കൊണ്ടുവന്നു യോർദ്ദാൻ കടത്തിയതു എന്തു എന്നു പറഞ്ഞു. അതിന്നു യെഹൂദാപുരുഷന്മാർ ഒക്കെയും യിസ്രായേൽ പുരുഷന്മാരോടു: രാജാവു ഞങ്ങൾക്കു അടുത്ത ചാർച്ചക്കാരൻ ആകകൊണ്ടു തന്നേ; അതിന്നു നിങ്ങൾ കോപിക്കുന്നതു എന്തിന്നു? ഞങ്ങൾ രാജാവിന്റെ വക വല്ലതും തിന്നുവോ? അവൻ ഞങ്ങൾക്കു വല്ല സമ്മാനവും തന്നുവോ എന്നു ഉത്തരം പറഞ്ഞു. യിസ്രായേൽപുരുഷന്മാർ യെഹൂദാപുരുഷന്മാരോടു: രാജാവിങ്കൽ ഞങ്ങൾക്കു പത്തു ഓഹരി ഉണ്ടു; ദാവീദിങ്കൽ ഞങ്ങൾക്കു നിങ്ങളെക്കാൾ അധികം അവകാശവും ഉണ്ടു; നിങ്ങൾ ഞങ്ങളെ ധിക്കരിച്ചതു എന്തു? ഞങ്ങളുടെ രാജാവിനെ തിരികെ കൊണ്ടുവരേണ്ടതിന്നു ഞങ്ങളല്ലയോ ആദ്യം പറഞ്ഞതു എന്നു ഉത്തരം പറഞ്ഞു. എന്നാൽ യെഹൂദാപുരുഷന്മാരുടെ വാക്കു യിസ്രായേൽ പുരുഷന്മാരുടെ വാക്കിനെക്കാൾ അധികം കഠിനമായിരുന്നു.
2 ശമൂവേൽ 19:1-43 സമകാലിക മലയാളവിവർത്തനം (MCV)
“രാജാവ് അബ്ശാലോമിനെച്ചൊല്ലി കരഞ്ഞു വിലപിച്ചുകൊണ്ടിരിക്കുന്നു,” എന്നു യോവാബു കേട്ടു. “രാജാവു തന്റെ മകനെപ്രതി വ്യസനിച്ചിരിക്കുന്നു,” എന്നു പറയുന്നതു പടയാളികളെല്ലാം കേട്ടിരുന്നതിനാൽ സൈന്യത്തിനെല്ലാം അന്നത്തെ വിജയം ദുഃഖമായി കലാശിച്ചു. പടയിൽനിന്നു തോറ്റോടി നാണംകെട്ടു വരുന്നവരെപ്പോലെ ജനമെല്ലാം അന്നു നഗരത്തിലേക്ക് പാത്തും പതുങ്ങിയും കടന്നുവന്നു. രാജാവു തന്റെ മുഖം മറച്ച് “എന്റെ മകനേ, അബ്ശാലോമേ! അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ!” എന്നിങ്ങനെ ഉച്ചത്തിൽ കരഞ്ഞു. അപ്പോൾ യോവാബ് അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്ന് ഈ വിധം പറഞ്ഞു: “അങ്ങയുടെയും അങ്ങയുടെ പുത്രീപുത്രന്മാരുടെയും അങ്ങയുടെ ഭാര്യമാരുടെയും വെപ്പാട്ടികളുടെയും ജീവനെ ഇപ്പോൾ രക്ഷിച്ചിരിക്കുന്ന ഈ ജനങ്ങളെ അങ്ങ് അപമാനിച്ചിരിക്കുന്നു. അങ്ങയെ വെറുക്കുന്നവരെ അങ്ങു സ്നേഹിക്കുകയും സ്നേഹിക്കുന്നവരെ വെറുക്കുകയും ചെയ്യുന്നു. അങ്ങയുടെ സൈന്യാധിപന്മാരും അവരോടൊപ്പമുള്ള ജനങ്ങളും അങ്ങേക്ക് ഒന്നുമല്ലെന്ന് അങ്ങ് ഇന്നു തെളിയിച്ചിരിക്കുന്നു. അബ്ശാലോം ജീവനോടെയിരിക്കുകയും ഞങ്ങളെല്ലാം മരിക്കുകയും ചെയ്തിരുന്നെങ്കിൽ അങ്ങേക്ക് ഇന്നു സന്തോഷമാകുമായിരുന്നു എന്നു ഞാൻ മനസ്സിലാക്കുന്നു. അങ്ങ് ഉടനെ പുറത്തുവന്ന് അങ്ങയുടെ ജനത്തെ അഭിനന്ദിക്കണം! അപ്രകാരം ചെയ്യുന്നതിന് പുറത്തേക്കു വരാത്തപക്ഷം ഞാനിതാ, യഹോവയുടെ നാമത്തിൽ ആണയിട്ടുപറയുന്നു, ഇന്നു സന്ധ്യയാകുമ്പോഴേക്കും അങ്ങയുടെകൂടെ ഒരൊറ്റയാൾപോലും ഉണ്ടായിരിക്കുകയില്ല. അങ്ങയുടെ യൗവനകാലംമുതൽ ഇന്നുവരെ ഉണ്ടായിട്ടുള്ള സകല അനർഥങ്ങളെക്കാളും അതു ഗുരുതരമായിരിക്കുകയും ചെയ്യും.” അതിനാൽ രാജാവ് എഴുന്നേറ്റ് കവാടത്തിൽ ഉപവിഷ്ടനായി. “രാജാവു കവാടത്തിൽ ഇരിക്കുന്നു,” എന്നു കേട്ടപ്പോൾ ജനമെല്ലാം അദ്ദേഹത്തിന്റെ മുമ്പാകെ വന്നുചേർന്നു. ഇതിനിടെ ഇസ്രായേല്യരെല്ലാം സ്വന്തം ഭവനങ്ങളിലേക്ക് ഓടിപ്പോയിരുന്നു. ഇസ്രായേലിന്റെ സകലഗോത്രങ്ങളിലും ജനം പരസ്പരം ഈ വിധം തർക്കിച്ചുകൊണ്ടിരുന്നു; “രാജാവു നമ്മെ നമ്മുടെ ശത്രുക്കളുടെ കൈയിൽനിന്നു വിടുവിച്ചു. ഫെലിസ്ത്യരുടെ കൈയിൽനിന്നു നമ്മെ രക്ഷിച്ചതും അദ്ദേഹംതന്നെ. എന്നാലിപ്പോൾ അബ്ശാലോംമുഖാന്തരം നാട്ടിൽനിന്ന് ഓടിപ്പോയിരിക്കുന്നു. ഇപ്പോൾ നമ്മെ ഭരിക്കുന്നതിനായി നാം അഭിഷേകംചെയ്ത അബ്ശാലോം യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്തു. അതിനാൽ രാജാവിനെ തിരികെ വരുത്തുന്ന കാര്യത്തിൽ നിങ്ങൾ ഒന്നും മിണ്ടാതിരിക്കുന്നതെന്ത്?” അതിനുശേഷം ദാവീദുരാജാവ് പുരോഹിതന്മാരായ സാദോക്കിനും അബ്യാഥാരിനും ഈ സന്ദേശം അയച്ചു: “നിങ്ങൾ യെഹൂദ്യയിലെ നേതാക്കന്മാരോടു ചോദിക്കുക: ‘സകല ഇസ്രായേലിലും സംസാരിക്കപ്പെടുന്ന വസ്തുത, രാജാവിന്റെ ആസ്ഥാനത്ത് എത്തിയിരിക്കുന്നു. എന്നിട്ടും രാജാവിനെ കൊട്ടാരത്തിലേക്കു തിരികെ വരുത്തുന്ന കാര്യത്തിൽ നിങ്ങൾ പിന്നിലാകുന്നതെന്തിന്? നിങ്ങൾ എന്റെ സഹോദരന്മാർ! എന്റെ സ്വന്തമാംസവും രക്തവും! അതിനാൽ രാജാവിനെ തിരികെ വരുത്തുന്ന കാര്യത്തിൽ നിങ്ങളെന്തിനു പിന്നിലാകണം?’ അമാസയോട് ഇപ്രകാരം പറയുക: ‘നീ എന്റെ സ്വന്തമാംസവും രക്തവും അല്ലേ? ഇപ്പോൾമുതൽ നീ യോവാബിനു പകരം എന്റെ സൈന്യത്തിനു നായകനായിരിക്കുന്നില്ലെങ്കിൽ ദൈവം എന്നോടു പകരം ചെയ്യട്ടെ!’ ” യെഹൂദാഗോത്രത്തിലെ സകലരുടെയും ഹൃദയം ദാവീദ് ഒരുപോലെ കവർന്നു. “അങ്ങും അങ്ങയുടെ സകല അനുയായികളും മടങ്ങിവന്നാലും,” എന്ന് അവർ സന്ദേശമയച്ചു. അപ്പോൾ രാജാവ് മടങ്ങി യോർദാന്റെ തീരംവരെ എത്തി. ദാവീദിനെ ചെന്നു കാണുന്നതിനും അദ്ദേഹത്തെ യോർദാൻ കടത്തിക്കൊണ്ടു വരുന്നതിനുമായി യെഹൂദ്യയിലെ ജനമെല്ലാം ഗിൽഗാലിൽ എത്തിയിരുന്നു. ഗേരയുടെ മകൻ ശിമെയി എന്ന ബഹൂരീംകാരനായ ബെന്യാമീന്യനും ദാവീദ് രാജാവിനെ എതിരേൽക്കുന്നതിന് യെഹൂദാജനത്തോടൊപ്പം ബദ്ധപ്പെട്ടുചെന്നു. അദ്ദേഹത്തോടൊപ്പം ശൗൽഗൃഹത്തിന്റെ കാര്യസ്ഥനായ സീബായും അദ്ദേഹത്തിന്റെ പതിനഞ്ചു പുത്രന്മാരും ഇരുപതു ദാസന്മാരും ഉൾപ്പെടെ ആയിരം ബെന്യാമീന്യരും ഉണ്ടായിരുന്നു. അവർ യോർദാൻനദീതീരത്തേക്ക് രാജസന്നിധിയിൽ ബദ്ധപ്പെട്ടു പാഞ്ഞെത്തി. രാജഗൃഹത്തെ ഇക്കരയ്ക്ക് ആനയിക്കാനും രാജഹിതം നിറവേറ്റുവാനുമായി അവർ യോർദാന്റെ കടവു കടന്നെത്തി. ഗേരയുടെ മകനായ ശിമെയി യോർദാൻ കടന്നെത്തിയപ്പോൾ അദ്ദേഹം രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു. ശിമെയി രാജാവിനോടു പറഞ്ഞു: “എന്റെ യജമാനൻ അടിയനെ കുറ്റക്കാരനായി കണക്കാക്കരുതേ! എന്റെ യജമാനനായ രാജാവ് ജെറുശലേം വിട്ടുപോയ ദിവസം അടിയൻ ചെയ്ത തെറ്റ് അവിടന്ന് ഓർക്കരുതേ! അതു മനസ്സിൽനിന്ന് മായിച്ചുകളയണമേ! അവിടത്തെ ദാസനായ അടിയൻ പാപംചെയ്തു എന്നു ഞാൻ അറിയുന്നു. എന്നാൽ ഇന്നിതാ ഞാൻ വന്നിരിക്കുന്നു; യോസേഫിന്റെ ഗോത്രങ്ങളിലുംവെച്ച് മുമ്പനായി എന്റെ യജമാനനായ രാജാവിനെ എതിരേൽക്കാൻ അടിയൻ വന്നിരിക്കുന്നു.” അപ്പോൾ സെരൂയയുടെ മകനായ അബീശായി പറഞ്ഞു: “ശിമെയി യഹോവയുടെ അഭിഷിക്തനെ ശപിച്ചവനാണ്. ഇക്കാരണത്താൽത്തന്നെ അവൻ വധിക്കപ്പെടേണ്ടതല്ലേ?” അതിനു ദാവീദ്, “സെരൂയാപുത്രന്മാരേ! ഈ വിഷയത്തിൽ നിങ്ങൾക്ക് എന്തുകാര്യം? എന്ത് അധികാരംകൊണ്ടാണ് നിങ്ങൾ ഈ കാര്യത്തിൽ ഇടപെടുന്നത്? ഇന്ന് ഇസ്രായേലിൽ ആരെങ്കിലും വധിക്കപ്പെടണമോ? ഇന്നു ഞാൻ ഇസ്രായേലിനു മുഴുവനും രാജാവാണെന്ന് എനിക്കറിഞ്ഞുകൂടേ?” എന്നു പറഞ്ഞു. രാജാവു ശിമെയിയോട്, “നീ മരിക്കുകയില്ല” എന്നു പറഞ്ഞു. രാജാവ് ആ കാര്യം ശപഥംചെയ്ത് ഉറപ്പാക്കുകയും ചെയ്തു. ശൗലിന്റെ പൗത്രനായ മെഫീബോശെത്തും രാജാവിനെ എതിരേൽക്കുന്നതിനു വന്നു. രാജാവ് വിട്ടുപോയ നാൾമുതൽ സുരക്ഷിതനായി തിരിച്ചെത്തിയ നാൾവരെയും അദ്ദേഹം തന്റെ പാദങ്ങൾക്കു പരിചരണം നൽകുകയോ താടി ഒതുക്കുകയോ വസ്ത്രം അലക്കുകയോ ചെയ്തിരുന്നില്ല. മെഫീബോശെത്ത് ജെറുശലേമിൽനിന്നും രാജാവിനെ എതിരേൽക്കാനായി വന്നെത്തിയപ്പോൾ രാജാവ് അദ്ദേഹത്തോട്: “മെഫീബോശെത്തേ! നീ എന്റെകൂടെ വരാതിരുന്നതെന്തുകൊണ്ട്?” എന്നു ചോദിച്ചു. അയാൾ മറുപടി പറഞ്ഞു: “എന്റെ യജമാനനായ രാജാവേ! അങ്ങയുടെ ദാസനായ അടിയൻ ഒരു മുടന്തനാകുകയാൽ, ‘എന്റെ കഴുതയ്ക്കു കോപ്പിട്ടുതരണം, ഞാനതിന്മേൽക്കയറി രാജാവിന്റെ കൂടെപ്പോകും’ എന്നു ഞാൻ പറഞ്ഞു. എന്നാൽ എന്റെ ദാസനായ സീബാ എന്നെ ചതിച്ചു. അതുകൂടാതെ അയാൾ അടിയനെപ്പറ്റി എന്റെ യജമാനനായ രാജാവിനോട് അപവാദം പറയുകയും ചെയ്തു. എന്റെ യജമാനനായ രാജാവ് ഒരു ദൈവദൂതനെപ്പോലെയാകുന്നുവല്ലോ! അതിനാൽ അവിടത്തേക്ക് ഇഷ്ടമായത് അടിയനോടു ചെയ്താലും! എന്റെ യജമാനനായ രാജാവിങ്കൽനിന്നും എന്റെ വലിയപ്പന്റെ പിൻഗാമികളെല്ലാം മരണമല്ലാതെ മറ്റൊന്നും അർഹിച്ചിരുന്നില്ല. എന്നാൽ അങ്ങ്, അങ്ങയുടെ ദാസനായ അടിയന്, അങ്ങയുടെ മേശയിങ്കൽ ഭക്ഷണത്തിന് ഇരിക്കുന്നവരോടുകൂടെ സ്ഥാനം തന്നു. അങ്ങനെയിരിക്കെ രാജാവിന്റെ സമക്ഷത്തിൽ മറ്റെന്തെങ്കിലുംകൂടി അപേക്ഷിക്കാൻ അടിയന് എന്തവകാശം?” അദ്ദേഹത്തോടു രാജാവു പറഞ്ഞു: “എന്തിനു കൂടുതൽ പറയുന്നു? നീയും സീബായുംകൂടി ഭൂസ്വത്തുകൾ വീതിച്ചെടുത്തുകൊള്ളാൻ ഞാനിതാ കൽപ്പിച്ചിരിക്കുന്നു.” മെഫീബോശെത്ത് രാജാവിനോടു വീണ്ടും പറഞ്ഞു: “ഇന്ന് എന്റെ യജമാനനായ രാജാവ് സുരക്ഷിതനായി കൊട്ടാരത്തിൽ തിരിച്ചെത്തിയിരിക്കുകയാൽ സ്വത്തുക്കൾ എല്ലാം അയാൾ എടുത്തുകൊള്ളട്ടെ!” രാജാവിനോടുകൂടി യോർദാൻ കടക്കുന്നതിനും അവിടെനിന്നും അദ്ദേഹത്തെ യാത്രയാക്കുന്നതിനുമായി രോഗെലീമിൽനിന്നും ഗിലെയാദ്യനായ ബർസില്ലായിയും വന്നുചേർന്നു. ഈ സമയം ബർസില്ലായി എൺപതു വയസ്സുള്ള വൃദ്ധനായിരുന്നു. രാജാവു മഹനയീമിൽ താമസിച്ചിരുന്നകാലത്ത് അദ്ദേഹത്തിനുവേണ്ട ഭക്ഷണസാമഗ്രികൾ അദ്ദേഹം എത്തിച്ചുകൊടുത്തിരുന്നു. അദ്ദേഹം വളരെ ധനികനുമായിരുന്നു. രാജാവു ബർസില്ലായിയോടു പറഞ്ഞു. “എന്നോടൊപ്പം ജെറുശലേമിൽ താമസിക്കുക. നിങ്ങൾക്കു വേണ്ടതെല്ലാം ഞാൻ തന്നു രക്ഷിക്കും.” എന്നാൽ ബർസില്ലായി രാജാവിനോടു മറുപടി പറഞ്ഞത് ഇപ്രകാരമായിരുന്നു: “ഇനി ഞാൻ എത്രകാലം ജീവിച്ചിരിക്കും! ഞാനെന്തിന് രാജാവിനോടുകൂടി ജെറുശലേമിൽ പോരണം! എനിക്കിപ്പോൾ എൺപതു വയസ്സായി, ആസ്വാദ്യവും അല്ലാത്തതുംതമ്മിൽ വിവേചിച്ചുപറയാൻ എനിക്കു കഴിയുമോ? ഭക്ഷണപാനീയങ്ങളുടെ സ്വാദു തിരിച്ചറിയാനും അടിയനു കഴിയുമോ? ഗായകന്മാരുടെയും ഗായികമാരുടെയും സ്വരം കേട്ടുരസിക്കാൻ എനിക്കു കഴിയുമോ? എന്റെ യജമാനനായ രാജാവിന് ദാസനായ അടിയൻ ഒരു ഭാരമായിരിക്കുന്നതെന്തിന്? അവിടത്തെ ഈ ദാസൻ യോർദാൻ കടന്ന് അൽപ്പദൂരം രാജാവിനോടുകൂടെപ്പോരാം. രാജാവ് അടിയന് ഈ വിധം പ്രതിഫലം തരുന്നതെന്തിന്? അങ്ങയുടെ ദാസൻ തിരികെപ്പോകട്ടെ! എന്റെ സ്വന്തം നഗരത്തിൽ എന്റെ മാതാപിതാക്കന്മാരുടെ കല്ലറയ്ക്കരികിൽ ഞാൻ മരിക്കട്ടെ! എന്നാൽ ഇതാ, അങ്ങയുടെ ദാസനായ കിംഹാം. എന്റെ യജമാനനായ രാജാവിനോടുകൂടി അയാൾ യോർദാൻ കടന്നുവരട്ടെ! അങ്ങയുടെ പ്രസാദംപോലെ അയാളോടു ചെയ്താലും!” രാജാവു കൽപ്പിച്ചു: “കിംഹാം എന്നോടുകൂടി യോർദാൻ കടന്നുവരട്ടെ! താങ്കളുടെ ഇഷ്ടംപോലെ ഞാൻ അവനുവേണ്ടി ചെയ്തുകൊടുക്കാം; താങ്കൾ എന്നിൽനിന്നും ആഗ്രഹിക്കുന്നതെന്തും ഞാൻ താങ്കൾക്കുവേണ്ടി ചെയ്തുതരാം.” അങ്ങനെ ജനമെല്ലാം യോർദാൻ കടന്നു; അതിനുശേഷം രാജാവും നദികടന്നു. രാജാവ് ബർസില്ലായിയെ ചുംബിച്ച് അനുഗ്രഹിച്ചു. ബർസില്ലായി തന്റെ ഭവനത്തിലേക്കു മടങ്ങിപ്പോയി. രാജാവു ഗിൽഗാലിലേക്കു പോയപ്പോൾ കിംഹാമും അദ്ദേഹത്തോടൊപ്പം പോയി. യെഹൂദാപട്ടാളം മുഴുവനും, ഇസ്രായേൽ പടയിൽ പകുതിയും രാജാവിന് അകമ്പടി സേവിച്ചിരുന്നു. പെട്ടെന്നുതന്നെ ഇസ്രായേൽജനമെല്ലാം വന്ന് രാജാവിനോടു പറഞ്ഞു: “യെഹൂദ്യരായ ഞങ്ങളുടെ സഹോദരന്മാർ രാജാവിനെയും കുടുംബത്തെയും സകലപരിചാരകരോടുംകൂടി രഹസ്യമായി യോർദാൻ കടത്തിക്കൊണ്ടുവന്നതെന്തിന്?” യെഹൂദാജനമെല്ലാം ഇസ്രായേൽജനത്തോടു മറുപടി പറഞ്ഞു: “രാജാവു ഞങ്ങളുടെ അടുത്ത ബന്ധുക്കാരനായതുകൊണ്ട് ഞങ്ങളിതു ചെയ്തു. നിങ്ങൾ അതിനു ക്ഷോഭിക്കുന്നതെന്തിന്? രാജാവിനു കഴിക്കാനുള്ളതു വല്ലതും ഞങ്ങൾ തിന്നോ? ഞങ്ങൾ എന്തെങ്കിലും സ്വന്തമാക്കിയെടുത്തോ?” അപ്പോൾ ഇസ്രായേൽജനം യെഹൂദ്യരോടു മറുപടി പറഞ്ഞു: “ഞങ്ങൾക്കു രാജാവിങ്കൽ പത്ത് ഓഹരിയുണ്ട്; അതുകൊണ്ട് ഞങ്ങൾക്കു ദാവീദിന്മേൽ നിങ്ങൾക്കുള്ളതിനെക്കാൾ കൂടുതൽ അവകാശവുമുണ്ട്. അങ്ങനെയിരിക്കെ നിങ്ങൾ ഞങ്ങളെ ഇത്ര അവഗണിക്കുന്നതെന്തിന്? ഞങ്ങളുടെ രാജാവിനെ തിരിച്ചുകൊണ്ടുവരുന്നകാര്യം ആദ്യം പറഞ്ഞതു ഞങ്ങളല്ലേ?” എന്നാൽ യെഹൂദാജനത്തിന്റെ വാക്കുകൾ ഇസ്രായേൽജനത്തിന്റേതിനെക്കാൾ പരുഷമായിരുന്നു.